അറിയാത്ത പക്ഷികളില്ല, ജീവികളില്ല, കാട്ടുവഴികളുമില്ല: ഇംഗ്ലീഷറിയാത്ത പത്താംക്ലാസ്സുകാരിയെ ലോകമറിയുന്ന ഫോറസ്റ്റ് ഗൈഡാക്കി മാറ്റിയ 30 വര്‍ഷങ്ങള്‍ 

‘പ്രകൃതിയാണ് ഈശ്വരന്‍. ഡ്യൂട്ടിയാണ് എന്‍റെ പ്രാര്‍ത്ഥന. അതുകൊണ്ടാവും ഈ മേഖലയിലേക്ക് എനിക്ക് ഇത്രമാത്രം താത്പര്യം വരാന്‍ കാരണം.

മുപ്പത് വര്‍ഷം മുമ്പ് സുധാമ്മയുടെ ഭര്‍ത്താവ് വിട്ടുപിരിഞ്ഞുപോയി. വിദ്യാര്‍ഥികളായ രണ്ട് മക്കളെ പോറ്റണം. ഇനിയുള്ള കാലം എങ്ങനെ എന്ന് പകച്ചുപോയ കാലം.

“ഭര്‍ത്താവ് മരിക്കുമ്പോള്‍ ലോകം എന്താണെന്ന് എനിക്കറിയില്ലായിരുന്നു,” സുധാമ്മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “തട്ടേക്കാട് ഫോറസ്റ്റ് ഓഫീസിന് അടുത്തുള്ള ചെറിയ കട കൊണ്ടായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്. അന്ന് മകന്‍ എട്ടിലും മകള്‍ പ്ലസ് ടുവിനുമായിരുന്നു.”

അങ്ങനെയിരിക്കുമ്പോഴാണ് കാടുകാണാനെത്തിയ രണ്ട് വിദേശികള്‍ താമസസൗകര്യം അന്വേഷിച്ചെത്തിയത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

“പേടിയായിരുന്നു അന്ന്, ചെറിയ പ്രായത്തില്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയാണ്. ഒരു പരിചയവുമില്ലാത്തവര്‍ക്കാണ് താമസസൗകര്യം നല്‍കേണ്ടത്. അധികമൊന്നും ആലോചിക്കാതെ അവര്‍ക്ക് താമസം നല്‍കാമെന്ന് അന്ന് വാക്ക് നല്‍കി.”

സുധാമ്മ കാടുകാണാനെത്തിയ സന്ദര്‍ശകര്‍ക്കൊപ്പം

പത്താംക്ലാസ് വരെ മാത്രം പഠിച്ച സുധാമ്മ അവരോട് മുറിഇംഗ്ലീഷിലും മറ്റും കാര്യങ്ങള്‍ പറഞ്ഞു. പിന്നീടും വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ തട്ടേക്കാട് വന്ന് സുധാമ്മയുടെ കടയിലെത്തി. അവര്‍ക്ക് വഴികാട്ടിയായി അവര്‍ പോകാന്‍ തുടങ്ങി.

മൂന്ന് പതിറ്റാണ്ടിനിപ്പുറം ജീവിതം എങ്ങനെ മാറിപ്പോയെന്ന് അതിശയിക്കുകയാണ് സുധാമ്മ. ഇന്ന് അവര്‍ക്കറിയാത്ത പക്ഷികളൊന്നും ഇന്ന് തട്ടേക്കാടില്ല, അറിയാത്ത കാട്ടുവഴികളും വന്യജീവികളുമില്ല.


പക്ഷികളെക്കുറിച്ചും കാടിന്‍റെ രീതികളെക്കുറിച്ചും അധികമൊന്നും അറിയാതിരുന്ന, ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന പത്താംക്ലാസുകാരി ലോകമെമ്പാടുമുള്ള പക്ഷിനിരീക്ഷകരുടെ പ്രിയങ്കരിയാണിന്ന്.


അതിന് പിന്നില്‍ അസാമാന്യമായ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ട്.

രണ്ട് ദിവസത്തേക്ക് താമസസൗകര്യം കിട്ടുമോ എന്നന്വേഷിച്ചവര്‍ക്കായി നല്ലൊരു ആതിഥേയ ആകുകയായിരുന്നു സുധ ആദ്യം ചെയ്തത്.  ചെറിയ വീട് സഞ്ചാരികള്‍ക്ക് അസൗകര്യമാകുമെന്നറിഞ്ഞ് പിന്നീട് വായ്പയെടുത്ത്  മുകളില്‍ രണ്ട് മുറി കൂടി പണിതു.

സുധാമ്മയും മരുമകള്‍ സന്ധ്യയും ഹോംസ്റ്റേയിലെത്തിയ സഞ്ചാരികള്‍ക്കൊപ്പം

അങ്ങനെ തുടങ്ങിയ ആ ചെറിയ സംരഭം ഇന്ന് വര്‍ഷത്തില്‍ ആയിരത്തോളം സഞ്ചാരികള്‍ക്ക് വഴികാട്ടുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പതിനാറ് ഡബിള്‍ റൂമുകളുള്ള ജംഗിള്‍ ബേഡ് എന്ന വലിയ ഹോംസ്റ്റേയിലെത്തി നില്‍ക്കുന്നു.

താമസിക്കാന്‍ സൗകര്യം മാത്രമല്ല കൂടെ നടന്ന് അപൂര്‍വ്വപക്ഷികളെയും കാട്ടുമൃഗങ്ങളേയും സുധയും മകന്‍ അഡ്വ. ഗിരീഷും കാട്ടിക്കൊടുക്കും. അവയുടെ രീതികളും പ്രത്യേകതകളും വിവരിക്കും.

വെറുതെ ഒരു സുപ്രഭാതത്തില്‍ ലഭിച്ചതല്ല, ജീവിതം ഉരുക്കിയെടുത്ത് നേടിയതാണ് തന്‍റെ ഇന്നത്തെ അറിവും സൗകര്യങ്ങളുമെന്നും സുധാമ്മ പറയുന്നു.

വിദേശികളുടെ വഴികാട്ടിയായി ആദ്യമായി കാടുകയറുമ്പോള്‍ ഉള്ളില്‍ നിറയെ ആശങ്കകളായിരുന്നുവെന്ന് സുധാമ്മ തുറന്നുപറയുന്നു. എന്നാല്‍ അവരോളം വിശ്വസ്തരായി ആരുമില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

1983-ലാണ് തട്ടേക്കാട് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ഇതോടെ പക്ഷിനിരീക്ഷകരുടെ വരവും കൂടി. അതോടെ സുധാമ്മയ്ക്കും തിരക്കേറി. മൈസൂരില്‍ നിന്ന് എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയെത്തിയ മകനും അമ്മയും ചേര്‍ന്നാണ് പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും അവയെ അന്വേഷിച്ച് കണ്ടെത്തി മനസിലാക്കിയതുമെല്ലാം. വനത്തിലെ പക്ഷികളും ജലപ്പക്ഷികളും ഒരുപോലെ എത്തുന്ന ഇടമാണ് തട്ടേക്കാട്.

ശ്രീലങ്ക ഫ്രോഗ് മൗത്ത്/ സിലോണ്‍ ഫ്രോഗ് മൗത്ത്. തട്ടേക്കാട്ടുനിന്നും ഒരപൂര്‍വ്വ ദൃശ്യം

ആദ്യമായി സണ്‍ബേഡിനെ മനസിലാക്കിയ ദിവസം കൂടെയുണ്ടായിരുന്ന യു.കെക്കാരന്‍ ജോണ്‍ പിയേഴ്സനോട്, ‘സര്‍, പ്ലീസ് സണ്‍ബേഡ്’ എന്ന് ആവേശത്തോടെ കാട്ടിക്കൊടുത്തു സുധ.

“അന്ന് ഉള്ളില്‍ അനുഭവിച്ച സന്തോഷവും അഭിമാനവും വിവരിക്കാനാകുന്നതല്ല,” സുധ പറയുന്നു.

“പക്ഷേ, പിയേഴ്‌സന് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലായിരുന്നു,” അവര്‍ ചിരിക്കുന്നു. ‘യെസ് ഇറ്റ് ഈസ് സണ്‍ബേഡ്’ എന്നുമാത്രം പറഞ്ഞു. തിരികെ വീട്ടിലെത്തിയപ്പോള്‍ സായിപ്പ് സുധക്ക് ഒരു പുസ്തകം സമ്മാനിച്ചു. ഓരോ പക്ഷിയേയും പരിചയപ്പെടുത്തുന്നതായിരുന്നു ആ പുസ്തകം.

പതിനെട്ട് ദിവസമുണ്ടായിരുന്നു ജോണ്‍ പിയേഴ്സന്‍ തട്ടേക്കാട്. ആ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈസ്, വാസ്, ഹാവ്, ഹാഡ് തുടങ്ങിയവയുടെ പ്രയോഗത്തിലെ വ്യത്യാസം അദ്ദേഹം പഠിപ്പിച്ചു തന്നുവെന്ന് സുധ നിറഞ്ഞ സ്നേഹത്തോടെ പറയുന്നു.

മറ്റൊരു കാര്യം കൂടി സുധാമ്മ അന്ന് പഠിച്ചു. സകല പക്ഷികളെക്കുറിച്ചും അരച്ചുകലക്കിക്കുടിച്ചാണ് ജോണ്‍ പിയേഴ്സനെപ്പോലുള്ളവര്‍ എത്തുന്നതെന്ന്!

അവര്‍ അന്വേഷിക്കുന്ന പക്ഷികളെ കാട്ടിക്കാടുക്കാനും അവയുടെ രീതികള്‍ വിവരിച്ചുകൊടുക്കാനും സുധ കഠിനമായി ശ്രമിച്ചു. പ്രശസ്ത പക്ഷിഗവേഷകനായ ഡോ ആര്‍ സുഗതന്‍റെ സഹായത്തോടെ പക്ഷികളെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെ ഓരോ ദിവസവും ലഭിക്കുന്ന അറിവുകളിലൂടെ വളരാന്‍ തുടങ്ങിയെന്നാണ് സുധാമ്മ പറയുന്നത്.

സീസണ്‍ തുടങ്ങി സഞ്ചാരികളെത്തിയാല്‍ അതിരാവിലെ തന്നെ അവര്‍ക്കൊപ്പം സുധാമ്മ കാട്ടിലേക്ക് കയറും. മകന്‍ മറ്റൊരു സംഘത്തെ നയിക്കും. പക്ഷികള്‍, പൂമ്പാറ്റ, ചെറുപ്രാണികള്‍, മറ്റ് ജീവികള്‍ തുടങ്ങി എന്ത് കണ്ണില്‍പ്പെട്ടാലും സുധ അത് സന്ദര്‍ശകര്‍ക്ക് വിശദീകരിക്കും. അതില്‍ തനിക്ക് പ്രത്യേക താത്പര്യം ഉണ്ടെന്നും അവര്‍ പറയുന്നു.

കാട്ടിലൂടെയുള്ള ഈ സഞ്ചാരത്തിനിടയില്‍ നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ സുധാമ്മ വിവരിക്കുമ്പോള്‍ നെഞ്ചിടിപ്പോടെയോ കേട്ടിരിക്കാനാകൂ.

“അന്ന് രാവിലെ ഞാന്‍ പതിവുപോലെ കാട്ടിലേക്കിറങ്ങി. കാനഡക്കാരനായ ഒരു ടോമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പക്ഷികളെ തെരഞ്ഞുനടക്കുന്നതിനിടെ എന്തോ പൊഴിഞ്ഞുവീഴുന്ന ഒച്ച കേട്ടു. പക്ഷേ ശ്രദ്ധ മുഴുവന്‍ വൃക്ഷങ്ങളിലായതിനാല്‍ അതത്ര ശ്രദ്ധിച്ചില്ല.

“കാട്ടിനുള്ളില്‍ കടന്നാല്‍ സന്ദര്‍ശകര്‍ പൂര്‍ണമായും എന്‍റെ നിയന്ത്രണത്തിലായിരിക്കും. കാടറിയുന്നത് എനിക്കാണ് അവര്‍ക്കല്ല. ഒച്ചയുണ്ടാക്കരുതെന്നാണ് അവര്‍ക്ക് ആദ്യം നല്‍കുന്ന നിര്‍ദേശം. പക്ഷികള്‍ പറന്നു പോകാതിരിക്കാന്‍ പലപ്പോഴും അവരെ പിടിച്ചു നിര്‍ത്തുകയും വലിച്ചുമാറ്റുകയുമൊക്കെ വേണ്ടിവരും.

“പക്ഷേ അന്ന് പതിവിന് വിപരീതമായി ടോം എന്നെ പെട്ടെന്ന് പിടിച്ചുപിറകിലേക്ക് വലിച്ചു. നോക്കിയപ്പോള്‍ തൊട്ടുമുന്നില്‍ കൈതക്കാട്ടില്‍ രണ്ട് രാജവെമ്പാലകള്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുകയാണ്. ആദ്യം മരക്കൊമ്പുകളാണെന്നാണ് കരുതിയത്. അനങ്ങിയാല്‍ അവ ചാടി വീഴുമെന്ന് ഭയന്ന് ശ്വാസം പിടിച്ച് മിനിട്ടുകളോളം അവിടെത്തന്നെ നിന്നു. ശ്വാസം നിലച്ചുപോകുന്ന കാഴ്ച്ചയായിരുന്നു അത്.

“പിന്നീട് എപ്പോഴോ അവയുടെ ശ്രദ്ധയില്‍പ്പെടാതെ തിരിച്ചോടി ഫോറസ്റ്റ് ഓഫീസിലെത്തി ഡോ. സുഗതന്‍ സാറിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അത് രാജവെമ്പാലയുടെ ഇണചേരലാണെന്ന് ഉറപ്പിക്കുകയും ചെയ്തു.”

മറ്റൊരിക്കല്‍ പുലര്‍ച്ചെ നേരിയ വെളിച്ചത്തില്‍ സുധ ചെന്നുചാടിയത് ഒരു ഒറ്റയാന്‍റെ മുന്നില്‍. തുമ്പിക്കൈകൊണ്ട് തൂക്കിയെറിയാന്‍ വന്ന ആനക്ക് മുന്നില്‍ നിന്ന് അന്ന് ജീവനും കൊണ്ട് ഓടുകയായിരുന്നു എന്ന് സുധാമ്മ.

“എല്ഫെന്‍റ് ഓടിക്കോളൂ” എന്ന് കൂടെയുണ്ടായിരുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഓടിവരുന്ന ആനയുടെ ഫോട്ടോ എടുക്കാനായി മൂന്നാലുപേര്‍ തിരിഞ്ഞുനിന്നു. അപ്പോള്‍ ഒറ്റയാന്‍ ഒന്നു പരുങ്ങിയതും തിരികെ നടന്നതും ഇന്ന് വളരെ കൂളായി വിവരിക്കും സുധാമ്മ.

Image for representation only. Photo. Pixabay.com

മറ്റൊരിക്കല്‍ പ്രധാന റോഡ് വഴിയും ആന ഓടിച്ചു. “ഇരുപത് മീറ്റര്‍ മുന്നിലെത്തി തുമ്പിക്കൈ ചുരുട്ടി തോളുകള്‍ ചുരുക്കി കുതിക്കാനായി തയ്യാറെടുത്തുനില്‍ക്കുന്ന ഒറ്റയാന്‍റെ ചിത്രം ഇന്നും കണ്‍മുന്നിലുണ്ട്. ആനയുടെ തുമ്പിക്കയ്യില്‍പ്പെട്ടെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അവ. ശ്വാസമെടുക്കാതെ ഓടുന്നതിനിടയില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആന എന്നെ ഉപേക്ഷിച്ച് റോഡരുകിലേക്ക് മാറിനില്‍ക്കുന്നതുകണ്ടു.

“പിറകെ വരില്ലെന്ന് ഉറപ്പായപ്പോഴാണ് ഓട്ടം നിര്‍ത്തിയത്. തുമ്പിക്കൈ വീശി തലയാട്ടി റോഡരുകില്‍ കുറച്ചുനേരം നിന്നതിന് ശേഷം അവന്‍ കാട്ടിലേക്ക് കയറി. ഈശ്വരന്‍ കൂടെയുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങളായിരുന്നു അവ.” ഇങ്ങനെ ചെറുതും വലുതുമായി കാടനുഭവങ്ങള്‍ ഒരുപാടുണ്ട് സുധാമ്മക്ക് പറയാന്‍.

തുടക്കത്തിലായിരുന്നു ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് മുന്നിലേക്ക് ചാടിവീണിട്ടുള്ളത്. കാടിനെക്കുറിച്ച് അത്ര അറിവില്ലാതിരുന്ന സമയമായിരുന്നു അത്. പക്ഷേ അന്നത്തെ സുധയില്‍ നിന്ന് താന്‍ ഇന്ന് വിവരിക്കാനാകാത്തവിധം മാറിപ്പോയിരിക്കുന്നെന്നും അവര്‍ പറയുന്നു.

“ഇന്നിപ്പോള്‍ അമ്പലത്തില്‍ പോകുന്നതുപോലെയാണ് കാട്ടിലേക്ക് പ്രവേശിക്കുന്നത്. സീസണ്‍ തുടങ്ങിയാല്‍ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് തട്ടേക്കാട് ശിവക്ഷേത്രത്തില്‍ തൊഴുത് നേരെ കാട്ടിലേക്കാണ്,” എന്നുപറഞ്ഞ് സുധാമ്മ ചിരിച്ചു.


രാവിലെ ഫീഡിങ്ങ് സമയമായതിനാല്‍ എല്ലാ പക്ഷികളും പുറത്തെത്തും. ഇരട്ടവാലന്‍ കിളിയാണ് ആദ്യമുണരുന്നത്. അവരാണ് മറ്റ് എല്ലാ പക്ഷികളെയും വിളിച്ചുണര്‍ത്തുന്നത്. പിന്നാലെ ഓരോരോ പക്ഷികളുടെ ശബ്ദമെത്തും.


സുധയും കുടുംബവും സഞ്ചാരികള്‍ക്കൊപ്പം

“അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതൊക്കെ ആര്‍ക്കും മനസിലാക്കാം. എല്ലാവരും ആദ്യം തെരയുന്നത് ഭക്ഷണമാണ്. ചെറിയ പുഴുക്കളെ കഴിക്കുന്നവര്‍, പഴങ്ങള്‍ മാത്രം കഴിക്കുന്നവര്‍, ചെറുമത്സ്യങ്ങള്‍ക്കായി പുഴക്കരയില്‍ കാത്തിരിക്കുന്നവര്‍… അങ്ങനെ വ്യത്യസ്ത ഭക്ഷണശീലമുളളവരെ അവരവരുടെ സങ്കേതങ്ങളില്‍ നിന്ന് നേരിട്ട് കണ്ടെത്താനാകും.

“കുറച്ചുനാളത്തെ നിരീക്ഷണം കൊണ്ട് ഏതൊക്കെ പക്ഷികള്‍ എന്തൊക്കെയാണ് കഴിക്കുന്നതെന്നും അവരെ എവിടെ കണ്ടെത്താനാകുമെന്നും മനസിലാക്കാം. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുകൊണ്ട് അപൂര്‍വ്വമായ പല പക്ഷികളെയും വളരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്നു, അതാണ് എന്‍റെയും മകന്‍റെയും വിജയം,” അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പക്ഷിസ്നേഹികള്‍ തങ്ങളെ തേടിവരുന്നതെന്നാണ് ഈ അറുപത്തിനാലുകാരി വിചാരിക്കുന്നത്.

കേരളത്തിലെ ഒരേയൊരു വനിതാ ഫോറസ്റ്റ് ഗൈഡ് താനാണെന്നും അല്ലാതാരെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞു തരൂ എന്നും സുധ അഭിമാനത്തോടെ പറയുന്നു.

(ഇതൊരു അവകാശവാദമായി കണക്കാക്കേണ്ട. ഈ മേഖലയിലേക്കും മറ്റു സ്ത്രീകള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന ജോലികളിലേക്കും ധൈര്യമായി ഇറങ്ങിച്ചെല്ലാന്‍ മറ്റ് സ്ത്രീകളെയും പ്രേരിപ്പിക്കാനുള്ള സ്നേഹപൂര്‍ണ്ണമായ വെല്ലുവിളിയായി മാത്രം എടുക്കാം.)

ശരിയാണ്, സുധാമ്മയോളം കാടിനെയും കിളികളെയും കാട്ടുജീവികളെയും മനസിലാക്കിയ മറ്റൊരു സ്ത്രീ കേരളത്തിലുണ്ടാകുമോ?. ഓരോ പക്ഷിയുടെയും വരവും വാസവും ഭക്ഷണവും മനസിലാക്കി അവ പുറത്തിറങ്ങുന്ന സമയം കൃത്യമായി അറിഞ്ഞ് പക്ഷിസ്നേഹികള്‍ക്ക് ആ അപൂര്‍വ്വകാഴ്ച്ച സമ്മാനിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നും അതൊരു തപസിന്‍റെ ഫലമാണെന്നും സുധാമ്മ പറയും.

ഏത് രാത്രിയിലും ഇണയുടെ ശബ്ദം കേട്ടാല്‍ തിരികെ കൂവാത്ത പക്ഷിയില്ലെന്നാണ് അവര്‍ പറയുന്നത്. കാട് കാത്തുവെച്ചിരിക്കുന്ന വിസ്മയങ്ങളെക്കുറിച്ച് ആവശേത്തോടെ സുധാമ്മ വിവരിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഇതൊക്കെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല.


ഇതുകൂടി വായിക്കാം: അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി


ഭര്‍ത്താവ് മരിച്ചപ്പോള്‍ കഷ്ടപ്പാടിലായ സുധാമ്മക്ക് ഫോറസ്റ്റ് ഓഫീസില്‍ സംഘടിപ്പിക്കുന്ന നേച്ചര്‍ ക്യാമ്പുകളിലെ ഭക്ഷണത്തിന്‍റെ പൂര്‍ണചുമതല നല്‍കി. അവരുടെ സമര്‍പ്പണവും ഉത്തരവാദിത്തവും ജീവിതത്തിന്‍റെ നിസ്സഹായാവസ്ഥയും മനസിലാക്കിയ ഉദ്യോഗസ്ഥര്‍ വേണ്ട പിന്തുണ നല്‍കി.

സുധാമ്മ സന്ദര്‍ശകര്‍ക്കൊപ്പം. പഴയൊരു ചിത്രം

അസാധാരണ മനക്കരുത്തും ധൈര്യവുമുള്ള സ്ത്രീ എന്നാണ് സുധാമ്മയെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന കെ എന്‍ രാജഗോപാലന്‍ വിശേഷിപ്പിക്കുന്നത്. ജീവിതദുരിതങ്ങളെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം അതിജീവിച്ച് വിജയത്തിലേക്ക് അവര്‍ നടത്തിയ യാത്ര കണ്ടുനിന്നവരാണ് താനുള്‍പ്പടെയുള്ള അന്നത്തെ ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു.

“ആനയും പുലിയും രാജവെമ്പാലയുമൊക്കെ വിഹരിക്കുന്ന കാട്ടിലേക്കിറങ്ങിച്ചെന്ന് അവിടെ നിന്ന് ജീവിതം തുടങ്ങാന്‍ പുരുഷന്‍മാര്‍ പോലും മടിക്കും. അവിടെയാണ് സുധാമ്മ വിജയിച്ചത്,” രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്മയുടെയും നടുവില്‍ നിന്ന് സുരക്ഷിതമായ ജീവിത സാഹചര്യങ്ങളിലേക്ക് കടന്നപ്പോള്‍ പിന്നിട്ട വഴികളൊന്നും മറക്കുന്നില്ല എന്നതാണ് സുധാമ്മയുടെ പ്രത്യേകത.

“ഒന്നുമില്ലായ്മയില്‍ നിന്ന് പ്രകൃതിയിലേക്കിറങ്ങിയ എനിക്ക് ഇന്നില്ലാത്ത ജീവിത സൗകര്യങ്ങളില്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട,” സംതൃപ്തിയോടെ സുധ പറയുന്നു.

ഹോം സ്റ്റേയിലെ വാസം കഴിഞ്ഞ് പോകുന്ന സഞ്ചാരികള്‍ നല്‍കുന്ന ടിപ്പിന്‍റെ ഒരു വിഹിതം സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നു വാങ്ങാനായി മാറ്റി വയ്ക്കുന്നുണ്ടെന്നും കാന്‍സര്‍ ചികിത്സക്കായി സഹായമഭ്യര്‍ത്ഥിച്ചെത്തുന്ന ഒരാളെയും താന്‍ വെറുംകയ്യോടെ പറഞ്ഞയക്കാറില്ലെന്നും അവര്‍ പറഞ്ഞു.

പ്രകൃതിക്കൊപ്പം ജീവിച്ചിട്ടും അര്‍ബുദം തന്നെ തേടിയെത്തിയതിന്‍റെ ചെറിയ പരിഭവം അവര്‍ പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു സുധാമ്മ. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതിനാല്‍ രോഗവിമുക്തയായെങ്കിലും കീമോയും റേഡിയേഷനും മറ്റും തന്‍റെ രൂപം മാറ്റിയെന്ന് സങ്കടമുണ്ടവര്‍ക്ക്.

“എങ്കിലും നന്ദി പറയുന്നു ഈശ്വരനോട്. അധികം വലയ്ക്കുന്നതിന് മുമ്പ് രോഗം കണ്ടെത്താനായല്ലോ. അല്ലെങ്കില്‍ ആ രോഗം വഷളാകാതെ കാത്തത് ഈ പ്രകൃതി തന്നെയല്ലേ,” എന്നവര്‍ സ്വയം ആശ്വസിക്കുകയും പൂര്‍ണമായും രോഗവിമുക്തയായതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കാം: ‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍


സര്‍ക്കാര്‍ യുപി സ്‌കൂളില്‍ താല്‍ക്കാലിക സ്വീപ്പര്‍ ജോലിയുണ്ടായിരുന്നു സുധക്ക്. ഈ തൂപ്പുകാരി അസംബ്ലിയില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തിട്ടുമുണ്ട്.

ഭര്‍ത്താവിന്‍റെ പേരില്‍ എല്ലാ വര്‍ഷവും മിടുക്കനായ കുട്ടിക്കായി ക്യാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. സ്‌കൂളിന് ആവശ്യമായ ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. സുമനസ്സുകളായ വിദേശി സുഹൃത്തുക്കള്‍ വഴി സാമ്പത്തിക സംഭാവനകള്‍ വേറെയും നല്‍കുന്നു. കൂടാതെ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഇംഗ്ളീഷ് പറഞ്ഞ് മീഡിയേറ്ററാകുന്നതും ഈ തൂപ്പുകാരി തന്നെയാണ്.

സുധാമ്മയും മകനും ചേര്‍ന്ന് നടത്തുന്ന ജംഗിള്‍ ബേഡ് ഹോംസ്റ്റേയെക്കുറിച്ച് ബ്ലോഗ് വഴിയറിഞ്ഞാണ് വിദേശികളില്‍ മിക്കവരും എത്തുന്നത്. ഇവരില്‍ വര്‍ഷം തോറും എത്തുന്നവരും ഒരിക്കലെത്തി പിന്നീട് പരിചയം നിലനിര്‍ത്തുന്നവരുമായി ലോകമെമ്പാടും നീളുന്ന വലിയ സൗഹൃദ്ബന്ധമുണ്ട് സുധാമ്മക്ക്.

ഒരുപാട് ദേശങ്ങളില്‍ ഒരുപാട് വ്യക്തികള്‍ക്കൊപ്പം തങ്ങിയിട്ടുണ്ടെങ്കിലും സുധാമ്മയും കുടുംബവും വ്യത്യസ്ത അനുഭവമാണ് നല്‍കുന്നതെന്ന് കൊല്‍ക്കത്തക്കാരന്‍ അരൂപ് സെന്‍ ഗുപ്ത പറഞ്ഞു. അപൂര്‍വ്വ പക്ഷികളുടെ അതിമനോഹരങ്ങളായ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ക്യാമറയിലുണ്ടായിരുന്നു. ഇത്രയും വലിയ ദൃശ്യവിരുന്നൊരുക്കിയ സുധാമ്മക്കും ഗിരീഷിനും സിംഗ് വീണ്ടും വീണ്ടും നന്ദി പറയുന്നുണ്ടായിരുന്നു.

പ്രകൃതി തന്നെയാണ് ഈശ്വരനെന്ന് വിശ്വസിക്കാനാണ് സുധാമ്മക്കിഷ്ടം. തന്നെ തേടിയെത്തുന്ന സഞ്ചാരികളും അവര്‍ക്ക് കാഴ്ച്ചയായി ഏതൊക്കെയൊ രാജ്യങ്ങളില്‍ നിന്ന് പറന്നെത്തുന്ന ദേശാടനക്കിളികളും അവര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കൊമ്പുകള്‍ വിരിച്ചുനില്‍ക്കുന്ന വന്‍മരങ്ങളും പേടിപ്പിച്ചോടിക്കുന്ന കാട്ടാനകളും മുന്നില്‍ ഫണമുയര്‍ത്തി നിന്നാടുന്ന പാമ്പുമെല്ലാം തനിക്ക് ഈശ്വരനാണെന്ന വലിയ തത്വം അവര്‍ പറഞ്ഞുതരുന്നു.

എല്ലാവരോടും നന്ദി പറയുന്നുണ്ട് സുധാമ്മ–വിധവയായിപ്പോയ തന്നെ സ്വന്തം കൂടപ്പിറപ്പിനെ എന്നവണ്ണം ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ച ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്. പക്ഷികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി നല്ലൊരു ഗൈഡാകാന്‍ പ്രാപ്തയാക്കിയ ഡോ സുഗതന്, തെറ്റുതിരുത്തി ഇംഗ്ലീഷില്‍ സുഗമമായി ആശയവിനിമയം നടത്താന്‍ സഹായിച്ച വിദേശികളോട്, ഒപ്പം നിന്ന മകനോട്, സഞ്ചാരികളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചരിക്കുന്ന മരുമകള്‍ സന്ധ്യയോട്, വിദേശികള്‍ക്ക് ജംഗിള്‍ ബേഡ് അവിസ്മരണീയ അനുഭവമാക്കുന്ന പേരക്കുട്ടികളോട്… അങ്ങനെ പോകുന്നു ആ നീണ്ട പട്ടിക.

സംസാരിച്ചുനടക്കുമ്പോള്‍ ഇലകളുടെ തുമ്പ് കീറിയെടുത്തും മരക്കൊമ്പ് ഒടിച്ചെറിഞ്ഞും നടന്നിരുന്ന പഴയ സുധയല്ല താനെന്നും കാട്ടിലോ പുറത്തോ ഒരില പോലും നുള്ളാന്‍ ഇപ്പോള്‍ കൈകള്‍ നീളാറില്ലെന്നും അവര്‍ പറയുന്നു. ചെടികളും കിളികളും പൂവുമെല്ലാം കൂടെപ്പിറപ്പുകളാണെന്ന ബോധ്യത്തില്‍ അത്രമേല്‍ അവരെ സ്നേഹിക്കുന്നു കാട്ടിലെ ഈ വഴിക്കൂട്ടുകാരി.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: സുധാമ്മ, ഗിരീഷ് തട്ടേക്കാട്,
ജംഗിള്‍ ബേഡ് ഹോംസ്റ്റേ
ബന്ധങ്ങള്‍ക്ക്: 08452 588143, 09847 034520 / 09947 506188.

 


ഇതുകൂടി വായിക്കാം: സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം