ഉയരങ്ങളില്‍ നിന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് അജയ് ത്യാഗിയുടെ കോര്‍പ്പറേറ്റ് കരിയര്‍ കുതിക്കുകയായിരുന്നു അപ്പോള്‍.
എന്നാല്‍ ആ തീരുമാനം ചുറ്റുമുള്ളവരെ, പ്രത്യേകിച്ച് മാതാപിതാക്കളെ, ഞെട്ടിച്ചു. വമ്പന്‍ ശമ്പളം പറ്റുന്ന ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജി വെക്കുകയാണെന്ന് അജയ് പറഞ്ഞു.
കാരണം കേട്ടപ്പോള്‍ സകലരും ഞെട്ടി. എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമായി. പണം വാരുന്ന നല്ല ജോലി ജൈവകൃഷിക്കായി വലിച്ചെറിയുന്നവനെ ‘കിറുക്ക’നെന്നാണ് ബന്ധുമിത്രാദികള്‍ വിളിച്ചത്.
കിറുക്കല്ല, ശുദ്ധമായ ഭക്ഷണത്തോടും ജൈവകൃഷിയോടുമുള്ള അഭിനിവേശമായിരുന്നു അതെന്ന് അജയ് തെളിയിച്ചിരിക്കുന്നു ഇപ്പോള്‍.
കാര്‍ഷിക കുടുംബമാണ് മീററ്റുകാരന്‍ അജയ് ത്യാഗിയുടേത്. എന്നാല്‍ പ്രതിരോധ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ മകനെ കുലത്തൊഴില്‍ പഠിപ്പിക്കേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു. അജയ് വിട്ടുകൊടുത്തില്ല. സ്വന്തം തീരുമാനവുമായി സധൈര്യം മുന്നോട്ട്. ലക്ഷ്യം ഒന്ന് മാത്രം. കൂടുതല്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ആരോഗ്യകരമായ ജൈവ ഭക്ഷണം ലഭ്യമാക്കുക.
മാനേജ്‌മെന്റ് രംഗത്തെ കിടു ജോലി കളഞ്ഞ് ‘മണ്ണിന്റെ മകനാ’കുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും ചുറ്റുമുള്ള സമൂഹം സംശയത്തോടെ അവനെ ഊണിലും ഉറക്കത്തിലും നോക്കിക്കൊണ്ടിരിക്കുമ്പോള്‍. എന്നാല്‍ അജയുടെ ദൃഢനിശ്ചയം ഫലം കണ്ടു. ഇന്ന് രാജ്യത്തെ ജൈവ കൃഷി രംഗത്തെ ജനകീയ ബ്രാന്‍ഡായി അജയ് ത്യാഗിയുടെ കാര്‍ബനിക് മെഡോസ് എന്ന സംരംഭം മാറി.
ജൈവ സംരംഭകന്‍ എന്നതിനപ്പുറം ചിലതുണ്ട് ഈ യുവാവില്‍. ഗ്രാമങ്ങളിലെ സാധാരണ കര്‍ഷകരെ ജൈവ കൃഷിയിലേക്ക് കൊണ്ടുവരാനുള്ള മനോഭാവമാണ് അതില്‍ പ്രധാനം. ഇതിനോടകം 200-ലധികം കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ അജയ് പരിശീലനം നല്‍കിക്കഴിഞ്ഞു.
കൃഷിയിടത്തിലേക്ക്
“നല്ല ഭക്ഷണം കഴിക്കുകയെന്നത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ കൂടി അവകാശമാണ്,” 2016 മുതല്‍ മുഴുനീള കര്‍ഷകനായി മാറിയ അജയ് പറയുന്നു. “എല്ലാത്തരം ആഡംബരങ്ങളുമുള്ള തിരക്ക് പിടിച്ച ജീവിതമായിരുന്നു അന്ന്. 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു ജോലി. തിരക്കും ആഡംബരവുമൊന്നും സ്വസ്ഥത തരില്ലല്ലോ.
“ജോലി സമ്മര്‍ദം എന്‍റെ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങി. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികളിലേക്കും തിരിഞ്ഞു. കുറച്ചുകാലം കഴിഞ്ഞ് ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ഭക്ഷണ രീതിയിലേക്കും വഴി മാറി. കോര്‍പ്പറേറ്റ് ജോലി എന്നെ തൃപ്തിപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയിരുന്നില്ല. വലിയ തിരിച്ചറിവായിരുന്നു അത്,” കര്‍ഷകനായ വഴി അജയ് ഓര്‍ത്തെടുക്കുന്നു.
അക്കാലത്ത് അജയുടെ അമ്മാവനും കുടുംബവും മീററ്റില്‍ കൃഷി നടത്തിയിരുന്നു. എന്നാല്‍ വലിയ തോതില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചായിരുന്നു അതെന്ന് ഈ യുവസംരംഭകന്‍ പറയുന്നു. “വിഷം കഴിക്കാന്‍ ഒരുപാട് പണം ചെലവഴിക്കുന്നതിന് തുല്യമായിരുന്നു ആ ഏര്‍പ്പാട്. സാധാരണക്കാരിലേക്കും ആ ഭക്ഷണമാണ് എത്തുന്നത്,” പുതുമാറ്റത്തിലേക്കുള്ള കാരണം അജയ് വ്യക്തമാക്കുന്നു.
തുടക്കം പരാജയം
ജൈവകൃഷിയില്‍ കാര്യമായി ഗവേഷണം നടത്തി അജയ്. അതിന് ശേഷമാണ് ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന കമ്പനിയില്‍ രാജിക്കത്ത് നല്‍കുന്നത്. തുടക്കം ക്ഷീരകര്‍ഷകനായിട്ടായിരുന്നു. എങ്കിലും മനസില്‍ നിറയെ ജൈവകൃഷി രീതികളായിരുന്നു.
തൊഴുത്തില്‍ നിന്നുള്ള ചാണകവും മൂത്രവുമൊക്കെ ജൈവകൃഷിക്ക് ഉപയോഗപ്പെടുത്താമെന്നതായിരുന്നു ഈ സംരംഭകന്‍റെ ചിന്ത. എന്നാല്‍ കന്നുകാലികളെ പോറ്റുന്നതിന് വരുന്ന കൂലിച്ചെലവുകളെയും മറ്റ് ബുദ്ധിമുട്ടുകളെയും പറ്റി കക്ഷിക്ക് വലിയ പിടിയില്ലായിരുന്നു. അതായിരുന്നു തുടക്കത്തിലെ പാളിച്ചയെന്ന് അജയ് തുറന്നു പറയുന്നു.
അതേസമയം മാതാപിതാക്കളില്‍ നിന്ന് അവനുമേല്‍ സമ്മര്‍ദ്ദം കൂടി. സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടിവ് ജോലി ഒരു സുപ്രഭാതത്തില്‍ ഉപേക്ഷിച്ച് കര്‍ഷകനായി തീര്‍ന്ന മകന്‍റെ പരാജയം അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അങ്ങനെയിരിക്കെയാണ് പാലിന്‍റെ ലോകത്തോട് വിടപറഞ്ഞ് ജൈവകൃഷിയിലേക്ക് പൂര്‍ണമായും അയാള്‍ തിരിഞ്ഞത്. അതിന് പിന്നാലെ സമാധാനവും വരുമാനവും എത്തി.
ധാന്യങ്ങള്‍, അപൂര്‍വ പച്ചക്കറികള്‍…
വൈകാതെ കുടുംബവും അജയ് ത്യാഗിയെ പിന്തുണയ്ക്കാനെത്തി. തന്‍റെ മനസിലുള്ള ജൈവകൃഷി പദ്ധതി വൃത്തിയായി അവരുടെ മുന്നില്‍ അവതരിപ്പിച്ചതായിരുന്നു മനംമാറ്റത്തിന് കാരണം. ആദ്യം അയാള്‍ ചെയ്തത് 10 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ചില വിളകള്‍ പ്രകൃതിദത്ത രീതിയില്‍ കൃഷി ചെയ്യുകയായിരുന്നു.
കഠിനാധ്വാനം ചെയ്തു. അതിനാല്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ ചെലവായ തുക വരുമാനമായി തിരിച്ചുകിട്ടി. പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് 25 ശതമാനം വരെ ലാഭത്തില്‍ വര്‍ധനവുണ്ടാക്കാമെന്നും അയാള്‍ മനസിലാക്കി. കാര്‍ബനിക് മീഡോസ് എന്നാണ് സംരംഭത്തിന് പേര് നല്‍കിയത്. ധാന്യങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം കൃഷി ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നു ഈ സംരംഭം.
പരമ്പരാഗത ഗോതമ്പ്, നെല്‍ കൃഷിക്ക് പുറമെ വ്യത്യസ്തമായ റെഡ് റൈസും ബ്ലാക്ക് റൈസുമെല്ലാം അജയുടെ കൃഷിയിടങ്ങളില്‍ വിളഞ്ഞു. ചോളവും ക്വിനോവ കടലയും ചിയ സീഡും ഫ്‌ളാക്‌സ് സീഡുമെല്ലാം ഈ സംരംഭകന് പണം കൊയ്യുന്ന ഭക്ഷ്യധാന്യങ്ങളായി. ആരോഗ്യകരമായ ഡയറ്റില്‍ ഇന്ന് വളരെ ആവശ്യക്കാരുണ്ട് ചിയ, ഫ്‌ളാക്‌സ് സീഡുകള്‍ക്കെന്നത് അജയ്ക്ക് തുണയായി.
ഇതുകൂടി വായിക്കാം: 30,000 രൂപയില്‍ തുടക്കം; വര്‍ഷം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ഓര്‍ഗാനിക് ഖാദി സംരംഭവുമായി 27-കാരി
പലതരം പയറുവര്‍ഗങ്ങളും പച്ചക്കറികളും മീററ്റിലെ ഈ ജൈവകര്‍ഷകന്‍റെ പട്ടികയിലുണ്ട്. ബ്രൊക്കോളിയും കോളിഫ്‌ളവറും തക്കാളിയും മുളകും കാരറ്റും മല്ലിയിലയുമെല്ലാം അജയ് കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് വേണ്ട സകലതും ഫാമില്‍ നിന്നോ സമീപപ്രദേശത്തു നിന്നോ ആണ് അജയ് തയാറാക്കുന്നത്. ഗ്രീന്‍ കംപോസ്റ്റ് സ്വന്തമായി തന്നെ ഉണ്ടാക്കുന്നു, മണ്ണിരകംപോസ്റ്റ് വാങ്ങുന്നത് അടുത്ത് കൃഷി നടത്തുന്ന ബന്ധുവില്‍ നിന്നും.
ജൈവകൃഷിയുടെ ആദ്യ വര്‍ഷങ്ങളില്‍ പൊതുവേ പ്രയാസകരമാണെങ്കിലും വിളകളുടെ കൃഷി ചാക്രികാടിസ്ഥാനത്തിലാക്കാന്‍ അജയ് ശ്രമിച്ചിരുന്നു. സീസണല്‍ പച്ചക്കറികളിലാണ് ശ്രദ്ധ കൊടുത്തത്.
കര്‍ഷകരെ സഹായിക്കാന്‍
ഉല്‍പ്പന്നങ്ങള്‍ നഗരങ്ങളില്‍ വിറ്റഴിക്കുന്ന രീതിയാണ് അജയ് സ്വീകരിച്ചത്. കുറച്ച് സമയമെടുത്താണെങ്കിലും സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കുകയെന്നതായിരുന്നു തന്ത്രം. ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു തുടങ്ങി നിരവധി നഗരങ്ങളിലെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളിലെ ജനകീയ ബ്രാന്‍ഡായി കാര്‍ബനിക് മീഡോസ് മാറിക്കഴിഞ്ഞെന്ന് അജയ് അവകാശപ്പെടുന്നു.
കേരളം, രാജസ്ഥാന്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ചെറുകിട ജൈവ കര്‍ഷകരുമായി അദ്ദേഹം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുകയാണ് സഹകരണത്തിലൂടെ ചെയ്യുന്നത്.
“ജൈവ ഭക്ഷണം പ്രോല്‍സാഹിപ്പിക്കുകയും ജൈവകൃഷി ചെയ്യുന്ന സാധാരണ കര്‍ഷകരെ ശാക്തീകരിക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. ഇന്ത്യയിലെ പലയിടങ്ങളിലുമുള്ള ജൈവകര്‍ഷകരുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ശരിയായ വിപണിയിലെത്തിക്കുകയാണ് ഉദ്ദേശ്യം. കുരുമുളക്, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങി ഇന്ന് ഞാന്‍ വില്‍ക്കുന്ന മിക്ക സുഗന്ധ വ്യഞ്ജനങ്ങളും കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതാണ്. ആ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണികളില്‍ വിറ്റാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന വരുമാനം ലഭിക്കുകയില്ല,” അജയ് പറയുന്നു.
അജയ് ത്യാഗിയുടെ വിജയകഥ മറ്റ് കര്‍ഷകര്‍ക്കും പ്രചോദനമായി. ജൈവ കൃഷിയിലേക്കിറങ്ങുന്ന ഇത്തരം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനും അജയ് തയാറാകുന്നു. 2018-ല്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ പരിശീലനക്കളരികളില്‍ പരമ്പരാഗത കര്‍ഷകര്‍ക്ക് പുറമെ പ്രൊഫഷണലുകളും പങ്കെടുക്കുന്നുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡിഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പരിശീലനത്തിനായി അദ്ദേഹത്തെത്തേടിയെത്തുന്നു.
മറ്റുള്ളവരെയും മാറ്റത്തിന് പ്രേരിപ്പിക്കുന്നു
ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമില്‍ ബിസിനസ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടിവായിരുന്ന അങ്കിത് നല്ല ശമ്പളമുള്ള ജോലിവിട്ട് പുതിയൊരു വഴി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്.
“ജങ്ക് ഫുഡിന് അടിമയായിരുന്നു ഞാന്‍. ഓവര്‍വെയ്റ്റായി. രോഗങ്ങളും പിടികൂടി. അപ്പോഴാണ് ഓര്‍ഗാനിക് ഭക്ഷണത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചത്,” അങ്കിത് പറയുന്നു. ജൈവകൃഷിയുടെ ഗുണങ്ങള്‍ തന്‍റെ ശരീരത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് ഈ മേഖലയില്‍ ഒരു കൈ നോക്കിക്കൂടായെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് യൂറ്റ്യൂബ് വിഡിയോയിലൂടെ അജയ് ത്യാഗിയെക്കുറിച്ചറിയുന്നത്.
“തുടക്കക്കാര്‍ക്ക് ജൈവ കൃഷിയെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്ന അജയ് ത്യാഗിയുടെ വിഡിയോ കണ്ടതാണ് വഴിത്തിരിവായത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ നേരില്‍ പോയിക്കണ്ടു. ഞങ്ങളുടെ രണ്ട് പേരുടെയും കരിയര്‍ ജീവിതം സമാനമാണെന്ന് മനസിലാക്കി. അദ്ദേഹത്തിന്‍റെ ഫാം സന്ദര്‍ശിച്ച് കൂടുതല്‍ കാര്യങ്ങള്‍ നേരിട്ടറിഞ്ഞു,” അങ്കിത് വിശദമാക്കി.
ആറ് മാസം മുമ്പ് ഒരു മുഴുവന്‍സമയ ജൈവ കര്‍ഷകനായി അങ്കിത്ന്‍ മാറി. അങ്ങ് യുപിയിലെ മൊറാദാബാദില്‍, കുടുംബപരമായി കിട്ടിയ ഭൂമിയില്‍ കൃഷി ചെയ്യുകയാണ് ഈ ചെറുപ്പക്കാരന്‍.
ജൈവകൃഷിയുടെ അടിമുതല്‍ മുടി വരെയുള്ള കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുന്നതിനാണ് ഇന്ന് അജയ് ത്യാഗി കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. എന്നാല്‍ സമയം കിട്ടുമ്പോഴെല്ലാം മണ്ണിലേക്കിറങ്ങുന്നു, വിത്തുപാകുന്നു, മണ്ണിളക്കി മറിക്കുന്നു… പൂര്‍ണ്ണമായും ജൈവജീവിതം.
ഇതുകൂടി വായിക്കാം: കമ്പത്തെ 30 ഏക്കര്‍ തരിശില്‍ 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.