ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു.
പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി.
എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി.
പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ കളിപ്പാട്ട നിര്‍മ്മാണ യൂനിറ്റില്‍ പലനിറങ്ങളിലും വലിപ്പത്തിലുമൊക്കെയുള്ള ബസുകളാണ് ഷൈബി ഉണ്ടാക്കുന്നത്.
എന്നാല്‍ ഈ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഷൈബിക്ക് കൂട്ടിന് ഗിരീഷും മക്കളുമുണ്ട്. കുട്ടിബസുകള്‍ വിറ്റ് മാസം 30,000 രൂപ വരുമാനം നേടുന്നുമുണ്ട് അവര്‍.
വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
“വയനാട് പുല്‍പ്പള്ളിക്കാരിയാണെങ്കിലും 15 വര്‍ഷമായി താമസിക്കുന്നത് മലപ്പുറം മഞ്ചേരിയിലാണ്,” ആനവണ്ടികളുണ്ടാക്കുന്ന തിരക്കിനിടയില്‍ പൂത്തേരി വീട്ടില്‍ ഷൈബി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“തനിച്ചല്ല കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. ഒരു ജീവനക്കാരിയുണ്ട്, അയല്‍പ്പക്കത്തുള്ള അനിതേച്ചിയാണ് വരുന്നത്. പിന്നെ ഭര്‍ത്താവും മക്കളും സഹായിക്കും.
കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെറിയ ബസുമൊക്കെയാണ് നിര്‍മ്മിക്കുന്നതെങ്കിലും കുറച്ച് കഷ്ടപ്പാടൊക്കെയുണ്ട്.
“വലിയ മരങ്ങള്‍ കൊണ്ടുവന്നു മില്ലില്‍ നിന്ന് അറുത്തെടുത്ത് ചെറിയ കഷ്ണങ്ങളാക്കിയാണ് വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആ മരകഷ്ണങ്ങളിലാണ് കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്.
“മലപ്പുറത്ത് മരങ്ങള്‍ കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. അങ്ങനെ മരത്തിന് ക്ഷാമം വന്നതോടെയാണ് വയനാട്ടില്‍ നിന്നു മരങ്ങളെടുക്കാന്‍ തുടങ്ങിയത്. പാഴ്മരമായ മുരിക്ക് മരമാണ് ഉപയോഗിക്കുന്നത്.”
തടി കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ ഭര്‍ത്താവ് ഗിരീഷാണ് നോക്കുന്നത്. വില്‍പനയ്ക്കും സഹായിക്കും.
ബന്ധുവായ ഷാജിയാണ് ഗിരീഷിനെ കളിവണ്ടികള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. ഗിരീഷില്‍ നിന്ന് ഷൈബിയും.
“ആദ്യമൊക്കെ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. മരമല്ലേ… മുറിക്കുകയും മറ്റും ചെയ്യുന്നത് അത്ര എളുപ്പമല്ലല്ലോ,” ഷൈബി പറയുന്നു.
“ഇപ്പോ ബസുകള്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. പക്ഷേ നേരത്തെ ഓട്ടോറിക്ഷകള്‍, കാറുകള്‍, ലോറികള്‍ നഴ്സറികളും അംഗനവാടികളിലുമൊക്കെയുള്ള ആടുന്ന കുതിരയും താറാവുമൊക്കെ ഇവിടുണ്ടാക്കുമായിരുന്നു.
“ഓട്ടോറിക്ഷയൊക്കെ നിര്‍മ്മിക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ആദ്യമൊക്കെ ഓരോന്നുണ്ടാക്കുമ്പോ ചിലപ്പോ അരിക് പൊട്ടിയൊക്കെ പോകും. ഇപ്പോ പ്രശ്നമൊന്നും ഇല്ല പരിചയമായല്ലോ. വേഗം പഠിച്ചെടുക്കാന്‍ സാധിച്ചു,” എന്ന് ഷൈബി.
ബസുണ്ടാക്കാന്‍ എളുപ്പമാണ്, ഒപ്പം ആവശ്യക്കാരും കൂടുതലാണെന്ന് അവര്‍ പറഞ്ഞു.
“അതുകൊണ്ടു തന്നെയാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി നിര്‍മ്മിക്കുന്നത്. മൂന്ന് ഇഞ്ച് വീതിയും പത്ത് ഇഞ്ച് നീളവുമുള്ള ചെറിയ ബസുകള്‍ മുതല്‍ 20 ഇഞ്ച് നീളവും അഞ്ചിഞ്ച് വീതിയുമുള്ള ബസുകളാണ്. ഒരു ബസ് ഉണ്ടാക്കാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ മതിയാകും,” ഷൈബി പറയുന്നു.
ബസുകളില്‍ ഡ്രൈവറും യാത്രക്കാരും സ്റ്റിയറിങ്ങുമൊക്കെയുണ്ട്. ആദ്യകാലങ്ങില്‍ സ്റ്റിയറിങ്ങും ഡ്രൈവറെയുമൊക്കെ മരത്തില്‍ തന്നെ കൊത്തിയുണ്ടാക്കുമായിരുന്നു.
ആ രൂപങ്ങള്‍ക്ക് നിറം നല്‍കുമായിരുന്നു. ഇപ്പോള്‍ സ്റ്റിക്കര്‍ ഒട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇതുകൂടി വായിക്കാം:വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം
മരത്തില്‍ തന്നെ രൂപങ്ങള്‍ കൊത്തിയെടുക്കുന്നത് ചെലവേറിയതോടെയാണ് സ്റ്റിക്കറിലേക്ക് കടന്നതെന്നു ഷൈബി. “സ്റ്റിക്കറുകള്‍ നമ്മുടെ ഇഷ്ടപ്രകാരം പറഞ്ഞു കൊടുത്ത് ഡിസൈന്‍ ചെയ്യിക്കുകയാണ്. ചിത്രങ്ങള്‍ പ്രിന്‍റെടുത്ത് ബസില്‍ ഒട്ടിക്കും.”
ഓരോ തവണയും വ്യത്യസ്ത ഡിസൈനുകളായിരിക്കുമെന്നും ഷൈബി.
“ഞാനും ചെയ്യാറുണ്ട്, കൂടുതല്‍ ഓര്‍ഡര്‍ കിട്ടുമ്പോ ഞാന്‍ മാത്രമല്ല മക്കളും ഇതുണ്ടാക്കാന്‍ കൂടും,” ഷൈബിയുടെ ഭര്‍ത്താവ് ഗിരീഷ് കൂട്ടിച്ചേര്‍ക്കുന്നു. “കളിപ്പാട്ടങ്ങള്‍ക്കും സീസണ്‍ ഉണ്ടല്ലോ.
“ആ സമയങ്ങളില്‍ ഞങ്ങളെല്ലാവരും കൂടിയാണ് കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. രാത്രി ഏറെ വൈകിയും ഇരുന്നുണ്ടാക്കും. സ്കൂള്‍ തുറക്കുന്ന സമയങ്ങളില്‍ ചെലവ് കുറവായിരിക്കും.
“ഓണമൊക്കെ എത്തുന്നതോടെ വീണ്ടും കളിപ്പാട്ടങ്ങള്‍ കടയുടെ മുന്നിലേക്കെത്തും. ഉത്സവനാളുകളിലും വില്‍പ്പനയുണ്ടാകും. കൂടുതലും ഹോള്‍സെയിലാണ്.
“കോഴിക്കോട്ടേക്കും എറണാകുളത്തേക്കുമാണ് കളിപ്പാട്ടങ്ങള്‍ നല്‍കുന്നത്. ഗുരുവായൂരില്‍ ഉത്സവങ്ങള്‍ക്കും പതിവായി കളിവണ്ടികള്‍ നല്‍കാറുണ്ട്. മഴക്കാലത്തിരുന്ന് കുറേ ബസുകള്‍ ഉണ്ടാക്കിയാല്‍ സീസണ്‍ ആകുമ്പോഴേക്കും വില്‍ക്കാനുള്ളത് റെഡിയായിരിക്കും.
“കളിബസ് നിര്‍മ്മാണത്തിലൂടെ മാസം 30,000 രൂപ നേടാം. എന്നാല്‍ ഇതിന്‍റെ പകുതിയോളം ചെലവ് വരും.
ഒരു ദിവസം 500 രൂപ ലാഭം നേടാം. 100 രൂപയ്ക്ക് വില്‍ക്കുന്ന കളിബസിന് 55 ചെലവ് വരുന്നുണ്ട്.
“പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ടമല്ലെന്നതു മാത്രമല്ല കളിബസിന്‍റെ ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നത്. പണ്ടൊക്കെ ഈ മരബസുകളായിരുന്നല്ലോ പലരുടെയും കളിപ്പാട്ടങ്ങള്‍.
“മുതിര്‍ന്ന ആളുകള്‍ക്ക് അവരുടെ കുട്ടിക്കാലത്ത് കളിക്കാന്‍ ഉപയോഗിച്ചിരുന്ന മരബസും കാറുമൊക്കെയെന്ന ഒരു ഇഷ്ടം ഉണ്ട്. അത്ര പെട്ടെന്ന് നശിക്കുകയുമില്ല,” അദ്ദേഹം പറഞ്ഞു.
“ആടുന്ന താറാവും കുതിരയുമൊക്കെ നേരത്തെ നിര്‍മിച്ചിരുന്നു.” എന്ന് ഷൈബി പറയുന്നു. “കൂടുതല്‍ മരം വേണമെന്നതു കൊണ്ട് ഇപ്പോ അത്തരം കളിപ്പാട്ടങ്ങളുണ്ടാക്കുന്നില്ല.
“മെഷീന്‍ സഹായത്തോടെയാണ് നിര്‍മ്മാണജോലികളെങ്കിലും ഉളിയൊക്കെ ഉപയോഗിക്കേണ്ടി വരും. കൂടെ സഹായത്തിന് നില്‍ക്കുന്ന അനിത ചേച്ചിക്കും ഞാനാണ് പഠിപ്പിച്ചു കൊടുത്തത്.
“ലോക്ക് ഡൗണ്‍ വന്നതിന്‍റെ ചെറിയൊരു ക്ഷീണത്തിലാണ്. കച്ചവടം വളരെ കുറഞ്ഞു, ഇനി കൊറോണക്കാലവും മഴക്കാലവുമൊക്കെ കഴിഞ്ഞ് ബിസിനിസ് തിരിച്ചു പിടിക്കാമെന്നു കരുതുന്നു.”
പ്രതീക്ഷയോടെ ഷൈബി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന അമല്‍ പി ഗിരീഷും അമൃത പി ഗീരിഷുമാണ് ഇവരുടെ മക്കള്‍.
ഇതുകൂടി വായിക്കാം:ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര!
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.