തൃശ്ശൂർ നഗരത്തിലെ ഒരു മിഷൻ ആശുപത്രിയിൽ 42 വയസ്സുള്ള ഒരാളുടെ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ‘മാത്യു ബ്രദർ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മാത്യു ചുങ്കത്ത് ഓപ്പറേഷൻ തീയറ്ററിന് മുൻപിൽ അക്ഷമനായി കാത്തിരിക്കുന്നു.
മാത്യുവിന്‍റെ കയ്യിൽ ആകെ ഉള്ളത് 30,000 രൂപയാണ്. ആശുപത്രി കൊടുത്ത എല്ലാ ഇളവുകളും കിഴിച്ചാലും പിന്നെയും ഒരുലക്ഷത്തിനു മുകളിൽ കൊടുക്കേണ്ടി വരും.
എന്നാലും രണ്ടാമതൊന്ന് ചിന്തിക്കാതെ ആ രോഗിയുടെ രണ്ടാമത്തെ ഇടുപ്പും മാറ്റിവെയ്ക്കാനുള്ള സമ്മതം മാത്യു ഡോക്റ്ററെ അറിയിച്ചു.
അപ്പോഴാണ് അടുത്ത പ്രശ്നം.
ഇടുപ്പിൽ ഘടിപ്പിക്കുന്ന മെറ്റാലിക്ക് ബോളുകളുടെ പണം ഉടന്‍ കൊടുക്കണം. ഒന്നിന് 70,000 രൂപയാണ് ആണ് വില.
“പാവപ്പെട്ട കുടുംബമാണ്. ശസ്ത്രക്രിയക്ക് കൊടുക്കാനുള്ള പണം ഒന്നും രോഗിയുടെ വീട്ടുകാരുടെ കയ്യിലില്ല. നല്ലവരായ മനുഷ്യരുടെ കാരുണ്യത്തിലാണ് ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുന്നത്. ഇനിയും അവർ സഹായിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഡിസ്ചാർജ്ജ് ചെയ്യുന്നതിന് ഒരു ദിവസം മുൻപായി ഞാൻ പണം തന്നു കൊള്ളാം. അതിനുള്ള സാവകാശം തരണം. ഇത് ഒരു അപേക്ഷയായി കണക്കാക്കണം.”
മാത്യു നടത്തുന്ന തൃശ്ശൂരിലെ ഒല്ലൂരുള്ള പുനർജീവൻ തറവാട്ടിലും മലയോരമേഖലയായ ചെമ്പംകണ്ടത്തിന് സമീപമുള്ള ഭരത മലയിലെ പുനർജീവൻ പവിത്രാത്മ ശാന്തി ആശ്രമത്തിലുമായി ഇപ്പോൾ സ്ത്രീകളും പുരുഷന്മാരുമായി 35 പേരുണ്ട്. ഇതിൽ കിടപ്പ് രോഗികൾ മുതല്‍ ഭിന്നശേഷിക്കാരും ഉൾപ്പെടും.
” ‘കിടക്കയിൽ നിന്ന് മുറ്റത്തേയ്ക്ക്’ എന്നാണ് ഈ ഉദ്യമത്തെ ഞാൻ വിളിക്കുന്നത്. ഒരുപക്ഷെ, ചിലരുടെ ഒക്കെ അസുഖം പൂർണ്ണമായി ഭേദമാകില്ലായിരിക്കാം. പക്ഷെ ശരീരത്തെക്കാളും ബലം വേണ്ടത് മനസ്സിനാണ്. അതാണ് ഞാൻ ഇവിടെ കൊടുക്കുന്നത്. ഇവിടെയുള്ളവരൊക്കെ എന്‍റെ മക്കളും അച്ഛന്മാരും അമ്മമാരും സഹോദരീസഹോദരന്മാരും ആണ്. അവരെല്ലാവരും എന്നെ വിളിക്കുന്നത് അപ്പനെന്നും.”
അഗതികൾ, അന്തേവാസികൾ എന്നീ വാക്കുകൾ ഉപയോഗിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത മാത്യു ഞാൻ ഈ ഫീച്ചർ എഴുതുമ്പോഴും അത് മനസ്സിൽ ഉണ്ടായിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.
“തളർന്ന് പോയവരുടെ മനസ്സും ശരീരവും ബലപ്പെടുത്തുക, കിടക്കയിൽ ഇരുത്തി പരിശീലിപ്പിക്കുക, വീൽ ചെയറിൽ സ്വയം കയറി സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക, നട്ടെല്ല് തളർന്നവരെ കാലിപ്പർ ഇട്ട് നടത്തി പരിശീലിപ്പിക്കുക, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ,ബൈക്ക്, കാർ എന്നിവ ഓടിക്കാൻ പഠിപ്പിക്കുക….ഇതൊക്കെയാണ് ഇവിടത്തെ പ്രധാന പരിശീലന പരിപാടികൾ,” അദ്ദേഹം വിശദമാക്കുന്നു.
അവരെ സ്വന്തം വീടുകളിൽ നിന്ന് ഒരുപാട് നാൾ അകറ്റി താമസിപ്പിക്കുന്നതിനോട് മാത്യുവിന് തീരെ താല്പര്യമില്ല. ഇങ്ങനെ രോഗങ്ങൾ വരുമ്പോൾ നോക്കാനുള്ള മടി കൊണ്ട് ഉപേക്ഷിച്ചു പോകേണ്ട ഒരിടമല്ല തന്‍റെ വീടുകൾ എന്ന് മാത്യു തീർത്തു പറയുന്നു.
“പലപ്പോഴും വീട്ടുകാർ അങ്ങനെ പെരുമാറുന്നത് അവരുടെ സാഹചര്യങ്ങൾ മൂലമായിരിക്കാം. അത് അവരെയും ഇവിടെയുള്ളവരെയും ഞാൻ പറഞ്ഞു തിരുത്താൻ ശ്രമിക്കാറുമുണ്ട്, മിക്കതും വിജയം കണ്ടിട്ടുമുണ്ട്. ഇനി സ്വന്തമായി വീടില്ലാത്തവർക്ക് വിഷമിക്കുകയും വേണ്ട. ഇത് അവരുടെ വീടല്ലേ ?”
മാത്യുവിന്‍റെ പരിപാലനത്തില്‍ നട്ടെല്ലിനുള്ള രോഗങ്ങള്‍ സുഖപ്പെട്ട് മുടങ്ങി കിടന്ന വിദ്യാഭ്യാസം പയർത്തിയാക്കിയവരുമുണ്ട് ഈ കൂട്ടത്തിൽ.
” കൂട്ടുകാരോടൊത്ത് ഒരു കാറിൽ ടൂർ പോയതാണ്. വണ്ടി ഇടിച്ചു. ആ പയ്യനും, മറ്റൊരാളും ഒഴികെ എല്ലാവരും ആ അപകടത്തിൽ മരിച്ചു. ഇയാൾക്ക് നട്ടെല്ലിന് പരിക്കും. ചികിത്സകളൊന്നും ഫലമില്ലാതെ വന്നപ്പോൾ വീട്ടുകാർക്കും പൈസ ചെലവിടാൻ ഒരു മടി. പിന്നീടാണ് അവൻ ഇവിടെ എത്തുന്നത്. എല്ലാം ശരിയാകുമെന്ന് അവന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷം ഇപ്പോൾ വക്കീലാകാൻ പഠിക്കുകയാണ്,” മാത്യു ഒരു ചെറുപ്പക്കാരനെ മനസ്സിലോര്‍ത്തു.
ജുവല്ലറി ഷോറൂം ഡിസൈനർ ആയിരുന്നു മാത്യു. അന്ന് കൈനിറയെ സമ്പാദിച്ചിരുന്ന സമയത്തും, തിരക്കുകൾക്കിടയിലും മാത്യു സര്‍ക്കാര്‍ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് കഞ്ഞി എത്തിച്ചു കൊടുത്തിരുന്നു.
ഒരിക്കല്‍ അവിടെക്കണ്ട ഒരു ചെറുപ്പക്കാരന്‍റെ അവസ്ഥ മാത്യുവിനെ സ്പര്‍ശിച്ചു. നട്ടെല്ലിന് ക്ഷതമേറ്റതാണ്. അത്തരത്തില്‍ കഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സിൽ ഉണ്ടായത് അന്നാണെന്ന് മാത്യു പറയുന്നു.
തൃശ്ശൂർ നഗരത്തിലെ രണ്ട് ആശുപത്രികളും, അവിടത്തെ രണ്ട് ഡോക്റ്റർമാരും ഈ 52-കാരന് പൂർണ്ണ പിന്തുണ കൊടുക്കുന്നുണ്ട്.
ജൂബിലി മിഷൻ ആശുപത്രിയിലെ പ്രഫസ്സറും ഓർത്തോപീഡിക് സർജനായ ഡോ എം രാജീവ് റാവു ചെയ്ത് തരുന്ന സഹായങ്ങൾ ചെറുതൊന്നുമല്ലെന്നു മാത്യു. ആശുപത്രിയിൽ നിന്നും അദ്ദേഹം കുറച്ചൊന്നുമല്ല ഇളവുകൾ വാങ്ങിത്തരുന്നതെന്നും തിരക്കിനിടയിലും തന്‍റെ വീടുകളില്‍ വന്ന് രോഗികളെ കാണാറുണ്ടെന്നും മാത്യു കൂട്ടിച്ചേര്‍ക്കുന്നു.
വളരെ വർഷങ്ങൾക്ക് മുൻപാണ് മാത്യുവിനെ കണ്ടുമുട്ടുന്നതെന്ന് ഡോ രാജീവ് റാവു പറഞ്ഞു. ” സ്പൈനൽ കോർഡ് ഇഞ്ചുറി ഉണ്ടായ ഒരു പ്രകാശനെയും കൊണ്ടാണ് മാത്യു ആദ്യമായി എന്നെ കാണാൻ വരുന്നത്. ആദ്യമൊക്കെ അത്തരം സന്ദർശനങ്ങൾ വിരളമായിരുന്നു. പിന്നീടത് തുടരെത്തുടരെയായി, അതും ഇത്തരത്തിലുള്ള പല രോഗികളെയും കൊണ്ട്. അങ്ങനെയാണ് ഞാൻ ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് അടുത്തറിയാനായി.
“മതമോ ജാതിയോ ഒന്നും മാത്യുവിന് പ്രശ്നമല്ല. ഓരോരുത്തരടെയും അസുഖം ഭേദമായി വരുമ്പോൾ മാത്യുവിന്‍റെ സന്തോഷം പ്രകടമായി കാണാവുന്ന ഒന്ന് തന്നെയായിരുന്നു. അവരെ എല്ലാം കുളിപ്പിച്ച് വൃത്തിയാക്കി മിക്ക ആഴ്ചയിലും എന്‍റെ അടുത്ത് കൊണ്ടുവരും. സാമ്പത്തിക പരാധീനതകൾ ഒന്നും മാത്യുവിനെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിക്കാറില്ല.”
കൂടാതെ, രോഗികളുടെ ഓപ്പറേഷൻ സമയത്ത് ഓടി നടന്നു അവരുടെ വീട്ടുകാർക്ക് ധൈര്യം കൊടുക്കുന്ന മാത്യുവിനേയും ഡോക്റ്റര്‍ സ്നേഹപൂര്‍വ്വം ഓർക്കുന്നു.
ഈ അടുപ്പം തന്നെയാണ് മാത്യുവുമായി ചേര്‍ന്ന് മിഷൻ ആശുപത്രിയിലെ രോഗികൾക്ക് കഞ്ഞി കൊടുക്കുന്ന ഒരു ദൗത്യവുമായി മുന്നോട്ടു പോകാൻ ഡോ റാവുവിന് പ്രേരണയായതും.
“കഴിഞ്ഞ മൂന്ന് വർഷമായി ഒരു മുടക്കവുമില്ലാതെ അത് മുന്നോട്ട് പോകുന്നുണ്ട്. മാത്യുവിന്‍റെ ആത്മാർത്ഥത തന്നെയാണ് സഹകരിച്ചു മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിക്കുന്നത്. കയ്യിൽ പൈസയുണ്ടായിട്ടും എത്ര പേർ ഇങ്ങനെ സമൂഹത്തിന് തിരിച്ചു കൊടുക്കുന്നുണ്ട്. അവിടെയാണ് മാത്യു വേറിട്ട് നിൽക്കുന്നതും.” ഡോ റാവു പറയുന്നു.
ഒല്ലൂരുള്ള പുനർജനി തറവാട്ടിലാണ് കഞ്ഞി വെയ്ക്കുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ഭരത മലയിൽ നിന്ന് മാത്യു ഒരു എം 80-യിൽ പുറപ്പെടും. പിന്നെ കഞ്ഞിയുമെടുത്ത് തോപ്പ് മിഷൻ ക്വാർട്ടേഴ്സിലുള്ള ഡോ റാവുവിന്‍റെ വീട്ടിലേയ്ക്ക്. അവിടെയാണ് കഞ്ഞി കൊടുക്കുന്നത്. നൂറിന് മുകളിൽ ആളുകൾക്ക് ദിവസവും കഞ്ഞി വിതരണം ചെയ്യുന്നുണ്ട്.
മാത്യുവിന് പൂർണ്ണ പിന്തുണ കൊടുക്കുന്ന മറ്റൊരു ഡോക്റ്റര്‍ ഒല്ലൂർ വിൻസെന്റ് ഡീപോൾ ആശുപത്രിയിലെ കൺസൽറ്റന്റ് പ്ലാസ്റ്റിക് സർജൻ ആയ ഡോ ഷാജി മാത്യൂസ് ആണ്. “സുഹൃത്തായ ഒരു ഡോക്റ്റര്‍ മുഖേനെയാണ് ഞാൻ മാത്യുവിനെ പരിചയപ്പെടുന്നത്. അദ്ദേഹമായിരുന്നു മാത്യു കൊണ്ടുവരുന്നവരെ ട്രീറ്റ് ചെയ്തിരുന്നത്. അദ്ദേഹം മാറിപ്പോയപ്പോൾ ഞാൻ നോക്കിത്തുടങ്ങി. കൂടാതെ, സഹായിക്കാനായി സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ എന്നാലാവുന്നത് ചെയ്യുന്നു എന്ന് മാത്രം,” അദ്ദേഹം പറഞ്ഞു
അവിടെ നിന്നാണ് മാത്യു ‘ബെഡ്‌സോർ’ വന്ന രോഗികളുടെ മുറിവ് വെച്ച് കെട്ടാൻ പഠിച്ചതും.
“19 ലക്ഷം ലോൺ എടുത്താണ് ഇത് വാങ്ങിച്ചത്. വളരെ കുറച്ചേ അടച്ചു തീർത്തിട്ടുള്ളൂ,” മാത്യു ഭരതമലയിലെ കെട്ടിടത്തെപ്പറ്റി പറയുന്നു.
ഈ സാമ്പത്തീക പരാധീനതകൾക്കിടയിലും കൂടെയുള്ളവരുടെ സന്തോഷത്തിന് ഒരു കുറവും മാത്യു വരുത്തുന്നില്ല. മധ്യപ്രദേശ്, ഊട്ടി അങ്ങനെ പലയിടങ്ങളിലേയ്ക്കും അവരെയും കൊണ്ട് മാത്യു യാത്ര ചെയ്തിട്ടുണ്ട്. ” ഭിന്നശേഷിക്കാർക്ക് ട്രെയിനില്‍ ടിക്കറ്റിനു 25% കിഴിവ് ഉണ്ട്. ആയിരം രൂപ വരുന്നിടത്ത് അകെ ഇരുനൂറ്റിയമ്പത് രൂപയെ വരുന്നുള്ളൂ. ഒപ്പം, ഒരു ബൈസ്റ്റാൻഡർക്കും അത്രയേ വരുകയുള്ളൂ. അപ്പോൾ ഇവിടെ മുപ്പതു പേർക്ക് പതിനഞ്ചു പേരുടെ സർട്ടിഫിക്കറ്റിൽ പോകാം. ഞാൻ ഉദ്ദേശിച്ചത്, അത്ര പൈസയെ വരുകയുള്ളു എന്നാണ്,” മാത്യു ചിരിക്കുന്നു.
കുറച്ചു ദിവസത്തേയ്ക്കുള്ള ടൂർ പോകുന്ന സമയത്തും, ട്യൂബ് ഇട്ട് കിടക്കുന്ന രോഗികളെ വരെ മാത്യു കൊണ്ട് പോകാറുണ്ട്. ഇവരെ വാരിയെടുത്ത് ട്രെയിനിൽ വെയ്ക്കുക മാത്രമല്ല, വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ തന്നെ അവരെ അതാതു സീറ്റുകളിൽ കൊണ്ട് ചെന്നിരുത്തണം. ശ്രമകരമാണെങ്കിലും അവരുടെ സന്തോഷം ഓര്‍ക്കുമ്പോള്‍ അതൊന്നും തീരെ വക വെയ്ക്കാറില്ലെന്ന് മാത്യു. “അതൊക്കെ മനസ്സ് നിറയ്ക്കുന്ന യാത്രകളാണ്.”
യാത്രകള്‍ മാത്രമല്ല, തൃശ്ശൂര്‍ പൂരവും പുലിക്കളിയും മുതല്‍ തൃശ്ശൂരില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ബോണ്‍ നതാല വരെ കാണാനും മാത്യു കൂടെയുള്ളവരെ കൊണ്ടുപോയിട്ടുണ്ട്.
“ഞാൻ അവരോടു പറഞ്ഞു – ബാനർജീ ക്ലബ് എത്തുമ്പോഴേക്കും പുലികളൊക്കെ തളർന്നിട്ടുണ്ടാകും. നിങ്ങളുടെ താളം പോലെയിരിക്കും അവരുടെ കളിയും. അവരും പുലികളും കൂടി നിന്നവരും ഒക്കെ ഗംഭീരമായി ആ സന്ദർഭം ആഘോഷിച്ചു .അതൊക്കെ രസമുള്ള ഓർമ്മകളാണ്.”
സംസാരത്തിനിടയിൽ പല വട്ടം ജീവിതത്തിൽ പ്രത്യാശ വെയ്ക്കുന്നതിനെ കുറിച്ച് മാത്യു വാചാലനായി. “നൽവിത്ത് കയ്യിൽ പിടിക്കുമ്പോൾ ഒരു പരുപരുപ്പാണ്. എന്നാൽ, അത് നനഞ്ഞ ഭൂമിയിൽ പറിച്ചു നടുമ്പോൾ ആ പരുപരുപ്പ് പോകുകയും അതിനുള്ളിൽ നിന്ന് ഒരു പുതിയ ഇല നാമ്പിടുകയും ചെയ്യുന്നു. അത് പോലെ തന്നെയാണ് ഇവരുടെ അവസ്ഥയും. അവരുടെ ജീവിതത്തിലെ പരുപരുപ്പ് ഉള്ള സമയത്താണ് നമ്മുടെ കയ്യിൽ കിട്ടുന്നത്. അത് മാറ്റി പ്രത്യാശ കൊടുത്ത് അവരുടെ മനസ്സിനെ ബലപ്പെടുത്തി ഒരു പുനർജീവൻ കൊടുക്കുക. ഒന്ന് പറിച്ചു നടുമ്പോഴേക്കും അവർ നല്ല ഫലം പുറപ്പെടുവിക്കുന്നവരായി തീരുന്നു.”
അക്കൗണ്ടിൽ ആകെ 250 രൂപയെ ഇപ്പോൾ ഉള്ളൂ. എങ്കിലും ചുറ്റിലും നല്ല മനുഷ്യര്‍ ഇപ്പോഴും എപ്പോഴും ഉണ്ടെന്ന് മാത്യുവിനറിയാം. അതുകൊണ്ട് വേവലാതിയില്ല.
കോറോണക്കാലമായതിനാൽ സ്ഥിരമായി പണം തന്നു സഹായിച്ചവർ പൊടുന്നെനെ നിർത്തിയപ്പോൾ മാത്യു തെല്ലൊന്ന് പകയ്ക്കാതിരുന്നില്ല.
” ഞാൻ പലരോടുമായി എന്‍റെ ആവശ്യങ്ങൾ പറഞ്ഞു. ആർക്കും സഹായിക്കാൻ പറ്റാത്ത അവസ്ഥ. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ, പിറ്റേ ദിവസം ഒരുമനുഷ്യന്‍ വന്ന് എന്നെ പതിനൊന്നായിരം രൂപ ഏൽപ്പിച്ചു!
അതൊരത്ഭുതം തന്നെയായിരുന്നുവെന്ന് മാത്യു.
മാത്യുവിന് ഇപ്പോൾ ഒരു സ്വപ്നമുണ്ട്. പാതിവഴിയിൽ നിന്നുപോയ ഒരു സ്വപ്നം.
അവിടെ അവര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് സാധാരണ കഴിയുന്നതുപോലെ കഴിയാം. ഇനി ഭക്ഷണം പാകം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭക്ഷണം എത്തിച്ചുനല്‍കും.
“വയസ്സാം കാലത്ത് സമാധാനം അനുഭവിക്കാൻ കഴിയുന്ന ഒരിടം. ഇതെന്‍റെ വലിയൊരു മോഹമാണ്,” എന്ന് മാത്യു.
ഇതുകൂടി വായിക്കാം: കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്‍, അബിയു, ആപ്പിള്‍ ചാമ്പ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.