ഈ പ്രദേശത്തെ ഏത് കടയില്‍ നിന്നും ആവശ്യക്കാര്‍ക്ക്  500 രൂപയുടെ സാധനം വാങ്ങാം, കാശ് മൂസ കൊടുത്തോളും

“വീട് വയ്ക്കാന്‍ ലോണെടുത്തതും അല്ലാത്തതുമൊക്കെയായി 15 ലക്ഷം രൂപ കടമുള്ള ആളാ… ഞാന്‍ വല്യ പൈസക്കാരനൊന്നും അല്ല. ഒരു ധൈര്യത്തിന് ചെയ്തതാണ്.”

ടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കോളൂ… കാശ് മൂസ തരും…

കുറച്ചു ദിവസം മുന്‍പാണ് മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മൂസ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്.

തിരുത്തിയാട് വാര്‍ഡിലെ മെമ്പര്‍ കൂടിയായ എം കെ മൂസ ഫൗലദ് വെറും വാക്ക് പറഞ്ഞതല്ല. ദിവസങ്ങള്‍ക്കിപ്പുറം 70 കുടുംബങ്ങളാണ് മൂസയുടെ പറ്റില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിയത്. അഞ്ഞൂറ് രൂപയ്ക്കുള്ള സാധനങ്ങള്‍ ഓരോ വീട്ടുകാര്‍ക്കും വാങ്ങാം.

മൂസ തരും എന്ന് പറഞ്ഞാല്‍ മാത്രം മതി. മൂസയോടും പറയേണ്ട.  ആരും ഒരു ചോദ്യവും ചോദിക്കില്ല.

ഓരോ ദിവസവും വൈകുന്നേരം കൃത്യമായും ആ തുക മൂസ കച്ചവടക്കാരന് കൊണ്ടുവന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

“വീട് വയ്ക്കാന്‍ ലോണെടുത്തതും അല്ലാത്തതുമൊക്കെയായി 15 ലക്ഷം രൂപ കടമുള്ള ആളാ… ഞാന്‍ വല്യ പൈസക്കാരനൊന്നും അല്ല. ഒരു ധൈര്യത്തിന് ചെയ്തതാണ്.


നമ്മുടെ വീടുകളില്‍ നിന്നും ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമായ മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം.  ദ് ബെറ്റര്‍ ഹോം

“ആരുടെയെങ്കിലുമൊക്കെ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍. ആ പ്രതീക്ഷ തെറ്റിയുമില്ല. ഒരുപാട് ആളുകളാണ് സഹായിച്ചത്,” ഫോണിനപ്പുറം മൂസ ഇങ്ങനെ പറയുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്കും തോന്നും, കോവിഡ് 19 എന്ന മഹാവ്യാധിയുടെ ദുരിതകയങ്ങളില്‍ നിന്ന് കരകയറാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്.

മൂസ ഫൗലദ്

നമ്മുടെ തിരുത്തിയാട് അഞ്ചാം വാര്‍ഡില്‍പ്പെട്ട ആരെങ്കിലും ഭക്ഷണത്തിന് പ്രയാസപ്പെടുന്നുവെങ്കില്‍ നേരിട്ടറിയിക്കാന്‍ പ്രയാസമുള്ളവര്‍ നമ്മുടെ വാര്‍ഡിലുള്ള നിങ്ങള്‍ക്ക് പറ്റുന്ന കടയില്‍ നിന്നും 500 രൂപക്ക് വരെയുള്ള സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.

(കാശ് വാര്‍ഡ് മെമ്പര്‍ തരുന്നതാണ് എന്ന് പറഞ്ഞാല്‍ മതി) നിങ്ങളുടെ പേര് കടക്കാരന്‍ മാത്രമേ അറിയുകയുള്ളൂ. നമുക്ക് വാങ്ങുന്ന ആളുടെ പേര് ആവശ്യമില്ല. നമ്മുടെ വാര്‍ഡില്‍ ആരും പട്ടിണിയാവരുത്. പ്രാര്‍ഥനയുണ്ടാവണം…

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെയ്സ്ബുക്കില്‍ മൂസ ഇങ്ങനെ കുറിച്ചത്. എന്നാല്‍ ആ കുറിപ്പിലൂടെ ഒരുപാട് പേരെ സഹായിക്കാനായതിന്‍റെ സന്തോഷത്തിലാണ് വാര്‍ഡ് മെമ്പര്‍ മൂസ.

“പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ ചെയ്തതിനെക്കുറിച്ച് അറിഞ്ഞും കണ്ടിട്ടുമൊക്കെ ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യണമെന്നു തോന്നിയാല്‍ നല്ലതല്ലേ,” മൂസ ഫൗലദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“460 വീടുകളുണ്ട് തിരുത്തിയാട് എന്ന അഞ്ചാം വാര്‍ഡില്‍. ഓരോ വീടുകളിലും പോയി ഭക്ഷണസാധനങ്ങളുണ്ടോയെന്നു ചോദിക്കുന്നത് നടക്കില്ലല്ലോ. അല്ലെങ്കില്‍ തന്നെ അങ്ങനെ ചോദിച്ചാല്‍ പലരും ബുദ്ധിമുട്ടുകള്‍ പറയാന്‍ മടിക്കും.

“ഗള്‍ഫുകാരുടെയൊക്കെ വീട്ടില്‍ പോയി ചോദിച്ചാ, ‘പ്രശ്നമില്ല, പ്രശ്നമില്ല’ എന്നേ അവര് പറയൂ. ചിലപ്പോ അവര്‍ക്ക് ഭക്ഷ്യസാധനങ്ങളൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാകും. പക്ഷേ, പലരും തുറന്നുപറയാന്‍ മടിക്കും.

“അതു മാത്രമല്ല ഇത്രേം വീടുകളില്‍ കയറിയിറങ്ങുന്നത്, ഈയൊരു സാഹചര്യത്തില്‍ നല്ലതല്ല. സര്‍ക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ കിറ്റുകള്‍ കിട്ടുന്നുണ്ടാകും.

Photo source; pixabay,com

“പക്ഷേ, ആ വീട്ടുകാര്‍ക്ക് ആവശ്യമുള്ളത് ചിലപ്പോ കിട്ടിയെന്നു വരില്ലല്ലോ. എന്താ വേണ്ടതെന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കില്ല.” ഇങ്ങനെ ചിന്തിച്ചാണ് മൂസ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിട്ടത്.

“ഓര്ക്ക് ഇഷ്ടമുള്ള സാധനങ്ങളെന്താണെന്നു വച്ചാ അത് പീടികയില്‍ നിന്ന് വാങ്ങാം. ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്ന കാര്യം കടക്കാരനും ആ വീട്ടുകാരും അല്ലാതെ വെറൊരാള് അറിയുന്നില്ലല്ലോ. ഓര്ക്ക് ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്ത് വാങ്ങാം.

“തിരുത്തിയാട് വാര്‍ഡിലെ എട്ട് പലചരക്ക് കടകളിലാണ് 500 രൂപയുടെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആ കടകളില്‍ നിന്ന് എത്രയാളുകള്‍ വാങ്ങിയാലും ആ തുക ദിവസവും വൈകുന്നേരം കൊടുക്കും.”


ഇതുവരെ ഏതാണ്ട് 37,000 രൂപ ചെലവായിട്ടുണ്ട്.


നാട്ടിലും വിദേശത്തുമൊക്കെയുള്ള കുറേപ്പേരുടെ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മൂസ പറയുന്നു.

“എഫ് ബിയില്‍ പോസ്റ്റിട്ടപ്പോഴും ഇതിനു വരുന്ന ചെലവ് സ്വയം വഹിക്കാമെന്നു കരുതിയതാണ്. പക്ഷേ ഫെയ്സ്ബുക്കിലെ കുറിപ്പ് കണ്ട് പലരും വിളിച്ചു. എന്ത് സഹായം വേണമെങ്കിലും പറഞ്ഞോ ഞങ്ങളും ഒപ്പമുണ്ടെന്നാ വിളിച്ചവരൊക്കെ പറഞ്ഞത്,” മൂസ പറയുന്നു.

“ഇങ്ങനെ എന്തെങ്കിലും നല്ല കാര്യങ്ങളൊക്കെ ചെയ്യാനാഗ്രഹിക്കുന്നവര്‍ ഒരുപാട് പേരുണ്ടാകും. അവര്‍ക്ക് മുന്നിലെ തടസം പണമായിരിക്കും. സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കാമെന്നു ഏറ്റിട്ട് പണമില്ലാതെ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമോയെന്ന സംശയവും പേടിയുമൊക്കെയാണ് പലരെയും നിരുത്സാഹപ്പെടുത്തുന്നത്.

“എന്നാല്‍ അവരോടൊക്കെ ഒന്നു മാത്രമേ പറയാനുള്ളൂ, ഇതുപോലെള്ള സത്പ്രവര്‍ത്തികള്‍ ചെയ്യാന്‍ മനസുണ്ടെങ്കില്‍ ചെയ്യണം. നിങ്ങളെ സഹായിക്കാന്‍ മറ്റുള്ളവര്‍ ഒപ്പമുണ്ടാകും.

“എന്‍റെ അനുഭവത്തില്‍ നിന്നു പറയുന്നതാണിത്. സഹായിക്കാന്‍ നൂറാളുകള്‍ വരും.. ഉറപ്പാണ് അക്കാര്യം.


ഇതുകൂടി വായിക്കാം:ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട്


“15 ലക്ഷം രൂപ കടമുള്ള ഞാന്‍ വല്യ പൈസക്കാരനൊന്നും അല്ല. വീട് വയ്ക്കുന്നതിന് 12 ലക്ഷം ഉറുപ്പ്യ വാഴയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്തിട്ടുണ്ട്.

“അതുകൂടാതെ വേറെ മൂന്നു ലക്ഷം കടമുണ്ട്. അങ്ങനെയുള്ള ഞാനാണ് ഇത്തരമൊരു കാര്യത്തിന് ഇറങ്ങിയത്,” എന്ന് മൂസ.

ലോക്ക് ഡൗണ്‍ ഇനിയും നീളുമോ എന്നോ സാഹചര്യങ്ങളൊക്കെ പഴയ പോലെയാകാന്‍ സമയമെടുക്കുമോ എന്നൊന്നും നമ്മളെപ്പോലെ മൂസയ്ക്കും പിടിയില്ല. പക്ഷേ, ലോക്ക് ഡൗണ്‍ നീണ്ടു പോയാലും മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കണമെന്നു തന്നെയാണ് മെമ്പറുടെ തീരുമാനം.

ലോക്ക് ഡൗണ്‍ തീര്‍ന്നാലും സഹായം ആവശ്യമുള്ളവരെ  കണ്ടെത്തി ആവശ്യമുള്ളത് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാനുള്ള ആലോചനയും അദ്ദേഹം നടത്തുന്നുണ്ട്.

“ലോക്ക് ഡൗണും പ്രതിസന്ധികളും നമ്മളെയും ബാധിച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ നമ്മുടെ പ്രദേശത്ത് ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹമേയുള്ളൂ,” എന്ന് മൂസ.

ഡയാലിസിസ് സെന്‍റര്‍

കഴിഞ്ഞ തവണ ബ്ലോക് പഞ്ചായത്ത് മെമ്പറായിരുന്നു മൂസ. അദ്ദേഹം അംഗമായിരുന്ന നാളില്‍ ആരംഭിച്ച ഡയാലിസിസ് സെന്‍റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തിദ്യമായിട്ടാണ് ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നത്,” മൂസ പറയുന്നു. “കൊണ്ടോട്ടി കേന്ദ്രീകരിച്ചാണ് ഡയാലിസിസ് സെന്‍ററിന്‍റെ പ്രവര്‍ത്തനം.

“ഷിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍റര്‍ എന്നാണ് പേര്. പ്രവാസികളും നാട്ടുകാരുമൊക്കെ സഹായിച്ചാണ് സെന്‍റര്‍ നിര്‍മ്മിച്ചത്. സൗജന്യമായാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം.


13 കോടി രൂപ ചെലവിലാണ് സെന്‍ററിന്‍റെ കെട്ടിടമൊക്കെ നിര്‍മിച്ചത്.


“തുടക്കം 34-ഓളം പേരാണ് ഈ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ 200-ലേറെ രോഗികള്‍ ഡയാലിസിസ് സെന്‍റര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.  2013-ലാണ് ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

“പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയതോടെ ബ്ലോക്ക് ഇല്ലാതായി മാറി. ഇപ്പോ അതൊരു ട്രസ്റ്റാക്കി മാറ്റിയിരിക്കുകയാണ്. ഈ സജ്ജീകരണം ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്.”

മൂളപ്പുറത്താണ് മൂസയുടെ വീട്. ഭാര്യ റാഷിദ ഫൗലദ്. ഷഹിന്‍ഷാ ഫൗലദ്, ഷഫിന്‍ഷാ ഫൗലദ്, ഷബിന്‍ഷാ ഫൗലദ്, ഷമീല്‍ഷാ ഫൗലദ് എന്നിവരാണ് മക്കള്‍.


ഇതുകൂടി വായിക്കാം:ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര!


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം