ടോര്‍ച്ച് വെളിച്ചത്തിലെ സിസേറിയന്‍! 34 വര്‍ഷം, ലക്ഷത്തിലേറെ പ്രസവങ്ങള്‍ക്ക് കാവലാള്‍… ഇത് മണ്ണാര്‍ക്കാട്ടുകാരുടെ കമ്മപ്പ ഡോക്റ്ററുടെ റെക്കോഡ്

കേരളത്തിലെ സിസേറിയന്‍ നിരക്ക് 41 ശതമാനമാണ്. ഡോ. കമ്മപ്പയുടെ ഹോസ്പിറ്റലിലേത് 25 ശതമാനം മാത്രം. 

“ടോര്‍ച്ച് വെളിച്ചത്തില്‍ സിസേറിയന്‍ ചെയ്ത കാലമായിരുന്നു അത്. ഗര്‍ഭിണിയുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ലിസ്റ്റില്‍ അവസാനം എഴുതുന്ന ഒരു കാര്യമുണ്ട്, രണ്ട് ലിറ്റര്‍ മണ്ണെണ്ണ. ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യാനുള്ള വെള്ളം തിളപ്പിക്കാനാണ്,” സ്വന്തമായി ഒരു ആശുപത്രി തുടങ്ങാന്‍ കാരണമെന്തെന്ന ചോദ്യത്തിന് ഡോ. കെ എ കമ്മപ്പ പറയുന്ന ഉത്തരമാണിത്.

പണ്ട്, എണ്‍പതുകളുടെ അവസാനം ഇപ്പറഞ്ഞതുപോലെ ഒക്കെയായിരുന്നു ഉള്‍നാടുകളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ. ഇത് മടുത്താണ് സര്‍ക്കാര്‍ ഡോക്റ്ററായ കമ്മപ്പ ജോലി രാജിവെച്ച് സ്വന്തം ആശുപത്രി തുടങ്ങിയത്.

മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്റര്‍.

മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററാണ് കമ്മപ്പ. അവര്‍ ഏറ്റവുമധികം വിശ്വാസമര്‍പ്പിക്കുന്ന വ്യക്തികളിലൊരാള്‍. കമ്മപ്പ പറഞ്ഞാല്‍ രോഗികള്‍ കേള്‍ക്കും. അതാണ് സാഹചര്യം.

ന്യൂ അല്‍മ ഹോസ്പിറ്റലെന്ന അദ്ദേഹത്തിന്‍റെ സ്ഥാപനത്തെ ജനങ്ങളുടെ ആശ്വാസ, അഭയ കേന്ദ്രമായി നിലനിര്‍ത്തുന്നതും ആ വിശ്വാസമാണെന്ന് ഡോ. കമ്മപ്പ പറയും.

“1995-ലാണ് ഹോസ്പിറ്റല്‍ തുടങ്ങിയത്. 25 വര്‍ഷം കഴിഞ്ഞു. 14 ബെഡും രണ്ട് ഡോക്റ്റര്‍മാരുമായി പ്രവര്‍ത്തനമാരംഭിച്ചതാണ്. ഇന്നത് 130 ബെഡ്ഡുകളുള്ള ഹോസ്പിറ്റലായി വളര്‍ന്നു,” കമ്മപ്പ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

1,08,000 പ്രസവങ്ങളുടെ കാവലാളായി മാറിയ കഥയാണ് ഡോ. കമ്മപ്പയുടേത്. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്റര്‍ താനായരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പഠിച്ചത് ജനങ്ങള്‍ക്ക് ഉപകാരപ്പെടണം

ന്യൂ അല്‍മ ഹോസ്പിറ്റല്‍

മണ്ണാര്‍ക്കാട്ടെ സാധാരണ മലയാള മീഡിയം സ്‌കൂളുകളിലായിരുന്നു കമ്മപ്പയുടെ വിദ്യാഭ്യാസം. എന്നാല്‍ പത്താം ക്ലാസില്‍ വളരെ ഉയര്‍ന്ന മാര്‍ക്ക് നേടിയതും പിന്നീട് അന്നത്തെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ അഡ്മിഷന്‍ നേടിയതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

“ക്രൈസ്റ്റില്‍ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയായിരുന്നു. അവിടെ ക്ലാസിലെ 99 ശതമാനം കുട്ടികളും കോണ്‍വെന്‍റ്  സ്‌കൂളുകളില്‍ നിന്ന് വന്നവര്‍. ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്‍റെ പേരില്‍ നന്നായി ബുദ്ധിമുട്ടി. പിന്നീട് വാശിയോട് കൂടി പഠിച്ചു. മെഡിസിന് അഡ്മിഷന്‍ കിട്ടുന്നതിലേക്കും ആ ഇംഗ്ലീഷ് പഠിത്തം വഴിവെച്ചു,” കമ്മപ്പ പറയുന്നു.

താന്‍ ഡോക്റ്ററാകണമെന്ന് അച്ഛന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്ന് കമ്മപ്പ. “അന്നത്തെ കാലത്ത് എംബിബിഎസ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എങ്ങനേലും കയറുകയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. അവിടെ ഏറ്റവും ഡിമാന്‍ഡുള്ള വിഭാഗം ഗൈനക്കോളജിയായിരുന്നു. അങ്ങനെയാണ് ഈ രംഗത്തേക്കെത്തിയത്,” തുടക്കകാലത്തെ കുറിച്ച് കമ്മപ്പയുടെ വാക്കുകള്‍.

1986-ല്‍ മണ്ണാര്‍ക്കാട്ടെ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ ഡോക്റ്റര്‍ ജീവിതത്തിന്‍റെ തുടക്കം.

“അന്നൊന്നും സ്വന്തമായി ഹോസ്പിറ്റലെന്നത് സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിങ്ങനെ ഇരിക്കാമെന്നായിരുന്നു കരുതിയത്. അവിടെ ആറ് വര്‍ഷം ജോലി ചെയ്തപ്പോഴേക്ക് മതിയായി,” ഡോക്റ്റര്‍ വിശദമാക്കുന്നു.

ഡോ.കമ്മപ്പ

“നമുക്കറിയുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതാകുന്ന അവസ്ഥയായിരുന്നു താലൂക്ക് ആശുപത്രിയില്‍. ഇന്നത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യങ്ങളെ വച്ച് അതിനെ താരതമ്യം ചെയ്യാനേ പറ്റില്ല. ഒരു സിസേറിയന്‍ ചെയ്യാന്‍ നേരത്തെ പറഞ്ഞ പോലെ ലിസ്റ്റ് കൊടുക്കണം. ടോര്‍ച്ച് വെളിച്ചത്തിലെല്ലാം സിസേറിയന്‍ ചെയ്യല്‍ സാധാരണയായിരുന്നു. ജനറേറ്ററൊന്നുമില്ല. ടോര്‍ച്ച് റെഡിയാക്കി വച്ചിട്ടേ തുടങ്ങൂ. അതൊക്കെയൊരു കാലം.”

പഠിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതിനായാണ് സ്വന്തമായൊരു ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചതെന്നും കമ്മപ്പ.

“ടോട്ടലി ഡിഫറന്‍റാണ് ആ കാലം. പെട്ടെന്നൊരു സിസേറിയന്‍ വേണമെന്ന് പറഞ്ഞാല്‍ വലിയൊരു ലിസ്റ്റ് കൊടുക്കും, ആള്‍ക്കാര്‍ക്ക് സാധനങ്ങള്‍ മേടിക്കാന്‍. പഞ്ഞി വേണം, മെഡിസിന്‍ വേണം, ഗ്ലൂക്കോസ് വേണം, ഏറ്റവും അവസാനം രണ്ട് ലിറ്റര്‍ മണ്ണെണ്ണയും ലിസ്റ്റിലെഴുതും. സ്റ്റൗവില്‍ വെള്ളം തിളപ്പിച്ച് സാമഗ്രികള്‍ സ്റ്റെറിലൈസ് ചെയ്യാനായിരുന്നു അത്. അങ്ങനത്തൊരു കാലമുണ്ടായിരുന്നു. അതില്‍ മനം മടുത്തിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയത്.”

അക്കാലത്ത് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രികളൊന്നും തന്നെയില്ലായിരുന്നു. ആദ്യത്തേതാണ് കമ്മപ്പയുടെ ആശുപത്രി. തുടക്കം മുതലേ ചെലവ് കുറഞ്ഞ രീതിയിലായിരുന്നു പ്രവര്‍ത്തനം. അതിനാലാണ് ഇത്രയും വളരാന്‍ സാധിച്ചതെന്ന് നാട്ടുകാരുടെ സ്വന്തം ഡോക്റ്റര്‍ പറയുന്നു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഡോക്റ്റര്‍

അന്ന് വളരെ ചുരുങ്ങിയ സൗകര്യത്തിലാണ് തുടങ്ങിയത്. പുതിയ ബില്‍ഡിങ് വന്നിട്ട് പോലും ഒമ്പത് വര്‍ഷമേ ആയിട്ടുള്ളൂ.

ചെറിയ തുടക്കമായിരുന്നുവെന്ന് കമ്മപ്പ. “ആകെ 9 ലക്ഷം രൂപ വെച്ചാണ് തുടങ്ങിയത്. അന്ന് അത്രേം മതിയായിരുന്നു.


ഞാന്‍ 1986-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ ഒരു മാസത്തെ ശമ്പളം 1,150 രൂപയായിരുന്നു.


“1992-ല്‍ സര്‍വീസ് വിട്ടു പോരുമ്പോള്‍ കിട്ടിയിരുന്നത് 1,310 രൂപ,” ലളിതമായ തുടക്കത്തെ കുറിച്ച് കമ്മപ്പ.

അല്‍മ ഹോസ്പിറ്റല്‍ എന്നായിരുന്നു തുടക്കത്തിലെ പേര്. പിന്നീട് ന്യൂഅല്‍മ എന്നാക്കി. “മിക്ക ആശുപത്രികളും കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക ആഘാതം കാരണം സമ്മര്‍ദത്തിലാണ്. എന്നാല്‍ എനിക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമില്ല. എല്ലാവര്‍ക്കും കൃത്യമായി സാലറി നല്‍കുന്നു,” കമ്മപ്പയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍.

വായ്പയെടുക്കാത്ത സംരംഭകന്‍

ചികില്‍സയ്ക്കും പ്രവര്‍ത്തനത്തിനും ചെലവ് കുറയാന്‍ കാരണം കൂടുതല്‍ ആളുകളെത്തുന്നതുകൊണ്ടാണ്. “കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്ന് ഞങ്ങളുടേതാണ്. പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രിയും ഇതുതന്നെ,” കമ്മപ്പ ഡോക്റ്റര്‍ പറയുന്നു. ചികില്‍സാ ചെലവ് വളരെ കുറവും.

നാല്‍പതോളം രാജ്യങ്ങള്‍ ഡോ. കമ്മപ്പ സന്ദര്‍ശിച്ചു

“എന്നാല്‍ ലോകോസ്റ്റില്‍ തുടരാന്‍ സാധിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. ലോണില്‍ (ബാങ്ക് വായ്പ) എനിക്ക് വിശ്വാസമില്ല, ഐ ഡോണ്‍ട് ബിലീവ് ഇന്‍ ലോണ്‍ (I don’t believe in loan). ബാങ്ക് ലോണ്‍ എടുത്ത് ഒരു ഇംപ്രൂവ്‌മെന്‍റും ബിസിനസിലും വ്യക്തിപരമായും ചെയ്യാറില്ല. പൈസ കൈയില്‍ വരുമ്പോഴേ എന്തും പുതുതായി ചെയ്യുകയുള്ളൂ. പുതിയ കെട്ടിടം അഞ്ച് നിലകളാണ്. അതിന് പോലും ലോണെടുത്തിട്ടില്ല. പണികഴിയാന്‍ തന്നെ ആറ് വര്‍ഷമെടുത്തു. ബാങ്കിന് കൊടുക്കുന്ന പലിശ ഞാന്‍ ജനങ്ങള്‍ക്ക് നല്‍കുന്നു,” ഡോ. കമ്മപ്പയുടെ നയം വ്യക്തം.

കൂടുതലും സ്വാഭാവിക പ്രസവം

കേരളത്തിലെ സിസേറിയന്‍ നിരക്ക് 41 ശതമാനമാണ്. ന്യൂ അല്‍മ ഹോസ്പിറ്റലിലേത് 25 ശതമാനം മാത്രം.

“എന്നില്‍ ജനങ്ങള്‍ക്കുള്ള വലിയ വിശ്വാസം കാരണമാകാം അത്. സാധാരണയായി പ്രസവസംബന്ധമായ കേസുകളില്‍, നമുക്കൊന്നു നോക്കാം. കുറച്ച് സമയം കൂടി നോക്കിക്കൂടേ എന്നെല്ലാം പറയുമ്പോഴേക്കും പലര്‍ക്കും ക്ഷമയില്ല. ആശുപത്രികളില്‍ പൊതുവേ സംഭവിക്കുന്നതാണത്. ഇത്രയും കാലത്തെ (34 വര്‍ഷം) അനുഭവ പരിചയമുള്ള ആളായതുകൊണ്ടാകാം, ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പക്ഷേ ജനങ്ങള്‍ തയാറാകുന്നുണ്ട്. ഇന്ന സമയം വരെ നോക്കീട്ട് സിസേറിയനിലേക്ക് പോകാം എന്ന് ഞാന്‍ പറയുമ്പോള്‍ മിക്കവാറും പേരും സമ്മതിക്കാറുണ്ട്. പലയിടങ്ങളിലും ആ ക്ഷമ ജനങ്ങള്‍ക്കുണ്ടാകില്ല,” ഡോ. കമ്മപ്പ ചൂണ്ടിക്കാട്ടുന്നു.

“പ്രസവം എപ്പോഴും അണ്‍പ്രെഡിക്റ്റബിളാണ് (പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യം). കോംപ്ലിക്കേഷന്‍സ് ഒരുപാടുണ്ട്. ഇന്നത്തെ കാലത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അനാസ്ഥയെന്ന് പറഞ്ഞ് വാര്‍ത്തയും വരും. 1994-ല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് വന്നു. അതില്‍ മെഡിക്കല്‍ ഫീല്‍ഡിനെകൂടി ഉള്‍പ്പെടുത്തി. ഇപ്പോ ഡോക്‌റ്റേഴ്‌സ് ഡിഫന്‍സ് പ്രാക്റ്റീസാണ് ചെയ്യുന്നത്. നാളെ ഇത് കോടതിയില്‍ വന്നാല്‍ തനിക്ക് പ്രശ്‌നമുണ്ടാകരുതെന്നാണ് ഡോക്‌റ്റേഴ്‌സിന്‍റെ  ചിന്ത.”

ജനങ്ങള്‍ക്ക് ഡോ. കമ്മപ്പയിലെ വിശ്വാസമാണ് അവിടുത്തെ പ്രസവക്കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. ദിവസം 29 ഡെലിവറി വരെ നടന്നിട്ടുണ്ടെന്ന് ഡോക്റ്റര്‍ . “രണ്ട് വര്‍ഷം മുമ്പാണ് ഒരു ലക്ഷം പ്രസവങ്ങളെന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. ഇപ്പോള്‍ ഒരു ലക്ഷത്തി എണ്ണായിരം. റെക്കോഡാണത്.”

കേരളത്തിന്‍റെ  ആരോഗ്യ മാതൃക

“കേരളത്തിലെ മാതൃമരണനിരക്ക് 29 ആണ് (1 ലക്ഷം പേര്‍ക്ക്). ദേശീയ ശരാശരി 180-ഉം. 2020 ആകുമ്പോഴേക്കും 40 ആക്കണമെന്നായിരുന്നു കേരളം ഉദ്ദേശിച്ചത്. അതിനും മുമ്പേ നമ്മള്‍ വലിയ നേട്ടത്തിലെത്തി. മാതൃമരണനിരക്ക് കുറയ്ക്കാന്‍ കേരളം സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. അതിന്‍റെ ഫലമാണിത്. ഈ കണക്കില്‍ നമ്മള്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്ക് തുല്യമാണ്,” കേരളത്തിന്‍റേത് മികച്ച ആരോഗ്യ മാതൃകയാണെന്നതിന്‍റെ അഭിമാനം ഡോ. കമ്മപ്പ മറച്ചുവെയ്ക്കുന്നില്ല.

“സാധാരണക്കാര്‍ക്ക് പ്രാപ്തമായ രീതിയില്‍ ചികില്‍സ നല്‍കുകയാണ് വേണ്ടത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് അല്ല. അതെല്ലാം അബദ്ധമാണ്. അമേരിക്കന്‍ ശൈലിയിലേക്ക് മാറാനുള്ള കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്‍റെ ഭാഗം. ഇന്‍ഷുറന്‍സില്ലെങ്കില്‍ അവിടെ ചികില്‍സ കിട്ടില്ല. വാങ്ങാന്‍ സാധിക്കുന്നതാണ് ഹെല്‍ത്ത് കെയര്‍ എന്ന ചിന്ത ശക്തമാകാന്‍ പാടില്ല. അതൊരു തെറ്റായ കാര്യമാണ്. കൊറോണ അത് തെളിയിച്ചു. അമേരിക്ക കൊറോണയില്‍ ഒരു പരാജയമാണ്. ഏറ്റവും വികസിതമായ രാജ്യമായിട്ടുകൂടി.

“ശക്തമായ പൊതുആരോഗ്യ സംവിധാനമുള്ളതിനാലാണ് കേരളം പിടിച്ചുനിന്നത്. അത് ലോകത്തിന് മുന്നില്‍ തെളിഞ്ഞു. ചുരുങ്ങിയ സൗകര്യങ്ങള്‍ വെച്ച് നമുക്ക് കൊറോണയെ നേരിടാന്‍ സാധിക്കുന്നത് ശക്തമായ പബ്ലിക് ഹെല്‍ത്ത് സിസ്റ്റം ഉള്ളതുകൊണ്ടാണ്. തീരെ കാശില്ലാത്തവന് സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാം, ഇടത്തരക്കാര്‍ക്ക് അതനുസരിച്ചുള്ള സ്വകാര്യ ആശുപത്രിയില്‍ പോകാം. വലിയ കാശുള്ളവര്‍ക്ക് ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലും പോകാം. സ്‌റ്റേറ്റ് ലഭ്യമാക്കുന്ന ഹെല്‍ത്ത്‌കെയര്‍ സംവിധാനം വേണം. അത് നിര്‍ബന്ധമാണ്. തെരുവില്‍ ഗതിയില്ലാതെ നടക്കുന്നവന് ചെറിയ അസുഖം വന്നാല്‍ പോലും അമേരിക്കയില്‍ അയാളുടെ ജീവന്‍ നഷ്ടമായേക്കും. ഇവിടെ ആ പ്രശ്‌നമില്ല.

“കേരളത്തിലെ സിസ്റ്റം ഐഡിയല്‍ (മാതൃകാപരം) ആണ്. പൂര്‍ണമായും സ്വകാര്യവുമല്ല, പൂര്‍ണമായും പൊതു ഉടമസ്ഥതയിലുമല്ല. രണ്ടും കൂടി ചേര്‍ന്ന നമ്മുടെ രീതിയാണ് പകര്‍ത്തേണ്ടത്,” കമ്മപ്പ വ്യക്തമാക്കുന്നു.

അതേസമയം 100 ശതമാനം ചികില്‍സ സൗജന്യമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോടും പ്രിയമാണ് ഡോക്റ്റര്‍ക്ക്. “അവിടെ എല്ലാവരും ടാക്‌സടയ്ക്കുന്നുണ്ട്. ഏറ്റവും മിനിമം ഇന്‍കം (വരുമാനം) 1,800 യൂറോയാണ്. അവര്‍ പോലും 10 ശതമാനം ടാക്‌സടയ്ക്കണം. കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ നികുതി അടയ്ക്കണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മുഴുവനും ഫ്രീ. പക്ഷേ 65 വയസില്‍ എല്ലാവരും നിര്‍ബന്ധമായും വിരമിക്കണം. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും സ്വകാര്യ സര്‍വീസിലുള്ളവരും. അവര്‍ക്ക് ഏറ്റവും മിനിമം പെന്‍ഷന്‍ 1,800 യൂറോ കിട്ടും. കൂടുതല്‍ ടാക്‌സ് അടച്ചവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ കിട്ടും. എത്ര അങ്ങോട്ടടച്ചോ അതിന് ആനുപാതികമായി തിരിച്ച് പെന്‍ഷന്‍ കിട്ടും. എല്ലാവരും ഹാപ്പിയാണ്. ദാരിദ്ര്യം ഇല്ല. എല്ലാം സ്മൂത്തായി നടക്കുന്ന സിസ്റ്റം. ഹാപ്പിനസ് സൂചികയിലും ഹെല്‍ത്ത് സൂചികയിലുമെല്ലാം അതുകൊണ്ട് അവര്‍ മുന്നില്‍ നില്‍ക്കുന്നു.”

വലിയ മോഹങ്ങളൊന്നുമില്ല

63-കാരനായ ഡോ. കമ്മപ്പ ആത്മസംതൃപ്തിയോടെയാണ് ആരോഗ്യ പ്രവര്‍ത്തനത്തെ കാണുന്നത്. ഇനി എന്താണ് ലക്ഷ്യമെന്ന് ചോദിക്കുമ്പോള്‍ ‘വല്യ മോഹങ്ങളൊന്നുമില്ല’ എന്ന ഉത്തരമാണ് അദ്ദേഹം പറയുക.

“ജനങ്ങള്‍ക്ക് പറ്റുന്ന രീതിയിലുള്ള സഹായങ്ങള്‍ ചെയ്യുക. ഏറ്റവും ചാര്‍ജ്ജ് കുറവുള്ള ആശുപത്രികളിലൊന്നാണ് ഞങ്ങളുടേത്. മറ്റുള്ളവരുടെ വിഷമം കാണുമ്പോള്‍ കരയാന്‍ പറ്റുകയെന്നത് വലിയ കാര്യമാണ്. അത് നിലനിര്‍ത്തുകയെന്നതാണ് പിതാവ് തന്ന ഉപദേശം,” ഡോക്റ്റര്‍ പറഞ്ഞു.

“യാത്ര ഒത്തിരി ഇഷ്ടമാണ്. 40-ലധികം രാജ്യങ്ങളില്‍ പോയിട്ടുണ്ട്. കൊറോണ യാത്ര ഇല്ലാതാക്കി,” പ്രൊഫഷണല്‍ ഇഷ്ടങ്ങള്‍ക്കപ്പുറമുള്ള കാര്യത്തെക്കുറിച്ച് ഡോ. കമ്മപ്പ പറയുന്നു. “കാനഡയും ന്യൂസിലന്‍ഡും നോര്‍വേയുമാണ് ഇഷ്ട രാജ്യങ്ങള്‍. കാര്യക്ഷമതയുടെ കാര്യത്തില്‍ ചൈനയോടാണ് പ്രിയം.”


ഇതുകൂടി വായിക്കാം: പാവപ്പെട്ട 1,000 പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചത് 2.5 കോടി രൂപ! ഇത് സമൂഹത്തിന് തിരിച്ചുനല്‍കുന്ന ആദരമെന്ന് രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ച ഡോക്റ്റര്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം