സുധീര്‍

സാന്ത്വനമായി സുധീര്‍: വാടകയ്ക്കെടുത്ത മൂന്ന് വീടുകളിലായി 60 പേര്‍ക്ക് അഭയം കൊടുത്ത് മുന്‍ പ്രവാസി

സ്വന്തം വീട്ടിലെന്നപോലെ വളരെ സ്വതന്ത്രരായാണ് സാന്ത്വനത്തില്‍ മനുഷ്യര്‍ കഴിയുന്നത്.

കൂട്ടിന് ആരുമില്ലാതെ തെരുവുകളില്‍ തനിച്ചായിപ്പോയവര്‍ക്ക്, ജീവിതയാത്രയ്ക്കിടെ വേണ്ടപ്പെട്ടവരെ നഷ്ടമായവര്‍ക്ക്, പട്ടിണിയും സങ്കടങ്ങളും തീര്‍ത്ത കൂട്ടില്‍ നിന്നു രക്ഷപ്പെട്ടെത്തിയവര്‍ക്ക്… ഇങ്ങനെ ഒരുപാട് ആളുകള്‍ക്ക് ആശ്രയമാണ് കോഴിക്കോട്ടുകാരന്‍ സുധീര്‍.

അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ മുന്‍ പ്രവാസി ‘സാന്ത്വനം’ എന്ന പേരില്‍ സുരക്ഷിതമായ താവളമൊരുക്കിയിരിക്കുന്നത്.

മുഷിഞ്ഞുനാറുന്ന വേഷത്തിലാകാം, ചിലപ്പോള്‍ പ്രായത്തിന്‍റെ അവശതകളില്‍ കഷ്ടപ്പെടുന്നയാളുമാകാം. ആര്‍ക്കും ‘സാന്ത്വന’ത്തിലേക്ക് കയറിച്ചെല്ലാം.

തെരുവില്‍ നിന്നു ഒരുപാട് പേരെ സുധീര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പൊലീസ് കണ്ടെത്തി അയച്ചവരും കോടതികളില്‍ നിന്ന് ഇവിടേക്കെത്തിച്ചവരുമൊക്കെയുണ്ട് ഇവിടെ.

അടച്ചിട്ട ഗേറ്റും കാവല്‍ക്കാരനുമൊന്നും സാന്ത്വനത്തില്‍ ഇല്ല. സ്വന്തം വീട് പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് സുധീര്‍ ഒരുക്കിയിരിക്കുന്നത്. 60-പേരെയാണ് ഇങ്ങനെ സംരക്ഷിക്കുന്നത്.

പുരുഷന്‍മാര്‍ക്ക് വേണ്ടി ചാത്തമംഗലത്തും സ്ത്രീകള്‍ക്ക് വേണ്ടി കള്ളന്തോടും കുന്ദമംഗലത്തുമായാണ് വീടുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ സുധീര്‍ സാന്ത്വനത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“4 വര്‍ഷം ദുബായിയില്‍ ആയിരുന്നു. ജബല്‍അലിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. അതൊക്കെ അവസാനിപ്പിച്ചാണ് നാട്ടിലേക്ക് വന്നത്. അക്കാലത്തുണ്ടായ ഒരു സംഭവമാണ് ഇത്തരക്കാരെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തെരുവിലെ മാലിന്യങ്ങള്‍ക്കിടയില്‍ ഒരാളിരുന്നു ഭക്ഷണം കഴിക്കുന്നു.


ആ കാഴ്ച… അതാണ് എന്നെ മാറ്റിയത്. ഇന്നും അതേക്കുറിച്ച് ഓര്‍ക്കുമ്പോ സങ്കടം വരും. ആ ചിത്രം മനസില്‍ മായാതെ നില്‍പ്പുണ്ട്.


“അങ്ങനെയാണ് തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നത്. 20 വര്‍ഷം മുന്‍പാണ് സാന്ത്വനം ആരംഭിക്കുന്നത്.”

“മൂന്നു വീടുകളിലായി 25 സ്ത്രീകളും 30 പുരുഷന്‍മാരുമാണ് താമസിക്കുന്നത്.  പുരുഷന്‍മാരെയും സ്ത്രീകളെയും വെവ്വേറെ വീടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

“പിന്നെയൊരു കുടുംബത്തിനെയാണ് സംരക്ഷിക്കുന്നത്. അവര്‍ക്കും വീട് എടുത്താണ് നല്‍കിയിരിക്കുന്നത്. പലപ്പോഴായി സാന്ത്വനത്തിലേക്കെത്തിയവരാണ് ഇവിടെ താമസിക്കുന്നത്.

“75വയസുള്ള ഒരു അച്ഛന്‍ മുതല്‍ 9 വയസുള്ള കുട്ടി വരെ ഇവിടുണ്ട്. സാധാരണ അനാഥാലയങ്ങളില്‍ നിന്നൊക്കെ സാന്ത്വനം വ്യത്യസ്തമാണ്.

“ഇവിടെ സ്ത്രീകളുടെ കൂട്ടത്തില്‍ അമ്മയും മക്കളും താമസിക്കുന്നുണ്ട്. പുരുഷന്‍മാരുടെ കൂട്ടത്തിലും പഠിക്കുന്ന ആണ്‍കുട്ടികളുണ്ട്. രണ്ട് സ്ത്രീകളുടെ കുട്ടികളാണ് അമ്മമാര്‍ക്കൊപ്പം താമസിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.

“പിന്നെയുള്ളവരില്‍ മക്കളും ബന്ധുക്കളുമൊക്കെ ഉപേക്ഷിച്ചവരാണ്. തെരുവില്‍ അലഞ്ഞു നടന്നിരുന്നവരൊക്കെയുണ്ട്. ഇങ്ങനെ വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവരെ കണ്ടാല്‍ പൊലീസും മറ്റും എന്നെ വിളിച്ചറിയിക്കാറുണ്ട്.

“സുരക്ഷിതതാമസമൊരുക്കണെന്നു പറഞ്ഞ് കോടതി അയക്കുന്നവരും സാന്ത്വനത്തില്‍ താമസിക്കുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

സുധീര്‍ സാന്ത്വനം

സാന്ത്വനത്തിന് സ്വന്തമായി വീടില്ല. ഇതു തന്നെയാണ് സുധീറിന്‍റെ വലിയ പ്രശ്നവും. വീട് വാടക ഇനത്തില്‍ തന്നെ മാസം 17,000 രൂപ ചെലവ് വരുന്നുണ്ട്. ഈ വാടക തുക കണ്ടെത്തുന്നതാണ് കഷ്ടപ്പാടെന്നു സുധീര്‍ പറയുന്നു.

“മാസം തോറും ഇത്രയും തുക ഉണ്ടാക്കണ്ടേ. മിക്ക മാസങ്ങളിലും വാടക നല്‍കാന്‍ കാശ് ഉണ്ടാകില്ല. കടം വാങ്ങിയും സഹായമനസ്കരില്‍ നിന്നൊക്കെ വാങ്ങിയുമാണ് നല്‍കുന്നത്.

“ഒരു വീടിന്‍റെ വാടക 6,500 രൂപയാണ്, മറ്റ് വീടുകള്‍ക്ക് 5,500 രൂപയും 5000 രൂപയുമാണ് വാടക. എങ്ങനെയൊക്കെയോ കാര്യങ്ങള്‍ നടന്നു പോകുന്നു. ഓരോ മാസവും എങ്ങനെയെങ്കിലും വാടക നല്‍കാനാകുന്നുണ്ട്.

“എന്തോ ഒരു ഭാഗ്യം പോലെ, സമയമാകുമ്പോള്‍ കാശ് എങ്ങനെയെങ്കിലും കിട്ടും. ഈ ജൂണ്‍ മാസത്തെ വാടക തന്നെ കഴിഞ്ഞ 23-നാണ് കൊടുത്തത്. ഭാര്യയും ( ഷാജിനി)സഹായിക്കാറുണ്ട്.”

കോഴിക്കോട് ദേവഗിരി കോളെജിലാണ് ഷാജിനി ജോലി ചെയ്യുന്നത്.  അവരുടെ പിന്തുണയോടും കൂടിയാണ് സാന്ത്വനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

“കൊറോണക്കാലത്ത് സഹായമൊന്നും കിട്ടാതെ വല്ലാതെ ബുദ്ധിമുട്ടി. സാധാരണ അനാഥാലയങ്ങളൊക്കെ പണം പിരിച്ചും മറ്റുമാണല്ലോ ഫണ്ട് കണ്ടെത്തുന്നത്. ഇവിടെ അങ്ങനെയൊന്നും ഇല്ല. ഒരുപാട് പേരുടെ സഹായമുണ്ട്. ആ സഹായം കൊണ്ട് ഇവിടുത്തെ പ്രവര്‍ത്തനങ്ങളൊക്കെ മുന്നോട്ട് പോകുന്നത്. ഭക്ഷണം വീടുകളില്‍ തന്നെയുണ്ടാക്കുകയാണ് പതിവ്.

കുടുംബത്തിനൊപ്പം സുധീര്‍

“താമസക്കാര്‍ തന്നെയാണ് അക്കാര്യങ്ങളൊക്കെ ചെയ്യുന്നത്.ഭക്ഷണം ഉണ്ടാക്കുന്നതു മാത്രമല്ല സാന്ത്വനത്തിന്‍റെ മേല്‍നോട്ടക്കാരനും ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവറുമൊക്കെ തെരുവില്‍ നിന്ന് ഇവിടേക്കെത്തിയവരാണ്.

“നല്ല ഭക്ഷണവും മികച്ച താമസ സൗകര്യവും ചികിത്സാസൗകര്യങ്ങളുമൊക്കെ ഇവര്‍ക്ക് നല്‍കുന്നുണ്ട്. എന്‍റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കുന്നുവോ അതു പോലെയാണ് ഈ വീട്ടിലുള്ളവരെയും സംരക്ഷിക്കുന്നത്,” എന്ന് സുധീര്‍.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് വലിയ മതില്‍ക്കെട്ടും ഗേറ്റും കാവല്‍ക്കാരുമൊക്കെയുണ്ടാകും. പക്ഷേ സാന്ത്വനം അത്തരം സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. അടച്ചിട്ട ഗേറ്റും കാവല്‍ക്കാരനുമൊന്നും സാന്ത്വനത്തില്‍ ഇല്ല.

തുറന്നിട്ട വീട് പോലെയാണിത്. ഇവിടുള്ളവര്‍ക്ക് വീട്ടിലും മുറ്റത്തും മാത്രമല്ല  ഇടയ്ക്കൊന്നു കടയിലേക്ക് പോകാണമെങ്കില്‍ പോകാം. ആരും  തടസം പറയില്ല.  മറ്റു സ്ഥാപനങ്ങളില്‍ നിന്നു വേറിട്ടു നിറുത്തുന്നതും ഈ സ്വാതന്ത്ര്യമാണ്. ഡോക്റ്ററെ കാണാനൊക്കെ ഇവര്‍ തനിച്ച് പോകാറുമുണ്ട്.


ഇതുകൂടി വായിക്കാം:പത്തില്‍ തോറ്റപ്പോള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച് എങ്ങോട്ടേക്കോ ബസ് കയറി: ആയിരങ്ങളെ ഊട്ടുന്ന ഓട്ടോ ഡ്രൈവറുടെ ജീവിതം


“പുരുഷന്‍മാരുടെ താമസകേന്ദ്രത്തില്‍ 3 കുട്ടികളുണ്ട്. കൂട്ടത്തിലൊരാള്‍ പത്താം ക്ലാസുകാരനാണ്. പിന്നൊരാള്‍ 22 വയസുകാരനാണ്,” സാന്ത്വനത്തിലെ അംഗങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

“അവന്‍ കുട്ടിയായിരിക്കുമ്പോള്‍ ട്രെയ്ന്‍ യാത്രക്കിടെ അമ്മയെ നഷ്ടപ്പെട്ടവനാണ്. ഇവന്‍ ഇതരസംസ്ഥാനക്കാരനാണ്. കോട്ടയത്ത് നിന്നെത്തിയ പഴയ 15-കാരനാണ് ഇപ്പോ 20 വയസുണ്ട്. അവനിപ്പോ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. എനിക്കെന്‍റെ മകനെപോലെയാണിവന്‍. വീട്ടിലുള്ളവര്‍ക്കും അങ്ങനെയാണ്.

“ഈ പ്രായത്തിലൊക്കെയുള്ള കുട്ടികള്‍ തെറ്റായ വഴികളിലൂടെ പോകാന്‍ സാധ്യതകള്‍ കൂടുതലാണ്. പക്ഷേ, ഇവരെ എന്‍റെ മക്കളെ പോലെയാണ് ഞാന്‍ വളര്‍ത്തുന്നത്. ഭാര്യയും അങ്ങനെ തന്നെയാണ് മക്കളെ നോക്കുന്നത്.

“കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ട 19-കാരനുണ്ട്. ബസ് അപകടത്തിലാണ് ഷൊര്‍ണൂര്‍കാരനായ ഇവന് കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടത്. വീല്‍ച്ചെയറിലാണിപ്പോള്‍.

“അപകടശേഷം ഇവനെ സംരക്ഷിക്കാന്‍ ആരും വന്നില്ല. പത്രത്തിലൊക്കെ വാര്‍ത്തു കൊടുത്തിട്ടും ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. അങ്ങനെയാണ് സാന്ത്വനത്തിലേക്ക് കൊണ്ടുവരുന്നത്.

“നാലുവര്‍ഷമായി അവന്‍ എനിക്കൊപ്പമുണ്ട്. എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടല്ലേ.. കൂടെയുള്ളവരൊക്കെയാണ് അവനെ സഹായിക്കുന്നത്. അമ്മയും മകളും കൊച്ചുമോളും അടങ്ങുന്ന ഒരു കുടുംബത്തിനെയാണ് വീട് വാടകയ്ക്ക് എടുത്ത് നല്‍കി സംരക്ഷിക്കുന്നത്.

“പൊലീസ് വഴിയാണ് ഇവര്‍ സാന്ത്വനത്തിലേക്കെത്തുന്നത്. വരുന്ന നാളില്‍ ഗര്‍ഭിണിയായിരുന്നു അവര്‍. ആ മോളാണ് സാന്ത്വനത്തിലെ ഏറ്റവും ഇളയവളായ ഒമ്പത് വയസുകാരി.

സുധീറിന് കിട്ടിയ പുരസ്കാരം

“വീട് എന്ന പോലൊരു തോന്നല്‍ സാന്ത്വനത്തിലെ താമസിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ആരും ഇവിടെ നിന്നു പോകില്ല. മറ്റു സ്ഥാപനങ്ങളില്‍ നിന്നൊക്കെ അന്തേവാസികള്‍ കടന്നുകളഞ്ഞേക്കാം. പക്ഷേ  ആരോടും പറയാതെ ഇവിടെ നിന്ന് ആരും  ഓടിപ്പോകില്ലെന്ന് ഉറപ്പുണ്ട്.

“വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയെന്നാണ്. പക്ഷേ,ഇവര്‍ക്ക് താമസിക്കാന്‍ സ്വന്തമായൊരു വീട് വേണമെന്ന ആഗ്രഹമുണ്ട്. ആരുടെയെങ്കിലുമൊക്കെ സഹായത്തോടെ നടക്കുമെന്ന പ്രതീക്ഷയുണ്ട്.

“എന്തെങ്കിലും ചെയ്യണമെന്ന് മനസ് ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യം നടന്നിരിക്കും. അങ്ങനെയാണ് ഇവിടുത്തെ ഓരോ കാര്യങ്ങളും നടക്കുന്നത്. എന്‍റെ അനുഭവത്തിലെ പാഠമാണിത്.

“ഭാര്യയും മക്കളും പിന്തുണയോടെ ഒപ്പമുണ്ടെന്നതും ധൈര്യമാണ്.” സുധീര്‍ പറഞ്ഞു. രണ്ട് മക്കളാണ് സുധീറിന്. ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന അനിതയും പ്രജിതയും. ദേവഗിരി കോളെജിലും മുക്കം എംഎഎം കോളെജിലുമാണ് ഇവര്‍ പഠിക്കുന്നത്.

നിരവധി അംഗീകാരങ്ങളും സുധീറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. തെരുവിലെഅനാഥരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന കോഴിക്കോട് സിറ്റി പൊലീസിന്‍റെ ഓപ്പറേഷന്‍ സ്വസ്തി നടപ്പാക്കുന്നതും സുധീറിന്‍റെ സാന്ത്വനം ട്രസ്റ്റുമായി ചേര്‍ന്നാണ്.


ഇതുകൂടി വായിക്കാം:ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം