1940-കള്‍ മുതലുള്ള കുടിയേറ്റ ചരിത്രമുണ്ട് കോഴിക്കോടു നിന്നും 40 കിലോമീറ്റര്‍ വടക്കുകിഴക്കായി വയനാടന്‍ മലനിരകള്‍ക്കടുത്തുള്ള മനോഹരമായ കൂരാച്ചുണ്ട് ഗ്രാമത്തിന്.
പ്രകൃതിയോടും രോഗങ്ങളോടും മല്ലിട്ട് ജീവിതം തേടിയെത്തിയവരുടെ കൂട്ടത്തില്‍ റോമിയോ തോമസിന്‍റെ കുടുംബവുണ്ടായിരുന്നു. കുടിയേറ്റക്കാരനായി ഈ മലനിരകളിലെത്തിയ വല്യപ്പന്‍റെ കാലത്തു തുടങ്ങിയ കൃഷി റോമിയോയുടെ അപ്പന്‍ കീര്‍ത്തി ചന്ദ്രനും അമ്മച്ചി എല്‍സിയും തുടര്‍ന്നു. എങ്കിലും മകന്‍ കൃഷിയുടെ കാര്യത്തില്‍ അത്ര താല്‍പര്യം കാട്ടിയില്ല.
പ്ലസ്ടു പഠനത്തിനു ശേഷം റോമിയോ ബീഹാറിലുള്ള ബന്ധുവിന്‍റെ സഹായത്തോടെ പാറ്റ്നയിലെ യോഗാ ഭാരതി യൂണിവേഴ്സിറ്റിയില്‍(യോഗാ പഠനത്തിനായി മാത്രം സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി.) യോഗയില്‍ ഉപരി പഠത്തിനു ചേര്‍ന്നു. യോഗയില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഗോവയിലെ ഒരു ഹോട്ടലില്‍ യോഗാ പരിശീലകനായി ജോലിക്കു കയറി.
അങ്ങനെ അദ്ദേഹം ഗോവയിലൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്കു കയറി. അവിടെ നിന്ന് ദുബായിലേക്ക് ചേക്കേറി. അവിടെ രാജ്യാന്തര ഭരണത്തലവന്‍മാരും വന്‍കിട ബിസിനസുകാരും എത്തുന്ന മികച്ച ഹോട്ടലുകളിലായിരുന്നു റോമിയോ ജോലി ചെയ്തിരുന്നത്.
“സാമ്പത്തികമായി മോശമല്ലാത്ത ചുറ്റുപാടിലായിരുന്നെങ്കിലും നാട്ടില്‍ തിരിച്ചെത്തി ഹോട്ടലും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തണമെന്ന് ഞാന്‍ അക്കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ദുബായിലെ ഹോട്ടല്‍ ജോലി തന്നെയാണ്. കാരണം ദുബായ് -ഒമാന്‍ പാതയിലുള്ള ഞാന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ വീക്കെന്‍ഡുകളില്‍ കിലോമീറ്ററുകളപ്പുറത്തു നിന്നു പോലും ആഹാരം കഴിക്കാനും മറ്റുമായി നിരവധി 10പേര്‍ എത്തിയിരുന്നു.
“ജോലിയുടെയും പഠനത്തിന്‍റെയും ബിസിനസിന്‍റെയുമൊക്കെ ഭാരം ഇറക്കിവെച്ച് 4ആളുകള്‍ റിലാക്സ്ഡ് ആകാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവ് ആ കാലത്താണ് എനിക്ക് ലഭിക്കുന്നത്. പല തവണ അതിനുള്ള ശ്രമമൊക്കെ നടത്തിയിരുന്നു. ഒരിക്കല്‍ പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ ഞാന്‍ അത്തരമൊരു ബിസിനസ് നടത്തി നോക്കി. ഏറുമാടം കെട്ടിയായിരുന്നു ആദ്യം ബിസിനസ് നടത്തിയത്. അതത്ര ലാഭമല്ലായിരുന്നു. പിന്നീട് തട്ടുകട ആരംഭിച്ചു. വീണ്ടും ദുബായിലേക്കു തിരിച്ചു പോയി. ഹോട്ടലില്‍ ജോലിക്കു കയറി.”
പക്ഷേ, സ്വന്തമായ ഒരു ബിസിനസ് എന്നത് അപ്പോഴും മനസ്സിലുണ്ടായിരുന്നു. നാട്ടില്‍ തിരിച്ചെത്തി എന്ത് ചെയ്യണമെന്ന് കൃത്യമായ പ്ലാനും ഉണ്ടായിരുന്നു.
”കൃഷി ചെയ്യാന്‍ ഇഷ്ടമായിരുന്നെങ്കിലും കൃഷിയില്‍ മാത്രം ഒതുങ്ങാന്‍ ഞാനാഗ്രഹിച്ചില്ല. ഭക്ഷണവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ബിസിനസിനെ കുറിച്ച് ഞാന്‍ വളരെയധികം റിസര്‍ച്ച് ചെയ്ത ശേഷമാണ് ഈ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത്.
“തിരികെ വന്നാല്‍ ചെയ്യാന്‍ സ്വരുക്കൂട്ടിയത് റെസ്റ്റോറന്റ് എന്ന സ്വപ്നം തന്നൊയിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഉറപ്പും ഉണ്ടായിരുന്നു,” അദ്ദേഹം പറയുന്നു.
അങ്ങനെ കൂരാച്ചുണ്ടിനടുത്ത് കരികണ്ടന്‍പാറയില്‍ കുടിയേറ്റക്കാരായ അപ്പനപ്പൂപ്പന്‍മാരായി കാത്തുപരിപാലിച്ച ഭൂമിയില്‍ റോമിയോ തന്‍റെ സ്വപ്നം പടുത്തുയര്‍ത്തി.
ആദ്യ ഘട്ടത്തില്‍ വീടിനോട് ചേര്‍ന്നുള്ള ഏറുമാടത്തില്‍ തന്നെയാണ് തട്ടുകട തുടങ്ങിയത്. പിന്നീടാണ് വിപുലമാക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് നാടന്‍ രുചിയില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നത് റോമിയോയും ഭാര്യ നീതുവും അപ്പനും അമ്മയും ചേര്‍ന്നായിരുന്നു.
‘കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.’ ഈ വാക്കുകളുടെ പൊരുള്‍ അന്വര്‍ത്ഥമാക്കി ഒരു കുടുംബത്തിന്‍റെ ഒത്തൊരുമയോടെയുള്ള അദ്ധ്വാനമാണ് കാന്താരിയിലെ രുചി.
“2015-ലാണ് ഇത്തരമൊരു പരീക്ഷണം ആരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെങ്കില്‍ മുന്നോട്ടെങ്ങനെ പോകുമെന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് വളരെ കുറഞ്ഞ ചെലവിലാണ് കാന്താരി ആരംഭിക്കുന്നത്. പ്രൊഫഷണല്‍ തൊഴിലാളികളെ പരമാവധി ഒഴിവാക്കി ഞാനും അപ്പനും കൂടിയാണ് ഏറുമാടമൊക്കെ കെട്ടിയത്. ചെലവ് കുറയ്ക്കുക തന്നെയായിരുന്നു ലക്ഷ്യം.
“റബ്ബറിനു വില കുറഞ്ഞതോടെ പറമ്പിലുണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടി മാറ്റി. അവിടെ പച്ചക്കറി കൃഷി കൂടി ആരംഭിച്ചു. അങ്ങനെ വീട്ടിന്‍റെ ടെറസിലും പറമ്പിലും നിറയെ കൃഷി. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഹോംലിയായിട്ടുള്ള അന്തരീക്ഷം ഒരുക്കി. ഇതോടെ നഗരങ്ങളില്‍ നിന്ന് കാന്താരിയെ തേടി ധാരാളം ആളുകളെത്തി. പരീക്ഷണം വിജയമായതോടെ പദ്ധതി കുറെക്കൂടി വിപുലീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,”റോമിയോ തുടരുന്നു.
നഗരത്തിന്‍റെ ഭ്രാന്തന്‍ തിരക്കുകളില്‍ നിന്ന് ഗ്രാമീണ ഭംഗിയും രുചിയും ആസ്വദിക്കാനോടിയെത്തുന്നവര്‍ക്ക് കിടുക്കന്‍ വിഭവങ്ങള്‍ മാത്രമല്ല സുന്ദരകാഴ്ചകളുമായി കാന്താരി ഒരുങ്ങി.
”കാന്താരിയുടെ യാത്ര നല്ലരീതിയില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് സംഗതി കുറച്ചു കൂടി വിപുലീകരിച്ചാലോ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചത്. അങ്ങനെ തട്ടുതട്ടായി കിടക്കുന്ന ഞങ്ങളുടെ ഭൂമിയില്‍ ഞാനും അപ്പനും കൂടി ഒരു ഗുഹാ വീട് കെട്ടാന്‍ തീരുമാനിച്ചു. കാന്താരിയിലെ തിരക്കുകളെല്ലാം ഒഴിയുമ്പോള്‍ ഞങ്ങള്‍ രണ്ടാളും കൂടി പുരയിടത്തിലെ ഭൂമി തുരന്ന് ഗുഹയുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ ഗുഹാവീട്ടില്‍ എ സി അടക്കമുള്ള സംവിധാനങ്ങളുള്ള കിടപ്പുമുറിയും അറ്റാച്ഡ് ബാത്‌റൂമും നിര്‍മ്മിച്ചു.
ഒരു ലോക്കല്‍ പാക്കേജ്ഡ് ടൂറിസമായിരുന്നു റോമിയോയുടെ മനസ്സില്‍.
ഗുഹാവീടു കൂടി ഒരുങ്ങിയതോടെ കാന്താരിയുടെ പെരുമ വര്‍ദ്ധിച്ചു. സ്വാദന്വേഷികളും പ്രകൃതി സ്നേഹികളും കൂടുതലായി കാന്താരിയെ തേടിയെത്തി തുടങ്ങി. പഴമയുടെ രുചിക്കൂട്ടുകള്‍ യാതൊരു മാറ്റവും വരുത്താതെയായിരുന്നു വിഴമ്പിയത്. മാത്രമല്ല വരുന്നവര്‍ക്കെല്ലാം നല്ല രീതിയില്‍ ഭക്ഷണം വിളമ്പുകയും ചെയ്തു. അങ്ങനെ കോഴിക്കോടു നിന്നു മാത്രമല്ല അയല്‍ ജില്ലകളില്‍ നിന്നു പോലും ഒട്ടേറെ പേര്‍ കാന്താരിയിലേക്ക് എത്തി.
പ്രവാസി ജീവിതം മതിയാക്കി മടങ്ങിയെത്തിയ റോമിയോ പ്രാദേശിക വിനോദസഞ്ചാരത്തെ എങ്ങനെ വിജയിപ്പിക്കാം എന്നു കാന്താരിയിലൂടെ തെളിയിച്ചു.
മാങ്ങയിട്ട നാടന്‍ കോഴിക്കറി
“കാന്താരി മുളക് അരച്ചു ചേര്‍ത്ത കോഴിക്കറിയാണ് കാന്താരിയിലെ പ്രധാന വിഭവങ്ങളിലൊന്നു. പിന്നെ കോഴി ചതച്ചത്, മാങ്ങായിട്ട നാടന്‍ കോഴിക്കറി, കോഴി വറുത്തരച്ച കറി, പോത്ത് വരട്ടിയത്, കാന്താരിയിട്ട പോത്ത് കറി, കപ്പയും പോത്തും മിക്സ് ചെയ്തത്, പുട്ടും പോത്തും, ചിരട്ടപ്പുട്ട്, പിന്നെ കാട വരട്ടിയത്… അങ്ങനെ പോകുന്നു കാന്താരിയിലെ രുചി പെരുമ.
“മസാല കൂട്ടുകള്‍ ഉള്‍പ്പടെ മുളക്, മല്ലി തുടങ്ങിയ ചേരുവകളെല്ലാം തന്നെ സ്വന്തമായി വറുത്തുപൊടിച്ചെടുക്കുന്ന രീതിയാണ് ഇവിടുത്തെ ഭക്ഷണക്കൂട്ടിന്‍റെ രഹസ്യം. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മുന്‍കൂട്ടി വിളിച്ചു പറഞ്ഞിട്ട് വരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദിവസേന ശരാശരി അന്‍പതു പേര്‍ കാന്താരിയുടെ രുചി തേടിയെത്തുന്നുണ്ട്. കൊറോണ കാലമായതിനാല്‍ ഇപ്പോള്‍ പാഴ്സലായി ഭക്ഷണ വിതരണമാണ് നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതിനാലാണ് ഇത്തരമൊരു തീരുമാനം.” ഇതു കഴിയുന്നതോടെ നാടന്‍ വിഭവങ്ങള്‍ മാത്രം നല്‍കുന്ന ഒരു റെസ്റ്റോറന്റു കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ് റോമിയോ.
ടൂറിസം പാക്കേജ്
നല്ല ഭക്ഷണത്തിനും കാന്താരിയിലെ കാഴ്ചയ്ക്കും അപ്പുറം പ്രാദേശിക ടൂറിസം വികസനത്തിന്‍റെ ഭാഗമായി പുറമെ അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഉള്‍നാടിന്‍റെ ഭംഗി കാണാനുള്ള ട്രക്കിംഗ് പാക്കേജുകളും കാന്താരി ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഹണിമൂണ്‍ പാക്കേജും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ കക്കയം ഡാം, കരിയാത്തുംപാറ, കാറ്റുള്ള മല, ഓഫ് റോഡ് ഡ്രൈവ്, ചെമ്പനോട, കടന്തറ പുഴ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവയില്‍ പലതും ഇതുവരെ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍ പെടാത്തതും എന്നാല്‍ അതിമനോഹരവുമായ പ്രദേശങ്ങളാണ്.
“കൊറോണക്കാലം കഴിയും വരെ രാജ്യാന്തര വിനോദസഞ്ചാര മേഖലയ്ക്കു വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. എന്നാല്‍ നിലവില്‍ പ്രാദേശിക ടൂറിസത്തിന് നല്ല സാധ്യതകളാണ് തുറക്കുന്നത്. കാരണം ലോക് ഡൗണ്‍ കാലമൊക്കെ കഴിയുന്നതോടെ അടച്ചിട്ട മുറിയില്‍ കുറെ കാലം കഴിയുന്ന ആളുകള്‍ പുറത്തേക്കിറങ്ങി റിലാക്സ്ഡ് ആകാന്‍ ദൂരെയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു പകരം പ്രാദേശികമായുള്ള സ്ഥലങ്ങളെ യാത്രയ്ക്കായി തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളെ. അതുകൊണ്ടു തന്നെ പ്രാദേശിക ടൂറിസത്തിന് വളരെ സാധ്യതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു,” റോമിയോ പ്രതീക്ഷയോടെ പറയു്ന്നു.
‘പാചകവും യോഗയും’
യോഗ ഇത്രയധികം ജനകീയമാകുന്നതിന് കാലങ്ങള്‍ക്കു മുന്‍പേ യോഗയില്‍ ഉന്നതവിദ്യാഭ്യാസം നേടിയ റോമിയോ ആദ്യ കാലത്ത് യോഗാ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ യോഗ പരിശീലിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങി. ങ്കിലും റോമിയോ സ്ഥിരമായി യോഗ ചെയ്യാറുണ്ട്. ജീവിതത്തിന്‍റെ അടുക്കിനും ചിട്ടയ്ക്കും യോഗ പരിശീലിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണെന്നാണ് ഇക്കാര്യത്തില്‍ റോമിയോയുടെ നിലപാട്. യോഗയുടെ വഴിയില്‍ ഭാര്യ നീതുവും മക്കളായ റിയോണും റിയോണയും നിയയും എപ്പോഴും പിന്തുണ നല്‍കുന്നുണ്ട്.
“യോഗ പരിശീലിപ്പിക്കുന്നില്ലെങ്കിലും കാന്താരിയില്‍ പാചക പരിശീലനം നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി അറിയിച്ചാല്‍ ഞങ്ങള്‍ അതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനു പുറമെ സ്വന്തമായി ബിസിനസു തുടങ്ങാന്‍ ആഗ്രഹിക്കുന്ന, പ്രത്യേകിച്ച് റെസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംരഭകര്‍ക്ക്, വേണ്ട നിര്‍ദ്ദേശങ്ങളും സഹായവും നല്‍കുന്ന ഒരു പദ്ധതി കൂടി ഞാന്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വിദേശത്തു നിന്നു ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്കൊക്കെ സഹായകരമായ രീതിയിലുള്ള ഒരു പദ്ധതിയാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്.” സഹായം ആവശ്യമുള്ളവര്‍ക്ക് റോമിയോയെ 9656616655 എന്ന ഫോണ്‍ നമ്പറില്‍ നേരിട്ടു ബന്ധപ്പെടാം.
കൊറോണക്കാലമൊന്ന് കഴിഞ്ഞോട്ടെ, ഞങ്ങളും വരുന്നുണ്ട് കാന്താരിയരച്ച കോഴിക്കറി കഴിക്കാന്‍ കൂരാച്ചുണ്ടിലേക്ക്…