‘അപ്പോ, കാശില്ലാത്തോര്‍ക്കും വായിക്കണ്ടേ?’: സൗജന്യ ലൈബ്രറി ഒരുക്കാന്‍ ഈ മിടുക്കിക്കുട്ടി ഒരു മാസം കൊണ്ട് ശേഖരിച്ചത് 2,500 പുസ്തകങ്ങള്‍!

ലൈബ്രറിയില്‍ ഫീസ് താങ്ങില്ല. പണമില്ലാത്തവര്‍ക്ക് ഒന്നും വായിക്കണ്ടേ? ഇതായിരുന്നു മട്ടാഞ്ചേരിയിലെ ആ കുഞ്ഞു പുസ്തകസ്നേഹിയുടെ ചോദ്യം. അതിനവള്‍ തന്നെ ഉത്തരവും കണ്ടെത്തി.

പുസ്തകം വായിക്കുന്നതിനെന്തിനാ അച്ഛാ ഫീസ്, കുഞ്ഞു യശോദാ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അച്ഛനോട് ചോദിച്ചു. ആ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം.

യശോദാ

മട്ടാഞ്ചേരിയിലെ വീടിനടുത്തുള്ള ലൈബ്രറിയില്‍ നിന്നാണ് യശോദാ സ്ഥിരമായി പുസ്തകമെടുത്തുകൊണ്ടിരുന്നത്. അവിടെ മാസവും ഫീസ് കൊടുക്കണം. ചില പുസ്തകങ്ങള്‍ക്ക് പണം പ്രത്യേകം നല്‍കണം. ആറാംക്ലാസ്സുകാരി യശോദായ്ക്കാണെങ്കില്‍ പുസ്തകങ്ങളെന്നുവെച്ചാല്‍ ജീവനാണ്.


ആറാം ക്ളാസില്‍ എത്തിയപ്പോഴേക്കും തനിക്ക് കയ്യെത്താവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പുസ്തകങ്ങളെടുത്ത് യശോദ വായിച്ചുകഴിഞ്ഞിരുന്നു.


മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ യശോദാ മൂന്നാം ക്ലാസ് മുതല്‍ പുസ്തകങ്ങളോട് കൂട്ടുകൂടിയതാണ്. ചിത്രകഥകള്‍ വായിച്ചു തുടങ്ങി. പിന്നീട് കഥകളും കവിതകളും നോവലുകളുമെല്ലാം ഏറെ കൊതിയോടെ വായിച്ചു.

യശോദാ

ബഷീറും മാധവിക്കുട്ടിയും ഉറൂബുമെല്ലാം കുഞ്ഞു യശോദയുടെ മനസ്സിലിടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. വീട്ടില്‍ അച്ഛന്‍ ദിനേശ് ഷേണായിയുടെ കൈവശമുണ്ടായിരുന്ന പുസ്തകശേഖരത്തിലായിരുന്നു അവള്‍ ആദ്യം കൈവച്ചത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ആ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്തു. പിന്നീട്, സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നായി പുസ്തകമെടുക്കല്‍. യശോദായുടെ വായനാപ്രേമവും പുസ്തകങ്ങളോടുള്ള ഇഷ്ടവും അതിനോടകം അധ്യാപകരും മനസിലാക്കിയിരുന്നു.


ഇതുകൂടി വായിക്കാം: ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍


ആറാം ക്ളാസില്‍ എത്തിയപ്പോഴേക്കും തനിക്ക് കയ്യെത്താവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പുസ്തകങ്ങളെടുത്ത് യശോദ വായിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളോടായിരുന്നു കൂടുതല്‍ താല്പര്യമെങ്കിലും മലയാളം പുസ്തകങ്ങളും ഏറെ താല്പര്യത്തോടെ തന്നെ വായിച്ചു തീര്‍ത്തു.


യശോദാക്ക് പതിനൊന്നു വയസ്സ് മാത്രമേ പ്രായമുള്ളൂ. അതിനാല്‍ അംഗത്വം നല്‍കാന്‍ കഴിയില്ലെന്ന് ലൈബ്രറി.


കൂടുതല്‍ പുസ്തകങ്ങള്‍ക്കായി ആവശ്യപ്പെട്ടപ്പോഴാണ് അച്ഛന്‍ വീടിനടുത്തുള്ള ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പിനായി അന്വേഷിച്ചത്. യശോദാക്ക് പതിനൊന്നു വയസ്സ് മാത്രമേ പ്രായമുള്ളൂ. അതിനാല്‍ അംഗത്വം നല്‍കാന്‍ കഴിയില്ലെന്ന് ലൈബ്രറി. മുതിര്‍ന്ന സഹോദരന്‍ അച്യുത ഷേണായിയുടെ പേരില്‍ മെമ്പര്‍ഷിപ്പ് എടുത്തു. ചേട്ടന്‍റെ മെമ്പര്‍ഷിപ്പ് കാര്‍ഡുമായി വന്നു പുസ്തകങ്ങള്‍ എടുത്തിരുന്ന കുഞ്ഞു യശോദായെ ലൈബ്രറിയില്‍ എത്തുന്നവര്‍ ഏറെ കൗതുകത്തോടെയാണ് നോക്കിയത്.

യശോദായുടെ ലൈബ്രറി

ലൈബ്രറിയില്‍ അംഗത്വ ഫീസ് നല്‍കുന്നതിന് പുറമെ ചില പുസ്തകങ്ങള്‍ വായിക്കുന്നതിനായി നാന്നൂറ് രൂപയോളം അധികം നല്‍കണമായിരുന്നു.
പുസ്തകങ്ങള്‍ വായിക്കുന്നതിന് എന്തിനാണ് അച്ഛാ പണം നല്‍കുന്നത്? അതിനുത്തരം നല്‍കാതെ അവള്‍ വിട്ടില്ല.

ആ പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതിനുള്ള ഫീസ് ആണ്, എല്ലായിടത്തും ഇങ്ങനെ പണം ഈടാക്കും, ചിത്രകാരന്‍കൂടിയായ ദിനേശ് മകളോട് പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


എന്നാല്‍ അതത്ര ശരിയല്ലെന്ന് യശോദായ്ക്ക് തോന്നി: കയ്യില്‍ പണമുള്ളതിനാല്‍ നമ്മള്‍ പണം കൊടുത്ത് പുസ്തകം വാങ്ങി വായിക്കുന്നു. എന്നാല്‍ പണമില്ലാത്തവര്‍ക്ക് ഒന്നും വായിക്കണ്ടേ? ഇതായിരുന്നു അവളുടെ മറുചോദ്യം.

തന്നെപ്പോലെ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യമായി പിസ്തകങ്ങള്‍ എടുത്ത് വായിക്കാന്‍ കഴിയുന്ന ഒരു ലൈബ്രറി നമുക്ക് വേണം എന്ന ആഗ്രഹം യശോദാ ആദ്യം പ്രകടിപ്പിച്ചത് ആപ്പോഴാണ്.

മകളുടെ വായനയോടുള്ള സ്‌നേഹം താല്പര്യവും ആ മനസ്സിലെ നന്മയും തിരിച്ചറിഞ്ഞ അച്ഛന്‍ ചോദിച്ചു, 100 പുസ്തകം വാങ്ങിത്തരാം… ഒറ്റക്ക് ലൈബ്രറി നടത്താന്‍ കഴിയുമോ?

ആ ചോദ്യം കേട്ട് യശോദാ തുള്ളിച്ചാടിയല്ലെന്നേയുള്ളൂ.

ദിനേശ് വാക്കുപാലിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വായിക്കാവുന്ന 100 പുസ്തകങ്ങള്‍ വാങ്ങി മകള്‍ക്ക് നല്‍കി.


ആ പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.


സ്വന്തമായൊരു ലൈബ്രറി!!! ആ പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.


ഇതുകൂടി വായിക്കാം: മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ


വീട്ടില്‍ ഒരു കുഞ്ഞു റാക്കില്‍ അവള്‍ ആ പുസ്തകങ്ങള്‍ അടുക്കി വച്ചു. തന്‍റെ സുഹൃത്തുക്കളില്‍ ആര്‍ക്കെങ്കിലും ആവശ്യമായി വന്നാല്‍ വായിക്കാന്‍ നല്‍കാം എന്നതായിരുന്നു യശോദായുടെ ചിന്ത.

യശോദായുടെ ലൈബ്രറി

‘വായിക്കാന്‍ താല്‍പര്യമുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റുമുണ്ട്. പണം കൊടുത്ത് പുസ്തകം വാങ്ങിക്കുക എന്നത് അവരില്‍ പലര്‍ക്കും കഴിയില്ല…സൗജന്യമായി ലഭിക്കുമെങ്കില്‍ കൂടുതല്‍ ആളുകള്‍ പുസ്തകങ്ങള്‍ വായിക്കും. ഈ ചിന്തയില്‍ നിന്നാണ് ഒരു ലൈബ്രറി തുടങ്ങിയത്,” യശോദാ പറയുന്നു .

ഫേസ്ബുക്ക് വഴി പുസ്തകപ്രവാഹം

ഒരു സൗജന്യലൈബ്രറി തുടങ്ങണമെന്ന യശോദായുടെ ആവശ്യം ഏറെ അഭിമാനത്തോട് കൂടിയാണ് യശോദയുടെ പിതാവ് ഏറ്റെടുത്തത്. മകള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി തന്നാല്‍ കഴിയുന്ന എന്തും ചെയ്യുവാന്‍ ആ പിതാവ് തീരുമാനിച്ചു. അങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ സാധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിക്കുന്നത്.

മകളുടെ സൗജന്യപുസ്തകപ്പുരയിലേക്ക് പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുവാന്‍ താല്‍പര്യമുള്ളവരെ കഷ്ണിച്ചുകൊണ്ട് ദിനേശ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. യശോദയുടെ ഉറച്ച തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചും് അഭിനന്ദനം അറിയിച്ചും നിരവധിയാളുകള്‍ മുന്നോട്ടു വന്നു.

ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്തു. അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിരവധി പുസ്തകങ്ങള്‍ യശോദയെത്തേടിയെത്തി. ഒരു മാസത്തിനുള്ളില്‍ 2,500 ലേറെ പുസ്തകങ്ങളാണ് ഇത്തരത്തില്‍ യശോദാ കണ്ടെത്തിയത്. ഫേസ്ബുക്കിന് പുറമെ തനിക്ക് അറിയാവുന്ന ആളുകളോടും അധ്യാപകരോടുമെല്ലാം യശോദാ പുസ്തകങ്ങള്‍ ചോദിച്ചുവാങ്ങി.

“വായിച്ച പഴയ പുസ്തകങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചതില്‍ 90 ശതമാനവും പുതിയ പുസ്തകങ്ങള്‍ ആയിരുന്നു. മട്ടാഞ്ചേരിക്കായി ഒരു ലൈബ്രറി തയ്യാറാക്കുന്നതിന് എല്ലാവരും കൂടെ നിന്നു എന്ന് വേണം പറയാന്‍,” ദിനേശ് ഷേണായി പറയുന്നു.


വായിച്ച പഴയ പുസ്തകങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചതില്‍ 90 ശതമാനവും പുതിയ പുസ്തകങ്ങള്‍ ആയിരുന്നു.


“കൊറിയറായും നേരിട്ടും ആളുകള്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കി. ഞാന്‍ എല്ലാകാര്യങ്ങളും ഡോക്യൂമെന്റേഷന്‍ ചെയ്യുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ഓരോ വ്യക്തിയും പുസ്തകങ്ങളുമായി എത്തുമ്പോള്‍ യശോദാ എന്നോട് ചിത്രമെടുക്കാന്‍ പറയും. എന്നിട്ട് ആ ചിന്ത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കും. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും കൂടുതല്‍ പുസ്തകങ്ങളുമായി ആളുകള്‍ എത്തുകയും ചെയ്തു,” ദിനേശ് കൂട്ടിച്ചേര്‍ത്തു.

പുസ്തകങ്ങള്‍ നിരവധിയായപ്പോള്‍ വീട്ടില്‍ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാളിന്‍റെ ഒരു വശം യശോദായ്ക്ക് ലൈബ്രറി ഒരുക്കുന്നതിനായി ദിനേശ് നല്‍കി. ലൈബ്രറിക്ക് യശോദാസ് ലൈബ്രറി എന്ന പേര് നിര്‍ദ്ദേശിച്ചത് യശോദാ തന്നെയാണ്. പുസ്തകങ്ങള്‍ തരം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് 15 വയസ്സിനു മുകളില്‍ പ്രായം വരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഉണ്ടെന്ന് ആ കുട്ടിലൈബ്രേറിയന്‍ മനസിലാക്കിയത്.


ജനുവരി 26നു റിപ്പബ്ലിക് ദിനത്തില്‍ യശോദാസ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.


അങ്ങനെ ലൈബ്രറി അംഗങ്ങളുടെ പ്രായപരിധി 18 വയസാക്കി ഉയര്‍ത്തി. തുടര്‍ന്നും മുതിര്‍ന്നവര്‍ക്കായുള്ള പുസ്തകങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ലൈബ്രറി മുതിര്‍ന്നവര്‍ക്കായും തുറന്നുകൊടുത്തു. ഇപ്പോള്‍ എല്ലാ പ്രായത്തില്‍പെട്ട ആളുകള്‍ക്കുമുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്.


ഇതുകൂടി വായിക്കാം: സ്കൂളില്‍ പോണോ, വീട്ടിലെ പട്ടിണി മാറ്റണോ? മുന്നില്‍ ഒറ്റവഴി മാത്രം! വഴിയോരക്കടയിലെ നോവലിസ്റ്റിന്‍റെ കഥ


പുസ്തകങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അവ എങ്ങനെ സംരക്ഷിക്കും എന്ന ചിന്തയായി. റാക്കുകള്‍ വാങ്ങിക്കുന്നത് പണച്ചെലവുള്ള കാര്യമാണല്ലോ. യശോദായ്ക്ക് പുസ്തകങ്ങള്‍ വയ്ക്കുന്നതിനുള്ള എട്ട് വലിയ റാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്തു നല്‍കിയത് ഹരി പൈ എന്നയാളാണ്. അതുപോലെ ലൈബ്രറിയില്‍ വയ്ക്കാന്‍ രണ്ടു ഫാനുകളും സ്‌പോണ്‍സര്‍ ചെയ്തു കിട്ടി. അതോടെ ജനുവരി 26നു റിപ്പബ്ലിക് ദിനത്തില്‍ യശോദാസ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. പിഎസ്സി മുന്‍ ചെയര്‍മാനായ കെ എസ് രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

പ്രായമായവര്‍ക്ക് വിശിഷ്ടാംഗത്വം

യശോദാസ് ലൈബ്രറിയില്‍ നിന്നും ഏത് പ്രായക്കാര്‍ക്കും തികച്ചും സൗജന്യമായി പുസ്തകങ്ങള്‍ എടുക്കുകയും വായിക്കുകയും ചെയ്യാം. ലൈബ്രറിയില്‍ ചേരുമ്പോള്‍ ഒരു അംഗത്വ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ എടുക്കേണ്ടത്. എടുത്ത പുസ്തകങ്ങള്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചേല്പിക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ.


പ്രായമായവര്‍  ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കും.


ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചശേഷം ചില പ്രായമായവര്‍ പുസ്തകങ്ങള്‍ തേടിയെത്തി. ചിലര്‍ കൊച്ചുമക്കള്‍ മുഖേന അംഗത്വത്തെ പറ്റി അന്വേഷിച്ചു. അങ്ങനെയാണ് പ്രായമായവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കാം എന്ന തീരുമാനത്തില്‍ യശോദാ എത്തിയത്. വീടിന്‍റെ രണ്ടാം നിലയിലാണ് യശോദാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. അവിടേക്ക് കയറിച്ചെല്ലുക എന്നത് പ്രായമാവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കും.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


യശോദായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരില്‍ നിന്നും സ്‌കൂള്‍ അധുകൃതരില്‍ നിന്നും പൂര്‍ണ പിന്തുണയാണ്. സ്‌കൂള്‍ യശോദയെ അടുത്തിടെ ആദരിച്ചിരുന്നു. സായ് ഗ്രാമം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനില്‍ നിന്നും 108 പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് സമ്മാനമായി കിട്ടിയെന്ന് യശോദാ പറഞ്ഞു. ഇപ്പോഴും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ യശോദായ്ക്ക് പുസ്തകങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

വായനയില്‍ എന്ന പോലെ തന്നെ പഠനകാര്യങ്ങളിലും യശോദാ മിടുക്കിയാണ്. വായിക്കുന്ന പുസ്തകങ്ങളെ ആധാരമാക്കി കഥകളും കവിതകളും എഴുതും. എപിജെ അബ്ദുല്‍ കലാമിന്‍റെ പുസ്തകങ്ങള്‍ വലിയ ഇഷ്ടമാണെന്ന് യശോദാ പറഞ്ഞു. അതുപോലെ തന്നെ ബഷീറും എംടി വാസുദേവന്‍ നായരും ഏറെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ചിലരാണ്.


ഇതുകൂടി വായിക്കാം: ‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’


കൂടുതല്‍ പുസ്തകങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നതാണ് യശോദയുടെ ആഗ്രഹം. ചേട്ടന്‍ അച്യുത ഷേണായിയും അമ്മ ആശയും സകല പിന്തുണയുമായി കൂടെ തന്നെയുണ്ട്.

നാടും നാട്ടുകാരും വളരുവാന്‍ സാങ്കേതിക വിദ്യ മാത്രം പോരാ അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവും കൂടി വേണം എന്ന് പറയുന്ന ഈ കൊച്ചു മിടുക്കിയുടെ സ്വപ്നങ്ങള്‍ക്കൊപ്പം പറക്കുകയാണ് മട്ടാഞ്ചേരി എന്ന പ്രദേശം. ഒരു പക്ഷെ, നാളെ മട്ടാഞ്ചേരിയിലെത്തിയാല്‍ സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട സ്ഥങ്ങളില്‍ കൂട്ടത്തില്‍ യശോദാസ് ലൈബ്രറിയും സ്ഥാനം പിടിച്ചേക്കാം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം