250 ഇനം കാട്ടുമരങ്ങള്‍ നട്ടുനനച്ച് മൂന്ന് ഏക്കര്‍ തരിശില്‍ കനത്തൊരു കാടൊരുക്കിയ കോഴിക്കോടുകാരന്‍

പാരമ്പര്യമായിക്കിട്ടിയ അരയേക്കറും അതിനോട് ചേര്‍ന്ന് വാങ്ങിയ രണ്ടര ഏക്കറും ചേര്‍ത്താണ് മുഹമ്മദ് കോയ കാടാക്കി മാറ്റിയത്.

പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഈ കോഴിക്കോട്ടുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ മാസത്തിലാണ് വൃക്ഷതൈകള്‍ നട്ടു തുടങ്ങിയത്.

പശ്ചിമഘട്ടമല നിരകളിലെ കാട്ടുമരങ്ങള്‍ മാത്രമല്ല മാധവിക്കുട്ടിയുടെയും ഗബ്രിയേല്‍ മാര്‍ക്കേസിന്‍റെയും മലയാറ്റൂര്‍ രാമകൃഷ്ണന്‍റെയും അക്ഷരങ്ങളിലൂടെ അറിഞ്ഞ വൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിച്ചു എഴുത്ത് ഇഷ്ടപ്പെടുന്ന കോഴിക്കോട് കൊടുവള്ളി ആരമ്പ്രം വനശ്രീ വീട്ടില്‍ വി. മുഹമ്മദ് കോയ.

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആ മൂന്നേക്കര്‍ തരിശ് 250-ലേറെ വ്യത്യസ്ത ഇനം മരങ്ങളുള്ള ഒരു കനത്ത കാടായി മാറി.

കാട് കാണാനെത്തിയ കുട്ടികള്‍ക്കൊപ്പം മുഹമ്മദ് കോയ

മുഹമ്മദ് കോയക്ക് ഉമ്മ പാത്തുവിന്‍റെ പാരമ്പര്യസ്വത്തായി കിട്ടിയതാണ് കൊടുവള്ളി ആരമ്പ്രത്തെ 50 സെന്‍റ് ഭൂമി. പിന്നീട് അതിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ ഭൂമി കൂടി വാങ്ങിക്കുകയായിരുന്നു.

നരിവേങ്ങ, ഇരുമ്പകം, കൈജീലിയ, അശോകം, മരവുരി ഇങ്ങനെ ഒരുപാട് മരങ്ങള്‍ നിറഞ്ഞ, ധാരാളം ശലഭങ്ങളും പക്ഷികളുമൊക്കെയുള്ള  വിരുന്നെത്തുന്ന ഈ കാട്ടിനുള്ളില്‍ ചെറിയൊരു വീടും മുഹമ്മദ് കോയയ്ക്കുണ്ട്.

“1999-ല്‍ നല്ല മഴയുള്ള ജൂണ്‍ മാസത്തിലൊരു ദിവസം ഏഴിലംപാലയാണ് ഈ മണ്ണില്‍ ആദ്യമായി നടുന്നത്,” മൊട്ടക്കുന്നില്‍ വി എം കെ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് വി. മുഹമ്മദ് കോയ.

“മൊട്ടക്കുന്ന് ആയിരുന്നു ഈ പ്രദേശം. ഏതാനും കശുമാവും പനയും മാത്രമേയുണ്ടായിരുന്നുള്ളൂ. ഏഴിലം പാല നട്ടു ഏറെ വൈകും മുന്‍പേ വീണ്ടും വൃക്ഷതൈകള്‍ നട്ടു തുടങ്ങി.

“പശ്ചിമഘട്ട മലനിരകളിലെ മരങ്ങള്‍ നടുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാട്ടിലൊക്കെ കാണുന്ന വൃക്ഷങ്ങളെക്കാള്‍ വനത്തിലൊക്കെയുള്ള മരങ്ങള്‍ നട്ടു പിടിപ്പിക്കാനാണ് ആഗ്രഹിച്ചത്. വൃക്ഷത്തൈകള്‍ ഞാന്‍ തന്നെയാണ് നട്ടു പിടിപ്പിക്കുന്നതും വെള്ളം ഒഴിച്ചതുമെല്ലാം.

“ഈ പറമ്പില്‍ കുറച്ച് തെങ്ങിന്‍ തൈകള്‍ ഉപ്പ നട്ടിരുന്നു. 17 എണ്ണം, നല്ല തെങ്ങിന്‍ തൈകള്‍ തന്നെയായിരുന്നു. അതൊക്കെ വെട്ടിക്കളഞ്ഞാണ് വനവൃക്ഷങ്ങള്‍ നട്ടു തുടങ്ങുന്നത്.

“ജൂണിലെ മഴക്കാലത്താണ് തൈകള്‍ നട്ടു തുടങ്ങിയതെങ്കിലും പിന്നീട് ചെടികള്‍ നനയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഈ പറമ്പില്‍ കിണര്‍ പോലും ഇല്ലായിരുന്നു. മഴക്കാലം മാറിയതോടെ വെള്ളത്തിന് ക്ഷാമമായി.

“ഒന്നുകില്‍ ഈ കാടുണ്ടാക്കല്‍ പദ്ധതി അവസാനിപ്പിക്കുക അല്ലെങ്കില്‍ എങ്ങനെയെങ്കിലും തൈകള്‍ നനയ്ക്കുക. ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു.

വി എം കെ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍

“ഒരു വൃക്ഷത്തണല്‍ പോലുമില്ലാത്ത ഈ ഭൂമിയില്‍ എന്‍റെ ബൈക്ക് വെയില്‍ കൊള്ളാതെ വയ്ക്കാന്‍ പോലും ഇടമില്ലായിരുന്നു. പക്ഷേ ലക്ഷ്യത്തിലേക്കെത്താന്‍ കഷ്ടപ്പെടാനും തയാറായിരുന്നു.

“ഈ പറമ്പിനെ താഴെയായി എന്‍റെയൊരു സഹോദരന്‍റെ വീട് ഉണ്ട്. ദിവസവും രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്ന് ഞാന്‍ ചേട്ടന്‍റെ വീട്ടിലേക്ക് പോകും. അവരുടെ വീട്ടിലെ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്ത് ബക്കറ്റിലും കുടത്തിലുമൊക്കെയായി മുകളിലെ പറമ്പിലേക്ക് നടക്കും. ഓരോ തൈകളും ഇങ്ങനെയാണ് നനച്ചു വളര്‍ത്തിയെടുത്തത്.”

അങ്ങനെ ആറുവര്‍ഷം കുറേ കഷ്ടപ്പെട്ടാണ് അദ്ദേഹം ഓരോ തൈയും നനച്ചുവളര്‍ത്തിയത്.

വെള്ളത്തിന് ക്ഷാമമുള്ള പ്രദേശമായിരുന്നു ഇവിടം. പറമ്പില്‍ കിണര്‍ കുഴിച്ചിട്ടും വെള്ളത്തിന്‍റെ പ്രശ്നം മാറിയില്ല. പിന്നെയും കിണര്‍ കുഴിക്കേണ്ടി വന്നിട്ടുണ്ട്,” എന്ന് മുഹമ്മദ് കോയ. കാടുവളര്‍ന്നപ്പോള്‍ പതിയെപ്പതിയെ ജലക്ഷാമം മാറിക്കിട്ടി.

വി എം മുഹമ്മദ് കോയ

ബൊട്ടാനിക്കല്‍ ഗാഡര്‍ഡന്‍റെ സമീപ പ്രദേശങ്ങളിലും അതുകൊണ്ട് ഗുണമുണ്ടായെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വേനലില്‍ പോലും കിണറുകളില്‍ നിറയെ വെള്ളമുണ്ട്. എന്നാല്‍ ജലക്ഷാമം മാത്രമല്ല മാറിയതെന്നു അദ്ദേഹം.

“കാറ്റിലൂടെയും പക്ഷികളിലൂടെയും വിത്തുകള്‍ പലയിടത്തും എത്തി. സമീപമുള്ള വീടുകളിലും പറമ്പുകളിലുമൊക്കെ കുറേയേറെ വനവൃക്ഷങ്ങള്‍ മുളച്ചു വന്നിട്ടുണ്ട്.


വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മാത്രം മതി. പിന്നെ പ്രകൃതി ഏറ്റെടുക്കുമല്ലോ.


“ആരംഭശൂരത്വം കൊണ്ട് കാടുണ്ടാകുകയില്ല. അത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കാനുമാവില്ല,” മുഹമ്മദ് കോയ പറയുന്നു.

ഈ വനം കണ്ട് ഇതുപോലൊന്ന് ഉണ്ടാക്കണമെന്ന് അഗ്രഹിച്ച് പലരും മുഹമ്മദ് കോയയെ സമീപിക്കാറുണ്ട്. അവരോടൊക്കെ അദ്ദേഹം പറയുന്നത് ഒറ്റക്കാര്യമാണ്.

“ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏതു പറമ്പിലും കാടുണ്ടാക്കാമല്ലോ. സ്വന്തമായി ഭൂമി വേണമെന്നില്ല.”

വനദിനാചരണത്തില്‍ മുഹമ്മദ് കോയ സംസാരിക്കുന്നു

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാടുണ്ടാക്കാന്‍ ഇറങ്ങിയപ്പോഴുണ്ടായ ആവേശം ഇപ്പോഴും എനിക്കുണ്ടെന്നതാണ് ഭാഗ്യമായി തോന്നുന്നത്. അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. നല്ല കാശ് ചെലവുമുണ്ട്.

“സാമ്പത്തിക പ്രതിസന്ധിയൊക്കെ നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഇനിയിപ്പോ മരങ്ങളൊക്കെ വളര്‍ന്നില്ലേ, അത്ര വലിയ ചെലവുകളൊന്നും വേണ്ടി വരില്ല.

“99-കളില്‍ കാടുണ്ടാക്കലും മരം നടലുമൊന്നും അത്ര സജീവചര്‍ച്ചകളായിരുന്നില്ലല്ലോ. എന്‍റെ ഒരു ഇഷ്ടം കൊണ്ട് കാടുണ്ടാക്കിയതാണ്,” എന്ന് മുഹമ്മദ്. കാട് എന്ന് പറഞ്ഞാല്‍ കാട്ടുമരങ്ങള്‍ മാത്രമുള്ള കാടായിരിക്കണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.

വ്യത്യസ്ത ഇനങ്ങളിലുള്ള വൃക്ഷത്തൈകള്‍ക്ക് വേണ്ടി കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട് മുഹമ്മദ് കോയ. കാടുകളിലൊക്കെയുള്ള മരങ്ങള്‍ ആയിരിക്കണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

കല്‍പ്പറ്റയിലെ സ്വാമിനാഥന്‍ റിസെര്‍ച്ച് ഫൗണ്ടേഷനും കേരള റിസര്‍ച്ച് ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും കുറേ തൈകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്തു നിന്നും സസ്യങ്ങള്‍ കൊണ്ടുവന്നു നട്ടിട്ടുണ്ട്.

“30-ഓളം ഇനങ്ങളിലുള്ള മുളകളും ആറ്റുവഞ്ചി, തേങ്കുറിഞ്ഞി, മഹാഗണി, കുടകപാല, നീര്‍മാതളം, നെന്മേനി വാക, കള്ളന്‍മുള, മഞ്ചാടി, ഇലഞ്ഞി, കുരുട്ടുപാല തുടങ്ങി ഒരുപാട് തരം മരങ്ങളും ഈ കാട്ടിലുണ്ട്.

“ദൂരദിക്കുകളില്‍ നിന്നു പോലും ഈ കാട് കാണാനെത്തുന്നവര്‍ ഏറെയുണ്ട്. വിദ്യാര്‍ത്ഥികളും ഗവേഷകരുമൊക്കെ പതിവുകാരായിരുന്നു. കോവിഡ് 19 വന്നതോടെയാണ് സന്ദര്‍ശകരില്ലാത്തത്. ഈ കാട്ടിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.

കാടിനുള്ളില്‍ നാലു ചെറിയ ഗേറ്റുകളുണ്ട്. ഓരോന്നിനും ഓരോ പേരും– ഷേക്സ്പിയര്‍ ഗേറ്റ്, ഷെര്‍ലക് ഹോംസ് ഗേറ്റ്, മഹാഭാരത ഗേറ്റ്, പഥേര്‍ പാഞ്ചാലി ഗേറ്റ്, ലൈല ഗേറ്റ്. മുഹമ്മദ് കോയയുടെ ഭാര്യയാണ് ലൈല.

കാട് കാണാനെത്തുന്നവര്‍ക്ക് വേണ്ടി ഓരോ വൃക്ഷങ്ങളുടെയും പേര്, ശാസ്ത്രീയനാമം, അതിന്‍റെ ഗുണങ്ങളൊക്കെ ബോര്‍ഡില്‍ എഴുതി മരത്തില്‍ തൂക്കിയിട്ടിട്ടുണ്ട്.

“പേരുവിവരങ്ങള്‍ മാത്രമല്ല ഈ മരത്തെക്കുറിച്ച് ഏതെങ്കിലും കഥയിലോ കവിതയിലോ ഇതിഹാസത്തിലൊക്കെ പറയുന്നുണ്ടെങ്കിലും അക്കാര്യവും വായിക്കാം.


ഇതുകൂടി വായിക്കാം:164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന്‍ തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍  വിജ്ഞാനകോശം വരെ


“ഖലീല്‍ ജിബ്രാന്‍റെ കവിതകളിലെ ഗുല്‍മോഹര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്‍റെ  ചെസ്നട്ട്, മാധവിക്കുട്ടിയുടെ കഥയിലെ നീര്‍മാതളം, മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ ഏഴിലംപാല, കുമാരനാശാന്‍റെ കവിതകളിലെ വാകയും ഇലഞ്ഞിയും അശോകവും രാജമല്ലിയും രാമയണത്തിലെ ശിംശിപയുമെല്ലാം ഈ വനത്തിലുണ്ട്.”  പുസ്തകങ്ങളോടുള്ള ഇഷ്ടമാണ് ഇങ്ങനെയൊരു കാര്യത്തിന് പ്രേരിപ്പിച്ചത് എന്ന് മുഹമ്മദ് കോയ.

നോവലും ചെറുകഥാസമാഹാരവും നാടകവുമൊക്കെയായി ഒമ്പത് പുസ്തകങ്ങളെഴുതിയിട്ടുണ്ട് മുഹമ്മദ് കോയ. ‘ഷാര്‍ജയിലെ ദു:ഖപുത്രി’, ‘വാസവദത്ത’, ‘മരുഭൂമിയിലെ കറുത്ത പക്ഷികള്‍’, ‘ഇഹ്ദമല പറയുന്നത്’, ‘കര്‍ബലയിലെ ദുരന്തനായകന്‍’, ‘ചില്ലുകൊട്ടാരങ്ങള്‍’ ഇതൊക്കെയാണ് രചനകള്‍.

“കാട് ഉണ്ടാക്കിയതിന്‍റെ അനുഭവങ്ങളൊക്കെ ചേര്‍ത്തൊരു പുസ്തകമെഴുതണമെന്നാഗ്രഹമുണ്ട്. ഏറെ വൈകാതെ എഴുതാനാകുമെന്നാണ് കരുതുന്നത്,” അദ്ദേഹം പറയുന്നു.

“കുട്ടിക്കാലം തൊട്ടേ എഴുത്തിനോട് ഇഷ്ടമുണ്ട്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്  (മാതൃഭൂമി) ബാലപംക്തിയിലൊക്കെ എഴുതുമായിരുന്നു. പത്താം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പക്ഷേ എഴുത്തിന് ഒപ്പം കൂട്ടിയിരുന്നു.

“വാപ്പയുടെ (സി എം കുഞ്ഞാമുട്ടി) വായനയാണ് എന്നെയും പുസ്തകങ്ങളിലേക്കെത്തിച്ചത്. വാപ്പയാണ് നാട്ടില്‍ ഐക്യകേരളം വായനശാലയുണ്ടാക്കിയത്,”  മുഹമ്മദ് കോയ കൂട്ടിച്ചേര്‍ത്തു.

വനമിത്ര അവാര്‍ഡ് സ്വീകരിക്കുന്നു

“ലൈലയാണ് ഭാര്യ. അഞ്ച് മക്കളാണ്. ഷഹബാസ്, അസ്മല്‍, നിസാം, ജെസ് ലിന്‍, ബിന്യാമിന്‍ എന്നിവരാണ് മക്കള്‍. കൂട്ടത്തില്‍ ഒരാളൊഴികെ എല്ലാവരും വിദേശത്താണ്.

“1981-ലാണ് ഞാന്‍ ഗള്‍ഫിലേക്ക് പോയത്. ഏറെക്കാലം അവിടെ നില്‍ക്കാന്‍ പറ്റിയില്ല. അന്നെന്‍റെ മൂത്തമകന് മൂന്നര വയസ്. കുഞ്ഞിനെയും നാടുമൊക്കെയായിരുന്നു ചിന്തകളില്‍.

“അന്നൊന്നും ഫോണും ഒന്നുമില്ല. മാസത്തിലൊരിക്കല്‍ ഒരു കത്ത് നാട്ടിലേക്ക് അയക്കും, അതുപോലെ ഒരെണ്ണം എനിക്കും വരും. അത്രേയുള്ളൂ. അങ്ങനെ ജീവിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു.

“അതോടെ 1984-ല്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ ശേഷമാണ് സ്വര്‍ണക്കട ആരംഭിച്ചതും ഈ കാടുണ്ടാക്കിയതുമൊക്കെ. കൊടുവള്ളിയിലാണ് ആലിക്കുഞ്ഞ് ജ്വല്ലറി എന്നു പേരിട്ടിരിക്കുന്ന സ്വര്‍ണക്കട. ഞാന്‍ കുറച്ചുനേരമൊക്കെ കടയിലുണ്ടാകൂ. മോനാണിപ്പോ കാര്യങ്ങളൊക്കെ നോക്കുന്നത്,” മുഹമ്മദ് കോയ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ 2014-ലെ വനമിത്ര അവാര്‍ഡ്, വനബന്ധു പുരസ്കാരം, വനം വകുപ്പിന്‍റെ പരിസ്ഥിതി സൗഹാര്‍ദ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

***

കൂടുതല്‍ വിവരങ്ങള്‍ക്ക് : വി എം കെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ഫോണ്‍: 098479 10355. ഗൂഗിള്‍ മാപ്പ് ലിങ്ക്

ഇതുകൂടി വായിക്കാം:പെന്‍ഷനായപ്പോള്‍ ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം