68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍

സൗദി അറേബ്യയില്‍ എന്‍ജിനീയറായിട്ട് വെറുതേ കസേരയില്‍ ഇരുന്നാല്‍ മതിയായിരുന്നു. അതൊക്കെ ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് വന്നത്…പക്ഷേ അങ്ങനെയൊരു റിസ്ക് എടുക്കാന്‍ കാരണം ഭാര്യയാണ്.

ബെംഗളൂരുവിലും ഗള്‍ഫിലുമൊക്കെയായിരുന്നു ബിജുകുമാര്‍ കുറേക്കാലം. പക്ഷേ അന്നും ആ എന്‍ജിനീയറിന്‍റെ ഉള്ളില്‍ നാടും കൃഷിയും നാടിന്‍റെ പച്ചപ്പുമൊക്കെയായിരുന്നു.

ഇങ്ങനെ നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ച് ജീവിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ജോലി രാജിവയ്ക്കാന്‍ തോന്നുന്നത്. അങ്ങനെ നാട്ടിലേക്ക്. ജോലിയും കളഞ്ഞ് നാട്ടിലേക്കെത്തിയ ബിജു കുമാര്‍ കൃഷിയിലേക്കാണ് കടന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം 68 ഇനം കുരുമുളക്, 50 സെന്‍റില്‍ ഔഷധവൃക്ഷ തോട്ടം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, റബറുമൊക്കെയായി കൃഷിത്തിരക്കുകളിലാണിപ്പോള്‍ പഴയ ഗള്‍ഫുകാരന്‍.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com

കോട്ടയം വാകത്താനം സ്വദേശിയാണ് ബിജു കുമാര്‍ എന്ന കുരുമുളകുകളുടെ ചങ്ങാതി. “പക്ഷേ വരുമാനവും ലാഭവും പ്രതീക്ഷിച്ചല്ല ഞാന്‍ കൃഷി ആരംഭിച്ചത്.” അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് കൃഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

ബിജു കുമാറിന്‍റെ കുരുമുളക് തോട്ടം

“വാകത്താനത്താണ് വീട്. അച്ഛന് സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു ജോലി. പക്ഷേ ജോലിയില്‍ നിന്നു വിരമിച്ച ശേഷം അച്ഛന്‍ കൃഷിയിലേക്ക് കടന്നു. അച്ഛന്‍റെ കൃഷിയൊക്കെ കണ്ട് എനിക്കും മണ്ണിലിറങ്ങി പണിയെടുക്കാനിഷ്ടമായിരുന്നു. പക്ഷേ അന്നൊന്നും കൃഷിപ്പണികളൊന്നും ചെയ്തിരുന്നില്ല.

“കോട്ടയത്ത് തന്നെയാണ് പഠിച്ചതൊക്കെ. എന്‍ജിനീയറിങ്ങ് കഴിഞ്ഞ് അധികം വൈകാതെ ജോലി കിട്ടി ബെംഗളൂരുവിലേക്ക് പോയി. 1986 മുതല്‍ 1998 വരെ അവിടെയായിരുന്നു.

“പിന്നീടാണ് ഗള്‍ഫിലേക്ക് പോകുന്നത്. സൗദി അറേബ്യയില്‍ ഹണ‍ിവെല്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറായിരുന്നു. ഏതാണ്ട് 20 വര്‍ഷക്കാലം സൗദിയിലുണ്ടായിരുന്നു. പ്രവാസിയായിരിക്കുമ്പോഴാണല്ലോ നാടിനെ മിസ് ചെയ്യുന്നത്.

“ഇടയ്ക്ക് ലീവിന് നാട്ടില്‍ വരുമ്പോഴൊക്കെ കൃഷി ചെയ്യുമായിരുന്നു. നെസ്റ്റാള്‍ജിയ തോന്നി തോന്നി, ഒടുവില്‍ ജോലി രാജിവച്ചു. നാട്ടിലേക്ക് മടങ്ങി. ഇവിടെ വന്നു കൃഷി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നറിഞ്ഞു പലരും കളിയാക്കി.

കുരുമുളക് കര്‍ഷകന്‍ ബിജു കുമാര്‍

“ഗള്‍ഫിലെ ജോലി കളഞ്ഞ് നാട്ടിലേക്ക് വന്നപ്പോള്‍ മാത്രമല്ല ഇപ്പോഴും ആള്‍ക്കാര് പറയുന്നത് വട്ടനാണെന്നാണ്. എന്‍റെ എല്ലാ സുഖസൗകര്യങ്ങളും കളഞ്ഞേച്ചാണ് ഞാനിതിലേക്ക് വരുന്നത്.

“സൗദി അറേബ്യയില്‍ എന്‍ജിനീയറായിട്ട് വെറുതേ കസേരയില്‍ ഇരുന്നാല്‍ മതിയായിരുന്നു. ജോലി രാജിവച്ചിരുന്നില്ലെങ്കില്‍ ഇന്നിപ്പോ നല്ല ഉയര്‍ന്ന സ്ഥാനത്ത് എത്താമായിരുന്നു.

“അതൊക്കെ ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് വന്നത്. അങ്ങനെയുള്ള എന്നെ ആരേലും സപ്പോര്‍ട്ട് ചെയ്യോ.. വട്ടനാണെന്നു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷേ അങ്ങനെയൊരു റിസ്ക് എടുക്കാന്‍ കാരണം ഭാര്യയാണ്.

“രശ്മിയുടെ സപ്പോര്‍ട്ട് എനിക്കുണ്ടായിരുന്നു. (രശ്മി ബിജു എന്നാണ് ഭാര്യയുടെ പേര്.)


ഉള്ളത് വച്ച് കഞ്ഞി കുടിക്കാം. എന്നാണ് അവള്‍ പറ‍ഞ്ഞത്. രശ്മിയുടെ പിന്തുണ ഇല്ലായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇതൊന്നും സംഭവിക്കില്ലെന്നാണ് തോന്നുന്നത്.


“ഗള്‍ഫിലെ ജീവിതശൈലിയില്‍ നിന്നൊക്കെ മാറി മക്കളും ജീവിക്കണമെന്നു തോന്നിയിരുന്നു. അങ്ങനെയാണ് മൂന്നു വര്‍ഷം മുന്‍പ് സൗദിയില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്,” ബിജു കുമാര്‍ പറയുന്നു.

കോണ്‍ക്രീറ്റ് തൂണില്‍ വളരുന്ന കുരുമുളക് കൊടികള്‍

പക്ഷേ നാട്ടിലേക്ക് വരും മുന്‍പേ ബിജുകുമാര്‍ ഔഷധവൃക്ഷങ്ങളുടെ തോട്ടത്തിന് തുടക്കമിട്ടിരുന്നു.

“അമ്പത് സെന്‍റിലാണിത്. രുദ്രാക്ഷം, ശിംശിപാ, തക്കോലം, കമണ്ഡലം, കായം, കര്‍പ്പൂരം, ദന്തപ്പാല, കുന്തിരിക്കം തുടങ്ങി കുറേയധികം ഔഷധങ്ങള്‍ ഇവിടെ വളരുന്നുണ്ട്. ഇതൊരു കാവ് പോലെയാക്കണമെന്നാണ് ആഗ്രഹം.


ഇതുകൂടി വായിക്കാം: കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


“ഔഷധസസ്യങ്ങള്‍ നടുന്നത് ഹോബിയായിരുന്നു. പിന്നീട് കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നൊക്കെയാണ്  ഔഷധവൃക്ഷ തൈകളൊക്കെ സംഘടിപ്പിച്ചത്. ഔഷധവൃക്ഷങ്ങള്‍ക്ക് പിന്നാലെയാണ് കുരുമുളക് തൈകള്‍ നട്ടു തുടങ്ങുന്നത്.

“വിഷമൊന്നും അടിക്കാത്ത കുരുമുളക് കൃഷി ചെയ്യണമെന്നു തോന്നിയപ്പോഴാണ് ഇതിലേക്കെത്തുന്നത്. പത്ത് സെന്‍റിലാണ് കുരുമുളക് തോട്ടത്തിനുള്ള സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്.

“പക്ഷേ അഞ്ച് സെന്‍റില്‍ മാത്രമേ ഇപ്പോ കുരുമുളക് കൃഷിയുള്ളൂ. കോണ്‍ക്രീറ്റ് തൂണിലാണ് കുരുമുളക് കൊടികള്‍ പടര്‍ത്തിയിരിക്കുന്നത്. കുരുമുളകിന് കുറേ വെറൈറ്റികളുണ്ടെന്നറിഞ്ഞപ്പോള്‍ അതൊക്കെ നട്ടാലോ എന്നു തോന്നി. ഇതൊരു പരീക്ഷണമായിരുന്നു.

“വേരുപിടിപ്പിച്ച ചെന്തലകള്‍ 15 അടി ഉയരത്തിലും അഞ്ച് അടി അകലത്തിലും നാട്ടിയ കോണ്‍ക്രീറ്റ് തൂണിലാണ് നടുന്നത്. കുറേ വെറൈറ്റികളുണ്ടല്ലോ. അതിനോരോന്നിന്‍റെയും രൂപത്തിലും എരിവിലുമൊക്കെ വ്യത്യാസമുണ്ടാകും.

“അതേക്കുറിച്ചൊക്കെ പഠിക്കാമെന്നു തീരുമാനിച്ചാണ് കുരുമുളക് കൃഷിയിലേക്ക് കടക്കുന്നത്. കുരുമുളക് വെറൈറ്റികള്‍ അന്വേഷിച്ച് കേരളത്തിന്‍റെ എല്ലായിടങ്ങളിലും പോയിട്ടുണ്ട്.


കര്‍ണാടകയിലെ കൂര്‍ഗിലെ കുരുമുളക് കര്‍ഷകരുടെ അടുത്തും പോയിട്ടുണ്ട്.


“വ്യത്യസ്ത ഇനത്തിലുള്ള കുരുമുളക് എവിടെയുണ്ടെന്നറിഞ്ഞാലും പോകും. അതിപ്പോ ദൂരേയാണെങ്കിലും പോകുമായിരുന്നു. കര്‍ഷകരെ നേരില്‍ കണ്ട് കുരുമുളകിന്‍റെ ഗുണവും നിലവാരവുമൊക്കെ കണ്ടും ചോദിച്ചും അറിഞ്ഞാണ് തൈകള്‍ വാങ്ങുന്നത്.

“ജൈവരീതിയിലാണ് കൃഷി. ഓരോ ഇനത്തെക്കുറിച്ചും പഠിച്ചു മനസിലാക്കും. വ്യത്യസ്ത നാടുകളില്‍ വളരുന്ന തൈകള്‍ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളര്‍ത്തുക നല്ല പണിയാണ്.”

വളരെ കരുതലോടെയാണ് കുരുമുളകിനെ പരിപാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

68 ഇനങ്ങളുള്ള കുരുമുളക് തോട്ടം

ബിജുവിന് റബര്‍ കൃഷിയുമുണ്ട്. റബര്‍ തോട്ടത്തിന്‍റെ ഒരു ഭാഗമാണ് വെട്ടി വൃത്തിയാക്കി കുരുമുളക് നട്ടിരിക്കുന്നത്. തൂണുകള്‍ നാട്ടി അതിലാണ് കുരുമുളക് പടര്‍ത്തിയിരിക്കുന്നത്.

നാരായക്കൊടി, നീലിമുണ്ടി, പെരുംകൊടി, ആയിമ്പിരിയന്‍, ഉദിരംകോട്ട, കല്ലുവള്ളി, കുതിരന്‍വേട്ട, ജീരകമുണ്ടി, വയനാടന്‍ ബോള്‍ട്ട് തുടങ്ങിയ നാടന്‍ ഇനങ്ങളുണ്ട് ഇവിടെ.

ഇതിനൊപ്പം ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍,വിജയ്, ഗിരിമുണ്ട തടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ കണ്ടെത്തിയ കൂമ്പുങ്കല്‍, സിയോണ്‍ മുണ്ടി എന്നിവയുമുണ്ട്. 75 കോണ്‍ക്രീറ്റ് തൂണുകളാണ് ഇവിടുള്ളത്.

കുരുമുളക് കൃഷിയ്ക്കുള്ള ഒരുക്കങ്ങള്‍

സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ളതല്ല, ഇതൊരു സന്തോഷത്തിന് വേണ്ടിയാണെന്ന് ബിജു: “വരുമാനത്തിന് വേണ്ടി ഇപ്പോ ശ്രമിക്കുന്നില്ല. മനസിന്‍റെ ഒരു സന്തോഷത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.

കുരുമുളകും തൈകളുമൊന്നും വില്‍ക്കാറില്ല. എന്നാല്‍ പരിചയക്കാര്‍ക്ക് വല്ലപ്പോഴും തൈ കൊടുക്കാറുണ്ട്. വിപണനത്തിന് താത്പ്പര്യമില്ല. എന്‍റെ ഒരു സന്തോഷം, അത്രേയുള്ളൂ.

“ബ്രസീലിയന്‍ തിപ്പലിയില്‍ കുരുമുളക് ബഡ് ചെയ്തു കുറ്റിക്കുരുമുളക്, കുരുമുളക് തൈകളുണ്ടാക്കുന്നുണ്ട്. പുതിയ കുരുമുളക് ഇനങ്ങളുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം: ക്ലാസ് കഴിയും മുന്‍പേ പൂനെയില്‍ ജോലി, 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന്‍ ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ, അതിലേറെ സന്തോഷവും


“കുറേപ്പേരെ കാണാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. കുറേ പുതിയ സൗഹൃദങ്ങള്‍ കിട്ടുന്നു. അതൊക്കെയാണ് കൃഷി നല്‍കുന്ന സന്തോഷങ്ങള്‍. ഇതൊക്കെയാണ് വലുതെന്നു തോന്നുന്നു.

ഫോട്ടോ – ഫേസ്ബുക്ക്

“കുരുമുളക് കൊടി നടുന്നതിന് മുന്‍പ് ജെസിബി ഉപയോഗിച്ച് പറമ്പ് മുഴുവനും കിളപ്പിച്ചു. കുമ്മായം വിതറി അഞ്ചു ദിവസത്തോളം വെറുതേയിട്ടു. ഇതിനു ശേഷമാണ് തൈ നടാനുള്ള കുഴിയെടുക്കുന്നത്.

“എല്ലുപ്പൊടിയും ചാണകപ്പൊടിയും കുഴിക്കുള്ളിലിട്ടാണ് തൈകള്‍ നടുന്നത്. വെള്ളം നനയ്ക്ക് കുഴല്‍ കിണറുണ്ട്. നിമ വിരയെ ഒഴിവാക്കാന്‍ ബെന്തി ചെടികള്‍ നട്ടിട്ടുണ്ട്. ബെന്തിയുടെ വേരിന്‍റെ ചുവട്ടില്‍ പറ്റിപ്പിടിച്ചാകും നിമ വിര വളരുന്നത്. ചുവടോടെ പിഴുത് കളയും.

“റബര്‍ കൃഷി പണ്ടേ വീട്ടിലുണ്ട്. കുരുമുളകിന് ഇടവിളയായി മഞ്ഞളും ഇഞ്ചിയും നട്ടിട്ടുണ്ട്.  പച്ചക്കറി കൃഷിയുണ്ട്. പക്ഷേ വീട്ടാവശ്യത്തിനുള്ള പച്ചക്കറി മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.

“മാവ്, പ്ലാവ്,ജാതി, കമുക്, സപ്പോര്‍ട്ട, മാങ്കോസ്റ്റിന്‍, സ്റ്റാര്‍ ഫ്രൂട്ട്, മുട്ടിപ്പഴം, അവാക്കാഡോ, റംമ്പൂട്ടാന്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കുരുമുളകും റബറും ഫലവൃക്ഷങ്ങളും  ഔഷധവൃക്ഷങ്ങളുമൊക്കെ ഒരുമിച്ചൊരു തോട്ടത്തില്‍ അല്ല. എല്ലാം പല ഇടങ്ങളിലായി വ്യത്യസ്ത പ്ലോട്ടുകളിലാണ്. എല്ലാം കൂടി ഒന്നര ഏക്കറിലാണ് കൃഷി ചെയ്യുന്നത്,” ബിജു പറയുന്നു.

കുരുമുളക് തൈകള്‍ നടുന്നതിന് മുന്‍പ് ഫോട്ടോ – ഫേസ്ബുക്ക്

“മക്കള്‍ക്കും ഭാര്യയ്ക്കുമൊക്കെ കൃഷി ഇഷ്ടമാണ്. മക്കളും കൃഷിയൊക്കെ അറിഞ്ഞ് ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതൊക്കെ അവര്‍ പഠിക്കുകയും വേണം.


പക്ഷേ മക്കള്‍ കൃഷിക്കാരനാകണമെന്നൊന്നും അല്ല. അതൊക്കെ അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.


“രണ്ട് മക്കളാണ്. ആദിത്യ ബിജുവും ഗൗരി ലക്ഷ്മിയും. ആദിത്യ ഭരണങ്ങാനം സെന്‍റ്.ജോസഫ് കോളെജില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നു. ഗൗരി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

ഫോട്ടോ – ഫേസ്ബുക്ക്

“ഇനി കുറച്ച് ഏലം കൃഷി ചെയ്താലോ എന്നാണ് ആലോചിക്കുന്നത്. ഏലംകര്‍ഷകരെ കാണാനുള്ള യാത്രകളും ആരംഭിച്ചു.


ഇതുകൂടി വായിക്കാം: കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍


“അമ്പത് വയസുണ്ട് എനിക്ക്. ഇനിയും കൃഷി ചെയ്യണമെന്നാണ് ആഗ്രഹം. ഞാനിപ്പോഴും കൃഷി പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയാണ്. ആശകളും പഠനവും ഒരിക്കലും പൂര്‍ത്തിയാകില്ലല്ലോ. ഇതൊക്കെ പഠിച്ച് മുന്നിലേക്ക് പോകുകയാണ് ലക്ഷ്യം,” ആ കര്‍ഷകന്‍റെ ചിരിയില്‍ നിറയെ സംതൃപ്തി .

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം