മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ റിലീസ് ദിനം. ഷോ കാണാന്‍ ഭിന്നശേഷിക്കാരായ അനേകം കുട്ടികളെ കണ്ട ഫാന്‍സ് ആദ്യമൊന്ന് ഞെട്ടി.
രസംകൊല്ലിയാകുമോ അവരെന്നായിരുന്നു ഫാന്‍സിന്‍റെ മുഖഭാവം. എന്നാല്‍ ഡ്രം കൊട്ടി ഫാന്‍സ് ആഘോഷം തുടങ്ങിയപ്പോ പല കുട്ടികളും നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ഫാന്‍സ് അവരെ ഏറ്റെടുക്കുന്ന കാഴ്ച്ചയായിരുന്നു. പി എ മേരി അനിതയുടെ വാക്കുകളാണിത്.
മുഖ്യധാരയുടെ എല്ലായിടങ്ങളും ഭിന്നശേഷിക്കുട്ടികളുടേത് കൂടിയാണെന്ന സന്ദേശം നല്‍കാനായിരുന്നു മേരി അനിത അവരേയും കൂട്ടി റിലീസ് ഷോയ്ക്ക് തന്നെ പോയത്.
ഭിന്നശേഷിയുള്ള ആയിരക്കണക്കിന് കുട്ടികളെ വീടുകളില്‍ നിന്ന് പുറത്തെത്തിച്ച, അനേകം അമ്മമാര്‍ക്ക് പ്രതീക്ഷയായി മാറിയ കഥയാണ് കൊച്ചി കേന്ദ്രമാക്കിയ മേരി അനിതയുടേത്.
കോവിഡ് പ്രതിസന്ധിക്കിടെ ആ പേര് ഇന്ന് കേരളത്തിന് സുപരിചിതമായി. ഹരിയാനയിലെ ആശുപത്രിയില്‍ നഴ്‌സിങ് ജോലിയിലായിരുന്ന മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥീരികരിക്കുകയും രോഗബാധ ഇല്ലാതിരുന്ന ആറുമാസം പ്രായമായ ഉണ്ണിയെ നോക്കാനാളില്ലാതാവുകയും ചെയ്തപ്പോള്‍ മേരി അനിത മടിച്ചുനിന്നില്ല. സ്വന്തം കുഞ്ഞിനെപ്പോലെ ആ കുഞ്ഞിനെ സ്വീകരിച്ച് അവനോടൊപ്പം ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ച അവര്‍ എല്ലാവരുടെയും മനസ് കീഴടക്കി.
(ആ കുഞ്ഞിനോടൊത്തുള്ള ക്വാറന്‍റൈന്‍ കാലത്തെപ്പറ്റി മേരി അനിത പറഞ്ഞ ഹൃദ്യമായ വാക്കുകള്‍ ടി ബി ഐ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു> ഇവിടെ വായിക്കാം.)
എന്നാല്‍ ആ സാമൂഹ്യപ്രവര്‍ത്തകയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുകയെന്നത് പുതിയ കാര്യമല്ല. ജീവിതമേ അവര്‍ അതിനായി സമര്‍പ്പിച്ചിരിക്കയാണ്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആദ്യമായി ശിശുദിനാഘോഷങ്ങള്‍ നടത്തിയ, അവരെ ജീവിക്കാന്‍ പഠിപ്പിക്കുന്ന മേരി അനിത, സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്റിച്ച്‌മെന്‍റ് എന്ന സംഘടനയിലൂടെ വലിയ സാമൂഹ്യ മാറ്റമാണ് സൃഷ്ടിക്കുന്നത്.
ഹൈദരാബാദിലെ ബണ്ണി
“ജേണലിസം പഠിക്കുന്ന കാലത്താണ് ഇത്തരം കുട്ടികളെ ശ്രദ്ധിച്ചത്. ഇന്റേണ്‍ഷിപ്പിന് സര്‍വീസ് ഒറിയന്‍റഡ് ആയിട്ടുള്ള ഒരു ഓര്‍ഗനൈസേഷന്‍ വേണമെന്നായിരുന്നു ആഗ്രഹിച്ചത്. അങ്ങനെയാണ് ഹൈദരാബാദിലെ ഒരു സംഘടനയില്‍ പരിശീലനത്തിന് ചേര്‍ന്നത്. ഓട്ടിസ്റ്റിക് ക്യാരക്‌റ്റേഴ്‌സിനെ ഞാന്‍ മനസിലാക്കുന്നത് അപ്പോഴാണ്. അതിന് മുമ്പ് മാനസിക, വളര്‍ച്ചാ വൈകല്യങ്ങളുള്ള കുട്ടികള്‍ എന്ന രീതിയിലാണ് എല്ലാവരേയും കണ്ടിരുന്നത്,” മേരി അനിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
അവിടെയുള്ളൊരു കുട്ടിയാണ് അനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
“ബണ്ണിയെന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. ശരിക്ക് പേര് അതാണോയെന്നും അറിയില്ല. ടീച്ചറുടെ ഷോള്‍ കീറുക, കുത്തിവരച്ചുകൊണ്ടിരിക്കുക… അങ്ങനെയെല്ലാം ചെയ്യുന്നതാണ് ഞാന്‍ ആദ്യം കാണുന്നത്. എന്നാല്‍ അവന്‍ സംസാരിക്കുന്ന ഇംഗ്ലീഷ് കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. അവന് ഇംഗ്ലീഷില്‍ A പോലും മര്യാദയ്ക്ക് എഴുതാന്‍ അറിയില്ല. അന്നൊരു 12 വയസുണ്ടാകും. ഭക്ഷണം കൊടുത്തുകഴിഞ്ഞാല്‍ അതെടുത്ത് മറ്റുള്ളവരിലെ പ്ലേറ്റിലേക്കിടുക എന്നതെല്ലാം പതിവായിരുന്നു, എല്ലാ ടീച്ചേഴ്‌സും വഴക്ക് പറയുന്നൊരു കുട്ടി.
“അവന്‍ മാത്രമേ അവിടെ എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നൊരു ആളുള്ളൂ. തെലുഗു സംസാരിക്കുന്നവരല്ലേ ബാക്കിയെല്ലാം. അവന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കും. ആദ്യം അവന് എന്നെയും വിശ്വാസമുണ്ടായിരുന്നില്ല. പതുക്കെ അവന് എന്നെ വിശ്വാസമായിത്തുടങ്ങി. ഞാന്‍ പറഞ്ഞതനുസരിക്കാന്‍ തുടങ്ങി. അവന് ആവശ്യമുണ്ടായിരുന്നത് സ്‌നേഹവും ബഹുമാനവുമായിരുന്നു. അതൊരു തിരിച്ചറിവായിരുന്നു,” മേരി അനിത പറയുന്നു.
“അവനൊരു സമ്പന്ന കുടുംബത്തില്‍ നിന്നായിരുന്നു. അവന്‍റെ അമ്മ അവനെ കാണാന്‍ വന്നത് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലും. ഇങ്ങനൊരു മോനായിരുന്നത് കൊണ്ട് അവര്‍ ഇത്തരത്തിലൊരു കേന്ദ്രത്തില്‍ അവനെയാക്കുകയായിരുന്നു. ഈ സംഭവം എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചു.”
അതിനെല്ലാം ശേഷമാണ് ഒരു സ്ഥാപനം തുടങ്ങണമെന്ന ചിന്തയിലേക്ക് മേരി അനിത വന്നത്. കേരളത്തില്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചായിരുന്നു അനിതയുടെ തുടക്കം. അന്ന് 23 സ്‌കൂളാണ് ഇത്തരം കുട്ടികള്‍ക്കുണ്ടായിരുന്നത്.
“ഓരോ സ്‌കൂളിലും പോകും. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. അവരുടെ മാതാപിതാക്കളുമായി സംസാരിക്കും. കുട്ടികളെ മനസിലാക്കാനുള്ള ഒരു പഠനം തന്നെയായിരുന്നു അത്.”
“മാതാപിതാക്കള്‍ ഇവരെ സോഷ്യല്‍ ഫങ്ഷന്‍സിനൊന്നും കൊണ്ടുപോകാറില്ല. സെലിബ്രേഷന്‍സ് ഇല്ല അവരുടെ ജീവിതത്തില്‍. അത് ആ കൂട്ടികളെ എത്രമാത്രം ബാധിക്കുന്നുണ്ടാകുമെന്നോലാചിച്ചു. അവരെ പുറത്തേക്ക് എങ്ങനെ കൊണ്ടുപോകാമെന്നാണ് ഞാന്‍ ചിന്തിച്ചത്. ബുദ്ധിമുട്ടായിരുന്നു. കമ്യൂണിറ്റിയും ഇവരും തമ്മില്‍ വലിയ ഗ്യാപ്പുണ്ട്. പെട്ടെന്ന് നമുക്ക് പുറത്തേക്ക് കൊണ്ടുവരാന്‍ പറ്റില്ല. കാരണം ഇവര് ഒരാളെ കണ്ടുകഴിഞ്ഞാല്‍ പെരുമാറുന്നത് വേറെ രീതിയിലാണ്,” ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി അനിത വിശദമാക്കുന്നു.
കുട്ടികള്‍ക്ക് പുറത്തുപോകുന്ന കാര്യങ്ങളില്‍ എത്രമാത്രം താല്‍പ്പര്യമുണ്ടെന്നായിരുന്നു ആദ്യം മേരി അനിതയ്ക്ക് അറിയേണ്ടിയിരുന്നത്. “സെലിബ്രിറ്റി പാട്ടുകാരും ഐഡിയ സ്റ്റാര്‍ സിംഗറിലെ കുട്ടികളും നന്നായി സപ്പോര്‍ട്ട് ചെയ്തു. അവരെയെല്ലാം ഓരോ സ്‌കൂളിലും കൊണ്ടുവന്നു ചെറിയ ചെറിയ പാട്ടുകളോടെയുള്ള ഫങ്ഷന്‍ വച്ചു. ഫുഡ് അറേഞ്ച് ചെയ്തു. ചെറിയ സമ്മാനങ്ങളെല്ലാം കൊടുത്തു. പാട്ട്, ഡാന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്കെല്ലാം വലിയ താല്‍പ്പര്യമാണെന്ന് മനസിലായി,” തുടക്കത്തെ കുറിച്ച് മേരി അനിത.
അടങ്ങിയിരുന്ന് കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും എന്‍ജോയ് ചെയ്യാനുമൊന്നും ഒരു ബുദ്ധിമുട്ടുമില്ല ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കെന്നുള്ള തിരിച്ചറിവാണ് അനിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായത്. മാത്രമല്ല, അക്കാര്യങ്ങളില്‍ അവരില്‍ പലരും മികച്ച കഴിവുള്ളവരാണെന്നും മനസിലായി.
രണ്ട് മൂന്ന് വര്‍ഷം പല സ്‌കൂളുകളില്‍ പോയി ഇത് തുടര്‍ച്ചയായി ചെയ്‌തെന്ന് അനിത പറയുന്നു. “ഇവരെ പുറത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഒരു സോഷ്യലൈസിങ് വേണം. അതിനായിരുന്നു ഞാന്‍ ശ്രമിച്ചത്.”
ശിശുദിനം എല്ലാവര്‍ക്കുമുള്ളത്
”കേരളത്തിലെ ശിശുദിനം എന്ന് പറയുന്നത് 20 ലക്ഷത്തോളം വരുന്ന സോകോള്‍ഡ് നോര്‍മല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ്. അവര്‍ക്കായാണ് സര്‍ക്കാരിന്‍റെ ചെലവിടലും. എന്തുകൊണ്ട് ഭിന്നശേഷിക്കാരെ മാറ്റി നിര്‍ത്തണം. ഇവരും കുട്ടികളാണല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്.”
എന്നാല്‍ ഈ കുട്ടികളെ വലിയ ചടങ്ങിലേക്ക് കൊണ്ടുവരാന്‍ പറ്റില്ലെന്നായിരുന്നു എല്ലാവരുടെയും കാഴ്ച്ചപ്പാട്. പല ഉദ്യോഗസ്ഥരെയും കണ്ട് അനിത ഇക്കാര്യത്തില്‍ മാറ്റം വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഇന്‍ഡ്യയില്‍ തന്നെ ആദ്യമായി ഭിന്നശേഷിക്കുട്ടികള്‍ക്ക് ശിശുദിനം സംഘടിപ്പിക്കപ്പെടുന്നത്.
ഇതുകൂടി വായിക്കാം: വിഷാദവും ഒറ്റപ്പെടലും നീന്തിക്കയറാന്‍ പാടുപെടുന്നവര്‍ക്കായി ജോലിയുപേക്ഷിച്ച എന്‍ജിനീയര്‍
“2012-ല്‍ ഞാന്‍ ആദ്യമായിട്ട് ഇവര്‍ക്ക് ശിശുദിനം സംഘടിപ്പിച്ചു. 790 കുട്ടികളെ അതില്‍ പങ്കെടുപ്പിച്ചു. അതിന് മികച്ച സപ്പോര്‍ട്ട് തന്നത് കൊച്ചി സിറ്റി പൊലീസാണ്. അന്നത്തെ ഡിസിപി ആയിരുന്ന വി എം മുഹമ്മദ് റഫീഖാണ് വലിയ പിന്തുണ നല്‍കിയത്. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല,” അനിത പറയുന്നു. ഈ കുഞ്ഞുങ്ങളെ കൊണ്ടുവരാനായിട്ട് സപ്പോര്‍ട്ട് ചോദിച്ചപ്പോ പലര്‍ക്കും പേടിയായിരുന്നു. ഇത്രയും കുട്ടികളെ ഒന്നിച്ച് കൊണ്ടുവരുമ്പോ പ്രശ്നങ്ങളുണ്ടാകുമോയെന്നതായി
“മഫ്തിയില്‍ തന്നെ പൊലീസിനെ വിട്ടുതന്നു ഡിസിപി. കലാഭവന്‍ മണിയുണ്ടായിരുന്നു പരിപാടിക്ക്. അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി ട്രൂപ്പുണ്ടായിരുന്നു. ‘യുണീക്‌ലി’ എന്ന പേരിലായിരുന്നു ശിശുദിനം സംഘടിപ്പിച്ചത്. അതായിരുന്നു ആദ്യത്തെ വലിയ കൂട്ടായ്മ,” അനിത പറയുന്നു.
ഇപ്പോഴും അത് തുടര്‍ന്നുപോരുന്നു. “വിവിധ ജില്ലികളില്‍ വിവിധ ഘട്ടങ്ങളായിട്ടാണ് ശിശുദിനം ആഘോഷിക്കുന്നത്. അതിനോടൊപ്പം തന്നെ ഒരുപാട് പാരന്‍റ്സുമായി സംസാരിക്കാനും ഇടപെഴകാനുമെല്ലാം കഴിഞ്ഞു. അപ്പോഴാണ് അവരുടേതായി ഒരുപാട് ആവശ്യങ്ങളുണ്ടെന്ന് മനസിലായത്,”മേരി അനിത വ്യക്തമാക്കുന്നു.
“2007 തൊട്ടുള്ള ഒരു പഠനം കൂടിയായിരുന്നു എന്‍റേത്. ഭിന്നശേഷിക്കാരായ പലരിലും നടക്കാന്‍ ശേഷിയുള്ളവരുണ്ട്. വീല്‍ചെയറിലായിപ്പോയതുകൊണ്ട് മാത്രം ഇരുന്നുപോയവരുണ്ട്. അവര്‍ക്ക് നടക്കാന്‍ പറ്റും. എപ്പോഴും കിടക്കേണ്ടതില്ല, ഇരിക്കേണ്ടതില്ല….ഇത് മുന്‍ നിര്‍ത്തിയാണ് ജ്യോതി എന്ന പ്രൊജക്റ്റ്, എക്യുപ്‌മെന്‍റ് സപ്പോര്‍ട്ട് എന്ന നിലയില്‍ തുടങ്ങിയത്,” ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് മേരി അനിത വിശദമായി പറയുന്നു.
നിര്‍ത്തിപ്പോണമെന്ന് പോലും വിചാരിച്ചു
തെറപ്പി ആവശ്യമുള്ളവര്‍ക്ക് ആ സപ്പോര്‍ട്ടും നല്‍കുന്നു മേരി അനിത. 2015-ലാണ് മനസിലാക്കുന്നത് ഇവര്‍ക്ക് കണ്‍സെഷന്‍സ് നല്‍കുന്നുണ്ടെന്ന്. 1,900-ഓളം റെയ്ല്‍വേ കണ്‍സഷന്‍സ് കാര്‍ഡ് സംഘടിപ്പിച്ചു നല്‍കി. കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നപ്പോഴാണ് അതിന് വേണ്ടിവരുന്ന പണച്ചെലവ് വലുതാണ് എന്ന് അവര്‍ തിരിച്ചറിയുന്നത്.
”തുടങ്ങിയപ്പോഴേ ഒരു വീല്‍ ചെയറിന്‍റെ വില 4,500 രൂപയായിരുന്നു. ഇന്ന് അത്തരം വീല്‍ ചെയറുകള്‍ കിട്ടാനില്ല. വില കൂടിക്കൂടി വരികയാണ്. ആധുനികമായ എക്യുപ്‌മെന്‍റ് വേണം. എനിക്ക് താങ്ങാന്‍ പറ്റാതെയായപ്പോള്‍ നിര്‍ത്തിപ്പോണമെന്ന് വരെ വിചാരിച്ചിട്ടുണ്ട് പലപ്പോഴും.
”എന്നാല്‍ ഈ പാരന്റ്‌സിന്‍റെ ആത്മവിശ്വാസമാണ് എന്നെ പിടിച്ചുനിര്‍ത്തിയത്. അവരെന്നില്‍ അര്‍പ്പിച്ച ആത്മവിശ്വാസം എനിക്ക് കാണാതിരിക്കാന്‍ സാധിച്ചില്ല. എന്നെ കണ്ടിട്ടുപോലുമില്ലാത്ത രക്ഷിതാക്കള്‍, എന്‍റെ ഫ്‌ളാറ്റിന്‍റെ സെക്യൂരിറ്റിയുടെ കൈയില്‍ പോലും അപേക്ഷകള്‍ നല്‍കുന്ന സാഹചര്യമുണ്ടായിരുന്നു,” കഷ്ടപ്പാടുകള്‍ക്കിടയിലും മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ച ഊര്‍ജ്ജത്തെ കുറിച്ച് അനിത പറയുന്നു.
”എന്തെങ്കിലും ഒരുയര്‍ച്ച കുഞ്ഞുങ്ങള്‍ക്ക് വേണമെന്ന ആഗ്രഹം കൊണ്ടാണ് മാതാപിതാക്കള്‍ ഇത്രയും കഷ്ടപ്പെട്ട് എന്നെ കാണാന്‍ വരുന്നത്.” ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് എക്യുപ്‌മെന്‍റ് പിന്തുണ വിപുലീകരിക്കുകയും ചെയ്തു ഇവര്‍.
ബാക്കിയെല്ലാ കാര്യങ്ങളും മാറ്റിവെച്ച് പൂര്‍ണമായും സന്നദ്ധ പ്രവര്‍ത്തനത്തിലേക്ക് മുഴുകേണ്ടി വന്നു അവര്‍ക്ക്. “ഞാനൊരിക്കലും ഫണ്ട് പുറത്തുനിന്ന് മേടിച്ചിരുന്നില്ല മുമ്പ്. ഈ വര്‍ഷം മാത്രമാണ് ഞാന്‍ 12AAക്ക് (ട്രസ്റ്റുകള്‍ക്കും മറ്റുമുള്ള ടാക്സ് ഇളവിന് വണ്ടി) അപേക്ഷിച്ചത് പോലും,” അനിത പറയുന്നു.
”ബിപിസിഎല്ലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ചെറിയ കാര്യങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് ലക്ഷം രൂപയോളം ഞാന്‍ സ്വന്തമായി ഇക്കാര്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും ചെലവിടുന്നുണ്ട്. കുടുംബത്തിന്‍റെ പിന്തുണയുള്ളതുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. എന്‍റെ ക്ലാസുകളില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്,” മേരി അനിത കൂട്ടിച്ചേര്‍ക്കുന്നു.
രാജ്ഭവനിലെത്തിയ അമ്മമാര്‍
”ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആദ്യമായി കേരളത്തില്‍ വന്നത് ഈ മക്കളെ കാണാനാണ്. എയര്‍പോര്‍ട്ടില്‍ വന്ന ശേഷം നമ്മുടെ 40 കുട്ടികളെ കണ്ട ശേഷമാണ് മറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ പോയത്.”
ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണ്ണറായിരുന്ന കാലത്ത് ഈ കുട്ടികളുടെ പരിപാടികളില്‍ താല്‍പര്യത്തോടെ പങ്കെടുത്തിരുന്നു.
”റിപബ്ലിക് ഡേ ചടങ്ങിലേക്ക് ആയിടെയാണ് എനിക്ക് ക്ഷണം കിട്ടിയത്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘വരാന്‍ സന്തോഷമാണ്. എന്നാലും നമ്മുടെ 5 കുട്ടികളെയും അഞ്ച് പാരന്‍റ് സിനെയും ഉള്‍പ്പെടുത്തിയാല്‍ വലിയ കാര്യമായിരിക്കും,’ ഗവര്‍ണര്‍ അത് സമ്മതിച്ചു. നിരവധി അമ്മമാര്‍ ഈ കുഞ്ഞുങ്ങളെ കാരണം വീടുകളില്‍ നിന്ന് പുറത്തിറങ്ങാറില്ല. എന്നാല്‍ ഈ മക്കളുണ്ടായതുകൊണ്ട് രാജ്ഭവനില്‍ വരാന്‍ സാധിച്ചുവെന്നത് ആ അമ്മമാരെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്. അതായിരുന്നു ഞാന്‍ ചിന്തിച്ചത്-മേരി അനിതയുടെ വാക്കുകള്‍.
ഇപ്പോള്‍ 10 അമ്മമാരെയും 10 കുട്ടികളെയും പരിപാടിയിലേക്ക് അനുവദിക്കുന്നുണ്ട്. ആ കുട്ടികളും അമ്മമാരും വലിയ അഭിമാനത്തോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും, അവരില്‍ പലരും സന്തോഷംകൊണ്ട് കരയുന്നത് കരയുന്നത് കണ്ടിട്ടുണ്ടെന്നും ഡോ. മേരി അനിത പറയുന്നു. എല്ലാ വര്‍ഷവും ഗവര്‍ണര്‍ സമ്മാനവും നല്‍കും.
പല സര്‍ക്കാര്‍ പരിപാടികളുടേയും ഭാഗമായി ഈ കുട്ടികളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തുന്നുണ്ട്. “ബേഠി ബച്ചാവോ ബേട്ടി പഠാവോ കാംപെയിനില്‍ നമ്മുടെ കുട്ടികളെയും ഉള്‍പ്പെടുത്തി. 2018-ല്‍ ആദ്യമായി ഹിമാചലിന്‍റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രൊജക്റ്റിന്‍റെ ഭാഗമാകാന്‍ നമ്മുടെ കുട്ടികള്‍ക്കും സാധിച്ചു”വെന്ന് മേരി അനിത പറയുന്നു.
2019-ല്‍ ഒരു ജില്ല കേന്ദ്രീകരിച്ച് ബേഠി ബച്ചാവോ പരിപാടി ചെയ്യണമെന്ന് പറഞ്ഞു. വനിതാ ശാക്തീകരണമായിരുന്നു അജണ്ട. സ്ത്രീ ശാക്തീകരണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണമാണ്. മലപ്പുറമാണ് ഞാന്‍ നിര്‍ദേശിച്ച ജില്ല. കാരണം 96,000 ഭിന്നശേഷി കുട്ടികളാണ് മലപ്പുറത്തുള്ളത്. അത്രയും അമ്മമാര്‍ വീടിനുള്ളിലാണ്.
തങ്ങളുടെ കുട്ടികള്‍ ഒന്ന് സ്‌റ്റേജില്‍ കയറുന്നത് പോലും അമ്മമാര്‍ക്ക് വലിയ നിമിഷമായിരുന്നു. ഒന്ന് കയ്യനക്കുന്നത് തന്നെ വലിയ കാര്യമായിരുന്നു-മേരി അനിത പറയുന്നു.
എന്തെല്ലാം കേരളത്തില്‍ നടക്കുന്നുണ്ടോ അവിടെയെല്ലാം ഈ കുഞ്ഞുങ്ങള്‍ക്കൊരു സ്‌പേസ് ഉണ്ടാക്കുക എന്നതായിരുന്നു മേരി അനിത ഉദ്ദേശിച്ചത്. ഫിഫ അണ്ടര്‍1-7 ഫുട്‌ബോള്‍, നാഷണല്‍ ഗെയിംസ്… ഇതിലെല്ലാം മേരി അനിതയുടെ ഇടപെടലുകള്‍ വിജയം കണ്ടു. പലരും അന്ന് ചോദിച്ചു, ഈ കുട്ടികള്‍ക്ക് ഫുട്‌ബോളെല്ലാം എന്ത് മനസിലാകാനാ. ”എന്തും മനസിലായിക്കോട്ടേ, അവര്‍ക്ക് എന്തു മനസിലായോ അത് മനസിലായാ മതി,” ഇതായിരുന്നു മേരി അനിതയുടെ ഉത്തരം.
”ക്വാറന്‍റൈനിലിരുന്നപ്പോഴും ഒരു ദിവസം ഒരു പത്ത് കുഞ്ഞുങ്ങളും അമ്മമാരും ചുരുങ്ങിയത് വിളിച്ചുകൊണ്ടിരിക്കും. ഇതൊക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം,”നിറഞ്ഞ മനസോടെ അവര്‍ പറയുന്നു.
സഹതാപമല്ല, വേണ്ടത് ചിരി
”എനിക്കെങ്ങനെ ഇവരെ കണ്ടിട്ട് ചിരിക്കാന്‍ പറ്റുമെന്ന് എന്നോട് പലരും ചോദിക്കാറുണ്ട് ഇപ്പോഴും. അവര്‍ക്കാവശ്യം സഹതാപമല്ല. നിങ്ങളുടെ വിഷമവുമല്ല. ചിരിയാണ് പ്രധാനം. ഞാന്‍ ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ പത്തായി ചിരിക്കുന്നുണ്ട്. അതൊരു റിഫ്‌ളക്‌സ് ആക്ഷനാണ്. നമ്മള്‍ സഹതപിക്കേണ്ട ഒരു കാര്യവുമില്ല,” ആത്മവിശ്വാസത്തോടെ മേരി അനിത പറയുന്നു.
ഇവര്‍ ഇങ്ങനെയാണ്. ഇവന്‍/ഇവള്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയെന്നാണ് പല മാതാപിതാക്കളും രക്ഷിതാക്കളും ചിന്തിക്കുക. എല്ലാവരും എനിക്കെതിരെയാണെന്നുള്ള കുട്ടികളുടെ ധാരണയാണ് ആദ്യം മാറ്റേണ്ടത്. യുണീക്ക്‌ലിയിലൂടെ അതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്-മേരി അനിത നയം വ്യക്തമാക്കുന്നു.
”ഒരുപാട് പേര്‍ക്ക് സന്തോഷത്തിന്‍റെ സ്പാര്‍ക്ക് ഉണ്ടാക്കാന്‍, ആത്മവിശ്വാസമുണ്ടാക്കാന്‍ സാധിച്ചു. കുഞ്ഞുങ്ങള്‍ സ്റ്റേജില്‍ വന്ന് വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ തന്നെ മാതാപിതാക്കള്‍ക്ക് വലിയ സന്തോഷമാണ്. യുണിസെഫിന്‍റെ പ്രതിനിധി കഴിഞ്ഞ രണ്ട് തവണയായി ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.”
മികച്ച രീതിയിലുള്ള പരിശീലനമാണ് മേരി അനിതയും സംഘവും കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരുകുട്ടിക്ക് ഒരു മാസ്റ്റര്‍ എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്.
‘ആര്‍ട്ട് ഓഫ് ലിവിങ്’
ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിക്കാന്‍ പഠിപ്പിക്കുന്നു എന്നതാണ് മേരി അനിതയുടെ ശ്രമങ്ങളുടെ പ്രത്യേകത.”ഐഎഎസുകാരനാകാനും വലിയ ജോലി നേടാനൊന്നുമല്ല. സ്വന്തം ജീവിതത്തില്‍ ഈ കുട്ടികള്‍ക്ക് എങ്ങനെ സ്വന്തം കാര്യങ്ങള്‍ ചെയ്യാമെന്നതാണ് പഠിപ്പിക്കുന്നത്. ആവശ്യം വന്നാല്‍ ഹോസ്പിറ്റലില്‍ പോകേണ്ടത് എങ്ങനെ, പൊലീസുകാരനോട് എങ്ങനെ പരാതി പറയാം. എങ്ങനെ ഷോപ്പ് ചെയ്യാം. ബാങ്കുകളില്‍ പോയാല്‍ എന്തെല്ലാം ചെയ്യണം…ഇതെല്ലാമാണ് പരിശീലിപ്പിക്കുന്നത്.”
ബസില്‍ എങ്ങനെ കയറണം, എങ്ങനെ ടിക്കറ്റ് എടുക്കാം എന്നതെല്ലാം പഠിപ്പിച്ചുകൊടുക്കും. പല ബസ് ഉടമകളും ഇതിനായി പ്രത്യേകം സഹായിച്ചിട്ടുണ്ടെന്നും അവര്‍ നന്ദിയോടെ ഓര്‍ക്കുന്നു. മെട്രോ റെയിലിന്‍റെ ആദ്യത്തെ ഒഫിഷ്യല്‍ യാത്രക്കാര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ ആയിരുന്നു. ആ ആശയത്തിന് പിന്നിലും മേരി അനിത തന്നെ.
ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായി ഹാന്‍ഡ് വാഷ് ചെയ്ത് വിഡിയോ അയക്കാനും കുട്ടികള്‍ മറക്കുന്നില്ലെന്ന് അനിത പറയുമ്പോള്‍ വ്യക്തമാകുന്നത് അവര്‍ ആര്‍ജിച്ച പരിശീലനത്തിന്‍റെ മികവ് തന്നെയാണ്. ജീവിക്കാന്‍ പറ്റുമെന്ന സ്ഥിതിയിലേക്ക് കുട്ടികളെ എത്തിക്കുന്നു ഈ സ്ത്രീ. മാതാപിതാക്കള്‍ക്കിത് വലിയ ആശ്വാസമാണ്. അവരുടെ കാലത്തിന് ശേഷം സമൂഹം ഒറ്റപ്പെടുത്തിയിരുന്ന കുട്ടികള്‍ ഒറ്റപ്പെടലില്ലാതെ എങ്ങനെ ജീവിക്കുമെന്നതിനുള്ള ഉത്തരം കൂടിയാണ് മേരി അനിതയുടെ പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ 3-4 വര്‍ഷത്തിനുള്ളില്‍ ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും മേരി അനിത പറയുന്നു.
”കുറച്ച് കാലം മുമ്പ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ റിലീസ് ഷോയ്ക്ക് പോയി കുട്ടികളെയും കൊണ്ട്. റിലീസ് ഷോ റിസ്‌ക്കിയാണ്, ഫാന്‍സിന്‍റെ തള്ളിക്കയറ്റം…വല്യ പ്രശ്‌നമാകുമെന്നായിരുന്നു എല്ലാരും ആദ്യം പറഞ്ഞത്.”
മേരി അനിത പിന്മാറിയില്ല. ”ഈ തിക്കും തെരക്കും ഞങ്ങള്‍ക്കും കാണണം, കുട്ടികള്‍ക്കും മനസിലാകണം അതെല്ലാം എന്നാണ് ഞാന്‍ പറഞ്ഞത്. ആദ്യം ഫാന്‍സിന് അത്ര ഉല്‍സാഹമില്ല ഇവരെ കണ്ടപ്പോള്‍. ഇവരാണോ ആദ്യത്തെ ഷോ കാണാന്‍ പോകുന്നതെന്ന വിഷമം പോലെയായിരുന്നു അവര്‍ക്ക്. എന്നാല്‍ ഫാന്‍സ് ഡ്രം അടിക്കാന്‍ തുടങ്ങിയപ്പോ കുട്ടികള്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. അതോടെ സാഹചര്യം മാറി. ഫാന്‍സ് തന്നെ പിന്നീട് വീല്‍ ചെയറിലുള്ള കുഞ്ഞുങ്ങളെ എടുത്ത് കയറ്റാന്‍ അവര്‍ സഹായിച്ചു. ഇന്‍റെര്‍വലിന് സ്‌നാക്‌സുമായി അവര്‍ എത്തി,” മേരി അനിത ഓര്‍ക്കുന്നു. “നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം: ‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന്‍ ചോദിക്കുന്നു
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter