ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി

പ്രതിഫലമയയ്ക്കാന്‍ അമേരിക്കന്‍ പ്രസാധകര്‍ ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോഴാണ് ലിയയുടെ എഴുത്തിനെപ്പറ്റി വീട്ടുകാരറിയുന്നത്.

മ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള്‍ എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു.

പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്‍റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ.

വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്‍റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള്‍ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു.

കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ലിയ വീണ്ടും എഴുതി തുടങ്ങി.

പക്ഷേ, ഇത്തവണ അവളെഴുതിയത് ഒരു നോവലായിരുന്നു. പിന്നെ കുറച്ചേറെ ലേഖനങ്ങളും. ലോക്ക്ഡൗണ്‍ കാലത്തെ ഈ എഴുത്തുകള്‍ക്ക് കടലുകള്‍ക്കപ്പുറത്ത് നിന്നാണ് അംഗീകാരം തേടിയെത്തിയത്.

ലിയയുടെ നോവല്‍ പ്രസിദ്ധീകരിക്കാമെന്നേറ്റിരിക്കുന്നത് അമേരിക്കന്‍ പ്രസാധകര്‍. അവളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതാകട്ടെ അമേരിക്കന്‍ പ്രസിദ്ധീകരണമായ  ദ് സണ്‍.

ലേഖനങ്ങള്‍ക്ക് ദ് സണ്‍ ഒരു ലക്ഷം രൂപയാണ് ലിയയ്ക്ക് പ്രതിഫലമായി സമ്മാനിച്ചത്. അതോടെ വീട്ടുകാരും നാട്ടുകാരുമൊന്നും അറിയാതെയിരുന്ന എഴുത്തുകാരിയെ തേടി അഭിനന്ദങ്ങളെത്തുകയാണ്.

ലിയ ഷാനവാസ്

“ഇങ്ങനെയൊക്കെ നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം പ്രസിദ്ധീകരിക്കണമെന്നു ആഗ്രഹിച്ചൊന്നുമല്ല എഴുതുന്നതും. എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങള്‍ എഴുതിയതാണ്. അതുകണ്ട് പബ്ലിഷേഴ്സ് വിളിച്ചതാണ്,” മലപ്പുറം മഞ്ചേരിക്കാരി ലിയ ഷാനവാസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് എഴുതിയത്. ഈ  കഥയെഴുതി വാട്ട്പാഡ് (Wattpad) എന്ന ആപ്പിലിട്ടു. മൂന്നു അധ്യായങ്ങളാണ് ആപ്പില്‍ പോസ്റ്റ് ചെയ്യുന്നത്. Okayed എന്നാണ് നോവലിന്‍റെ പേര്.

“വാട്ട്പാഡ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടിരുന്നു. വാട്ട്പാഡില്‍ കുറേ കഥയൊക്കെയുണ്ട്. വായിക്കാനും എഴുതിയിടാനും സാധിക്കും.


ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ വെറുതേ കുറേ സമയം കിട്ടിയല്ലോ വായിക്കാമെന്നു കരുതിയാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.


“വായിക്കാന്‍ അത്രയേറെ ഇഷ്ടമുള്ള ആളൊന്നുമല്ല. പുസ്തകങ്ങളൊക്കെ വാങ്ങിച്ചാല്‍ പൂര്‍ണമായും വായിക്കുകയൊന്നുമില്ല. വെറുതേ പൈസ കളയണോ. ആ തോന്നലിലാണ് വാട്ട്പാഡിലേക്കെത്തുന്നത്.”

കഥകളൊക്കെ വായിപ്പോ ഒരു കഥയെഴുതിയിട്ടാലോ എന്ന് ലിയയ്ക്കും തോന്നി. അങ്ങനെയാണ് ലിയ കഥയില്‍ കൈവെക്കുന്നത്.

ലിയയെ ആദരിക്കാനെത്തിയ ആര്യാടന്‍ ഷൗക്കത്ത്

“ഇതില്‍ കണ്ടിട്ട് മൂന്ന് പ്രസാധകര്‍ കോണ്‍ടാക്റ്റ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ 30,000 രൂപയാണ് കൂട്ടത്തിലൊരു പ്രസാധകന്‍ ചോദിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തോടെ ഒന്നുമല്ലല്ലോ എഴുതിയത് തന്നെ. പിന്നെ അതിനുള്ള ആത്മവിശ്വാസവും ഇല്ലായിരുന്നു.

“ഇതിനിടയിലാണ് ബുക്ക് ലീഫ് പബ്ലിഷിങ്ങിന്‍റെ എഡിറ്റര്‍ ജോണ്‍ എസ്. ലേ വിളിക്കുന്നത്. അവര്‍ക്ക് നോവലിന്‍റെ കുറച്ചു അധ്യായങ്ങള്‍ അയച്ചിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, അഭിനന്ദിക്കുകയും ചെയ്തു.

“ആര്‍ട്ടിക്കിള്‍സ് എഴുതാനാകും, ഒന്നു പരീക്ഷിച്ചു നോക്കുവെന്നു പറഞ്ഞ് അദ്ദേഹമെനിക്ക് രണ്ട് ലിങ്കുകള്‍ അയച്ചു തന്നു. വണ്‍ സ്റ്റോറി, ദ് സണ്‍ ഇവരുടേതായിരുന്നു ആ ലിങ്കുകള്‍.


ഇതുകൂടി വായിക്കാം:കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും


പോവര്‍ട്ടി എന്ന വിഷയത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി ഇവര്‍ക്ക് രണ്ടു ടീമിനും അയച്ചു കൊടുത്തു. ദ് സണ്‍ മാഗസിനില്‍ നിന്ന് മറുപടി ലഭിച്ചു. മൂന്നു മാസത്തേക്ക് എഴുതേണ്ട വിഷയങ്ങളുടെ ലിസ്റ്റ് അവരെനിക്ക് തന്നു.

“ഫിയര്‍, വര്‍ക്ക്, ബോയ്ഫ്രണ്ട് ആന്‍ഡ് ഗേള്‍ഫ്രണ്ട് ഇതൊക്കെയായിരുന്നു വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ കുറേ ലേഖനങ്ങളെഴുതി അയച്ചു. അഞ്ചെണ്ണം അവര്‍ തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചു.

ആ ലേഖനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ പ്രതിഫലം കിട്ടിയത്. എന്‍റെ അനുഭവങ്ങള്‍ പോലെയാണ് ലേഖനങ്ങളെഴുതിയത്. ജോലി എന്ന വിഷയത്തെക്കുറിച്ച് എഴുതിയപ്പോ, ഒരു ബീഹാര്‍ സ്വദേശിയുടെ ഭാര്യയുടെ അനുഭവങ്ങളാണെന്ന തരത്തിലാണ് എഴുതിയത്,” ലിയ വ്യക്തമാക്കി.

ബുക്ക് ലീഫ് പബ്ലിഷിങ് കമ്പനിയാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. നോവലിനുള്ള പ്രതിഫലത്തുകയുടെ അഡ്വാന്‍സായി ഇരുപതിനായിരം രൂപയും ലിയയ്ക്ക് അവര്‍ക്ക് നല്‍കിയിട്ടുണ്ട്

“നോവല്‍ എഴുതാനിഷ്ടമായിരുന്നു.ഓക്കേയ്ഡിന്‍റെ 18 അധ്യായങ്ങള്‍ എഴുതി. ഇനി രണ്ടെണ്ണം കൂടി കഴിഞ്ഞാല്‍ പൂര്‍ത്തിയാകും.ഉപ്പയുടെ എഴുത്തുകളാണ് സ്വാധീനിച്ചിരിക്കുന്നത്.” എഴുത്തിലേക്കെത്തിയതിനെക്കുറിച്ച് ലിയ.

ഇംഗ്ലിഷ് ഗേറ്റ് അക്കാഡമിയുടെ ആദരം ലിയ ഏറ്റുവാങ്ങിയപ്പോള്‍

ലിയയുടെ ഉപ്പ ഷാനവാസ് ജിദ്ദയില്‍ ഒരു കമ്പനിയില്‍ എച്ച് ആര്‍ മാനെജറാണ്. ഉപ്പ സ്വന്തം അനുഭവങ്ങളൊക്കെ നല്ല രസകരമായി എഴുതാറുണ്ട്. അദ്ദേഹത്തിന്‍റെ ബ്ലോഗിലാണ് എഴുത്ത്. ഉമ്മ റജില ഷാനവാസ്. ചാരങ്കാവ് ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയാണ്.

“ദ് സണ്‍ മാഗസിനില്‍ നിന്ന് പണം അയക്കാന്‍ അക്കൗണ്ട് നമ്പര്‍ കൊടുക്കേണ്ട നേരത്താണ് വീട്ടുകാര്‍ അറിയുന്നത്. എനിക്ക് 17 വയസ് ആയുള്ളൂ. അതുകൊണ്ട് ബാങ്കില്‍ അക്കൗണ്ടൊന്നും ഇല്ല. അങ്ങനെ വീട്ടില്‍ പറഞ്ഞു.

“ആദ്യമൊന്നും വീട്ടില്‍ ആരും വിശ്വസിച്ചില്ല. പഠനവും എഴുത്തുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാനാകുമെന്നു അവര്‍ക്കു മനസിലായതോടെ ഇപ്പോ എല്ലാവര്‍ക്കും എഴുതുന്നത് ഇഷ്ടമാണ്,” ലിയ പറയുന്നു.

മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്ലസ് ടു ബയോ മാത്സ് വിദ്യാര്‍ത്ഥിയാണ് ലിയ. രണ്ട് സഹോദരങ്ങള്‍, ഒമ്പതാം ക്ലാസുകാരന്‍ ഇഷാനും യുകെജി വിദ്യാര്‍ത്ഥി ഇനയയും.

അധ്യാപകരും കൂട്ടുകാരും മാത്രമല്ല ശശി തരൂര്‍ എംപി വരെ ലിയയെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. “ടീച്ചര്‍മാരും കൂട്ടുകാരുമൊക്കെ വിളിച്ചു. എപ്പോഴും പഠിത്തത്തില്‍ ഫോക്കസ് ചെയ്യണമെന്നു പറഞ്ഞുകൊണ്ടിരുന്ന കെമിസ്ട്രി സാര്‍ വിളിച്ചപ്പോ അത്ഭുതമായി.” ചിരിയോടെ ലിയ തുടരുന്നു.

“ആര്യാടന്‍ ഷൗക്കത്ത് വീട്ടില്‍ വന്നിരുന്നു. ശശി തരൂര്‍ സാര്‍ വിളിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുമ്പോ അദ്ദേഹത്തിന് ഒരു കോപ്പി തരാന്‍ മറക്കരുതെന്നു പറഞ്ഞു.

“അപ്രതീക്ഷിതമായി കിട്ടിയതാണ് ഈ സന്തോഷം. എന്‍ട്രന്‍സ് എഴുതണം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണിഷ്ടം. പക്ഷേ ഡോക്റ്റര്‍ ഒന്നും  അല്ലാട്ടോ.” പഠനത്തിനൊപ്പം എഴുത്തു കൊണ്ടുപോകാമെന്നാണ് കരുതുന്നതെന്നും ലിയ ഷാനവാസ് കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം