വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും

“കിടപ്പുരോഗികളെയും പ്രായമായവരെയും കൃത്യമായ ഇടവേളകളില്‍ വീട്ടില്‍ പോയി പരിശോധിക്കും. അവര്‍ക്ക് നല്‍കുന്ന സേവനത്തിനു ഫീസ് വാങ്ങാറില്ല.”

“കുഞ്ഞുന്നാളില്‍ എനിക്ക് നഴ്‌സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്തെങ്കിലും അസുഖം വന്നു ആശുപത്രിയില്‍ പോകുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കുകയും ഇന്‍ജെക്ഷന്‍ എടുക്കുമ്പോള്‍ വേദന അറിയിക്കാതെ നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നഴ്‌സുമാര്‍ എനിക്ക് അന്ന് അത്ഭുതമായിരുന്നു,” ഹരിപ്പാട് പള്ളിപ്പാട് കോട്ടയ്ക്കകംകാരി ദീപ്തി പറയുന്നു.

പക്ഷേ, ദീപ്തിക്ക് നഴ്‌സാവാന്‍ കഴിഞ്ഞില്ല. പ്ലസ് ടു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ.
“പ്ലസ് ടു കഴിഞ്ഞു പതിനെട്ട് വയസ്സായപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു,” എന്ന് ദീപ്തി.

ഭര്‍ത്താവ് രാജീവും കുടുംബവും തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചെങ്കിലും അതും നടന്നില്ല.
“എന്നാല്‍ വിവാഹം കഴിഞ്ഞു കുറച്ചായപ്പോള്‍ കുട്ടികളുമായി. പിന്നെ അവരുടെ കൂടെ കുറച്ചു കാലം.”


പല ക്ലീനിങ്ങ് ഉല്‍പന്നങ്ങളും ആരോഗ്യവും പരിസ്ഥിതിയും ഒരുപോലെ നശിപ്പിക്കും. പ്രകൃതി സൗഹൃദ ഡിഷ് വാഷിലേക്കും ടോയ്ലെറ്റ് ക്ലീനറിലേക്കും മാറൂ. Karnival.com 

അങ്ങനെയിരിക്കുമ്പോഴാണ് പ്ലസ് ടു സയന്‍സ് പഠിച്ചവര്‍ക്ക് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലെ വൊളന്റിയര്‍ ആകാന്‍ അപേക്ഷ നല്‍കാമെന്ന്
ദീപ്തി അറിയുന്നത്. അത് ജീവിതത്തില്‍ വഴിത്തിരിവായി എന്ന് ദീപ്തി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ദീപ്തി രാജീവ്

ആറ് വര്‍ഷം മുന്‍പാണത്. ദീപ്തി സാന്ത്വനം പദ്ധതിക്ക് കീഴില്‍ വൊളന്‍റിയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ഒട്ടേറെ പേര്‍ക്ക് സാന്ത്വനമായി വീടുകളില്‍ നിന്നും വീടുകളിലേക്കെത്തുന്ന ദീപ്തി നാട്ടുകാരുടെ പ്രിയപ്പെട്ട ‘സിസ്റ്ററാണ്’.


നഴ്‌സ് ആവണമെന്ന മോഹം മറ്റൊരര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ദീപ്തിയിന്ന്.


സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സാന്ത്വനം വൊളന്‍റിയര്‍ ദീപ്തി രാജീവ് പറയുന്നു: “വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന എനിക്ക് സാന്ത്വനം പദ്ധതി ഒരു പുനര്‍ജ്ജന്മമാണ് നല്‍കിയത്. ആഗ്രഹിച്ച പോലെ നേഴ്‌സ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും സേവനരംഗത്തേക്കിറങ്ങാന്‍ കുടുംബശ്രീ നിമിത്തമായി.

“ഇന്ന് എല്ലാ വീട്ടിലും പ്രെഷറും ഷുഗറും കൊളെസ്‌ട്രോളും സംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരാണ് അധികവും. രോഗനിര്‍ണയത്തിനാണെങ്കിലോ രക്തപരിശോധനാഫലം നിര്‍ബന്ധവും. ഈ സാഹചര്യത്തിലാണ് കിടപ്പുരോഗികളെയും പ്രായമായവരെയും മുന്നില്‍ കണ്ട് കുടുംബശ്രീ സാന്ത്വനം പദ്ധതി നടപ്പാക്കുന്നത്,” ദീപ്തി പറഞ്ഞു.

“അങ്ങനെ 2014-ല്‍ മക്കള്‍ സ്‌കൂളില്‍ പോകാനായപ്പോള്‍ ഞാനും കുടുംബശ്രീ ജില്ലാ മിഷനില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷിക്കാന്‍ കുറച്ചു നിബന്ധനകള്‍ ഉണ്ട്. … സംസ്ഥാന മിഷന്‍റെ കീഴിലുള്ള ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (HAP) എന്ന സംഘടനയാണ് നമുക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നത്. ഡോക്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം,” ദീപ്തി സാന്ത്വനം പദ്ധതിയെക്കുറിച്ചു വിശദമായി പറഞ്ഞു തന്നു.

പരിശീലനം കഴിഞ്ഞ് ആദ്യനാളുകളില്‍ അയല്‍ പ്രദേശത്തെ വീടുകളില്‍ പോയാണ് ദീപ്തി പരിശോധിച്ചിരുന്നത്. പിന്നീട് സ്വന്തമായി ഒരു സ്‌കൂട്ടര്‍ വാങ്ങിയപ്പോള്‍ ദീപ്തി പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. പിന്നീട് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഉത്സവങ്ങളിലും പൊതുയോഗങ്ങളിലും റസിഡന്‍സ് അസോസിയേഷന്‍ പരിപാടികളിലും ദീപ്തി പരിശോധനാ കിറ്റുമായി എത്തും.

“സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനായിരുന്നു എന്‍റെ പരിശ്രമം. അതിന്‍റെ ഭാഗമായാണ് സ്‌കൂട്ടര്‍ എടുത്തത്. കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലൂടെ മികച്ച വരുമാനം തന്നെ എനിക്ക് കിട്ടിത്തുടങ്ങി. ചില മാസങ്ങളില്‍ കുടുംബാവശ്യങ്ങള്‍ക്കായി ജോലിക്ക് പോകാന്‍ കഴിയാറില്ല. എന്നാല്‍ തൊട്ടടുത്ത മാസം കഠിനാധ്വാനം ചെയ്താല്‍ ആ കുറവ് നികത്താന്‍ സാധിക്കുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ ഗുണം,” ജോലിയില്‍ ഉള്ള ആത്മവിശ്വാസവും ഇഷ്ടവും ദീപ്തിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

മാസത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് സാന്ത്വനം പദ്ധതി വഴി ദീപ്തി വരുമാനമായി നേടുന്നത്. മറ്റു വൊളന്‍റിയേഴ്‌സ് മാസം 25,000 രൂപ വരെയാണ് നേടുന്നത്.

ആറു വര്‍ഷമായി ദീപ്തി സ്വയം തൊഴില്‍ സംരംഭമെന്ന രീതിയില്‍ കുടുംബശ്രീയുമായി സഹകരിച്ചു പോരുന്നു. ഇന്ന് സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സാന്ത്വനം വൊളന്‍റിയര്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ കഴിഞ്ഞത് കുടുംബത്തിന്‍റെയും നാട്ടുകാരുടെയും പിന്തുണകൊണ്ടാണെന്ന് ദീപ്തി പറയുന്നു.

“ഞങ്ങളുടെ നാട്ടില്‍ ഞാന്‍ സ്ഥിരമായി പരിശോധിക്കുന്നവരായി കുറെ ആളുകളുണ്ട്. ചിലര്‍ പറയും ‘ഏതൊക്കെ ലാബില്‍ പോയാലും മോള്‍ വന്നു നോക്കിയാലേ ഒരു വിശ്വാസം ആവുള്ളു’ എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷമാണ്.


ഇതുകൂടി വായിക്കാം: അച്ചായന്‍ പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?


“രാജീവേട്ടനും ഇതൊക്കെ സന്തോഷമുള്ള കാര്യങ്ങള്‍ തന്നെ. ഈ മേഖലയില്‍ കൂടുതല്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം എന്നെ നിരന്തരം പ്രോത്സാഹിപ്പിക്കും. അതാണെന്‍റെ കരുത്തും,” ദീപ്തി അഭിമാനത്തോടെ പറഞ്ഞു.

“എനിക്കെന്തെങ്കിലും പരിശോധിക്കാനും ഞാന്‍ ലാബില്‍ പോകാറില്ല. എല്ലാം നോക്കുന്നത് ദീപ്തി തന്നെ. കുടുംബത്തിലൊരു നേഴ്‌സ് ഉള്ളപ്പോള്‍ പുറത്തു പോകേണ്ട കാര്യമില്ലാലോ,” ദീപ്തിയുടെ സംസാരം കേട്ടുകൊണ്ട് വന്ന രാജീവ് ഒരു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

രാജീവ് വീടിനടുത്തു തന്നെ പലചരക്ക് കട നടത്തുന്നു. കടയില്‍ തിരക്കുള്ള സമയമായതിനാല്‍ രാജീവ് അല്പം കഴിഞ്ഞാണ് എത്തിയത്.

”ഫീസ് തരാതെ സൗജന്യമായി പരിശോധിക്കാലോ,” ദീപ്തി പൊട്ടിച്ചിരിച്ചു കൊണ്ട് തുടര്‍ന്നു.

“പരിശീലനം കഴിഞ്ഞ ഉടനെ നാട്ടില്‍ തന്നെ ഞാന്‍ പരിശോധനയ്ക്കായി ഇറങ്ങിയപ്പോള്‍ ആദ്യമൊക്കെ ചിലര്‍ക്കെങ്കിലും വിശ്വാസക്കുറവ് ഉണ്ടായിരുന്നു. ‘മോളെ ഇതില്‍ കാണുന്ന റിസള്‍ട്ട് ഒക്കെ ഉള്ളത് തന്നെയാണോ, വിശ്വസിക്കാമോ?’ എന്നൊക്കെ ചില വീടുകളിലെ അമ്മമാര്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ പറയും ഈ റിസള്‍ട്ട് നോക്കിയിട്ട് നാളെ ലാബില്‍ പോയി പരിശോധിച്ച് നോക്കിക്കോളൂ, എന്നിട്ട് ഫലം ശെരിയായോ എന്ന് എന്നെ വിളിച്ചും പറയണേ എന്ന് പറഞ്ഞു അവര്‍ക്ക് എന്‍റെ നമ്പര്‍ കൊടുക്കും.

“‘ലാബിലെ ഫലവും മോള്‍ടെ റിസള്‍ട്ടും ഒന്നായിരുന്നുട്ടോ’ എന്ന് ഒരുപാട് ആളുകള്‍ വിളിച്ചു പറയാറുണ്ട്. എനിക്ക് അതിലൂടെ കിട്ടുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല,” ദീപ്തി കൂട്ടിച്ചേര്‍ത്തു.

പരിശോധന ഫലം വിശദീകരിച്ചു കൊടുക്കാനും ആവശ്യമെങ്കില്‍ ഡോക്റ്ററെ കാണാനും ദീപ്തി നിര്‍ദ്ദേശിക്കും. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും അവ നേരിടാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കും.

ഹാപ്പില്‍ (HAP- Health Action by People) നിന്ന് തന്നെയാണ് പരിശോധനക്കിറ്റ് കിട്ടുന്നത് പരിശീലനം കഴിഞ്ഞു 27,000 രൂപ അടച്ചാണ് പരിശോധിക്കാനുള്ള മെഷീനും യൂണിഫോമും മറ്റും അടങ്ങിയ കിറ്റ് കിട്ടുക.

ദീപ്തിയും രാജീവും

“ആധുനിക യന്ത്രങ്ങളാണ് നമുക്ക് നല്‍കുക. അതുകൊണ്ട് ഫലത്തിലെ കൃത്യതയെപ്പറ്റി പേടിക്കേണ്ടതില്ല. പണം അടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി കുടുംബശ്രീ വായ്പയും സബ്സിഡിയും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്നവര്‍ക്ക് പലിശയില്‍ ഇളവും നല്‍കുന്നുണ്ട്. സ്ത്രീയെ സ്വയം പര്യാപ്തയാക്കാന്‍ കുടുബശ്രീ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ ഒരുപാട് പേര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട് എന്നതാണ് വലിയ സന്തോഷം,” ദീപ്തി പറഞ്ഞു.

“വിവാഹം കഴിഞ്ഞ നാളുകളില്‍ ദീപ്തിയെ പഠിപ്പിക്കാന്‍ താല്പര്യമായിരുന്നു. കമ്പ്യൂട്ടര്‍ കോഴ്‌സിന് പോയിരുന്നു. പിന്നീട് അവള്‍ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ ചെലവഴിക്കുമ്പോഴും അവളിലെ പഠിക്കാനുള്ള ആഗ്രഹവും മുന്നോട്ട് ജീവിക്കാനുള്ള ആവേശവും അണയാതെ നിന്നു. അവള്‍ ഒരിക്കലും വീട്ടിലിരുന്നു തുരുമ്പിച്ചു പോകേണ്ട ആളല്ല. കഴിവും സാമര്‍ത്ഥ്യവും ഉണ്ടെന്ന് അറിയാമായിരുന്നു. അത് അവളെ ഇന്ന് നല്ല നിലയിലെത്തിച്ചു. ഇപ്പോള്‍ ചില മാസങ്ങളില്‍ കുട്ടികളുടെ പരീക്ഷയും ഒക്കെയായി ജോലിക്ക് പോയില്ലെങ്കിലും അവള്‍ കഠിനാധ്വാനം ചെയ്തു ആ നഷ്ടം നികത്താറുണ്ട്. ഞായറാഴ്ചകളിലും ഇടക്ക് ജോലിക്ക് പോകാറുണ്ട്,” ദീപ്തിയെക്കുറിച്ച് രാജീവ് അഭിമാനത്തോടെ പറഞ്ഞു.

പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തിയപ്പോള്‍ ദീപ്തിയുടെ ജോലി ഭാരവും കൂടി. അതുകൊണ്ട് ഇപ്പോള്‍ ഒരു സഹായിയെക്കൂടി വെച്ചുണ്ട്.

“റിസള്‍ട്ട് എഴുതാനും മറ്റുമായി ഒരു സ്ത്രീയെ കൂട്ടിയിട്ടുണ്ട്. ദിവസക്കൂലി ആണ് നല്‍കുന്നത്. എനിക്ക് ജോലി ഭാരം കുറയുകയും ചെയ്യും മറ്റൊരു കുടുംബത്തിന് ആശ്വാസമാകുകയും ചെയ്യുമല്ലോ. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു. മുമ്പ് പരിശോധനയും റിസള്‍ട്ട് നോക്കലും എഴുതലും ഞാന്‍ തന്നെയായിരുന്നു. പരിശോധിക്കാന്‍ ആള്‍ കൂടിയപ്പോളാണ് ഒരു സഹായിയെക്കുറിച്ചു ചിന്തിച്ചത്. അത് എന്നെപ്പോലെ ഒരു സ്ത്രീക്ക് വരുമാനവുമായി,” എന്ന് ദീപ്തി.

പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റും തീരുന്നതിനനുസരിച്ചു ഓണ്‍ലൈന്‍ പേമെന്‍റ് നടത്തി ഹാപ്പില്‍ നിന്നുമാണ് വാങ്ങിക്കുക. പരിശോധനയുടെ ചെലവ് കഴിച്ചാല്‍ ആവശ്യത്തിനുള്ള ലാഭവും കിട്ടുന്നുണ്ടെന്ന് ദീപ്തി.

ദീപ്തിക്കും രാജീവിനും രണ്ടുമക്കളാണ്–ഹരിഹരപുത്രനും, ശ്രീഭദ്രയും. രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

മുതിര്‍ന്നവരെയും കിടപ്പുരോഗികളെയും സൗജന്യമായാണ് ദീപ്തി പരിശോധിക്കുക. വീട്ടില്‍ വന്നു പരിശോധിക്കുന്നവര്‍ക്കും സൗജന്യം തന്നെ.

“കിടപ്പുരോഗികളെയും പ്രായമായവരെയും കൃത്യമായ ഇടവേളകളില്‍ വീട്ടില്‍ പോയി പരിശോധിക്കും. അവര്‍ക്ക് നല്‍കുന്ന സേവനത്തിനു ഫീസ് വാങ്ങാറില്ല. ചില വീടുകളില്‍ ചെന്നാല്‍ അവര്‍ നിര്‍ബന്ധിച്ചു ഫീസ് തരും. അപ്പോഴും പകുതി വാങ്ങുകയുള്ളു. ഗര്‍ഭിണികളെയും കൃത്യമായി ചെന്ന് കണ്ടു പരിശോധിക്കാറുണ്ട്. രണ്ടു തവണ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ ഒരുപാട് പേര് വന്നിരുന്നു. ക്യാമ്പില്‍ ഷുഗറും പ്രെഷറും സൗജന്യമായാണ് നോക്കിയത്. ഇനിയും ഇത്തരം ക്യാമ്പുകള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇനിയും ആവശ്യക്കാര്‍ക്ക് സൗജന്യ പരിശോധന എത്തിച്ചു ജീവിതശൈലി രോഗങ്ങളെ കുറിച്ച് കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹമുണ്ട്,” ദീപ്തി പറഞ്ഞു.


സാന്ത്വനം വോളന്‍റിയര്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നില്ല ദീപ്തി. കുടുംബശ്രീയുമായി സഹകരിച്ച് ഒരു സുംബാ ക്ലാസ് കൂടി നടത്തുന്നുണ്ട്.


“ഒരിടക്ക് എനിക്ക് വെയ്റ്റ് കൂടിയിരുന്നു. അത് നിയന്ത്രിക്കാനായി ഞാന്‍ ഇവിടെ അടുത്തുള്ള ഹെല്‍ത്ത് ക്ലബ്ബില്‍ പോയിരുന്നു. അവിടെ നിന്നുമാണ് സുംബാ ഡാന്‍സ് പഠിച്ചത്. സുംബാ പരിശീലിച്ചപ്പോള്‍ പെട്ടെന്ന് തന്നെ എന്‍റെ ഭാരം നിയന്ത്രണത്തിലായി. എന്‍റെ മാറ്റം കണ്ട സുഹൃത്ത് ബിന്‍സിയാണ് സുംബാ ഡാന്‍സ് ക്ലാസ് തുടങ്ങാന്‍ എനിക്ക് പ്രോത്സാഹനം തന്നത്. അങ്ങനെ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തു ക്ലാസ് തുടങ്ങി. നൂറ്റിഅമ്പതു പേര്‍ വരെ അഡ്മിഷന്‍ ഉണ്ടായിരുന്നു. സ്ഥിരമായി വരുന്നവരായി മുപ്പത്തിയഞ്ചു പേരാണ് ക്ലാസ്സിലുള്ളത്. ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളില്‍ ക്ലാസ് ഉണ്ടാകും,” ദീപ്തി പറഞ്ഞു.

ഈ ഓട്ടത്തിനിടയില്‍ സുംബ ക്ലാസ് നടത്താന്‍ സമയം എങ്ങനെയാണു കണ്ടെത്തുന്നത് എന്ന എന്‍റെ സംശയത്തിന് ദീപ്തിയുടെ മറുപടി ഇങ്ങനെ:

“ജോലി കഴിഞ്ഞു നാല് മണിക്ക് വീട്ടിലെത്തും. ഒരു ചായ കുടിക്കാനുള്ള നേരമേ ഉണ്ടാകൂ. ഉടനെ സുംബ ക്ലാസ്സില്‍ ആളുകളെത്തും. പിന്നെ വൈകിട്ട് ഏഴു മണി വരെ പ്രാക്ടീസ് ചെയ്യും. ത്രെഡ് മില്ലും ഉണ്ട്. അതും ക്ലാസ്സിലുള്ളവര്‍ക്ക് ഉപകാരമാണ്.

“ഏറെയും ഭാരം കുറക്കാനായി എത്തുന്ന വീട്ടമ്മമാരാണ്. പലര്‍ക്കും പുതിയ അറിവും അനുഭവവുമാണ് സുംബ. മനസിന് വല്ലാത്ത കുളിര്‍മയാണ് സുംബ ഡാന്‍സ് ചെയ്യുമ്പോള്‍. അതുകൊണ്ട് തന്നെ സുംബാ ക്ലാസ് മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് ആഗ്രഹവും.”
ചെയ്യുന്ന ഓരോ ജോലിയിലും ആനന്ദം കണ്ടെത്തുകയാണ് ദീപ്തി രാജീവ്.


ഇതുകൂടി വായിക്കാം: സ്റ്റീലും സിമെന്‍റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം