മഹാവികൃതിപ്പയ്യനായിരുന്നു ഷെരീഫ്. സ്കൂളിലെ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളി. ഉപ്പാടെ കൈയില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല.
ടിവി കാണാന്‍ പോകരുതെന്ന് പറഞ്ഞാ പോകും, ആരെന്ത് പറഞ്ഞാലും അനുസരിക്കില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂടെ പഠിച്ച പെണ്‍കുട്ടിയ തല്ലിയത്. അതോടെ സ്കൂളീന്ന് ഔട്ട്.
പക്ഷേ, അവന്‍റെ ഉമ്മ സ്കൂളില്‍ വന്ന് മാഷ്മ്മാരോടൊക്കെ സംസാരിച്ചു പരീക്ഷയെഴുതിക്കാമെന്നു സമ്മതിപ്പിച്ചു. എന്നാല്‍ ഒമ്പതാം ക്ലാസിന്‍റെ റിസല്‍റ്റ് വന്നപ്പോ ജയിച്ചവരുടെ കൂട്ടത്തില്‍ ഇല്ല.
ഒമ്പതാം ക്ലാസില്‍ തോറ്റതോടെ ഷെരീഫ് ഇനി സ്കൂളിലേക്ക് വരില്ലെന്നാ പലരും കരുതിയത്. ചിലരൊക്കെ അവനോട് പറഞ്ഞിട്ടുമുണ്ട്, പഠിത്തം നിറുത്തി നിനക്ക് വല്ല പണിക്കും പൊയ്ക്കൂടേന്ന്.
ആ കൊസ്റാക്കൊള്ളിപ്പയ്യൻ വീണ്ടും അതേ സ്കൂളില്‍ പഠിക്കാനെത്തി. ഉച്ചനേരത്ത് വെള്ളം കുടിച്ചുവയറു നിറച്ചും അവധിക്കാലങ്ങളില്‍ മിഠായിയും ഐസും വിറ്റും റോഡ് പണിയൊക്കെ ചെയ്തും അവന്‍ പഠിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം നാലു ബിരുദാനന്തര ബിരുദങ്ങളും നെറ്റും (NET) സെറ്റും (SET) ഏതാനും ദിവസം മുന്‍പ് ഡോക്റ്ററേറ്റും സ്വന്തമാക്കിയിരിക്കുകയാണ് ആ പഴയ തല്ലുകൊള്ളിപ്പയ്യന്‍.
കാസര്‍ഗോട് പൊവ്വല്‍ സ്വദേശി ഓട്ടോറിക്ഷക്കാരന്‍ മുഹമ്മദ് കുഞ്ഞിയുടെയും മറിയയുടെയും അഞ്ചുമക്കളില്‍ മൂത്തവനാണ് ഷെരീഫ്. കഷ്ടപ്പാടുകളും പട്ടിണിയുമൊക്കെ നിറഞ്ഞ ജീവിതത്തെ അതിജീവിച്ചതിനെക്കുറിച്ച് ഡോ. ഷെരീഫ് പൊവ്വല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ജൂലൈ 21-നാണ് കാസര്‍ഗോട്ടെ കേന്ദ്ര സർവകലാശാലയിലെ വിദ്യഭ്യാസ വിഭാഗത്തില്‍ ഡോക്റ്ററേറ്റ് കിട്ടുന്നത്. സ്വപ്നമായിരുന്നു ഡോക്റ്ററേറ്റ്. എന്നാല്‍ അതിലേക്കെത്താനുള്ള പരിശ്രമങ്ങളില്‍ ഒരുപാട് കഷ്ടപ്പാടുകളും സങ്കടങ്ങളുമൊക്കെയുണ്ടായിരുന്നു.
“മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍ ഒരു കൊച്ചു ഗ്രാമമാണ്. അന്നൊന്നും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നാടൊന്നുമല്ല ഇവിടം. ഇന്നും വലിയ മാറ്റം വന്നിട്ടില്ല.
“ഏഴാം ക്ലാസ് വരെ ഗവണ്‍മെന്‍റ് മാപ്പിള യുപി സ്കൂളിലായിരുന്നു. അന്നും വികൃതികള്‍ കാരണം സ്കൂളിലെ നോട്ടപ്പുള്ളിയായിരുന്നു. ടീച്ചര്‍മാരൊക്കെ ബാപ്പയോട് എന്‍റെ കുരുത്തക്കേടുകളൊക്കെ പറഞ്ഞു കൊടുക്കും.
“അതൊക്കെ കേട്ടിട്ട് ബാപ്പ കുറേ തല്ലിയിട്ടുമുണ്ട്. ഏഴ് തവണ കൈ ഒടിഞ്ഞിട്ടുണ്ട്. അതില്‍ നാലു തവണയും ഉപ്പ പൊട്ടിച്ചതായിരുന്നു. അത്രയ്ക്ക് നല്ലവനായിരുന്നു. എന്‍റെ കൈയിലിരിപ്പിന് എന്നെ ബാക്കി വച്ചത് തന്നെ ഭാഗ്യമെന്നാ നാട്ടുകാര് പറഞ്ഞു കേട്ടിട്ടുള്ളത്.ആര് എന്ത് പറഞ്ഞാലും അതിന്‍റെ നേര്‍വിപീരതമേ ഞാന്‍ ചെയ്യൂ.
“അന്നൊക്കെ നാട്ടിലെ ഏതെങ്കിലും പ്രമാണികളായ ഒന്നോ രണ്ടോ ആള്‍ക്കാരുടെ വീട്ടില്‍ മാത്രമേ ടിവിയുള്ളൂ. ആ വീടുകളിലൊക്കെ പോയി ടിവി കാണലായിരുന്നു പ്രധാന പരിപാടി.
“ചിലപ്പോ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴാകും ഉപ്പ വന്ന് വിളിക്കുന്നത്. അടിച്ച് കൊണ്ടാകും പിന്നെ ഉപ്പ വീട്ടിലെത്തിക്കുന്നത്. ഉപ്പ അടുത്ത്ന്ന് മാറിക്കഴിഞ്ഞാല്‍ പിന്നെയും ടിവി കാണാന്‍ പോകും.
“സ്കൂളിലും നോട്ടപ്പുള്ളിയായിരുന്നുവെങ്കിലും സ്നേഹം തന്ന കുറേ ടീച്ചര്‍മാരുമുണ്ട്. അവരെയൊന്നും മറക്കില്ല.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോ, ഇനി പഠിച്ചതൊക്കെ മതി വല്ല ജോലിക്കും പോയി വീട്ടുകാരെ സഹായിക്കെന്നു പലരും പറഞ്ഞു.
“ഉപ്പ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിന്‍റെ കാര്യങ്ങള്‍ നടക്കുന്നത്. പക്ഷേ, ഉപ്പ ഹൈസ്കൂളില്‍ ചേര്‍ത്തു. 3 കിലോമീറ്റര്‍ അപ്പുറമുള്ള ബോവിക്കാനം സ്കൂളിലാണ് ചേര്‍ന്നത്.
“കഷ്ടപ്പാടുകളൊക്കെ കാരണം ഏഴാം ക്ലാസിന്‍റെ വലിയ അവധിക്ക് ഐസ് വില്‍ക്കാനും മിഠായി കച്ചവടത്തിനും പോയിരുന്നു. പഠിക്കണ കാലത്ത് കുറേ പണികള്‍ ചെയ്തിട്ടുണ്ട്.
“ഐസും മിഠായിയും വിറ്റിട്ടുണ്ട്. കിണര്‍ കുത്തല്‍, റോഡ് പണിക്ക്, വാര്‍ക്കപ്പണിക്ക്, കൂലിപ്പണിക്ക് ഇങ്ങനെ ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മാത്രമല്ല അനിയന്‍മാരും ഇങ്ങനെ ഓരോ പണിക്കും പോയിട്ടുണ്ട്.
“വീട്ടിലെ സാഹചര്യങ്ങള്‍ക്കിടയില്‍ പഠിക്കാനെന്നും പറഞ്ഞ് കാശ് ചോദിക്കാനാകില്ലായിരുന്നു. അങ്ങനെയാണ് അവധിക്കാലത്ത് പല പണികള്‍ക്ക് പോകുന്നത്.
“കര്‍ണാടകയില്‍ റോഡ് പണിക്ക് പോകുമ്പോ 14 വയസാണ്. വേനലവധിക്ക് ജോലിക്ക് പോയാലേ അടുത്ത വര്‍ഷം സ്കൂളിലേക്കുള്ള പുസ്തകവും ബാഗും യൂനിഫോമുമൊക്കെ വാങ്ങാനാകൂ.
“ഒരാഴ്ചത്തേക്കുള്ള ബസ് കൂലിയായി അഞ്ച് രൂപ ഉപ്പ തരും. ബാക്കി ചെലവൊക്കെ തനിയെ ചെയ്യണമായിരുന്നു. ഉച്ചഭക്ഷണമൊന്നും ഉണ്ടാകില്ല. ഉച്ചയ്ക്കാണേല്‍ നല്ല വിശപ്പമുണ്ടാകും. അന്ന് ഏഴാം ക്ലാസ് വരെ മാത്രമേ സ്കൂളില്‍ നിന്ന് ഉച്ചക്കഞ്ഞി നല്‍കിയിരുന്നുള്ളൂ.
“ഉപ്പ തരുന്ന ബസ് കാശില്‍ നിന്ന് പൈസയെടുത്താ പിറ്റേ ദിവസം സ്കൂളില്‍ പോകാന്‍ കാശുണ്ടാകില്ല. വിശക്കുമ്പോ കുറേ വെള്ളം കുടിക്കും. സ്കൂളിനടുത്തൊരു കടയുണ്ട്.
“വല്ലപ്പോഴും ഉച്ചയ്ക്ക് വിശപ്പ് സഹിക്കാതെ വരുമ്പോ അവിടെ പോയി പൊറോട്ട കഴിക്കും. സമ്പാറും കൂട്ടിയാണ് പൊറോട്ട കഴിക്കുന്നത്. ഉച്ചനേരത്ത് വെള്ളം കുടിച്ചും വിശപ്പ് സഹിച്ചും ശീലമായിപ്പോയി.. അതുകൊണ്ടെന്താ ഇപ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോ വൈകുന്നേരമാകും.” ആ നേരത്തേ വിശപ്പ് തോന്നൂ. എന്ന് ഷെരീഫ്.
തല്ലുകൊള്ളിത്തരം കാണിച്ചിരുന്നുവെങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു ഷെരീഫ്. പക്ഷേ, ഒമ്പതാം ക്ലാസില്‍ പരാജയപ്പെട്ടു. അക്കഥ ഓര്‍ത്തെടുക്കുകയാണ് ഷെരീഫ്.
“ബോവിക്കാനത്ത് ബിഎആര്‍എച്ച്എസിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഒമ്പതാം ക്ലാസില്‍ ലീഡറായിരുന്നു. കുരുത്തക്കേടുകളില്ലാതെ നല്ല കുട്ടിയാകണമെന്ന ചിന്തയൊക്കെയുണ്ടായിരുന്നു.
“പക്ഷേ, വര്‍ഷാവാസാനമായാതോടെ തല്ല് കേസില്‍ പെട്ട് സ്കൂളീന്ന് പുറത്താക്കി. സംഭവം എന്താണെന്നു വച്ചാല്‍, ലീഡറായത് കൊണ്ട് എല്ലാ കാര്യങ്ങളും നോക്കണമെന്നാ ടീച്ചര്‍ പറഞ്ഞിരിക്കുന്നത്.
“ക്ലാസ് മുറി അടിച്ചു വൃത്തിയാക്കേണ്ട ചുമതല ഓരോ ബെഞ്ചുകാര്‍ക്കായി തിരിച്ചിട്ടുണ്ട്. ഓരോ ദിവസം ഓരോ ബെഞ്ചുകാര്‍. അന്നേ ദിവസം ക്ലാസ് മുറി വൃത്തിയാക്കേണ്ട ചുമതലയുള്ള ബെഞ്ചിലെ പെണ്‍കുട്ടിയോട് കാര്യം സംസാരിച്ചു.
“അപ്പുറത്തെ ക്ലാസില്‍ നിന്ന് ചൂലും വാങ്ങിച്ചു കൊടുത്തിട്ടും അവര് അടിച്ചു വൃത്തിയാക്കിയില്ല. ക്ലാസമുറി വൃത്തിയല്ലല്ലോ എന്നു പറഞ്ഞു ടീച്ചറിന്‍റെ ചീത്തയും കേള്‍ക്കേണ്ടി വന്നു.
“ആദ്യ പിരീഡിന് ശേഷം വീണ്ടും അവളോട് അടിച്ചുവരാത്തത് എന്താണെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. അടുത്തിരുന്ന കൂട്ടുകാരന്‍ തമാശയ്ക്കെന്നോണ്ണം വേണ്ടെടാ വേണ്ടെടാ.. എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.
“അവള്‍ പറഞ്ഞു, ഇവന് എന്താ ചെയ്യുന്നേന്ന് ഒന്ന് കാണട്ടേന്ന്. അതു കേട്ടപാടെ അവളെ ഞാന്‍ തല്ലി. അതോടു കൂടി തീരുമാനമായി, സ്കൂളില്‍ നിന്നു പുറത്താക്കി. ഒടുവില്‍ സ്വന്തം ഉമ്മയെയും കൊണ്ടു സ്കൂളിലേക്ക്.
“പക്ഷേ സ്വന്തം ഉമ്മയാണെന്നു പറഞ്ഞിട്ടും ഹെഡ്മാസ്റ്റര്‍ വിശ്വസിക്കുന്നില്ല. പറ്റിക്കുകയാണെന്നു കരുതി. ഒടുവില്‍ ഉമ്മ പറഞ്ഞ് പറഞ്ഞ്, പരീക്ഷയെഴുതാന്‍ മാഷ് അവസരം തന്നു.”
പക്ഷേ, വാര്‍ഷികപ്പരീക്ഷയ്ക്ക് തോറ്റു. പഠിക്കാത്തതു കൊണ്ട് തോറ്റതാണെന്നു ഇപ്പഴും ഷെരീഫ് വിശ്വസിക്കുന്നില്ല, തോല്‍പിച്ചതാണെന്നാണ് അദ്ദേഹം കരുതുന്നത്. സാധാരണ ഒമ്പതാം ക്ലാസില്‍ തോറ്റാല്‍ പിന്നെ ആരും പഠിക്കാന്‍ അതേ സ്കൂളിലേക്ക് വരാറില്ല. പക്ഷേ, ഷെരീഫ് അവിടെ തന്നെ പഠനം തുടര്‍ന്നു.
മനഃപൂര്‍വ്വം തിരിച്ചുചെന്നതല്ല, അടുത്തുള്ള രണ്ട് സ്കൂളുകളില്‍ അഡ്മിഷന് ശ്രമിച്ചെങ്കിലും നടന്നില്ല. “എന്നെക്കുറിച്ച് അറിഞ്ഞതു കൊണ്ട് ആരും അഡ്മിഷന്‍ തന്നില്ല,” എന്ന് ഷെരീഫ്.
വര്‍ഷങ്ങള്‍ക്ക് ശേഷം അതേ 9-ാം ക്ലാസ് മുറിയിലേക്ക് ഷെരീഫ് വീണ്ടും പോയി. അധ്യാപകനായിട്ടായിരുന്നു അത്. ബിഎഡ് പരിശീലന സമയത്ത് ആ സ്കൂളിലായിരുന്നു ഷെരീഫിന് അധ്യാപന പരിശീലനം.
“പത്താം ക്ലാസ് വിജയിച്ചത് ഇന്നും അത്ഭുതത്തോടെ കാണുന്നവരുണ്ട്. 261 മാര്‍ക്ക് നേടിയാണ് ജയിച്ചത്. ബേവിക്കാനം സ്കൂളില്‍ തന്നെയായിരുന്നു പ്ലസ് ടു ഹ്യൂമാനിറ്റിസീനും ചേര്‍ന്നത്,” ഷെരീഫ് തുടരുന്നു.
സുമയ്യ, ഇക്ബാല്‍, ഫൈസല്‍, അബൂബക്കര്‍ സിദ്ധീഖ് എന്നിവരാണ് ഷെരീഫിന്‍റെ സഹോദരങ്ങള്‍. പഠിക്കാനിഷ്ടമായിരുന്നുവെങ്കിലും സാഹചര്യങ്ങള്‍ മോശമായതിനാല്‍ അവര്‍ക്ക് പാതിവഴിയില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു.
“കൂട്ടത്തില്‍ ഏറ്റവും ഇളയവനായ അബൂബക്കര്‍ സിദ്ധീഖ് നല്ല പോലെ പഠിക്കുമായിരുന്നു. പക്ഷേ, പാതിവഴിയില്‍ പഠനം അവസാനിപ്പിച്ച് സൗദിയിലേക്ക് പോകേണ്ടി വന്നു.
“സൗദിയിലെ പൊരിവെയില്‍ വലിയ ട്രക്കുകള്‍ ഓടിച്ചിരുന്ന അവന്‍ രണ്ടു നേരം മാത്രം ഭക്ഷണം കഴിച്ച് അവിടെ കഷ്പ്പെടുകയായിരുന്നു. സഹോദരങ്ങളെല്ലാവരും പഠനം അവസാനിപ്പിച്ച് പല ജോലികള്‍ ചെയ്തു കൊണ്ടിരുന്നു.
“പക്ഷേ, ഞാന്‍ മാത്രം പഠനം തുടര്‍ന്നു. പഠിക്കാന്‍ വേണ്ടി കുറേ കഷ്ടപ്പെട്ടിരുന്നു അതിന്‍റെ കുറേ കടങ്ങളുമെനിക്കുണ്ടായിരുന്നു. പഠിക്കാനൊരു സാഹചര്യമുണ്ടാകാന്‍ സഹോദരങ്ങളും കാരണമായിട്ടുണ്ട്.
“പണിക്ക് ഞാനും ഇറങ്ങിയിരുന്നേല്‍ പഠനം അവസാനിപ്പിക്കേണ്ടി വരുമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും അനിയന്‍മാര്‍ നല്ല പോലെ നോക്കി. കാസറഗോഡ് ഗവണ്‍മെന്‍റ് കോളെജിലാണ് ബി എ ഹിസ്റ്ററി പഠിച്ചത്.
“അന്നാണ് കരിയര്‍ ഗൈഡന്‍സിലേക്കെത്തുന്നതും കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു തുടങ്ങുന്നത്. മുജീബുള്ളയാണ് ഇതിനൊക്കെ സഹായിച്ചത്. അദ്ദേഹമെന്‍റെ വഴികാട്ടിയാണ്.
“ചെറിയൊരു വരുമാനവും ഇതിലൂടെ കിട്ടി തുടങ്ങി. മലബാര്‍ മേഖലയില്‍ സിജിയ്ക്ക് ക്ലാസെടുത്തിരുന്നത് മുജീബുള്ളയാണ്. അദ്ദേഹത്തിന് അപകടം പറ്റി ക്ലാസെടുക്കാന്‍ പോകാതെ വന്നപ്പോ പകരക്കാരനായത് ഞാനാണ്.
“പുതിയ കോഴ്സുകളെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് എനിക്കും അതൊക്കെ പഠിക്കണമെന്നു തോന്നി. അങ്ങനെയാണ് ഒന്നിലേറ ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയത്.
എന്നാല്‍ ഞാന്‍ ഡിഗ്രി നാലു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പച്ചയായി പറഞ്ഞാ ഇംഗ്ലിഷിന് പൊട്ടിപ്പോയി..
വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലും മറ്റും സജീവമായിരുന്ന കൊണ്ട് പറ്റിയതാണ് എന്ന് ഷെരീഫ്.
ബിഎയ്ക്ക് ശേഷം അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ എം എ– പൊളിറ്റിക്കല്‍ സയന്‍സിന് ചേര്‍ന്നു. ഒന്നാം റാങ്കോടെ വിജയിച്ചു. ആ സമയത്ത് തന്നെയാണ് അവരുടെ പിജി ഡിപ്ലോമ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് ചെയ്തത്.
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസത്തിലൂടെ ഏതെങ്കിലും കോഴ്സിന് ചേരാം, പകുതി ഫീസ് മതി. ആ ഓഫറിലാണ് ഈ കോഴ്സ് ചെയ്യുന്നത്. എം എസ് സി അപ്ലൈഡ് സൈക്കളോജിയും ഇഗ്നോയും എംഎ സൈക്കളോജിയും– ബിഎഡും എംഎഡും പൂര്‍ത്തിയാക്കി നെറ്റും സെറ്റും നേടി.
ഇപ്പോള്‍ രണ്ട് കോഴ്സുകള്‍ ചെയ്യുന്നുണ്ട്. യോഗ ആന്‍ഡ് മെഡിറ്റേഷനും പി ജി ഡിപ്ലോമ ഇഗ്ലിഷ് ആന്‍ഡ് ലാഗ്വേജ് ടീച്ചിങ്ങും. ഇതിന്‍റെയൊക്കെ ഇടയിലാണ് ഷെരീഫ് പിഎച്ച്ഡിയും സ്വന്തമാക്കിയിരിക്കുന്നത്.
ബെംഗളൂരു ക്രിസ്തുജയന്തി ഓട്ടണമസ് കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണിപ്പോള്‍. എന്നാല്‍ ഇപ്പോഴും കരിയര്‍ ഗൈഡന്‍സ് ക്ലാസെടുക്കുന്നുണ്ട്. സൗദി,ദുബായ്, ജിദ്ദ, റിയാദ്, ഒമാന്‍, നേപ്പാള്‍ ഇവിടങ്ങളിലൊക്കെ ഇദ്ദേഹം ക്ലാസെടുത്തിട്ടുണ്ട്.
“പിഎച്ച് ഡി കിട്ടിയ സന്തോഷത്തിലാണ് ഫെയ്സ്ബുക്കിലൊരു കുറിപ്പെഴുതിയിട്ടത്.” വൈറലായ കുറിപ്പിനെക്കുറിച്ച് അദ്ദേഹം പറയുന്നു. “സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരടക്കം ഒരുപാട് ആളുകള്‍ വിളിച്ചു.
“എന്നാല്‍ വലിയ സന്തോഷമായത് ഉമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴാണ്. അനിയനാണ് കുറിപ്പ് ഉമ്മയ്ക്ക് കാണിച്ചു കൊടുക്കുന്നത്. ‘പഴയ കുറേ കാര്യങ്ങളോര്‍ത്തു കരഞ്ഞു പോയല്ലോടാ’ എന്നാ ഉമ്മ പറഞ്ഞത്.
“പഴയ കഷ്ടപ്പാടുകളൊക്കെ മാറി, ഇപ്പോ ഉമ്മയും ഉപ്പയും സഹോദരങ്ങളുമെല്ലാം നല്ല നിലയിലാണ്. ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റിയ ഉപ്പ, കഷ്ടപ്പാടുകളില്‍ തളരാതെ നയിച്ച ഉമ്മ.
“പിന്നെ പഠിക്കണമെന്നാഗ്രഹിച്ചിട്ടും എനിക്ക് വേണ്ടി പഠനം വേണ്ടെന്നു വച്ച് ദുബായിലെ ഹോട്ടലില്‍ പാത്രം കഴുകിയും വസ്ത്രം അലക്കിയും ട്രക്ക് ഓടിച്ചും ജീവിച്ച എന്‍റെ അനുജന്‍മാര്‍, സ്വന്തം ശമ്പളം കൊണ്ട് എന്നെ പഠിപ്പിച്ച ഭാര്യ ഡോ. ഷെരിഫ നൗഫിന..ഇവരൊക്കെയാണ് എന്‍റെ നേട്ടങ്ങള്‍ക്ക് പിന്നില്‍…” അഭിമാനത്തോടെ ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ. ഷെരിഫ നൗഫിന. രണ്ടര വയസുകാരന്‍ മുഹമ്മദ് ആദില്‍ ഷെരീഫാണ് മകന്‍.
ബിയോണ്ട് ദി ബോര്‍ഡര്‍ എ റോഡ് മാപ്പ് റ്റു കരിയര്‍ സക്സസ് എന്നൊരു പുസ്തകവുമെഴുതിയിട്ടുണ്ട് ഡോ. ഷെരീഫ് പൊവ്വല്‍.
ഇതുകൂടി വായിക്കാം:പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും