സലീമിന്‍റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ

അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നു. പ്രമുഖരടക്കം നിരവധി ആളുകളാണ് ഈ തോട്ടം കാണാനെത്തുന്നത്.

തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന  തൃശൂര്‍ക്കാരന്‍ മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്‍.

അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന്‍ കൂടിയായ ഈ 68-കാരന്‍. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്.

പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്‍റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്.

ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ കഷ്ടപ്പെട്ട ദിവസങ്ങളില്‍ നിന്ന് മോചനം നല്‍കിയ മഞ്ഞളിനെ മറന്നില്ലെന്നു മാത്രമല്ല, പ്രധാനകൃഷിയായി കൂടെ കൂട്ടുകയും ചെയ്തു ഈ കര്‍ഷകന്‍.

മുഹമ്മദ് സലീം

“ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശരീരം മുഴുവനും കുമിളകളുണ്ടായി പഴുക്കുന്ന അസുഖം വരുന്നത്. നെഞ്ചിലും പുറത്തും കൈകളിലുമൊക്കെയായി വലിയ കുമിളകളാണുണ്ടായത്,” മുഹമ്മദ് സലീം ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെയ്ക്കുന്നു.

“കടുത്ത വേദന കാരണം ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു. ഹെര്‍പിസ് വൈറസ് പരത്തുന്ന രോഗമായിരുന്നു. ഒരുപാട് ആശുപത്രികളിൽ കാണിച്ചു.

“കുറേ കുമിളകൾ സർജറിയിലൂടെ ഒഴിവാക്കി. പക്ഷേ അസുഖം പൂർണമായും ഭേദമായില്ല. ഇത്രേം പ്രായമൊക്കെ ആയില്ലേ.., ഭേദമാകാൻ സാധ്യതയില്ലെന്നാ ഡോക്റ്റർമാർ പറഞ്ഞത്.

“അലോപ്പതി ചികിത്സ അവസാനിപ്പിച്ച് ആയൂർവേദത്തിലേക്കെത്തി. ഇരിഞ്ഞാലക്കുടയിലെ ഒരു വൈദ്യരെയാണ് കാണിച്ചത്. മഞ്ഞൾപ്പൊടി കഴിക്കുന്നതിന് നിർദേശിച്ചത് ഈ വൈദ്യരാണ്.

“അങ്ങനെയാണ് നെല്ലിക്ക ജ്യൂസിൽ മഞ്ഞൾപ്പൊടി കലക്കി കുടിച്ചു തുടങ്ങുന്നത്. അഞ്ചോ ആറോ നെല്ലിക്ക നീരെടുത്ത് അഞ്ച് ​ഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കും. അതൊരു ശീലമാക്കി. മെല്ലെ അസുഖം കുറഞ്ഞു തുടങ്ങി. അധികം വൈകാതെ പൂര്‍ണമായും മാറി,” എന്ന് സലീം.

പിന്നീട് മഞ്ഞളിനെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമമായി. ഒപ്പം കൃഷിയും ആരംഭിച്ചു. ഇപ്പോള്‍ നാടന്‍ മഞ്ഞള്‍ പൊടിച്ച് വില്‍ക്കുകയും മഞ്ഞളറിവുകളെക്കുറിച്ച് ക്ലാസ്സുകളെടുക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം.

അഞ്ചേക്കറിൽ പ്രധാനമായും മഞ്ഞളാണ് കൃഷി ചെയ്യുന്നത്. എന്നാൽ മഞ്ഞൾ വ്യവസായി അല്ല താന്‍ എന്നും, മഞ്ഞൾ കൃഷിയുടെ പ്രചാരകനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“പറമ്പില്‍ നിന്ന് നല്ല വിളവ് കിട്ടുന്നത് കൊണ്ടു തന്നെ പല കമ്പനിക്കാരും മഞ്ഞളാവശ്യപ്പെട്ട് സമീപിച്ചിരുന്നു. കമ്പനിക്കാരെടുത്താല്‍ നല്ല ലാഭം നേടാം. പക്ഷേ അങ്ങനെ കൊടുക്കാറില്ല.

“അവര് ആ പൊടിയില്‍ നിന്ന് കുര്‍ക്കുമിന്‍ (Curcumin-മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സവിശേഷ രാസവസ്തു. ഇത് പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ടത്രേ) വേര്‍തിരിച്ച് വില്‍പ്പനയ്ക്കെത്തിച്ചാല്‍ എന്‍റെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമല്ലേ. മഞ്ഞള്‍ വിത്തും മായം കലരാത്ത മഞ്ഞള്‍പ്പൊടിയും ജനങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹം,” സലീം പറയുന്നു.

വീടിനോട് ചേര്‍ന്നുള്ള മൂന്നേക്കറിലും കുറച്ചു ദൂരത്തുള്ള രണ്ടേക്കറിലുമാണ് മഞ്ഞള്‍ കൃഷി ചെയ്യുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.  കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി സലീം മഞ്ഞള്‍ കൃഷി ചെയ്യുന്നു.

സലീമിന്‍റെ മഞ്ഞള്‍കൃഷി കാണാനെത്തിയ നടന്‍ സലിം കുമാര്‍

“നല്ല മഴ ആരംഭിക്കുന്ന നാളില്‍, അതായത് ഏപ്രില്‍-മേയ് മാസങ്ങളിലാണ് വിത്ത് പാകേണ്ടത്. അതിനു മുന്‍പേ കുമ്മായമിട്ട് നിലമൊരുക്കണം,” മഞ്ഞള്‍ കൃഷിരീതി വിശദീകരിക്കുകയാണ് കര്‍ഷകന്‍

“ജൂണ്‍ മാസമെത്തുമ്പോഴേക്കും വീണ്ടും ജൈവവളമിട്ടു കൊടുക്കണം. ചെടിക്ക് വളര്‍ച്ച കുറവുണ്ടെന്നു തോന്നിയാല്‍ എല്ലുപ്പൊടിയിടും. വേപ്പിലപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാരം, ചാണകം, ജൈവകീടനാശിനിയായ സ്യൂഡോമോണസ്  ഇതൊക്കെ ചെടികള്‍ക്ക് കൊടുക്കും.ഡിസംബര്‍ മാസത്തോടെ ഇല ഉണങ്ങി തുടങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്.”

വിത്തിനുള്ള മഞ്ഞള്‍ മാറ്റിവച്ച് ബാക്കിയുള്ളവ പൊടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്. പ്രതിഭ എന്ന ഇനമാണിപ്പോള്‍ സലീം നട്ടിരിക്കുന്നത്. കൂടുതലും നാടന്‍ ഇനം തന്നെയാണ് കൃഷി ചെയ്യുന്നത്. കൂട്ടത്തില്‍ കസ്തൂരി മഞ്ഞളുമുണ്ട്.

ആവിയില്‍ പുഴുങ്ങി ഉണക്കിപൊടിച്ചതും പുഴുങ്ങാതെ ഉണക്കിപ്പൊടിച്ചുമാണ് മഞ്ഞള്‍പ്പൊടിയുണ്ടാക്കുന്നത്.

“വലിയ പാത്രത്തില്‍ വെള്ളം നിറച്ച് മുകളിലൊരു തട്ട് വച്ച്, അതില്‍ മഞ്ഞളിട്ട് പുഴുങ്ങും. പിന്നീട് പത്തു ദിവസത്തോളം അവ ഉണക്കാന്‍ വയ്ക്കും. നന്നായി ഉണങ്ങിയ ശേഷം പൊടിച്ചെടുക്കും.

“മറ്റൊരു രീതി പച്ച മഞ്ഞള്‍ കഴുകിവൃത്തിയാക്കി കഷ്ണങ്ങളാക്കിയ ശേഷം 15 ദിവസം ഉണക്കാന്‍ വയ്ക്കും. നന്നായി ഉണങ്ങിയ ശേഷം പൊടിച്ചെടുക്കും.  കുര്‍ക്കുമിന്‍ ഒട്ടും നഷ്ടപ്പെടുത്താതെയാണ് മഞ്ഞള്‍പ്പൊടിയുണ്ടാക്കുന്നത്.

“രണ്ടിന്‍റെയും വിലയില്‍ വ്യത്യാസമുണ്ട്. ആവിയില്‍ പുഴുങ്ങിയ ശേഷം ഉണക്കി പൊടിക്കുന്ന മഞ്ഞള്‍പ്പൊടിക്ക് കിലോ 450 രൂപയാണ്. എന്നാല്‍ പച്ചമഞ്ഞള്‍ ഉണക്കിപൊടിക്കുന്നതിനാണ് വില കൂടുതല്‍.

“കിലോ 600 രൂപയ്ക്കാണിവിടെ വില്‍ക്കുന്നത്. 15 കിലോ പച്ചമഞ്ഞള്‍ അരിഞ്ഞ് ഉണക്കി പൊടിച്ചാല്‍ മൂന്നു കിലോയെ കിട്ടുകയുള്ളൂ. പുഴുങ്ങിയെടുക്കുന്നതിനെക്കാള്‍ ഗുണം പച്ചമഞ്ഞള്‍ ഉണക്കി പൊടിക്കുന്നതാണ്. പണി കൂടുതലും ഈ രീതിയ്ക്കായതു കൊണ്ടാണ് വില കുറച്ചു കൂടുതല്‍,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം:പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്‍ഷകന്‍!


സലീമിന്‍റെ വീട്ടില്‍ വന്നു മഞ്ഞള്‍പ്പൊടി വാങ്ങുന്ന ആളുകളുണ്ട്. ബാക്കിഓര്‍ഡര്‍ അനുസരിച്ച് കൊറിയര്‍ അയച്ചുകൊടുക്കും. കേരളത്തില്‍ മാത്രമല്ല കര്‍ണാടക, മഹാരാഷ്ട്ര ഇവിടങ്ങളില്‍ നിന്നൊക്കെ ഓര്‍ഡര്‍ എത്താറുണ്ടെന്ന് സലീം.

“ഗള്‍ഫുനാടുകളിലേക്കും ഇവിടുത്തെ മഞ്ഞള്‍ പോയിട്ടുണ്ട്. വിദേശത്തുള്ളവരുടെ ബന്ധുക്കള്‍ വഴിയാണ് മഞ്ഞള്‍ കൊണ്ടുപോകുന്നത്. നേരിട്ട് വിദേശരാജ്യങ്ങളിലേക്ക് അയക്കാനുള്ള ലൈസന്‍സ് ഒന്നും നമുക്കില്ലല്ലോ,” എന്ന് സലീം.

ഏക്കറുകളോളം നീണ്ടു കിടക്കുന്ന സലീമിന്‍റെ തോട്ടത്തിലെ മഞ്ഞള്‍ കൃഷി കാണാനും ആളുകള്‍ എത്താറുണ്ട്. ധനമന്ത്രി തോമസ് ഐസക്കും അഭിനേതാക്കളായ ശ്രീനിവാസനും സലിം കുമാറും തോട്ടം സന്ദര്‍ശിച്ച പ്രമുഖരില്‍ പെടും.

മഞ്ഞള്‍ വിളവെടുപ്പിന് ശേഷം

സ്കൂളുകളിലും മറ്റും മഞ്ഞൾ കൃഷിയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ പോകുമ്പോള്‍ സലിം അഭ്യര്‍ത്ഥിക്കുന്ന ഒരു കാര്യമുണ്ട്- വീട്ടാവശ്യത്തിനുള്ള മഞ്ഞളെങ്കിലും വീട്ടില്‍ കൃഷി ചെയ്തെടുക്കണമെന്ന്.
“മഞ്ഞൾ ഉപയോ​ഗത്തിലൂടെ എന്‍റെ ശരീരത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചും ആളുകളെ അറിയിക്കാറുണ്ട്. മഞ്ഞൾ കൃഷി വ്യാപകമാകുകയാണെങ്കിൽ മായമില്ലാത്ത പൊടി ഉപയോ​ഗിക്കാനാകും. പരിശീലക്ലാസുകളിൽ വരുന്നവർക്ക് സൗജന്യമായി മഞ്ഞൾ വിത്തും നൽകാറുണ്ട്.

“കുറേയേറെ പേർക്ക് മഞ്ഞൾ വിത്ത് ലഭ്യമാക്കിയാൽ കൃഷി വ്യാപകമാകും. നല്ല മഞ്ഞൾപ്പൊടി ഉപയോ​ഗിക്കുന്നതിലൂടെ രോ​ഗങ്ങളെ അകറ്റി നിറുത്താനും പ്രതിരോധശേഷി കൂട്ടാനുമാകും.

“മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രധാന കാരണമിതാണ്. 50 ​ഗ്രാമിനുള്ളതെങ്കിലും വീട്ടിൽ കൃഷി ചെയ്തുണ്ടാക്കൂവെന്നേ പറയാനുള്ളൂ. ഒരുപാട് ആളുകൾ മഞ്ഞൾ കൃഷിയിലേക്കെത്തിയിട്ടുമുണ്ട്.” എന്ന് സലീം.

സ്വന്തം കൃഷിഭൂമിയുണ്ടെങ്കില്‍ പണികളൊക്കെ സ്വയം ചെയ്യുകയുമാണെങ്കില്‍ മഞ്ഞള്‍കൃഷി മികച്ച വരുമാനമാര്‍ഗമാണെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

“എനിക്ക് പ്രായം 68 ആയി. എല്ലാ പണികളും ഒറ്റയ്ക്ക് സാധിക്കില്ല. കൃഷിപ്പണിക്ക് സഹായത്തിന് പണിക്കാരുണ്ട്. ഭാര്യയും മോനും മരുമോളുമൊക്കെ സഹായിക്കും.

“ആവശ്യക്കാര്‍ക്ക് മഞ്ഞളെത്തിക്കുന്ന കാര്യങ്ങളൊക്കെ മോന്‍ മുഹമ്മദ് അന്‍സാര്‍ നോക്കിക്കൊള്ളും. മഞ്ഞള്‍പ്പൊടിയുടെ പാക്കിങ്ങ് കാര്യങ്ങളൊക്കെ ഭാര്യ ഷെരീഫയും പിന്നേ എല്ലാ കാര്യത്തിലും മകന്‍റെ ഭാര്യ നസ്റീന്‍റെയും പിന്തുണയുണ്ട്. പെണ്‍മക്കളായ സീനത്തും സബൂറയും വിവാഹിതരാണ്,” സലീം പറഞ്ഞു.

സലീമിന്‍റെ കൃഷിയിടത്തിലെത്തിയ നടന്‍ ശ്രീനിവാസന്‍

മഞ്ഞളിന് ഇടവിളയായി ചേന കൃഷിയുണ്ട്. എന്നാല്‍ മഞ്ഞള്‍ സീസണിന് ശേഷമാണ് ആ പറമ്പില്‍ കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. മഞ്ഞള്‍ പോലെ പച്ചക്കറിയും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

“മത്തന്‍, കുമ്പളം, പാവല്‍, പടവലം ഇങ്ങനെ ഒട്ടുമിക്കവയുമുണ്ട്. പതിനായിരത്തോളം വാഴയൊക്കെ കൃഷി ചെയ്തിരുന്നു. ഇപ്പോ വളരെ കുറച്ചു വാഴകള്‍ മാത്രമേയുള്ളൂ.

“കുറച്ചുകാലം മുന്‍പ് വരെ തെങ്ങ് കൃഷിയായിരുന്നു മുഖ്യം. പക്ഷേ ഇപ്പോ തെങ്ങില്‍ നിന്നു ആദായം കുറവാണ്. കമുകും ജാതിയുമൊക്കെയുണ്ട്,” മുഹമ്മദ് സലീം പറഞ്ഞു.

മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്, ആത്മ പുരസ്കാരം, വനമിത്ര തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം:“എന്നാ വെച്ചാലും കാട്ടുമൃഗങ്ങള്‍ വന്നുതിന്നും.” ഒടുവില്‍  കാന്താരി മുളക് പരീക്ഷിച്ചു! കണമല കാന്താരി ഗ്രാമമായ കഥ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം