യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%

വെറും ‘എന്‍ട്രി’യല്ല; മലയാളി യുവസംരംഭത്തിന്‍റെ ‘മാസ് എന്‍ട്രി’യുടെ കഥ.

ന്‍ട്രന്‍സിനും കോച്ചിങ്ങിനും നൂറായിരം ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള സാധാരണക്കാര്‍ക്കറിയാം, ഇംഗ്ലീഷ് എന്ന കടമ്പ കടക്കാനുള്ള പെടാപ്പാട്.

മുഹമ്മദ് ഹിസാമുദ്ദീനും കൂട്ടര്‍ക്കും അതിന്‍റെ പാട് നന്നായി അറിയാം. കാരണം, അവരെല്ലാം എന്‍ജിനീയറിങ്ങ് കഴിഞ്ഞിറങ്ങിയവരാണ്.

“എന്‍ജിനീയറിംഗ് പഠിച്ചയാള്‍ക്കാരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ തന്നെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോയിട്ടുണ്ട്, എന്‍ട്രന്‍സ് എക്‌സാമിനെല്ലാം. ഒരു ക്ലാസില്‍ 60 പേരെല്ലാമുണ്ടാകും അന്ന്. എന്നാല്‍ ക്ലാസിന്‍റെ ഗുണം അഞ്ചോ പത്തോ പേര്‍ക്കേ കാര്യമായി ലഭിക്കൂ. അതായിരുന്നു അവസ്ഥ. ആ ന്യൂനത ഞങ്ങള്‍ക്കറിയാമായിരുന്നു,” ഹിസാം എന്ന് കൂട്ടുകാരെല്ലാം വിളിക്കുന്ന മുഹമ്മദ് ഹിസാമുദ്ദീന്‍ പറയുന്നു.

അതുമാത്രമല്ല, പഠനം കഴിഞ്ഞ് തൊഴിലന്വേഷിച്ചിറങ്ങുമ്പോഴും ഇംഗ്ലീഷ് പലര്‍ക്കും ബാലികേറാമലയാകും.ഉള്ള സ്കില്ലിന് പുറമെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനുമുണ്ട് ഈ പ്രയാസം.

ഈ പ്രശ്നം എളുപ്പത്തില്‍ മറികടക്കാന്‍ പ്രാദേശിക ഭാഷകളില്‍ തന്നെ നൈപുണ്യ വികസനത്തിന് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായാണ് ഹിസാമും കൂട്ടരും എത്തിയത്.

വളരെപ്പെട്ടെന്നുതന്നെ ലക്ഷക്കണക്കിന് പേരിലേക്കെത്തിയ എന്‍ട്രിയുടെ വരവിനെക്കുറിച്ച് സ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍ തന്നെ പറയട്ടെ.

“ലോകത്ത് ഇംഗ്ലീഷ് പ്രാദേശിക ഭാഷയായുള്ള ജനസംഖ്യ വെറും അഞ്ച് ശതമാനം മാത്രമാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം അവരവരുടെ മാതൃഭാഷയുണ്ട്. എങ്കിലും ഇവരെല്ലാം തങ്ങളുടെ നൈപുണ്യം വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈനില്‍ ഇംഗ്ലീഷിനെയാണ് ആശ്രയിക്കുന്നത്. സ്വന്തം ഭാഷയിലല്ലാത്ത പരിശീലനം പലര്‍ക്കും സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയാണ്.” സാധാരണക്കാരെ ജോലി നേടാന്‍ പ്രാപ്തമാക്കുന്ന പ്രാദേശിക ഭാഷാ ആപ്പായ എന്‍ട്രി തുടങ്ങിയതെങ്ങനെയാണ്.

ഇന്‍ഡ്യയിലെ പ്രാദേശിക ഭാഷകളില്‍ മല്‍സര പരീക്ഷാ പരിശീലനവും നൈപുണ്യ വികസന പരിശീലനവും സാധാരണക്കാര്‍ക്ക്  നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് എന്‍ട്രി ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കയാണ്. പ്രാദേശിക ഭാഷകളിലൂടെയുള്ള പരിശീലനം ലക്ഷ്യമിട്ടതിനാലാകാം, മലയാളി യുവാക്കള്‍ സ്ഥാപിച്ച ഈ സംരംഭത്തെത്തേടി  ഈ കൊറോണക്കാലത്തും വലിയ നിക്ഷേപമാണ് എത്തുന്നത്.

മുഹമ്മദ് ഹിസാമുദ്ദീന്‍

കോവിഡ്കാലം സകല മേഖലകളിലും വലിയ മാന്ദ്യമാണുണ്ടാക്കിയത്. ഒട്ടനേകം സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് പൂട്ടിപ്പോയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു വിധ പ്രതികൂല സാഹചര്യങ്ങളും എന്‍ട്രിക്ക് വിഷയമായില്ല. പ്രാഥമിക നിക്ഷേപമെന്ന നിലയില്‍ രണ്ട് ഘട്ടങ്ങളിലായി 23 കോടി രൂപയോളം സമാഹരിക്കാന്‍ സാധിച്ചതിന് കാരണം പ്രാദേശിക ഭാഷയിലധിഷ്ഠിതമായ ബിസിനസ് മാതൃകയാണെന്ന് ഹിസാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അതിലുപരി സമൂഹത്തില്‍ മാറ്റമുണ്ടാക്കാനും ഈ യുവ സംരംഭത്തിന് സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

എന്താണ് എന്‍ട്രി?

സര്‍ക്കാര്‍ ജോലിയാണെങ്കിലും സ്വകാര്യ മേഖലയിലെ ജോലിയാണെങ്കിലും സാധാരണക്കാരെയും മധ്യവര്‍ഗത്തെയും ആ ലക്ഷ്യം എത്തിപ്പിടിക്കാന്‍ അവരവരുടെ ഭാഷകളില്‍ തന്നെ പ്രാപ്തരാക്കുകയാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ് ചെയ്യുന്നത്.


2017-ലാണ് മുഹമ്മദ് ഹിസാമുദീനും സുഹൃത്ത് രാഹുല്‍ രമേഷും ചേര്‍ന്ന് എന്‍ട്രിക്ക് തുടക്കമിടുന്നത്.


“തുടങ്ങിയത് ഒരു ബി-2-ബി (ബിസിനസ്-ടു- ബിസിനസ്) ടൂളായാണ്,” ഹിസാം പറഞ്ഞു തുടങ്ങുന്നു. എന്നാല്‍ തുടക്കം പാളി.

“കോച്ചിങ് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആദ്യ ശ്രമം. അത് വിജയിച്ചില്ല. അത്തരമൊരു സംരംഭത്തിന് അന്ന് ആരും വലിയ ബിസിനസ് സാധ്യതകള്‍ കണ്ടില്ല. ശേഷം 2017-ല്‍ പുതിയ പരീക്ഷണവുമായി എത്തി. അവിടെ ഞങ്ങളുടെ യുണീക് സെല്ലിങ് പോയിന്‍റായിരുന്നു ലോക്കല്‍ ലാംഗ്വേജ്.

“മലയാളത്തിലായിരുന്നു തുടക്കം, കേരള പിഎസ്‌സിക്ക് വേണ്ടി. എന്നാല്‍ കേരളത്തിന് പുറത്തും ഭാഷയുടെ ഈ പ്രശ്‌നമുണ്ടെന്ന് മനസിലായി. ഇപ്പോള്‍ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളില്‍ എന്‍ട്രി വിവിധ ജോലികള്‍ക്കുള്ള പരിശീലനം നല്‍കുന്നു. 30 ലക്ഷം ഉപയോക്താക്കള്‍ ഞങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 90,000 പെയ്ഡ് വരിക്കാരാണ്,” ഹിസാം വിശദമാക്കുന്നു.


എന്‍ട്രി സ്ഥാപകരായ രാഹുലും ഹിസാമും

ദിവസവും 10,000 ഉപയോക്താക്കളെയാണ് ഇപ്പോള്‍ എന്‍ട്രി അതിലേക്ക് ആപ്പിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. ഈ വര്‍ഷം തന്നെ അഞ്ച് ദശലക്ഷമായി യൂസേഴ്‌സ് ഉയരുമെന്ന് ഹിസാം പറയുന്നു. അടുത്ത 18 മാസത്തിനുള്ളില്‍ 10 ദശലക്ഷമായി ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആത്മവിശ്വാസത്തോടെ ഈ യുവസംരംഭകന്‍. പണ്ട്, ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകള്‍ക്കുള്ള സേര്‍ച്ച് എന്‍ജിന്‍ ആയ എസ്എംഎസ് ഗ്യാന്‍ വികസിപ്പിച്ച സംരംഭത്തിന്‍റെ സഹസ്ഥാപകന്‍ കൂടിയാണ് മുഹമ്മദ് ഹിസാമുദീന്‍.

തേടിയെത്തിയത് വന്‍നിക്ഷേപകര്‍

ബോസ്റ്റണ്‍ കേന്ദ്രമാക്കിയ എജുക്കേഷന്‍ ടെക്‌നോളജി ആക്‌സിലറേറ്ററായ ലേണ്‍ലോഞ്ചില്‍ എത്തിപ്പെട്ടതാണ് എന്‍ട്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് ഹിസാം. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 10.5 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നേടിയെടുത്തത്. അതിന് ശേഷം കൊറോണക്കാലത്ത് 12.75 കോടി രൂപയുടെ നിക്ഷേപവും സമാഹരിച്ചു.

പ്രാരംഭ ഘട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഗുഡ് ക്യാപിറ്റല്‍, ഹൈപ്പര്‍ട്രാക്ക് സ്ഥാപകന്‍ കശ്യപ് ദേവ്‌റ, ബിഗ്ബാസ്‌ക്കറ്റ് എച്ച്ആര്‍ മേധാവി ഹരി ടി എന്‍ ഉള്‍പ്പെടെ, സംരംഭകത്വത്തിന്‍റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലേയും ഇന്‍ഡ്യയിലെ മുന്‍നിര സ്റ്റാര്‍ട്ട് അപ് നിക്ഷേപകര്‍ എന്‍ട്രിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ ജോലിയായാലും സ്വകാര്യ ജോലിയായാലും അതിന് വേണ്ടിയുള്ള എല്ലാ കണ്ടെന്‍റും തങ്ങള്‍ക്കെന്ന് ഹിസാം പറയുന്നു. സ്‌പോക്കണ്‍ ഇംഗ്ലീഷ്, ആര്‍ആര്‍ബി, ബാങ്കിങ്, എക്കൗണ്ടിങ്, സെയ്ല്‍സ്, കസ്റ്റമര്‍ കെയര്‍ കോഴ്‌സ് അങ്ങനെ എല്ലാമുണ്ട്. ഏകദേശം 150-ലധികം കോഴ്‌സുകളാണ് എന്‍ട്രി ലഭ്യമാക്കുന്നത്.

അതിവേഗ വളര്‍ച്ച

നിക്ഷേപകരുടെ വിശ്വാസം കാത്താണ് എന്‍ട്രിയുടെ അതിവേഗ വളര്‍ച്ച. കഴിഞ്ഞ നാലു മാസമായി പ്രതിമാസം 30 ശതമാനം വരുമാന വര്‍ധന കൈവരിച്ചു.


രാഹുല്‍ രമേഷ്

“150-ലധികം വിഡിയോ ടീച്ചേഴ്‌സുണ്ട്. ആയിരത്തിലധികം പേരിരുന്നിട്ടാണ് ഉള്ളടക്കം  തയ്യാറാക്കുന്നത്. 185 ജീവനക്കാരുണ്ട് കമ്പനിയില്‍,”ഹിസാം പറയുന്നു. പഠനത്തിനുള്ള മോക്ക്/അഡാപ്റ്റീവ് ടെസ്റ്റുകള്‍, ഫ്‌ളാഷ് കാര്‍ഡുകള്‍, വിഡിയോ പാഠങ്ങള്‍ തുടങ്ങിയ ഉള്ളടക്കം പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്ന എന്‍ട്രിയുടെ ശൈലിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതായാണ് കാസര്‍ഗോഡുകാരനായ ഈ സംരംഭകന്‍റെ അവകാശവാദം.

“തങ്ങളുടെ കഴിവ് മെച്ചപ്പെടുത്തി മികച്ച ശമ്പളം ലഭിക്കുന്നൊരു തൊഴില്‍ തേടുന്ന ഏകദേശം 40 കോടി ജനങ്ങള്‍ ഇന്‍ഡ്യയിലുണ്ട്‌‌. അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ അപ്‌സ്‌കില്‍ കോഴ്‌സുകള്‍ വേണ്ടി വരുന്നുണ്ട്. നല്ല ജോലി കിട്ടാന്‍ അത് വേണം താനും. സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കലാവാം, എക്കൗണ്ടിംഗ് പഠിക്കലാവാം, സര്‍ക്കാര്‍ ജോലിയാകാം…എന്നാല്‍ അവര്‍ക്ക് അവരുടെ ഭാഷയില്‍ അത് പഠിക്കാന്‍ സാധിക്കുന്നില്ല. അവരാണ് എന്‍ട്രിയുടെ മാര്‍ക്കറ്റ്. അതില്‍ വലിയ സാധ്യതയാണ് കാണുന്നത്. സ്വന്തം ഭാഷയില്‍തന്നെ അപ്സ്കില്‍ ചെയ്യാന്‍ അവസരം ഉണ്ടെങ്കില്‍ അവര്‍ക്ക് മികച്ച ജോലി ലഭിക്കുമെന്നത് തീര്‍ച്ച,” തന്‍റെ സംരംഭത്തിന്‍റെ സാധ്യതയെ കുറിച്ച് ഹിസാം.

സമൂഹത്തില്‍ മാറ്റം, സ്ത്രീശാക്തീകരണം

“സാധാരണ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ ഉന്നതിക്ക് ആവശ്യമായ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാന്‍ ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ എന്‍ട്രിയിലൂടെ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചത്, മാതൃഭാഷയില്‍ ഗുണനിലവാരമുള്ള കണ്ടന്റ് നല്‍കിയാല്‍ ഇംഗ്ലീഷിനേക്കാള്‍ മികച്ച രീതിയില്‍ അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നു എന്നതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്, ആ വിധത്തില്‍ നോക്കിയാല്‍, ഞങ്ങള്‍ പരിഹരിക്കുന്നത്,” ഹിസാം പറയുന്നു.

ഇതിനോടകം തന്നെ എന്‍ട്രി പ്ലാറ്റ്‌ഫോമിലൂടെ ഒരു കോടി മിനിറ്റ് വിഡിയോ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.

“എന്‍റെ സ്വന്തം നാട് കണ്ണൂരിലെ പിണറായി ആണ്. കല്യാണം കഴിഞ്ഞുവന്നത് കോഴിക്കോട് കൊയിലാണ്ടിയിലേക്കും. എംഎസ്‌സിയും ബിഎഡും പാസായതാണ്. ചെറിയ കുട്ടികളുണ്ട്. അതിനാല്‍ ജോലിയൊന്നും നോക്കാന്‍ പറ്റിയില്ല. പിഎസ്‌സി കോച്ചിങ്ങിന് പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴാണ് എന്‍ട്രി ആപ്പിനെ കുറിച്ചറിയുന്നത്. അത് വെച്ചായിരുന്നു തിരക്കുകളുടെ ഇടയിലുള്ള പഠനം. ഇപ്പോള്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിന് കാരണം എന്‍ട്രിയാണെന്ന് വിശ്വസിക്കുന്നു,” രേഷ്മയെന്ന വീട്ടമ്മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വീട്ടിലെയും അല്ലാതെയുമുള്ള പലതരത്തിലുള്ള ചുറ്റുപാടുകള്‍ കാരണം ആയിരക്കണക്കിന്സ്ത്രീകളാണ് പലതരം ജോലികള്‍ക്കുള്ള കോച്ചിങ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിന് പുറമെ, ഇംഗ്ലീഷിലുള്ള പരിശീലനം പ്രയാസം സൃഷ്ടിക്കുന്നു, അവരുടെ ശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ഹിസാം വ്യക്തമാക്കുന്നു.

“ഇംപാക്റ്റ്ഫുള്‍ ആയി മാറുന്നുണ്ട് എന്‍ട്രിയുടെ പ്രവര്‍ത്തനം. ജോലി കൊടുക്കാനുള്ള പ്ലാറ്റ്‌ഫോമായി ഇത് മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രം 15,000-ത്തിലധികം പേര്‍ക്ക് എന്‍ട്രി ഉപയോഗിച്ചുള്ള പഠനത്തിലൂടെ ജോലി ലഭിച്ചിട്ടുണ്ട്. നിരവധി വീട്ടമ്മമാര്‍ എന്‍ട്രി ഉപയോഗിച്ച് ജോലി നേടിയത് മികച്ച ഇംപാക്റ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്,” ഹിസാം വിശദമാക്കുന്നു.

“ജോലിക്ക് വേണ്ടി പ്രാപ്തമാക്കുന്ന കണ്ടന്‍റ് മാത്രമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ കെ-12, മറ്റ് വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്നതിലേക്കൊന്നും ഞങ്ങള്‍ കടക്കില്ല.”

സമൂഹത്തില്‍ എന്‍ട്രി മാറ്റം സൃഷ്ടിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രമുഖ ഏഞ്ചല്‍ ഇന്‍വെസ്റ്ററും എന്‍ട്രിയില്‍ നിക്ഷേപം നടത്തിയ ഹൈപ്പര്‍ട്രാക്കിന്‍റെ സ്ഥാപകനുമായ കശ്യപ് ദേവ്‌റ പറയുന്നു.

എന്‍ട്രി ടീം

“എന്‍ട്രിയുടെ ബിസിനസ് മോഡല്‍ ആദ്യമായി എന്നോട് വിശദീകരിച്ച സമയത്തുതന്നെ ഹിസാമില്‍ ഞാനാ ‘തീപ്പൊരി’ കണ്ടിരുന്നു. മല്‍സര പരീക്ഷകള്‍ ജയിച്ച് സര്‍ക്കാര്‍ ജോലി കിട്ടുകയെന്നത് ഇന്‍ഡ്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തെ മാറ്റി മറിക്കുന്ന തീരുമാനമാണ്. തദ്ദേശീയ ഭാഷയിലെ അപ്‌സ്‌കില്ലിങ് പരിശീലനത്തിന് അതുകൊണ്ടുതന്നെ പ്രാധാന്യമുണ്ട്,” കശ്യപ് കൂട്ടിച്ചേര്‍ക്കുന്നു.

എജുക്കേഷന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇന്‍ഡ്യയിലിപ്പോള്‍ വളരെയധികം ശ്രദ്ധ  കിട്ടുന്നുണ്ടെങ്കിലും പ്രാദേശിക ഭാഷാ വിപണികളിലെ സാധ്യതകള്‍ ഇതുവരെ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അവിടെയാണ് എന്‍ട്രിയുടെ സാധ്യതകളെന്നും പറയുന്നു ഗുഡ്ക്യാപിറ്റല്‍ പാര്‍ട്ട്ണര്‍ അര്‍ജുന്‍ മല്‍ഹോത്ര. പ്രാദേശിക ഭാഷകളിലുള്ള ഊന്നല്‍ മികച്ച അവസരങ്ങളാണ് ഹിസാമിന്‍റെ സ്റ്റാര്‍ട്ട് അപ്പിന് മുന്നില്‍ തുറന്നിടുന്നതെന്നും അദ്ദേഹം.

100 ദശലക്ഷം ആളുകള്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന രാജ്യത്ത് തൊഴില്‍ നൈപുണ്യ പരിശീലനം ആപ്പ് വഴി സാധ്യമാക്കുന്ന ഈ മലയാളി സംരംഭത്തിന് അപാരമായ സാധ്യതകളാണുള്ളതെന്ന് നിക്ഷേപ ലോകം അഭിപ്രായപ്പെടുന്നു. മികച്ച സംരംഭകര്‍ക്ക് ആഭ്യന്തര വിപണിയില്‍ വന്‍സാധ്യതകളുണ്ടെന്നാണ് എന്‍ട്രിയുടെ വിജയം ചൂണ്ടിക്കാട്ടുന്നതെന്ന് കേരള സ്റ്റാര്‍ട്ട് അപ്  മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സജി ഗോപിനാഥും വ്യക്തമാക്കുന്നു.

കോച്ചിങ് സെന്ററുകള്‍ ഇല്ലാത്ത ഉള്‍ഗ്രാമങ്ങളിലുള്ളവരിലേക്ക് എത്തിപ്പെടാനും എന്‍ട്രി ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്  മിഷനുമായി ചേര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവര്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത സ്റ്റാര്‍ട്ട് അപ് ആയ യുഡെമിയുടെ ഇന്‍ഡ്യന്‍ പതിപ്പെന്ന വിശേഷണം വരെ ഇതിനോടകം എന്‍ട്രിക്ക് ലഭിച്ചുകഴിഞ്ഞു.

ആഗോള ലക്ഷ്യങ്ങള്‍

ഇതേ മാര്‍ക്കറ്റ് ഫോക്കസ് ചെയ്ത് കൂടുതല്‍ കോഴ്‌സുകള്‍ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹിസാം. അപ്‌സ്‌കില്ലിങ് ഫോക്കസ് ചെയ്ത് 25-ലധികം വേറിട്ട കോഴ്‌സുകള്‍ വരുന്നുണ്ട്. ആദ്യം ഇന്‍ഡ്യയില്‍ ഫോക്കസ് ചെയ്യും. പിന്നീട് പുറത്തേക്കും വ്യാപിക്കും. അറബിക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 46 കോടിയോളം വരും. അവര്‍ക്കും ഇംഗ്ലീഷ് പ്രശ്‌നമുണ്ട്. വലിയ സാധ്യതകളാണ് അത് തുറന്നിടുന്നത്-മുമ്പോട്ടുള്ള യാത്രയെക്കുറിച്ച് മുഹമ്മദ് ഹിസാമുദീന്‍ പറയുന്നു.

അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് എന്‍ട്രി.

കോവിഡ് അനന്തര കാലത്ത് ഓണ്‍ലൈന്‍, ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ക്കുള്ള ആവശ്യകതയില്‍ വമ്പന്‍ വര്‍ധനവാണുണ്ടാകുകയെന്ന് എന്‍ട്രി സ്ഥാപകര്‍ കരുതുന്നു. അത് മുതലെടുത്ത് സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ലോക്ക്ഡൗണിന് ശേഷം ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 ശതമാനവും വരുമാനത്തില്‍ 150 ശതമാനവും വളര്‍ച്ചയാണ് ഈ കൊച്ചുസംരംഭം രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ ഹിസാമിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷകള്‍ വാനോളമാണ്.


ഇതുകൂടി വായിക്കാം: ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം