‘ആ പ്രളയമാണ് സിവില്‍ സര്‍വീസില്‍ ചേരാന്‍ മോഹിപ്പിച്ചത്’: ഗോകുലിന്‍റെ പത്തരമാറ്റ് വിജയം

സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്തൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്നതെന്ന നേട്ടം ഈ തിരുവനന്തപുരംകാരന്

ക്ഷങ്ങള്‍ മുടക്കി സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍ററില്‍ പോയിട്ടില്ല, ഊണും ഉറക്കവും കളഞ്ഞ് ഏതുനേരവും പുസ്തകത്താളുകളിലേക്ക് മാത്രം നോക്കിയിരുന്നില്ല.

പഠിക്കാനുണ്ടെന്ന പേരില്‍ ആഘോഷങ്ങളോടൊന്നും നോ പറഞ്ഞുമില്ല. പക്ഷേ പഠനത്തിരക്കുകള്‍ക്കിടയില്‍ വായിച്ചും പഠിച്ചും ഗോകുല്‍ ആ സ്വപ്നം സഫലമാക്കി.

സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്കുകാരന്‍ ഗോകുല്‍ എസ്.ന്‍റെ വിജയത്തിന് മറ്റൊരു തിളക്കം കൂടിയുണ്ട്. ഇതൊരു റെക്കോഡ് വിജയമാണ്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്തൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്ന കടമ്പ കടക്കുന്നു എന്ന നേട്ടം ഈ തിരുവനന്തപുരംകാരന് സ്വന്തം.

ഫോണിലൂടെയും നേരിട്ടും അഭിനന്ദനങ്ങളും ആശംസകളുമൊക്കെ സ്വീകരിക്കുന്ന തിരക്കിലാണ് ഗോകുല്‍.
“ഫലം പ്രഖ്യാപിച്ചതിന് ശേഷം തിരക്കുകള്‍ തന്നെയാണ്. ഒരുപാടാളുകള്‍ വിളിച്ച് അഭിനന്ദിച്ചു. ദാ,  കുറച്ചു നേരം മുന്‍പാണ് അമ്മയ്ക്കും അച്ഛനും എനിക്കും മാത്രമായി കുറച്ചുനേരം കിട്ടിയത് തന്നെ.”

ഗോകുല്‍ എസ്

കൂട്ടുകാരുടെയും നാട്ടുകാരുടെയും അധ്യാപകരുടെയുമൊക്കെ അഭിനന്ദനവാക്കുകള്‍ക്കിടിയില്‍ കിട്ടിയ നേരം ഗോകുല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

“ഈ വിജയത്തില്‍ ഒരുപാട് സന്തോഷമുണ്ട്. ആഗ്രഹിച്ചിരുന്നുവെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വേറൊന്നുമല്ല, ഇതെന്‍റെ ആദ്യ ശ്രമമാണ്. മെയിന്‍ പരീക്ഷയ്ക്ക് എനിക്കെത്ര മാര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്നും പോലും ഒരു ധാരണയില്ലായിരുന്നു.

“സിവില്‍ സര്‍വീസ് കുട്ടിക്കാലം മുതല്‍ കണ്ട സ്വപ്നം ഒന്നുമല്ല. ഡിഗ്രിയുടെ അവസാനനാളുകളില്‍ വെറുതേ ആഗ്രഹിച്ചിരുന്നു. ബി എ ഇംഗ്ലിഷായിരുന്നു, തിരുവനന്തപുരത്ത് മാര്‍ഇവാനോയിസ് കോളെജിലായിരുന്നു പഠിച്ചത്.

“സാധാരണ പലര്‍ക്കും അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെയുണ്ടാകില്ലേ. അതുപോലെ എനിക്കും തോന്നിയെന്നേയുള്ളൂ. എന്നാല്‍ 2018-ലാണ് സിവില്‍ സര്‍വീസിന് ശ്രമിക്കണം, നേടണമെന്നൊക്കെ ശക്തമായി ആഗ്രഹിക്കുന്നത്.

“അതിനൊരു നിമിത്തം ആ വര്‍ഷത്തെ പ്രളയമാണ്.


പ്രളയനാളുകളില്‍ നമ്മുടെ നാട്ടിലെ സിവില്‍ സര്‍വീസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് എന്നെ സ്വാധീനിച്ചത്.


പ്രളയത്തെ അതിജീവിക്കാനുള്ള അവരുടെ ആ പരിശ്രമങ്ങള്‍ കണ്ടതോടെയാണ് വീണ്ടും സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നതും ഗൗരവത്തോടെ സമീപിക്കുന്നതും. ഈ പ്രൊഫഷനിലൂടെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്നു തോന്നി.” ആ സമയം മാര്‍ ഇവാനിയോസ് കോളെജില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദ പഠനത്തിലായിരുന്നു ഗോകുല്‍.

2019-ല്‍ പിജി കഴിഞ്ഞതിന് ശേഷം പിഎച്ച് ഡിക്ക് ചേര്‍ന്നു. കേരള യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിലാണ് പിഎ ച്ച് ഡി ചെയ്യുന്നത്.

“ഗവേഷണത്തിന് എനിക്കിഷ്ടമുണ്ടായിരുന്നു. അങ്ങനെ ചേര്‍ന്നതാണ്. പിജിയുടെയും പിഎച്ച്ഡിയുടെയും പഠനത്തിരക്കുകള്‍ക്കിടയിലാണ് സിവില്‍ സര്‍വീസിനുള്ള പഠനമൊക്കെ.

“ഈ കാലത്താണ് ഓപ്ഷണല്‍ സബ്ജക്റ്റ് ഏത് വേണമെന്നൊക്കെ തീരുമാനിക്കുന്നത്. മലയാളമാണ് ഓപ്ഷണല്‍ സബ്ജക്റ്റായി തെരഞ്ഞെടുത്തിരുന്നത്. മലയാളസാഹിത്യം ഇഷ്ടവിഷയമാണ്. അഞ്ച് വര്‍ഷം ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠിച്ചയളാണല്ലോ.

“ആധുനികസാഹിത്യമൊക്കെ വരുമ്പോ ഇംഗ്ലിഷിലുള്ള അറിവ് ഗുണമാകുമെന്നൊക്കെ തോന്നി. മലയാളവും കേരളത്തിന്‍റെ ചരിത്രവും സംസ്ക്കാരവുമൊക്കെ പഠിക്കാനിഷ്ടവുമാണ്. അതുകൊണ്ടൊക്കെയാണ് മലയാളം തെരഞ്ഞെടുത്തത്.

“ഏതെങ്കിലും സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍ററില്‍ പോയി പഠിച്ചിട്ടില്ല. എങ്ങനെ, എന്ത് പഠിക്കണമെന്നൊക്കെ സ്വയം തീരുമാനിക്കുകയായിരുന്നു. എങ്ങനെയെന്നൊക്കെ സ്വയം കണ്ടെത്തുകയായിരുന്നു.

“ഓപ്ഷണല്‍ വിഷയം തെരഞ്ഞെടുക്കാനും ഒന്നും ആരുടെയും അഭിപ്രായങ്ങളും ഉപദേശങ്ങളും ചോദിച്ചിരുന്നുമില്ല. സ്വയം മനസിലാക്കി തീരുമാനിക്കുകയായിരുന്നു,” ഗോകുല്‍ പറയുന്നു.

കൃത്യമായ ടൈംടേബിളും ആസൂത്രണങ്ങളുമൊക്കെയായി പരിശീലിക്കുന്നവരില്‍ നിന്നു വ്യത്യസ്തനാണ് ഗോകുല്‍. “മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പഠനമൊന്നും ആയിരുന്നില്ല.” പഠനരീതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.

“ഓരോ വിഷയം പഠിക്കാന്‍ ഇത്ര സമയമെന്നൊന്നും നീക്കിവെച്ചുമില്ല. കോളെജിലെ പഠനത്തിനൊപ്പം കൂടുതല്‍ പഠിച്ചു, അതുമാത്രം. കോളെജിലെ എല്ലാ പരിപാടികളിലും ഞാനുമുണ്ടാകുമായിരുന്നു.

“അങ്ങനെ ക്യാംപസില്‍ ആക്റ്റീവായിരുന്നതു കൊണ്ടുതന്നെ അതൊക്കെ കഴിഞ്ഞു വീട്ടിലെത്തുന്നത് രാത്രി വളരെ വൈകിയാണ്. കൃത്യമായ ആസൂത്രണത്തോടെ സിവില്‍ സര്‍വീസിന് പഠിക്കാന്‍ സമയം നീക്കി വയ്ക്കാനൊന്നും സാധിച്ചില്ല.


ഇതുകൂടി വായിക്കാം:‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ,’ ചോദ്യം കേട്ട് ഐ ബി ഓഫീസര്‍ ഞെട്ടി: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ


“പക്ഷേ സമയം കിട്ടുമ്പോഴെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്തു. താത്പ്പര്യത്തോടെ വായിക്കുന്നത് കൊണ്ട് കുറേക്കൂടി മനസില്‍ നില്‍ക്കുമായിരുന്നു.

“സിവില്‍ സര്‍വീസിന് ശ്രമിക്കുന്ന കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും അറിയാം. കോളെജിലൊന്നും ആരോടും പറഞ്ഞിരുന്നില്ല. ആരോടും പറയാതിരുന്നത് കൊണ്ടു പലരും പ്രതീക്ഷിച്ചില്ലെന്നാ പറഞ്ഞത്. ചിലര്‍ക്ക് അറിയിച്ചില്ലെന്ന പരാതിയുമുണ്ട്.

“വേറൊന്നും കൊണ്ടല്ല ശ്രമിക്കുമ്പോഴും ഇപ്പോഴൊന്നും സിവില്‍ സര്‍വീസ് പരീക്ഷ എഴുതുമെന്നൊന്നും ഉറപ്പിച്ചിരുന്നില്ല. ഈ വര്‍ഷത്തെ പ്രിമിലനറി പരീക്ഷ എഴുതണമെന്നായിരുന്നു തീരുമാനം.

“ഇതൊരു പരീക്ഷണമായിരുന്നു. പക്ഷേ വിജയിക്കനായതിന്‍റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. അമ്മയ്ക്ക് ഞാനൊരു അധ്യാപകനാകണമെന്നുണ്ടായിരുന്നു. പക്ഷേ സിവില്‍ സര്‍വീസ് എന്നു പറഞ്ഞപ്പോ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. രണ്ടാളുടെയും പിന്തുണയുണ്ട്.

“പത്രങ്ങള്‍ പതിവായി വായിക്കും, കറന്‍റ് അഫയേഴ്സില്‍ ശ്രദ്ധിച്ചിരുന്നു. പുസ്തകങ്ങള്‍ക്ക് കൂടുതലും ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഓണ്‍ലൈന്‍ ചോദ്യപ്പേപ്പറുകള്‍ സോള്‍വ് ചെയ്തു പഠിച്ചു.

“ഇതൊരു ട്രയല്‍ എന്ന നിലയില്‍ എഴുതിയതു കൊണ്ടാകും ടെന്‍ഷനൊന്നും തോന്നിയിരുന്നില്ല. സ്കൂള്‍നാളുകള്‍ മുതല്‍ പ്രസംഗമത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.

“വായനയുമുണ്ടായിരുന്നു. ആദ്യമൊക്കെ അമ്മ വായിച്ചു തരുമായിരുന്നു.


പിന്നീട് ഏഴാം ക്ലാസിലൊക്കെയെത്തിയതോടെ സ്ക്രീന്‍ റീഡര്‍ ടെക്നോളജി ഉപയോഗിച്ചു തുടങ്ങി.


ഇതിലൂടെ സാധാരണക്കാരെ പോലെ വായിക്കാന്‍ പറ്റുമായിരുന്നു.”

വഴുതക്കാട് എന്‍സിസി ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്‍റെയും കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ശോഭയുടെയും മകനാണ് ഗോകുല്‍. തിരുമലയിലാണ് താമസം.

ന്യൂറോണ്‍ തകരാറുകള്‍ കാരണം കാഴ്ചയില്ലാതെയാണ് ഗോകുല്‍ ജനിച്ചത്. സാധാരണ സ്കൂളിലാണ് ഗോകുലും പഠിച്ചത്.

” ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ ആയതുകൊണ്ടാകും ഇന്‍റര്‍വ്യൂവിന്  ആ വിഷയത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്,” ഗോകുല്‍ തുടരുന്നു. പിന്നെ കൂട്ടത്തിലൊരാള്‍ ഒരു നാലുവരി കവിത ചൊല്ലാന്‍ പറഞ്ഞു,

“പക്ഷേ, അപ്രതീക്ഷിതമായതു കൊണ്ടുതന്നെ അറിയില്ലെന്നു പറഞ്ഞു. ഐഎഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എടുക്കണമെന്നാണ് ആഗ്രഹം. അതൊക്കെ സര്‍വീസ് അലൊക്കേഷന്‍ വന്നാലേ അറിയൂ.

“റിസല്‍റ്റ് വന്നതോടെ ഒരുപാട് ആളുകള്‍ വിളിച്ചു. എല്ലാവരുടെയും ഫോണ്‍ കോള്‍ എടുക്കാനും പറ്റിയിട്ടില്ല,” ക്ഷമാപണപൂര്‍വ്വം ഗോകുല്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം:കാഴ്ചക്കുറവിന്‍റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന്‍റെ ഉടമ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം