വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മകളും തരിശുകിടന്നു.
ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്.
ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന്‍ വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ 22-കാരനെത്തിയത്.
വീട്ടില്‍ ജലം പാഴാവുന്നത് 95% വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. സന്ദര്‍ശിക്കാം. Karnival.com
വല്ലുപ്പ നടന്ന പാതയിലൂടെ കൊച്ചുമോനും നടക്കുകയാണ്. “കുറേ പണ്ട്, വല്ലുപ്പ എന്നോട് പറഞ്ഞിട്ടുണ്ട്.. നീ കൃഷിയൊക്കെ ചെയ്യണം… കൃഷിക്കാരനാകണം എന്നൊക്കെ.
“വല്ലുപ്പായുടെ ആഗ്രഹമായിരുന്നു. പക്ഷേ വല്ലുപ്പയുടെ കാലത്ത് എനിക്കതിന് സാധിച്ചില്ല. എന്‍റെ കൃഷി കാണാനിപ്പോള്‍ വല്ലുപ്പയും ഇല്ല,” കൃഷിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ വല്ലുപ്പയെക്കുറിച്ച് പറയാതെയിരിക്കാനാകില്ലെന്നു ഷഹിന്‍ഷാ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“എന്‍റെ വീടിനോട് ചേര്‍ന്നു തന്നെയാണ് നെല്‍പ്പാടം. ഈ പാടം ഞങ്ങളുടെ കുടുംബസ്വത്താണ്. ഇതുവരെ ഭാഗം വച്ചിട്ടൊന്നുമില്ല. ഉപ്പായും സഹോദരങ്ങളും വര്‍ഷങ്ങളായി ഗള്‍ഫിലാണ്. അങ്ങനെ ആരും നോക്കാനൊന്നുമില്ലാതെ കിടക്കുകയായിരുന്നു. ആ പറമ്പിലാണ് വിത്തിട്ടത്.
“ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി പനമന ഗ്രാമത്തില്‍ പുന്നടി പാടശേഖരമാണിത്. രണ്ട് ഏക്കര്‍ 19 സെന്‍റ് സ്ഥലമുണ്ട്. ആ സ്ഥലം നിറയെ നെല്‍കൃഷിയാണിപ്പോള്‍ ചെയ്യുന്നത്.
“പണ്ടൊക്കെ ഇവിടെ നെല്‍കൃഷി ചെയ്തിരുന്നു. എന്‍റെ ഉമ്മ ഐഷാബീയുടെ ഉപ്പ പാറക്കല്‍ കുട്ടിഹസനാണ്, അന്നൊക്കെ കൃഷി ചെയ്തിരുന്നത്. പിന്നെ വല്ലുപ്പ പോയി. അതോടെ കൃഷിയും അവസാനിച്ചു.
“എന്‍റെ ഉപ്പ, ഹുസൈന്‍ എന്നാണ് പേര്. ആള് ഗള്‍ഫില്‍ പോയതോടെയാണ് വല്ലുപ്പ, ഉമ്മയ്ക്കും ഞങ്ങള്‍ക്കും കൂട്ടായി ഇവിടെ വന്നു നില്‍ക്കാന്‍ തുടങ്ങിയത്. ഉപ്പയും വല്ലുപ്പയും ഒരുമിച്ചും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. അതൊക്കെ എനിക്കോര്‍മ്മയുണ്ട്. ഇവരില്‍ നിന്നാണ് കൃഷിയുടെ ആദ്യപാഠങ്ങളൊക്കെ പഠിക്കുന്നത്,” ആ യുവകര്‍ഷകന്‍ തുടരുന്നു.
“… അന്നത്തെ ഞങ്ങളുടെ കൃഷി ഓഫീസറായിരുന്ന ശ്രീറാം സാറാണ് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
“സാര്‍ വന്നു ചോദിച്ചു, ഈ പാടം വെറുതേ കിടക്കുകയല്ലേ.. കൃഷി ചെയ്തൂടേയെന്ന്. എനിക്കും കൃഷി ഇഷ്ടമാണെന്നു പറഞ്ഞതോടെ അദ്ദേഹവും ഒപ്പം കൂടി. ” അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം 2018-ല്‍ ആ പാടത്ത് വീണ്ടും നെല്ലുവിളഞ്ഞു.
“കുറേക്കാലമായി വെറുതേ കിടക്കുകയല്ലേ. അതുമാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളവും കയറിയിരുന്നു. വെള്ളപ്പൊക്കത്തില്‍ വരമ്പൊക്കെ നശിച്ചുപോയി.
“വരമ്പൊക്കെ കെട്ടലും കിളയ്ക്കലും മണ്ണ് പരുവപ്പെടുത്തിയെടുക്കലുമൊക്കെയായി നല്ല പണിയായിരുന്നു. പ്രളയത്തില്‍ ആ വരമ്പൊക്കെ നശിച്ചു.
“പിന്നെ വീണ്ടും ചാക്കുകള്‍ വാങ്ങി. അതില്‍ മണ്ണ് നിറച്ചാണ് വരമ്പ് കെട്ടിയത്. പണിക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ എല്ലാത്തിനും എന്‍റെ കുറേ കൂട്ടുകാരും സഹായിക്കാനുണ്ടായിരുന്നു.
ചെര്‍പുളശ്ശേരി എം ഇ എസ് കോളെജില്‍ അവസാന വര്‍ഷ ബികോമിന് പഠിക്കുമ്പോഴാണ് ഷഹിന്‍ഷാ കൃഷിയിലേക്ക് വരുന്നത്. രാവിലെ കോളെജില്‍ പോകുന്നതിന് മുന്‍പേ പാടത്ത് പോകും.
“എന്നെ കൊണ്ടു പറ്റാവുന്ന ജോലികളൊക്കെയും ചെയ്യും. എന്‍റെ ആരോഗ്യം അനുവദിക്കുന്ന ജോലികളൊക്കെ ചെയ്യും. എല്ലായ്പ്പോഴും പൂര്‍ണമായും പണിക്കാരെ ആശ്രയിക്കാറില്ല.
“വരമ്പ് പണി, ഞാറു നടീല്‍, അതൊക്കെ പണിക്കാര്‍ ചെയ്യും. പിന്നെയുള്ളതൊക്കെ നമ്മള് തന്നെ ചെയ്യും. കൃഷിയ്ക്ക് തമിഴ്നാട്ടില്‍ നിന്നുള്ളവരാണുണ്ടായിരുന്നത്. ഇക്കുറി പക്ഷേ മറ്റ് നാട്ടില്‍ നിന്നുള്ള പണിക്കാരൊന്നും ഇല്ല. ഇപ്പോ ആരംഭിച്ചിട്ടേയുള്ളൂ.
“പൂര്‍ണ പിന്തുണയേകി കൂടെയുണ്ടായിരുന്നവരില്‍ ആഷിഖ് എന്‍റെ ബാല്യകാല സുഹൃത്താണ്. ആഷിഖും ഞാനും മദ്രസയില്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്നുതൊട്ടേയുള്ള സൗഹൃദമാണ്.
“പക്ഷേ പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഡിഗ്രി കാലത്താണ് ഞങ്ങള്‍ കാണുന്നതു പോലും. നാട്ടുകാരാണെങ്കിലും ഞങ്ങളുടെ വീടുകള്‍ തമ്മില്‍ കുറച്ചകലമുണ്ട്. ആഷിഖ് കൃഷിയ്ക്ക് സഹായത്തിനൊക്കെ വരുമായിരുന്നു,” ഷഹിന്‍ഷാ പറയുന്നു.
കഴിഞ്ഞ വര്‍ഷം കൃഷിയിറക്കുമ്പോള്‍ ഷഹിന്‍ഷായുടെ ഉപ്പ ഗള്‍ഫില്‍ നിന്നും ലീവില്‍ നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ കൃഷിപ്പണി തുടങ്ങും മുന്‍പേ അദ്ദേഹത്തിന് തിരിച്ച് പോകേണ്ടി വന്നു.
” ഞങ്ങള് രണ്ടാള്‍ക്കും കൂടി കൃഷി ചെയ്യാമെന്നൊക്കെയായിരുന്നു പ്ലാന്‍. പക്ഷേ ഉപ്പയ്ക്ക് പെട്ടെന്ന് തിരിച്ച് പോകേണ്ടി വന്നു. യുഎഇയിലാണ് അദ്ദേഹം. ഉപ്പയ്ക്കും ഞാന്‍ കൃഷി ചെയ്യുന്നതൊക്കെ ഇഷ്ടമാണ്. ഇക്കാര്യത്തില്‍ സാമ്പത്തികമായൊക്കെ കുറേ സഹായിച്ചിട്ടുമുണ്ട് ഉപ്പ.
ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍
“ഉപ്പയ്ക്ക് മാത്രമല്ല ഉമ്മയ്ക്കും പെങ്ങള്‍മാര്‍ക്കും ഞാന്‍ കൃഷി ചെയ്യുന്നത് ഇഷ്ടമാണ്. ഇവരും സഹായിക്കാറുണ്ട്.
“കുറേപ്പേര് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒരുപാട് കളിയാക്കലുകളും കേട്ടിട്ടുണ്ട്. കൃഷി ചെയ്യുമ്പോ അതിന്‍റെ പേര് പറഞ്ഞു പലരും കളിയാക്കിയിട്ടുണ്ട്.
“പക്ഷേ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. കൃഷി എന്‍റെ പാഷനാണ്. അതുകൊണ്ടു ആര് എന്തു പറഞ്ഞാലും എന്നെ ബാധിക്കില്ല. പിന്നെ വിഷമില്ലാത്ത ഭക്ഷണങ്ങളുണ്ടാക്കണമെന്നു തോന്നി.
“ഞാന്‍ ഉണ്ടാക്കി കൊടുത്ത അരിയുടെ ചോറ് നല്ലതായിരുന്നുവെന്നൊക്കെ ആരെങ്കിലും പറഞ്ഞു കേള്‍ക്കുന്നതും എനിക്കിഷ്ടമായിരുന്നു,” ഇതൊക്കെയാണ് കൃഷിയില്‍ തന്നെ തുടര്‍ന്നും നിലനിര്‍ത്തുന്നതെന്ന് ആ കര്‍ഷകന്‍ വ്യക്തമാക്കുന്നു.
2018-ലെ ആദ്യപ്രളയത്തില്‍ നശിച്ച ഭൂമിയെ തിരിച്ചെടുത്താണ് ഷഹിന്‍ഷാ കൃഷി ചെയ്തത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയവും ഈ കര്‍ഷകനെ ബാധിച്ചു.
ആ പ്രളയത്തില്‍ പാടത്തെ മേല്‍മണ്ണ് ഒലിച്ചു പോയി. വരമ്പ് ഇടിഞ്ഞു.
പ്രളയത്തെക്കുറിച്ച് ഷഹിന്‍ഷാ പറയുന്നു. “പിന്നെയും എല്ലാം ഒന്ന് മുതല്‍ തുടങ്ങേണ്ടി വന്നുവെന്നു മാത്രം.
“കഴിഞ്ഞ തവണ ലാഭം ഒന്നും കിട്ടിയില്ല. എന്നാല്‍ നഷ്ടവുമുണ്ടായില്ല. ഇക്കുറി ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെല്ല് വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ നവംബര്‍ ഒന്നിന് ഞാറു നടീല്‍ കഴിഞ്ഞതേയുള്ളൂ.
“പാരമ്പര്യരീതിയില്‍ അല്ല ഞാറു നട്ടത്. പാടം നിരപ്പാക്കിയ ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. പാടത്ത് വിരിച്ച ആ ഷീറ്റില്‍ ചേറു പൊത്തും. ആ ചേറിലാണ് വിത്ത് പാകുന്നത്. അതു മുളപ്പിച്ച ശേഷമാണ് ഞാറു മാറ്റി നടുന്നത്.
“വെള്ളം കുറവാണേല്‍ പാടത്ത് നിന്ന് ഞാറു പറിച്ചു നടല്‍ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാല്‍ ഷീറ്റിലാണെങ്കില്‍ ആ പ്രശ്നമുണ്ടാകുന്നില്ല.
“പലരുടെയും കൃഷി സ്ഥലങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്. കാര്‍ഷിക ക്ലാസുകളിലും പങ്കെടുക്കാന്‍ പോകും. കര്‍ഷകരോടൊക്കെ ചോദിച്ചും പറഞ്ഞും സംസാരിച്ചുമാണ് കൃഷിക്കാര്യങ്ങളൊക്കെ പഠിക്കുന്നത്. പഞ്ചായത്തിന്‍റെ കൃഷിക്ലാസുകളിലും പോകാറുണ്ട്,” ഇങ്ങനെയൊക്കെയാണ് കൃഷിക്കാര്യങ്ങളൊക്കെ പഠിച്ചതെന്നു പറയുന്നു ഷഹിന്‍ഷാ.
കൃഷിയില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നു ഷഹിന്‍ഷായുടെ ഉമ്മ ഐഷാബീ പറയുന്നു. “പാടത്ത് പുതിയ വീടുകള്‍ വരുന്നു, പലരും മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നു, വേലി കെട്ടി തിരിക്കുന്നു.
“അങ്ങനെ കുറേ പ്രശ്നങ്ങളൊക്കെയുണ്ട്. ഇങ്ങനെ ചെയ്യുന്നതോടെ വെള്ളത്തിന് ക്ഷാമം വരും. പണ്ടൊക്കെ നെല്‍കൃഷിയും വാഴക്കൃഷിയും മാത്രമായിരുന്നു ഇപ്പോ അങ്ങനെയുമല്ലല്ലോ.
“ഇവിടെയൊരു കനാല്‍ ഉണ്ട്. ആ കനാല്‍ തുറക്കുന്നൊരു സമയമുണ്ട്, അന്നേരമാണ് കൊയ്ത്ത് കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന കാര്യമാണട്ടോ. അഞ്ചരയോടെ പണിക്കാര് പോയി.
“പക്ഷേ പാടത്ത് നിന്ന് കൊയ്തെടുത്ത നെല്ല് മാറ്റിയിരുന്നില്ല. കനാലും തുറന്നുവിട്ടതോടെ പ്രശ്നമായി. കനാലിലെ വെള്ളം പാടത്ത് കയറിയാല്‍ കൊയ്തെടുത്തതെല്ലാം വെള്ളത്തിലാകും.
“മോനും രഞ്ജിത്ത് എന്നൊരു അവന്‍റെ കൂട്ടുകാരനും കൂടി നെല്ല് പാടത്ത് കയറ്റി.
ഞാനും മക്കളും കൂടി അതൊക്കെ വേഗത്തില്‍ ചാക്കിലെടുത്തു മാറ്റി.
“മോന്‍ കൃഷി ചെയ്യുന്നത് ഞങ്ങക്ക് ഇഷ്ടമാണ്. ഫൈനല്‍ ഇയര്‍ ബികോമിന് പഠിക്കുമ്പോഴാണ് കൃഷി തുടങ്ങി വെച്ചത്. ഇപ്പോ ഡിഗ്രി കഴിഞ്ഞു, കംപ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നിരിക്കുകയാണ്. ഇനി പി ജി ചെയ്യണമെന്നൊക്കെയാണ് അവന്‍ പറയുന്നത്.
“കോളെജില്‍ പോകുന്ന തിരക്കിലും അവന്‍ കൃഷി ചെയ്യുമായിരുന്നു. ഇനിയിപ്പോ പി ജിക്ക് ചേര്‍ന്നാലും കൃഷി തുടരുക തന്നെ ചെയ്യും. കൃഷിയാണ് അവന് ഇഷ്ടം,” ഐഷാബീ പറയുന്നു.
കൃഷി ഓഫിസര്‍മാരായ ശ്രീറാമിന്‍റെയും സൗമ്യയുടെയും പിന്തുണയും ഈ ചെറുപ്പക്കാരനുണ്ട്. സൗമ്യയാണിപ്പോള്‍ അനങ്ങാടി കൃഷി ഓഫീസര്‍.
നെല്‍കൃഷി മാത്രമല്ല പച്ചക്കറിയും വാഴയുമൊക്കെ ഷഹിന്‍ഷായുടെ വീട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയുടെ മേല്‍നോട്ടം ഉമ്മ ഐഷാബീയ്ക്കാണ്.
സുഹൃത്ത് രഞ്ജിത്തിനൊപ്പം
“പണ്ട് പച്ചക്കറിയൊക്കെ കുറേ കൃഷി ചെയ്തിരുന്നു. പക്ഷേ ഇപ്പോ അത്രയും അളവില്‍ പച്ചക്കറി കൃഷി ചെയ്യുന്നില്ല. വീട്ടാവശ്യത്തിനുള്ളതു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.”
“കൃഷി കൊണ്ട് ഒരു കയറ്റോം ഉണ്ടാകില്ലെന്നു കരുതുന്നവരാണ് ഉള്ളത്. ഇന്നു പലരും പാടത്ത് വീട് വയ്ക്കുന്നതും തെങ്ങ് നടുന്നതുമൊക്കെ അതുകൊണ്ടാകും. എത്ര ലാഭം കിട്ടുമെന്നൊന്നും അറിഞ്ഞല്ല അവന്‍ കൃഷിയ്ക്ക് ഇറങ്ങിയത്.
“വിഷമടിക്കാത്ത നല്ല ഭക്ഷണം കഴിക്കാനും മറ്റുള്ളവര്‍ക്ക് കൊടുക്കാനുമാകുമല്ലോയെന്നാണ് അവന്‍ പറഞ്ഞത്. ഞങ്ങള്‍ക്കും അതുമതി.
“ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുറേ ലീവൊക്കെ എടുക്കേണ്ടി വന്നിരുന്നു. അവന്‍റെ ടീച്ചര്‍മാരുടെ സഹായവുമുണ്ടായിരുന്നു. പോകാന്‍ പറ്റാതിരുന്ന ദിവസങ്ങളില്‍ പഠിപ്പിച്ചതൊക്കെ ടീച്ചര്‍മാര്‍ അവന് വീണ്ടും പറഞ്ഞുകൊടുത്തിട്ടുണ്ട്,” ഐഷാബീ പറഞ്ഞു.
“കൃഷി എന്‍റെ പാഷനാണ്. പക്ഷേ പ്രൊഫഷനാക്കണമെന്നില്ല.” ഷഹന്‍ഷാ പറയുന്നു. “കൃഷി പ്രഫഷനാക്കിയെടുക്കാന്‍ സാധിക്കില്ല. വേറൊന്നും കൊണ്ടല്ല, ലാഭവും നഷ്ടവുമൊക്കെ എപ്പോ വേണമെങ്കിലും കിട്ടാമല്ലോ.
“എന്തെങ്കിലും ജോലി കൂടി ഇതിനൊപ്പം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അക്കൗണ്ടിങ് മേഖലയില്‍ തന്നെ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ കൃഷിയും കൂടെയുണ്ടാകും.
രണ്ട് സഹോദരിമാരാണ് ഷഹിന്‍ഷായ്ക്ക്. ഒറ്റപ്പാലത്ത് ടിടിസിയ്ക്ക് പഠിക്കുന്ന ഷഹബയും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഷഹനാസുമാണ് സഹോദരിമാര്‍.
ഇതുകൂടി വായിക്കാം: 1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്‍റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.