നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്.
വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്.
ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.
“വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോയി. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. തൃശൂരിലെ വീട്ടിലെത്തിയപ്പോ എനിക്ക് കുറേ സമയം കിട്ടി. അങ്ങനെയൊരു നേരം പോക്കിനാണ് വീടിന്‍റെ ടെറസില്‍ ഓര്‍ക്കിഡ് കൃഷി ആരംഭിക്കുന്നത്. ആന്തൂറിയം, കുറ്റിമുല്ല ഇതൊക്കെയുണ്ടായിരുന്നു,” സാബിറ പറയുന്നു.
തൃശ്ശൂരില്‍ മൂന്നുപീടികയിലെ വീടിനോട് ചേര്‍ന്നുള്ള 60 സെന്‍റില്‍ പൂര്‍ണമായും ഓര്‍ക്കിഡ് കൃഷിയാണ്.
“കുറേ വര്‍ഷം മുന്‍പ് പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിച്ചിരുന്നു. ആ പറമ്പിലും വീടിനൊപ്പം കൃഷിയുണ്ട്. ഓര്‍ക്കിഡ് മാത്രം ഒരേക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. രണ്ടു സ്ഥലത്തും കൂടിയായി ഒന്നര ഏക്കറിലധികം ഭൂമിയില്‍ ഓര്‍ക്കിഡ് കൃഷിയുണ്ട്.
“അവാര്‍ഡ് കിട്ടിയതു മാത്രല്ല പൂന്തോട്ടം കാണാനും ചെടികള്‍ വാങ്ങാനുമൊക്കെയായി ഒരുപാട് ആളുകള്‍ വന്നു തുടങ്ങിയതോടെയാണ് വില്‍പ്പനയെക്കുറിച്ച് ചിന്തിക്കുന്നത്.
“പാലക്കാട് ഓര്‍ക്കിഡുകള്‍ നട്ടു തുടങ്ങിയിട്ട് മൂന്നു വര്‍ഷമാകുന്നു. ഓര്‍ക്കിഡിന്‍റെ ഭംഗിയുള്ള പൂക്കള്‍ക്കും ചെടിക്കും ആവശ്യക്കാര്‍ കുറേയുണ്ട്. വേറെയും ചെടികളുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ ഓര്‍ക്കിഡിലാണിപ്പോള്‍. പലയിടങ്ങളില്‍ നിന്നൊക്കെയായി വാങ്ങിച്ചതാണ്,” ഓര്‍ക്കിഡിന്‍റെ ഒരു പുതിയ ഇനം എവിടെയുണ്ടെന്നുകേട്ടാലും താല്‍പര്യത്തോടെ അന്വേഷിച്ചുചെന്ന് വാങ്ങിന്ന സാബിറ പറയുന്നു.
“വിദേശ ഇനങ്ങളുമുണ്ട്. തായ്‍വാനില്‍ നിന്നും തായ്‍ലന്‍റില്‍ നിന്നൊക്കെ കിട്ടിയ ചെടികള്‍ക്കും നല്ല ഡിമാന്‍റ് ഉണ്ട്. ഇവിടങ്ങളില്‍ നിന്നു കഴിഞ്ഞ പത്ത് വര്‍ഷമായി ഓര്‍ക്കിഡുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
“ഇക്കൂട്ടത്തില്‍ കുറേ വ്യത്യസ്ത ഇനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതരം ഓര്‍ക്കിഡുകള്‍ കൂടുതല്‍ ലഭിക്കുന്ന നാടാണ് തായ്‍വാനും തായ്‍ലന്‍റും. അന്നാട്ടിലെ നഴ്സറികളില്‍ നിന്നൊക്കെ ഓണ്‍ലൈനിലൂടെയാണ് ഓര്‍ഡര്‍ കൊടുത്ത് വരുത്തിക്കുന്നത്,” എന്ന് സാബിറ.
50,000-ത്തിലേറെ ഓര്‍ക്കിഡ് ചെടികള്‍ തന്‍റെ പേള്‍ ഓര്‍ക്കിഡ്സ് എന്ന് പേരിട്ടിട്ടുള്ള നഴ്സറിയില്‍ ഉണ്ടെന്ന് സാബിറ. “ഡെന്‍ഡ്രോബിയം, വാന്‍ഡ, ഫലനോപ്സിസ്, ക്യാറ്റലിയ, മെക്കാഗ ഇങ്ങനെ ഒരുപാട് ഓര്‍ക്കിഡ് ഇനങ്ങളുണ്ട്. ഓര്‍ക്കിഡ് കൃഷി ചെയ്യുന്ന തുടക്കക്കാരില്‍ പലരും ഡെന്‍ഡ്രോബിയത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
“ഡെന്‍ഡ്രോബിയത്തിന്‍റെ തന്നെ നൂറോളം വെറ്റൈറ്റികള്‍ ഇവിടുണ്ട്. ഇങ്ങനെ ഓരോ ഓര്‍ക്കിഡിന്‍റെയും ഒരുപാട് വ്യത്യസ്ത ഇനങ്ങളുണ്ട്. ഓര്‍ക്കിഡ് ഏതെങ്കിലും പ്രത്യേക രീതിയില്‍ നടണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല.
“ചിലതിന് കൂടുതല്‍ വെള്ളം വേണം, ചില ഇനങ്ങള്‍ക്കാണെങ്കില്‍ വെള്ളം കുറവുമതി. മടലില്‍ കെട്ടി വളര്‍ത്താം. ചട്ടിയാണെങ്കിള്‍ ചെറിയ ദ്വാരമുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്.
“അല്ലെങ്കിലും പ്രശ്നമില്ല. വെള്ളം നന്നായി ചട്ടിയില്‍ നിന്നു വാര്‍ന്നു പോകണമെന്നേയുള്ളൂ. ചട്ടിയില്‍ ചകിരിയും കരിയും ഓടിന്‍റെ കഷ്ണങ്ങളും ചേര്‍ത്തിട്ടു കൊടുക്കണം.
“നടുന്ന തൈയ്ക്ക് ഇളക്കം പറ്റാതെ മുറുക്കത്തോടെയിരിക്കണം. ഗോമൂത്രവും മറ്റുമൊക്കെയായി ജൈവവളമാണ് നല്‍കുന്നത്. പരിചരണങ്ങള്‍ക്കും മറ്റുമുള്ള ചെലവുകള്‍ക്ക് മാസം 50,000 രൂപ ചെലവുണ്ട്. എന്നാല്‍ ഓര്‍ക്കിഡ് ചെടിയില്‍ നിന്നു മാത്രമായി മാസം മൂന്നു ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ട്.
“നഴ്സറിയില്‍ വന്നു വാങ്ങുന്നവര്‍ മാത്രമല്ല, നഴ്സറിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അന്വേഷിക്കുന്നവരുമുണ്ട്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പനയുണ്ട്. കൂടുതലും കേരളത്തിന് പുറമേ നിന്നാണ് ഓര്‍ഡര്‍ കിട്ടുന്നത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും ഓര്‍ക്കിഡ് എത്തിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കാം: മനുഷ്യരെ അറിയാന്‍ പഠിപ്പും പണവുമെന്തിന് ? 4,000 സ്ത്രീ തൊഴിലാളികൾക്ക് സഹായമെത്തിച്ച് സെലിൻ
“ഓര്‍ക്കിഡ് തോട്ടം കാണാനും നിരവധിയാളുകള്‍ വരുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയാണ് കൂടുതലെങ്കിലും നേരിട്ടും തൈകള്‍ വാങ്ങുന്നവരുണ്ട്. ലോക്ഡൗണ്‍ ദിവസങ്ങളിലൊക്കെ ഓണ്‍ലൈന്‍ വില്‍പ്പന കൂടുതലായിരുന്നു,” സാബിറ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പേജിലൂടെയുള്ള പ്രചാരണം മാത്രമാണ് ഏക മാര്‍ക്കെറ്റിങ്ങ് തന്ത്രം. മാസവരുമാനത്തില്‍ നിന്ന് 50,000 രൂപ തിരിച്ച് ഓര്‍ക്കിഡ് കൃഷിയിലേക്ക് തന്നെ നിക്ഷേപിക്കുന്നു.
ചെടികളോട് തന്നെക്കാള്‍ താത്പ്പര്യം ഭര്‍ത്താവ് മുഹമ്മദ് മൂസയ്ക്കാണെന്ന് സാബിറ തുടരുന്നു.
“ഞാന്‍ എറണാകുളംകാരിയും ആള് തൃശൂര്‍ക്കാരനുമാണ്. അദ്ദേഹത്തിന്‍റേത് കാര്‍ഷിക കുടുബമായിരുന്നു. പക്ഷേ ഗള്‍ഫില്‍ ബിസിനസ് ആയിരുന്നു ഭര്‍ത്താവിന്.
“അതൊക്കെ അവസാനിപ്പിച്ച് കൃഷിയൊക്കെയായി നാട്ടില്‍ തന്നെയാണിപ്പോള്‍. ഖത്തറില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന മോനും (സിബിന്‍ മൂസ) ജോലിയൊക്കെ ഉപേക്ഷിച്ചാണ് കൃഷിയില്‍ സജീവമായത്. രണ്ടാള്‍ക്കും ഓര്‍ക്കിഡ് വളര്‍ത്തലിനോടൊക്കെ ഇഷ്ടമുള്ളവരാണ്,” സാബിറ വിശദമാക്കുന്നു.
മൂന്നുപീടികയിലെ വീട്ടില്‍ ഓര്‍ക്കിഡ് മാത്രമേയുള്ളൂവെങ്കില്‍ പാലക്കാട്ട് മറ്റു കൃഷികളും ഉണ്ട്. 1,000 തെങ്ങ്, ഫലവൃക്ഷങ്ങള്‍, ജാതി, കുരുമുളക്, കമുക്, കപ്പ, വാഴ, പച്ചക്കറികള്‍ ഇതൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
“ഞാലിപ്പൂവനും റോബസ്റ്റയും നേന്ത്രനുമൊക്കെ കൃഷിയുണ്ട്. പ്ലാവും ഒരുപാടുണ്ട്. അല്‍ഫോന്‍സ്, സിന്ദൂരം, ബംഗാരപ്പ, മല്‍ഗോവ തുടങ്ങി വ്യത്യസ്ത ഇനം മാവുകളുണ്ട്. സപ്പോട്ടയും മാങ്കോസിറ്റിനും പപ്പായയുമൊക്കെയുണ്ട്.”
ഇതിനുപുറമെ പശുക്കളും കോഴിയുമൊക്കെയുണ്ട്. വളത്തിന് വേണ്ടിയാണ് പ്രധാനമായും പശുക്കളെ വളര്‍ത്തുന്നതെന്ന് സാബിറ കൂട്ടിച്ചേര്‍ക്കുന്നു.
“ഇനി കുറച്ചു ആടുകളെ വളര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ട്. എല്ലാ കൃഷിയും മെല്ലെ മെല്ലെ വിപുലമാക്കണമെന്നാണ് ആഗ്രഹം,” പ്രതീക്ഷയോടെ സാബിറ.
ഈ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്നവരോട് സാബിറയ്ക്ക് പറയാനുള്ളത് ഇതാണ്. തിരക്കിട്ട് ഒന്നും ചെയ്യരുത്. ആദ്യം ഇതിലൊരു താല്‍പര്യം ഉണ്ടാക്കിയെടുക്കണം. അതിന് ശേഷം പതിയെ എല്ലാം ശരിയായി വരും. തനിക്ക് ഈ നിലയിലെത്താന്‍ 22 വര്‍ഷത്തെ പരിശ്രമം വേണ്ടി വന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സാബിറയുടെ പേള്‍ ഓര്‍ക്കിഡ്സിന്‍റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.
ഇതുകൂടി വായിക്കാം:കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്‍, അബിയു, ആപ്പിള്‍ ചാമ്പ
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter