വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് പ്രമോദ് കുമാറും ഭാര്യ ബിന്ദു ദേവിയും ബീഹാറില്‍ നിന്ന് ട്രെയ്ന്‍ കയറുന്നത്. സ്വന്തം നാടും വീടും വീട്ടുകാരെയുമൊക്കെ ഉപേക്ഷിച്ച് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിച്ച് കേരളത്തിലേക്ക്.
ഭാഷയറിയാത്ത, പരിചിതമുഖങ്ങളില്ലാത്ത നാട്ടിലേക്കെത്തിയ പ്രമോദ് കുമാറിന് ജോലിയെടുക്കാനുള്ള മനസ് സ്വന്തമായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്ക നല്ല വിദ്യാഭ്യാസവും നല്‍കാനും മറന്നില്ല ആ മാതാപിതാക്കള്‍.
മൂന്നു മക്കളെയും പഠിപ്പിച്ചു. കൂട്ടത്തില്‍ മൂത്തമകന്‍ ആകാശ് കുമാര്‍ ഡിഗ്രി പഠനത്തിന് ശേഷം ജോലി നേടി കുടുംബത്തിന് താങ്ങാകുമ്പോഴും പഠനം തുടരുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ എംബിഎ പഠിക്കുന്നുണ്ട് ആകാശ്.
എന്നാല്‍ ഇപ്പോള്‍ ഈ വീട്ടിലേക്ക് റാങ്കിന്‍റെ തിളക്കമെത്തിച്ചിരിക്കുകയാണ് മകള്‍ പായല്‍ കുമാരി.
അന്തര്‍ സംസ്ഥാന കുടിയേറ്റത്തൊഴിലാളിയുടെ മകളായ പായല്‍ എം ജി യൂനിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് നാട്ടിലും വീട്ടിലുമൊക്കെ താരമായിരിക്കുന്നത്.
അഭിനന്ദനങ്ങളും ആശംസകളുമൊക്കെ സ്വീകരിക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഇത്തിരി നേരം പായല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“റാങ്ക് ആഗ്രഹിച്ചിരുന്നു, ആദ്യ റാങ്കുകളിലേതെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ ഒന്നാം റാങ്ക് കിട്ടുമെന്നു മനസില്‍ പോലും കരുതിയിരുന്നില്ല. ആദ്യ രണ്ട് വര്‍ഷങ്ങളിലും നല്ല മാര്‍ക്ക് ഉണ്ടായിരുന്നു.
“ഞങ്ങള്‍ മൂന്നു മക്കളെ പഠിപ്പിക്കാനും മറ്റും അച്ഛന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടിയുള്ള അവരുടെ ജീവിതത്തിന് പഠിച്ച് താങ്ങാകണമെന്ന് ആഗ്രഹിച്ചിരുന്നു.
“നന്നായി പഠിക്കുന്നതും അവര്‍ക്ക് വേണ്ടിയാണ്. അവരുടെ സ്നേഹത്തിനും കഷ്ടപ്പാടുകള്‍ക്കും ഇങ്ങനെയല്ലേ നന്ദി അറിയിക്കാനാകൂ. നല്ലൊരു ജീവിതം ആഗ്രഹിച്ചാണ് ഞങ്ങള്‍ ബീഹാറില്‍ നിന്നു ഇവിടേക്ക് വരുന്നത്.
“ബീഹാറിലെ ഷെയ്ക്പുര ജില്ലയിലെ ഗോസെയ്മദി എന്ന ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്ക് വരുന്നത്. 2001-ലാണ് അച്ഛനും അമ്മയ്ക്കും ചേട്ടനും അനുജത്തിക്കുമൊപ്പം വരുന്നത്.
“അന്നെനിക്ക് നാലു വയസ് എന്തോ ഉള്ളൂ. ബീഹാറിലെ ഓര്‍മ്മകളൊന്നും ഇല്ല. കേരളത്തില്‍ വന്നതിന് ശേഷം നാട്ടിലേക്ക് ഞങ്ങള്‍ പോയിട്ടുമില്ല. പാലാരിവട്ടത്തെ സെന്‍റ് മാര്‍ട്ടിന്‍ സ്കൂളിലും കലൂരിലെ എ സി എസ് സ്കൂളിലുമായിരുന്നു എട്ടാം ക്ലാസ് വരെയുള്ള പഠനം.
“ഒമ്പതാം ക്ലാസിലെത്തിയപ്പോ ഇടപ്പള്ളി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലേക്ക് മാറി. പ്ലസ് ടുവും ഇവിടെ തന്നെയായിരുന്നു. പത്താം ക്ലാസില്‍ 85 ശതമാനവും പ്ലസ് ടു ഹ്യൂമാനിറ്റീസില്‍ 93 ശതമാനം മാര്‍ക്കുമുണ്ടായിരുന്നു.
“പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തന്നെ ആര്‍ക്കിയോളജിയോട് ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടം കൊണ്ടാണ് പെരുമ്പാവൂര്‍ മാര്‍ത്തോമ കോളെജിലേക്കെത്തുന്നതും ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജിക്ക് പഠിക്കുന്നതും.
“പക്ഷേ, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളൊക്കെ പഠനത്തെയും ബാധിച്ചിട്ടുണ്ട്. പാതിവഴിയില്‍ പഠനം അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യമൊക്കെയുണ്ടായിരുന്നു.
“അധ്യാപകരുടെയൊക്കെ പിന്തുണയോടെയാണ് പ്രശ്നങ്ങളെ നേരിട്ടത്. ബിഎ ഒന്നാം വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ക്കുള്ള പണം അടച്ചതു പ്രിയ മിസ് ആണ്. ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റിലെ തന്നെ അധ്യാപികയായിരുന്നു പ്രിയ കുര്യന്‍.
പൈസയില്ലെങ്കില്‍ പറയണമെന്നൊക്കെ മിസ് പറഞ്ഞിരുന്നു. കോളെജിലെ ആദ്യ പിന്തുണ പ്രിയ മിസ്സിന്‍റേതായിരുന്നു. പക്ഷേ രണ്ടാം വര്‍ഷമായപ്പോഴേക്കും ടീച്ചര്‍ കാനഡയിലേക്ക് പോയി.
“രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകര്‍ തന്നെയാണ് സഹായിച്ചത്. മിസ്സിന്‍റെ നമ്പര്‍ കൈയില്‍ ഇല്ല. ഈ കാര്യം മിസ് അറിഞ്ഞോ എന്നറിയില്ല. വിളിക്കണം,” റാങ്കിന്‍റെ സന്തോഷം പ്രിയ മിസ്സിനോട് പങ്കുവെയ്ക്കുന്നതെങ്ങനെയെന്ന് ആലോചിച്ചിരിക്കുകയാണ് പായല്‍.
ആദ്യ മൂന്നു റാങ്കില്‍ പായലുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ അധ്യാപകര്‍ക്കുമുണ്ടായിരുന്നു,” മാര്‍ത്തോമ കോളെജിലെ ചരിത്ര വിഭാഗം മേധാവി ഡോ.ബിബിന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ക്കുന്നു.
“ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടാന്‍ പായല്‍ ലൈബ്രറിയില്‍ സമയം ചെലവഴിക്കുമായിരുന്നു. നിരന്തരമായ വായനയും പഠനവുമൊക്കെയുണ്ടായിരുന്നു.
“പഠനകാര്യത്തില്‍ ഒരു അലസതയും പായലിനുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും പായലിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു.
“കോളെജിലെ വിദ്യാര്‍ഥികളുടെ പഠനത്തിന് നേരിടുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒപ്പം നില്‍ക്കേണ്ടത് അധ്യാപകരുടെ കടമയല്ലേ,” അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പായലിനെ അനുമോദിക്കാന്‍ ഓണ്‍ലൈന്‍ ആയി ഒരു ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, മന്ത്രി കെ ടി ജലീല്‍, എംജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ഒക്കെ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.
“റാങ്ക് കിട്ടിയപ്പോ ഒരുപാട് ആളുകള്‍ വിളിച്ചു അഭിനന്ദിച്ചു. പഴയ കൂട്ടുകാരും അധ്യാപകരുമൊക്കെ വിളിച്ചിരുന്നു,” പായല്‍ തുടരുന്നു.
“ആദ്യ റാങ്കുകളിലേതെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുറേയാളുകള്‍ വിളിച്ച് അഭിനന്ദിക്കുമെന്നോ എന്നെക്കുറിച്ച് മാധ്യമങ്ങളിലൊക്കെ വാര്‍ത്തകള്‍ വരുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
“ബീഹാറിലെ പത്രങ്ങളിലും റാങ്ക് കിട്ടിയതിനെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. അവിടുന്ന് ബന്ധുക്കളൊക്കെ വിളിച്ച് അഭിനന്ദിച്ചു. അവിടുത്തെ പത്രത്തിലൊക്കെ വാര്‍ത്ത വന്നതോടെയാണ് എല്ലാവരും അറിഞ്ഞത്.
ഒരിക്കലെങ്കിലും ബീഹാറിലേക്ക് പോകണമെന്നും ബന്ധുക്കളെ കാണണമെന്നുമുണ്ട്.
“വര്‍ഷം കുറേയായി നാട്ടില്‍ നിന്ന് കേരളത്തിലെത്തിയിട്ട്, പക്ഷേ ഇന്നും വാടക വീട്ടിലാണ് ഞങ്ങളുടെ താമസം. സ്വന്തമായി വീടില്ലാത്തതിന്‍റെ കുറേ പ്രശ്നങ്ങളില്ലേ അതൊക്കെ അതിജീവിച്ചാണ് ഇവിടെ വരെയെത്തിയത്. ഓരോ വീടും മാറി കൊണ്ടിരിക്കും. വീട് വാടകയും വളരെ കൂടുതലായിരിക്കും.
“അച്ഛനൊരാളുടെ മാത്രം വരുമാനത്തിലാണ് ഞങ്ങള്‍ മക്കളുടെ പഠനവും വീട്ടുകാര്യങ്ങളുമൊക്കെ നടന്നിരുന്നത്. വീട് എന്നത് ഒരു സ്വപ്നമാണ്. കേരളത്തില്‍ തന്നെ വീട് വച്ച് താമസിക്കണമെന്നാണ് ആഗ്രഹം.
“എന്നെങ്കിലും സഫലമാകുമെന്നു പ്രതീക്ഷയുണ്ട്. ബീഹാറിനോടും ഇഷ്ടമൊക്കെയുണ്ട്, പക്ഷേ ഞങ്ങള്‍ പഠിച്ചു വളര്‍ന്ന നാടല്ലേ ഇവിടം. അതുകൊണ്ട് ഇഷ്ടം കൂടുതല്‍ കേരളത്തിനോടാണ്.
“റാങ്ക് നേടണമെന്നാഗ്രഹിച്ച് ഏതുനേരവും പഠിപ്പ് മാത്രമായിരുന്നില്ല. പഠനത്തിന് അങ്ങനെ പ്രത്യേക സമയം ഒന്നുമില്ലായിരുന്നു. വീട്ടിലെ പണികളും മറ്റുമൊക്കെ കഴിഞ്ഞ ശേഷം ഇരുന്നു പഠിക്കും. അത്രേയുള്ളൂ.
“സിവില്‍ സര്‍വീസ് നേടണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഉടന്‍ ശ്രമിക്കുന്നില്ല. ഇനി പോസ്റ്റ് ഗ്രാജുവേഷന്‍ എടുക്കണം. ആര്‍ക്കിയോളജിയില്‍ പിജിയെടുക്കണമെന്നാണ് ആഗ്രഹം.
“അതൊക്കെ കഴിഞ്ഞ് നന്നായി മുന്നൊരുക്കം നടത്തിയ ശേഷമേ സിവില്‍ സര്‍വീസ് എഴുതുകയുള്ളൂ,” പായല്‍ കൂട്ടിച്ചേര്‍ത്തു.
പായലിന്‍റെ അനുജത്തി പല്ലവി കുമാരി തൃക്കാക്കര ഭാരതമാത കോളെജില്‍ ബി എസ് സി ഫിസിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. എറണാകുളത്ത് തോട്ടത്തില്‍ ട്രേഡേഴ്സ് എന്ന പെയിന്‍റ് കടയിലാണ് അച്ഛന്‍ പ്രമോദിന് ജോലി.
അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം എറണാകുളത്ത് പുക്കാട്ടുപടി കങ്ങരപ്പടിയിലാണ് താമസിക്കുന്നത്.
ഇതുകൂടി വായിക്കാം: 5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter