ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ: ഫ്ലെക്സുകൾ കൊണ്ട് ഇവര്‍ മേഞ്ഞത് നൂറുകണക്കിന് വീടുകള്‍

ലാറ്റിനമേരിക്കൻ ഫുട്ബോള്‍ നായകരുടെ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇനിയെന്തുചെയ്യുമെന്ന ചോദ്യത്തിന് ‘കോഴിക്കൂട് മേയാം’ എന്നായിരുന്നു ട്രോളന്മാരുടെ ചിരി. എന്നാൽ  ബ്ലഡ് ഡോണേഴ്സ് കേരള അത് വെറും ട്രോളായി തള്ളിക്കളഞ്ഞില്ല. 

Promotion
മെസ്സിയുടെ അർജന്‍റീനയും നെയ്മറിന്‍റെ ബ്രസീലും ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ നിന്നും പുറത്തായപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കിടിപ്പ് നിന്നു. തോൽവിയുടെ വേദനയിലും ചിരിക്കാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണ് പിന്നീട് കണ്ടത്.

സ്വയം ട്രോളിയും പരസ്പരം പരിഹസിച്ചും ഫുട്ബോൾ ആരാധകർ വേദന മറന്നു.

ഫോട്ടോ: ഫേസ്ബുക്ക്
ലാറ്റിനമേരിക്കൻ വീരനായകർക്കായി കേരളത്തിലുടനീളം വലിച്ചുകെട്ടിയ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇനിയെന്തുചെയ്യുമെന്ന ചോദ്യത്തിന് “കോഴിക്കൂടിന് കൂരയാക്കാം” എന്ന മറുപടി പല തരത്തിൽ ചിരിയൊരുക്കി.

എന്നാൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ  പ്രവര്‍ത്തകര്‍ ട്രോളുകളിൽ നിന്നും ഒരു പുതിയ ആശയത്തിലേക്കാണ് എത്തിയത്. എന്തുകൊണ്ട് ഈ ഫ്ലെക്സ് ബോർഡുകൾ വീടുകൾക്ക് മേൽക്കൂരയാക്കിക്കൂടാ? പ്രളയത്തിലും പേമാരിയിലും കൂര നഷ്ടപ്പെട്ടവർക്കും ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ നനഞ്ഞുറങ്ങുന്നവര്‍ക്കും അതൊരു ആശ്വാസമാവും.


ഇതുകൂടി വായിക്കാം:  തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്


കോഴിക്കോട്ടായിരുന്നു തുടക്കം. കാല്‍പന്തുകളിയും ആവേശം ഉറക്കത്തിലും ഉണര്‍വിലും സൂക്ഷിക്കുന്ന നൈനാംവളപ്പില്‍ നിന്നും സംഭാവന ചെയ്ത പഴയ ഫ്ലെക്സ് ബോ‍ർഡുകൾ മുഴുവൻ സംഘടന ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കി.

കോഴിക്കോട്  മാത്രം നൂറ് കണക്കിന് വീടുകള്‍ക്ക് ഈ ഫ്ളെക്സ് ഷീറ്റുകള്‍ മഴയില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും രക്ഷയേകി.

Promotion
ബ്ലഡ് ഡോണേഴ്സ് തയ്യാറാക്കിയ വീഡിയോ:
ആ കാംപെയ്ന്‍ വലിയ വിജയമായിരുന്നു. നിരവധി ആവശ്യക്കാർ വീടുമേയാൻ ഫ്ളെക്സ് അന്വേഷിച്ച് സമീപിക്കാറുണ്ടെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ചാപ്റ്ററിന്‍റെ പ്രവർത്തകർ പറയുന്നു.
“കോഴിക്കോട്  പാവപ്പെട്ടവര്‍ താമസിക്കുന്ന പല കോളനികളിലും ‍ഞങ്ങള്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ എത്തിച്ചു നല്‍കി. ബ്ലഡ് ഡോണേഴ്സിന്‍റെ പ്രവര്‍ത്തകര്‍ കേരളം മുഴുവന്‍ ഈ കാംപെയ്ന്‍ ഏറ്റെടുത്തു,” ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോഴിക്കോട് ചാപ്റ്റര്‍ എക്സിക്യൂട്ടീവ് അംഗവും സന്നദ്ധപ്രവര്‍ത്തകനുമായ അംജദ് റഹ്മാന്‍ ദ ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

രക്തദാനത്തിന് പുറമെ മറ്റ് പല കാരുണ്യപ്രവര്‍ത്തനങ്ങളിലും കൂട്ടായി ബ്ലഡ് ഡോണേഴ്സ് കേരള ഉണ്ട്.

ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍. ഫോട്ടോ: ഫേസ്ബുക്ക്

“സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ബ്ലഡ് ഡോണേഴ്സ് കേരളക്ക് സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഇതിന് പുറമെ യു എ ഇ യിലും ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്റേഴ്സ് ഉണ്ട്,” അംജദ് അറിയിച്ചു.

“ഇതിനു പുറമെ ഞങ്ങള്‍ക്ക് വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കാമ്പസ് വിങ്ങുകളും ഉണ്ട്. ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ കിട്ടുന്നത് കാമ്പസുകളില്‍നിന്നാണ്.”‌


തെരുവുകളില്‍ കഴിയുന്നവര്‍ക്കായി ഞായറാഴ്ചകളില്‍ സ്നേഹസദ്യ ഒരുക്കുന്നുണ്ട് ബ്ലഡ് ഡോണേഴ്സ് കേരള. “നിരവധി പേര്‍ സ്നേഹസദ്യക്കായി സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ കല്യാണപ്പുരകളില്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നുമുണ്ട്,” അംജദ് വിശദീകരിക്കുന്നു.

ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞ ഉടനെയായിരുന്നു ഫ്ലെക്സ് ബോര്‍ഡ് കാംപെയ്ന്‍ എങ്കിലും ഇപ്പോഴും അത് തുടരുന്നു, കേരളത്തിന്‍റെ പലയിടങ്ങളിലായി.

ബ്ലഡ് ഡോണേഴ്സ് ഉള്ളപ്പോള്‍ ഫ്ലക്സ് ബോര്‍ഡുകളൊന്നും പാഴായിപ്പോവില്ല.  ട്രോളുകളും വെറുതെ ചിരിച്ചുതള്ളേണ്ട, ചിലപ്പോൾ ഉപയോഗം കാണും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

Promotion

Leave a Reply

Your email address will not be published. Required fields are marked *

‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത