‘അന്ന് ഉറപ്പിച്ചു, ഞാന്‍ കൂലിപ്പണിയെടുത്ത് പഠിക്കും, ലക്ഷ്യം നേടും’: ഡോക്റ്ററാവുകയെന്ന സ്വപ്നത്തോടടുത്ത് ഇര്‍ഷാദ്

ഷൊർണ്ണൂർ വിഷ്ണു ആയുർവേദ കോളേജിൽ അവസാനവര്‍ഷ ബി എ എം എസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഷാദ്.  ഹോസ്റ്റലിൽ നിന്ന്  നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഇര്‍ഷാദ് മുജീബ്ക്കയെ വിളിച്ചു പണി സെറ്റ് ആക്കും.. 

“പത്താം ക്ലാസ്സിലെത്തിയപ്പോൾ ഉപ്പ പറഞ്ഞു, ‘നല്ലോണം പഠിച്ചു മാർക്ക് വാങ്ങി എങ്ങനെങ്കിലും ഗവൺമെന്‍റ് സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങിക്കൊണ്ടി, നമ്മളെ സാമ്പത്തിക സ്ഥിതിക്ക് പ്രൈവറ്റ് സ്കൂളിലൊക്കെ പോവാൻ കഷ്ടാണ് കുട്ട്യേ,’ എന്ന്,”  മലപ്പുറം കാളികാവ് സ്വദേശി ഇർഷാദ് എന്ന ചെറുപ്പക്കാരന്‍ ഓര്‍ക്കുന്നു.

തട്ടുകട നടത്തിയാണ് നാല് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ഇര്‍ഷാദിന്‍റെ ഉപ്പ  കാളികാവ് പള്ളിശ്ശേരി കരിപ്പായി അബ്ദുൽ അസ്സീസ് പോറ്റുന്നത്. കാര്യങ്ങളൊക്കെ ഒരുവിധം തള്ളിനീക്കുന്നതിന്‍റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് മക്കളോടെപ്പോഴും നന്നായി പഠിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇര്‍ഷാദ് ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം

“ഞാൻ ജോലിക്ക് പോണതൊന്നും  ഉപ്പാക്ക് ഇഷ്ടല്ലായിരുന്നു. എന്നോട് പഠിച്ചു മാർക്ക് വാങ്ങാൻ പറയും എപ്പോഴും. അങ്ങനെ പത്താം ക്ലാസ് അത്യാവശ്യം നല്ല മാർക്കോടെ പാസ്സായി ഗവണ്മെന്‍റ് സ്കൂളിൽ തന്നെ സയൻസ് ബാച്ചിൽ അഡ്മിഷൻ കിട്ടി. പ്ലസ്ടു-നും നല്ല മാർക്ക് ഇണ്ടായിരുന്നു,” ഇർഷാദ് പറഞ്ഞു. ഉപ്പയുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞുതന്നെ  ഇര്‍ഷാദ് ചെറുപ്പത്തിലേ എന്തെങ്കിലുമൊക്കെ ചെറിയ ജോലികള്‍ എടുക്കുമായിരുന്നു.

“എനിക്ക് എപ്പോഴും  എന്തെങ്കിലും ചെയ്ത്കൊണ്ടിരിക്കൻ നല്ല ഇഷ്ടമാണ്. പത്താം ക്ലാസ് അവധിക്കാലത്തും ഞാൻ കോൽ ഐസ് വിൽക്കാൻ പോയിട്ടുണ്ട്. അന്നൊക്കെ വരുമാനത്തിന് അല്ല ജോലി ചെയ്തിരുന്നത്. അവധിക്ക് ചടഞ്ഞു കൂടി വീട്ടിലിരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് സൈക്കിൾ എടുത്ത് ഇവിടെ അടുത്തുള്ള ഐസ് കമ്പനിയിൽ പോയി ഇരുപത്തഞ്ചുർപ്യക്കൊക്കെ ഐസ് വാങ്ങി വിൽക്കും. അയിമ്പതൈസ (അമ്പതു പൈസ) ലാഭം കോൽ ഐസ് ഒന്നിന് കിട്ടും,” ഇർഷാദ് തുടരുന്നു.

“നമ്മളെ നാട്ടിലെ ചങ്ങായിമാരും കൂടും. ഞങ്ങൾ അങ്ങനെ സൈക്കിളെടുത്തു ഓരോ ദിവസം ഓരോ റൂട്ട് പിടിക്കും. ഞാൻ ജോലി ആയിട്ടൊന്നും അതിനെ കരുതിട്ടില്ല. നമുക്ക് അത് ഒരു രസം. അത്യാവശ്യം ചിലവുകളെല്ലാം വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കഴിയുകയും ചെയ്യും. അതൊരു ബോണസായിരുന്നു,” എന്ന് ഇര്‍ഷാദ്.
കോളെജില്‍ സഹപാഠികള്‍ക്കൊപ്പം(ഇടത്.), കോളെജിലെ ഒരു പരിപാടിയില്‍ (വലത്)

പിന്നീട് പ്ലസ് ടു പഠനകാലഘട്ടത്തിലും ഇർഷാദ് തനിക്ക് പറ്റുന്ന ജോലികളെല്ലാം ചെയ്തിരുന്നു. നാട്ടിൽ തന്നെ പല കരാറുകാരോടും സഹകരിച്ചു മണൽ വരാനും പോയിരുന്നു. ഓരോ ജോലികളിൽ മുഴുകുമ്പോഴും പഠനത്തിലെ ശ്രദ്ധ ഒട്ടും കുറയാതെ സൂക്ഷിച്ചു.


അതിനിടയില്‍ ഡോക്റ്ററാകണമെന്ന മോഹം മനസ്സില്‍ കയറിക്കൂടി.

“സത്യം പറഞ്ഞാൽ എന്നേക്കാൾ ഞാൻ ഡോക്റ്റർ ആയി കാണണമെന്ന ആഗ്രഹം എന്‍റെ ഉമ്മാക്ക് ആയിരുന്നു. ഉമ്മാക്ക് അധികം പഠിക്കാൻ കഴിയാത്തതിന്‍റെ വിഷമം ഇപ്പോഴും ഉണ്ട്. അതുകൊണ്ട് മക്കൾ നന്നായി പഠിക്കണമെന്ന് ഉമ്മാക്ക് നല്ല ആഗ്രഹമാണ്. ചെറുപ്പം മുതലേ കേട്ട് വളർന്നതുകൊണ്ടാകാം എനിക്കും ഡോക്റ്റർ എന്ന പ്രൊഫഷനോട് താല്പര്യമായി. മറ്റുള്ളവർക്ക് സേവനം നല്കാൻ പറ്റുന്ന ജോലി ആണെങ്കിൽ അതിന്‍റെ മധുരമേറും,” ഇപ്പോള്‍ ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജിൽ അവസാന വർഷ ബി എ എം എസ് വിദ്യാർത്ഥിയായായ ഇർഷാദ് ചിരിച്ചുകൊണ്ടു പറഞ്ഞു.

“പ്ലസ്ടു വരെ സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് പഠനച്ചെലവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പ്രൊഫഷണൽ കോഴ്‌സിന് ചേർന്നാൽ വരുന്ന വലിയ പഠനച്ചെലവ് മുമ്പിൽ കണ്ടുകൊണ്ട് തന്നെ ഞാൻ മെഡിക്കൽ എൻട്രൻസിന് തയ്യാറെടുക്കാൻ തുടങ്ങി. ഉപ്പ കട്ട സപ്പോട്ടായി കൂടെ ഉണ്ടായത് എനിക്ക് വലിയ ആത്മവിശ്വാസം തന്നെയാണ് തന്നത്.”

മെഡിക്കൽ പ്രവേശന പരീക്ഷ കഴിഞ്ഞാൽ റിസൾട്ട് വന്ന് അഡ്മിഷൻ കിട്ടി ക്ലാസ് തുടങ്ങണമെങ്കിൽ കുറഞ്ഞത് അഞ്ചു മാസത്തോളം എടുക്കും. ആ സമയം വെറുതെ കളയാന്‍ ഇര്‍ഷാദിന് മനസ്സുവന്നില്ല.

“ഞാൻ മെഡിക്കൽ എൻട്രൻസിന് തയ്യാറടുക്കുമ്പോൾ തന്നെ നാട്ടിലെ പലരും ഉപ്പാനോട് ചോദിച്ചിരുന്നു എന്തിനാ ഓനെ ഇത്ര പണം ചെലവാക്കി പഠിപ്പിക്കണത്, തട്ട്കടയിൽ സഹായത്തിനു നിർത്തിക്കൂടെ, നിങ്ങക്ക് ഒരു റെസ്റ്റാകില്ലേ എന്നൊക്കെ.”

ഇര്‍ഷാദും കുടുംബാംഗങ്ങളും

“‘ഞാൻ സമയം കിട്ടുമ്പോഴൊക്കെ ഉപ്പാനെ സഹായിക്കാൻ പോകാറുണ്ട്. രാത്രി ഒൻപതു മണിക്ക് തുടങ്ങിയാൽ രണ്ടു മണി വരെ പ്രവർത്തിക്കുന്ന തട്ടുകടയാണ്. രാത്രി ഉറക്കം കളഞ്ഞു ഉപ്പാന്‍റെ കൂടെ ചെല്ലുമ്പോൾ ഉപ്പാക്ക് വിഷമമാണ്, ‘അനക്ക് കിടന്നുറങ്ങിക്കൂടെ എന്തിനാ ഈ ഇടങ്ങേറാകണത്’ എന്നൊക്കെ ചോദിക്കും. ഞാൻ ഇങ്ങനെ സഹായിക്കാൻ ചെല്ലുന്നത് കാണുന്നവർക്കാണ് എന്നെ വലിയ തുക ചെലവാക്കി പഠിപ്പിക്കുന്നതിൽ നീരസം. പക്ഷെ, ഉപ്പക്കും ഉമ്മക്കും എന്നെ പഠിപ്പിക്കാൻ ഉള്ള കൊതി ആയിരുന്നു.”

അബ്ദുൽ അസ്സീസിന്‍റെയും ഖയറുന്നിസയുടെയും നാല് മക്കളിൽ മുതിർന്നയാളാണ് ഇർഷാദ്. ഇര്‍ഷാദിന് മൂന്ന് അനിയന്മാർ ആണ്. ഒരാൾ പ്ലസ് ടുവിലും ഒരാൾ പ്ലസ് വണ്ണിലും ഇളയ ആള്‍ക്ക് നാല് വയസ്സുള്ളൂ.
“ഓനാണ്‌ ഇന്‍റെ ബഡ്ഡി,” ഇർഷാദ് ഇളയ അനിയനെക്കുറിച്ച് വാത്സല്യത്തോടെ പറയുന്നു.
ഉപ്പയുടെ തട്ടുകടയില്‍ സഹായിക്കുക മാത്രമല്ല, നാട്ടിലെ ഒരു പലചരക്ക് കടയിലും ഇര്‍ഷാദ് ജോലിക്കുനിന്നു, എന്‍ട്രന്‍സ് റിസല്‍റ്റ് വരുന്നതിന്‍റെ ഇടവേളയില്‍.
ഇവനാണെന്‍റെ ബഡ്ഡി: ഇളയ സഹോദരനുമായി (ഇടത്), സഹോദരങ്ങള്‍ക്കൊപ്പം(വലത്)
“റിസൾട്ട് അറിഞ്ഞപ്പോൾ എനിക്ക് മെറിറ്റ് സീറ്റ് കിട്ടി. ഞാനും എന്‍റെ കുടുംബവും ഒരുപാട് സന്തോഷിച്ചു. പഠനച്ചെലവിനായി ഒരു തുക കണ്ടെത്തിയേ മതിയാകൂ, ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു തുക തന്നെയായിരുന്നു,” ഇർഷാദ് തുടർന്നു.
“ഉപ്പ പലരോടും പണം കടം ചോദിച്ചു. നമ്മുടെ റിസൾട്ടിൽ സന്തോഷിച്ച നാട്ടുകാരും കുടുംബക്കാരും പൂർണ്ണപിന്തുണയോടെ കൂടെ നിന്നപ്പോൾ ഒരുപാട് പേർ ഉപ്പാനെ പരിഹസിച്ചു വിട്ടിട്ടുണ്ട്. ‘ഓനെ ഇപ്പൊ പഠിപ്പിച്ചിട്ട് എന്താക്കാനാ, ആരാ പറഞ്ഞെ ഇത്ര വലിയ പഠിപ്പൊക്കെ പഠിപ്പിക്കാൻ, എല്ലാം മതിയാക്കി തട്ട്കടയിൽ കൊണ്ടന്ന് നിർത്താൻ നോക്ക്’ എന്നൊക്കെ. ഉപ്പ ഇതൊക്കെ കേട്ട് ഒരുപാട് സങ്കടത്തോടെ ഉമ്മയോട് പറയുന്നത് ഞാൻ കേൾക്കാനിടയായി.
“അന്ന് ഞാൻ തീരുമാനിച്ചതാണ്. ‘ഞാൻ പണിയെടുക്കുകയും ചെയ്യും, ഒപ്പം പഠിച്ചു എന്‍റെ ലക്ഷ്യം നേടുകയും’ ചെയ്യുമെന്ന്,” ഇർഷാദിന്‍റെ വാക്കുകൾ ദൃഢമായിരുന്നു.
വലിയ തുക കണ്ടെത്താനായി എന്ത് ജോലി ചെയ്യണമെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നോ എന്ന ചോദ്യത്തോട് ഇർഷാദിന്‍റെ പ്രതികരണം ഇങ്ങനെ: “ഒരിക്കലുമില്ല. ഞാൻ ബൈക്കെടുത്തു നേരെ ഹൊളോബ്രിക്ക്സ് കമ്പനികൾ കയറിയിറങ്ങി ജോലി അന്വേഷിച്ചു. അങ്ങനെ എന്നെ പരിചയമുള്ള  ഫാരിസ് ഇക്കയുടെ കടയിൽ ജോലി തരായി.
“അദ്ദേഹം ‘ഇത് വേണോ, ഇജ്ജ് പഠിക്കല്ലേ, ഈ ജോലി കുറച്ചു ബുദ്ധിമുട്ടാണ്’ എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു, വീട്ടിലിരുന്നു നേരം കളയണ്ടല്ലോന്ന് വച്ചിട്ടാ എന്നൊക്കെ. എന്‍റെ മുന്നിലെ ലക്ഷ്യം ഞാൻ അന്ന് ആരോടും പറഞ്ഞില്ല.
പണിസ്ഥലത്ത്

“ഞാൻ ജോലി എല്ലാം സെറ്റ് ആക്കിയിട്ടാണ് വീട്ടിൽ പറഞ്ഞത്. ഉപ്പാക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. നല്ല കായികാദ്ധ്വാനം വേണം എന്നുള്ളത് കൊണ്ട് ഉപ്പാക്ക് സങ്കടമായിരുന്നു. ഒരുപാട് സുമനസ്സുകൾ നമുക്കൊപ്പം ഉണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ നമ്മൾ അറിഞ്ഞു പരിശ്രമിക്കണം, ഇനി ഉപ്പ പരിഹസിക്കപ്പെടരുത്, അതിനു എനിക്ക് പറ്റുന്നത് ഞാൻ ചെയ്യുന്നു, അത്രേ ഉള്ളു,” ഇർഷാദ് ഇതുപറഞ്ഞപ്പോള്‍ പ്രശ്നങ്ങൾ എല്ലാം എത്ര സിംപിളായി മാറുന്നു എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.

ഒരു ജോലി എന്ന് ആലോചിച്ചപ്പോൾ നമ്മുടെ യൂത്ത് ആഗ്രഹിക്കുന്ന പോലെ ഒരു എയർ കണ്ടിഷൻഡ് ഷോപ്പിലെ ജോലി മനസ്സിൽ ആഗ്രഹിച്ചിരുന്നില്ലേ, എന്നായി ഞാൻ.  “അതൊക്കെ രസാണ്. ശെരി തന്നെ. പക്ഷേങ്കിൽ അങ്ങനെ സിൽക്ക് കുപ്പായം ഇട്ട് കൂളിംഗ് ഗ്ലാസ് വച്ചു അങ്ങനത്തെ ജോലി നോക്കിയാൽ ഞാൻ ഉദ്ദേശിച്ച കാര്യം നടക്കില്ല. എനിക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറച്ചെങ്കിലും വരുമാനം കണ്ടെത്താൻ നിർമ്മാണരംഗത്തു കൂലിപ്പണി ചെയ്താൽ കഴിയും. നമുക്ക് ലക്ഷ്യമല്ലേ പ്രധാനം,” എന്ന് ഇര്‍ഷാദിന്‍റെ മറുപടി.

ഫുട്ബോള്‍ എന്‍റെയും ലഹരിയാണ്: ഇര്‍ഷാദ് മൈതാനത്ത്
”എനിക്ക് പഠിക്കണമായിരുന്നു. അ‌തിന് പണം ആവശ്യമായിരുന്നു. സമയം വളരെ കുറവും.” അ‌തിനാൽ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല എന്ന് ഇര്‍ഷാദ്.  കുറച്ചു ശാരീരിക അധ്വാനം വേണ്ടി വരുമെങ്കിലും നിര്‍മ്മാണരംഗത്തു ജോലി ചെയ്താൽ തന്‍റെ ലക്‌ഷ്യം നേടാനാകുമെന്ന് ആ ചെറുപ്പക്കാരന് ഉറപ്പുണ്ടായിരുന്നു.
“ഞാൻ മുമ്പ് മണൽ വാരാൻ പോയിരുന്നല്ലോ. അത് കുറച്ചു അധ്വാനമുള്ള ജോലി ആണെങ്കിലും ഹൊളോബ്രിക്സ് കളത്തിലെ ജോലി അതിനേക്കാൾ ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ ആറുമണിക്ക് ജോലി  തുടങ്ങിയാൽ ഉച്ചക്ക് ഒരു മണിയോടെ പണി തീരും. ഓരോ ജനൽ വാർക്കുന്നതിനു അനുസരിച്ചാണ് കൂലി. ഞാൻ ചെന്നതിൽ പിന്നെ അവിടെ ജോലിക്കുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി നാട്ടിൽ പോയി. പിന്നീട് ഞാൻ ഒറ്റക്ക് ആയി പണിക്ക്. ആയിടയ്ക്കാണ് റംസാൻ വന്നത്. നോമ്പുപിടിച്ചുകൊണ്ട് ഞാൻ പണിയെടുത്തു,” ഇർഷാദ് തുടർന്നു.
“ഒരുപാട്  ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. എങ്കിലും മനസ്സ് നിറയെ സന്തോഷമായിരുന്നു. എന്‍റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്‍റെ സംതൃപ്തി ആയിരുന്നു. തുടക്കത്തില്‍ ശരീരം മുഴുവൻ ഇടിച്ചു നുറുക്കിയ വേദനയായിരുന്നു. പോകെപ്പോകെ എന്‍റെ ശരീരം എല്ലാം ശീലിച്ചു കഴിഞ്ഞിരുന്നു.”


ഇതുവരെ എത്തിയതിൽ ഒരുപാട് പേരോട് തനിയ്ക്ക് കടപ്പാടുണ്ടെന്ന് ഇർഷാദ് പറയുന്നു. “സർവേശ്വരനോടും എന്‍റെ കഴിവിൽ വിശ്വസിക്കുന്ന എന്‍റെ കുടുംബത്തോടും തന്നെയാണ്. പിന്നെ നാട്ടുകാരിലും കുടുംബക്കാരുമായി ഒട്ടേറെ പേർ പിന്തുണ നൽകുന്നുണ്ട്. പിന്നെ എടുത്ത് പറയേണ്ട ഒരാൾ മുജീബ്ക്കയാണ്.

“മുജീബ്ക്ക കെട്ടിട കരാറുകാരൻ ആണ്. ഹൊളോബ്രിക്സ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. എന്‍റെ അവസ്ഥകൾ അറിഞ്ഞു എനിക്ക് അദ്ദേഹം ഏറ്റെടുക്കുന്ന കരാറുകളിൽ ദിവസക്കൂലിക്ക് ജോലി നൽകി,” ഇർഷാദ് മുജീബ്ക്കയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.

മുജീബ്ക്കയ്ക്കൊപ്പം
“ഷൊർണ്ണൂർ വിഷ്ണു ആയുർവേദ കോളേജിൽ ഹോസ്റ്റലിൽ നിന്നാണ് ഞാൻ പഠിക്കുന്നത്. വാരാവസാനം നാട്ടിലേക്ക് വരുമ്പോൾ ഞാൻ മുജീബ്ക്കയെ വിളിച്ചു പണി സെറ്റ് ആക്കിയിട്ടാണ് പുറപ്പെടുക .നാട്ടിലെത്തി പിറ്റേന്ന് തന്നെ മുജീബ്ക്കാടെ കൂടെ പണിക്ക് കൂടും. ഇപ്പോൾ നാല് കൊല്ലമായി മുജീബ്ക്കാടെ കൂടെയാണ്. ഞാൻ വിളിച്ചാൽ മുജീബ്ക്ക എങ്ങനെ എങ്കിലും പണി റെഡി ആക്കി തരും. അതുകൊണ്ട് എന്‍റെ കാര്യങ്ങൾ നടന്നു പോകുന്നു,” ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
പഠനത്തിലും ജോലിയിലും മാത്രമല്ല, എല്ലാ മലപ്പുറംകാരെയും  പോലെ തനിയ്ക്ക് പന്തുകളിയിലും താൽപര്യമേറെയെന്ന് ഇർഷാദ്.

“പന്തുകളി നല്ല ഇഷ്ടാണ്. നമ്മളെ മലപ്പുറക്കാരുടെ ജീവനാണ് പന്തുകളി. എനിക്കും അതെ. ഞാൻ കോളേജ് ടീമിലൊക്കെ ഉണ്ട്. അവസരം കിട്ടുമ്പോഴൊക്കെ നമ്മളെ നാട്ടിലെ ചങ്ങായിമാരുടെ കൂടെയും കളിക്കും. പിന്നെ എന്‍റെ ഇളയ അനിയനെ പരിശീലിപ്പിക്കാറുണ്ട്.”

ഡോക്റ്ററായി കുടുംബത്തെ നോക്കുന്നതിനൊപ്പം സമൂഹത്തിനായും കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് ഇർഷാദിന്‍റെ ആഗ്രഹം. “ഡോക്റ്റർ എന്നത് തന്നെയാണ് എന്‍റെ മെയിൻ പരിപാടി. അതിനായിരുന്നല്ലോ ഈ ഓട്ടപ്പാച്ചിലെല്ലാം. നമ്മളേം കൊണ്ട് ഈ സമൂഹത്തിനു ഉപകാരം ആവട്ടേന്ന്.” ഇർഷാദ് ചിരിക്കുന്നു.

എന്നാൽ, ഡോക്റ്ററായിക്കഴി​ഞ്ഞാലും താനിതു​വരെ ചെയ്ത ജോലികളൊന്നും മറക്കില്ലെന്നും ഈ ചെറുപ്പക്കാരൻ കൂട്ടിച്ചേർക്കുന്നു.

“ഇപ്പോൾ ചെയ്യുന്നതും തൊഴിലല്ലേ .ആവശ്യം വന്നാലൊക്കെ പുറത്തെടുക്കാലോ. പക്ഷേങ്കിൽ മുജീബ്ക്ക പറഞ്ഞേക്കണത് ‘ഡോക്റ്റർ ആയാൽ അന്നെ ഈ വഴിക്ക് കണ്ടുപോകരുത് ‘ എന്നാണ്. എന്നാലും മുജീബ്ക്കാക്ക് എപ്പോഴെങ്കിലും പണിക്കാർക്ക് ക്ഷാമം വന്നാൽ ഫ്രീ സർവീസ് ആയി ഞാൻ പണി ചെയ്തുകൊടുക്കും. ഏത് ഡോക്റ്ററായാലും നമ്മുടെ ഹീറോയെ നമ്മൾ മറക്കരുതല്ലോ,” ഇർഷാദ് ഹൃദയപൂര്‍വ്വം പറഞ്ഞുനിര്‍ത്തുന്നു.


സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം