വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ

“അങ്ങനെ വീണ്ടും സ്കൂളില്‍ പോയി തുടങ്ങി. പക്ഷേ ഏഴാം ക്ലാസിലേക്കെത്തുമ്പോ അച്ഛന്‍ എസ്.ആര്‍. നഞ്ചപ്പന്‍ മരിച്ചു. അതോടെ മാനസികമായി വല്ലാതെയായി. പഠനത്തിലൊക്കെ ഞാന്‍ വളരെ പിന്നിലായി.”

പ്ലസ്‍ടു കഴിഞ്ഞു നില്‍ക്കുമ്പോ രങ്കസ്വാമിയോട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിച്ചു ഇനിയെന്താ പരിപാടി?

“ഡിഗ്രിക്ക് ചേരുകയാണ്. ബി എ ഹിന്ദിക്ക് പാലക്കാട് വിക്റ്റോറിയ കോളെജില്‍ കിട്ടിയിട്ടുണ്ട്.”

രങ്കസ്വാമി പറഞ്ഞതു കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഹിന്ദിക്കോ…? പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചവന്‍ ഹിന്ദി പഠിക്കാന്‍ പോകുന്നോ? ഹിന്ദി പഠിച്ചിട്ട് ഇപ്പോ എന്താ കിട്ടാനാ?

ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പക്ഷേ അതൊന്നും രങ്കസ്വാമി മൈന്‍ഡ് ചെയ്തില്ല.

“ചെറിയേട്ടന്‍ പറഞ്ഞിരുന്നു. ഹിന്ദിക്ക് ഷുവര്‍ കാര്‍ഡല്ലേ വന്നേക്കുന്നത്. അതെടുത്തു പഠിക്കാന്‍ ചേര്‍ന്നോന്ന്. എല്ലാ കാര്യങ്ങള്‍ക്കും ഫുള്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുള്ള ആളാണ് എന്‍റെ ചെറിയേട്ടന്‍,” രങ്കസ്വാമി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

അങ്ങനെ 2008-ലാണ് ബി എ അദ്ദേഹം ഹിന്ദിക്കാരനാകുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ പോയി എം എ ഹിന്ദി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

പക്ഷേ ഡിഗ്രിയൊക്കെ കഴിഞ്ഞു നില്‍ക്കുന്ന രങ്കസ്വാമിയെ കണ്ട് പലരും വീണ്ടും പലതും ചോദിച്ചു തുടങ്ങി. ഡിഗ്രിയൊക്കെ കഴിഞ്ഞില്ലേ. ഇനീ ജോലിക്ക് നോക്കുന്നില്ലേ…എന്താ ഇങ്ങനെ വെറുതേ പഠിച്ച് നടക്കുന്നത്. പണിക്കൊന്നും പോകണ്ടേ…?

ഹിന്ദി പഠിച്ചിട്ട് വല്ല കാര്യോം ഉണ്ടോന്ന് ചോദിച്ചവരോടും പണിക്ക് പോകാതെ എന്തിനാ വെറുതേ പഠിച്ച് നടക്കുന്നതെന്നു ചോദിച്ചവരോടുമൊക്കെ പറയാനുള്ള ഉത്തരവുമായി രങ്കസ്വാമി ചിരിക്കുന്നു.

ഹിന്ദിയില്‍ നെറ്റും എംഫില്ലും നേടി. പിന്നെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തില്‍ നിന്ന് ആദ്യമായി ഹിന്ദിയില്‍ ഡോക്റ്ററേറ്റ് നേടുന്നയാളുമായി ഡോ. രങ്കസ്വാമി എന്‍.

അത്ര എളുപ്പമായിരുന്നില്ല രങ്കസ്വാമിയുടെ പഠനവഴികള്‍. താണ്ടിയ കനല്‍ വഴികളെക്കുറിച്ച് അദ്ദേഹം ടി ബി ഐ-യോട് പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കാരണം നാലാം ക്ലാസില്‍ പഠനം നിറുത്തേണ്ടി വന്നു.

രങ്കസ്വാമിയുടെ ചെറിയേട്ടനായ രാമന്‍കുട്ടി

“അട്ടപ്പാടി ഊരിലായിരുന്നു അച്ഛനും അമ്മയ്ക്കും ചേച്ചിമാര്‍ക്കുമൊപ്പം കഴിഞ്ഞിരുന്നത്. ജീവിതം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കുട്ടിക്കാലം തൊട്ടേ സങ്കടങ്ങളായിരുന്നു.

“അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയിരുന്നു. ആ തുച്ഛമായ വരുമാനത്തിലായിരുന്നു ഞങ്ങള് ജീവിച്ചിരുന്നത്. ഊരിലെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടണമെന്ന ചിന്തയോടെയാണ് പറമ്പിലേക്കിറങ്ങുന്നത്.

“ഊരില്‍ നിന്നകലെയായി താമസിക്കുന്ന അച്ഛന്‍റെ പെങ്ങളുടെ വീട്ടിലേക്കാണ് ഞങ്ങള് എല്ലാരും കൂടെ പോയത്. ആ വീട്ടില്‍ അമ്മായിയും അമ്മാവനും ചേട്ടന്‍മാരും ഉണ്ട്.

“ഞങ്ങളെല്ലാവരും കൂടെ കൂട്ടുകുടുംബം പോലെയാണ് ആ വീട്ടില്‍ കഴിഞ്ഞത്. സ്കൂളില്‍ പോകുന്നതൊക്കെ അവസാനിപ്പിച്ചാണ് അമ്മായീടെ വീട്ടിലേക്ക് പോകുന്നത്.

“പ്രാരാബ്ദവും ദുരിതവുമൊക്കെ കാരണം നാലാം ക്ലാസില്‍ പഠനം നിറുത്തേണ്ടി വന്നു. പിന്നീട് ഒരു വര്‍ഷക്കാലം ഊരില്‍ തന്നെയായിരുന്നു. സ്കൂളിലൊന്നും പോയില്ലല്ലോ.

“പിന്നീട് പറമ്പിലേക്ക് പോയതിന് ശേഷമാണ് അമ്മായീടെ മക്കള്‍, രാമചന്ദ്രന്‍ ചേട്ടനും രാമന്‍ കുട്ടി ചേട്ടനും വീണ്ടുമെന്നെ സ്കൂളില്‍ ചേര്‍ത്തത്.”

രങ്കസ്വാമിയുടെ മൂത്ത സഹോദരന്‍ രാമചന്ദ്രന്‍

ഊരിലെ പെരയില്‍ നിന്ന് അമ്മായീടെ വീട്ടിലേക്ക് പോയതിനെയാണ് പറമ്പിലേക്ക് പോയെന്നു രങ്കസ്വാമി പറയുന്നത്. കാരണം അമ്മായീടെ വീട് ഊരില്‍ നിന്ന് അകലെയാണ്.

“അമ്മായീടെ വീട്ടിലേക്ക് പോയ ശേഷം ഊരുമായി ബന്ധമൊന്നുമില്ലായിരുന്നു. അങ്ങോട്ട് പോകേണ്ടെന്നു ഏട്ടന്‍മാര് വിലക്കുകയും ചെയ്തു. വേറൊന്നും കൊണ്ടല്ല വീണ്ടും ഊരിലേക്ക് പോയാല്‍ സ്കൂളിലൊന്നും പോകാതെ പഴയ പോലെ വീണ്ടും കഷ്ടപ്പാടുകളിലേക്ക് ഞാനെത്തുമെന്ന പേടി അവര്‍ക്കുണ്ടായിരുന്നു.

“അങ്ങനെ വീണ്ടും സ്കൂളില്‍ പോയി തുടങ്ങി. പക്ഷേ ഏഴാം ക്ലാസിലേക്കെത്തുമ്പോ അച്ഛന്‍ എസ്.ആര്‍. നഞ്ചപ്പന്‍ മരിച്ചു. അതോടെ മാനസികമായി വല്ലാതെയായി. പഠനത്തിലൊക്കെ ഞാന്‍ വളരെ പിന്നിലായി.”

അച്ഛനെക്കാള്‍ വലുതല്ലായിരുന്നു സ്കൂളും പഠനവുമൊക്കെ എന്ന് പറയുമ്പോള്‍ ഇപ്പോഴും ആ വേര്‍പാടിന്‍റെ വേദനയുണ്ട് ആ വാക്കുകളില്‍.

പക്ഷേ എട്ടന്‍മാരും ചേച്ചിമാരുമൊക്കെ ചേര്‍ന്ന് വീണ്ടും പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അവരുടെയൊക്കെ സഹായത്തോടെ രങ്കസ്വാമി ഷോളയൂരിലെ ഗവണ്‍മെന്‍റ് ട്രൈബല്‍ സ്കൂളില്‍ നിന്ന് പത്താം ക്ലാസ് ഫസ്റ്റ് ക്ലാസില്‍ പാസായി.

“ചേട്ടന്‍മാരും അമ്മായിയും ചേച്ചിമാരുമൊക്കെയാണ് എന്നെ നോക്കിയത്. അമ്മ കണ്‍മണി കൂലിപ്പണിക്ക് പോകുമായിരുന്നു. വല്യേട്ടന്‍ പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ചെറിയേട്ടന്‍ ഏഴാം ക്ലാസ് വരേ പഠിച്ചുള്ളൂ.

“പക്ഷേ രണ്ടാള്‍ക്കും നല്ല അറിവുണ്ട്. അവര് എന്നെ പഠിക്കാനൊക്കെ സഹായിക്കുമായിരുന്നു. പഠിക്കാനെനിക്ക് ഇഷ്ടം തോന്നുന്നത് പോലും ചേട്ടന്‍മാരിലൂടെയാണ്. അവരുടെ പ്രചോദനമാണ് എന്നെ പഠിക്കാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്ക് എന്നെ വിശ്വാസമുണ്ടായിരുന്നു.

“പഠിക്ക് പഠിക്ക് എന്നൊക്കെ പറഞ്ഞ് എന്നെ നിര്‍ബന്ധിക്കില്ലായിരുന്നു. അവര്‍ക്കെല്ലാം ഞാന്‍ പഠിക്കുമെന്ന ഒരു വിശ്വാസമുണ്ടായിരുന്നു. ചെറിയേട്ടനാണ് ശരിക്കും എന്‍റെ അച്ഛനും അമ്മയും എല്ലാം.

“അച്ഛന്‍ മരിച്ച ശേഷം ചെറിയേട്ടന്‍  രാമന്‍കുട്ടി എനിക്ക് അച്ഛനെ പോലെയായിരുന്നു,” അദ്ദേഹം പറയുന്നു.

രാമന്‍കുട്ടി

വയനാട് മാനന്തവാടിക്ക് സമീപം നല്ലൂര്‍നാട്ടെ  എം ആര്‍ എസിലായിരുന്നു രങ്കസ്വാമിയുടെ പ്ലസ് ടു പഠനം. സ്കൂളിലെ അധ്യാപകരൊക്കെ രങ്കസ്വാമിയെ സഹായിച്ചു.

പഠനത്തില്‍ മാത്രമല്ല ആ കുട്ടിയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ്  അവരൊക്കെ ഒപ്പം നിന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ അജയന്‍ മാഷിനെ മറക്കാന്‍ പറ്റില്ലെന്നു രങ്കസ്വാമി പറയുന്നു.

“അജയന്‍മാഷ് ഒത്തിരി സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പഠനകാര്യത്തില്‍ മാത്രമല്ല. മാഷ് എനിക്ക് വസ്ത്രങ്ങളൊക്കെ കൊണ്ടു തന്നിട്ടുണ്ട്.

“അന്നെനിക്ക് ഒരു ഷര്‍ട്ടും പാന്‍റ്സും മാത്രമേയുള്ളൂ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും അവിടെ നിന്നൊക്കെ ഇവിടെ വരെയെത്തിയില്ലേ. ഏട്ടന്‍മാരുടെയും അധ്യാപകരുടെയുമൊക്കെ സഹായവും പിന്തുണയുമൊക്കെയുണ്ടായിരുന്നു.”

രങ്കസ്വാമി സയന്‍സ് ഗ്രൂപ്പാണ് പ്ലസ് ടുവിന് എടുത്തത്. അതിനു ശേഷമാണ്  പാലക്കാട് വിക്റ്റോറിയ കോളെജില്‍ ബി എ ഹിന്ദിക്ക് ചേര്‍ന്നത്. ഇംഗ്ലീഷ് പഠിക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം.

“ഫസ്റ്റ് ഓപ്ഷന്‍ ഇംഗ്ലീഷ് ആയിരുന്നു. പക്ഷേ കോളെജില്‍ നിന്നു ഷുവര്‍ കാര്‍ഡ് വരുന്നത് ഹിന്ദിക്ക്. നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ‘ഹിന്ദിയെടുത്ത് പഠിച്ചോ സാരമില്ലെന്നു’ ചെറിയേട്ടന്‍ പറഞ്ഞു.”

പ്ലസ് ടുവിന് സയന്‍സ് സയന്‍സ് ഗ്രൂപ്പ് ആയിരുന്നുവെങ്കിലും ആര്‍ട്സ് വിഷയത്തില്‍ ഡിഗ്രിയെടുക്കണെന്നാണ് തീരുമാനിച്ചിരുന്നത്.

“പ്ലസ് ടുവിന് സെക്കന്‍റ് ലാംഗ്വേജ് ഹിന്ദിയായിരുന്നു. ഹിന്ദിക്ക് 80-ന് മുകളില്‍ മാര്‍ക്കും ഉണ്ടായിരുന്നു. കോളെജില്‍ ചേര്‍ന്നു. താമസം കോളെജ് ഹോസ്റ്റലില്‍. അന്നും ചേച്ചിമാരും ചേട്ടന്‍മാരുമൊക്കെയാണ് പഠനച്ചെലവൊക്കെ നോക്കുന്നത്.”

എന്നാല്‍ സ്വന്തം കാര്യങ്ങള്‍ക്കെങ്കിലും വരുമാനം കണ്ടെത്തണെന്ന തീരുമാനത്തോടെ വിക്റ്റോറിയയില്‍ ഡിഗ്രി ഡിഗ്രി പഠിക്കുന്ന കാലത്ത് രങ്കസ്വാമി ഒരു പാര്‍ട്ട് ടൈം ജോലിക്ക് പോയി.

“പാലക്കാട് മുനിസപ്പല്‍ സ്റ്റാന്‍ഡിനുള്ളിലെ ഒരു സ്റ്റേഷനറി കടയിലായിരുന്നു ജോലി. ചേട്ടന്‍മാരും ചേച്ചിമാരുമൊക്കെ കാശ് തരുമായിരുന്നു. പക്ഷേ ചെറിയൊരു വരുമാനം ഉണ്ടാക്കാനായാല്‍ നല്ലതല്ലേ. ഷര്‍ട്ട് വാങ്ങാനോ ചെരുപ്പ് വാങ്ങാനോ എല്ലാം ആയില്ലേ.

“അങ്ങനെയാണ് ഇക്കാര്യം കൂട്ടുകാരോട് പറയുന്നത്. അങ്ങനെ ജോലി അന്വേഷിച്ചു. നേരില്‍ പോയുള്ള അന്വേഷണത്തിലാണ് ഈ കടയില്‍ സാധനങ്ങളെടുത്ത് കൊടുക്കാന്‍ ആളെ വേണമെന്നു അറിയുന്നത്. എനിക്ക് താത്പ്പര്യമുണ്ട്. എന്നേ കൂട്ട്വോ എന്നു ചോദിച്ചു.”  അങ്ങനെ സ്റ്റേഷനറി കടയില്‍ സാധാനങ്ങളെടുത്ത് കൊടുക്കാന്‍ നിന്നു. മാസം 700 രൂപ ശമ്പളം.

“വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 9 വരെയാണ് ജോലി സമയം. ക്ലാസിനെയും ജോലി ബാധിക്കില്ലല്ലോ. ആ കടയുടെ ഉടമയുടെ പേര് ഓര്‍ക്കുന്നില്ല. പക്ഷേ ഇപ്പോഴും അദ്ദേഹത്തെ എവിടെ വച്ചു കണ്ടാലും തിരിച്ചറിയും.

“ആ മുഖമൊക്കെ ഇന്നും മനസിലുണ്ട്. ആ ജോലിയെനിക്ക് ഗുണമായിരുന്നു. വീട്ടിലേക്കൊന്നും കാശ് അയക്കാനായില്ലെങ്കിലും എനിക്ക് പല കാര്യങ്ങള്‍ക്കും വീട്ടിലേക്ക് കാശിനായി വിളിക്കേണ്ടി വന്നില്ല.

“പിന്നെ വീട്ടില്‍ പോയി തിരികെ വരുമ്പോ, എട്ടന്‍മാര് രണ്ടാളും കാശൊക്കെ തന്നു വിടും. ചേച്ചിമാരും സഹായിക്കുമായിരുന്നു. സ്കൂളില് പഠിക്കുന്ന കാലത്ത് അളിയനുണ്ടായിരുന്നു. വല്യേച്ചിയുടെ ഭര്‍ത്താവ്.


ഇതുകൂടി വായിക്കാം:പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും


“ചേട്ടന്‍ ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കുന്നത്. സാധിക്കുന്ന പോലെ ആളും ഹെല്‍പ് ചെയ്തിട്ടുണ്ട്. വല്യേച്ചി ഇപ്പോ അംഗനവാടി ടീച്ചറാണ്. നാട്ടില്‍ തന്നെയാണ് താമസിക്കുന്നത്.

“ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തന്നെ പിഎച്ച് ഡിയൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം മാത്രമല്ല ലക്ഷ്യവും അതു തന്നെയായിരുന്നു. വിക്റ്റോറിയ കോളെജില്‍ പഠിക്കുമ്പോ കൂട്ടുകാരോട് പറയുമായിരുന്നു,

“കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നു ഹിന്ദിയില്‍ പി ജിയെടുക്കണം, എംഫില്‍ എടുക്കണമെന്നൊക്കെ. മാഷ്മാരുടെയൊക്കെ പിന്തുണയുണ്ടായിരുന്നു. പഠിക്കാന്‍ നല്ല സാഹചര്യമായിരുന്നു. …

“കൃത്യമായ ലക്ഷ്യം എനിക്കുണ്ടായിരുന്നു. വിജയത്തിലെത്താന്‍ സഹായിച്ചതും ലക്ഷ്യബോധത്തോടെയുള്ള പഠനം തന്നെയായിരുന്നു.

“നല്ലൊരു ജോലി വേണമെന്ന പഠിക്കുന്ന കാലത്തേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തൊന്നും പി എസ് സിക്ക് ശ്രമിച്ചില്ല. അധ്യാപകനാകണമെന്നു ഞാനാഗ്രഹിച്ചിരുന്നു.

“പിജി കഴിഞ്ഞ് എംഫില്‍, അതിന് ശേഷം പി എച്ച് ഡി. ഇതാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെയാണ് പഠനത്തിനിടയ്ക്ക് വേറെ ജോലിയൊന്നും അന്വേഷിച്ച് പോകാതിരുന്നത്,” അദ്ദേഹം വ്യക്തമാക്കി.

നവീനയുടെ അമ്മ രാജാമണിയും അച്ഛന്‍ വി.കുപ്പുസ്വാമിയും

2015-ലായിരുന്നു രങ്കസ്വാമിയുടെ വിവാഹം. കോയമ്പത്തൂര്‍കാരി കെ.നവീനയാണ് ഭാര്യ. വിവാഹത്തിന് ശേഷം കുറച്ചുകാലം രങ്കസ്വാമി പാരലല്‍ കോളെജില്‍ പഠിപ്പിക്കാന്‍ പോയി.

പി എച്ച് ഡി കാലത്ത് രങ്കസ്വാമിയ്ക്കു പിന്തുണയേകി ഭാര്യയും അവരുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.

“നവീന മാത്രമല്ല അവളുടെ അമ്മ രാജാമണിയും അച്ഛന്‍ വി.കുപ്പുസ്വാമിയും അനിയന്‍ രാജേഷ് കുമാറുമൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്,” അദ്ദേഹം തുടരുന്നു. “അതൊന്നും ഒരിക്കലും മറക്കാനാകില്ല. ഡിഗ്രി വരെ എന്‍റെ ചേട്ടന്‍മാരും ചേച്ചിമാരും അമ്മേം അമ്മായിയുമൊക്കെയാണ് എന്നെ പഠിപ്പിക്കാന്‍ കൂടെ നിന്നത്. പിഎച്ച് ഡിയ്ക്കൊക്കെ നവീനയുടെ വീട്ടുകാരാണ് സഹായിച്ചത്.”

നവീനയുടെ അച്ഛന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. രാജേഷും എയര്‍ഫോഴ്സിലാണ്. എം എസ് സിക്കാരിയാണ് നവീന.

“ഇവളുടെ പിന്തുണയും പറയാതിരിക്കാനാകില്ല. ചിലനേരം നമ്മള്‍ മടുത്തു പോകുമല്ലോ. ആ സാഹചര്യത്തിലൊക്കെ അവള്‍ പ്രോത്സാഹിപ്പിക്കും. അതൊന്നും മറക്കാനാകില്ല.

രങ്കസ്വാമിയും നവീനയും

“നവീനയുടെ ചെറിയച്ഛന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോ അദ്ദേഹം പരീക്ഷാഭവനിലാണ്. മുരുകന്‍ എന്നാണ് പേര്. ആള് കോളെജില്‍ വരുന്നവരെയൊക്കെ പ്രോത്സാഹനം കൊടുത്ത് വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കാറുണ്ട്.

“പി എച്ച് ഡി ചെയ്യുന്ന സമയത്ത് അങ്ങനെയാണ് ഞാനും അദ്ദേഹത്തിന് അടുക്കലെത്തുന്നത്. വിവാഹത്തിന് മുന്‍പേ ചെറിയച്ഛനുമായി അടുത്തു.


ആ ചെറിയച്ഛനും ചെറിയമ്മയുമാണ് ഈ കല്യാണ ആലോചന കൊണ്ടുവരുന്നത് തന്നെ.


സമകാലീന ഹിന്ദി കവിതയിലാണ് രങ്കസ്വാമിയുടെ ഡോക്റ്ററേറ്റ് എടുക്കുന്നത്. സമകാലീൻ ഹിന്ദി കവിതാ വോം മേം വ്യംഗ്യ ബോധ് (1990-2010)  ചുനേ ഹുയേ കവിയോം കെ വിശേഷ് സന്ദർഭ് മേം. ഇതാണ് വിഷയം.

കാപ്പിറ്റലിസം, കൊളോണിയലിസം, നിയോ കൊളോണിയലിസം, മാർക്കറ്റൈസേഷൻ, ആഗോളവൽക്കരണം ഇതെല്ലാം തന്നെ എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിക്കുന്നത് എന്നതാണ് വിഷയം. ഇതിനായി ആറ് കവികളുടെ ആറ് കവിതാ സമാഹാരങ്ങളാണ് തെരഞ്ഞെടുത്തത്.

“എന്‍റെ വിഷയം കുറച്ചു വൈഡ് ആയിരുന്നു. പുസ്തകം കിട്ടാനും ബുദ്ധിമുട്ടായിരുന്നു. പുറത്ത് നിന്നൊക്കെ പുസ്തകം വരുത്തുകയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഡോ.വി.കെ. സുബ്രഹ്മണ്യന്‍ ആയിരുന്നു റിസര്‍ച്ച് ഗൈഡ്.”

അട്ടപ്പാടി രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ആര്‍ട്‍സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഗസ്റ്റ് ലക്ചറാണ് രങ്കസ്വാമിയിപ്പോള്‍. കോളെജിലേക്ക് പോയി വരുന്നതിനുള്ള സൗകര്യത്തിന് അഗളിയിലാണ് താമസിക്കുന്നത്.

ഊരിലേക്ക് പോകലൊക്കെ കുറഞ്ഞുവെന്നു രങ്കസ്വാമി. “നാട്ടില്‍ ചേട്ടന്‍റെ വീട്ടില്‍ പോകും. വല്യേച്ചി ഇപ്പോഴും ഊരിലുണ്ട്. ചേച്ചി എന്നെ കാണാന്‍ ചേട്ടന്‍റെ വീട്ടിലേക്ക് വരും. ഊരില്‍ ബന്ധുക്കളൊക്കെയുണ്ട്.

“ഏതങ്കിലും സ്കൂളിലോ കോളെജിലോ സ്ഥിര ജോലി കിട്ടണം. അതാണ് ആഗ്രഹം. അതിനു ശ്രമിക്കുന്നുണ്ട്. നല്ലൊരു ജോലി കിട്ടിയാല്‍ ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാകുമല്ലോ.

“വികസനം അധികമൊന്നും അട്ടപ്പാടിയിലേക്ക് ഇനിയും വന്നിട്ടില്ല. അവിടേക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. സ്ഥിര ജോലിയാണ് ലക്ഷ്യം. ഇതിനൊപ്പം ഊരിലെ കുട്ടികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കണം. അവര്‍ക്കൊരു മാതൃകയാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്.” രങ്കസ്വാമി പ്രതീക്ഷയോടെ പറഞ്ഞു.


ഇതുകൂടി വായിക്കാം:ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം