കറ്റാർവാഴ പശ ആദ്യ വൃക്ഷയും ബോധി വൃക്ഷയുടെ കൂടെ

പണ്ഡിതപ്പേട്ടിലെ മണ്‍വീട്ടുകാര്‍; കൈകൊണ്ട് മെനയുന്ന മനോഹരമായ വീടുകളുമായി സിന്ധുവും ബിജു ഭാസ്കറും

ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചും പലരോടും മണ്‍വീടുകളെക്കുറിച്ച് ചോദിച്ചും പറഞ്ഞുമൊക്കെ പഠിച്ചാണ് മണ്‍വീട് നിര്‍മാണത്തിലേക്ക് ഇവരെത്തിയത്

ല്ലും മണ്ണും മുളയുമൊക്കെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ വീടുകള്‍ നിര്‍മിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷേ ആ കൂട്ടത്തിലെ മലയാളി സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചാൽ പറയാന്‍ ഏറെ പേരുകളൊന്നും കാണില്ല.

എന്നാല്‍ തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ മണ്‍വീടുകള്‍ നിര്‍മിക്കുന്നൊരു മലയാളി സ്ത്രീയുണ്ട്–സിന്ധു ഭാസ്കര്‍.

കലപില വര്‍ത്തമാനങ്ങളോടൊന്നും അത്രയേറെ താത്പ്പര്യമില്ലാത്ത ശാന്തമായ ജീവിതം ആഗ്രഹിക്കുന്ന ഒരു പയ്യന്നൂരുകാരി. ആര്‍ക്കിടെക്റ്റ് ഒന്നുമല്ല സിന്ധു. പക്ഷേ മണ്‍വീടുകള്‍ നിര്‍മിക്കുകയും അതേക്കുറിച്ച് പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഇന്‍ഡ്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചും പലരോടും മണ്‍വീടുകളെക്കുറിച്ച് ചോദിച്ചും പറഞ്ഞുമൊക്കെ പഠിച്ചാണ് മണ്‍വീട് നിര്‍മാണത്തിലേക്ക് ഇവരെത്തിയത്. ഈ യാത്രകളില്‍ സിന്ധു തനിച്ചായിരുന്നില്ല.

സിന്ധു ഭാസ്കർ മണ്ണു പ്ലാസ്റ്റർ ഉണ്ടാകുന്നു

അല്ലെങ്കില്‍ പ്രകൃതിയെ സ്നേഹിച്ച് മണ്ണിനെ പ്രണയിച്ചുള്ള ഈ ജീവിതത്തിലേക്ക് സിന്ധുവെത്തുന്നതും ആ വഴികാട്ടിയിലൂടെയാണ്–സിന്ധുവിന്‍റെ അമ്മായിയുടെ മകനായ ബിജു ഭാസ്കറിലൂടെ.

പഴയ കളിക്കൂട്ടുകാരനായിരുന്ന ബിജുവാണ് സിന്ധുവിന്‍റെ ജീവിത പങ്കാളിയും വഴികാട്ടിയുമെല്ലാം. കൊച്ചിയിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്റ്റുമാരില്‍ ഒരാളായിരുന്നു ബിജു ഭാസ്കര്‍. അങ്ങനെയൊരു ജീവിതത്തില്‍ നിന്നാണ് ബിജുവും സിന്ധുവും തമിഴ് നാട്ടിലെ ഈ കൊച്ചു ഗ്രാമത്തിലേക്കെത്തുന്നത്.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2009-ലാണ് രണ്ടു വയസുള്ള ഇളയ കുഞ്ഞ് ബോധി വൃക്ഷയെയും കൊണ്ട് ഞങ്ങള്‍ പണ്ഡിതപ്പേട്ടിലേക്ക് വരുന്നത്. ഏഴു വയസുകാരനായ ആദ്യ വൃക്ഷയെ അമ്മയുടെ അരികിലാക്കിയാണ് ഇവിടേക്കുള്ള വരവ്.”

കഥ പോലെ തോന്നുന്ന ആ ജീവിതത്തെക്കുറിച്ച് സിന്ധുവും ബിജുവും ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ചണ ചാക്ക് എര്‍ത് ബാഗ് വീട്

“(ബിജു) ആര്‍ക്കിടെക്റ്റ് ആയിരുന്നല്ലോ, ആ ജോലിയൊക്കെ കളഞ്ഞ് ഏതോ ഒരു ഗ്രാമത്തിലേക്ക് പോകുന്നു… ഇത് കേട്ടപ്പോ പലരും നെറ്റിചുളിച്ചു. ഏറെയൊന്നും ചിന്തിക്കാതെയാണ് തമിഴ് നാട്ടിലെ തിരുവണ്ണാമലയിലേക്കുള്ള വരവ്.

“എന്നാല്‍ അദ്ദേഹത്തിന്‍റെ താത്പ്പര്യമൊക്കെ തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുകയായിരുന്നു. ചെറിയ ചില പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഭാസ്കരന്‍ പേരുകേട്ട ഡോക്റ്ററാണ്. അങ്ങനെയൊരു കുടുംബത്തില്‍ നിന്നൊരാള്‍ മണ്‍വീട് നിര്‍മിക്കാന്‍ ഇതരനാട്ടിലേക്ക് പോകുന്നവെന്നതൊക്കെ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടാക്കുമല്ലോ.

“പക്ഷേ അച്ഛന് ഞങ്ങളെ മനസിലാക്കാന്‍ സാധിച്ചിരുന്നു. താത്പര്യമുള്ള കാര്യമല്ലേ ചെയ്യുന്നത്. അക്കാര്യത്തില്‍ അച്ഛന്‍റെ പിന്തുണയുണ്ടായിരുന്നു. ഇത്രയും പഠിച്ച ആള് തമിഴ് നാട്ടിലെ ഏതോ ഉള്‍ഗ്രാമത്തില്‍ പോയി മണ്ണ് ഉപയോഗിച്ച് എന്തൊക്കെയോ ചെയ്യുന്നുവെന്ന് ബന്ധുക്കള്‍ പറയുമായിരുന്നു. പക്ഷേ അതൊക്കെ ഞങ്ങൾ ഒരുമിച്ച് നേരിട്ടു.”

അങ്ങനെയാണ് ആ ഗ്രാമത്തില്‍ “തണല്‍” എന്ന പ്രസ്ഥാനം ഉടലെടുക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന പാരമ്പര്യവീടുകള്‍ നിര്‍മിക്കുകയും അതേക്കുറിച്ച് പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിന് വേണ്ടിയാണ് 2011-ല്‍ തണല്‍‍ ആരംഭിച്ചത്. തണലിന്‍റെ മണ്‍വീടുകളെക്കുറിച്ചും അവരുടെ വേറിട്ട പ്രവര്‍ത്തന ശൈലിയെക്കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ ആളുകളുടെ മനോഭാവത്തിലും പതിയെ മാറ്റങ്ങളുണ്ടായി.

“പിന്നേ എനിക്കും ഇതുപോലെയുള്ള ജീവിതമാണ് ഇഷ്ടം. അച്ഛന്‍ മിലിട്ടറി ഡോക്റ്ററായിരുന്നതിനാല്‍ ബിജു പുറത്തൊക്കെയാണ് പഠിച്ചത്,” സിന്ധു തുടരുന്നു.

അറൈഷ് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ചെയ്ത് എര്‍ത് ബാഗ് വീടിനകം

“പണ്ഡിതപ്പേട്ട് ഒരു കൊച്ചു ഗ്രാമമാണ്. അത്ര ഒച്ചയും ബഹളമൊന്നും ഇല്ല. ചുറ്റും ശാന്തതയൊക്കെ ആഗ്രഹിക്കുന്നയാളാണ്. മലയും മരങ്ങളുമൊക്കെയായി പയ്യന്നൂര്‍ ഗ്രാമപ്രദേശമാണല്ലോ. അങ്ങനെയുള്ള ഇടമാണെനിക്ക് ഇഷ്ടം.

“കൊച്ചു വീടുകളൊക്കെ വലിയ ഇഷ്ടമായിരുന്നു. പണ്ഡിതപ്പേട്ട് അങ്ങനെയൊക്കെയാണ്. രമണ മഹര്‍ഷിയുടെ ആശ്രമമുണ്ടിവിടെ. അരുണാചല മലയുടെ അടിവാരത്താണ് രമണാശ്രമം.

“അവിടെയൊരു ശിവക്ഷേത്രമൊക്കെയുണ്ട്.


പൗര്‍ണമി നാളില്‍ 14 കിലോമീറ്റര്‍ ചുറ്റളവുള്ള മല വലം വയ്ക്കാന്‍ പല നാടുകളില്‍ നിന്ന് ആള്‍ക്കാരൊക്കെ വരും.


“ഞങ്ങളിവിടെ വന്ന ആദ്യത്തെ രണ്ടു വര്‍ഷം പതിവായി മല കയറുമായിരുന്നു. പ്രഭാതങ്ങളില്‍ അരുണാചല മല കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നതൊരു പതിവായിരുന്നു. ഇതിനൊക്കെ ശേഷമാണ് മണ്‍വീട് നിര്‍മാണത്തിലേക്കെത്തുന്നത്.

സിന്ധുവും ബിജു ഭാസ്കറും വീടുണ്ടാക്കാന്‍ പഠിപ്പിക്കുന്നു

“മണ്‍വീട് നിര്‍മാണത്തെക്കുറിച്ച് പറ‍ഞ്ഞു തരാനൊന്നും ആരുമില്ലായിരുന്നു. പിന്നീട് മണ്‍വീടിനെക്കുറിച്ച് അറിയുന്നവരോടൊക്കെ സംസാരിച്ച് മനസിലാക്കിയെടുത്തു.” താന്‍ ആർക്കിടെക്ച്ചർ ഒന്നും പഠിച്ചിട്ടില്ലെങ്കിലും  മണ്‍വീടുകളോടുള്ള ഇഷ്ടം കൊണ്ട് ഇതെല്ലാം പഠിച്ചെടുത്തതാണെന്ന് സിന്ധു.

താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “മണ്ണ് ഉപയോഗിച്ച് എങ്ങനെ വേണമെങ്കിലും ഭംഗിയായി വീട് നിര്‍മിക്കാം. ഇതിനോടു താത്പ്പര്യവും കുറച്ചു ക്രിയേറ്റിവിറ്റിയുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. കറിയൊക്കെ വയ്ക്കുന്ന പോലെ രസമായി ചെയ്യാം. പക്ഷേ, ഇതിലേക്ക് ഇറങ്ങിയാല്‍ മാത്രമേ രസം പിടി കിട്ടൂ,” എന്ന് സിന്ധു.

തമിഴ് നാട്ടിൽ തണൽ നിർമ്മിച്ച നാടൻ വിത്ത് ബാങ്ക്

“കഴിഞ്ഞ 11 വർഷമായി ഞങ്ങള്‍ ഈ ഗ്രാമത്തിലാണ് ജീവിക്കുന്നത്. മൂത്തമകന്‍ ആദിയും ഇപ്പോ കൂടെയുണ്ട്. സിന്ധുവാണ് തണലിന്‍റെ നട്ടെല്ല്,” ബിജു ഭാസ്കര്‍ പറയുന്നു.

“സിന്ധുവിന്‍റെ നാട് കണ്ണൂരും ഞാന്‍ തൃശൂര്‍ക്കാരനുമാണ്. അച്ഛന്‍ ആര്‍മി ഡോക്റ്ററായിരുന്നല്ലോ പല നാടുകളിലായിരുന്നു ജീവിതം. ഞാന്‍ ആസാമിലാണ് ജനിച്ചത്.

“ഹിന്ദിയും തമിഴുമൊക്കെയാണ് ആദ്യം പഠിച്ചത്. പിന്നീട് കേരളത്തിലെത്തിയപ്പോ മലയാളവും. മലയാളം പഠിക്കണമെന്നു അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ സ്കൂള്‍ പഠനമൊക്കെ കുന്നംകുളത്തും ഗുരുവായൂരുമൊക്കെയായിരുന്നു.

“പ്രീ ഡിഗ്രിയും എൻജിനീയറിങ്ങും മണിപ്പാലും ബെംഗളൂരുവിലുമാണ് പഠിച്ചത്. എൻജിനീയറിങ്ങ് (ആര്‍ക്കിടെക്ച്ചര്‍) പൂർത്തിയാക്കിയില്ല, മൂന്നാം വർഷം ആയപ്പോ പഠിപ്പ് അവസാനിപ്പിച്ചു.

“പിന്നീട് ഖജുരാഹോ യാത്രകളായിരുന്നു. ആ യാത്രകളാണ് ജീവിതത്തെ മാറ്റിയത്. വര്‍ഷങ്ങള്‍ നീണ്ട ആ യാത്രകള്‍ക്ക് ഒടുവിലാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. പിന്നീട് കുറേക്കാലം ജോലി ചെയ്തു.

“നല്ല വര്‍ക്കുകളൊക്കെയായി തിരക്കില്‍ നില്‍ക്കുന്ന വേളയിലാണ് തിരുവണ്ണാമലയിലേക്ക് പോകുന്നത്. രമണാശ്രമം സ്റ്റോപ്പില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് പണ്ഡിതപ്പേട്ട് എന്ന ഗ്രാമം.

“70 സെന്‍റിലാണ് മണ്‍വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പറമ്പിലൊരു കുഴി കുത്തി. ആ മണ്ണ് ഉപയോഗിച്ചാണ് വീട് പണിതത്.

ചുണ്ണാമ്പ് ഉപയോഗിച്ചു നിർമ്മിച്ച ഗ്രേ വാട്ടര്‍ ടാങ്ക്

“സിമന്‍റും കമ്പിയുമൊന്നും ഉപയോഗിച്ചിട്ടില്ല. ചാക്കില്‍ മണ്ണ് നിറച്ചത് ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത്. ആദ്യം ഇത് ഓല മേഞ്ഞ വീട് ആയിരുന്നു, പിന്നീടാണ് ഓല മാറ്റി ഓട് മേയുന്നത്.

“ഓടാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. രണ്ട് നിലയുള്ള വീടാണിപ്പോള്‍. ഒരു വലിയ ഹോള്‍, അതിലാണ് അടുക്കളയും കിടപ്പുമുറിയുമൊക്കെയുള്ളത്. ടോയ് ലെറ്റ് പുറത്താണ്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടമാണ് മുകള്‍ നിലയിൽ.


650 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള വീടാണ്. അഞ്ച് ലക്ഷം രൂപയാണിതിന്‍റെ ചെലവ്.


“ഞങ്ങളെല്ലാവരും കൂടി തന്നെയാണ് വീട് പണിതത്. ഇവിടെയുള്ള നാലഞ്ച് കൃഷിക്കാരാണ് സഹായിച്ചത്. അവര്‍ക്ക് നമ്മള്‍ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. പിന്നെ സിന്ധുവും മക്കളും വീട് പണിക്ക് ഒപ്പമുണ്ടായിരുന്നു.

കറ്റാർവാഴ പശ തയാറാക്കുന്നതിനിടയില്‍ മക്കള്‍ക്കൊപ്പം  സിന്ധു

“വീട് നിര്‍മാണം ആരംഭിച്ച നാളില്‍ മൂത്തമകന്‍ ആദ്യ വൃക്ഷ തന്നെയാണ് അക്കാര്യം സ്കൂളില്‍ പറഞ്ഞ് അനുവാദം വാങ്ങിച്ചത്. മരുതം ഫാം സ്കൂള്‍ എന്ന ബദല്‍ സ്കൂളിലാണ് അവന്‍ പഠിച്ചത്.

“ആ സ്കൂളില്‍ അതൊക്കെ അനുവദിക്കുമായിരുന്നു. അത്തരം കാര്യങ്ങളെ പ്രമോട്ട് ചെയ്യുന്നവരാണ് സ്കൂളിലുള്ളത്. കൃഷിയൊക്കെ പഠിപ്പിക്കുന്ന ഇടമായിരുന്നു. അന്ന് എട്ടിലോ മറ്റോ ആണ് അവൻ പഠിക്കുന്നത്. നാലാം ക്ലാസ് വരെ കേരളത്തിലായിരുന്നു അവൻ പഠിച്ചത്.

“പുതിയ വീട് പണിതിട്ട് നാലു വർഷം. പക്ഷേ അതിനു മുൻപേ മൺവീട് നിർമാണത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ സമയം ഞങ്ങളൊരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

“പത്ത് പന്ത്രണ്ട് വർഷമായി മൺവീടിനെക്കുറിച്ച് പഠിപ്പിക്കുകയും ശില്‍പ്പശാലകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. മണ്ണിന്‍റെ ടൈല്‍ തന്നെയാണ് ഉപയോഗിച്ചത്. ഒരു തരി സിമന്‍റ് പോലും ഉപയോഗിച്ചിട്ടില്ല.

“ചുണ്ണാമ്പ് ഉപയോഗിച്ചാണ് ടൈല്‍ പാകിയിരിക്കുന്നത്. സെപ്റ്റിക് ടാങ്ക്  സിമന്‍റ് ഇല്ലാതെയും  ഗ്രേ വാട്ടര്‍ ടാങ്ക് ചുണ്ണാമ്പ് ഉപയോഗിച്ചുമാണ് നിര്‍മിച്ചിരിക്കുന്നത്. സിമന്‍റ് ഇല്ലാതെ എങ്ങനെ കെട്ടിടങ്ങള്‍ നിര്‍മിക്കാമെന്നാണ് തണല്‍ പഠിപ്പിക്കുന്നതും.” എന്ന് ബിജു.

കടുക്ക ശർക്കരയും ഉപയോഗിച്ചുള്ള എര്‍ത് ബാഗ് വീടിന്‍റെ നിര്‍മാണത്തിനിടെ

മണ്‍വീട് നിര്‍മാണം, സംരക്ഷണം, ടൈല്‍ പണികള്‍ ഇതൊക്കെ തണലില്‍ പഠിപ്പിക്കുന്നുണ്ട്. 11 വര്‍ഷത്തിലേറെയായി പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെ പഠിക്കാനെത്തുന്നുണ്ട്.

വീടിനോട് ചേർന്നുള്ള ഭൂമിയിൽ തന്നെയാണ് പരിശീലനക്ലാസുകളും നൽകുന്നത്. കോബ്, അഡോബ്, വാറ്റില്‍ ആന്‍ഡ് ഡബ്, കംപ്രസ്ഡ് മഡ് ബ്ലോക്ക്, റാംഡ് എര്‍ത്ത് തുടങ്ങിയ രീതികളാണ് തണല്‍ പിന്തുടരുന്നത്.


ഇതുകൂടി വായിക്കാം:‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍


മണ്ണും നാരുകളും ചേര്‍ത്ത് ചവിട്ടിക്കുഴച്ച് നനവുള്ളപ്പോള്‍ തന്നെ അതുപയോഗിച്ച് ഭിത്തിയുണ്ടാക്കുന്ന രീതിയാണ് കോബ്. മണ്ണിനൊപ്പം വൈക്കോലും ചേര്‍ത്ത് കട്ടകളുണ്ടാക്കി വീടുണ്ടാക്കുന്ന രീതിയാണ് അഡോബ്.

മുളകള്‍, ബലമുള്ള വള്ളികളൊക്കെ ഉപയോഗിച്ചുള്ള ഭിത്തി നിര്‍മിക്കുന്ന രീതിയാണ് വാറ്റില്‍ ആന്‍ഡ് ഡോബ്. എജ്യൂക്കേഷന്‍, ഡോക്യൂമെന്‍റേഷന്‍, റിസര്‍ച്ച് എന്നിവയ്ക്കാണ് തണല്‍ പ്രാധാന്യം നല്‍കുന്നത്.

ഇന്ത്യയിലെ പ്രകൃതി സൗഹാര്‍ദ കെട്ടിടങ്ങളെക്കുറിച്ച് തണല്‍ പുറത്തിറക്കിയ പുസ്തകമാണ് വീവിങ്ങ് വോള്‍സ്. ബാക്ക് ഹോം എന്ന പുസ്തകം പണിപ്പുരയിലാണ്. ബാക്ക് ഹോം പുസ്തകരൂപത്തില്‍ മാത്രമല്ല വിഡിയോ സീരിസ് പോലെയാണ് പുറത്തിറക്കുന്നത്.

സിന്ധു കുടുംബത്തിനൊപ്പം

കോബും വാറ്റില്‍ ആന്‍ഡ് ഡബ് രീതികള്‍ ഒരുമിപ്പിച്ചാണ് പരീശീലനത്തിന് വരുന്നവർക്കുള്ള മുറി പണിതിരിക്കുന്നത് എന്ന് സിന്ധു തുടരുന്നു. “ഓരോ രീതികളും പരീക്ഷിച്ച് നോക്കും. ഞങ്ങളാദ്യം പഠിച്ച ശേഷമേ അതൊക്കെ മറ്റുള്ളവര്‍ക്ക് പറ‍ഞ്ഞു കൊടുക്കൂ. വീട്ടില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്‍വീടുണ്ടാക്കുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാണ് ഞങ്ങള്‍ക്ക് കൂടുതലിഷ്ടം.

“ദൂര ഇടങ്ങളിലേക്കുള്ള യാത്രകള്‍ ദുഷ്ക്കരമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ വീടുകള്‍ മാത്രമേ നിര്‍മിച്ചു കൊടുക്കൂ. ഇവിടെ നിന്നു പഠിച്ചിറങ്ങിയ നാലഞ്ചു കുട്ടികളുണ്ട്, അവര് മണ്‍വീട് നിര്‍മിച്ചു കൊടുക്കുന്ന ജോലികൾ ചെയ്യാറുണ്ട്.

“വീട് നിര്‍മിച്ചു കൊടുക്കുന്നതിന് കാശൊന്നും വാങ്ങാറില്ല. ബാര്‍ട്ടര്‍ രീതിയാണ് പിന്തുടരുന്നത്. വീടുണ്ടാക്കി കൊടുക്കുന്നവര്‍ക്ക് കൃഷിയുണ്ടെങ്കില്‍ വിളവിന്‍റെയൊരു പങ്ക് പ്രതിഫലമായി ഞങ്ങള്‍ക്ക് തന്നാല്‍ മതി.

“വീട് നിര്‍മാണത്തിന് ഞങ്ങളെല്ലാവരും കൂടി പോകുന്ന പതിവാണുള്ളത്. മണ്‍വീടുണ്ടാക്കലൊക്കെ വീട്ടില്‍ ഞങ്ങളെല്ലാവര്‍ക്കും അറിയാം. മൂത്തമകനാണ് കൂടുതലിഷ്ടം.


ആദ്യ നാളില്‍ ഇവന്‍ ഇഷ്ടക്കേടൊക്കെ കാണിച്ചിട്ടുണ്ട്. ചെളി ചവിട്ടില്ല, ചാണകം എടുക്കില്ല.. അവൻ നാട്ടിലെ സ്കൂളിൽ നാലാം ക്ലാസില്‍ പഠിക്കുമ്പോഴല്ലേ ഇവിടേക്ക് വരുന്നത്.


“പക്ഷേ ഇവിടുത്തെ സ്കൂളിൽ വന്നതോടെ അവൻ ആകെ മാറി. കൃഷി അവന് ഭയങ്കര ഇഷ്ടമാണ്. ഇളയ മോനിപ്പോ ആറാം ക്ലാസില്‍ പഠിക്കുന്നു. 70 സെന്‍റ് ഭൂമിയില്‍ വീടും വീട് നിര്‍മാണം പഠിപ്പിക്കുന്ന ഇടവും പിന്നെ കുറച്ച് കൃഷിയുമുണ്ട്.

“ഏതാണ്ട് 30 സെന്‍റില്‍ കൃഷി ചെയ്യുന്നുണ്ട്. നെല്ലും പച്ചക്കറിയുമൊക്കെയുണ്ട്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്.” സിന്ധു കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയിൽ കര്‍ഷകനായ ജയന് വേണ്ടി നിര്‍മിക്കുന്ന വീട്

പലയിടങ്ങളിൽ നിന്നുള്ളവര്‍ തണലിലേക്ക് വരാറുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രമല്ല നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, തിബറ്റ് ഇവിടെ നിന്നൊക്കെ വരാറുണ്ട്. മണ്‍വീടുകളെക്കുറിച്ച് അറിയാനും പഠിക്കാനുമൊക്കെയായി വരുന്നവര്‍ കുറേക്കാലം ഇവിടെ താമസിക്കാറുമുണ്ട്.

രാജസ്ഥാനിലെ ഗ്രാമീണരെ കണ്ട് മണ്‍വീടുണ്ടാക്കുന്നതിനെക്കുറിച്ചും അറൈഷ് പ്ലാസ്റ്റെര്‍ (രാജസ്ഥാനിലെ ചുണ്ണാമ്പ് ഉപയോഗിച്ച് ചുമര്‍ കണ്ണാടി പോലെയാക്കുന്ന രീതി), താപ്പി ലോഹി പ്ലാസ്റ്റെര്‍ (സുര്‍കിയും ചുണ്ണാമ്പും ഉപയോഗിച്ച് വാട്ടര്‍ ടാങ്ക് ചെയ്യുന്ന രീതി) പഠിക്കാന്‍ സിന്ധുവും ബിജുവുമൊന്നിച്ചാണ് പോയത്.

അവരെ പഠിപ്പിച്ചവരൊക്കെ പിന്നീട് തണലില്‍ വന്നിട്ടുമുണ്ടെന്നു ബിജു പറയുന്നു. “രണ്ട് വര്‍ഷം വരെയൊക്കെ അവരിവിടെ താമസിച്ചിട്ടുമുണ്ട്. രണ്ടുമുതല്‍ പത്തു ദിവസം വരെ നീളുന്ന പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്.

“ജോലിയുള്ളവരും വീട്ടമ്മമാരുമൊക്കെ തണലിലെ ക്ലാസില്‍ പങ്കെടുക്കാന്‍ വരാറുണ്ട്. ഇവിടെ വന്നു പഠിച്ചവരിൽ ഒരുപാട് പേര്‍ വീട് പണിയുകയും ചെയ്തിട്ടുണ്ട്. അവരെക്കുറിച്ചു തണലിന്‍റെ യൂട്യൂബ് ചാനലില്‍ പറയുന്നുമുണ്ട്.

തമിഴ്നാട്ടിൽ തണൽ നിർമ്മിച്ച നാടൻ വിത്ത് ബാങ്ക്

“ഭ്രാന്താണെന്നാ പലരും പറഞ്ഞത്. എന്നാൽ ഭ്രാന്ത് ഇല്ലാത്തത് ആര്‍ക്കാണ് അല്ലേ? ഇന്നത്തെ കാലത്ത് ഒരു പൊടി സിമന്‍റ് പോലും ഇല്ലാതെ കെട്ടിടം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും പറ്റില്ല. എന്നാല്‍ അതിനാകുമെന്നാണ് തണലിലൂടെ കാണിച്ചു കൊടുക്കുന്നത്.

“പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വീടുകളുണ്ടാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സിന്ധുവിനൊപ്പം രാജസ്ഥാനില്‍ മൂന്നു വര്‍ഷം താമസിച്ചിട്ടുണ്ട്. അന്നാട്ടിലെ 102 വയസുള്ള അപ്പാപ്പന്‍മാരുടെ അരികിലിരുന്ന് അവരുടെ ചുണ്ണാമ്പ് രീതികളെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞിട്ടുണ്ട്.

“പ്രകൃതിക്ക് ഇണങ്ങുന്ന മൺവീടുണ്ടാക്കാൻ പഠിച്ചും പഠിപ്പിച്ചുമൊക്കെയായി കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇതാണ് ഞങ്ങളുടെ ജീവിതം,” ബിജു ഭാസ്കര്‍ വ്യക്തമാക്കി.

തിരുവണ്ണാമലയിലെ വൃക്ഷ എന്ന ഇവരുടെ മണ്‍വീടിന്‍റെ നിര്‍മാണ വിഡിയോ


ഇതുകൂടി വായിക്കാം:എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം