കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍.
സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് നോക്കിവരുന്നതുതന്നെ വലിയ ജോലിയല്ലേ.
പുല്ലൂരിലെ പലരും അവരെ അറിയുന്നത് കുട്ടികളെ ഭഗവത് ഗീത പഠിപ്പിക്കുന്ന ടീച്ചറായിട്ടാണ്
ഞങ്ങളെ കണ്ടതും അച്ചാര്‍ ഭരണി മാറ്റിവെച്ച് അവര്‍ ചിരിച്ചുകൊണ്ടു ഇറയത്തേക്ക് വന്നു. യാത്രകളെക്കുറിച്ച് അറിയാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ അനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചുകുടഞ്ഞിട്ടു.
അത് പറയാന്‍ വിട്ടുപോയി. കൃഷിയും കണ്ണിമാങ്ങാ അച്ചാറുമൊന്നുമല്ല ഈ 77-കാരിയുടെ ജീവിതം. കണ്ടാല്‍ വെറുമൊരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയെന്ന് തോന്നുമെങ്കിലും ശ്രീദേവി ടീച്ചര്‍ ഒരു ലോകസഞ്ചാരിയാണ്. നാട്ടില്‍ അധികമാര്‍ക്കും അതറിയില്ല. പുല്ലൂരിലെ പലരും അവരെ അറിയുന്നത് പ്രദേശത്തെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ ഞായാറഴ്ചകളില്‍ കുട്ടികളെ ഭഗവത് ഗീത പഠിപ്പിക്കുന്ന ടീച്ചറായിട്ടാണ്.
ആസ്‌ത്രേലിയ ഒഴികെ മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് അവര്‍. പലയിടങ്ങളിലും ആഴ്ചകളോളം താമസിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ പോയി. അടുത്തുതന്നെ ആസ്‌ത്രേലിയ കൂടി പോകാനുള്ള പ്ലാനിലാണ്.
ജാതിയുടേയും ലിംഗത്തിന്‍റെയും പലതരം വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജനിച്ച ശ്രീദേവി ടീച്ചര്‍ക്ക് അതിര്‍ത്തികളില്ലാത്ത യാത്ര ഒരു ആവേശമായിത്തീര്‍ന്നത് ജീവിതത്തിലെ വലിയൊരു ഘട്ടം പിന്നിട്ടതിന് ശേഷമാണ്.
ഇതുകൂടി വായിക്കാം: ചക്കയില്‍ നിന്ന് തേന്‍, തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ: അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ
“37 വര്‍ഷം മുമ്പ് ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്ന ഭര്‍ത്താവ് ടി പി ഗോവിന്ദന്‍ നമ്പൂതിരി മരിച്ചതോടെ ജീവിതത്തില്‍ കടുത്ത ഏകാന്തത ആയി. സ്‌കൂളില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച് പുതിയ ലോകത്തേക്ക് പോകണമെന്ന ആഗ്രഹം മനസ്സില്‍ ഉദിച്ചു. ശബരിമല യാത്രയില്‍ ആയിരുന്നു തുടക്കം. 6 തവണ ശബരിമലയില്‍ പോയിട്ടുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലും ലക്ഷദ്വീപിലും കൈലാസത്തിലും ഒക്കെ സഞ്ചരിച്ചിട്ടുണ്ട്. യാത്രയില്‍ സ്ഥിരമായ കൂട്ടുകാരൊന്നും ഇല്ല. ഓരോ യാത്രാസംഘത്തിന്‍റെ കൂടെ യാത്രപോകും.”
പ്രശസ്ത സാഹിത്യകാരന്‍ ആഷാമേനോന്‍ തന്‍റെ ‘ഹിമാലയന്‍ കാഴ്ച, ദര്‍ശനം’ എന്ന പുസ്തകത്തില്‍ ശ്രീദേവി ടീച്ചറെപ്പറ്റി എഴുതിയ വാക്കുകള്‍ ഇങ്ങനെ:
“…തന്തോപാനിയിലെ എമിഗ്രെഷന്‍ ഓഫീസിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള സ്ത്രീയെ ശ്രദ്ധിക്കാന്‍ ഇടവന്നു. 60 കഴിഞ്ഞെങ്കിലും ബലിഷ്ഠമായ പ്രകൃതം. പാസ്പോര്‍ട്ടിലെ വിവിധ മുദ്രകള്‍ അവ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിളംബരങ്ങളാണ്. തനിച്ചുള്ള അവരുടെ യാത്രാദേശങ്ങള്‍ എനിക്ക് പെട്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെയും അഞ്ചില്‍ മൂന്ന് ആണ്‍ മക്കളുടെയും വിയോഗവും അതിജീവിച്ചു കഴിഞ്ഞാണ് അവര്‍ യാത്രകള്‍ക്ക് ഒരുമ്പെട്ടത് എന്ന് ധരിച്ചു കഴിഞ്ഞപ്പോള്‍ വിശേഷിച്ചും എന്ത് ശക്തമായ പ്രേരണയോടെ ആയിരിക്കണം ശ്രീദേവി അന്തര്‍ജ്ജനം കൈലാസ പരിക്രമണത്തിന് പുറപ്പെട്ടിരിക്കുക എന്ന് സ്ഫുടമാവുകയായിരുന്നു.”
ആ യാത്രയിലാണ് ശ്രീദേവി ടീച്ചറെ അദ്ദേഹം കണ്ടുമുട്ടിയത്. തന്‍റെ കൈവള്ളയിലെ രേഖകള്‍ നോക്കി മനസ്സുവായിച്ച സഹയാത്രികയെ യാത്രയെഴുത്തില്‍ പലയിടത്തും അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്.
ലോകയാത്രകളില്‍ കൂട്ടിന് ഉറ്റവരാരും ഒപ്പമുണ്ടാവാറില്ല. അവരുടെ യാത്രകള്‍ മാത്രമല്ല ജീവിതവും അസാധാരണമായ വഴികളിലൂടെയായിരുന്നു. ഇത്രയധികം യാത്ര ചെയ്തിട്ടും ടീച്ചറുടെ വീട്ടില്‍ അതിന്‍റെ ഒരു തുണ്ടുപോലും അവിടെയെങ്ങും കാണാനാവില്ല. യാത്രകളുടെ ഓര്‍മ്മയ്ക്കായി സുവനീറുകള്‍ ശേഖരിക്കുന്ന ശീലമൊന്നുമില്ല. ആകെയുള്ളത് പാസ്‌പോര്‍ട്ടില്‍ നിറഞ്ഞിരിക്കുന്ന വിവിധ രാജ്യങ്ങളുടെ മുദ്രകളാണ്. യാത്രകളില്‍ സ്വന്തമായി ഫോട്ടോ എടുത്ത് സൂക്ഷിക്കുന്ന പതിവും ഇല്ല. “എല്ലാം ഇവിടെ ഭദ്രമായുണ്ട്,” അവര്‍ നെഞ്ചില്‍ തൊട്ടുപറഞ്ഞു. (ഈ ലേഖനത്തോടൊപ്പമുള്ള പല ചിത്രങ്ങളും കൂടെയുള്ള യാത്രികര്‍ എടുത്തതാണ്.)
ശ്രീദേവി ടീച്ചര്‍ക്ക് ജീവിതം തന്നെ ഒരുതരത്തില്‍ ദേശാടനമാണ്
തൃശ്ശൂര്‍ ഇരിങ്ങാലക്കുട പുത്തന്‍ചിറയില്‍ ജനിച്ച് ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂരില്‍ താമസിക്കുന്ന ശ്രീദേവി ടീച്ചര്‍ എന്ന് നാട്ടുകാര്‍ ആദരവോടെ വിളിക്കുന്ന അന്തര്‍ജനത്തിന് ജീവിതം തന്നെ ഒരുതരത്തില്‍ ദേശാടനമാണ്. അനുഭവിച്ച വിലക്കുകള്‍ക്കും ഏകാന്തതയ്ക്കും എതിരായ പോരാട്ടമാണ് അവര്‍ക്ക് യാത്രകള്‍. പുതിയ തലമുറയില്‍ പലര്‍ക്കും കേട്ടറിവില്ലാത്ത പഴയ കേരളത്തിലെ മനുഷ്യരുടെ ജീവിതം കൂടിയാണ് ശ്രീദേവി പറയുന്നത്. ആ വാക്കുകളിലേക്ക്.
സ്കൂളിലെ ചോറ്
“മാളക്കടുത്ത് പുത്തന്‍ചിറയിലാണ് എന്‍റെ നാട്, വളരെ ചെറുപ്പത്തില്‍ പത്താം ക്ലാസിലേക്ക് ജയിച്ചപ്പോ കല്യാണം കഴിപ്പിച്ചു. പയ്യന്നൂര്‍ പിലാത്തറക്ക് വടക്ക് മാതമംഗലം കൈതപ്പുറത്താണ് ഭര്‍ത്താവിന്‍റെ നാട്. പത്താംക്ലാസ് പാസ്സായിട്ടെ താന്‍ മലബാറിലേക്ക് വരൂ എന്ന് പറഞ്ഞിട്ട് അവിടെ പിടിച്ചു നിന്നു. ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഫാദര്‍ ജോസഫ് വിതയത്തിലായിരുന്നു മനേജര്‍, നല്ലൊരു മനുഷ്യന്‍, ജാതിയോ മതമോ ഒന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ താത്പര്യം കൊണ്ടായിരുന്നു എനിക്ക് പഠിക്കാന്‍ കഴിഞ്ഞത്. കുട്ടികള്‍ കുറവായതിനാല്‍ വിതയത്തില്‍ അച്ഛന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് എന്നെ പഠിക്കാനയച്ചത്. അന്ന് നമ്പൂതിരി സമുദായത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വളരെ മോശമായിരുന്നു. പുറത്തു പോകാന്‍ പാടില്ല.
“മാനേജരുടെ നിര്‍ബന്ധം കാരണം സ്‌കൂളില്‍ പോകാന്‍ സാധിച്ചു. അവരെന്നെ പഠിപ്പിച്ചു. പഠിക്കുന്നതില്‍ വലിയ സന്തോഷമായിരുന്നു. കുടുംബത്തില്‍ ഇക്കാര്യത്തില്‍ സന്തോഷമൊന്നുമുണ്ടായിരുന്നില്ല.. അവര്‍ക്ക് ഇഷ്ടമൊന്നുമുണ്ടായില്ല….. എന്നാലും ഞാന്‍ പഠിക്കാന്‍ പോയി. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഉള്ള കാലമായിരുന്നു. 1960 ലാണ് ഞാന്‍ എസ് എസ് എല്‍ സി എഴുതുന്നത്. 1959 ലായിരുന്നു വിവാഹം. കടും ദാരിദ്ര്യമായിരുന്നു വീട്ടില്‍. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ചെറുപ്പത്തിലേ മരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ നമ്പൂതിരിമാര്‍ക്കിടയില്‍ ബഹുഭാര്യത്വമായിരുന്നു. ഒരാള്‍ അഞ്ച് സ്ത്രീകളെയൊക്കെ വേളി കഴിക്കും.
“എന്‍റെ അച്ഛന്‍ അഞ്ച് വേളി കഴിച്ചു. ദാരിദ്ര്യമായാലും അതിന് തടസ്സമൊന്നുമുണ്ടായില്ല. അന്യദിക്കില്‍ നിന്നും സ്ത്രീകളെ വേളി കഴിച്ച് കൊണ്ടൊരും. ഞാനൊക്കെ ഇവിടെ വന്നപോലെ. വരവും പാട്ടവുമൊക്കെയുള്ള കാലമായിരുന്നു; കുടിയാന്മാര്‍ എന്തെങ്കിലുമൊക്കെ കൊണ്ടുവന്നു തരും. അതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല.
സ്‌കൂളില്‍ കഞ്ഞിവെക്കുമ്പോള്‍ ഞാന്‍ ഇല്ലത്തെ കുട്ടിയായതുകൊണ്ട് ചോറ് ഊറ്റിത്തരും
“നാലാമത്തെ വേളിയിലെ മോളാണ് ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍ അഞ്ച് അമ്മമാരിലായി നാല്‍പത് കുട്ടികളുണ്ടായിരുന്നു. ആണ്‍കുട്ടികളൊക്കെ സ്‌കൂളില്‍ പോയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളില്‍ ഞാനെ പോയിട്ടുള്ളു. 10, 12 പെണ്ണുങ്ങളുണ്ട് അവരൊന്നും പഠിച്ചില്ല. അക്കാലത്ത് സ്‌കൂളില്‍ പോക്ക് നിഷിദ്ധമാണ്.
“ആണ്‍കുട്ടികള്‍ക്ക് വേദം പഠിക്കാനെ അവകാശമുള്ളു. ക്രിസ്ത്യന്‍ സ്‌കൂള്‍ ആയതുകൊണ്ട് അമേരിക്കയില്‍ നിന്നൊക്കെ കുട്ടികള്‍ക്ക് സംഭാവന വരും. അതില്‍ നല്ല ഡ്രസ്സൊക്കെ വന്നാല്‍ എനിക്കും കിട്ടും. രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ ഇല്ലത്ത് ഭക്ഷണമുണ്ടാകില്ല. സ്‌കൂളില്‍ കഞ്ഞിവെക്കുമ്പോള്‍ ഞാന്‍ ഇല്ലത്തെ കുട്ടിയായതുകൊണ്ട് ചോറ് ഊറ്റിത്തരും. പാലും ഉപ്പുമാവും തരിയും കിട്ടും. സ്‌കൂളില്‍ പഠിക്കുമ്പോഴും എനിക്കൊരു പങ്ക് അവിടെ വെക്കും. എസ് എസ് എല്‍ സി കഴിഞ്ഞാണ് ഞാന്‍ മലബാറില്‍ വരുന്നത്.
എന്‍റെ മൂത്തമകനും ഞാനും 18 വയസ്സിന്‍റെ വ്യത്യാസമേ ഉള്ളു
“പാട്ടെഴുതുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മൂത്തമ്മയുടെ മകനാണ് എന്നെ വേളി കഴിച്ചത്. താഴത്തെ പെരിങ്ങോട്ട് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഓള്‍ഡ് സ്കീം ഹിന്ദി വിദ്വാന്‍ പരീക്ഷ പാസ്സായിരുന്നു. മാതമംഗലത്ത് എത്തിയ ഉടനെ ഞാന്‍ ഹിന്ദി ടീച്ചറായി ജോലിയില്‍ ചേര്‍ന്നു. വീട്ടിനടുത്ത് ഒരു നമ്പൂതിരിയുടെ സ്‌കൂളിലായിരുന്നു. എതിര്‍പ്പുണ്ടായെങ്കിലും ഞാന്‍ വാശിയോടെ ജോലിക്ക് പോയി. ജീവിക്കേണ്ടേ? ഭര്‍ത്താവിന് പൂജാകര്‍മ്മങ്ങളൊക്കെയായിരുന്നു ജീവിത മാര്‍ഗം. സ്ഥിരവരുമാനമുള്ള ജോലിയുണ്ടായിരുന്നില്ല. 55 രൂപയായിരുന്നു അന്ന് എനിക്ക് ശമ്പളം. ഒരു വര്‍ഷം അവിടെ പഠിപ്പിച്ചു. ഇത് ശരിയാവില്ലെന്ന് എനിക്ക് തോന്നി.
ഇതുകൂടി വായിക്കാം: ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍
1961 ല്‍ കണ്ണൂര്‍ വിമന്‍സ് ട്രെയിനിംഗ് സ്‌കൂളില്‍ ടി ടി സിക്ക് ചേര്‍ന്നു. പഠിത്തം കഴിഞ്ഞ ഉടനെ 1964 കുറ്റൂര്‍ സ്‌കൂളില്‍ ടീച്ചറായി പി എസ് സി വഴി ജോലി കിട്ടി. പിന്നെ പരപ്പ, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 34 കൊല്ലം ജോലി ചെയ്തു. കാഞ്ഞങ്ങാട് കോട്ടച്ചേരി ഗവ. എല്‍ പി സ്‌കൂളില്‍ നാല് വര്‍ഷം പ്രധാന അധ്യാപികയായിരുന്നു. 1998 ല്‍ റിട്ടയര്‍ ചെയ്തു. ഭര്‍ത്താവ് 1987 ല്‍ മരിച്ചു. തലച്ചോറില്‍ ക്യാന്‍സറായിരുന്നു.
എനിക്ക് അഞ്ച് മക്കളുണ്ടായിരുന്നു. മൂന്ന് പേര്‍ പ്രസവത്തോടെ തന്നെ മരിച്ചു. രണ്ടു മക്കള്‍ ഉദ്യോഗസ്ഥരായി അന്യനാട്ടില്‍ കഴിയുന്നുണ്ട്. മൂത്തയാള്‍ ചെന്നൈയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ആണ്. രണ്ടാമത്തെയാള്‍ ക്യാനഡയില്‍ എഞ്ചിനീയറും. മൂത്തമകനും ഞാനും 18 വയസ്സിന്‍റെ വ്യത്യാസമേ ഉള്ളു.”
ജീവിതം ഇങ്ങനെ ചുരുക്കി പറയുമ്പോഴും ശ്രീദേവി അന്തര്‍ജനത്തിന്‍റെ ഉള്ളില്‍ തിരയടങ്ങടാത്ത യാത്രാമോഹമായിരുന്നു.
വിലക്കുകളില്‍ നിന്ന് മോക്ഷം
“ഞങ്ങള്‍ക്ക് അന്ന് കളര്‍ തുണികളൊന്നും തൊട്ടുകൂട. ബ്ലൗസ് ഇട്ടുകൂട. സ്‌കൂളില്‍ പോകുമ്പോള്‍ പാവാടയും ബ്ലൗസും ഇടുമെങ്കിലും തിരിച്ചു വന്ന് അതേ പോലെ ഇല്ലത്ത് കയറാന്‍ പറ്റൂല്ല. വഴിക്ക് നിന്ന് തന്നെ ഊരി കൈയ്യില്‍ പിടിച്ചെ ഇല്ലത്ത് കയറാനാകു. അതൊക്കെ മാറ്റി കുളിച്ചിട്ടെ അകത്ത് കടന്നൂടു. സിനിമയിലൊക്കെ കണ്ടിട്ടില്ലെ. നമ്പൂതിരി പെണ്ണുങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല. ഭയങ്കര നിബന്ധനയാണ്. അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല, അത് പറഞ്ഞുകൂടാ, ഇത് പറഞ്ഞുകൂടാ… ഇങ്ങനെ പോകുന്നു.
ഭര്‍ത്താവിന്‍റെ നാട്ടിലെത്തിയപ്പോള്‍ അത് ഒരുപിടി കൂടുതലായി. ഈ വിലക്കുകളില്‍ നിന്നാണ് എന്‍റെ യാത്രകള്‍ക്കുള്ള പ്രേരണ തലയിലേക്ക് വരുന്നത്. അരുതുകള്‍ കേട്ടുകേട്ട് മടുത്തിട്ടാണ് ഞാന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. സ്വാതന്ത്യ ബോധവും എങ്ങനെ മനുഷ്യര്‍ ജീവിക്കുന്നു എന്ന് അറിയാനുള്ള വ്യഗ്രതയായിരുന്നു അതിന് പിന്നില്‍.
ഹിമാലയത്തില്‍ ആറ് പ്രാവശ്യം പോയി. 2005 ലാണ് കൈലാസം കയറിയത്.
ഭര്‍ത്താവ് മരിച്ചിട്ട് മുപ്പത് വര്‍ഷത്തോളമായി. ഇപ്പോള്‍ തനിച്ചാണ് ജീവിതം. എനിക്ക് വലിയ തിരക്കുകളൊന്നുമില്ല. മക്കളൊക്കെ വലുതായി. അവര്‍ക്ക് അവരുടെ പാടായി. റിട്ടയര്‍ ചെയ്തപ്പോള്‍ എന്‍റെ കൈയ്യില്‍ കുറേ കാശ് വന്നു. പെന്‍ഷനുമുണ്ട് ആര്‍ക്കും കൊടുക്കേണ്ടതില്ല. ആ കാശ് തവണകളായിട്ടാണ് കിട്ടുന്നത്. അത് കൈയ്യില്‍കിട്ടുമ്പോള്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും.
മക്കളും എത്ര വേണമെങ്കിലും സഹായിക്കും. യാത്ര എവിടേക്കാണെങ്കിലും ഞാന്‍ ഒഴിവാക്കില്ല. ദൂരത്തേക്ക് ടൂറിസം ഏജന്‍സികളെ ആശ്രയിക്കും. ഇന്ത്യ മുഴുവന്‍ മൂന്ന് നാല് പ്രാവശ്യം കറങ്ങി. ഹിമാലയത്തില്‍ ആറ് പ്രാവശ്യം പോയി. 2005 ലാണ് കൈലാസം കയറിയത്. കേരളത്തില്‍ നിന്ന് കൈലാസ യാത്ര പോകുന്ന ആദ്യത്തെ പെണ്ണാണ് ഞാന്‍.
മാനസസരസില്‍ അന്ന് മൈനസ് 20 ഡിഗ്രിയായിരുന്നു തണുപ്പ്. ഞാന്‍ അതില്‍ ഇറങ്ങി കുളിച്ചു.
ആഷാമേനോന്‍ എന്ന് വിളിക്കുന്ന നിരൂപകന്‍, ശ്രീകുമാര്‍, മാടമ്പ് കുഞ്ഞികുട്ടന്‍, ഫൊട്ടോഗ്രഫര്‍ ജയചന്ദ്രന്‍ ഇവരൊക്കെ യാത്രയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
മാനസസരസില്‍ അന്ന് മൈനസ് 20 ഡിഗ്രിയായിരുന്നു തണുപ്പ്. ഞാന്‍ അതില്‍ ഇറങ്ങി കുളിച്ചു. മഞ്ഞുകട്ടകള്‍ക്കിടയിലൂടെ നടന്നു പോയി കുളിച്ചു. ഏറ്റവും കോപിഷ്ടനായ ബ്രഹ്മപുത്രനദി ചങ്ങാടത്തില്‍ കടന്നു. പഞ്ചതരണി ഗംഗയിലെ കുത്തൊഴുക്കിലൂടെ നടന്ന് മറുകരയിലേക്ക് കടന്നു.
പഞ്ചാബ് യാത്രക്കിടയില്‍ ത്സലം നദിയില്‍ ഒഴുക്കില്‍ വീണു. സുരക്ഷാ ഭടന്മാരാണ് മുളയും കയറും കൊണ്ടുവന്ന് താത്ക്കാലികമായി നടപ്പാലമുണ്ടാക്കി കരയിലെത്തിച്ചത്.
ഇതുകൂടി വായിക്കാം: രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’
ബുദ്ധവിഹാരങ്ങളില്‍ നിന്നും പ്രസാദമായി കിട്ടിയ ജീരക ചോറിന്‍റെ രുചി ഇപ്പോഴും നാവിലുണ്ട്. കാഠ് മണ്ഡുവില്‍ നിന്നും ഹെലികോപ്റ്ററില്‍ എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ വട്ടമിട്ടു. ഹെലികോപ്റ്ററില്‍ പൈലറ്റും ഞാനും മാത്രം. അതിന് സര്‍ട്ടിഫിക്കറ്റൊക്കെ കിട്ടി.
സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയപ്പോള്‍ ആല്‍പ്സ് പര്‍വ്വതത്തിന് മുകളിലും കയറി. റോപ്പ് വേ പോലുള്ള തീവണ്ടിയിലാണ് പര്‍വ്വതത്തിന് മുകളിലെത്തിയത്. താഴെ വലിയ ഗര്‍ത്തമാണ്. അസ്സാമില്‍ പുഴുക്കളെ വറുത്ത് തിന്നുന്നവരെ കണ്ടു. 2003 ന്‍റെ ഒടുവിലായിരുന്നു യൂറോപ്പിലേക്കുള്ള യാത്ര. അവിടെ 53 ദിവസം ഉണ്ടായിരുന്നു. അമേരിക്കയില്‍ 18 ദിവസം സഞ്ചരിച്ചു. ഒബാമയുടെ വീടുകളില്‍ അകത്തൊന്നും കയറാന്‍ പറ്റിയില്ല. ഭാര്യയെ ജനാലയിലൂടെ കണ്ടു. മെല്ലിച്ച് നീണ്ട സ്ത്രീ. ഞാന്‍ നയാഗ്ര വെള്ളചാട്ടത്തിന്‍റെ ഉള്ളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്.
പഴങ്ങളും ജ്യൂസും മാത്രം കഴിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്
മുമ്പ് മകന്‍റെ കൂടെ ഗള്‍ഫ് രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡാണ് ഏനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. അവിടെ ഞാന്‍ 13 ദിവസം താമസിച്ചിട്ടുണ്ട്. ഭൂമിയിലെ സ്വര്‍ഗമാണത്. ദിശകളും നിറങ്ങളും നോക്കിയാണ് അവരുടെ ജീവിത രീതി. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറികള്‍ക്ക് നമ്പറുണ്ടായിരുന്നില്ല. പകരം നിറങ്ങളാണ്. … ഇറ്റലിയില്‍ പോയപ്പോള്‍ സോണിയാ ഗാന്ധിയുടെ വളപ്പില്‍ കൂടി പോയി. അവര്‍ക്ക് മുന്തിരി തോട്ടമുണ്ട്… വീടും കണ്ടു; നമ്മുടെ ഓടിട്ട വീടുപോലെ കൊച്ചുവീട്.
ജര്‍മ്മനി കരകൗശല വസ്തുക്കളുടെ നാടാണ്. ചെരിപ്പും ബാഗും ഒക്കെ നമ്മള്‍ പറയുന്നതുപോലെ നിമിഷ നേരം കൊണ്ട് ഉണ്ടാക്കി തരും അതൊക്കെ കാണാന്‍ എന്താ രസം.
വത്തിക്കാന്‍ സിറ്റിയില്‍ പോയപ്പോള്‍ എനിക്ക് പോപ്പിനെ കാണണമെന്ന് വലിയ മോഹമുണ്ടായി…. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തി വലിയ മണിയടിച്ചു. അന്ന് പോപ്പിന്‍റെ പിറന്നാളായിരുന്നു. പത്ത് സ്‌കാനറുകള്‍ കടന്നു പോകണം പള്ളിയില്‍ കയറാന്‍. അദ്ദേഹം വയ്യാതെ ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ കെട്ടിപിടിച്ചു. അദ്ദേഹം എന്നേയും. എന്‍റെ കഴുത്തില്‍ ഉണ്ടായിരുന്ന മാലയൂരി അദ്ദേഹത്തിന്‍റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം അത് വെഞ്ചരിച്ച് എന്‍റെ കഴുത്തില്‍ തന്നെ ഇട്ടു തന്നു. പാപ്പ ഞങ്ങള്‍ക്ക് മുന്തിരയിങ്ങയൊക്കെ തന്നു. എനിക്ക് വലിയ സന്തോഷമായി.
ആര്‍ക്കും വിട്ടുകൊടുക്കാത്ത പ്രകൃതമാണെന്‍റേത്.
ചൈനയിലും ജപ്പാനിലും യൂറോപ്പിലുമൊക്കെ പോകുമ്പോള്‍ ഭാഷ പ്രശ്നമാവില്ലേ? ഉടന്‍ വന്നു, ഒരു പൊട്ടിച്ചിരിയോടെ ടീച്ചറുടെ ഉത്തരം : “മനുഷ്യര് തമ്മില്‍ സംസാരിക്കാന്‍ എന്തിനാടോ ഭാഷ!”
“ജീവിതത്തിലെ അനുഭവങ്ങളൊക്കെയും മോശമാണ്. 77 വയസ്സായില്ലെ നാഥനില്ലായ്മ എന്നെ അലട്ടുന്നുണ്ട് ഇങ്ങനെ കറങ്ങിയിട്ട് എന്ത് ഗുണം കിട്ടുമെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. അസ്വാസ്ഥ്യങ്ങളില്‍ നിന്നൊക്കെ ഞാന്‍ രക്ഷപ്പെടുന്നത് ഈ യാത്രകളിലൂടെയാണ്. എനിക്ക് വേണ്ടി ഞാന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നലും എനിക്കുണ്ട്.
പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ വീടായ പുത്തന്‍ചിറയില്‍ നിന്നും കുഴിക്കാട്ടുശ്ശേരി വരെ എട്ട് കിലോമീറ്റര്‍ നടന്നതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് അവര്‍ അവകാശപ്പെടുന്നു.
Watch: “അവിടെ ചിരിക്കുന്നവരെ മാത്രമേ കാണാനാവൂ”
“ആര്‍ക്കും വിട്ടുകൊടുക്കാത്ത പ്രകൃതമാണെന്‍റേത്. എവിടെ യാത്ര പോയാലും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാറുള്ളു.”
ശ്രീലങ്കയില്‍ പോയി ഒരു വീടിനകത്ത് നിന്നും ചോറു കോരിയെടുത്ത ഓര്‍മ്മ ആ അമ്മ പങ്കുവെച്ചു. “മൂന്നാല് ദിവസം അരി ആഹാരം കഴിക്കാതെ ചോറ് കണ്ടപ്പോള്‍ ഭയങ്കര ആര്‍ത്തിയായിരുന്നു. അന്ന് നൂറ് രൂപ ആ വീട്ടുകാരിക്ക് കൊടുത്തു.”
ഇതുകൂടി വായിക്കാം: നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ
ശ്രീദേവി ടീച്ചറോട് വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ ലോകം ചുറ്റിക്കണ്ട അനുഭവമാണ്. അതൊന്നും ഒറ്റയടിക്ക് പറഞ്ഞുതീര്‍ക്കാനുമാവില്ല.
“യാത്ര എനിക്ക് വിലക്കുകളില്‍ നിന്നുള്ള മോക്ഷമാണ്,” ആ പോരാളി മനസ്സുനിറഞ്ഞ് ചിരിക്കുന്നു.