ചിലരുണ്ട് , ദുരിതങ്ങളുടെ തീരാമാറാപ്പും പേറി നടക്കുമ്പോഴും ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൈവിടാത്തവർ. അവരെ അറിയുമ്പോൾ പ്രകാശത്തിന്‍റെ ഒരു കിരണം നമ്മുടെ ജീവിതത്തിലും വന്നുമുട്ടിയതായി തോന്നിയേക്കാം. അങ്ങനെ രണ്ടുപേരാണ് ഉമ്മുൽ കുലുസും കൂട്ടുകാരി സുഹറയും.
ഉമ്മുൽ കുലുസ് എന്ന ചിത്രകാരിയെ ഇപ്പോൾ കേരളം മുഴുവൻ ആഘോഷിക്കുകയാണ്. അവർ കടന്നുപോന്ന ജീവിതമാകട്ടെ ആ ആഘോഷത്തിന് വല്ലാതെ മാറ്റുകൂട്ടുന്നു .
പാലക്കാട് പുതുക്കോട് ആപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളാണ് ഈ മുപ്പത്തിയൊന്നുകാരി. “ഉല്ലു ” എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന ഉമ്മുൽ കുലുസിന് ജന്മനാ ഇരുകൈകളും ഉണ്ടായിരുന്നില്ല . ഉമ്മുൽ കുലുസിന്‍റെ മാതാപിതാക്കൾ പക്ഷേ അതൊരു കുറവാണെന്ന തോന്നലുണ്ടാക്കാതെയാണ് മകളെ വളര്‍ത്തിയത്.
എല്ലാ മക്കളെയും എന്നപോലെ അതിസാധാരണമായ ഒരു ജീവിതം മുൻപിൽ കണ്ട് അവർ അവളെ സ്‌കൂളിൽ ചേർത്തു.
പക്ഷേ ഉമ്മുൽ കുൽസിന്‍റെ രണ്ടുകാലുകൾക്കും വ്യത്യസ്ത നീളമായിരുന്നു. നടക്കാൻ അവൾക്ക് പ്രയാസം. ഓടിക്കളിക്കുന്ന കുട്ടികൾക്കിടയിൽ ഉരുണ്ടുവീഴുന്നതു പതിവായപ്പോൾ രണ്ടാം ക്ലാസിൽ വെച്ച് ഉമ്മുൽ കുലുസിന് പഠനം നിർത്തേണ്ടിവന്നു. പിന്നീടൊരിക്കൽ ഒരു സർക്കാർ സർട്ടിഫിക്കറ്റ് വാങ്ങാൻ മകളുടെ ഒപ്പ് നിർബന്ധമാണ് എന്ന് വാശിപിടിച്ച അധികൃതർക്ക് മുൻപിലേക്ക് പിതാവിന്‍റെ തോളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി ഓഫീസറുടെ പേന തന്‍റെ കാൽവിരലുകൾക്കിടയിൽ വെച്ച് ഒരൊപ്പ് വരച്ചുകൊടുത്തു. അതൊരു വലിയ മാറ്റത്തിന്‍റെ തുടക്കമായിരുന്നു .
മകൾക്ക് ചിത്രം വരക്കാൻ സാധിക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഹനീഫ ദാരിദ്ര്യം വകവെക്കാതെ അവൾക്ക് അതിനുള്ള ചായങ്ങളും പേപ്പറും ഒക്കെ എത്തിച്ചുകൊടുത്തു.
എങ്കിലും ദീർഘനേരം ഇരുന്നു വരക്കാൻ ശരീരത്തിന്‍റെ വേദനകൾ ഉല്ലുവിനെ അനുവദിച്ചില്ല. ഒപ്പം അവളുടെ കഴിവുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ആ കുടുംബത്തിന്‍റെ ദാരിദ്ര്യവും അവരെ സമ്മതിച്ചില്ല. മെല്ലെമെല്ലെ അവളുടെ വര മറ്റുള്ളവരുടെ മറവിയിലേക്ക് കടന്നു.
വളർന്നു വരും തോറും കൈകൾക്ക് പകരം കാലുകളെ ഉപയോഗിക്കാൻ ഉമ്മുൽ കുലുസ് ശീലിച്ചു. അവൾക്കാകട്ടെ അത് ഒറ്റപ്പെടലിന്‍റെ ആക്കം കുറക്കാൻ ആശ്രയവുമായി.
വര ഉല്ലുവിന്‍റെ കാലുകൾക്ക് ശീലമായതോടെ പലയിടത്തും അവളെക്കുറിച്ചു വാർത്തകൾ വന്നു. ആളുകൾ ചിത്രങ്ങൾ തിരഞ്ഞെത്തി . അതിനിടയിലേക്ക് മറ്റൊരു ദുരന്തം ഉമ്മുൽ കുലുസിനെ തേടിയെത്തി. അവൾക്ക് 26 വയസുള്ളപ്പോൾ പ്രോത്സാഹനമായിരുന്ന പിതാവ് ലോകം വിട്ടുപോയി .
അതിനോടടുപ്പിച്ച് ഒരു സഹോദരനും സഹോദരിയും മരണപ്പെട്ടു. അതിനുശേഷം വര ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഉല്ലു. പിതാവ് ബാക്കിവെച്ച ആ ശൂന്യത പിന്നെ നികത്തിയത് സുഹറ എന്ന കൂട്ടുകാരിയാണ്, മുപ്പതാം വയസിൽ.
വിദ്യാർത്ഥിയും മെഹന്ദി ആർട്ടിസ്റ്റും ആയ സുഹറ ഉമ്മുൽ കുൽസിന്‍റെ സഹോദരി ജുബൈലയുടെ വിവാഹത്തിന് മൈലാഞ്ചി ഇടാനാണ് ആ വീട്ടിൽ എത്തിയത്. ബസിൽ ഒരുമിച്ചു യാത്ര ചെയ്തുള്ള സൗഹൃദമാണ് സുഹറയെ ചിതലരിച്ച മേൽക്കൂരയും പൊട്ടിയ ഓടും ചുമരുമുള്ള ഇടിഞ്ഞുപൊളിയാറായ ആ വീട്ടിൽ എത്തിച്ചത്. അത് സുഹറയുടെയും ഉല്ലുവിന്‍റെയും ജീവിതത്തിൽ വഴിത്തിരിവായി.
കടലോ ട്രെയിനോ കംപ്യൂട്ടറോ കണ്ടിട്ടില്ലാത്ത, ആശുപത്രിയിൽ പോകാനല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ഉല്ലുവിന് സുഹറ കൂടെ അംഗമായ ഗ്രീന്‍ പാലിയേറ്റീവ് എന്ന സംഘടന ഇന്‍റര്‍നെറ്റ് വഴി ചിത്രങ്ങൾ കണ്ടു വരക്കാൻ ഒരു സ്മാർട്ട് ഫോൺ സമ്മാനിച്ചു–ഒപ്പം വരക്കാൻ ആവശ്യമായ വസ്തുക്കളും യാത്ര സുഗമമാക്കാൻ ഒരു വീൽ ചെയറും .
അക്കാലയളവിലാണ് സമൂഹമാധ്യമങ്ങളിൽ വിത്തുപേന എന്ന ആശയം ഉമ്മുല്‍ കുലുസിനെ ആകര്‍ഷിച്ചത്. ഏതാണ്ട് 5,000 വിത്തുപേനകൾ അവള്‍ തന്‍റെ കാൽവിരലുകൾ ഉപയോഗിച്ച് നിർമിച്ചു.
അവ 10 രൂപക്ക് വിറ്റ് അതിൽ നിന്ന് കിട്ടിയ ലാഭത്തിൽ നിന്ന് ഒരു വിഹിതം പ്രളയ ദുരിതാശ്വാസത്തിലേക്ക് മാറ്റിവെച്ചു. സ്വയം സമ്പാദിക്കാനും പങ്കുവെക്കാനും കഴിയും എന്ന ആത്മവിശ്വാസം ചെറിയ മാറ്റമല്ല ഉമ്മുല്‍ കുലുസില്‍ ഉണ്ടാക്കിയത്.
കാലുകളുടെ നീളം വ്യത്യസ്തമായതിനാൽ വലിയ കാല് ചെറിയ കാലിനോളം മടക്കിയിട്ടാണ് ഇപ്പോഴും ഉല്ലുവിന്‍റെ നിൽപ്പും നടപ്പും. പ്രാഥമിക കാര്യങ്ങൾക്കു പോലും അമ്മയുടെ സഹായം വേണം.
ഈ പ്രതിസന്ധികളൊക്കെ മറികടന്ന് ഏതാണ്ട് 500 ചിത്രങ്ങൾ ഉമ്മുല്‍ കുലുസ് വരച്ചു കഴിഞ്ഞിരുന്നു.
ഇപ്പോൾ 2018 നവംബർ 4 മുതൽ കോഴിക്കോട് മന്‍ കഫെ ആര്‍ട്ട് ഗാലറി (Mann Cafe Art Gallery) യിൽ ഉമ്മുല്‍ കുൽസിന്‍റെ ചിത്രപ്രദർശനം നടന്നുകൊണ്ടിരിക്കയാണ് The Eighth Colour of Rainbows എന്ന പേരിൽ. ഉറച്ച ബോധ്യത്തിന്‍റെ വിജയം ലോകത്തെ കാണിക്കാനായി ആ പ്രദർശനവും വിൽപ്പനയും 2018 നവംബർ 30 വരെ തുടരും.
പിന്നണി ഗായകൻ ഷഹബാസ് അമൻ അടക്കം പല സഹൃദയരും ഇതിനകം ഉമ്മുൽ കുൽസിന്‍റെ ചിത്രങ്ങൾ കാണാനെത്തുകയും അവളുടെ കഴിവിനുള്ള അംഗീകാരം എന്ന നിലക്ക് വിലകൊടുത്തു വാങ്ങുകയും ചെയ്തിട്ടുണ്ട്. ദുർഘടങ്ങൾ പലതും തുഴഞ്ഞു കയറി ഈ ഭിന്നശേഷിക്കാരി ഇപ്പോൾ അഭിമാനത്തോടെ ചിരിക്കുകയാണ്, കാണുന്നവരുടെ മനസ് നിറച്ചുകൊണ്ട് .
“ഉല്ലുവിന്‍റെ എക്സിബിഷൻ ഒരു വലിയ വിജയമായാണ് ഞാൻ കാണുന്നത്. ചുറ്റുമുള്ളവരുടെ സഹതാപത്തിന്‍റെ നോട്ടങ്ങളിൽ നിന്ന് അംഗീകാരത്തിന്‍റെയും അഭിമാനത്തിന്‍റെയും നോട്ടങ്ങളിലേക്ക് അവൾ മാറുന്നതിൽപ്പരം സന്തോഷം എന്താണുള്ളത്? ഉല്ലു അത് അർഹിക്കുന്നുണ്ട്. എല്ലാവരെയും ഉല്ലുവിന്‍റെ ഇടങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു,” സുഹറ പറയുന്നു.
അക്ഷരവീട് എന്ന പദ്ധതിയുടെ ഭാഗമായി കൂട്ടുകാരും നാട്ടുകാരും ചേർന്ന് ഉമ്മുൽ കുൽസിന്‍റെ പൊളിയാറായ വീട് പുനർനിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന വലിയ സന്തോഷവും അവർ പങ്കുവെക്കുന്നു.
“സുഹറ മുന്നിൽ നടക്കട്ടെ , ഞാൻ പിന്നിലുണ്ട് .. മറ്റൊരു ഉല്ലുവിനെ തിരഞ്ഞുപിടിക്കാൻ,” എന്നാണ് ഉമ്മുല്‍ കുലുസിന്‍റെ മറുപടി.
അതിജീവനം മധുരമുള്ളൊരു വാക്കാണ്. സൗഹൃദം അതിന് ഇരട്ടിമധുരമേകുന്നു.