‘ഓഫിസ് ജോലിക്ക് പോയിരുന്നെങ്കില്‍ ജീവിതം വഴിമുട്ടിയേനെ’: ശരീരസൗന്ദര്യ റാണി ആയി മാറിയ മലയോരപ്പെണ്‍കൊടി പറയുന്നു

​2006-ല്‍ പ്ലസ് ടു പരീക്ഷയ്ക്കിടയില്‍ ജിനി ഹാളില്‍ തലകറങ്ങി വീണു. അതോടെ കുട്ടിക്കാനത്തെ ആ പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു വഴിക്ക് തിരിഞ്ഞു.​

കൂട്ടുകാരില്‍ പലരെയും പോലെ എന്‍ജിനീയറിങ് അല്ലെങ്കില്‍ ബി സി എ ഇതിലേതെങ്കിലും ഒന്നായിരുന്നു കൗമാരക്കാലത്ത് ജിനിയുടെ ലക്ഷ്യം.
പ്ലസ്ടു പരീക്ഷാ ഹാളില്‍ തലകറങ്ങി വീണതോടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. പക്ഷേ അന്ന് സ്വപ്നം കണ്ടതിനേക്കാള്‍ മനോഹരമായ ലോകമായിരുന്നു ആ പരാജയം ജിനി ഗോപാല്‍ എന്ന പെണ്‍കുട്ടിക്ക് സമ്മാനിച്ചത്.

ജിനി ഗോപാല്‍

പാസാകാന്‍ കഴിയാതിരുന്ന ഒരു വിഷയം എഴുതിയെടുക്കുന്നതിനുള്ള ശ്രമത്തിനിടെ ജിനി തിരക്കേറിയ ഫാഷന്‍ ഡിസൈനറായി, പിന്നെ നൂറു കണക്കിന് പേര്‍ക്ക് ജോലി നല്‍കിയ വനിതാ സംരംഭക, ഇപ്പോഴിതാ അഴകളവുകള്‍ തികഞ്ഞ കേരളത്തിന്‍റെ വനിതാ ഫിറ്റ്നസ് ചാംപ്യനും.


എന്‍ട്രന്‍സില്‍ യോഗ്യത നേടിയെങ്കിലും പ്ലസ് ടു പരാജയപ്പെട്ടതോടെ മറ്റു മാര്‍ഗമൊന്നുമില്ലാതായി


ഇടുക്കിയിലെ കുട്ടിക്കാനത്ത് പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന് ജിനി. 2006-ലെ പരീക്ഷയ്ക്കിടയില്‍ ഹാളിനുള്ളില്‍ തലകറങ്ങി വീണതോടെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു.

“അക്കാലത്ത് ഞാന്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സിനു വേണ്ടിയും ശ്രമിച്ചിരുന്നു. ആ വര്‍ഷത്തെ എന്‍ട്രന്‍സില്‍ യോഗ്യത നേടിയെങ്കിലും പ്ലസ് ടു പരാജയപ്പെട്ടതോടെ മറ്റു മാര്‍ഗമൊന്നുമില്ലാതായി,” ജിനി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“പഠിക്കാന്‍ മോശമായതു കൊണ്ടായിരുന്നില്ല പ്ലസ് ടുവിലെ പരാജയം. പക്ഷേ അതിനു ഷേം ഇനി മുന്നോട്ടെന്തെന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നു. പല കോഴ്സുകളും അക്കാലത്ത് ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. എന്നെ മെഡിസിന് ചേര്‍ക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പിന്നെ എന്‍ട്രന്‍സും പ്ലസ്ടുവും ഒരുമിച്ച് അടുത്ത വര്‍ഷം എഴുതിയെടുക്കാമെന്ന് തീരുമാനിച്ചു.

“ആ ഒരു വര്‍ഷത്തെ ഇടവേളയില്‍ എറണാകുളത്തെ കിറ്റക്സില്‍ ഫാഷന്‍ ഡിസൈനറായി ചേര്‍ന്നതോടെ ജീവിതത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ എല്ലാം മാറി… ഒപ്പം പഠിച്ചിരുന്നവരെല്ലാം ബിടെക്കിനും അതു പോലുള്ള കോഴ്സുകള്‍ക്കുമെല്ലാം ചേര്‍ന്നിരുന്നു.”


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം: സജ്നയുടെയും അപ്പൂപ്പന്‍താടികളുടെയും കിടിലന്‍ യാത്രകള്‍!


ഒരു പക്ഷേ നിരാശയില്‍ ആഴ്ന്നു പോയേക്കാമായിരുന്ന ഒരു കാലഘട്ടം. ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ തെല്ലു പോലും നിരാശയില്ലെന്ന് ജിനി പറയുന്നു. കിറ്റക്സില്‍ ജോലി ചെയ്യുമ്പോഴാണ് ഡിസൈനിങ്ങിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്. ആ മേഖലയില്‍ തിളങ്ങാന്‍ കഴിയുമെന്ന് വ്യക്തമായോടെ ജിനി  അവിടെത്തന്നെ ബി എഫ് ടി (ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി) പൂര്‍ത്തിയാക്കിയതിനു ശേഷം ക്യാംപസ് പ്ലേസ്മെന്‍റില്‍ അവിടെ കുറച്ചു കാലം ജോലി ചെയ്തു. ഇതിനിടെ പ്ലസ് ടുവും എഴുതിയെടുത്തു. മാര്‍തോമാ കോളെജില്‍ ബി സി എയ്ക്കും ചേര്‍ന്നു. അഞ്ച് ലക്ഷത്തോളം ചെലവു വരുന്ന കോഴ്സായിരുന്നു ബി എഫ് ടി . പക്ഷേ ആരില്‍ നിന്നും പണം കടം വാങ്ങാതെ സ്വയം അധ്വാനിച്ചാണ് കോഴ്സ് പൂര്‍ത്തിയാക്കിയതെന്ന് ജിനി പറഞ്ഞു.

അതിനിടെ കുറച്ചു കാലം ബംഗളൂരുവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ചേര്‍ന്നു. ആ ജോലി ഉപേക്ഷിച്ച് കുറച്ചു കാലം ഇവന്‍റ് മാനേജ്മെന്‍റ് മേഖലയിലും സജീവമായി. പക്ഷേ ഡിസൈനര്‍ എന്ന രീതിയിലുള്ള സ്വപ്നങ്ങള്‍ക്കു ചേര്‍ന്നതായിരുന്നില്ല ആ ജോലികളൊന്നും. ഡിസൈനിങ്ങും മോഡലിങ്ങും ഫാഷന്‍ ഷോയുമെല്ലാം വല്ലപ്പോഴുമായി മാറിയതോടെ സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹം ജിനിയുടെ മനസില്‍ മൊട്ടിട്ടു.

നാട്ടിലെത്തിയതോടെ ജീവിതം കുട്ടിക്കാനത്ത് നിന്ന് എറണാകുളത്തേക്ക് പറിച്ചുനട്ടു. അക്കാലത്തെല്ലാം അച്ഛന്‍ ഗോപാലനായിരുന്നു തനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നതെന്ന് ജിനി. അങ്ങനെ കൈയിലുള്ള ചെറിയ തുക കൊണ്ട് കുറച്ച് ഉപകരണങ്ങളും രണ്ടു ജീവനക്കാരുമായി വാടകമുറിയില്‍ ജിനി ആറ്റിറ്റ്യൂഡ് ദി അറ്റയര്‍ ഡിസൈനറി എന്ന പേരില്‍ ആദ്യ വസ്ത്രയൂണിറ്റിന് തുടക്കമിട്ടു.


സ്വന്തം ബിസിനസ് യൂണിറ്റ് ആയതു കൊണ്ട് അച്ഛന് മുഴുവന്‍ സമയവും ശുശ്രൂഷിക്കാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടി വന്നിരുന്നില്ല.


“പുതിയൊരു സംരംഭം എന്ന ആശയം അത്ര എളുപ്പമായിരുന്നില്ല. പക്ഷേ അതു യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. ഒരു രൂപ പോലും ലോണെടുക്കാതെ എന്‍റെ കൈയിലുണ്ടായിരുന്ന ചെറിയ തുക മാത്രം നിക്ഷേപിച്ചാണ് യൂണിറ്റ് തുടങ്ങിയത്. എന്‍റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം അതായിരുന്നു. എന്‍റെ കുടുംബത്തിനും കരിയറിനും എല്ലാം അത്രമേല്‍ ഗുണകരമായൊരു തീരുമാനം. എന്‍റെ മാതാപിതാക്കളടക്കമുള്ളവരെല്ലാം ആ തീരുമാനത്തില്‍ ഇന്ന് അഭിമാനിക്കുന്നുണ്ട്,” ജിനി പറയുന്നു.

പക്ഷേ, മറ്റൊരു രൂപത്തില്‍ പ്രതിസന്ധികളും പിന്തുടര്‍ന്നു. “യൂണിറ്റ് തുടങ്ങുന്ന കാലത്തായിരുന്നു അച്ഛന് ഡിമെന്‍ഷ്യ ബാധിക്കുന്നത്. അച്ഛന്‍റെ ചികിത്സക്ക് എറണാകുളത്ത് താമസിക്കേണ്ടത് അത്യാവശ്യമായി മാറി.


ആ പ്രതിസന്ധികളെ മുഴുവന്‍ മറി കടന്നത് വസ്ത്ര യൂണിറ്റിലൂടെയായിരുന്നു.


“സത്യത്തില്‍ എന്‍റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ നല്‍കിയത് എറണാകുളം നഗരമാണെന്നു തന്നെ പറയാം. ജീവിതം കൃത്യമായ ട്രാക്കിലാകുന്നത്, മുന്നോട്ടുള്ള വഴി തുറന്നു തന്നത്, അവസരങ്ങള്‍ ലഭിച്ചത് എല്ലാം ഈ നഗരത്തിലെത്തിയതോടെയാണ്. ഒരു പക്ഷേ ഞാനൊരു ഓഫിസ് ജോലി തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ജീവിതം വഴി മുട്ടിപ്പോയേനേ. കാരണം അച്ഛന് മുഴുവന്‍ സമയവും ശ്രദ്ധ വേണമായിരുന്നു. പിന്നെ ചികിത്സയടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പണച്ചലവും, എറണാകുളം പോലുള്ള നഗരത്തിലുള്ള ജിവിതച്ചെലവും… ആ പ്രതിസന്ധികളെ മുഴുവന്‍ മറി കടന്നത് വസ്ത്ര യൂണിറ്റിലൂടെയായിരുന്നു.


ഇതുകൂടി വായിക്കാം: ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍


സ്വന്തം ബിസിനസ് യൂണിറ്റ് ആയതു കൊണ്ട് അച്ഛന് മുഴുവന്‍ സമയവും ശുശ്രൂഷിക്കാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടി വന്നിരുന്നില്ല. “ഒപ്പം പഠിച്ചിരുന്നവരും സുഹൃത്തുക്കളുമെല്ലാം ഐടി കമ്പനികളിലും ബഹുരാഷ്ട്ര കമ്പനികളിലുമെല്ലാം ജോലി ചെയ്യുമ്പോള്‍ എന്‍റെ ബോസ് ഞാന്‍ തന്നെയാണെന്നത് വളര സന്തോഷമുള്ള കാര്യമാണ് ,” ജിനി ചിരിക്കുന്നു.

കലൂരിലെ വാടകമുറിയില്‍ ആരംഭിച്ച ആറ്റിറ്റ്യൂഡ് പിന്നീട് പാലാരിവട്ടത്തേക്ക് മാറ്റി. ബുട്ടീക് എന്ന ആശയത്തിലല്ല ജിനി ആ സംരംഭം ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് ദിവസവും ഉപയോഗിക്കാന്‍ പറ്റുന്നതും ഗുണനിലവാരവുമുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡിസൈനിങ്ങിനു പുറമേ കുറച്ചു കാലം മോഡലിങ്ങും പരീക്ഷിച്ചിരുന്നു.


വനിതാസംരംഭകയെന്ന് അറിയപ്പെട്ടു തുടങ്ങിയ കാലഘട്ടത്തിലായിരുന്നു അച്ഛന്‍ ഗോപാലന്‍റെ വിയോഗം


മാഗസിനുകളുടെ കവര്‍ മോഡലുകള്‍ക്കായി ചെയ്ത ഡിസൈനുകളും ശ്രദ്ധേയമായി. മാഗസിനുകളുടെ കവര്‍ പേജ് മോഡലുകള്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്തു തുടങ്ങിയതോടെ ജിനി ശ്രദ്ധേ നേടി തുടങ്ങിയിരുന്നു. ഹണി റോസ്, റിമ കല്ലിങ്കല്‍, ജയസൂര്യ, രമ്യ നമ്പീശന്‍, രചന നാരായണന്‍ കുട്ടി തുടങ്ങി സിനിമാ താരങ്ങള്‍ക്കു വേണ്ടി അക്കാലത്ത് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ശ്രദ്ധേയമായി. രണ്ടു പേരെ വച്ചു തുടങ്ങിയ യൂണിറ്റില്‍ ഇപ്പോള്‍ നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് ജിനി അഭിമാനത്തോടെ പറയുന്നു.

അതിനു പുറകേ ഓണ്‍ലൈനിലൂടെയും വസ്ത്രവില്‍പ്പനയ്ക്ക് തുടക്കമിട്ടു. വനിതാസംരംഭകയെന്ന് അറിയപ്പെട്ടു തുടങ്ങിയ കാലഘട്ടത്തിലായിരുന്നു അച്ഛന്‍ ഗോപാലന്‍റെ വിയോഗം. ജീവിതത്തില്‍ തന്‍റെ റോള്‍ മോഡലാണ് അച്ഛനെന്ന് ജിനി.

“കുട്ടിക്കാലം മുതല്‍ അച്ഛനെ ചുറ്റിപ്പറ്റി വളര്‍ന്നൊരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. അച്ഛനായിരുന്നു ഏറ്റവും വലിയ പ്രചോദനവും പ്രോത്സാഹനവും ശക്തിയുമെല്ലാം. അച്ഛന്‍ സന്തോഷിക്കുന്നതു കാണാന്‍ വേണ്ടിയായിരുന്നു ഞാന്‍ ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. … അച്ഛന്‍റെ ചികിത്സാ കാലത്ത് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നുവെന്നതാണ് ഒരാശ്വാസം. പറ്റാവുന്ന എല്ലാ ചികിത്സയും സൗകര്യങ്ങളും നല്‍കി അക്കാലത്ത് അച്ഛന് തന്നെക്കൊണ്ട് കഴിയാവുന്ന ഏറ്റവും നല്ല രീതിയില്‍ തന്നെ നോക്കാന്‍ കഴിഞ്ഞു,” എന്ന് ആ മകള്‍ ആശ്വസിക്കുന്നു.

അച്ഛന്‍റെ അസാന്നിധ്യത്തില്‍ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന മട്ടില്‍ ജീവിതം നൂലു പൊട്ടിയ പട്ടം പോലെയായി മാറിയപ്പോള്‍ മനസിനെ വഴിതിരിച്ചു വിടാനായി പലതും പരീക്ഷിച്ചു. വായന, യാത്ര, നൃത്തം ഒടുവില്‍ യോഗയും.


ഇതുകൂടി വായിക്കാം: ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’


അങ്ങനൊണ് പാലാരിവട്ടം ആലിന്‍ ചുവട് ഫിറ്റ്നസ് സെന്‍ററില്‍ ചേര്‍ന്നത്. അത് മറ്റൊരു വഴിത്തിരിവായി.

ഫിറ്റ്നസ് സെന്റര്‍ കൂടി ചേര്‍ന്ന് നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ജിനിയോട് നിര്‍ദേശിച്ചതും പരിശീലനം നല്‍കിയതുമെല്ലാം പരിശീലകന്‍ അനന്തുരാജായിരുന്നു. പിന്നെയങ്ങോട്ട് കഠിന പരിശീലനത്തിന്‍റെ നാളുകളായിരുന്നു.

ജിനി അത് ശരിക്കും ആസ്വദിച്ചു. ഉരുക്കുമസിലുകളുമായി മല്ലന്മാര്‍ നിറഞ്ഞുനില്‍ക്കുന്ന വേദിയില്‍ അവരോടൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ മുന്നോട്ടുവരുന്ന സ്ത്രീകള്‍ അപൂര്‍വ്വമാണല്ലോ.  ശരീരം ഭംഗിയാക്കുക എന്നതില്‍ കവിഞ്ഞ് ഫിറ്റ്നസിന് മുന്‍ഗണന നല്‍കുന്ന പെണ്‍കുട്ടികള്‍ പോലും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും വീടിനകത്തുള്ള വ്യായാമത്തിലും നൃത്തത്തിലുമെല്ലാം ഒതുങ്ങും. അത്തരം ഒരു ചിന്താഗതിയിയെല്ലാം കുടഞ്ഞുകളഞ്ഞുകൊണ്ടാണ്  ജിനി മത്സരവേദിയിലേക്കെത്തിയത്.


ശരീരത്തിന്‍റെ ഫിറ്റ്നസും ഫ്ലക്സിബിലിറ്റിയുമാണ് മത്സരത്തില്‍ പ്രധാനം.


വലിയ മുന്നൊരുക്കം അതിനുപിന്നിലുണ്ടായിരുന്നു. രാവിലെ മുതല്‍ മണിക്കൂറുകളോളം നീളുന്ന പരിശീലനം, ക്ഷീണം മാറ്റാന്‍ പച്ചക്കറിയും പഴങ്ങളും നൃത്തം പിന്നെ കുറച്ച് കളരിയും.. അക്കാലത്തൊന്നും ചാംപ്യന്‍ഷിപ്പ് നേടുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല.

മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനൊടുവില്‍ മാത്രമേ ഫിറ്റ്നസ് മത്സരത്തിന്‍റെ വേദിയില്‍ നില്‍ക്കാന്‍ പോലും സാധിക്കൂ.. കാലങ്ങളോളമായി അത് പുരുഷന്മാര്‍ നിറഞ്ഞു നില്‍ക്കുന്ന വേദിയാണ്. എങ്കിലും പരിശീലകന്‍ നല്‍കിയ ആത്മവിശ്വാസമാണ് മത്സരിക്കാന്‍ കരുത്തു നല്‍കിയതെന്ന് ജിനി.

ഫിറ്റ്നെസ് സെന്‍ററില്‍ പോയി തുടങ്ങിയപ്പോള്‍ പരിശീലനത്തിനോട് കൂടുതല്‍ താത്പര്യം തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് യോഗ ചെയ്തിരുന്നു.  ആദ്യമെല്ലാം ദിവസവും ചെയ്തിരുന്നുവെങ്കിലും പിന്നീട് യോഗ ചെയ്യുന്നത് ആഴ്ചയില്‍ ഒരിക്കലായി മാറിയിരുന്നു. മടിയെല്ലാം കളഞ്ഞ് അതെല്ലാം തിരിച്ചുപിടിച്ചത് ഫിറ്റ്നെസ് സെന്‍ററില്‍ ചേര്‍ന്നതോടെയാണ് എന്ന് ജിനി വിശദമാക്കുന്നു.

മിസ്റ്റര്‍ ആന്‍ഡ് മിസ് എറണാകുളം വേദിയില്‍ നിന്നാണ് ജിനി ആദ്യത്തെ ഫിറ്റ്നസ് പട്ടം സ്വന്തമാക്കിയത്. ആലിന്‍ചുവട് ലൈഫ് ലൈന്‍ ഫിറ്റ്നസ് ആന്‍ഡ് മള്‍ട്ടി ജിമ്മിന്‍റെ നേതൃത്വത്തില്‍ വേള്‍ഡ് ഫിറ്റ്നസ് ഫെഡറേഷന്‍ നാഷണല്‍ ബോഡി ബില്‍ഡിങ് അസോസിയേഷനും എറണാകുളം ജില്ലാ ബോഡിബില്‍ഡേഴ്സ് അസോസിയേഷനും ചേര്‍ന്നായിരുന്നു മത്സരം സംഘടിപ്പിച്ചത്. പിന്നീട് സംസ്ഥാന ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്നെസ് ചാംപ്യന്‍ഷിപ്പിലും ജിനി വിജയിയായി.


ഇതുകൂടി വായിക്കാം: മുറികളിലും കബോർഡിലും വരെ കൃഷി; 4 സെന്‍റില്‍ നിറയെ പച്ചക്കറി വിളയിച്ച കംപ്യൂട്ടര്‍ അസിസ്റ്റന്‍റ്


പത്തു ജില്ലകളില്‍ നിന്നായി നൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. അനാട്ടമി, സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍, പെര്‍ഫോമന്‍സ് അങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം നടത്തിയത്. കൂട്ടത്തില്‍ ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സ് ആയിരുന്നു അതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത്. ശരീരത്തിന്‍റെ ഫ്ലക്സിബിലിറ്റി പ്രകടിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് നടത്തിയത്. ശരീരത്തിന്‍റെ ഫിറ്റ്നസും ഫ്ലക്സിബിലിറ്റിയുമാണ് മത്സരത്തില്‍ പ്രധാനം. അതിനായി രാവിലെയും വൈകിട്ടും 5 മണിക്കൂര്‍ വീതം പരിശീലനം ഉറപ്പാക്കി.

രാവിലെ ഒരു ഗ്ലാസ് വെള്ളവും ബദാമും കഴിച്ചതിനു ശേഷം വ്യായാമം. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ശരീരത്തിന്‍റെ ഭാരം കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടി വന്നില്ല. ഉയരത്തിന് ആനുപാതികമായ രീതിയില്‍ ഭാരം ക്രമീകരിക്കുന്നതിനായിരുന്നു ശ്രദ്ധ. ഭക്ഷണത്തില്‍ നിന്ന് ചോറും എണ്ണയും പൂര്‍ണമായും ഒഴിവാക്കി. പകരം ഗോതമ്പും പഴങ്ങളും പച്ചക്കറികളും മുട്ടയുടെ വെള്ളയും മത്സ്യവും ചേര്‍ത്തു. ചര്‍മം ഉള്‍പ്പെടെ ശരീരം കൂടുതല്‍ ആരോഗദൃഢമാക്കുന്നതിനും സ്റ്റാമിന വര്‍ധിപ്പിക്കുന്നതിനുമാണ് സമയം ചെലവഴിച്ചതെന്ന് ജിനി പറയുന്നു.


ഫിറ്റ്നസും വ്യായാമവുമായി മുന്നോട്ടു പോകുമ്പോഴും ജിനിയുടെ ഡിസൈനിങ് യൂണിറ്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.


ഫിറ്റ്നസ് സെന്‍റര്‍ ശരീരസൗന്ദര്യം മാത്രമല്ല മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനും സഹായകമായി. നഷ്ടപ്പെട്ടുവെന്ന് തോന്നിയ ആത്മവിശ്വാസവും പ്രതീക്ഷകളുമെല്ലാം ഇപ്പോള്‍ തിരിച്ചുവന്നുവെന്ന് ജിനി. സംരംഭക എന്ന പേരിനൊപ്പം ഇപ്പോള്‍ ഫിറ്റ്നസ് ക്വീന്‍ എന്ന പേരും ജിനിക്ക് സ്വന്തമാണ്.


ഇതുകൂടി വായിക്കാം: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍


അമ്മ വാസന്തിയാണിപ്പോള്‍ ജിനിക്ക് ഏറ്റവുമധികം പിന്തുണയും ആത്മവിശ്വാസവും നല്‍കുന്നത്. ഫിറ്റ്നസും വ്യായാമവുമായി മുന്നോട്ടു പോകുമ്പോഴും ജിനിയുടെ ഡിസൈനിങ് യൂണിറ്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിറ്റിലെ ജോലിക്കാര്‍ക്കെല്ലാം വസ്ത്ര നിര്‍മാണ പരിശീലനവും നല്‍കിയിരുന്നു.

Watch: ജിനിയുടെ വര്‍ക്കൗട്ട് സെഷന്‍

വസ്ത്രയൂണിറ്റില്‍ സജീവമായിരുന്നതിനൊപ്പം ഗിറ്റാര്‍ അടക്കമുള്ള സംഗീതോപകരണങ്ങളും വെസ്റ്റേണ്‍, ക്ലാസിക്കല്‍ നൃത്തവും പരിശീലിച്ചിരുന്നു. ഇപ്പോഴും പരിശീലിക്കുന്നുണ്ട്. ഫിറ്റ്നസ് ക്വീന്‍ ആയതോടെ സിനിമാരംഗത്തേക്കും ക്ഷണം ലഭിക്കുന്നുണ്ട്. ഇതു വരെ അക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. മികച്ച അവസരം കിട്ടിയാല്‍ സിനിമയോട് എന്തിന് ‘നോ’ പറയണം!?


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


വരുന്ന ഒക്റ്റോബറിലാണ് ഫിറ്റ്നസ് ചാംപ്യന്‍ ഷിപ്പിന്‍റെ ദേശീയതല മത്സരം. അതിനു വേണ്ടിയുള്ള കടുത്ത പ്രയത്നത്തിലാണിപ്പോള്‍ ജിനി. കാക്കനാടാണ് താമസമെങ്കിലും ഇടയ്ക്കിടെ കുട്ടിക്കാനത്തു  പോകും അമ്മയെക്കാണാന്‍. എറണാകുളത്ത് നിന്ന് ഇനി കുട്ടിക്കാനത്തേക്ക് ജീവിതം പറിച്ചു നടുന്നത് എളുപ്പമായിരിക്കില്ല. അതു കൊണ്ട് ഇടക്കൊക്കെ പോയി വരും. ഇടക്ക് അമ്മ എറണാകുളത്തോട്ട് വരും. അങ്ങനെ ആ കുട്ടിക്കാനംകാരിയുടെ ജീവിതം വിജയങ്ങളിലൂടെ മുന്നോട്ട്…

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം