‘ഇങ്ങക്ക് പിരാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തലകുലുക്കി സമ്മതിച്ചേക്കണം’: പി എഫിലെ സമ്പാദ്യം മുഴുവനെടുത്ത് സൗജന്യ ലൈബ്രറി നിര്‍മ്മിച്ച അധ്യാപകന്‍

ഗിരീഷ് മാഷ് പക്ഷേ പറയുന്നതിങ്ങനെയാണ്: ഒരുപാടു വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. ചില തോന്നലുകൾ ശക്തമാവുമ്പോൾ പിന്നെ ഒന്നും ആലോചിക്കാറില്ല എന്നുമാത്രം.

Promotion

 

നിലമ്പൂരിനടുത്ത് കാളികാവ് എന്ന കൊച്ചുനാട്ടിലെ ഒരധ്യാപകനാണ് ഗിരീഷ്. അധ്യാപനത്തോടൊപ്പം വായനയും എഴുത്തും ഫോട്ടോഗ്രഫിയും യാത്രകളുമൊക്കെ ഹരമായി കൊണ്ടുനടക്കുന്ന മനുഷ്യന്‍. ചെറുപ്പത്തിലേയുള്ള യാത്രാഭ്രമം അച്ഛന്‍റെ കണ്ണുരുട്ടല്‍ കണ്ട് ഉള്ളിലൊതുക്കി  വെക്കേണ്ടി വന്നു. ജോലിയൊക്കെ കിട്ടി സ്വതന്ത്രനായപ്പോള്‍ ആ വിഷമമങ്ങ് തീര്‍ത്തു.

“നേരെ പോയാൽ പത്തു മിനിട്ടുകൊണ്ടെത്തുമെന്നുറപ്പുണ്ടെങ്കിലും
ഏതെങ്കിലും ഇടവഴിയിലേക്ക്
ബൈക്ക് തിരിക്കണം.

ആരോടും വഴി ചോദിക്കാതെ ഒഴുകി നടക്കണം…”
ഗിരീഷ് മാഷ് ഈയിടെ ഫേസ്ബുക്കില്‍ എഴുതി.

Girish Marengalath: An travel enthusiast and photographer, he entered Limca Book of World Records for mobile photography
ഗിരീഷ് മാരേങ്ങലത്ത്

ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
”ഇങ്ങക്ക് പിരാന്താണ്… എന്നാരെങ്കിലും പറഞ്ഞാൽ തല കുലുക്കി സമ്മതിച്ചേക്കണം.”


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


കുട്ടികള്‍ക്ക് പ്രിയങ്കരനായ ഗിരീഷ് മാരേങ്ങലത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച അധ്യാപകനുള്ള 2018ലെ പുരസ്‌കാരം നേടി. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലും ഈ മലയാളം മാഷ് ഇടം പിടിച്ചിട്ടുണ്ട്.


ഒരു നോക്കിയ ഫോണില്‍ ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം


മൊബൈലില്‍ ഫോട്ടോ എടുത്താണ് മാഷ് മൂന്ന് വര്‍ഷം മുമ്പ് റെക്കോഡ് ബുക്കില്‍ കയറിയത്. ഒരു നോക്കിയ ഫോണില്‍ ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം. ആ കഥ പിന്നാലെ…

 Mobile phone photo of Pisa Leaning Tower, Italy. Photo credit: Gireesh Marangelath
ഇറ്റലിയിലെ പിസാ ഗോപുരം. ഗിരീഷ് മാരേങ്ങലത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം.

ഗിരീഷ് മാഷ് ഇപ്പോള്‍ പഠിപ്പിക്കുന്നത് ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള മലപ്പുറം കാളികാവ് ബസാര്‍ ഗവ. മോഡല്‍ യുപി സ്‌കൂളിലാണ്. ഒരുകാലത്ത് നാടിന്‍റെ പെരുമയും ഈ വിദ്യാലയമായിരുന്നു. പക്ഷേ ഇടക്കാലത്ത് സ്വകാര്യ സ്‌കൂളുകളുടെ മികവില്‍ ഈ പള്ളിക്കൂടത്തിനും നിറംമങ്ങി. 2004 ല്‍ സ്‌കൂളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് മൂന്നൂറിനോടടുത്ത് എത്തി.


ഇതുകൂടി വായിക്കൂ: നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ


“നേരത്തെ ഇവിടെ ഞാന്‍ പഠിപ്പിച്ചിരുന്നു, ഇടയ്ക്ക് ട്രാന്‍സ്ഫറായി വേറെ ചില സ്‌കൂളിലേക്ക് പോയി..,” ഗിരീഷ് മാഷ് പറയുന്നു. “ഇപ്പോള്‍ വീണ്ടും കാളികാവ് സ്‌കൂളിലെത്തി. കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെയാണ് പഠിപ്പിക്കുന്നത്. ഇന്നിപ്പോള്‍ ഇവിടെ 1,200ലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്.”

Girish Marengalath: An travel enthusiast and photographer, he entered Limca Book of World Records for mobile photography
ഗിരീഷ് മാരേങ്ങലത്ത്

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കിലെത്തിയിരുന്നു കാളികാവ് സ്‌കൂള്‍ എന്ന് മാ്ഷ്. “സ്‌കൂള്‍ അധ്യാപകരുടെയും നാട്ടുകാരുടെയുമെല്ലാം ശ്രമഫലമായി ഒന്നാമതെത്തിക്കാന്‍ സാധിച്ചു.” അധ്യാപകന്‍ പറയുന്നു.

സ്‌കൂളിനൊരു നല്ല ലൈബ്രറി കെട്ടിടം വേണമല്ലോ എന്ന ചിന്ത വന്നപ്പോള്‍ മാഷ് സ്വന്തമായി അത് നിര്‍മ്മിച്ചുകൊടുക്കാന്‍ ആലോചിച്ചു. സമ്പാദ്യമൊന്നും കാര്യമായി ഇല്ലാത്തതിനാല്‍ പ്രോവിഡന്‍റ് ഫണ്ടില്‍ (പി എഫ്) കൈവെക്കുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. പക്ഷേ, ചെലവ് അവിടംകൊണ്ടും നിന്നില്ല. “പി എഫ് ഉപയോഗിച്ച് സ്‌കൂളിലൊരു ലൈബ്രറി നിര്‍മിക്കണമെന്നത് എന്‍റെ ആഗ്രഹങ്ങളിലൊന്നായിരുന്നില്ല..,” മാഷ് തുറന്നുപറഞ്ഞു.


ഒരുപാടു വലിയ കാര്യമാണോ എന്നൊന്നും അറിയില്ല.
ചില തോന്നലുകൾ ശക്തമാവുമ്പോൾ പിന്നെ ഒന്നും ആലോചിക്കാറില്ല എന്നുമാത്രം.


“അവിചാരിതമായാണ് ഇങ്ങനെയൊരു തോന്നല്‍ മനസിലേക്കെത്തുന്നത് തന്നെ. കുറച്ചുകാലം മുന്‍പ് മറ്റൊരു സ്‌കൂളിലെ ഗ്രന്ഥശാല കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ആ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവാണ് ലൈബ്രറി നിര്‍മിക്കാനുള്ള സാമ്പത്തികം നല്‍കിയിരുന്നത്. അദ്ദേഹത്തിന്‍റെ വാപ്പയുടെ ഓര്‍മയ്ക്കായാണ് ലൈബ്രറി നിര്‍മിച്ചതത്രേ. ആ മകന്‍ തന്‍റെ പിതാവിന്‍റെ പേരും ആ ലൈബ്രറിക്ക് നല്‍കുകയും ചെയ്തു.

ഗിരീഷ് മാഷ് സ്കൂളിന് നിര്‍മ്മിച്ചുനല്‍കിയ ലൈബ്രറി കെട്ടിടം

“ഇതുകണ്ടപ്പോഴാണ് എന്‍റെ മനസില്‍ സ്‌കൂളിലൊരു ഗ്രന്ഥാലയം എന്ന ആശയം തന്നെ വരുന്നത്. എന്‍റെ അച്ഛന്‍റെ പേരില്‍ ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിലൊരു ലൈബ്രറി ഉണ്ടാക്കാനായാല്‍ അതില്‍പ്പരം വലിയ സന്തോഷമുണ്ടോ..


അകത്തും വരാന്തയിലിരുന്നും വായിക്കാനുള്ള സൗകര്യമുണ്ട്. കുറച്ചധികം പുസ്തകശേഖരവുമൊരുക്കിയിട്ടുണ്ട്.


“അങ്ങനെയാണ് ലൈബ്രറി നിര്‍മിക്കാനുള്ള ഫണ്ട് ഞാന്‍ സ്വയം കണ്ടെത്തിയത്… എന്നെ സംബന്ധിച്ച് ഇത്രയും വലിയ തുക ഒരുമിച്ച കണ്ടെത്താന്‍ പിഎഫ് അല്ലാതെ വേറെ വഴികളൊന്നുമില്ലായിരുന്നു. പക്ഷേ ആ തുക തികയാതെ വന്നു. പിന്നെ എന്‍റെ കൈവശമുള്ളതൊക്കെ കൂട്ടിച്ചേര്‍ത്തു ഗ്രന്ഥാലയം നിര്‍മിച്ചു. ആറു ലക്ഷം രൂപയോളം ചെലവ് വന്നു. മാരേങ്ങലത്ത് വേലു സ്മാരക ഗ്രന്ഥാലയം എന്നാണ് പേരിട്ടിരിക്കുന്നത്. അധികം വൈകാതെ പൂര്‍ണമായും ലൈബ്രറി പ്രവര്‍ത്തനസജ്ജമാകും.” ഗിരീഷ് പറയുന്നു.


ഇതുകൂടി വായിക്കാം:  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


“സ്‌കൂള്‍ മുറ്റത്ത് തന്നെയുള്ളമാരേങ്ങലത്ത് വേലു സ്മാരക ഗ്രന്ഥാലയം ചെറുതാണ്. 600 സ്‌ക്വയര്‍ ഫീറ്റിലുള്ള സമചതുരാകൃതിയിലുള്ള ഒറ്റ മുറിയാണുള്ളത്. ഇതിനു ചുറ്റുമായി മൂന്നു വശത്തും വരാന്തയും നിര്‍മിച്ചിട്ടുണ്ട്. അകത്തും വരാന്തയിലിരുന്നും വായിക്കാനുള്ള സൗകര്യമുണ്ട്. കുറച്ചധികം പുസ്തകശേഖരവുമൊരുക്കിയിട്ടുണ്ട്. ഇതിനു വേണ്ടി നാലു അലമാരകളും വാങ്ങിയിരുന്നു, മാഷ് പറയുന്നു.

Gireesh Marengalath
കൂര്‍ഗ് വഴി ഗോവയിലക്ക്….ഗിരീഷ് മാരേങ്ങലത്ത്

“ഓടിട്ടതാണ് കെട്ടിടം. പഴമ തോന്നിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ലൈബ്രറി ഉപയോഗിക്കാം,”

ഇത് പറയുമ്പോള്‍ ആ അധ്യാപകന്‍റെ മനസ്സില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സ്‌കൂളിന് വേണ്ടി മാത്രമായി ഒതുക്കാനല്ല, വായന ഒരു ശീലമാക്കാനും പല കാരണങ്ങള്‍ കൊണ്ട് പുസ്തകവായന ഉപേക്ഷിച്ചവരെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനുമാണ് ശ്രമം.


അമ്മമാരോടൊത്തിരുന്ന് പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അത് കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് സ്‌കൂളിലെ അധ്യാപകര്‍ കണക്കുകൂട്ടുന്നു.

Promotion

“കുട്ടികളുടെ അമ്മമാരെയും വായനാപ്പുരയിലേക്ക് ലക്ഷ്യമിടുന്നുണ്ട്. മൊബൈല്‍ ഫോണുകളില്‍ മാത്രമാകാതെ പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന വീട്ടമ്മമാരെ ഉണ്ടാക്കിയെടുക്കണം. കുട്ടികളുടെയും അമ്മമാരുടെയും വായനാസംസ്‌കാരം വിപലുമാക്കാനാകുമെന്നു തന്നെയാണ് കരുതുന്നത്,” ഗിരീഷ് മാഷ് പറഞ്ഞു. അമ്മമാരോടൊത്തിരുന്ന് പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അത് കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് സ്‌കൂളിലെ അധ്യാപകര്‍ കണക്കുകൂട്ടുന്നു.

Girish Marengalath: An travel enthusiast and photographer, he entered Limca Book of World Records for mobile photography
ഗിരീഷ് മാരേങ്ങലത്ത്

“കുട്ടികള്‍ക്കിടയില്‍ പുസ്തകങ്ങളോടും വായനയോടുമുള്ള സ്‌നേഹമൊക്കെ കുറഞ്ഞുവരുന്നതായി തോന്നിയിട്ടുണ്ട്. വായനാശീലവും കുറവാണ്. അങ്ങനെയൊരു കള്‍ച്ചര്‍ കുട്ടികളിലുണ്ടാക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം,” അദ്ദേഹം പറയുന്നു.


കുട്ടിക്കാലം തൊട്ടേ വായനയോട് ഇഷ്ടമുണ്ട്. വായിക്കാന്‍ മാത്രമല്ല എഴുതാനും


“ഒരിക്കല്‍ ഈ ലൈബ്രറിയുടെ വരാന്തയിലിരുന്നു പുസ്തകം വായിച്ചു കൊണ്ടിരുന്ന എന്നോട് ഒരു കുട്ടി വന്നു ചോദിച്ചു, ‘മാഷ് എന്താ എടുക്കണേ..’ എന്ന്. അതുകേട്ടു അമ്പരന്നുവെങ്കിലും കുട്ടികളിലേക്ക് വായനയുടെ സംസ്‌കാരം തിരികെ കൊണ്ടുവരാനാകുമെന്നു തന്നെയാണ് വിശ്വാസം,” അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റം സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാനാവും എന്നാണ് അധ്യാപകര്‍ കണക്കുകൂട്ടുന്നത്.

രാജസ്ഥാനില്‍… ഗിരീഷ് മാരേങ്ങലത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം.

ആറു വര്‍ഷമായി കേരളത്തിലെ പുതുമുഖ എഴുത്തുകാര്‍ക്കും സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി കാളികാവ് സാഹിതി സംഘടിപ്പിക്കുന്ന സാഹിത്യക്യാംപിലെ സംഘാടകരിലൊരാളാണ് ഈ അധ്യാപകന്‍.


ഇതുകൂടി വായിക്കാം:  4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍


“കുട്ടിക്കാലം തൊട്ടേ വായനയോട് ഇഷ്ടമുണ്ട്. വായിക്കാന്‍ മാത്രമല്ല എഴുതാനും. രണ്ടു കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ‘രണ്ടുപേര്‍ക്കും ലീവില്ല’ ഇതായിരുന്നു എന്‍റെ ആദ്യത്തേത്. ‘ഹോ’ രണ്ടാമത്തെ കവിതാസമാഹാരവും.”

ഒരു യാത്രാവിവരണത്തിന്‍റെ എഴുത്തുജോലികളിലാണിപ്പോള്‍ ഗിരീഷ് മാഷ്.

Mobile photo exhibition Gireesh Marengalath
ഗിരീഷ് മാരേങ്ങലത്ത്

“യാത്രകള്‍ കുട്ടിക്കാലം തൊട്ടേ ഇഷ്ടമായിരുന്നു. പക്ഷേ അച്ഛന്‍റെ നിയന്ത്രണങ്ങള്‍ കാരണം കുട്ടിക്കാലത്ത് എനിക്ക് ദൂരയാത്രകളൊന്നും പോകാനായിട്ടില്ല. ഇപ്പോള്‍ യാത്രകള്‍ പോകുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കുകയും ചെയ്യും. യാത്രാവിവരണങ്ങളെഴുതാനും ഇഷ്ടമുണ്ട്.”


ഒരു രസത്തിന് എന്‍റെ മൊബൈല്‍ ഫോണില്‍ ഫോട്ടൊ എടുത്തു തുടങ്ങിയതാണ്. ഇപ്പോള്‍ ഇതെനിക്ക് ഹരമായിക്കഴിഞ്ഞു


യാത്രകള്‍ക്ക് പിന്നില്‍ ചില ലക്ഷ്യങ്ങളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “പാലിയേറ്റീവ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളത്തിലുടനീളം സഞ്ചരിച്ച ബൈക്ക് യാത്ര അങ്ങനെയൊന്നായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആശുപത്രികളിലും പാലിയേറ്റീവ് സെന്‍ററുകളിലും കയറിയിറങ്ങി പലരെയും കണ്ടും സംസാരിച്ചുമാണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്.”

“ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍റ്, ഇറ്റലി, മലേഷ്യ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. ഒരു അമേരിക്കന്‍ ട്രിപ്പ് റെഡിയായിരിക്കുന്നുണ്ട്.. പക്ഷേ പോകാനാകുമോയെന്നറിയില്ല.. ഇന്ത്യയിലും കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇനിയും പോകാനേറെയുണ്ട്. ഹംപി, കൊണാര്‍ക്, ഖജുരാവോ… ഇവിടെയൊക്കെ പോകാനാഗ്രഹമുള്ള ഇടങ്ങളാണ്. സോളോ ട്രിപ്പുകളും നടത്തിയിട്ടുണ്ട്.”

Swiss village. Mobile photo by Gireesh Marengaleth
സ്വിറ്റ്സര്‍ലാന്‍റില്‍…ഗിരീഷ് മങ്ങേലത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം.

യാത്രകള്‍ ഫോട്ടാഗ്രഫി ഭ്രാന്തന്മാര്‍ക്ക് ചാകരയാണല്ലോ. ഗിരീഷ് മാഷിനും യാത്രകളെന്നാല്‍ ‘വേലേം കാണാം താളീം ഒടിക്കാം’ എന്ന് പറഞ്ഞ പോലെയാണ്. “ഒരു രസത്തിന് എന്‍റെ മൊബൈല്‍ ഫോണില്‍ ഫോട്ടൊ എടുത്തു തുടങ്ങിയതാണ്. ഇപ്പോള്‍ ഇതെനിക്ക് ഹരമായിക്കഴിഞ്ഞു.”


ക്ലാസെടുക്കുമ്പോള്‍ ഞാന്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചും യാത്രാ അനുഭവങ്ങളുമൊക്കെ പറയാറുണ്ട്.


“യാദൃശ്ചികമായി ഞാന്‍ ഫോണിലെടുത്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഒരു ജെസിബി തെങ്ങ് മറിച്ചിട്ടിരിക്കുന്നതായിരുന്നു ആദ്യചിത്രം. നോക്കിയ 6630 എന്ന ഫോണിലാണ് ആ ചിത്രമെടുക്കുന്നത്,” അദ്ദേഹം ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കൂ: 1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍


ആ ഫോട്ടോ ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കിയില്ല.
“അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ വീണ്ടും മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനാരംഭിച്ചു. ഈ ഫോട്ടൊകള്‍ ഉപയോഗിച്ച് നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. സ്‌കൂളിലും കോളെജുകളിലുമൊക്കെയാണ് പ്രദര്‍ശനങ്ങള്‍ നടത്തിയത്. കേരളത്തിന് പുറത്ത് ആഗ്രയിലും ചെന്നൈയിലും എക്‌സ്ബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.”

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഗിരീഷ് മാരേങ്ങളലത്ത് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

ഏതാണ്ട് 130 ലേറെ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോട്ടൊകളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട് എന്ന് മാഷ് പറഞ്ഞു.
“ഈ യാത്രകളും എന്‍റെ വായനകളും കുട്ടികളെ പഠിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താറുണ്ട്. ക്ലാസെടുക്കുമ്പോള്‍ ഞാന്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചും യാത്രാ അനുഭവങ്ങളുമൊക്കെ പറയാറുണ്ട്. ഇതൊക്കെ കുട്ടികള്‍ ആസ്വദിക്കാറുമുണ്ട്.”


ഇതുകൂടി വായിക്കാം: തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി


മൊബൈല്‍ ഫോണില്‍ ഫോട്ടൊയെടുക്കുന്നവര്‍ കുറേയുണ്ട്. എന്നാല്‍ ഇങ്ങനെ ചിത്രങ്ങളെടുത്ത് ലോക റെക്കോഡില്‍ ഇടം പിടിച്ചവര്‍ ഏറെയുണ്ടാകില്ല. മൊബൈല്‍ ഫോട്ടൊഗ്രഫിയില്‍ 2016ലെ ലിംക ബുക് ഒഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സ്, 2017ല്‍ യുആര്‍ എഫ് പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും. മികച്ച അധ്യാപകനുള്ള കേരള പാരന്‍റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍റെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അധ്യാപികയായ ജിതയാണ് ഭാര്യ. അമ്മ സരോജിനിയ്ക്കും ജിതയ്ക്കുമൊപ്പം കാളികാവിലാണ് താമസം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

English Summary: Kerala government school teacher donates his provident fund savings to build library for students and promote reading habits among parents.

 

Promotion

Leave a Reply

Your email address will not be published. Required fields are marked *

കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍

കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍