ഇത് ലോകാവസാനമൊന്നുമല്ലല്ലോ: 10-ാം ക്ലാസ്സിലെ മാര്‍ക്ക് പങ്കുവെച്ച് ഐ എ എസുകാരന്‍റെ വൈറല്‍ കുറിപ്പ്

ഇനിയും മാര്‍ക്ക് ലിസ്റ്റും നോക്കി വിഷമിച്ചിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും… ഹൃദയത്തില്‍ തൊടുന്ന മൂന്ന് കുറിപ്പുകള്‍.

 ത്താം ക്ലാസ്, പ്ലസ് ടു റിസല്‍ട്ടുകള്‍ വന്നതിന്‍റെ ബഹളം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘തിളക്കമാര്‍ന്ന വിജയങ്ങള്‍’ക്കിടയില്‍ മാര്‍ക്കുകുറഞ്ഞുപോയവരെയും പരാജയപ്പെട്ടവരെയും മറക്കാതിരിക്കാനുള്ള വിവേകം സമൂഹത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

പരീക്ഷകളിലെ പരാജയം ഒന്നിന്‍റെയും അവസാനമല്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നിരവധി പേരാണ് ഈ ബോര്‍ഡ് എക്‌സാം ഫലങ്ങള്‍ വന്നതിന് ശേഷം സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.


രണ്ട് തവണ ശ്രമിച്ചിട്ടും ബോര്‍ഡ് എക്‌സാം കടമ്പ കടക്കാനാവാത്തതായിരുന്നു അപകടകരമായ നിരാശയിലേക്ക് ആ കുട്ടിയെ തള്ളിവിട്ടത്.


എങ്കിലും ചിലര്‍ക്കെങ്കിലും പരാജയത്തിന്‍റെ ആഘാതം താങ്ങാന്‍ കഴിഞ്ഞില്ല. ചത്തീസ്ഗഡിലെ രാജ്ഗഡില്‍ നിന്ന് ദുഖകരമായ വാര്‍ത്ത പുറത്തുവന്നത് പരീക്ഷാഫലങ്ങള്‍ വന്ന് അധികം കഴിയുംമുമ്പാണ്. പതിനെട്ടുകാരനായ ഒരു വിദ്യാര്‍ത്ഥി സ്വന്തം ജീവനെടുത്തു. രണ്ട് തവണ ശ്രമിച്ചിട്ടും ബോര്‍ഡ് എക്‌സാം കടമ്പ കടക്കാനാവാത്തതായിരുന്നു അപകടകരമായ നിരാശയിലേക്ക് ആ കുട്ടിയെ തള്ളിവിട്ടത്.

ആ മരണവാര്‍ത്ത മറ്റുപലരെയുമെന്ന പോലെ അവനീഷ് കുമാര്‍ ശരണ്‍ എന്ന ഐ എ എസ് ഓഫീസറേയും വല്ലാതെ വിഷമിപ്പിച്ചു. “പരീക്ഷാഫലങ്ങള്‍ അത്രയ്ക്ക് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്ന് വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന് അധികം കഴിയുന്നതിന് മുമ്പേ അവനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവനീഷ് കുമാര്‍ ശരണ്‍. ഫോട്ടോ: ഫേസ്ബുക്ക്

“(മാര്‍ക്ക് കുറഞ്ഞുപോയി എന്നതുകൊണ്ട്) നിരാശപ്പെടേണ്ടതില്ല.  അത് അക്കങ്ങളുടെ വെറുമൊരു കളി മാത്രമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ നിങ്ങള്‍ക്കിനിയും ധാരാളം അവസരങ്ങളുണ്ട്..,” കബീര്‍ധാം ജില്ലാ കളക്ടര്‍ ആയ ആ 2009 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ എഴുതി.


ആ ഫലങ്ങളൊന്നും തന്നെ തളര്‍ത്തിയില്ലെന്ന് സൂചിപ്പിക്കുകയാണ് ആ ഐ എ എസ് ഉദ്യോഗസ്ഥന്‍.


ആ ഉപദേശത്തിന് പുറമെ തന്‍റെ പത്താംക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലെയും ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.
പത്താംക്ലാസില്‍ അദ്ദേഹത്തിന് ലഭിച്ചത് 44.5 ശതമാനം മാര്‍ക്ക്. പ്ലസ് ടു വിന് 65 ശതമാനം. ഗ്രാജ്വേഷന് അത് 60.7 ആയി കുറഞ്ഞു. ശരാശരിയെന്നൊ അതില്‍ കുറവെന്നോ ഒക്കെ പറയാവുന്ന ആ ഫലങ്ങളൊന്നും തന്നെ തളര്‍ത്തിയില്ലെന്ന് സൂചിപ്പിക്കുകയാണ് ആ ഐ എ എസ് ഉദ്യോഗസ്ഥന്‍.

ബോര്‍ഡ് പരീക്ഷകളിലെ ‘ഫലം’ ഒന്നും വകവെയ്ക്കാതെ മുന്നോട്ടുപോയ അവനീഷ് കുമാറിന് അതികഠിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യു പി എസ് ഇ പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞു.

അവനീഷ് കുമാര്‍ പങ്കുവെച്ച മാര്‍ക്ക് ലിസ്റ്റ്. ഇതില്‍ പത്താം ക്ലാസ് മുതല്‍ ഗ്രാജ്വേഷന്‍ വരെയുള്ള മാര്‍ക്ക് ഉണ്ട്

“ഇന്ന് ധാരാളം സാധ്യതകള്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നാല്‍ അവസരങ്ങള്‍ അവരെത്തേടി വന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ ഭാവി തീരുമാനിക്കാന്‍ എന്തിന് സ്‌കൂള്‍ മാര്‍ക്കിനെ അനുവദിക്കണം… പരീക്ഷയിലെ മാര്‍ക്ക് ലോകാവസാനമൊന്നുമല്ലല്ലോ..,” അദ്ദേഹം ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അച്ഛനെയോര്‍ത്ത്  രാജമാണിക്കം

മാര്‍ക്കുകുറഞ്ഞുപോയി എന്നതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഐ എ എസ് ഉദ്യോഗസ്ഥനായ എം ജി രാജമാണിക്കം എഴുതിയ കുറിപ്പും ഹൃദയസ്പര്‍ശിയായിരുന്നു. മാതാപിതാക്കളോടായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന.


ഇതുകൂടി വായിക്കാം: പരീക്ഷാ ഹാളില്‍ തലചുറ്റി വീണു; ജീവിതം വഴിമാറിയത് അന്നാണ്


“മക്കള്‍ക്ക് മാര്‍ക്ക് കുറഞ്ഞുപോയി എന്ന് ചിന്തിക്കുന്ന മാതാപിതാക്കളോട്,”മൂന്നു കാര്യങ്ങളാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.
1. നിങ്ങളുടെ മക്കളെ അടുത്തവീട്ടിലെ കുട്ടികളുമായി താരതമ്യം ചെയ്യല്ലേ..
2. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് അവരുടെ ഭാവിയെ രൂപപ്പെടുത്താന്‍ പോകുന്നത്.
3. കുറഞ്ഞ മാര്‍ക്കുനേടി വിഷമിച്ചിരിക്കുന്ന മക്കള്‍ക്ക് ആത്മവിശ്വാസം പകരുക. അവരുടെ പരിശ്രമത്തെ അഭിനന്ദിക്കുക.

എം ജി രാജമാണിക്കം. ഫോട്ടോ: ഫേസ്ബുക്ക്

“എന്‍റെ എസ് എസ് എല്‍ സി മാര്‍ക്ക് വന്നപ്പോള്‍ എന്‍റെ അച്ഛന്‍ അതാണ് ചെയ്തത്. ഞാനിപ്പോള്‍ എന്താണോ, അതാക്കിയത് അന്ന് അദ്ദേഹം പറഞ്ഞ ആ വാക്കുകളാണ്,” രാജമാണിക്കം എഴുതി.

60 % നേടിയ കുട്ടിയുടെ ‘സൂപ്പര്‍ പ്രൗഡ്’ അമ്മ

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 60ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയുടെ അഭിമാനിയായ അമ്മ എന്ന ഒരു കുറിപ്പും ഇതിനിടയില്‍ വൈറല്‍ ആയിരുന്നു. ഡല്‍ഹി സ്വദേശിയായ വന്ദന സൂഫിയ കാറ്റോച്ചിന്‍റേതായിരുന്നു ആ പോസ്റ്റ്.

“തെറ്റിദ്ധരിക്കേണ്ട, 60 തന്നെ, 90 അല്ല,” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആ കുറിപ്പ് തുടങ്ങിയത്. മകന്‍ ആമെര്‍ അറുപത് ശതമാനം നേടാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് തനിക്കറിയാമെന്ന് വന്ദന കുറിക്കുന്നു. ആ കഠിന പരിശ്രമത്തിലാണ് ആ അമ്മയുടെ അഭിമാനം. “അവന്‍ ചില വിഷയങ്ങള്‍ എന്തുമാത്രം കഷ്ടപ്പെട്ടാണ് പഠിച്ചതെന്ന് എനിക്കറിയാം; ആ ശ്രമത്തിനിടയില്‍ ചിലപ്പോള്‍ അവന്‍ ഹതാശനാവുന്നതും ഞാന്‍ കണ്ടിട്ടുണ്ട്,” ആ അമ്മ എഴുതി.
വന്ദന കാറ്റോച്ചും അവര്‍ മകനെക്കുറിച്ചെഴുതിയ കുറിപ്പും

“പഠിക്കാന്‍ അവന്‍ ശരിക്കും പാടുപെടുന്നുണ്ടായിരുന്നു,” വന്ദന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “എട്ടാംക്ലാസ് മുതല്‍ തുടങ്ങിയതാണ് അവന്‍റെ കഷ്ടപ്പാട്. എന്‍റെ കുട്ടി കടന്നുപോയ മാനസിക സംഘര്‍ഷം എത്രത്തോളമായിരുന്നു എന്ന് എനിക്കറിയാം.(അവന്‍റെ ക്ലാസ്സിലെ മറ്റെല്ലാവരും 80 ഉം 90 ശതമാനം സ്‌കോര്‍ ചെയ്യുന്നവരാണ്.) ഈ ജനുവരിയില്‍ അവന്‍ ഏതാണ്ട് ബ്രേയ്ക്കിങ്ങ് പോയിന്‍റിലെത്തിയെന്ന് ഞാന്‍ ഭയപ്പെട്ടു.

“എങ്കിലും അവന്‍ അതെല്ലാം മറികടന്നു. പരീക്ഷകള്‍ക്കായി 100 ശതമാനം നല്‍കി. റിസല്‍ട്ട് വന്നപ്പോള്‍ എനിക്ക് വലിയ ആശ്വാസമായിരുന്നു, കാരണം അവന്‍ കടന്നുകൂടിയല്ലോ. ഇനിയവന്‍ 11-ാംക്ലാസ്സിലേക്ക്…അവിടെ അവന് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാം…”


ഇതുകൂടി വായിക്കാം: വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്


‘ആമെറിനും അവനെപ്പോലെ മരംകയറാന്‍ നിര്‍ബന്ധിക്കപ്പെടുന്ന എല്ലാ മത്സ്യങ്ങള്‍ക്കും’ വിശാലമായ സമുദ്രത്തില്‍ സ്വന്തം ജലപാതയിലൂടെ സഞ്ചരിക്കാനുള്ള ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

അതുകൊണ്ട്, ഇനിയും മാര്‍ക്ക് ലിസ്റ്റും നോക്കി വിഷമിച്ചിരിക്കുന്നവരുണ്ടെങ്കില്‍ ഓര്‍ക്കുക, ഇത് ലോകാവസാനമൊന്നുമല്ല.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം