ഒരു ലിറ്റര്‍ കുടിവെള്ളം ഉണ്ടാക്കാന്‍ വെറും ആറ് പൈസ. അതും അന്തരീക്ഷവായുവില്‍ നിന്ന്. ഒരു ദിവസം 15 മുതല്‍ 35 ലിറ്റര്‍ വരെ വെള്ളം ഉല്‍പാദിപ്പിക്കാം.
കേള്‍ക്കുമ്പോള്‍ അവിശ്വാസം തോന്നുന്ന കണക്കുകള്‍. ഇത് ആദിത്യ ചന്ദ്ര പ്രശാന്ത് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അവതരിപ്പിച്ച വര്‍ക്കിങ്ങ് മോഡല്‍ ആണ്. വെറും രണ്ടായിരം രൂപയ്ക്ക് ഈ സംവിധാനം സ്ഥാപിക്കാം എന്നാണ് ആദിത്യ പറയുന്നത്.
വായുവിലെ ജലാംശം ശേഖരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ഭാരിച്ച ചെലവുവരുന്നതാണെല്ലാം.
അവിടെയാണ് വിദ്യാര്‍ത്ഥി മുന്നോട്ടുവെയ്ക്കുന്ന മാതൃക വ്യത്യസ്തമാകുന്നത്.
സൗരോര്‍ജ്ജം കൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അതിനും ചെലവില്ല. ഇന്‍റലി ബാവോബാബ് എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്.
ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്
ആഫ്രിക്കയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന കൂറ്റന്‍ ബാവോബാബ് മരങ്ങളെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഈ പേര് നല്‍കിയിരിക്കുന്നതെന്ന് ആദ്യിത്യ. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം തടിയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വൃക്ഷങ്ങളാണിവ.
ഇന്‍റലി ബാവോബാബ് എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്.
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് അനുസരിച്ച് ഒരു ദിവസം 15 മുതല്‍ 35 ലിറ്റര്‍ വരെ കുടിവെള്ളം ഉല്‍പാദിപ്പിക്കാനാവുന്ന മോഡലാണ് കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ആദിത്യ പ്രദര്‍ശിപ്പിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുകൂടി വായിക്കാം: പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി
ഇത്തരത്തില്‍ ഒരു ലിറ്റര്‍ വെള്ളം ഉല്‍പാദിപ്പിക്കാന്‍ ശരാശരി ആറ് പൈസ മാത്രമേ ചെലവാകൂ എന്ന് ആദിത്യ പറയുന്നു.
ഹരിപ്പാടിന്‍റെ ഈ കുട്ടിശാസ്ത്രജ്ഞന്‍ ആദ്യമായല്ല തന്റെ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. നേരത്തെ വിറകടുപ്പില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പാവുന്ന മോഡല്‍ ഉണ്ടാക്കിയ ആദിത്യ ദേശീയ ശ്രദ്ധ നേടിയിരുന്നു.
പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദിത്യ ഈ വിറകടുപ്പ് നിര്‍മ്മിച്ചത്.
ഇക്കോകുക്ക് പവര്‍പ്ലസ് എന്ന ആദിത്യയുടെ വിറകടുപ്പിന്‍റെ കണ്ടുപിടുത്തത്തിലൂടെ യു എന്‍ ഫൗണ്ടേഷന്‍റെ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്ലീന്‍ കുക്ക് സ്റ്റൗ പ്രോഗ്രാമില്‍ പങ്കുചേര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത ആദ്യത്തെ ആളായി ആദിത്യ.
ഈ കണ്ടുപിടുത്തത്തിലൂടെ നാസ സന്ദര്‍ശിക്കാനുള്ള വിദ്യാര്‍ത്ഥി സംഘത്തിലും ആദിത്യ ഇടം നേടിയിരുന്നു.
ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി സംഘത്തിനൊപ്പം ജപ്പാനിലും സന്ദര്‍ശനം നടത്തി. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും നൊബേല്‍ ജേതാക്കളടക്കമുള്ള വിദഗ്ധരുമായി സംവദിക്കുകയും ചെയ്തു.
ആദിശങ്കര യങ് സയന്‍റിസ്റ്റ് അവാര്‍ഡ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ആദിത്യയെത്തേടിയെത്തി. ഹരിപ്പാട് ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഹരിപ്പാട് ഗ്രീഷ്മയില്‍ പ്രശാന്ത് കുമാറിന്‍റെയും രാജി പ്രശാന്തിന്‍റെയും മകനാണ്.
ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.