Narayani Photo: Video grab. Courtesy: E Unnikrishnan

പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി

എവിടെയോ കേട്ടുപരിചയമുള്ളതുപോലെ തോന്നുമെങ്കിലും പ്രാചീനമായ ഒരു അപരിചിതത്വം ജനിപ്പിക്കുന്ന നാടന്‍ പാട്ടിന്‍റെ അപൂര്‍വ്വത.

പാട്ടാണോ പറച്ചിലാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത പാട്ടാണ് ഇയ്യത്തുങ്കല്‍ നാരായണിയുടേത്.

ഓരോ വാക്കിന് ശേഷവും ശക്തമായി പുറത്തേക്കുതള്ളുന്ന ശ്വാസത്തിന് തപ്പുകൊട്ടുന്നതിന്‍റെയോ ഉടുക്കില്‍ തട്ടുന്നതിന്‍റേയോ ശബ്ദം.

പല്ലൊഴിഞ്ഞ അമ്മൂമ്മച്ചിരിയ്ക്കൊപ്പം ഒരു പാട്ട്, അല്ലെങ്കില്‍ കഥ പറച്ചില്‍.

ഇയ്യത്തുങ്കല്‍ നാരായണി. ഫോട്ടോ:ഫേസ്ബുക്ക് (video grab) / ഇ ഉണ്ണികൃഷ്ണന്‍

എവിടെയോ കേട്ടുപരിചയമുള്ളതുപോലെ തോന്നുമെങ്കിലും പ്രാചീനമായ ഒരു അപരിചിതത്വം ജനിപ്പിക്കുന്ന നാടന്‍ പാട്ടിന്‍റെ അപൂര്‍വ്വത.

എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇ ഉണ്ണികൃഷ്ണന്‍ ഈയിടെ കൊടക്കാട് വെച്ച് നാരായണിയെ നേരില്‍ കണ്ടു. ആ അനുഭവം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.


ഇതുകൂടി വായിക്കാം: കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും


കാസര്‍ഗോഡ് പീലിക്കോട് പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹം അവരെ കാണുന്നത്.

ഉണ്ണികൃഷ്ണന്‍ വിവരിക്കുന്നു:

“വിശാലമായ കൊടക്കാട് വയലുകളില്‍ നാട്ടിപ്പാട്ടും കളപറിപ്പാട്ടുമായി അധ്വാനിച്ച ചെളിമണമുള്ള കൗമാരത്തിലും യൗവനത്തിലും കേട്ടു പഠിച്ച പാട്ടുകളാണ് ഇവരുടെ (നാരായണിയുടെ) ഈടുറപ്പ്.

“കോരിച്ചൊരിയുന്ന ഇടവപ്പാതിക്കാലത്ത് പല്ലുകള്‍ തയ്യല്‍ മെഷീന്‍ പോലെ കുട്ടിയടിക്കുമ്പോള്‍ ഒറ്റയ്ക്കു നിന്നു കളപറിക്കുന്നവളുടെ ഏകാന്തത തച്ചോളിപ്പാട്ടുകള്‍ കൊണ്ട് തീരില്ല. അങ്ങനെ പാടി നീട്ടാനുള്ള ശ്വാസവും ആ മഴത്തണുപ്പില്‍ കിട്ടില്ല. അവിടെ പാടാന്‍ പറ്റുന്ന ഒരു പാട്ടാണിത്,” അദ്ദേഹം പറയുന്നു.

നാരായണി പാടുന്നതിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

“പാട്ടെന്നതിലുപരി ഒരു ആഖ്യാന രൂപം. കിതപ്പുകളെ താളമാക്കി, ആ താളത്തിനനുസരിച്ച് പാട്ടുകെട്ടി പാടുന്ന ഒരു പാട്ടുകെട്ട്.

“നായാട്ടിറച്ചിപ്പൊതി അമ്മയെ ഏല്പിച്ച് കള്ളുകുടിക്കാന്‍ പോയ ചാപ്പന്‍ തിരിച്ചു വന്ന് അമ്മയെ തല്ലുന്നതാണ് പ്രമേയം. ”പൂ പു’ എന്ന് അകത്തേക്കും പുറത്തേക്കും ശ്വാസമെടുത്ത് നിര്‍മിക്കുന്ന വായ്താരിത്താളത്തിനനുസരിച്ചാണ് പാട്ടു പറയല്‍.


ഇതുകൂടി വായിക്കാം: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്


“വായില്‍ നിന്നുള്ള വായു പ്രവാഹം ഒന്നൊന്നര മീറ്റര്‍ വരെ ന്യൂനമര്‍ദ്ദമേഖലകള്‍ സൃഷ്ടിക്കും ‘പാട്ട് റിക്കാര്‍ഡ് ചെയ്തു കൊണ്ടിരിക്കെ മൊബൈല്‍ ക്യാമറയുടെ ചില്ലില്‍ ഈര്‍പ്പത്തുള്ളികള്‍ തങ്ങി കാഴ്ച മങ്ങിയത് ഒരു ‘മിസ്റ്റിക് ‘അനുഭവമായി. പാട്ടുകെട്ടുക മാത്രമല്ല പാട്ടു തുപ്പുകയുമാകാം എന്ന് ഈ തുപ്പല്‍പ്പാട്ടനുഭവം പഠിപ്പിക്കുന്നു,” ഉണ്ണികൃഷ്ണന്‍ കുറിക്കുന്നു.

(അദ്ദേഹത്തിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.)

സമാനതകള്‍ അധികമില്ലാത്ത ഒരു ആഖ്യാനരൂപമാണ് അവരുടെ പാട്ട്…

ഇയ്യത്തുങ്കല്‍ നാരായണി. ഫോട്ടോ:ഫേസ്ബുക്ക് (video grab) / ഇ ഉണ്ണികൃഷ്ണന്‍

നാരായണിയുടെ പാട്ടിന്‍റെ പ്രത്യേകതകളെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ ടി ബി ഐ യോട് പറഞ്ഞു.  കഥ പറയുന്നതിനിടയില്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതുപോലെയാണ് അതിന്‍റെ രീതി.

വയനാട്ടില്‍ നെല്ലുകുത്തുന്നതിനിടയില്‍ പാടുന്ന പാട്ടുകളുണ്ട്. അധ്വാനത്തിനിടയില്‍, പാട്ടിന്‍റെ സന്ധികളില്‍ ശ്ശ്… ശ്ശ് എന്ന ശബ്ദം താളം കൂടിയാകും. എന്നാല്‍ നാരായണിയുടെ ആഖ്യാനം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്,  അദ്ദേഹം പറഞ്ഞു.

മലയാളം മറന്നുപോയ കഥപറച്ചില്‍ രീതികളെക്കുറിച്ചുകൂടിയാണ് ഈ പാട്ടുകാരി ഓര്‍മ്മിക്കുന്നത്. അതിവേഗം മറഞ്ഞുപോവുന്ന കലാരൂപങ്ങളുടെ  ജീവിക്കുന്ന സൂക്ഷിപ്പുകാരെയാണ് നാരായണിയെപ്പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്നത്.

കൊടക്കാട് കൈരളി ആര്‍ട്സ് ക്ലബിന്‍റെ നാട്ടിപ്പാട്ട് സംഘത്തിലെ അംഗമാണ് നാരായണി.


ഫോട്ടോ: ഫേസ്ബുക്ക്

ഇ ഉണ്ണികൃഷ്ണന്‍. ഏഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍, പാതകള്‍ പുഴയെ മായ്ച്ചത്, കേരളത്തിലെ നാട്ടുവൈദ്യം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതി.

 

 


ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ: malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം: Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം