‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്‍റെ വിജയഫോര്‍മുല

അനിയപ്പന്‍ ഏഴാംക്ലാസ് മുതല്‍ കൃഷി ചെയ്യുന്നു. സി എ വരെ പഠിച്ചതും സ്വയം കൃഷി ചെയ്തുണ്ടാക്കിയ വരുമാനം കൊണ്ടാണ്.

 ക്കൗണ്ടിങ്, ഓഡിറ്റിങ്ങ്, ടാക്സേഷന്‍ വര്‍ക്കുകള്‍… ഇങ്ങനെ ഏതുനേരവും തലപുകയ്ക്കുന്ന കണക്കുകള്‍ കൊണ്ടുള്ള കളികളാണ് ഓരോ സിഎക്കാരന്‍റെയും ജീവിതം. ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും മാത്തമാറ്റിക്സിലാണെന്നു ചാക്കോ മാഷ് പറയുമായിരിക്കും.

പക്ഷേ ഈ സി എക്കാരന്‍ അങ്ങനെ പറയില്ല… പകരം കൃഷിയാണ് എല്ലാമെന്നായിരിക്കും… തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലം തൊട്ടേ കൂടെയുള്ള കൃഷിയുമായി ജീവിക്കുകയാണ് ഈ തുറവൂരുകാരന്‍.

ചേര്‍ത്തല തുറവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ദേവസ്വംതറയില്‍ അനിയപ്പന് (48) സിഎ ജോലിക്കിടയിലെ വെറും നേരംപോക്കല്ല കൃഷി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. ആ വഴിയിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെക്കാലമായി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


പഠന ചെലവിനുള്ള തുക കണ്ടെത്തിയതും ഈ കൃഷിപ്പണിയിലൂടെയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടുകാരനിലേക്കെത്തുന്നതും കൃഷിപ്പണിയിലൂടെയാണ് അഭിമാനത്തോടെ പറയുന്ന അനിയപ്പന്‍ സംയോജിത കൃഷിക്കാര്യങ്ങളൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുകയാണ്.

അനിയപ്പന്‍ തോട്ടിന്‍ കരയിലാണ് പാവലും പയറുമൊക്കെ നടുന്നത്. പ്രളയകാലത്ത് വലിയ നഷ്ടം വന്നു. എന്നാലും അനിയപ്പന്‍ പിന്നോട്ടില്ല.

“സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കര്‍ഷകനാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ തങ്കപ്പനൊപ്പം കൃഷിപ്പണിക്ക് ഇറങ്ങുന്നത്. അച്ഛന്‍ മാത്രമല്ല അമ്മ കമലയും കര്‍ഷകയായിരുന്നു. അവരില്‍ നിന്നാണ് കൃഷിയൊക്കെ പഠിക്കുന്നത്.

“അവരിപ്പോ മരിച്ചിട്ട് രണ്ട് വര്‍ഷമാകുന്നു. 2017-ലായിരുന്നു. മാസങ്ങളുടെ ഇടവേളയിലാണ് രണ്ടാളും പോകുന്നത്. അവരില്ലാതെ വന്നതോടെ കുറച്ചുകാലം കൃഷിയൊന്നും ചെയ്യാനായില്ല. അത്രയേറെ അടുപ്പമായിരുന്നു.


ഏഴാം ക്ലാസ് മുതല്‍ കൃഷി ചെയ്യുന്നുണ്ട്. സ്വയം കൃഷി ചെയ്തു കിട്ടുന്ന വരുമാനത്തിലൂടെയാണ് സിഎ വരെ പഠിച്ചതും


“നാട്ടില്‍ തന്നെയാണ് പഠിച്ചത്. സ്കൂളില്‍ നിന്നു നേരെ പറമ്പിലേക്ക്.. പിന്നെ കൃഷിപ്പണി മാത്രം. പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴും മാറ്റമൊന്നും വന്നില്ല. ചേര്‍ത്തലയിലെ എസ് എന്‍ കോളെജിലാണ് പഠിച്ചത്.

തോട്ടത്തിലുണ്ടായ 12 കിലോ കപ്പയ്ക്കൊപ്പം അനിയപ്പന്‍

അതിരാവിലെയെഴുന്നേറ്റ് കൃഷിയ്ക്കിറങ്ങും. അതുകഴിഞ്ഞാണ് കോളെജിലേക്ക്… പക്ഷേ കോളെജിലേക്ക് കുറച്ച് ദൂരം കൂടുതലായിരുന്നു. അതൊരു ബുദ്ധിമുട്ടായിരുന്നു. ഡിഗ്രിക്ക് ഈ കോളെജില്‍ തന്നെ അഡ്മിഷന്‍ കിട്ടിയെങ്കിലും വേണ്ടെന്നു വെച്ചു, അനിയപ്പന്‍ പറയുന്നു.

യാത്രാദൂരം തന്നെയാണ് വേണ്ടെന്നു വയ്ക്കാന്‍ കാരണം. കോളെജിലേക്കുള്ള പോക്കും വരവിനും മാത്രമായി കുറേ സമയം വേണം. ക്ലാസൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഏഴ് മണിയൊക്കെയാകും. കൃഷിക്ക് സമയമുണ്ടാകില്ല. കൃഷിക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാനാകുന്നില്ല.

അങ്ങനെയാണ് വീടിന് അടുത്തുള്ള പ്രൈവറ്റ് കോളെജില്‍ ബികോമിന് ചേരുന്നത്. അതാകുമ്പോള്‍ രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിക്ക് തീരും. “ഉച്ചയ്ക്കെത്തിയാല്‍ കൃഷിപ്പണിയ്ക്ക് ഇറങ്ങാലോ.. അങ്ങനെയാണ് ഞാനാലോചിച്ചത്,” എന്ന് അനിയപ്പന്‍.


ഇതുകൂടി വായിക്കാം: കൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്‍റെ വിശേഷങ്ങള്‍


“അന്നൊക്കെ പഠിക്കുന്നത് തന്നെ കൃഷിത്തോട്ടത്തിലിരുന്നാണ്. സഹായിക്കാന്‍ വരുന്ന പയ്യനും അതുപോലെ തോട്ടത്തിലിരുന്നാണ് പഠിക്കുന്നത്. വാഴത്തോട്ടത്തിലെ കുളത്തിനരികലോ മരച്ചുവട്ടിലൊക്കെയിരുന്ന് പഠിക്കും. അതിനൊപ്പം കൃഷിപ്പണിയും.

ടി.അനിയപ്പന്‍ കൃഷിത്തോട്ടത്തില്‍

“സി എ പ്രാക്റ്റീസ് ചെയ്യുന്നത് എറണാകുളത്താണ്. രാവിലെ എട്ടിനുള്ള ട്രെയിനിന് പോകും. നാലരയ്ക്കുള്ള ട്രെയിനിന് തിരിച്ച് വരും.. അഞ്ചരയ്ക്ക് മുന്‍പ് വീട്ടിലെത്തും. നേരെ തോട്ടത്തിലേക്ക്. വൈകുന്നേരങ്ങളില്‍ ജോലി കൂടുതലായിരിക്കും.. പഠിക്കാനും നേരമുണ്ടാകില്ല. വെളുപ്പിന് മൂന്നിന് ഉണരും. മൂന്ന് തൊട്ട് അഞ്ച് വരെ പഠിക്കാനിരിക്കും. ആറുമണിയോടെ തോട്ടത്തിലേക്ക്,” അങ്ങനെയായിരുന്നു അക്കാലത്തെ അനിയപ്പന്‍റെ ദിവസങ്ങള്‍.

“സിഎ വരെ പഠിച്ചതും കൃഷിപ്പണിയില്‍ നിന്നു കിട്ടുന്ന വരുമാനത്തിലൂടെയാണ്.” മൂന്നരപതിറ്റാണ്ടിലേറെക്കാലമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് അനിയപ്പന്‍ പറയുന്നു. ” നേരത്തെ പറഞ്ഞില്ലേ ഏഴാം ക്ലാസ് മുതല്‍ കൃഷി ചെയ്യുന്നുണ്ടെന്ന്. സ്വയം കൃഷി ചെയ്തു കിട്ടുന്ന വരുമാനത്തിലൂടെയാണ് സിഎ വരെ പഠിച്ചതും. സി എ പ്രാക്റ്റീസ് ചെയ്യുകയാണിപ്പോള്‍.

എറണാകുളത്തും ചേര്‍ത്തലയിലും അനിയപ്പന് ഓഫിസുണ്ട്. കഴിഞ്ഞ വര്‍ഷം തൊട്ട് മറ്റൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കൂടെ വന്നിട്ടുണ്ട്. “എറണാകുളത്ത് അദ്ദേഹവും ചേര്‍ത്തലയില്‍ ഞാനും. പക്ഷേ ഒട്ടുമിക്ക ദിവസവും എറണാകുളത്ത് പോകാറുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം എന്തായാലും എറണാകുളത്ത് ഓഫിസില്‍ പോകും. ഈ തിരക്കിലും പച്ചക്കറിയും മീനും പശുവും താറാവുമൊക്കെയായി സംയോജിതകൃഷി ചെയ്യുന്നുണ്ട്.”

വീടിന് ചുറ്റുമുള്ള പറമ്പില്‍ തന്നെയാണ് കൃഷിയൊക്കെയും. വീടിന്‍റെ മുന്നിലും പുറകിലുമൊക്കെയായി കുറേ സ്ഥലമുണ്ട്. ആ പറമ്പില്‍ തോടുകളുമുണ്ട്.  ഈ തോട്ടില്‍ മീന്‍ വളര്‍ത്തുന്നു, ഒപ്പം തറാവും. തോടിന്‍റെ വരമ്പിലാണ് അനിയപ്പന്‍ പച്ചക്കറികള്‍ നട്ടിരിക്കുന്നത്.

അനിയപ്പന്‍

“തോടിന് മുകളിലേക്ക് പന്തല്‍ പോലെ വല കെട്ടിയിട്ടുണ്ട്. പടവലവും പാവലും പീച്ചിങ്ങയൊക്കെയാണ് വരമ്പില്‍ നട്ടിരിക്കുന്നത്. ഇതൊക്കെ പടര്‍ത്തി കൊടുക്കും. കായ്കളുണ്ടാകുമ്പോള്‍ തോടിലേക്ക് താഴ്ന്ന് കിടക്കും. വെള്ളത്തിന്‍റെ ഒരു നനവ് എപ്പോഴും ഇവയ്ക്ക് കിട്ടും,” ആ കര്‍ഷകന്‍ വിശദീകരിക്കുന്നു.

പടവലത്തിനും പാവലിനും മാത്രമല്ല ഈ പച്ചക്കറി പന്തല്‍ മീനുകള്‍ക്കും താറാവുകള്‍ക്കും തണലേകും. തോടിന് മുകളിലെ ഇലകളുടെ തണലില്‍ മത്സ്യങ്ങളും താറാവുകളും വന്നു കിടക്കും.

“താറാവുകള്‍ക്ക് തണലില്‍ കിടക്കാനാണ് കൂടുതല്‍ ഇഷ്ടം. താറാവിന്‍റെ കാഷ്ഠം കഴിക്കാന്‍ മീനൊക്കെ ഈ തണലിലേക്ക് വരുന്നത്. ഇതിലൂടെ മത്സ്യ കൃഷിയുടെ ചെലവ് കുറയ്ക്കാനാകും,” അനിയപ്പന്‍ പറയുന്നു.


കൃഷി ആസ്വദിച്ചാണ് ചെയ്യുന്നത്. ഒരു ദിവസം കൃഷിത്തോട്ടത്തില്‍ പോയില്ലെങ്കില്‍ അന്നത്തെ ദിവസം പോക്കാണ്. അങ്ങനെയൊരു ആത്മബന്ധം കൂടി കൃഷിയോടുണ്ട്


പാവലും പടവലവും മാത്രമല്ല പയറും വെണ്ടയും മത്തനും തക്കാളിയും വെള്ളരിയും കപ്പയും ചേമ്പും കാച്ചിലുമൊക്കെ പറമ്പില്‍ നട്ടിട്ടുണ്ട്. ഇടവിളയായിട്ട് കുറേ വാഴയുമുണ്ട്. വ്യത്യസ്ത ഇനം വാഴകള്‍ അനിയപ്പന്‍ കൃഷി ചെയ്യുന്നുണ്ട്.

കറിക്ക് ഉപയോഗിക്കുന്ന കറിക്കായ, ഞാലിപ്പൂവന്‍, പാളയംകോടന്‍, കണ്ണന്‍വാഴ, പടറ്റി ഇതൊക്കെ പറമ്പിലുണ്ട്. “നേന്ത്രക്കായ നേരത്തെ കൃഷി ചെയ്തിരുന്നു. അതിന് എളുപ്പത്തില്‍ കൂമ്പ് ചീയും.. അതുകൊണ്ടാണ് നേന്ത്രന്‍ കൃഷി അവസാനിപ്പിച്ചത്. അത് മാത്രമല്ല മറ്റ് വാഴകളെ പോലെയല്ല.. വേഗത്തില്‍ ഒടിഞ്ഞുവീഴുകയും ചെയ്യാറുണ്ട്.. അങ്ങനെയൊക്കെയായതോടെ നേന്ത്രകൃഷി അവസാനിപ്പിച്ചു,” അനിയപ്പന്‍ പറഞ്ഞു.

“രാസവളമില്ലാതെയുണ്ടാക്കുന്ന പച്ചക്കറികളല്ലേ.. വിപണനത്തിന് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. പച്ചക്കറിക്ക് മാത്രമല്ല മത്സ്യത്തിനും നല്ല വില കിട്ടാറുണ്ട്. ജൈവവളത്തില്‍ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.

“നമ്മുടെ വീടിന് അടുത്ത് തന്നെയുള്ള കടയിലേക്ക് തന്നെ കുറേ പച്ചക്കറി എടുക്കുന്നുണ്ട്. നാടന്‍ പച്ചക്കറികള്‍ സംഭരിക്കുന്ന കുറേ സ്ഥലങ്ങളുമുണ്ട്. നാട്ടില്‍ തന്നെയുള്ള കച്ചവടക്കാര്‍ വീട്ടില്‍ വന്നും എടുക്കാറുണ്ട്.

“രാസവളമൊന്നും ഇല്ലല്ലോ.. ഇവിടുത്തെ പച്ചക്കറികള്‍ കറി വയ്ക്കുമ്പോള്‍ രുചിയില്‍ തന്നെ അതറിയാം. അതു കൊണ്ടാണ് ആവശ്യക്കാരേറെയുമുള്ളത്. കൃഷിയുടെ കാര്യത്തില്‍ രാസവളം ഉപയോഗിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടിയേക്കും. പക്ഷേ ഒരു കോംപ്രമൈസിനും ഇല്ല.

“കൃഷി ചെയ്യുന്നത് ലാഭം ലക്ഷ്യമിട്ട് മാത്രം അല്ലല്ലോ. ജീവിക്കാന്‍ വേണ്ടിയാണ് കൃഷി ചെയ്യുന്നത്. കൃഷിയില്‍ നിന്നു വലിയ വരുമാനം സ്വന്തമാക്കാനല്ല. കൃഷി ആസ്വദിച്ചാണ് ചെയ്യുന്നത്. ഒരു ദിവസം കൃഷിത്തോട്ടത്തില്‍ പോയില്ലെങ്കില്‍ അന്നത്തെ ദിവസം പോക്കാണ്. അങ്ങനെയൊരു ആത്മബന്ധം കൂടി കൃഷിയോടുണ്ട്.”

“സാധാരണ തോട്ടിലാണ് മത്സ്യകൃഷി ചെയ്യുന്നത്.” പക്ഷേ തോടിന് കുറച്ച് പരിഷ്കാരങ്ങളൊക്കെയുണ്ടെന്നു അനിയപ്പന്‍. ” തോടുകളില്‍ മഴവെള്ളം കെട്ടിനിറുത്തിയാണ് മീനുകളെ വളര്‍ത്തുന്നത്. പുറത്ത്നിന്നു വെള്ളം കയറ്റുന്നതല്ല. അത് അത്ര നല്ലതുമല്ല. ഫാക്റ്ററികളില്‍ നിന്നൊക്കെയുള്ള മാലിന്യം കലര്‍ന്ന വെള്ളമാകും പുറത്തുനിന്നൊക്കെ വരുന്നത്.

Image for representation only. Photo: Pixabay.com

“മഴവെള്ളം മാത്രമേ വീടിനു ചുറ്റുമുള്ള തോടുകളില്‍ കെട്ടിനിറുത്തുകയുള്ളൂ. ഇതു മത്സ്യങ്ങള്‍ക്കും നല്ലതാണ്. ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം ഫൂട്‍വാല്‍വ് തനിയേ തുറന്ന് വെള്ളം പുറത്തേക്കൊഴുകും. പുറത്ത് നിന്ന് അകത്തേക്ക് വെള്ളമൊഴുകാതെയും വാല്‍വ് സംരക്ഷിക്കും.

“ഈ വെള്ളത്തെ കണ്ടീഷന്‍ ചെയ്യാന്‍ ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പതിനായിരം ലിറ്ററിന് ഒരു ലിറ്റര്‍ ഗോമൂത്രം ചേര്‍ത്തുകൊടുത്താല്‍ മതി. വെള്ളത്തിന്‍റെ പിഎച്ച് നില കണ്ടീഷന്‍ ചെയ്യാനിത് മതിയല്ലോ.. ഇങ്ങനെ ചെയ്യുന്നത് ദോഷമാകുന്നുമില്ല. ഇടയ്ക്കിടെ വെള്ളത്തിലെ ഓക്സിജന്‍ കുറയ്ക്കുമെന്നോ പിഎച്ച് നില താഴേക്ക് പോകുമെന്നോ ഒന്നും പേടിക്കണ്ട. ഓരോ നാലു മാസും കൂടുമ്പോഴും ഗോമൂത്രം തളിച്ചു കൊടുക്കാറുണ്ട്.

“ആറേക്കറോളമുള്ള സ്ഥലത്ത് മൂന്നര ഏക്കറിലധികവും മത്സ്യകൃഷിയാണ് ചെയ്യുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലയാണ് മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങളെ തോട്ടിലെ തന്നെ മറ്റൊരു വലക്കൂട്ടിലാക്കും. ആവശ്യക്കാരെത്തുമ്പോള്‍ ജീവനോടെയാണ് മീനിനെ നല്‍കുന്നത്”

“ഗിഫ്റ്റ് തിലാപ്പിയയാണ് ഇപ്പോ കൂടുതലും കൃഷി ചെയ്യുന്നുള്ളൂ. നേരത്തെ കൊഞ്ചും കട്‍ലയുമൊക്കെ വളര്‍ത്തിയിരുന്നു. ഏഴെട്ട് വര്‍ഷം മുന്‍പ് കൊഞ്ച് കൃഷി തന്നെയായിരുന്നു. പിന്നെ ജോലിത്തിരക്ക് ഏറിയതോടെ മത്സ്യകൃഷിയ്ക്ക് വലിയ ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല. അതോടെ അത്ര റിസ്കില്ലാത്ത മത്സ്യങ്ങളെ കൃഷി ചെയ്യാന്‍ തുടങ്ങി. ഒരു ദിവസം മീനിന് അടുത്ത് ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല. കാരയും ടൈഗര്‍ പ്രോണുമുണ്ട്. ഇവയെ ഒരു മത്സ്യ കുളത്തിലാണ് വളര്‍ത്തുന്നത്. ബാക്കിയുള്ള നാലു കുളത്തിലും ഗിഫ്റ്റ് തിലാപ്പിയയാണ്.”

12 പശുക്കളുണ്ട്. 1,200 ഓളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. (Image for representational purpose only. Photo: Pixabay.com)

പച്ചക്കറിയ്ക്കും മത്സ്യത്തിനുമൊപ്പം പശുവും താറാവുമൊക്കെയുണ്ട് അനിയപ്പന്‍റെ കൃഷിയിടത്തില്‍. 12 പശുക്കളുണ്ട്. 1,200 ഓളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. സംയോജിത കൃഷി രീതിയാണ് ചെയ്യുന്നത്. ചാണകവും ഗോമൂത്രവും തറാവിന്‍റെ കാഷ്ഠവുമൊക്കെ വളമായും മത്സ്യങ്ങള്‍ക്കുള്ള തീറ്റയായും ഉപയോഗിക്കുന്നുണ്ട്.

കൃഷി നല്ല ലാഭം തന്നെയാണ് എന്ന് അനിയപ്പന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വലിയ നഷ്ടമുണ്ടായി. “72 ലക്ഷം രൂപയുടെ മത്സ്യം മാത്രം നഷ്ടമായി. കൊഞ്ചും കാരിയുമൊക്കെയാണ് കൃഷി ചെയ്തിരുന്നത്. ഒന്നരലക്ഷം കാരിയും രണ്ട് ലക്ഷം ചെമ്മീനും അമ്പതിനായിരം ഗിഫ്റ്റ് തിലോപ്പിയയും കൂടെ ഒരു കുളത്തില്‍ ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. അതാ ഇത്രയും നഷ്ടമായത്. എല്ലാം മഴവെള്ളത്തില്‍ ഒലിച്ചു പോയി,” അദ്ദേഹം പറഞ്ഞു.


സി എക്കാരനാണെന്നു പറഞ്ഞ് കൃഷിപ്പണിയൊന്നും ചെയ്യാതെയിരുന്നാല്‍ പിന്നെ ഞാന്‍ മരിച്ചു പോയില്ലേ..


“ആ നഷ്ടത്തിലും ഞാന്‍ തകര്‍ന്നില്ല. ഹാപ്പിയായിരുന്നു. വളര്‍ത്തിയെടുത്ത് ഈ മത്സ്യങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടു കാണും. ആരെങ്കിലുമൊക്കെ പിടിച്ച് കറിയാക്കി കാണും. എന്തായാലും എന്‍റെ മുതല്‍ നഷ്ടമായി. പക്ഷേ കുറച്ചു കൂടി കാര്യമായി ചിന്തിച്ചപ്പോള്‍.. ഇങ്ങനെയൊക്കെ ജീവിച്ചെങ്കിലേ ജീവിതമാകൂ.. എന്നു കരുതി സമാധാനിച്ചു.

ഇതല്ലാതെ കൃഷി ജീവിതത്തില്‍ നഷ്ടമുണ്ടായിട്ടില്ല. ലാഭമേയുണ്ടായിട്ടുള്ളൂ. നഷ്ടം ഒട്ടും ഉണ്ടായില്ലെന്നല്ല. വല്ല തൈയും പിടിക്കാതെ വരും, ചെടി ചീഞ്ഞു പോകും.. എന്നൊക്കെ അല്ലാതെ വന്‍ നഷ്ടക്കണക്കുകള്‍ പറയാനില്ലെന്നു അനിയപ്പന്‍. കുറച്ചുകാലം മുന്‍പ് മുട്ടക്കോഴിയെ വളര്‍ത്തിയിരുന്നു. 1,500 കോഴിക്കുഞ്ഞുങ്ങള്‍. പക്ഷേ എന്ത് ചെയ്യാം എല്ലാം ചത്തു പോയി.

Image for representation only (Photo: pixabay.com)

“എനിക്കൊരു പനി വന്നു കിടപ്പിലായി പോയി.. സഹായത്തിനുള്ള പയ്യന് കോഴി വളര്‍ത്തലിനെക്കുറിച്ച് വല്യ പിടിയില്ലായിരുന്നു. അതോടെ കോഴി വളര്‍ത്തല്‍ അവസാനിപ്പിച്ചു. ഇനി അടുത്തവര്‍ഷം ഒന്നുകൂടി പരീക്ഷിക്കാമെന്ന പ്ലാനിലാണ്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ രണ്ടേക്കര്‍ പറമ്പുണ്ട്. അവിടെ കോഴിക്കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നാടന്‍ തെങ്ങും 18ാം പട്ട തെങ്ങിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൃഷി മാത്രമല്ല ആവശ്യക്കാര്‍ക്ക് നല്ല തെങ്ങിന്‍ തൈകള്‍ വില്‍ക്കുന്നുമുണ്ട്.

“കൃഷിയ്ക്ക് വേണ്ടി കഷ്ടപ്പെടാനുള്ള മനസുണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാനാകും. പ്രകൃതിദുരന്തമൊക്കെയുണ്ടായാല്‍ നഷ്ടമൊക്കെ വരും. … പക്ഷേ പ്രളയത്തില്‍ നേരിട്ട നഷ്ടം നികത്താനെനിക്ക് 40 ലക്ഷം ലോണെടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കര്‍ഷകന് എമര്‍ജന്‍സി ലോണെടുക്കാന്‍ സംവിധാനം ഒരുക്കണം. അങ്ങനെയൊക്കെ ഉണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് നിലനിന്നു പോകാന്‍ പറ്റും,” എന്നാണ് അനിയപ്പന്‍ പറയുന്നത്.

സിഎ കാരന് കൃഷി ചെയ്യേണ്ട കാര്യമുണ്ടോ.. ഇങ്ങനെ പലരും ചോദിച്ചിട്ടുണ്ടെന്നു അനിയപ്പന്‍. “കൃഷി ഒരു അനുഭവമല്ലേ. ജോലി സര്‍വീസും. മറ്റുള്ളവര്‍ക്ക് അറിയാത്തത് ഞാന്‍ പറഞ്ഞുകൊടുക്കുന്നു അങ്ങനെ നോക്കിയാല്‍ ജോലി സര്‍വീസ് ആണ്. പക്ഷേ മറ്റുള്ളവരുടെ അറിവില്ലായ്മയെ ഞാന്‍ ചൂഷണം ചെയ്യുകയാണ് ജോലിയിലൂടെ.

അനിയപ്പന്‍റെ മീന്‍കുളങ്ങളിലെ വിളവെടുപ്പ്:

“സി എക്കാരനാണെന്നു പറഞ്ഞ് കൃഷിപ്പണിയൊന്നും ചെയ്യാതെയിരുന്നാല്‍ പിന്നെ ഞാന്‍ മരിച്ചു പോയില്ലേ.. എന്നിലെ കൃഷിക്കാരനില്ലാതെ ജീവിക്കാന്‍ പറ്റില്ല. മരിക്കുവോളം കര്‍ഷകനായിരിക്കണമെന്നാണ് ആഗ്രഹം. വിമാനം ഓടിക്കുന്ന പൈലറ്റ് വിമാനം ഓടിക്കുമ്പോള്‍ മാത്രം പൈലറ്റായാല്‍ പോരേ.. വീട്ടില്‍ വന്നും വിമാനം ഓടിക്കണോ.. അത്രേയുള്ളൂ. വീട്ടില്‍ വരുമ്പോള്‍ ഫ്രീയാകണം. അറിവ് എന്നും കൂടെയുണ്ടാകും.. തേച്ചുമിനുക്കിയാല്‍ മാത്രം മതി. അല്ലാത്ത സമയങ്ങളില്‍ വേറെന്തൊക്കെ ചെയ്യാം.

സംയോജിതകൃഷിയ്ക്ക് ആലപ്പുഴ ജില്ലയില്‍ ഒന്നാം സ്ഥാനം അനിയപ്പന് കിട്ടിയിട്ടുണ്ട്, മികച്ച കര്‍ഷകനുള്ള പഞ്ചായത്തിന്‍റെ തുടര്‍ച്ചയായുള്ള പുരസ്കാരവും.


ഇതുകൂടി വായിക്കാം: ‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്‍വീര്‍


ബ്രിസ് മോള്‍ ആണ് ഭാര്യ. ഭാര്യയും മക്കളുമാണ് എല്ലാത്തിനും പിന്തുണയേകി കൂടെയുള്ളത്, അനിയപ്പന്‍ പറയുന്നു. രാവിലെ അനിയപ്പന്‍ ഓഫിസിലേക്ക് പോയാല്‍ വൈകിട്ടാണ് തിരികെയെത്തുന്നത്. പകല്‍നേരങ്ങളില്‍ കൃഷിയുടെ മേല്‍നോട്ടക്കാരി ബ്രിസ്മോളാണ്. രണ്ടുമക്കളുണ്ട്. അഭയ് കൃഷ്ണനും ശ്രേയയും. അഭയ് പ്ലസ് ടു കഴി‍ഞ്ഞു. മോള് ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഇവര്‍ക്കും കൃഷിയോടൊക്കെ താത്പ്പര്യമുണ്ട്. വളമിടാനും നനയ്ക്കാനും വിളവെടുപ്പിനുമെല്ലാം അവരും കൂടും.

“സഹായത്തിന് രണ്ട് പയ്യന്മാരുണ്ട്. ഇവര്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് ഭാര്യയും തോട്ടത്തില്‍ തന്നെയുണ്ടാകും. … രാവിലെ ഒരു എട്ട് എട്ടര വരെയൊക്കെ ഞാന്‍ പറമ്പിലുണ്ടാകും. ഓഫിസില്‍ നിന്ന് വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തും. വീണ്ടും പറമ്പിലേക്ക്. രാത്രി ഏഴര മണി വരെ തോട്ടത്തില്‍ തന്നെ. ഇത്രയൊക്കെ മതി. 24 മണിക്കൂറും കൃഷിത്തോട്ടത്തില്‍ നില്‍ക്കണമെന്നില്ല. വളമിടലൊക്കെ ആഴ്ചയിലൊരിക്കല്‍ മാത്രമേയുള്ളൂ. നിത്യേന വെള്ളം കൊടുക്കും,” മരിക്കുവോളം കൃഷി ചെയ്യുമെന്നു പറഞ്ഞുകൊണ്ട് അനിയപ്പന്‍ വീണ്ടും തിരക്കുകളിലേക്ക്.

ഫോട്ടോ/വീഡിയോ കടപ്പാട്: Aniyappan/Facebook

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം