‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്‍വീര്‍

2013 നവംബര്‍ 18നാണ് അപകടം. ആ യാത്ര ജീവിതത്തില്‍ മറക്കില്ല. 17ന് എന്‍റെ പിറന്നാള്‍ ആഘോഷമൊക്കെ കഴിഞ്ഞ് രാത്രിയിലാണ് പോകുന്നത്. ബൈക്കിലാണ്. കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു.

രു വലിയ കൂട നിറയെ സ്വപ്നങ്ങള്‍.. വെറും പകല്‍കിനാവുകളല്ല..കൃത്യമായ പ്ലാനില്‍ നടപ്പാക്കുമെന്ന് ഉറപ്പിച്ച ലക്ഷ്യങ്ങളായിരുന്നു അവ.

സിനിമ, മോഡലിങ്, ബിസിനസ്, യാത്രകള്‍… മെല്ലെ മെല്ലെ ഈ ആഗ്രഹങ്ങളൊക്കെയും അരികിലേക്ക് ചേര്‍ത്തുകൊണ്ടുവരികയായിരുന്നു ആ യുവാവ്.

പക്ഷേ ഒരുനാള്‍ എല്ലാം ഒരു നീര്‍കുമിള പോലെ ഇല്ലാതായി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നവംബറില്‍ അമിതവേഗത്തിലെത്തിയ ആ ബസാണ് എല്ലാം അവസാനിപ്പിക്കുന്നത്. ഇനി ജീവിതം വീടിന്‍റെ നാലുചുമരുകള്‍ക്കുള്ളില്‍ മാത്രമെന്നു പലരും വിധിയെഴുതി. പക്ഷേ തോല്‍ക്കാന്‍ തയാറല്ലാത്ത മനസുമായി ഒരു ഫിനീക്സ് പക്ഷിയെ പോലെ സ്വപ്നങ്ങളെ നെഞ്ചോട് ചേര്‍ത്ത് അയാള്‍ പറന്നുയര്‍ന്നു.

തസ്‍വി എന്നു കൂട്ടുകാര്‍  സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് തസ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് തസ്‍വീറും അദ്ദേഹത്തിന്‍റെ വിശേഷങ്ങളും.

മുഹമ്മദ് തസ്‍വീര്‍

അമ്പരപ്പോടെയാണ് തസ്‍വിയുടെ ജീവിതകഥ കേള്‍ക്കുന്നത്. പലയിടത്തുനിന്നായി പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷേ,  തസ്‍വിയില്‍ നിന്ന് നേരിട്ട് കേള്‍ക്കുമ്പോള്‍ അത് വലിയൊരനുഭവമാണ്.


ഇനി ഒരു സ്വപ്നം കൂടിയുണ്ട്.. ആ സ്വപ്നത്തെ എത്തിപ്പിടിക്കാന്‍ അടുത്തവര്‍ഷം ദുബായിയില്‍ പോകാനിരിക്കുകയാണ്


അപകടത്തില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടും വെപ്പുകാല്‍ ഘടിപ്പിക്കാതെ ക്രച്ചസിന്‍റെ സഹായത്തോടെ ജീവിക്കുകയാണ്.. “സിനിമയില്‍ അഭിനയിച്ചു, മോഡലിങ്ങില്‍ സജീവമായി, ബൈക്കില്‍ ലഡാക്കില്‍ പോയി.. മോട്ടിവേഷന്‍ ക്ലാസുകളെടുക്കുന്നു.

“ഇനി ഒരു സ്വപ്നം കൂടിയുണ്ട്.. ആ സ്വപ്നത്തെ എത്തിപ്പിടിക്കാന്‍ അടുത്തവര്‍ഷം ദുബായിയില്‍ പോകാനിരിക്കുകയാണ്..” തസ്‍വീര്‍ ആവേശത്തോടെയാണ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട്  ജീവിതകഥ പറഞ്ഞു തുടങ്ങുന്നത്.

“കോട്ടയത്ത് ചങ്ങനാശ്ശേരിയിലാണ് വീട്. എസ് ജെ സി സിയിലാണ് ബി.കോം പഠിച്ചത്. അവിടെ കുറച്ച് ഫോട്ടോഗ്രഫര്‍ സുഹൃത്തുക്കളുണ്ടായിരുന്നു. അവരിലൂടെയാണ് മോഡലിങ്ങിലേക്കെത്തുന്നത്. സിനിമാഭിനയത്തോടും മോഡലിങ്ങിനോടുമൊക്കെ ഇഷ്ടമുണ്ടായിരുന്നു.

പിന്നെ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണം.. അതായിരുന്നു വലിയ ലക്ഷ്യം. ഇങ്ങനെ ഡിഗ്രിയൊക്കെ കഴിഞ്ഞു കൂട്ടുകാരും അടിച്ചുപൊളിക്കലുമൊക്കെയായി ജീവിക്കുകയായിരുന്നു.


കൂട്ടുകാരനൊപ്പം ബിസിനസ് ആവശ്യത്തിനാണ് ബംഗളൂരുവിലേക്ക് പോകുന്നത്. ആ യാത്രയാണ് എന്‍റെ ജീവിതത്തിന്‍റെ ടേണിങ് പോയിന്‍റ്.


“ഫുട്ബോളിനോടും ക്രിക്കറ്റിനോടും എനിക്ക് വല്ലാത്ത ഇഷ്ടമാണ്. കളിക്കുകയും ചെയ്യുമായിരുന്നു.. അങ്ങനെ നല്ല ഫിറ്റായിരുന്നു ബോഡി. മോഡലിങ്ങിലേക്കെത്തുമ്പോള്‍ ഇതൊക്കെ ഹെല്‍പ് ചെയ്തു. അപകടത്തിന് മുന്‍പ് ഞാനൊരു സിനിമയില്‍ അഭിനയിച്ചു.”

സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് തസ്‍വീര്‍ പറയുന്നു. “ലിയോണ ലിഷോയ് ഇല്ലേ.. അവരൊക്കെയുള്ള സിനിമയായിരുന്നു. അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമ. അഞ്ച് നായകന്‍മാരിലൊരാള്‍. അഭിനയച്ചൊക്കെ തുടങ്ങി. സിനിമ എന്നും നമുക്ക് ഇഷ്ടമായിരുന്നല്ലോ…

“പക്ഷേ സിനിമ പാതിവഴിയില്‍ അവസാനിച്ചു. ഇതിനിടയില്‍ ഞാനൊരു ടെക്സ്റ്റൈയില്‍ ഷോപ്പ് തുടങ്ങിയിരുന്നു. ആഗ്രഹങ്ങളൊക്കെ സഫലമായതിന്‍റെ ത്രില്ലില്ലായിരുന്നു. അന്നാളിലാണ് കൂട്ടുകാരനൊപ്പം ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂരിലേക്ക് പോകുന്നത്. ആ യാത്രയാണ് എന്‍റെ ജീവിതത്തിന്‍റെ ടേണിങ് പോയിന്‍റ്.”

തസ്‍വീര്‍ ആ അപകടത്തെക്കുറിച്ച് പറ‍യുകയാണ്. ” 2013 നവംബര്‍ 18നാണ് അപകടം. ആ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. 17-ന് എന്‍റെ പിറന്നാള്‍ ആഘോഷമൊക്കെ കഴിഞ്ഞ് രാത്രിയിലാണ് പോകുന്നത്. ബൈക്കിലാണ്. കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


“അതുകൊണ്ടാണ് യാത്ര രാത്രിയിലേക്ക് മാറ്റിയത്. ബൈക്കിന്‍റെ പിന്നിലാണ് ഞാനിരുന്നത്. കൃഷ്ണഗിരിയിലെത്തുമ്പോ നേരം വെളുത്ത് തുടങ്ങി. ഒരു ബസ് ഓവര്‍ സ്പീഡില്‍ വരുന്നത് മാത്രം കണ്ടു.

“റോങ് സൈഡിലൂടെയാണ് ബസ് വന്നത്. നേരം പുലര്‍ന്നതുകൊണ്ട് റോഡില്‍ ആളൊക്കെയുണ്ടായി. എല്ലാവരും കൂടെ അടുത്ത് തന്നെയുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമികപരിശോധനയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

“വലതു കൈയ്ക്കും ഇടതുകാലിനും നല്ല പരുക്കുണ്ടായിരുന്നു. ഏഴ് സര്‍ജറികളാണ് ചെയ്തത്. സാരമുള്ളതല്ല.. വൈകാതെ എല്ലാം ശരിയാകും.. ഫുട്ബോള്‍ കളിക്കാനൊന്നും ബുദ്ധിമുട്ടുണ്ടാകില്ല എന്നൊക്കെയാണ് ഡോക്റ്റര്‍ പറഞ്ഞത്.

“എല്ലാവരെയും പോലെ ‍ഞാനും ആശ്വസിച്ചു.പക്ഷേ..അപകടത്തില്‍ എന്‍റെ ജീവനെങ്കിലും രക്ഷിക്കുന്നതിന് വലതു കാലു മുറിച്ചുമാറ്റേണ്ടി വന്നു.”

അതല്ലാതെ വേറെ ഒരു വഴിയുമില്ലായിരുന്നുവെന്നു തസ്‍വീര്‍ പറയുന്നു. “മുറിവൊക്കെ വേഗം ഉണങ്ങും.. ഏല്ലാം ഭേദമാകും എന്നൊക്കെ പറഞ്ഞിരുന്ന ഡോക്റ്റര്‍ മൂന്നു മാസത്തിന് ശേഷം അരികില്‍ വന്നു പറഞ്ഞതുകേട്ട് തകര്‍ന്നു പോയി.

” ഇന്‍ഫെക്ഷനാണ്.. കാലു മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ അണുബാധ മറ്റിടങ്ങളിലേക്കും വ്യാപിക്കും. ഇതുകൂടി കേട്ടതോടെ.. ഒന്നും പറയാനാകാത്ത അവസ്ഥ. പക്ഷേ ഡോക്റ്ററോട് ഓകെ എന്നല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


“എല്ലാവരും എനിക്കൊപ്പം നിന്നു.. വീട്ടുകാരും കൂട്ടുകാരുമെല്ലാം. പിന്നെയും സര്‍ജറികള്‍ നടത്തി. ബെഡിലും വീല്‍ച്ചെയറിലുമായി വീണ്ടും ആശുപത്രി വാസം. ബെംഗളൂരുവില്‍ തന്നെയായിരുന്നു. 11 മാസങ്ങളാണ് അങ്ങനെ ജീവിച്ചത്. ജീവിക്കുകയായിരുന്നില്ല.. എങ്ങനെയോ ജീവിതം തള്ളി നീക്കുകയായിരുന്നു.

“ചികിത്സാചെലവും ഏറെയായി. അതിനൊക്കെ വേണ്ടി തുണിക്കട വില്‍ക്കേണ്ടി വന്നു. അതിനൊക്കെ അപ്പുറം ഇനി ഫുട്ബോള്‍ കളിക്കാനാകില്ല. മോഡലിങ്ങ് ചെയ്യാനാകില്ലെന്നതൊക്കെ സഹിക്കാനാകുന്നതിലും അപ്പുറമായിരുന്നു.  ബാംഗ്ലൂരില്‍  നിന്നു നാട്ടിലേക്ക് പോന്നു. പിന്നെയും കുറേക്കാലം ചികിത്സയും മറ്റുമായി കഴിയേണ്ടി വന്നു.

“എന്‍റെ എല്ലാ കാര്യങ്ങളും കൂട്ടുകാരാണ് ചെയ്തത്. എടുത്തുകൊണ്ടാണ് അവര്‍ നടന്നത്. ആശുപത്രിയില്‍ മാത്രമല്ല വീട്ടിലും എനിക്കൊപ്പം നിന്നു, ഭക്ഷണം വാരിത്തന്നും കട്ടിലിലേക്ക് എടുത്ത് കിടത്തിയും കുളിപ്പിച്ചുമൊക്കെ അവരൊപ്പം തന്നെയുണ്ടായിരുന്നു.” കൂട്ടുകാരായിരുന്നു വലിയ ആശ്വാസമായിരുന്നതെന്നും തസ്‍വീര്‍ ഓര്‍ക്കുന്നു.

“അപ്പോഴും നടക്കാനായിരുന്നില്ല. ഡോക്റ്റര്‍ പറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ്. പക്ഷേ ഡോക്റ്റര്‍ പറഞ്ഞതിനും മുന്‍പേ നടക്കാന്‍ സാധിച്ചു.


വയനാട് ചുരത്തിലേക്ക് ജീപ്പിലാണ് പോകുന്നത്. തിരിച്ച് വരുമ്പോള്‍ നടന്നിറങ്ങാം. ഇതായിരുന്നു പ്ലാന്‍. പക്ഷേ തിരിച്ചു നടന്നിറങ്ങവേ വീണു.


വോക്കറില്‍ നടക്കാന്‍ ഒന്നരവര്‍ഷമെടുക്കുമെന്ന ഡോക്റ്ററുടെ വാക്കുകളെ തോല്‍പ്പിക്കുന്നത് ആത്മവിശ്വാസം കൊണ്ടാണ്. പത്ത് മാസം കൊണ്ട് നടന്നു തുടങ്ങി. കൂട്ടുകാര്‍ എവിടെ പോകുമ്പോഴും എന്നെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ മെല്ലെ നടക്കാന്‍ സാധിച്ചു.”പിന്നീട് ക്രച്ചസിന്‍റെ സഹായത്തോടെ നടന്നു തുടങ്ങി.

രണ്ട് ക്രച്ചസ്.. ഒന്നില്‍ ബാറ്റ്സ്‍മാനും മറ്റൊന്നില്‍ സൂപ്പര്‍മാനും. തസ്‍വീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു സൂപ്പര്‍ ഹിറോസിന്‍റെ നടുവില്‍ മറ്റൊരു സൂപ്പര്‍ഹീറോ.

അങ്ങനെയൊരിക്കല്‍ തനിച്ച് യാത്ര പോകുകയാണ്.” ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ഞാനെങ്ങനെ തനിച്ച് യാത്ര പോകും.. എന്തെങ്കിലും പറ്റോ എന്നൊക്കെയാണ് കൂട്ടുകാരും വീട്ടുകാരും ടെന്‍ഷനടിച്ചത്.” പക്ഷേ എതിര്‍പ്പുകളെയൊക്കെ നേരിട്ട് ക്രച്ചസില്‍ ആദ്യമായി തനിച്ച് പോയ കോഴിക്കോടന്‍ യാത്രയെക്കുറിച്ച് തസ്‍വീര്‍ പറയുന്നു.

” കോഴിക്കോടേക്കാണ് ക്രച്ചസുമായി പോകുന്നത്. ട്രെയിനിലാണ് യാത്ര. ഈ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂട്ടുകാരൊക്കെ ശക്തമായി എതിര്‍ത്തു. തനിച്ച് പോകണ്ട ഞങ്ങളും വരാമെന്നാണ് അവര്‍ പറഞ്ഞത്.

“എവിടെ പോകണമെങ്കിലും കൂടെ വരാമെന്നു പറഞ്ഞു തനിച്ച് വിടില്ലെന്നു പറ‍ഞ്ഞു സ്നേഹത്തോടെ വഴക്ക് പറഞ്ഞു. ഉമ്മയും പെങ്ങളുമെല്ലാം വേണ്ട എന്നു പറഞ്ഞു. പക്ഷേ ഒരാള്‍ എന്നെ മനസിലാക്കി.

നടന്‍ വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം തസ്‍വീര്‍

“നജീമുദ്ദീന്‍.. എന്‍റെ വാപ്പ. ഉസ്താദ് ആയിരുന്നു. ആള് പറഞ്ഞത്, തനിച്ച് പോകാന്‍ ധൈര്യമുണ്ടെങ്കില്‍ നീ പോയ്ക്കോ.. എന്നാണ്. ആ വാക്ക് ധൈര്യവും ശക്തിയുമാണ് തന്നത്. അങ്ങനെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് വാപ്പയുടെ പിന്തുണയോടെ കോഴിക്കോട്ടേക്ക്.

“ട്രെയിനില്‍ ക്രച്ചസുമായി ആദ്യ യാത്ര. കോഴിക്കോട്ടെത്തിയ ശേഷം കൂട്ടുകാര്‍ക്കൊപ്പം വയനാട് ചുരത്തിലേക്ക്. ജീപ്പിലാണ് പോകുന്നത്. തിരിച്ച് വരുമ്പോള്‍ നടന്നിറങ്ങാം. ഇതായിരുന്നു പ്ലാന്‍. പക്ഷേ തിരിച്ചു നടന്നിറങ്ങവേ വീണു. ആദ്യ വീഴ്ച.”

ഫോട്ടോ – ഫേസ്ബുക്ക്

“വീണു.. ക്രച്ചസുമായി നടക്കുന്നതിനിടയിലെ ആദ്യ വീഴ്ചയാണ്. പക്ഷേ ആ വീഴ്ച ആത്മവിശ്വാസം വര്‍ധിപ്പിച്ചു.. വീണപ്പോള്‍ കാര്യമായി ഒന്നും പറ്റിയില്ല. വീണാല്‍ ഇത്രയേ പറ്റൂവെന്നു മനസിലായതോടെ ക്രച്ചസുമായുള്ള സഞ്ചാരത്തിന് ധൈര്യമായി. ഈ യാത്രയോടെ പഴയതിനെക്കാളും കൂടുതല്‍ ആത്മവിശ്വാസമാണ് കിട്ടിയത്. ഒറ്റയ്ക്ക് യാത്ര പോകാം.. ഒന്നും സംഭവിക്കില്ല.. എന്നൊക്കെ മനസിലായി.


ഇതുകൂടി വായിക്കാം: ‘തപാല്‍ വഴി പഠിച്ചാണോ ഡോക്റ്ററായതെന്ന് ചോദിച്ചവരുണ്ട്’: ചിത്രങ്ങള്‍ വരച്ചുവിറ്റ് സിനിമയെടുത്ത ഡോ. സിജുവിന്‍റെ അനുഭവങ്ങള്‍


ആരെയെങ്കിലുമൊക്കെ ആശ്രയിച്ചു ജീവിക്കുക.. അത് സഹിക്കാനാകില്ലായിരുന്നു.. ദുരന്തമാണ് ആ അവസ്ഥ. ഇഷ്ടക്കേടുകളൊന്നുമില്ലാതെയാണ് ഏതുനേരവും കൂട്ടുകാര്‍ എന്നെ നോക്കിയത്. എന്തിനും ഒപ്പം നിന്നത്. എവിടെ പോകുന്നതിനും അവര്‍ കൂടെ വന്നു. പക്ഷേ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. കൂട്ടുകാരൊന്നും പറയുന്നില്ലെങ്കിലും.. അത് എനിക്ക് ബുദ്ധിമുട്ടായി തോന്നി. ഈ യാത്രയിലൂടെ ആരെയും ആശ്രയിക്കാതെ സഞ്ചരിക്കാമെന്ന ധൈര്യമാണ് കിട്ടിയതെന്നും തസ്‍വീര്‍ പറയുന്നു.

“യാത്രകള്‍ ഇഷ്ടമാണ്. അറിയാത്ത നാട്.. അറിയാത്ത ഭാഷ ഇതൊക്കെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നു. അങ്ങനെയാണ് ലഡാക്ക് പോകുന്നത്.” ക്രച്ചസില്‍ യാത്ര പോയതിനെക്കുറിച്ച് പറയുകയാണ് തസ്‍വീര്‍.

” ചങ്ങനാശ്ശേരിയിലെ കൂട്ടുകാരില്‍ ചിലര്‍ ലഡാക്ക് പോകാന്‍ പ്ലാനിട്ടു. ബൈക്കിലാണ്. പക്ഷേ അവരുടെ കൂടെ കൂടാന്‍ പറ്റിയില്ല. ലഡാക്കില്‍ പോകണമെന്നത് എന്‍റെ വലിയൊരു സ്വപ്നമായിരുന്നു. അപകടമൊക്കെ സംഭവിക്കുന്നതിനും മുന്‍പേ ആഗ്രഹിച്ചതാണ് ലേ-ലഡാക്ക് ട്രിപ്പ്.


കല്യാണത്തിന്‍റെ തൊട്ടു പിറ്റേ ദിവസം ഞങ്ങളുടെ വീട് ഒരു മരണവീടായി.. എന്‍റെ വാപ്പ പെങ്ങളുടെ കല്യാണപ്പിറ്റേന്നാണ് മരിക്കുന്നത്


“അവര്‍ക്കൊപ്പം യാത്രയില്‍ കൂടാന്‍ ഞാന്‍ ഫ്ലൈറ്റിന് ഡല്‍ഹിയിലേക്ക് പോയി. അവിടെ നിന്ന് ആ ടീമിനൊപ്പം കൂടി. 15 ദിവസങ്ങള്‍. അഞ്ച് ബൈക്കില്‍ ഒമ്പത് പേര്‍. ജീവിതത്തിലെ മറക്കാനാകാത്ത കുറേ നിമിഷങ്ങളാണ് ഈ യാത്ര നല്‍കിയത്. കര്‍ദുഗ്ലയില്‍ പോകാനായതൊക്കെ ഭാഗ്യമല്ലേ. എന്‍റെ ഇടത് കാലിലും വലതു കൈയിലും സ്റ്റീല്‍ ഇട്ടിട്ടുണ്ട്. യാത്രയുടെ ആദ്യ രണ്ട് മൂന്ന് ദിവസം കൈയ്ക്കും കാലിനും നല്ല വേദനയായിരുന്നു. പിന്നെ ആ വേദനയൊക്കെ മാറി.

കര്‍ദുഗ്ലയില്‍ തസ്‍വീര്‍ ഫോട്ടോ – ഫേസ്ബുക്ക്

ലഡാക്കിനെക്കാള്‍ ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നൊരു യാത്രയുണ്ട്.. ഹിമാചല്‍ മണാലിയില്‍ പോയിട്ടുണ്ട്. കസോള്‍ കല്‍ഗ, പോര്‍ഷ.. അടിപൊളിയായിരുന്നു.

കല്‍ഗ ഒരു വില്ലേജാണ്. അവിടേക്ക് ട്രക്കിങ് നടത്തി. മലമുകളിലാണ് ആ ഗ്രാമം. കല്‍ഗയിലേക്കുള്ള യാത്ര മനസില്‍ നിന്നു നിറഞ്ഞുനില്‍പ്പുണ്ട്. വാഗമണ്ണില്‍ പാരഗ്ലൈഡിങ് നടത്തിയതും മറക്കാനാകില്ല.

സിനിമയും ഫോട്ടൊഗ്രഫിയും മോഡലിങ്ങും ഫുട്ബോളും ക്രിക്കറ്റുമൊക്കെ ഇഷ്ടമാണ്. സിനിമയില്‍ എന്നെ പോലൊരാള്‍ക്ക് എപ്പോഴും നല്ല വേഷങ്ങള്‍ കിട്ടണമെന്നില്ലല്ലോ.. പക്ഷേ നെഗറ്റീവ് ടച്ചുള്ള വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.

ആഭാസം എന്ന സിനിമയില്‍ റിമ കല്ലിങ്കലിനൊപ്പമാണ് അഭിനയിച്ചത്. പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. പുതിയ സിനിമകളൊക്കെ വരുന്നുണ്ട്. ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ ഒന്നും പറയാനായിട്ടില്ലെന്നു തസ്‍വീര്‍.

തസ്‍വീര്‍

“മോഡലിങ്ങില്‍ നിറയെ അവസരങ്ങളുണ്ട്. കഴിഞ്ഞ ലുലു ഫാഷന്‍ വീക്ക് സണ്ണി വെയ്നും ഞാനും കൂടെയാണ് ഉദ്ഘാടനം ചെയ്തത്. കോളെജ് ഡേ ഉദ്ഘാടനം, മോട്ടിവേഷണല്‍ ക്ലാസുകള്‍.. ഇതൊക്കെയുമുണ്ട്. പിന്നെ ഇപ്പോ മറ്റൊരു വഴിയിലാണ്.

” ക്രിക്കറ്റ് ടീം ഉണ്ടാക്കുകയാണ്. കോട്ടയത്തിന് വേണ്ടി ക്രിക്കറ്റ് ഒരുക്കുന്നതിന്‍റെ കാര്യങ്ങള്‍ തസ്‍വി പറയുന്നു.” ഫുട്ബോളിനെ പോലെ തന്നെ ക്രിക്കറ്റിനോടും പണ്ടേ ഇഷ്ടമാണ്. എന്നെ പോലുള്ളവര്‍ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടീം.. പാലക്കാടിനൊക്കെ അങ്ങനെ ടീമുണ്ട്. കോട്ടയത്തിന് വേണ്ടി ഒരു ടീമിനെ ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. പത്ത് പന്ത്രണ്ട് പേരെ കിട്ടി.. കോട്ടയം ഡിസ്ട്രിക്റ്റ് ടീം ക്രിക്കറ്റ് എന്നായിരിക്കും പേരിടുന്നത്. പരിമിതികളുള്ളവരുടെ ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഞങ്ങളില്‍ നിന്നൊരാളുണ്ട്.. അനീഷ്.”

പാരഗ്ലൈഡിങ്ങിനിടെ തസ്‍വീര്‍ ഫോട്ടോ – ഫേസ്ബുക്ക്

കാല്‍ നഷ്ടപ്പെട്ടത് കുറവാണെന്നു തോന്നിയിട്ടില്ല. വീഴും എന്നോര്‍ത്ത് ഒന്നും ചെയ്യാതെ ഇരുന്നാല്‍ വീടിനകത്തു തന്നെ ഇരുന്ന് പോകുകയേയുള്ളൂ. എവിടെയെങ്കിലും എത്തണമെന്നുണ്ടെങ്കില്‍ സ്വയം തീരുമാനിക്കണം.. പിന്നെ എല്ലാം നമുക്ക് ഒപ്പം തന്നെയുണ്ടാകും. രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു.


ഇതുകൂടി വായിക്കാം: ലക്ഷ്യങ്ങളില്ലാതെ, ലഹരിയിലും ആത്മനിന്ദയിലും വീണുപോകുമായിരുന്ന കടലോരഗ്രാമത്തിലെ കുട്ടികളുടെ കൈപിടിച്ച് നസ്മിനയും കൂട്ടുകാരും


ഒരുപാട് തവണ വീണു.. പക്ഷേ വീഴ്ചയില്‍ നിന്നൊക്കെ എഴുന്നേറ്റ് നടന്നു. അതെന്‍റെ ആത്മവിശ്വാസം കൂട്ടി. വീണാലും സാരമില്ല.. എനിക്ക് എഴുന്നേറ്റ് നടക്കാനാകുമെന്നു തിരിച്ചറിഞ്ഞു. അതൊരു വലിയ അറിവ് ആയിരുന്നു.. എന്ത് ചെയ്യാനും എന്നെ കൊണ്ടാകും എന്നു തിരിച്ചറിഞ്ഞതില്‍ പിന്നെ ഒരു പരിമിതിയും എനിക്ക് മുന്നില്‍ തടസമുണ്ടാക്കിയിട്ടില്ല.”

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അനുജത്തി മുഹ്സീനയുടെ കല്യാണമായിരുന്നു. കല്യാണത്തിന്‍റെ തൊട്ടു പിറ്റേ ദിവസം ഞങ്ങളുടെ വീട് ഒരു മരണവീടായി.. എന്‍റെ വാപ്പ പെങ്ങളുടെ കല്യാണപ്പിറ്റേന്നാണ് മരിക്കുന്നത്. സ്ട്രോക്ക് വന്നതാണ്. സുഹറ എന്നാണ് ഉമ്മയുടെ പേര്. രണ്ട് ചേട്ടന്‍മാരുണ്ട്. മുഹമ്മദ് തന്‍സീറും അഡ്വ. മുഹമ്മദ് തന്‍വീറും.

ഫോട്ടോ – ഫേസ്ബുക്ക്
പാലക്കയം തട്ടില്‍ ഫോട്ടോ – ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയയിലും തസ്‍വീറിന് ആരാധകരേറെയാണ്. ഫെയ്സ്ബുക്ക് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയിലെ ആറു യൂത്ത് ഐക്കണുകളെ തെരഞ്ഞെടുത്തിരുന്നു. അതിലൊന്ന് ഈ ചെറുപ്പക്കാരനാണ്. പരിമിതികളില്ലാത്ത യാത്രകള്‍ സ്വപ്നം കാണുകയും പോവുകയും ചെയ്യുന്ന തസ്‍വിയുടെ മറ്റൊരു സ്വപ്നം കൂടി പങ്കുവയ്ക്കുകയാണ്.

“ദുബായിയിലേക്ക് പോകാനാണിപ്പോള്‍ നോക്കുന്നത്. വെറും യാത്രയല്ല.. സ്കൈ ഡൈവ്.. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനാണ്.
ഈ വര്‍ഷം തന്നെ പോകണമെന്നാണ്. ഭാഗ്യമുണ്ടെങ്കില്‍ സാധിച്ചേക്കും.. കഴിഞ്ഞ മാസം ഞാന്‍ ദുബൈയില്‍ പോയിരുന്നു. പക്ഷേ അന്നേരം സ്കൈ ‍ഡൈവ് നടത്താനായില്ല,” ദുബായിയില്‍ പോയി സ്കൈ ഡൈവ് നടത്താനാകുമെന്ന പ്രതീക്ഷയില്‍ തസ്‍വി ചിരിച്ചു.

****

ഫോട്ടോകള്‍ക്ക് കടപ്പാട്: Facebook/Thasveer Muhammed

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം