കട്ടപ്പനയിലായിരുന്നു ബിന്‍സിയുടെ വീട്. ആ വീട് രണ്ട് വര്‍ഷം മുന്‍പ് പണയത്തിന് നല്‍കി. ബിന്‍സിയും കുടുംബവും കുമളിയിലേക്ക്. മാസം പതിനായിരം രൂപ വാടകയ്ക്ക് ഒരു വീടെടുത്തു താമസം തുടങ്ങി. ഒന്നര ഏക്കറില്‍ അതൊരു കൊച്ചു വീടായിരുന്നു.
സ്വന്തമായി വീടുള്ള ബിന്‍സിയെന്തിനാ ഇത്രയും ദൂരത്തേക്ക് പോകുന്നത്.. ഇത്രയും ചെറിയ വീട്ടില്‍ വാടക കൊടുത്ത് താമസിക്കുന്നതെന്തിനാണ്.. അല്ല ആര്‍ക്കും ഇങ്ങനെ സംശയം തോന്നിപ്പോകും..
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
ദാ ഇപ്പോള്‍ വെളുപ്പാന്‍ കാലത്തെ തണുപ്പില്‍ ബിന്‍സി ഭര്‍ത്താവ് ജയിംസും കൂടെ പച്ചക്കറിക്കെട്ടുമായി കൊച്ചിയിലേക്ക്.. അതും ടൂ വീലറില്‍. ഒട്ടുമിക്ക എല്ലാ ആഴ്ചയിലും പുലര്‍ച്ചെ കുമളിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇവര് പോകാറുണ്ട്..
ബിന്‍സി ആള് അല്‍പ്പം വ്യത്യസ്തയാണ്. കുമളി അട്ടപ്പള്ളത്തെ കാടുപിടിച്ചു കിടന്ന മണ്ണില്‍ കൃഷിയുടെ നൂറുമേനി വിളവെടുക്കുന്ന ബിന്‍സി ജയിംസ് വര്‍ത്തമാനങ്ങള്‍ പറഞ്ഞു തുടങ്ങുകയാണ്..
“ഞങ്ങള് കട്ടപ്പനയിലാണ് താമസിച്ചിരുന്നത്. ഞാനും ജയിംസ് ചേട്ടായിയും പിന്നെ മക്കളും. മൂന്നു മക്കളുണ്ട്. ജിനു, ജസിന്‍, ജറിന്‍. അന്നാളില്‍ എനിക്ക് ഏലംതോട്ടത്തിലായിരുന്നു പണി. ചേട്ടായിക്കും കൂലിപ്പണി തന്നെയായിരുന്നു. കുറച്ചു കഷ്ടപ്പാടുകളൊക്കെയായി ജീവിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്ത് കൃഷി ചെയ്തു തുടങ്ങി.
സ്ഥലം വാങ്ങുമ്പോള്‍ ഇവിടം കാടുപിടിച്ച് കിടക്കുകയായിരുന്നു. പാമ്പും മറ്റുമായി ഈ പറമ്പില്‍ ഇല്ലാത്ത ജീവികളില്ലായിരുന്നു
“അഞ്ചാറ് വര്‍ഷം മുന്‍പുള്ള കാര്യങ്ങളാണിത്. ” കൃഷിപ്പണികളുടെ തിരക്കിനിടയില്‍ മഴ പെയ്തു തുടങ്ങിയതോടെ ബിന്‍സി മഴമറയ്ക്ക് അരികിലേക്ക് നീങ്ങി.. കൃഷിപ്പണിയിലേക്കെത്തിയതിനെക്കുറിച്ച് ബിന്‍സി പറയുന്നു.
” കട്ടപ്പനയില്‍ വീടും ഇരുപത് സെന്‍റുമുണ്ട്. വീട്ടുമുറ്റം നിറയെ പലതരം പച്ചക്കറികളും നട്ടിരുന്നു. വീട്ടുമുറ്റത്ത് മാത്രമല്ല വീടിന്‍റെ ഓരോ കുഞ്ഞു ഇടങ്ങളിലും പലതും നട്ടുപിടിപ്പിച്ചിരുന്നു. നടക്കാനിത്തിരി ഇടം മാത്രമേ കൃഷി ചെയ്യാതെയുള്ളൂ.
ഇതുകൂടി വായിക്കാം: സ്വപ്നയുടെ ഭക്ഷ്യവനത്തില്‍ ‘ഷുഗര്‍ ഫ്രീ’ അടക്കം 25 ഇനം കപ്പ, വരത്തന്‍ കിഴങ്ങുകളും പഴങ്ങളും, പലതരം വാഴകള്‍, 15 ഇനം പേര; കൃഷിക്കാഴ്ചകള്‍ കാണാന്‍ എന്നും തിരക്ക്
“ചെറിയ വീടാണ്.. ഞങ്ങളൊരു സാധാരണക്കാരല്ലേ.. അന്നു ഞാനും ചേട്ടായിയും കൂലിപ്പണിക്ക് പോകുന്ന കാലമാണല്ലോ. വീടിന്‍റെ മുറ്റം നിറയെ വെര്‍ട്ടിക്കല്‍ ആകൃതിയില്‍ വല കെട്ടി അതിലാണ് തക്കാളിയും പാവലും പടവലും പയറുമൊക്കെ പടര്‍ത്തി കൃഷി ചെയ്തത്.
“കുപ്പിയിലും ഗ്രോബാഗിലും ചട്ടികളിലുമൊക്കെയായി കൃഷി തന്നെയായിരുന്നു. പക്ഷേ ഇന്നത്തെ പോലെ വലിയ വിപണിയൊന്നും ഇല്ലാട്ടോ.. മക്കളുടെ സ്കൂളിലൊക്കെ കൊടുക്കും. പയറുണ്ട്, തക്കാളിയുണ്ട് എന്നൊക്കെ പറയുമ്പോള്‍ സ്കൂളിലുള്ള ചിലരൊക്കെ വാങ്ങും.
“ഇതിനിടയിലാണ് ഫേസ്ബുക്കിലേക്കെത്തുന്നത്.” ഫേസ്ബുക്കില്‍ കൃഷിത്തോട്ടത്തിന്‍റെയും പച്ചക്കറിയുടെയുമൊക്കെ ഫോട്ടോ ഇടുമായിരുന്നു. എഫ്ബിയിലെ കൃഷി ഗ്രൂപ്പുകളിലൊക്കെ ചേര്‍ന്നതോടെ ഇതൊന്നുമല്ല ഇതിലുമേറെ കൃഷി ചെയ്യണമെന്നു തോന്നി.
“നമ്മുടെ ഇരുപത് സെന്‍റിലെ കൃഷി തന്നെ കാണാന്‍ പലരും വരുമായിരുന്നു. അങ്ങനാണേല്‍ ഇതിലേറെയുണ്ടെങ്കിലോ, കൃഷി കൂടുതലാളുകളെ അറിയിച്ചാല്ലോ എന്നൊക്കെ വെറുതേ തോന്നി. പിന്നെ അന്ന് ഏലത്തോട്ടത്തിലൊക്കെ പണിയും കുറവായിരുന്നു.
“അങ്ങനെയാണ് കട്ടപ്പനയില്‍ നിന്നു കുമളിയിലേക്ക് പോകുന്നത്. കട്ടപ്പനയിലെ വീട് പണയത്തിന് നല്‍കിയാണ് ഞങ്ങള് കുമളിയില്‍ വീട് എടുക്കുന്നത്. ഇപ്പോ ആ വീട് വാടകയ്ക്കാണ് നല്‍കിയിരിക്കുന്നത്.
“കുമളിയില്‍ ഒന്നര ഏക്കറില്‍ ഒരു വീട്. മാസം പതിനായിരം രൂപ വീടിന്‍റെ വാടക. പക്ഷേ അതിനെ വീട് എന്നൊന്നും പറയാനാകില്ല. താമസിക്കാനുള്ള ചെറിയൊരു സൗകര്യം എന്നേ പറയാനൊക്കൂ..
കഴിഞ്ഞ വര്‍ഷത്തെ ആ പ്രളയത്തില്‍ എല്ലാം നശിച്ചു. കൃഷി മുഴുവനും നശിച്ചു. പട്ടിണി പോലും കിടക്കേണ്ടി വന്നിട്ടുണ്ട്.
“വീട് ചെറുതാണെന്നു മാത്രമല്ല ഈ സ്ഥലം വാങ്ങുമ്പോള്‍ ഇവിടം കാടുപിടിച്ച് കിടക്കുകയായിരുന്നു. പാമ്പും മറ്റുമായി ഈ പറമ്പില്‍ ഇല്ലാത്ത ജീവികളില്ലായിരുന്നു. കുളവും നല്ല വെള്ളവും നിരപ്പായ സ്ഥലവും.. ഇതു കണ്ടിട്ടാണ് ഇവിടേക്ക് കൃഷി ചെയ്യാനെത്തുന്നത്.
“നിറയെ കുഞ്ഞു മുള്ളുകളുള്ള ആനത്തൊട്ടവാടിയില്ലേ.. അതായിരുന്നു ഈ പറമ്പില്‍ നിറയെ. ഈ ആനത്തൊട്ടവാടിയുടെ കാട് വെട്ടിത്തെളിച്ച് ഇവിടമാകെ വൃത്തിയാക്കിയെടുത്തു. ഇതൊക്കെ ഞങ്ങള്‍ തന്നെയാണ് ചെയ്തത്.
പിന്നീട് ഒന്നു രണ്ടു പേരുടെ സഹായത്തോടെയാണ് ഭൂമി കിളച്ചുശരിയാക്കി. നല്ല മണ്ണായിരുന്നു.. കുറേ കൃഷി ചെയ്തു. ഏതാണ്ട് കൃഷിയൊക്കെ വിളവെടുപ്പിന്‍റെ കാലമായപ്പോഴാണ് പ്രളയം വന്നത്.
കഴിഞ്ഞ വര്‍ഷത്തെ ആ പ്രളയത്തില്‍ എല്ലാം നശിച്ചു. ആദ്യ കൃഷി മുഴുവനും നശിച്ചു. ഒരു അഞ്ചാറ് ലക്ഷത്തോളം മുടക്കിയാണ് കൃഷി ചെയ്തത്. ഒരു പതിനായിരം രൂപ പോലും കൃഷിയില്‍ നിന്നു അക്കൊല്ലം നേടാനായില്ല, ബിന്‍സി സങ്കടപ്പെടുന്നു.
എല്ലാം നശിച്ചതോടെ കൈയിലുണ്ടായിരുന്ന പണമൊക്കെ തീര്‍ന്നു. ഉള്ളതൊക്കെ കൃഷിയിറക്കാന്‍ ഇറക്കിയിരുന്നു.. “കൈയില്‍ ഒന്നും ഇല്ലാതെ വന്ന ആ കാലമുണ്ടല്ലോ..അത്ര മോശമായിരുന്നു. ഇതൊക്കെ ഉപേക്ഷിച്ച് വേറെ പണിക്കും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
“ചില സന്ദര്‍ഭങ്ങളില്‍ പട്ടിണി പോലും കിടക്കേണ്ടി വന്നിട്ടുണ്ട്. ഇവിടം ഞങ്ങള് പുതിയ ആള്‍ക്കാരല്ലേ.. അധികമാരുമായും അത്ര അടുപ്പമൊന്നുമായിട്ടില്ല. ഒന്നും ആരോടും ചോദിക്കാനും പറ്റില്ലല്ലോ..,” ബിന്‍സി ആ പഞ്ഞക്കാലം ഓര്‍ക്കുന്നു.
ഇതുകൂടി വായിക്കാം: ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
പക്ഷേ, അവര്‍ വെറുതേ ഇരുന്നില്ല.. എന്തെങ്കിലുമൊക്കെ കൃഷിപ്പണികള്‍ ചെയ്തു കൊണ്ടിരുന്നു. “പിന്നെ വിത്ത് വില്‍ക്കലുണ്ടായിരുന്നു. ആ വിത്ത് വില്‍ക്കലില്‍ നിന്നാണ് കുറച്ചു വരുമാനമൊക്കെ കിട്ടി. ഞങ്ങള്‍ പിടിച്ചു നിന്നത് ആ വരുമാനത്തിലാണ്.
“30 ഇനം പച്ചക്കറി വിത്തുകള്‍ പോസ്റ്റല്‍ ചാര്‍ജ് സഹിതം 340 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. ഇത് ഗ്രൂപ്പുകളിലും എഫ്ബിയിലുമൊക്കെ ഇടും. ആ ഒരു വരുമാനമുള്ളത് കൊണ്ട് പിടിച്ചു നില്‍ക്കാന്‍ പറ്റി. പിന്നെ ആ കഷ്ടപ്പാടിലും മക്കളും ഞങ്ങള്‍ക്കൊപ്പം നിന്നു.
പ്രളയത്തില്‍ നഷ്ടമായതെല്ലാം പിന്നീട് ബിന്‍സി തിരിച്ചുപിടിച്ചു. കഠിനാധ്വാനത്തിലൂടെ മണ്ണില്‍ നൂറുമേനി തന്നെ ബിന്‍സിയും ജെയിംസും കൊയ്തെടുത്തു. “പച്ചക്കറികളില്‍ ഒട്ടുമിക്കവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.” ബീന്‍സാണ് പ്രധാനകൃഷി,” എന്ന് ബിന്‍സി.
” ബീന്‍സ് ഇവിടെ നന്നായിട്ടുണ്ടാകും.. പിന്നെ ക്വാളിഫ്ലവറും കാബേജും കുറേയുണ്ട്. ഏതു കാലാവസ്ഥയിലും ഇവ മൂന്നും വളരും. ഇവിടെ കുറേ കൃഷി ചെയ്യുന്നുമുണ്ട്.
ബ്രൊക്കോളി, പയര്‍, പാഷന്‍ഫ്രൂട്ട്, സ്ട്രോബറി, ലെറ്റിയൂസ്, മാലി മുളക്, വാഴ, വഴുതന, ചുരയ്ക്ക്, പടവലം, പാവയ്ക്ക,ചീര, കപ്പ ഇങ്ങനെ കുറേയുണ്ട്. പയര്‍ തന്നെ വള്ളിപ്പയറും കുറ്റിപ്പയറുമൊക്കെയുണ്ട്.
ബീന്‍സ് ആറോ ഏഴോ ഇനമുണ്ട്. മുരിങ്ങ ബീന്‍സ്, ഹൊസൂര്‍ബീന്‍സ്, കുറ്റിബീന്‍സ്, ബെല്ലിബീന്‍സ് ഇങ്ങനെ കുറച്ച് വെറൈറ്റികളുണ്ട്. പച്ചക്കറികളില്‍ ഏതാണ്ട് എല്ലാം തന്നെ ഞങ്ങള് കൃഷി ചെയ്യുന്നുണ്ട്. വെറൈറ്റികള്‍ കൂടുതലും ബിന്‍സിലാണെന്നു മാത്രം, അവര്‍ പറഞ്ഞു.
സ്ട്രോബറി പഴമായിട്ട് വില്‍ക്കാറില്ല എന്ന് ബിന്‍സി. ജാമുണ്ടാക്കിയാണ് വില്‍ക്കുന്നത്. ജാമുണ്ടാക്കിയിട്ടുണ്ടെന്നു ഫെയ്സ്ബുക്കിലിടും.. അത് കണ്ട് ആവശ്യമുള്ളവര്‍ പറയും. ഇങ്ങനെ പലതും ഫെയ്സ്ബുക്കിലെ കൃഷി ഗ്രൂപ്പുകളിലൂടെ വില്‍ക്കുന്നുണ്ട്.
ആ തണുപ്പത്ത് ഇതൊക്കെ സ്കൂട്ടറില്‍ കെട്ടിവച്ചാണ് ഞാനും ചേട്ടായിയും കൂടെ വരുന്നത്
സ്ട്രോബറി ആദ്യമായി കായ്ച്ചപ്പോള്‍ കാണാന്‍ വരുന്നവരോടെല്ലാം പറിച്ചെടുത്തോളാന്‍ പറഞ്ഞു, ബാക്കിയുള്ളത് മാത്രമേ ജാമുണ്ടാക്കിയുള്ളൂ. ലാഭകരമാണിത്. മഴമറ കൃഷിയുമുണ്ടിവിടെ. ടൂറിസത്തിന് പ്രാധാന്യമുള്ള സ്ഥലമല്ലേ.. കുറേയാളുകള്‍ കൃഷി കാണാനും വരാറുണ്ട്.
പച്ചക്കറി മാത്രമല്ല മീനും പശുവും ആടും താറാവും കോഴിയും കാടയുമൊക്കെ ബിന്‍സിയുടെ കൃഷിയിടത്തിലുണ്ട്. പറമ്പില്‍ രണ്ട് കുളമുണ്ട്. ഇതിലാണ് ഗിഫ്റ്റ് തിലാപ്പിയയും നട്ടരും വളര്‍ത്തുന്നത്. പറമ്പ് വാങ്ങുമ്പോള്‍ ഒരു കുളമുണ്ടായിരുന്നു. ഒരെണ്ണം പുതുതായി കുഴിക്കുകയും ചെയ്തു.
“കഴിഞ്ഞ തവണ മീന്‍ വളര്‍ത്തി വിറ്റതും വ്യത്യസ്തമായ രീതിയിലാണ്.പ്രാദേശിക ഗ്രൂപ്പുകളിലൂടെ മീന്‍ ആവശ്യമുള്ളവര്‍ക്ക് നേരില്‍ വന്നു മീന്‍ ചൂണ്ടയിട്ട് പിടിക്കാമെന്നാണ് പറഞ്ഞു.
“ആവശ്യക്കാര്‍ വീട്ടില്‍ വന്നു ചൂണ്ടയിട്ട് പിടിച്ചോ. എന്നിട്ട് കിലോയ്ക്ക് 200 രൂപ തന്നാല്‍ മതി.. ഇതറിഞ്ഞ് കുടുംബത്തോടെയാണ് പലരും മീന്‍ പിടിക്കാന്‍ വന്നത്. അവധിക്കാലം കൂടിയായിരുന്നു. എല്ലാവരും ചൂണ്ടയുമായി വന്ന് മീന്‍ പിടിച്ചോ എന്നു പറഞ്ഞതു കേട്ട് കുറേ ആളുകളാണ് വന്നത്.
“രാവിലെ വന്ന് വൈകിട്ട് വരെ പറമ്പില്‍ മീന്‍ പിടുത്തവുമായി നിന്നവരുണ്ട്. അതുകൊണ്ട് മീന്‍ വില്‍ക്കാന്‍ ആരെയും തേടി പോകേണ്ടി വന്നില്ല. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള അവസരം കുറവല്ലേ.
“ആറ്റില്‍ പോയി മീന്‍ പിടിക്കാനിരുന്നാലും ഒരു മീന്‍ കൊത്തണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കണം. ഇതാണെങ്കില്‍ വേഗം മീന്‍ കിട്ടും..
ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍
“നട്ടറാണെങ്കില്‍ വേഗത്തിലാ ചൂണ്ടയില്‍ കുരുങ്ങുന്നത്. ഒരു ടീമിന് തന്നെ അഞ്ചാറ് കിലോയൊക്കെ ചൂണ്ടയിട്ട് മീന്‍ കിട്ടി. കഴിഞ്ഞ വര്‍ഷം ഇങ്ങനെയായിരുന്നു. ഇത്തവണ മീന്‍ ഇടാന്‍ പോകുന്നതേയുള്ളൂ.
കുമളിയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയാണ് പച്ചക്കറി വില്‍ക്കുന്നത്. കാക്കനാട്ടെ നാട്ടുചന്തയിലാണ് വില്‍പ്പന. ഇതൊരു രണ്ട് മണിക്കൂര്‍ ചന്തയാണ്. ഒരു ഐറ്റം മാത്രം വില്‍ക്കാന്‍ കൊണ്ടുപോകുന്നത് ലാഭകരമല്ല. അതുകൊണ്ടു തന്നെ ഒട്ടുമിക്ക എല്ലാ വിളകളും ഇവിടെയാണ് വില്‍ക്കുന്നത്.
ഒരാഴ്ചയില്‍ 30 കിലോ പയര്‍, 30 കിലോ ബീന്‍സ്, ഇതൊക്കെ ഉണ്ടെങ്കില്‍ വിറ്റു പോകും. പയര്‍ മാത്രം 500 കിലോയുണ്ടെങ്കില്‍ വില്‍ക്കാന്‍ പറ്റില്ല.. അതുകൊണ്ട് വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്തു കൊണ്ടുപോകുന്നു.
“കുറച്ചുകാലം മുന്‍പ് വരെ ഞാനും ചേട്ടായിയും കൂടെയാണ് പച്ചക്കറിയുമായി കൊച്ചിയിലേക്ക് പോയിരുന്നത് പകല്‍ മുഴവനും കൃഷിപ്പറമ്പിലായിരിക്കും.. പിന്നെ രാത്രി 12 മണിയോടെ വീണ്ടും വിളവെടുപ്പിന് പറമ്പിലേക്കിറങ്ങും.
“പിന്നെ എല്ലാം പറിച്ചെടുത്ത് ചാക്കിലാക്കി വെളുപ്പിന് പോരും. കൊച്ചിയിലേക്ക്. ആ തണുപ്പത്ത് ഇതൊക്കെ സ്കൂട്ടറില്‍ കെട്ടിവച്ചാണ് ഞാനും ചേട്ടായിയും കൂടെ വരുന്നത്. കുറച്ചു നാളായി ഇവിടെ നിന്നു കൊച്ചിയിലേക്കുള്ള വാനിലാണ് കൊടുത്തയക്കുന്നത്.
“ഒരു പശുവും ആടുകളും താറാവും കോഴിയും കാടയുമൊക്കെയുണ്ട്. കൃഷി ചെയ്ത് പരിചയമുണ്ടെങ്കിലും പശുവിനായോ ആടിനെയോ വളര്‍ത്തിയ പരിചയമൊന്നും ഇല്ലായിരുന്നു. അതിന്‍റെ പരിചയക്കുറവ് ഉണ്ടായിരുന്നു. മൃഗപരിപാലനം എന്നെ കൊണ്ട് പറ്റുന്ന പണിയല്ലെന്നാണ് കരുതിയിരുന്നത്.
“ആദ്യ കിടാവിനെ വാങ്ങി വളര്‍ത്തി നോക്കി.. കിടാവിനെ വളര്‍ത്തി വളര്‍ത്തി വന്നപ്പോ മനസിലായി.. പശുവിനെ വളര്‍ത്താനൊക്കെ പറ്റും. പിന്നെയാണ് ആടിനെ വാങ്ങിയത്. ഇപ്പോ അമ്മയും നാലു മക്കളുമടക്കം അഞ്ച് ആടുകളുണ്ട്.
മുയലിനെ വളര്‍ത്തുന്നുണ്ട്. ഇപ്പോ മൂന്ന് എണ്ണമേയുള്ളൂ. നേരത്തെ 20 എണ്ണമൊക്കെയുണ്ടായിരുന്നു. മുയല്‍ അധികം വളര്‍ത്താറില്ല.. പിന്നെ അധികകാലം അവയെ കൂട്ടിലിടില്ല.
കട്ടപ്പനയിലെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണിപ്പോള്‍. അവിടെ താമസിക്കുന്നവര് ഒന്നും നട്ടിട്ടൊന്നുമില്ല
കുഞ്ഞൊക്കെ ആകുമ്പോ മുയലിനെ കൊടുക്കും. വിറ്റ് വിറ്റ് ഇപ്പോ മൂന്നിലെത്തി. ഇനി അതിനു കുഞ്ഞുങ്ങളുണ്ടാകണം. ആവശ്യക്കാര്‍ വരുമ്പോ കൊടുക്കുന്നതാ പതിവ്.
“പത്ത് കാടയെ പരീക്ഷണാര്‍ഥം വളര്‍ത്തി തുടങ്ങിയിരിക്കുന്നു.. എട്ട് ഒമ്പത് കാടമുട്ട നിത്യേന കിട്ടുന്നുണ്ട്. ഇനിപ്പോ കാടകൃഷി ആരംഭിക്കാമെന്ന പ്ലാനിലാണ്.
“ആദ്യം ഒരു നൂറ് കാട പിന്നെ 200.. അങ്ങനെ കാടയുടെ എണ്ണം കൂട്ടി കൂട്ടി വരാല്ലോ എന്നാണ് പ്ലാന്‍ ചെയ്യുന്നത്. താറാവ് നാലെണ്ണമെയുള്ളൂ.. അതൊരു രസത്തിന് വളര്‍ത്തുന്നതാ.. അവര് ചുമ്മാ പറമ്പിലൂടെയൊക്കെ ഇങ്ങനെ കറങ്ങി നടന്നോളൂം.
“തേനീച്ച വലുതും ചെറുതും ഉണ്ട്. വലുതാണ് കൂടുതല്‍. 50 കൂടുണ്ട് തേനീച്ച. എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ്. ഇത്തവണ 80 കിലോ കിട്ടി.
“തേനെടുക്കുന്ന ദിവസം മുന്‍ക്കൂട്ടി ആവശ്യക്കാരോട് പറഞ്ഞുവയ്ക്കും. അവര് വരും.. തേനെടുക്കുമ്പോള്‍ തന്നെ കുപ്പിയിലാക്കി കൊടുത്തുവിടും. സീസണ്‍ കഴിഞ്ഞാല്‍ പിന്നെ തേനില്ല. ചെറുതേന്‍ നാലു കൂടേയുള്ളൂ. ഇത് അത്ര എളുപ്പമല്ല. തേനീച്ച കൃഷിയും കൂട്ടാനുള്ള ശ്രമത്തിലാണ്. രണ്ട് വര്‍ഷമായതല്ലേയുള്ളൂ..
“ജൈവവളമാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. ചാണകം, എല്ലുപ്പൊടി, വേപ്പിലപ്പിണ്ണാക്ക്, പഞ്ചഗവ്യം ഇതൊക്കെയാണ് വളമായി ഇടുന്നത്. ഗോമൂത്രം കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്.” കൃഷി കുറച്ചു കൂടി ഹൈടെക്ക് ആക്കുകയാണെന്നു ബിന്‍സി പറയുന്നു.
ഇതുകൂടി വായിക്കാം: 10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം
“നിലത്ത് ഷീറ്റ് വിരിച്ചിട്ടുള്ള കൃഷിയാകുമ്പോള്‍ വെള്ളത്തിന് ഇറിഗേഷന്‍ ഡ്രിപ്പ് ഇട്ടു കൊടുത്താല്‍ മതി. ഇതാകുമ്പോള്‍ ഏതുനേരവും പരിചരണം വേണ്ട. വളമൊക്കെ ആ തൈയുടെ ചുവട്ടില്‍ തന്നെയുണ്ടാകും. പിന്നെ കളകളൊന്നും വളരില്ല.. തോട്ടത്തില്‍ കള പറിച്ചു കളയുന്നതാണ് കഷ്ടപ്പാടുള്ള പണി.
“കുമളിയില്‍ ചായപ്പീടിക എന്നൊരു പ്രാദേശിക കൂട്ടായ്മയുണ്ട്. പ്രസിഡൻും പഞ്ചായത്ത് സെക്രട്ടറിയും കര്‍ഷകരുമൊക്കെയുള്ള ഗ്രൂപ്പാണിത്. കൃഷിക്കാര്യങ്ങളൊക്കെ ഈ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യാറുണ്ട്.
ഇതുകൂടി വായിക്കാം: ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം
“കൃഷി മാത്രമല്ല എല്ലാ വിഷയങ്ങളും സംസാരിക്കും. ഇതൊരു വലിയ പിന്തുണയാണ് നല്‍കുന്നത്. ചേട്ടായിയുടെ സ്വന്തം സ്ഥലം പശുപ്പാറയാണ്. ഏലപ്പാറയിലെ ഹെലിബെറിയയാണ് എന്‍റെ നാട്, ബിന്‍സി.
കുറെ പുരസ്കാരങ്ങളും ബിന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഹരിതം ജീവനം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ അവാര്‍ഡ്, സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍റെ അക്ഷയശ്രീ, കാഡ്സിന്‍റെ ജൈവശ്രീ ഇങ്ങനെ…
ഭര്‍ത്താവും മക്കളുമാണ് എല്ലാ വിജയത്തിനും ‘കട്ട സപ്പോര്‍ട്ട്’ നല്‍കി കൂടെയുള്ളതെന്നു ബിന്‍സി പറയുന്നു. മൂത്തമകള്‍ ജിനു ബാംഗ്ലൂരില്‍ നഴ്സിങ്ങിന് പഠിക്കുന്നു. ജസിന്‍ പ്ലസ് വണ്ണിനും ജറിന്‍ ആറാം ക്ലാസിലുമാണ്.