കുറച്ചുവര്‍ഷം മുമ്പാണ്. കാക്കനാട്ട് ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഹഫീസ് അഷ്റഫിന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്–ഒരു പെണ്‍കുഞ്ഞ്.
കുഞ്ഞുവാവക്ക് നല്‍കാന്‍ ശുദ്ധമായ പാലിന് കൊച്ചി നഗരം മുഴുവന്‍ ഹഫീസ് ഓടി. പക്ഷെ നിരാശയായിരുന്നു ഫലം എന്ന് ഹഫീസ് പറയുന്നു.
കവറുപാലൊക്കെ വ്യാപകമാവുന്നതിന് മുമ്പ്, കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങുന്ന കറവച്ചൂടുമാറാത്ത ശുദ്ധമായ പാലിനെക്കുറിച്ച് ഒട്ടൊരു ഗൃഹാതുരതയോടെ നഗരവാസികള്‍– ഇപ്പോള്‍ ഗ്രാമവാസികള്‍ പോലും– ഓര്‍ത്തുപോവും. കുഞ്ഞുങ്ങളുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും.
ഹഫീസും ആ വഴിക്കാണ് ചിന്തിച്ചത്.
ഒരു പുതിയ സ്ഥാപനം തുടങ്ങുന്നതിലാണ് ആ ചിന്ത ചെന്നുനിന്നത്.
നല്ല പാല്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള ഒരു കമ്പനി.പൂക്കാട്ടുപടിയിലെ ഡെയ്ലി ഡെയറി എന്ന സ്ഥാപനം കെട്ടിപടുക്കുന്നത് അങ്ങനെയാണ്.
ഇപ്പോള്‍ കൊച്ചി നഗരത്തിന് പരിശുദ്ധമായ പാല്‍ എത്തിക്കുന്ന തിരക്കിലാണ് ഹഫീസ് അഷ്റഫ്. അതിരാവിലെ പാസ്ചറൈസ് ചെയ്ത പാല്‍ നിറച്ച ചില്ലുകുപ്പികളുമായി വാഹനങ്ങള്‍ പൂക്കാട്ടുപടിയിലെ ഹഫീസിന്‍റെ സ്ഥാപനത്തില്‍ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് തിരിക്കും. ഫ്ലാറ്റുകളിലും വീടുകളിലുമായി നൂറുകണക്കിന് ഉപഭോക്താക്കള്‍ നാടന്‍ പാലിന് വേണ്ടി കാത്തിരിക്കുന്നുണ്ടാവും.
ഇതുകൂടി വായിക്കാം:കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍
മായവും കൃത്രിമ വസ്തുക്കളും അടങ്ങിയ പാല് വിപണിയില്‍ നിന്ന് വാങ്ങി കഴിക്കേണ്ടി വരുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഈ യുവാവിന്‍റെ പ്രവര്‍ത്തനം. ഒപ്പം ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും നല്‍കുന്നു.
ഇത് മായം ചേര്‍ക്കാത്ത പാലാണെന്ന് ഹഫീസ് ഉറപ്പുതരുന്നു.
പൂക്കാട്ടുപടിയില്‍ നിന്നും കുറച്ചകലെ അബുനാടിലാണ് ഹഫീസ് താമസിക്കുന്നത്. ഇവിടെയുളള ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ഹഫീസിന്‍റെ സംരംഭം. കര്‍ഷകരായ മാതാപിതാക്കളും കുടുംബവും പുതിയ സംരംഭത്തിന് പിന്‍തുണ നല്‍കിയതോടെ ഈ യാത്ര കൂടുതല്‍ സുഗമമായി.
പശുവിനെ വളര്‍ത്തി പാലെടുക്കുകയല്ല, ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ട് പാല്‍ ശേഖരിച്ച് പാസ്ച്ചുറൈസ് ചെയ്ത് ഗ്ലാസ് കുപ്പികളില്‍ നിറച്ച് വിതരണം ചെയ്യുകയാണ് ഹഫീസ് ചെയ്യുന്നത്. ഐസ് പായ്ക്ക് അടങ്ങിയ ബാഗിനൊപ്പം പാല്‍കുപ്പി ഇറക്കി വച്ചാണ് ഉപഭോക്താക്കള്‍ക്ക് അരികിലേക്ക് എത്തിക്കുന്നത്.
ഇതുകൂടി വായിക്കാം: ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്
സാധാരണ താപനിലയില്‍ പാല്‍ കേടാകും എന്നതിനാലാണ് ഐസ് പായ്ക്ക് നിറഞ്ഞ ബാഗിനൊപ്പം എത്തിക്കുന്നത്. ഇത് നാല് മണിക്കൂറോളം പുതുമയോടെ ഇരിക്കും എന്നാണ് ഹഫീസ് പറയുന്നത്. അലുമിനിയം ഫോയില്‍ ഉപയോഗിച്ച് സീല്‍ ചെയ്താണ് പാല്‍ പുറത്തെത്തിക്കുന്നത്.
ബാഗും പാല്‍ക്കുപ്പിയും അടുത്ത ദിവസം തിരിച്ചുകൊടുക്കണം. പാല്‍ക്കവറുകള്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം കുറക്കാനും ഇതുവഴി സാധിക്കും.
നല്ല പാല്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതില്‍ മാത്രമല്ല, ക്ഷീരകര്‍ഷകര്‍ക്ക് നല്ല വില ഉറപ്പാക്കുക കൂടി ചെയ്യുന്നുണ്ട് ഹഫീസ്.
സാധാരണ ഡയറികളില്‍ 33 രൂപയാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു ലിറ്ററിന് 40 രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയാണ് ഹഫീസ് പാല് ശേഖരിക്കുന്നത്.
നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുമായി ധാരണയിലെത്തിയ ശേഷമാണ് പാല്‍ വാങ്ങുന്നത്.
ഇതുകൂടി വായിക്കാം:റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി
ഓരോ ആഴ്ചയിലും കര്‍ഷകര്‍ക്കുളള തുക കൈമാറും. പാലില്‍ മായം ഉണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുകയും അങ്ങനെയെന്തെങ്കിലും കണ്ടെത്തിയാല്‍ ആ ആഴ്ചയിലെ വരുമനം നല്‍കില്ല എന്നുമാണ് തീരുമാനം, ഹഫീസ് പറയുന്നു. വില കൂടുതല്‍ നല്‍കുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ മായം ചേര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഓരോ ദിവസവും 2,000 ലിറ്റര്‍ പാലാണ് ഹഫീസിന്‍റെ കമ്പനി വില്‍പ്പനയ്ക്കെത്തിക്കുന്നത്. തന്‍റെ സംരംഭത്തെ കുറിച്ച് കേട്ട് കൂടുതല്‍ കര്‍ഷകര്‍ പാല്‍ നല്‍കാന്‍ സന്നദ്ധരായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫാമുകളില്‍ എത്തി പാലിന്‍റെ ഗുണനിലവാരം ബോധ്യപ്പെട്ടാണ് ഹഫീസ് വാങ്ങുന്നത്.
ഒന്നോ രണ്ടോ പശുക്കള്‍ ഉളളവരില്‍ നിന്നും ചെറിയ ഫാമുകളില്‍ നിന്നുമാണ് പാല്‍ വാങ്ങുന്നത്.
ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്ററിന് 64 രൂപ നിരക്കിലും അരലിറ്ററിന് 32 രൂപയ്ക്കുമാണ് പാല്‍ നല്‍കുന്നത്. സ്വന്തം വാഹനത്തില്‍ ആണ് വില്‍പ്പന നടത്തുന്നത്. രാവിലെ 3.30 ഓടെ വിവിധ സ്ഥലങ്ങളിലേക്ക് പാല്‍വണ്ടി പുറപ്പെടും. രാവിലെ ഏഴ് മണിയോടെ ആവശ്യക്കാര്‍ക്കുളള പാല്‍ വീട്ടില്‍ എത്തും. ഫ്ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിപണനം. കുടൂതല്‍ ഗുണഭോക്താക്കള്‍ എത്തുന്നത് അനുസരിച്ച് കൂടുതല്‍ വീടുകളിലേക്കും പാല്‍ നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പാല്‍ വില്‍പ്പന നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 15,000 രൂപ ശമ്പളവും 250 വീടിന് മുകളില്‍ കൊടുക്കുമ്പോള്‍ ഓരോ വീടിന് രണ്ട് രൂപ അധികവും നല്‍കും.
ഇതുകൂടി വായിക്കാം:ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍
പാലാരിവട്ടം, കലൂര്‍, ഹൈക്കോര്‍ട്ട് ജംങ്ഷന്‍, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, മുട്ടം, കാക്കനാട്, ഇടപ്പളളി എന്നിവിടങ്ങളില്‍ ഇപ്പോള്‍ പാല്‍ നല്‍കുന്നത്. പോകുന്ന വഴികളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള വീടുകളിലും പാല്‍ എത്തിക്കുന്നുണ്ട്, ഹഫീസ് വിശദീകരിക്കുന്നു.
പ്രളയകാലത്ത് കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടി. പെരുമ്പാവൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്നാണ് പാല്‍ ശേഖരിച്ചത്. അക്കാലത്ത് കുറച്ച് ദിവസം പാല്‍ വില്‍പന നിര്‍ത്തിവെക്കേണ്ടി വന്നു.
2016 ഓഗസ്റ്റിലാണ് പാല്‍വില്‍പ്പന രംഗത്തേക്ക് ഹഫീസ് കടന്നു വരുന്നത്. ഓരോ വര്‍ഷവും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഹഫീസ് പറയുന്നു.
പാല്‍ വില്‍പ്പനയ്ക്ക് അധികം പരസ്യം ഒന്നും നല്‍കാറില്ല. ആളുകള്‍ പരസ്പരം പറഞ്ഞ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതല്‍ പേര്‍ പാല് ആവശ്യപ്പെട്ടു വരുന്നത്, യുവ സംരംഭകന്‍ വിശദീകരിക്കുന്നു.
ഹഫീസിന്‍റെ നമ്പറില്‍ വിളിച്ച് ഉപഭോക്താവിന്റെ അഡ്രസും വിവരങ്ങളും കൈമാറുക. തൊട്ടടുത്ത ദിവസം പാല്‍ എത്തിക്കാന്‍ ആരംഭിക്കും.
ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍
ഇതു കൂടാതെ പാല്‍ വില്‍പ്പനയെ സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാനുളള മൊബൈല്‍ അപ്ലിക്കേഷനും അവതരിപ്പിക്കുന്നുണ്ട്. ഹഫീസിന്‍റെ നമ്പറില്‍ വിളിച്ചാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ഓപ്ഷന്‍ തരും.
പാല്‍ ഉപയോഗിച്ച് സംതൃപ്തരാകുന്നവര്‍ക്ക് കൂടുതല്‍ ആളുകളെ ഹഫീസിന് അരികിലെത്തിക്കാം. ഇത്തരത്തില്‍ ഉപഭോക്താക്കളെ നല്‍കുന്നവര്‍ക്ക് പാല്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
നല്ല പാലില്‍ നിന്നുണ്ടാക്കുന്ന തൈര് മണ്‍കുടത്തില്‍ നിറച്ച് വിതരണം ചെയ്യുന്നുണ്ട് ഹഫീസിന്‍റെ സ്ഥാപനം.
ഇതിനുപുറമെ മഞ്ഞള്‍ ചേര്‍ത്ത പാലും വിപണിയിലെത്തിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല്‍ പ്രമേഹം, അധിക കൊളസ്ട്രോള്‍ എന്നിവയ്ക്ക് പരിഹാരമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ടര്‍മറിക് മില്‍ക്കിന് ഒരു ലിറ്ററിന് 84 രൂപ നല്‍കണം. മണ്‍കുടത്തോടു കൂടിയുളള തൈരിന് 92 രൂപയാണ്.
ഭാര്യ റെയ്സ ഹഫീസയും, മക്കളായ ഈസയും മൂസയും അടങ്ങുന്നതാണ് ഹഫീസിന്‍റെ കുടുംബം