ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മിച്ചത് എറണാകുളം മുന്‍ കലക്റ്ററുടെ മകന്‍; മൈക്രോവേവ് അവന്‍ അടക്കം പലതും ആദ്യം അവതരിപ്പിച്ച സാഹസികന്‍

കാല്‍ നൂറ്റാണ്ട് മുന്‍പ് മൂന്ന് കോടി രൂപ ചെലവിട്ടാണ് എം ഡി ജോസ് തദ്ദേശീയമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് കാര്‍ ചാലക്കുടിയിലെ ഫാക്ടറിയില്‍ നിന്നും പുറത്തിറക്കുന്നത്.

ന്‍ഡ്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍.  നടി ദിവ്യ ഉണ്ണി മോഡലായെത്തിയ പച്ച നിറത്തിലുള്ള ആ ഇലക്ട്രിക് കാര്‍ കാണണമെന്നുണ്ടോ…അതിപ്പോഴും തൃശ്ശൂര്‍ ചാലക്കുടിയിലുണ്ട്.

ആ കാറുണ്ടാക്കിയത് ചാലക്കുടിക്കാരന്‍ എം ഡി ജോസാണ്.

കാല്‍നൂറ്റാണ്ട് മുന്‍പാണത്. ഇന്‍ഡ്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറും  അത് നിര്‍മ്മിച്ച ഫാക്റ്ററിയും ഇന്നും ചാലക്കുടിയിലുണ്ട്. പലരുടെയും എതിര്‍പ്പുകളുടെയും നിരുത്സാഹപ്പെടുത്തലുകളുടെയും മുന്നില്‍ തോല്‍ക്കാതെയാണ് എന്‍ജിനീയറായ എം.ഡി. ജോസ് ആ കാര്‍ ഇറക്കിയത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

പക്ഷേ, അധികം ആഘോഷിക്കപ്പെടാതെ പോയി ജോസും അദ്ദേഹം നിര്‍മിച്ച ഇ-കാറും.  ഒരു പക്ഷേ, ജോസ് ആ ശ്രമം നടത്തിയത് കാലത്തിന് അല്‍പം മുന്‍പേ ആയിരുന്നിരിക്കണം.

സ്വന്തം നാട്ടിലെ റോഡിലൂടെ ഓടിക്കാന്‍ പോലും അനുമതി കിട്ടിയില്ല. ബഹുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം ജോസിന് കിട്ടിയത് സാമ്പത്തികപ്രശ്നങ്ങള്‍ മാത്രം.

ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് കാര്‍

പ്രതിസന്ധികളില്‍ തളരാതെ 20 ഇലക്ട്രിക് കാറുകളുണ്ടാക്കി വിപണിയിലിറക്കി. പക്ഷേ അധികം വൈകാതെ ജോസ് അത് അവസാനിപ്പിച്ചു. അധികമാരും അറിയാതെയും അംഗീകരിക്കപ്പെടാതെയും പോയ ജോസിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഇളയമകന്‍ എം.ജെ. മാത്യു ജോസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഒരു വര്‍ഷം മുന്‍പ് അപ്പച്ചന്‍ മരിച്ചു. പക്ഷേ ഇപ്പോഴും പലരും അദ്ദേഹത്തെ അന്വേഷിച്ചു വരുന്നതും കാര്‍ കാണാനെത്തുന്നതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. 25 വര്‍ഷം മുന്‍പാണ് അപ്പച്ചന്‍ ഇലക്ട്രിക് കാര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്.

“കുറേ വര്‍ഷം മുന്‍പ് ആരംഭിച്ച പരീക്ഷണങ്ങള്‍‍ക്കൊടുവിലാണ് 1994-ല്‍ കാര്‍ പുറത്തിറക്കുന്നത്. 1986 തൊട്ടേ ഇങ്ങനെയൊരു കാറുണ്ടാക്കുന്നതിന്‍റെ പരീക്ഷണത്തിലായിരുന്നു. അന്നൊന്നും ഞങ്ങളാരും അപ്പച്ചനെ പ്രോത്സാഹിപ്പിക്കുകയൊന്നും ചെയ്തിരുന്നില്ല.

എഡ്ഡി ഇലക്ട്രിക് കാര്‍

“ആരും കേട്ടിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ചല്ലേ പറയുന്നത്. അപ്പച്ചന്‍റെ അപ്പന്‍ ഐ എ എസുകാരനായിരുന്നു. എറണാകുളം ജില്ലയുടെ ആദ്യ കലക്റ്ററായിരുന്ന എം.കെ. ദേവസി. പി എസ് സി ചെയര്‍മാനായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്. ആള്‍ക്കും ഇതിനോടൊക്കെ എതിര്‍പ്പായിരുന്നു. അപ്പച്ചന്‍റെ ദീര്‍ഘവീക്ഷണം ആര്‍ക്കും മനസിലായില്ലെന്നതാണ് നേര്.


 ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങായിരുന്നു അപ്പന്‍ പഠിച്ചത്. ബാംഗ്ലൂരില്‍ നിന്നാണ് അദ്ദേഹം എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയത്.


“കുറേ നാള്‍ ഈ കാറിന് പിന്നാലെ അപ്പന്‍ നടന്നിട്ടുണ്ട്.  പക്ഷേ ഇതുമാത്രമല്ല അപ്പനുണ്ടാക്കിയത്. വീട്ടില്‍ നിന്നു ആരും പ്രോത്സാഹിപ്പിച്ചില്ല.

“മാത്രമല്ല, ലോണിന് അപേക്ഷിക്കാന്‍ ചെല്ലുമ്പോള്‍ ബാങ്കുകാര്‍ ഓടിച്ചുവിടും. ഇതൊക്കെ നടക്കണ കാര്യമാണോയെന്നു ചോദിച്ചു കൊണ്ട്.

“അപ്പന്‍ ഇ-കാര്‍ വളരെ നേരത്തെ ചെയ്തു. ഇന്നൊക്കെയാണെങ്കില്‍ ഗംഭീരമായേനെ. അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തില്‍ ചെയ്ത കാര്യമായിരുന്നു ഇലക്ട്രിക് കാര്‍. അദ്ദേഹത്തിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ആരു എതിര്‍പ്പ് പറഞ്ഞാലും അദ്ദേഹം അതൊന്നും ശ്രദ്ധിക്കില്ലായിരുന്നു. അപ്പച്ചന് സ്വയം ഒരു വിശ്വാസമുണ്ടായിരുന്നു. അതു വിജയിക്കുകയും ചെയ്തു.

“1971ല്‍ ചാലക്കുടിയില്‍ പേട്ടയിലാണ് എഡ്ഡി കറന്‍റ് കൺട്രോൾസ് എന്ന സ്ഥാപനം അപ്പച്ചനാരംഭിക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകളോട് എന്നും താത്പ്പര്യമുണ്ടായിരുന്ന അപ്പച്ചന്‍ എന്നും ഇങ്ങനെ പലതും ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. മദ്രാസിലെ കാരെയ്ക്കുടി സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഗൈഡന്‍സിലാണ് കാര്‍ നിര്‍മിച്ചത്.

“ലവ് ബേഡ് എന്നായിരുന്നു ഇലക്ട്രിക് കാറിന്‍റെ പേര്. സ്റ്റീൽ ഷാസിയിൽ ഫൈബർ ഗ്ലാസിലാണ് കാര്‍ നിര്‍മിച്ചത്. രണ്ട് പേര്‍ക്കിരിക്കാവുന്നതായിരുന്നു അത്. ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരത്തില്‍ ഓടിക്കാം.

ഇതും ഒരു പ്രശ്നമായിരുന്നു ആള്‍ക്കാര്‍ക്ക്. അതുകൊണ്ടാണ് പിന്നീട് പാസഞ്ചേഴ്സ് വെഹിക്കിള്‍ എന്നതില്‍ നിന്നു മാറി ചിന്തിച്ചത് എന്ന് മാത്യു. ഇളം പച്ച നിറത്തിലാണ് ആദ്യവണ്ടി ഇറക്കുന്നത്. പിന്നീട് പല നിറത്തിലുള്ള കാറുകള്‍ വിപണിയില്‍ ഇറക്കി.

അമൃത കോളെജിന് വേണ്ടി എഡ്ഡി ഉണ്ടാക്കിയ ഇലക്ട്രിക് വെഹിക്കിള്‍

“ഇ-കാറിന്‍റെ ബാറ്ററിയും മോട്ടോറും  ഇവിടെ തന്നെയുണ്ടാക്കിയതാണ്.” ഇ-കാറിന്‍റെ നിര്‍മാണത്തെക്കുറിച്ച് മാത്യു വിശദമാക്കുന്നു. “കാറിന്‍റെ ബോഡിയായ ഫൈബര്‍ ഗ്ലാസും ഈ ഫാക്റ്ററിയില്‍ തന്നെയാണ് നിര്‍മിച്ചത്. പ്രീമിയര്‍ പദ്മിനി കാറില്ലേ.. അതിന്‍റെ ഗിയര്‍ബോക്സാണ് ഇതിനു ഘടിപ്പിച്ചത്. കാര്‍ നിര്‍മാണത്തിനുതകുന്ന തരത്തില്‍ ഫാക്റ്ററിയെയും മാറ്റിയെടുത്തിരുന്നു.

“നല്ല ചെലവും ഈ കാര്‍ നിര്‍മാണത്തിനുണ്ടായി. അന്ന് മൂന്നു കോടിയാണ് വേണ്ടി വന്നത്. ഇത്രയും വര്‍ഷം മുന്‍പ് കോടികള്‍ എന്നു പറയുമ്പോള്‍, അത്ര വലുതായിരുന്നു. പല പല ലോണുകളിലൂടെയാണ് ഇതൊക്കെ അപ്പച്ചനുണ്ടാക്കിയെടുക്കുന്നത്. പിന്നീട് ഇതൊരു വലിയ ബാധ്യതയായി മാറിയെന്നതു മറ്റൊരു സത്യം.


ഇതുകൂടി വായിക്കാം:  കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?


“1994-ല്‍ ഞാന്‍ എന്‍ജിനീയറിങ്ങൊക്കെ കഴിഞ്ഞു നില്‍ക്കുകയാണ്. അപ്പോഴേക്കും അപ്പച്ചന്‍ കാറിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയിരുന്നു. ഇലക്ട്രിക് കാറിന്‍റെ ടെസ്റ്റിനൊക്കെ അപ്പച്ചന്‍റെ കൂടെ ഞങ്ങളും പോയിട്ടുണ്ട്. വെഹിക്കിള്‍ റിസര്‍ച്ച് ഡവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ ടെസ്റ്റിനാണ് ഞങ്ങളൊരുമിച്ച് പോയത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു ടെസ്റ്റ്.

“ആ ടെസ്റ്റിനൊടുവില്‍ ഈ കാര്‍ റോഡിലോടിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടി. പിന്നെ, ഇതിനൊപ്പം ഓരോ സംസ്ഥാനങ്ങളും അനുമതി നല്‍കണം, നിരത്തിലോടിക്കാവുന്നതാണെന്ന്. ബെംഗളൂരു, രാജസ്ഥാന്‍, മദ്രാസ്, ഗുജറാത്ത്.. ഇവിടെയൊക്കെ പോയി ടെസ്റ്റ് നടത്തി, വിജയിക്കുകയും ചെയ്തു. അങ്ങനെ ഈ നഗരങ്ങളിലൊക്കെ ഇലക്ട്രിക് കാര്‍ ഉപയോഗിക്കാനുള്ള അനുമതിയും കിട്ടി.”

പക്ഷേ കേരളത്തില്‍ അനുമതി കിട്ടിയില്ല. എ ആര്‍ ഇ( ഓട്ടോമോട്ടീവ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റ്) യുടെ ടെസ്റ്റില്‍ അപ്രൂവല്‍ കിട്ടിയില്ല. അതുകൊണ്ട് കേരളത്തിലെ റോഡുകളില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല.

“പക്ഷേ വീണ്ടും അദ്ദേഹം ഇലക്ട്രിക് കാര്‍ നിര്‍മിച്ചു. നിര്‍മിക്കുക മാത്രമല്ല ഇന്‍ഡ്യയുടെ വിവിധ ഇടങ്ങളില്‍ നിന്നു ഈ കാറിനു ആവശ്യക്കാരെ കിട്ടുകയും ചെയ്തു. ഇരുപത് ഇലക്ട്രിക് കാറുകളാണ് പിന്നീടുണ്ടാക്കിയത്.

എം ഡി ജോസ് ആദ്യമായി ഉണ്ടാക്കിയ ഇലക്ട്രിക് കാര്‍ മോഡല്‍

“ചെന്നൈയിലെ അപ്പോളോ ആശുപത്രിയും ചെന്നൈയിലെ തന്നെ മ‍ൃഗശാലയും കാര്‍ വാങ്ങി. ചില വൃക്തികളും ഈ കാര്‍ വാങ്ങിയിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ നിന്നാരും വാങ്ങിയില്ല.


അഞ്ചു വര്‍ഷം തുടര്‍ച്ചയായി കാര്‍ നിര്‍മിച്ചു വിപണിയിലിറക്കി.


“1. 5 ലക്ഷം രൂപയായിരുന്നു കാറിന്‍റെ വില. അഞ്ച് വര്‍ഷം കൊണ്ട് 20 കാറുകളാണ് നിര്‍മിച്ചത്.  കാര്‍ നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ സബ്സിഡിയും ലഭിച്ചിരുന്നു. ഒരു കാറിന് 45,000 രൂപയാണ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കിയത്. പക്ഷേ ഇടക്കാലത്ത് ആ സബ്സിഡി  സര്‍ക്കാര്‍  അവസാനിപ്പിച്ചു.”

അതോടെ കാര്‍ നിര്‍മാണത്തിന് സാമ്പത്തികം വലിയൊരു പ്രശ്നമായി മാറി. പിന്നീട് അതവസാനിപ്പിക്കുകയായിരുന്നുവെന്നു എഡ്ഡി കറന്‍റ് കൺട്രോൾസിന്‍റെ ഡയറക്റ്റര്‍മാരിലൊരാള്‍ കൂടിയായ മാത്യു പറയുന്നു.

എഡ്ഡി നിര്‍മ്മിച്ച പല തരം ഇലക്ട്രിക് വീല്‍ ചെയറുകള്‍ വീല്‍ ചെയര‍് സൈക്കിള്‍

ഇലക്ട്രിക് കാറുകള്‍ മാത്രമല്ല ഇലക്ട്രിക് ട്രക്കുകളും ഫാക്റ്ററിയില്‍ നിര്‍മിച്ചിരുന്നുവെന്നു മാത്യു പറയുന്നു. ഫാക്റ്ററിക്കുള്ളിലൂടെയൊക്കെ ഓടിക്കാവുന്ന ചെറിയ ട്രക്കുകളാണത്. ഫാക്റ്ററികളിലേക്കും റെയ്ല്‍വേയിലേക്കുമൊക്കെ ഈ കൊച്ചു ട്രക്കുകള്‍ കൊടുത്തിരുന്നു. പ്ലാറ്റ് ഫോം ട്രക്കുകള്‍ എന്നാണിതിന് പറയുന്നത്.

“കഴിഞ്ഞവര്‍ഷാവസാനം കുറേ ഓര്‍ഡറുകള്‍ ഇതിന് ലഭിച്ചു. ഇന്‍ഡ്യന്‍ നേവിയുടെ 20 ഓര്‍ഡറുകളാണ് കിട്ടിയിരിക്കുന്നത്. റെയില്‍വേയും പ്ലാറ്റ്ഫോം ട്രക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

“നഷ്ടം വന്നതോടെ അവസാനിപ്പിച്ചതാണ് ഇലക്ട്രിക് കാര്‍ നിര്‍മാണം. പക്ഷേ കഴിഞ്ഞ വര്‍ഷം വീണ്ടും നിര്‍മാണം ആരംഭിച്ചു. 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇലക്ട്രിക് കാര്‍ വീണ്ടും നിര്‍മിക്കുന്നത്.

“പാലക്കാട്ടെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്നും ഓര്‍ഡര്‍ കിട്ടി. ക്യാംപസില്‍ ഓടിക്കാന്‍ സാധിക്കുന്നൊരു ഇലക്ട്രിക് കാറാണ് അവര്‍ക്ക് വേണ്ടത്.

ഏറ്റവും മികച്ച വ്യാവസായിക ഉല്‍പന്നത്തിനുള്ള അവാര്‍ഡ് എഡ്ഡി നിര്‍മ്മിച്ച സ്വിച്ച്ഡ് റെലുക്റ്റന്‍സ് ഡ്രൈവിന് നല്‍കിയ ശേഷം അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി യന്ത്രം പരിശോധിക്കുന്നു. മന്ത്രിയുടെ വലതുവശത്ത് നില്കുന്നത് എം ഡി ജോസ്.

“കാറിന്‍റെ നിര്‍മാണമൊക്കെ കഴിഞ്ഞു. പക്ഷേ കോളെജുകാര്‍ക്ക് ഇ-കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക മോട്ടോര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വിച്ച്ഡ് റിലക്റ്റന്‍സ് മോട്ടോര്‍ എന്നാണ് പേര്. ഇതാണ് ഇ- കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കാം: എം.ടെക്കുകാരന്‍റെ പലചരക്കുകട ആറുമാസം കൊണ്ട് ഒഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍


ഇ-കാറിനോട് വീണ്ടും ആളുകള്‍ക്ക് താത്പര്യം കൂടുകയാണ് എന്നാണ് മാത്യുവിന്‍റെ അനുഭവം. നിരത്തിലോടിക്കാനല്ല പലരും കാര്‍ ആവശ്യപ്പെടുന്നത്. വലിയ ഫാക്റ്ററികള്‍ക്കുള്ളിലൂടെ, എയര്‍പോര്‍ട്ടുകളില്‍, വലിയ കോളെജ് ക്യാംപസുകളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍… ഇവര്‍ക്കൊക്കെയാണ് ഇ-കാര്‍ വേണ്ടത്.

ഇലക്ട്രിക് പ്ലാറ്റ് ഫോം വെഹിക്കിളുകള്‍ എഡ്ഡിയുടെ ഫാക്ടറിയില്‍ നിന്നും പുറത്തേക്ക്…

ജോസ് നിര്‍മിച്ചതു രണ്ട് സീറ്റിന്‍റെ ഇലക്ട്രിക് കാര്‍ ആയിരുന്നുവെങ്കില്‍ മകന്‍റെ നേതൃത്വത്തില്‍ നാലു സീറ്റ് കാറാണ് നിര്‍മിച്ചിരിക്കുന്നത്. ആവശ്യക്കാര്‍ പറയുന്നത് അനുസരിച്ച് രണ്ട് സീറ്റോ നാലു സീറ്റോ ചെയ്തു കൊടുക്കാമെന്നാണ് മാത്യു പറയുന്നത്.

“അമൃത കോളെജിന് വേണ്ടി നാലു സീറ്റ് കാറാണ് നിര്‍മിച്ചിരിക്കുന്നത്. ക്യാംപസില്‍ ഓടിക്കാവുന്ന കാറാണ് ഇവര്‍ക്ക് ചെയ്തിരിക്കുന്നത്. അവരുടെ ഒരു പ്രൊജക്റ്റിന് വേണ്ടിയാണിത് ചെയ്തു കൊടുത്തിരിക്കുന്നത്.

“കുറേ നാള്‍ ഈ കാറിന് പിന്നാലെ അപ്പച്ചന്‍ നടന്നിട്ടുണ്ട്. പക്ഷേ ഇതുമാത്രമല്ല അപ്പച്ചനുണ്ടാക്കിയത്. ഇവിടെ ചാലക്കുടിയിലെ ഫാക്റ്ററിയില്‍ വന്നാല്‍ കാണാം. ഇതുപോലെ അദ്ദേഹം പലതും പരീക്ഷിച്ചിട്ടുണ്ട്.

എഡ്ഡി പുറത്തിറക്കിയ ഇന്‍ഡ്യയിലെ ആദ്യ മൈക്രോവേവ് അവ്ന്‍

“ഡ്രോണ്‍, ഇലക്ട്രിക് ബൈക്ക്, വീല്‍ച്ചെയറുകള്‍, മൈക്രോ വേവ് അവ്നില്ലേ.. മൈക്രോ അവ്ന്‍ ആദ്യമായി ചെയ്യുന്നത് ഇവിടെ ഈ ഫാക്റ്ററിയിലായിരുന്നു. എണ്‍പതുകളിലാണ് ഇതൊക്കെ ചെയ്യുന്നത്. പുതുതായി എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വലിയ ഇഷ്ടം.

“ഈ കാര്‍ നാട്ടിലൊക്കെ ഓടിക്കുമ്പോള്‍ ആളുകള്‍ വന്നു കൂടും. കൗതുകത്തോടെയാണ് കാറിനെ പലരും നോക്കി നിന്നത്. പുതിയ സംരംഭം എന്നതില്‍ എല്ലാവരും പിന്തുണച്ചു.

“പക്ഷേ സ്വന്തം നാട്ടിലെ റോഡിലൂടെ ഈ കാറോടിക്കാനുള്ള അനുമതിയുണ്ടായില്ലെന്നു മാത്രം. സംസ്ഥാനത്തിന് പുറത്ത് പലരും ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലൂടെ സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ടായെങ്കിലും പിന്നീട് അതെല്ലാം മറികടക്കാന്‍ സാധിച്ചുവെന്നു മാത്യു.

1971-ലാണ് എഡ്ഡി കറന്‍റ് കൺട്രോൾസ് എന്ന കമ്പനി ആരംഭിക്കുന്നത്. പവര്‍ പ്ലാന്‍റ്സ്, ഷുഗര്‍ മില്‍സ്, ടെക്സ്റ്റൈല്‍, സിമന്‍റ് വ്യവസായം പോലുള്ളവയ്ക്ക് ആവശ്യമായ വ്യത്യസ്തതരത്തിലുള്ള സ്പീഡ് മോട്ടോര്‍ ഉണ്ടാക്കിയാണ് കമ്പനിയുടെ തുടക്കം.

കമ്പനിയിലെ ആദ്യ ഉത്പന്നം ഈ മോട്ടോര്‍ ആയിരുന്നു. ഇപ്പോഴുമുണ്ടിതിന്‍റെ നിര്‍മാണം. പുതിയ പ്രൊഡക്റ്റുകള്‍ വിപണിയില്‍ സുലഭമാണെങ്കിലും ഈ മോട്ടോറിനും ആവശ്യക്കാരുണ്ട്.

പല പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നൊക്കെ കരകയറിയതും ഇതിലൂടെയാണ്. കമ്പനി ആരംഭിച്ച കാലം തൊട്ടേ കാറുണ്ടാക്കാനും അപ്പച്ചന്‍ ശ്രമിച്ചിരുന്നുവെന്നു മാത്യു പറയുന്നു.

എഡ്ഡി പുറത്തിറക്കിയ ഇലക്ട്രിക് സൈക്കിള്‍

മാത്യുവിന് പുറമെ സഹോദരന്‍ ഡോ. എം ജെ ഡേവിസും അമ്മ റീത്തയും കമ്പനിയുടെ ഡയറക്റ്റര്‍മാരാണ്. എം.ജെ. ഡേവിസ് പീഡിയാട്രീഷ്യനാണ്. അതിനൊപ്പം ഫാക്റ്ററി കാര്യങ്ങളിലും സജീവമാണ്.


ഇതുകൂടി വായിക്കാം: 11,500 അടി ഉയരത്തിലെ തണുത്ത മരുഭൂമിയില്‍ മരങ്ങള്‍ നട്ട് ദാരിദ്ര്യം മാറ്റിയ കര്‍ഷകന്‍


കമ്പനിക്ക് കോയമ്പത്തൂരില്‍ ഒരു ഫാക്റ്ററി കൂടിയുണ്ട്. മാത്യുവിന്‍റെ രണ്ടുമക്കളില്‍ മൂത്തയാളായ അരുണ്‍ മാത്യുവാണാണ് കോയമ്പത്തൂരിലെ കാര്യങ്ങള്‍ നോക്കുന്നത്. രണ്ടാമന്‍ കിരണ്‍ മാത്യു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. ബിന്‍സിയാണ് ഭാര്യ.

“ചേട്ടനും കുടുംബവുമാണിപ്പോള്‍ മാളയിലെ തറവാട്ടുവീട്ടില്‍ താമസിക്കുന്നത്. മൂന്നുമക്കളാണ് ചേട്ടന്. ഫോണ്‍സയാണ് ഭാര്യ. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മുരിയാടാണ് ഞാനും അമ്മയും കുടുംബവുമൊക്കെ താമസിക്കുന്നത്,” മാത്യു പറഞ്ഞു.

***

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: http://eddyindia.in/
ചിത്രങ്ങള്‍ക്ക് കടപ്പാട്: എഡ്ഡി ഇന്‍ഡ്യ, എഡ്ഡി ഇന്‍ഡ്യ ഫേസ്ബുക്ക് പേജ്,

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം