കട്ട ഫ്രണ്ട്സ്. എവിടെ പോകണമെങ്കിലും ഒരുമിച്ച്. ഇത്തിരി നേരം കിട്ടിയാല്‍ മതി അപ്പോ തന്നെ സൊറ പറയാന്‍ ഒരുമിച്ചു കൂടും. എത്രനേരം വിശേഷം പറഞ്ഞിരുന്നാലും അവര്‍ നാലുപേര്‍ക്കും മടുക്കില്ല. അതിനിടയ്ക്കാണ് നാടുചുറ്റാന്‍ പോയാലോ എന്നൊരു ചിന്ത വരുന്നത്.
പിന്നെ ഒന്നും നോക്കിയില്ല… യാത്രകള്‍ ആരംഭിച്ചു. 2011-ല്‍ തുടങ്ങിയതാണ് അവരുടെ യാത്രകള്‍. യാത്രകളുടെ നൂറായിരം സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്ന ന്യൂജെന്‍ ഫ്രണ്ട്സ് അല്ല ഇവര്‍. പ്രായമായാല്‍ കൊച്ചുമക്കളെ കൊഞ്ചിച്ച് വീട്ടിലിരിക്കണമെന്ന നാട്ടുനടപ്പിനെ പൊളിച്ചടുക്കിയാണ് കണ്ണൂര്‍ അഴീക്കോട്ടുകാരായ ഈ അമ്മൂമ്മമാര്‍ നാടുമുഴുവന്‍ കറങ്ങി നടക്കുന്നത്.
70-കാരിയായ കാര്‍ത്ത്യായനി ചേച്ചിയാണ് സംഘത്തലൈവി. ഉഷയും രമണിയും സരസ്വതിയുമൊക്കെ ഗോവയും ഡല്‍ഹിയും പഞ്ചാബുമൊക്കെ ചുറ്റിക്കറങ്ങിയതും കാര്‍ത്ത്യായനിയ്ക്കൊപ്പമാണ്. മക്കള്‍ കൊടുക്കുന്ന പൈസയില്‍ നിന്നു മിച്ചം പിടിച്ച് നാടുചുറ്റാനിറങ്ങിറങ്ങിയ ഫ്രീക്കത്തി അമ്മൂമ്മമാര്‍ പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ വര്‍ത്തമാനം പറഞ്ഞു തുടങ്ങുകയാണ്.
യാത്രകള്‍ പ്രകൃതിയോടിണങ്ങി, നാടിനെ അറിഞ്ഞാവുമ്പോള്‍ അതിന് രസമൊന്നുവേറെയാണ്. പ്രകൃതി സൗഹൃദ യാത്രാ പാക്കേജുകള്‍ക്കായി സന്ദര്‍ശിക്കൂ. shop.thebetterindia.com
“നിങ്ങള് പൊളിയാണല്ലോ… യാത്രകളൊക്കെ പോയി തകര്‍ക്കുവാണല്ലോ..” എന്നു ചോദിച്ചപ്പോള്‍ ഉഷ ചേച്ചി ഉച്ചത്തില്‍ ചിരിച്ചു:
“അടിപൊളിയൊന്നും അല്ലപ്പാ.. നമ്മളെ കൊണ്ട് കഴിയണത്, പറ്റുന്നിടത്തോളം പോകുക അത്രമാത്രം. മ്മ്ക്ക് യാത്ര പോകാനിഷ്ടമാണ്. അത് ഒര് സന്തോഷാ.. വീട്ടില്‍ ജോലിയൊക്കെയെടുത്ത് മക്കളെയും നോക്കി ഇരിക്കല്ലാര്‍ന്നോ.. ഇതിപ്പോ മനസിനൊരു സന്തോഷം..”
വീട്ടില്‍ ചടഞ്ഞുകൂടി അസുഖങ്ങളെക്കുറിച്ച് പരാതി പറഞ്ഞ് ഇരിക്കുന്നതിന് പകരം അവര്‍ നാലുപേരും യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.
“എവിടെയെങ്കിലും യാത്ര പോണം പോണം എന്ന് ഞങ്ങള് ഇടയ്ക്കിടെ പറയാറുണ്ട്. വീട്ടില്‍ തന്നെ കുത്തിയിരിന്നിട്ട്… വേറൊരു പണിയുമില്ലല്ലോ. ഒരു ദിവസം കാര്‍ത്തുചേച്ചിയാണ് യാത്ര പോകുന്നതിനെക്കുറിച്ച് വീണ്ടും പറയുന്നത്. ഞാനും ഓരും അടുത്തടുത്ത വീട്ടിലാണ് താമസിക്കുന്നത്. അപ്പുറം ഇപ്പുറവുമാണ്,” ഉഷച്ചേച്ചി തുടരുന്നു.
“രമണിയേച്ചിയും സരസ്വതിചേച്ചിയും കുറച്ചപ്പുറത്താണ് താമസിക്കുന്നത്. അത്ര വലിയ ദൂരമൊന്നുമില്ല… നടന്നുപോകാനുള്ള ദൂരമേയുള്ളൂ. ഞങ്ങളൊക്കെ പണ്ടേ ഫ്രണ്ട്സാണ്.
“ഞാനെന്‍റെ ചെറിയ പ്രായം തൊട്ടേ കാര്‍ത്തുവേച്ചിയെയും രമണിയേച്ചിയെയും സരസുചേച്ചിയെയുമൊക്കെ കാണുന്നതാണ്. എപ്പഴോ വര്‍ത്തമാനത്തിനിടയിക്ക് യാത്ര പോകാന്‍ തീരുമാനിച്ചു.” വടക്കേ വളപ്പില്‍ ഉഷ പറഞ്ഞു.
മക്കളും കൊച്ചുമക്കളുമൊക്കെയായി ജീവിക്കുന്നോരല്ലേ… പെട്ടെന്ന് യാത്ര എന്നു പറഞ്ഞിറങ്ങാന്‍ പറ്റുവോന്ന് ചോദിക്കുന്നു നാലംഗസംഘത്തിന്‍റെ കാരണവത്തി കാര്‍ത്ത്യായനിയമ്മ.
മക്കളോടൊക്കെ ചോദിക്കണ്ടേ. മ്മ്ടെ കൈയിലെവിടെന്നാ കാശ്.
“യാത്ര പോകണമെങ്കില്‍ ഓര് പൈസ തരണ്ടേ. പൈസയ്ക്ക് മുന്‍പേ വീട്ടിലുള്ളവരോടൊക്കെ പറഞ്ഞു, ഞങ്ങ്ടെ ആഗ്രഹത്തെക്കുറിച്ച്.
“എല്ലാരും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ളവരല്ലേ. എന്‍റെ പേരക്കുട്ടിയുടെ വരെ കല്യാണം കഴിഞ്ഞു. ഈ വയസാംകാലത്ത് മൂന്നാലു പെണ്ണുങ്ങള്‍ മാത്രം യാത്ര പോകുന്നുവെന്നു പറഞ്ഞാലെങ്ങനെയുണ്ടാകും?” കാര്‍ത്തുച്ചേച്ചിക്കും അതോര്‍ക്കുമ്പോ ചിരി വരുന്നു.
ഇതുകൂടി വായിക്കാം: ‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
“പക്ഷേ ഞങ്ങളുടെ വീട്ടുകാര്‍ക്കൊന്നും എതിര്‍പ്പില്ലായിരുന്നു. മക്കളും മരുമക്കളുമൊക്കെ സപ്പോര്‍ട്ട് തന്നു. എന്‍റെ മക്കള്‍ രണ്ടാളും മിലിട്ടറിക്കാര്‍ ആയിരുന്നു. അവരിങ്ങനെ പല പല സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞു തരും.
“അതൊക്കെ കേട്ട് കാണാന്‍ കൊതി തോന്നും. അങ്ങനെയാണ് യാത്ര പോകണമെന്ന ആഗ്രഹം മനസില്‍ വരുന്നത് തന്നെ. മക്കളൊക്കെ പറഞ്ഞുകേട്ടതിന്‍റെയൊരു ആവേശത്തിലാണ് യാത്ര പോയി തുടങ്ങുന്നത്,” പുത്തലത്ത് വീട്ടില്‍ കാര്‍ത്ത്യായനി പറയുന്നു.
“ഞാനീക്കാര്യം വീട്ടില്‍ ഭര്‍ത്താവിനോടും മക്കളോടും പറഞ്ഞു.” ആദ്യയാത്ര പോകാനിറങ്ങിയതിനെക്കുറിച്ച് കുറിച്ച് ഉഷ ചേച്ചി പറയുന്നു. “നിങ്ങള് പെണ്ണുങ്ങള് മാത്രം എങ്ങനെയാ.. എന്നൊക്കെ അവരെല്ലാം ചോദിച്ചു. പക്ഷേ സാരമില്ലെന്നൊക്കെ പറഞ്ഞ് ഞങ്ങള് നാലാളും കൂടീട്ട് കൊല്ലൂര്‍ക്ക് പോയി.”
ആദ്യയാത്ര പോയി വന്നതോടെ അവര്‍ക്ക് അടുത്ത യാത്ര എത്രയും പെട്ടെന്ന് പോകണമെന്നായി. നാലുപേരും സന്തോഷത്തോടെ തിരിച്ചുവന്നതോടെ വീട്ടുകാര്‍ക്കും വിശ്വാസമായി.
“യാത്ര പോകുന്നതിന് മക്കളും കൊച്ചുമക്കളും ആരുമൊന്നും പറയാറില്ല.. പോയ്ക്കോളൂ എന്നാണ് അവരൊക്കെ പറയുന്നത്.
പിന്നെ നാട്ടുകാര്.. അവര് നല്ലതു പറയാനും വെടക്ക് പറയാനുമുണ്ടാകുമല്ലോ. അതൊന്നും നോക്കാറില്ല. മ്മ്ടെ വീട്ടുകാരുടെ കാര്യം മാത്രേ നോക്കുന്നുള്ളൂ.
“യാത്ര പോകുന്നതിന് പൈസയൊന്നും ഇല്ലാല്ലോ.. മക്കള് തന്നെ പൈസ കൊണ്ട് പോകേണ്ടേ നമ്മള്. ജോലിക്കൊന്നും പോകുന്നവരല്ലല്ലോ ഞങ്ങള്‍. മക്കള് തരുന്ന പൈസ സ്വരൂപിച്ച് വച്ചാണ് പോകുന്നത്. വീട്ടാവശ്യത്തിനും മറ്റും അവര് പൈസ തരുമല്ലോ. അതില്‍ നിന്നൊക്കെ മിച്ചം വരുത്തി കൂട്ടിവെച്ചാണ് യാത്ര പോകാനുള്ള പൈസ കണ്ടെത്തിയത്. ഞാന്‍ മാത്രമല്ല എല്ലാരും അങ്ങനെ തന്നെയായിരുന്നു,” ഉഷച്ചേച്ചി വിശദമാക്കി.
“ആദ്യത്തെ യാത്ര 2011-ല്‍ മൂകാംബികയിലേക്ക്. യാത്രകള്‍ അധികവും ക്ഷേത്രങ്ങളിലേക്കായിരുന്നു. ആ യാത്രകള്‍ക്കിടയ്ക്ക് മറ്റു സ്ഥലങ്ങളിലും പോയി. ഞങ്ങള് പ്രായമായ ആളുകളല്ലേ, ചെറുപ്പക്കാരെ പോലെയല്ലല്ലോ.
“മൂകാംബികയ്ക്ക് നമ്മള് പെണ്ണുങ്ങള് മാത്രമായിരുന്നു. ആണ്ണുങ്ങളൊന്നുമില്ല. രാവിലെ തന്നെ വീടിനടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോക്കല്‍ ട്രെയ്നില്‍ കയറി മംഗലാപുരത്തേക്ക്. അവിടുന്ന് കൊല്ലൂരിലേക്ക് ബസിന്.
“കൊല്ലൂരിലെത്തി, റൂം എടുത്തു. ഒരു കൊച്ചു മുറി. അത്ര വലുതൊന്നുമല്ല. അതിനുള്ള പൈസയല്ലേ നമ്മുടെ കൈയിലുള്ളൂ. കുറഞ്ഞ വാടകയ്ക്ക് എല്ലാര്‍ക്കും കൂടി താമസിക്കാനൊരു മുറി അത്രേയുള്ളൂ. കുളിച്ച് അമ്പലത്തിലൊക്കെ പോയി, അമ്പലത്തിലെ ഭക്ഷണമൊക്കെ കഴിച്ച് രണ്ട് ദിവസം അവിടെ തങ്ങി. ഈ യാത്രയില്‍ എന്‍റെ അമ്മയും കൂടെയുണ്ടായിരുന്നു,” ഉഷച്ചേച്ചി ഓര്‍ക്കുന്നു.
“ഞാനും സരസ്വതി ചേച്ചിയും കാര്‍ത്തിചേച്ചിയും പിന്നെ അമ്മയുമാണ് ആദ്യയാത്രയിലുണ്ടായിരുന്നത്. ജാനകിയമ്മയെന്നാണ് അമ്മയുടെ പേര്. 70 വയസുണ്ട്. പിന്നെയുള്ള യാത്രയ്ക്കൊന്നും അമ്മ വന്നില്ല.
“കാല്‍മുട്ട് വേദനയുണ്ട് അമ്മയ്ക്ക്. ആ വേദനയും കൊണ്ട് യാത്രയൊന്നും പോകാനാകില്ല.
അമ്മ മാറിയതോടെ നാലാമത്തെ ആളായി രമണി ചേച്ചി വരികയായിരുന്നു. എട്ട് വര്‍ഷത്തിനിടയില്‍ നൂറിലേറെ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്.
“പിന്നേം കൊല്ലൂര്‍ക്ക് പോയിട്ടുണ്ട്. മ്മ്ള് നാലു പേരും കൂടി തന്നെ. മൂന്നുനാലു തവണ കൊല്ലൂര് പോയി. കഴിഞ്ഞ കൊല്ലം വരെ കൊല്ലൂര്‍ പോയി. അവിടെ നിന്ന് ആദ്യം മൂകാംബികയില്‍ മാത്രം പോയി. പിന്നത്തെ പോക്കിലാണ് കൊല്ലൂരില്‍ നിന്ന് പിന്നെ കുടജാദ്രിയ്ക്ക് പോകുന്നത്. പിന്നീട് കുടജാദ്രിയില്‍ നിന്ന് മുരുഡേശ്വര്‍, ഗോകര്‍ണം, ഗോവ വരെ പോയിട്ടുണ്ട്.
“കാര്‍ത്തുച്ചേച്ചിയുടെ മകന്‍ പട്ടാളത്തിലുണ്ടായിരുന്നു, കുറച്ചുകാലം ഗോവയിലുണ്ടായിരുന്നു. അങ്ങനെയാണ് അവിടേക്ക് പോകാമെന്നു തീരുമാനിച്ചത്. ട്രെയ്നിലാണ് പോകുന്നതൊക്കെ. ഗോവയില്‍ നല്ലൊരു പള്ളിയുണ്ട്. നിറയെ ചിത്രപണികളൊക്കെയുള്ളത്. അതൊക്കെ കണ്ടു.
“ട്രെയ്നില്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിട്ടാണ് എല്ലായിടത്തും പോകുന്നത്. നാട്ടില്‍ തന്നെയുള്ള കുറേ ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. ആഗ്ര, താജ്മഹല്‍, ഹൈദരാബാദ്, പഞ്ചാബ്, തഞ്ചാവൂര്‍, ഊട്ടി, കൊടൈക്കനാല്‍, പഴനി, മധുര, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, കന്യാകുമാരി, ഇവിടെയൊക്കെയാണ് പോയത്.” 50-കാരിയായ ഉഷ പറയുന്നു.
കഴിഞ്ഞ മേയ് മാസത്തില്‍ അവര്‍ ഹൈദരാബാദിലേക്ക് പോയി. ഇത്തവണ വിമാനത്തിലായിരുന്നു യാത്ര. കൂട്ടത്തില്‍ സരസ്വതിയൊഴികെ ബാക്കിയെല്ലാവര്‍ക്കും ആദ്യത്തെ വിമാനയാത്രയായിരുന്നു അത്.
“ഹൈദരാബാദിലേക്കും ഞങ്ങള് നാലാളുമാണ് പോയത്. പക്ഷേ ഹൈദരാബാദിലേക്ക് തനിച്ച് പോകാന്‍ ആരും സമ്മതിച്ചില്ല. പ്രായമൊക്കെ ആയവരല്ലേ.. ഒറ്റയ്ക്ക് പോയാല്‍ ശരിയാവില്ല വല്ല അസുഖം വന്നാലോയെന്നാണ് മക്കളൊക്കെ ചോദിച്ചത്.
ഇതുകൂടി വായിക്കാം: കാലിഫോര്‍ണിയയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക്: കേരളത്തിലെ അരലക്ഷത്തിലധികം ഗ്രാമീണസ്ത്രീകളുടെ ജീവിതവഴി മാറ്റിവരച്ച കണ്ണൂരുകാരന്‍
“നാട്ടില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് ഹൈദരാബാദിലേക്ക് പോകുന്നത്. എല്ലാ കാര്യങ്ങളും ഏജന്‍സിക്കാര്‍ തന്നെയാണ് നോക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം കയറുന്നത്. മേയ് 25-നാണ് പോകുന്നത്. അവിടെത്തെ താമസവും ഭക്ഷണവും സ്ഥലങ്ങളൊക്കെ കാണിക്കാന്‍ കൊണ്ടുപോയതുമെല്ലാം ഏജന്‍സിക്കാര്‍ തന്നെയാണ്,” കാര്‍ത്തുച്ചേച്ചി പറഞ്ഞു.
“ഹൈദരാബാദില്‍ മൂന്നു ദിവസത്തെ യാത്രയായിരുന്നു. ഫിലിംസിറ്റിയൊക്കെ കണ്ടു. എന്താപ്പാ.. കണ്ടാലും കണ്ടാലും മതിയായില്ല. അത്ര ഭംഗിയായായിരുന്നു ഫിലിംസിറ്റി.
“കണ്ട സ്ഥലങ്ങളില്‍ എല്ലാം ഇഷ്ടപ്പെട്ടുവെങ്കിലും ഫിലിം സിറ്റിയാണ് കൂടുതലിഷ്ടപ്പെട്ടത്. ആദ്യമായി വിമാനം കയറിയതിന്‍റെ സന്തോഷവുമുണ്ടായിരുന്നു. സരസ്വതി മോന്‍റെ കൂടെ രണ്ടു മൂന്നു തവണ ഗള്‍ഫില്‍ പോയിട്ടുണ്ട്,” കാര്‍ത്തുച്ചേച്ചി കൂട്ടിച്ചേര്‍ത്തു..
“മക്കള് രണ്ടാള് ഗള്‍ഫിലുണ്ടായിരുന്നു. അവരുടെ അടുത്ത് രണ്ട് മൂന്നു തവണ പോയിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ വിമാനത്തില്‍ കയറിയത്.” 63-കാരിയായ സരസ്വതി പറയുന്നു.”
ആദ്യമായിട്ട് വിമാനത്തില്‍ കയറുമ്പോള്‍ കുറച്ച് പേടിയൊക്കെ തോന്നിയിരുന്നു. പക്ഷേ പിന്നെ അതൊക്കെ മാറി.
“വിമാനത്തില്‍ കയറി കൂട്ടത്തില്‍ എനിക്കാണ് മുന്‍പരിചയം. പേടിക്കേണ്ട കാര്യമില്ല.. വെറുതേ ഇരുന്നാല്‍ മതിയെന്നൊക്കെ അവരോട് പറഞ്ഞിരുന്നു. പക്ഷേ ആര്‍ക്കും പേടിയൊന്നുമില്ലായിരുന്നു. എല്ലാവരും ഹാപ്പിയായിരുന്നു. ഹൈദരാബാദില്‍ ഫിലിം സിറ്റിയാണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്.
“ആണുങ്ങളൊന്നും ഇല്ലല്ലോ മ്മ്ള് പെണ്ണുങ്ങള് മാത്രമല്ലേ യാത്ര പോകുന്നത്. പക്ഷേ ഒരു ടെന്‍ഷനുമില്ലായിരുന്നു. കാര്‍ത്തുവേച്ചിക്ക് അത്യാവശ്യം ഹിന്ദിയും തമിഴും അറിയാം. ചേച്ചി കുറച്ചുകാലം ബോംബേയിലുണ്ടായിരുന്നു. അതുകൊണ്ട് ഭാഷ പ്രശ്നം ആകുമോയെന്നൊന്നും ചിന്തിച്ചില്ല.
“ഇങ്ങനെ സ്ത്രീകള്‍ മാത്രമുള്ള യാത്രയാണെന്നു കരുതി ആരും മോശമായി പെരുമാറിയിട്ടുമില്ല. എല്ലായിടത്തും എല്ലാവരും സഹായിച്ചിട്ടേയുള്ളൂ.” ചിമ്മിണിയന്‍ വീട്ടില്‍ സരസ്വതി പറയുന്നു. സജേഷും സജിത്തും സഞ്ജുളയുമാണ് സരസ്വതിയുടെ മക്കള്‍. ഭര്‍ത്താവ് പവിത്രന്‍ ജീവിച്ചിരിപ്പില്ല.
40 വര്‍ഷം മുന്‍പാണ് കാര്‍ത്ത്യായനി മുംബൈയിലുണ്ടായിരുന്നത്. ഭര്‍ത്താവിന് ജോലി അവിടെയായിരുന്നു. അങ്ങനെയാണ് ഹിന്ദി പറയാന്‍ പഠിച്ചതെന്നു അവര്‍ പറയുന്നു. ” ഭര്‍ത്താവ് മരിച്ചിട്ട് എട്ട് കൊല്ലമായി, നാരായണന്‍ എന്നാണ് പേര്.
“മുപ്പത് വര്‍ഷക്കാലം അദ്ദേഹം അവിടെയുണ്ടായിരുന്നു. ഞാന്‍ നാലു കൊല്ലം മാത്രമേ ബോംബേയില്‍ നിന്നുള്ളൂ. ആ നാലു കൊല്ലം കൊണ്ടാണ് കുറച്ചൊക്കെ ഹിന്ദി ഞാന്‍ പഠിക്കുന്നത്.
“തമിഴും അറിയാം. മലയാളവും തമിഴും തമ്മില്‍ നല്ല സാമ്യമുണ്ടല്ലോ അതു പഠിക്കാനെളുപ്പമല്ലേ. തമിഴ് മലയാളം പോലെ തന്നെയല്ലേ… കുറച്ചല്ലേ വ്യത്യാസമുള്ളൂ. ഏഴാം ക്ലാസ് വരെ ഞാന്‍ പഠിച്ചിട്ടുള്ളൂ.
“പക്ഷേ ഇംഗ്ലീഷ് വായിക്കാനൊക്കെ അറിയാം. ബോര്‍ഡിലൊക്കെ എഴുതിയിരിക്കുന്നത് വായിച്ച് അര്‍ത്ഥം മനസിലാക്കാനാകും. യാത്രയ്ക്കിടെ വണ്ടികളൊക്കെ പോകുന്ന സമയമൊക്കെ എഴുതി കാണിക്കുമ്പോള്‍ അതൊക്കെ വായിച്ചെടുക്കും,” ഇനിയിപ്പോ നിങ്ങളെവിടെ കൊണ്ടുപോയിട്ടാലും തിരിച്ചു നാട്ടിലെത്താമെന്ന ആത്മവിശ്വാസമുണ്ട് കാര്‍ത്തുച്ചേച്ചിക്ക്.
“മൂന്നുമക്കളാണുള്ളത്. ബാബുരാജ്, ബൈജു, ഷൈജു. മൂത്തമക്കള്‍ രണ്ടാളും മിലിട്ടറിയിലുണ്ടായിരുന്നു. ഇപ്പോ വിരമിച്ചു. ബാബു രാജ് കെ എസ്എഫ്ഇയിലും ബൈജു ആഫ്രിക്കയില്‍ ഷിപ്പിലുമാണ്. ഷൈജു പ്രൈവറ്റ് ബസ് കണ്ടക്റ്ററാണ്. എനിക്കൊപ്പം ഷൈജുവും ഭാര്യയും കുഞ്ഞുങ്ങളുമാണ് താമസിക്കുന്നത്,.” കാര്‍ത്ത്യായനി പറയുന്നു.
ഞങ്ങള് പോകുന്ന യാത്രകളില്‍ താമസിക്കുന്നത് മിക്കവാറും അമ്പലങ്ങളില്‍ തന്നെയാണ്.
അമ്മമാരുടെ യാത്രാസംഘത്തിലേക്ക് ഒടുവിലെത്തിയ മുള്ളങ്കണ്ടി രമണി (64) പറയുന്നു: “താമസം മാത്രമല്ല ഭക്ഷണവും മിക്കപ്പോഴും ക്ഷേത്രങ്ങളില്‍ നിന്നു തന്നെയാണ്. സത്രങ്ങളില്‍ താമസിച്ചു അമ്പലങ്ങളിലെ അന്നദാനത്തിലൂടെയാണ് ഭക്ഷണമൊക്കെ കഴിക്കുന്നത്.
“കഴിഞ്ഞ ദിവസം നാലമ്പലദര്‍ശനം കഴിഞ്ഞ് വന്നതേയുള്ളൂ. തഞ്ചാവൂര്‍, രാമേശ്വരം, ധനുഷ്ക്കോടി, ശ്രീരംഗം, മധുര മീനാക്ഷി ക്ഷേത്രം ഇവിടൊക്കെ പോയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. ഇവിടെല്ലാം നാലാളും കൂടി തന്നെയാണ് പോയത്.
“ഉഷയുടെ അമ്മ ജാനകിയമ്മയും യാത്രയ്ക്കുണ്ടായിരുന്നല്ലോ. ആദ്യ യാത്രയ്ക്ക് മാത്രമേ അവര് വന്നുള്ളൂ. പിന്നീട് കാലുവേദന കാരണം ജാനകിയമ്മ വരാതെയായി. പിന്നെ ഞാനാണ് ജാനകിയമ്മയ്ക്ക് പകരം നാലാമാതായി യാത്രാസംഘത്തിലേക്ക് വരുന്നത്.
“യാത്ര പോകാനിഷ്ടമായിരുന്നു. പിന്നെ മക്കളും സമ്മതിച്ചു. അങ്ങനെ കൂടിയതാണ് യാത്രസംഘത്തില്‍.” രമണിയുടെ ഭര്‍ത്താവ് രാജന്‍ മരിച്ചുപോയി. മൂന്നു മക്കളുണ്ട്. രജ്ഞിത്ത്, റിനീഷ്, രസാദ്. മക്കളൊക്കെ വിവാഹമൊക്കെ കഴിഞ്ഞു കുടുംബമായി ജീവിക്കുന്നുവെന്നും രമണി.
“പഞ്ചാബിലും, ഡല്‍ഹിയിലും പോയി. ട്രെയ്നില്‍ ബുക്ക് ചെയ്തിട്ടാണ് ഇവിടൊക്കെ പോയത്. ഇതൊക്കെ ഏജന്‍സികള്‍ വഴി തന്നെയാണ് പോകുന്നത്. ഇവിടൊന്നും തനിച്ച് പോകില്ലപ്പാ… ഞങ്ങള് പോകും. പക്ഷേ മക്കള്‍ സമ്മതിക്കുന്നില്ല. വല്ല അസുഖമൊക്കെ പോകും വഴി വന്നാല്ലോയെന്നാണ് മക്കള്‍ക്കൊക്കെ പേടി,” ഉഷ യാത്രാവിശേഷങ്ങള്‍ തുടരുന്നു.
“ഹൈദരാബാദിലെ ഫിലിംസിറ്റിയാണ് എനിക്ക് കൂടുതലിഷ്ടപ്പെട്ടത്. രാവിലെ അതിനകത്ത് കയറിയാല്‍ വൈകുന്നേരം വരെ ചുറ്റിക്കറങ്ങാം. അവിടെ നിന്നു ഇറങ്ങാന്‍ തോന്നില്ല… പിന്നെ സുവര്‍ണക്ഷേത്രവും മൂകാംബികയുമാണ് ഇഷ്ടപ്പെട്ടത്.
“സുവര്‍ണക്ഷേത്രം.. അവിടെ എന്ത് രസമാണ് കാണാന്‍. മൂകാംബികയില്‍ പോയാല്‍ തിരികെ വരാന്‍ തോന്നില്ല. അവിടുത്തെ മലയിലിരുന്ന് പ്രാര്‍ഥിച്ചിരുന്നാല്‍ വീട്ടില്‍ പോവാന്‍ തോന്നേ ഇല്ല.
“യാത്രക്കിടയില്‍ നമ്മുടെ നാട്ടിലെ പോലെ നല്ല ഭക്ഷണമൊന്നും കിട്ടൂല്ലല്ലോ. ഭക്ഷണം കുഴപ്പമൊന്നുമില്ലപ്പാ. പിന്നെ ഞങ്ങള് വീട്ടില്‍ നിന്നു ഭക്ഷണമൊക്കെയുണ്ടാക്കി കൊണ്ടുപോകും. യാത്ര പോകും മുന്‍പ് നമ്മള് കുറച്ച് ചപ്പാത്തിയുണ്ടാക്കി കൊണ്ടുപോകും.
“ചപ്പാത്തിയ്ക്ക് കറിയായിട്ട് തക്കാളി ഫ്രൈയും ഉണ്ടാക്കി കൊണ്ടുപോകും. പിന്നെ എന്തെങ്കിലും പലഹാരങ്ങളും വീട്ടില് നിന്നു പൊതിഞ്ഞെടുത്ത് കൊണ്ടുപോകും.” ചെലവും കുറയുമെന്ന് മാത്രമല്ല നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാല്ലോയെന്നു ഉഷ.
യാത്രയ്ക്കിടയില്‍ ഫോട്ടോയൊന്നും എടുത്തില്ലേയെന്നു കേട്ടപാടെ കാര്‍ത്ത്യായനി ചേച്ചി പറഞ്ഞു. “ഫോട്ടൊയൊന്നും എടുക്കാന്‍ നമ്മക്ക് മൊബൈല്‍ ഒന്നും ഇല്ല. സാധാരണ മൊബൈലാണ് എല്ലാവര്‍ക്കും. ആരെങ്കിലും വിളിച്ചാല് എടുക്കും.. അങ്ങട്ടും വിളിക്കും. അത്രേ അറിയൂ. വേറൊരു പരിപാടിയും അറിയൂല. അതുകൊണ്ട് യാത്രകളുടെ ഫോട്ടോകളും കുറവാണ്.”
ഡല്‍ഹിയിലും പഞ്ചാബിലുമൊക്കെ പോകണമെന്നത് കാര്‍ത്തുച്ചേച്ചിയുടെ കുറേ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. “ഞാന്‍ പറഞ്ഞില്ലേ മക്കള് പട്ടാളത്തിലായിരുന്നുവെന്ന്. അവര് അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഓരോ നാടിനെ ക്കുറിച്ചും പറയും.
പഞ്ചാബും ഡല്‍ഹിയുമൊക്കെ കാണണമെന്നു തോന്നുന്നത് അങ്ങനെയാണ്. അവരൊക്കെ പറഞ്ഞ വിശേഷങ്ങള്‍ കേട്ടിട്ടാണ്.
“പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രവും കുറേ മ്യൂസിയങ്ങളുമൊക്കെ കണ്ടു. പിന്നെ ഡല്‍ഹിയില്‍ ഗാന്ധിജി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി ഇവരുടെയൊക്കെ സ്മാരകങ്ങള്‍ കണ്ടു. പാര്‍ലമെന്‍റ് മന്ദിരവും പോയി കണ്ടു. ഇനി ഒന്നും കാണാന്‍ ബാക്കിയില്ല. മൂന്നു ദിവസം ഡല്‍ഹിയിലുണ്ടായിരുന്നു. അവിടെ നിന്ന് ബസിനാണ് അമൃത്സറിലേക്ക് പോയത്. പാര്‍ലമെന്‍റ് മന്ദിരവും സുവര്‍ണക്ഷേത്രവുമാണ് എനിക്ക് കൂടുതലിഷ്ടപ്പെട്ടത്,” കാര്‍ത്ത്യായനി കൂട്ടിച്ചേര്‍ക്കുന്നു.
“മക്കള്‍ക്കെല്ലാം ഞങ്ങള് യാത്ര പോകുന്നതില്‍ സന്തോഷമാണ്. എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എല്ലാരും ഹാപ്പിയുമാണ്,” ഉഷ പറയുന്നു.
“ചെലവ് കൂടുതലായത് വിമാനത്തില്‍ ഹൈദരാബാദ് പോയ യാത്രയ്ക്കാണ്. ഒരാള്‍ക്ക്15,000 രൂപയോളം ആ യാത്രയ്ക്ക് വേണ്ടി വന്നു.
“യാത്ര പോകുന്നത് അധികം പൈസയൊന്നും കൊണ്ടല്ലല്ലോ. അതുകൊണ്ട് ഷോപ്പിങ്ങും കുറവാണ്. പക്ഷേ കുട്ടികള്‍ക്ക് കളിപ്പാട്ടവും അവര്‍ക്ക് കുറച്ചു ഉടുപ്പുകളുമൊക്കെ വാങ്ങും. അതിനൊക്കെയുള്ള പൈസയല്ലേ ഉണ്ടാകൂ,” അവര്‍ പറഞ്ഞു.
മോഹന്‍ദാസാണ് ഉഷയുടെ ഭര്‍ത്താവ്. രണ്ടു മക്കള്‍–ഷംജയും ഷനിതയും.
ഇതുകൂടി വായിക്കാം: 40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്‍; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’
“അടുത്തയാത്ര കാശിക്കാണ്. അതിനിടയ്ക്കാണ് മഴയൊക്കെ വന്നത്. അതോടെ ആ യാത്ര നീട്ടി. ചിലപ്പോള്‍ നവംബറിലോ മറ്റോ പോകാനാകുമെന്നാണ് കരുതുന്നത്.
“കാശി, അയോധ്യ, ഗയ, ബുദ്ധഗയ ഇവിടൊക്കെ പോകാനാണ് പ്ലാന്‍. ഇനിയും യാത്രകള്‍ പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. യാത്ര ഒരു ഹരമാണിപ്പോള്‍. മനസിന് ഒരു സന്തോഷവും,” ഉഷ പറഞ്ഞു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.