“ഇന്നെന്‍റെ കരിമ്പുപാടത്ത് ഒരു പുഴുവിനെ കണ്ടു. തവിട്ടുനിറമാണ്. ഇലകളെല്ലാം തിന്നുതീര്‍ക്കുന്നു.”
“ഫോട്ടോ അയക്കൂ”
“ഫോട്ടോ അയച്ചിട്ടുണ്ട്. ഇത് വിളയെല്ലാം നശിപ്പിക്കുമോ?”
“ഇതു ഒരുതരം പട്ടാളപ്പുഴുവാണല്ലോ. കര്‍ണ്ണാടകയിലെ പാടങ്ങളില്‍ ഒരുപാട് നാശം വിതച്ച ഇനമാണ്. ഇപ്പോള്‍ നമ്മുടെ സാംഗ്ലിയിലേക്കും കടന്നുവെന്നാണ് തോന്നുന്നത്. പേടിക്കേണ്ട, ഞാനൊരു വീഡിയോ അയച്ചുതരാം. ഈ പുഴുവിനെ കണ്ടുപിടിച്ച് നശിപ്പിക്കാനുള്ള വഴികള്‍ അതിലുണ്ട്.”
ഈ വാട്‌സാപ്പ്ചാറ്റ് നടക്കുന്നത് 2012-ലാണ്. അന്ന് വാട്‌സാപ്പ് ഒക്കെ ജനകീയമായിത്തുടങ്ങുന്നതേയുള്ളൂ. അതിനും മൂന്ന് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ലോഞ്ച് ചെയ്ത വാട്‌സാപ്പ് പഴയ ക്ലാസ്‌മേറ്റ്‌സിനേയും ചങ്ങാതിമാരെയും ബന്ധുക്കളേയുമെല്ലാം കൂടുതല്‍ അടുപ്പിക്കുന്ന ആപ്പ് എന്ന നിലയില്‍ അത് യുവാക്കള്‍ക്കിടയിലൊക്കെ പ്രചാരത്തിലായിട്ടുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലിക്കടുത്തുള്ള അഷ്ടയില്‍ നിന്നുള്ള അങ്കുഷ് ചോര്‍മുലേ അന്ന് പി എച്ച് ഡി ഗവേഷണം നടത്തുകയായിരുന്നു. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും അംഗമായിരുന്നു. അതിലെ ചര്‍ച്ചകളിലെല്ലാം വളരെ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.
കൃഷി വലിയ താല്‍പര്യമായിരുന്നു അങ്കുഷിന്. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വേണ്ടി സാധാരണ ഉപയോഗിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്ന് അങ്കുഷ് ആലോചിച്ചു.
അങ്ങനെ അമോല്‍ പാട്ടീല്‍ എന്ന കൂട്ടുകാരനോടൊപ്പം കൃഷിക്കാര്‍ക്കായി ഒരു ഗ്രൂപ്പ് തുടങ്ങി.
സാംഗ്ലിയിലുള്ള നാല്‍പതോളം കര്‍ഷകരായിരുന്നു ആ ഗ്രൂപ്പില്‍ ആദ്യം ഉണ്ടായിരുന്നത്.
ഇന്ന്, ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ഈ ചെറിയ ഗ്രൂപ്പ് മഹാരാഷ്ട്രയ്ക്ക് പുറത്ത് ആറ് സംസ്ഥാനങ്ങളിലെ അഞ്ച് ലക്ഷം കര്‍ഷകരുള്‍പ്പെടുന്ന വലിയ സംഘമായി വളര്‍ന്നുകഴിഞ്ഞു.
ഇതാണ് അവരുടെ കഥ.
എന്‍റെ അമ്മൂമ്മയുടെ വീട് അവിടെയാണ്. മഹാരാഷ്ട്രയുടെ മഞ്ഞള്‍ നഗരം എന്നാണ് സാംഗ്ലി അറിയപ്പെടുന്നത്. കരിമ്പിനും പഞ്ചസാരമില്ലുകള്‍ക്കും പ്രസിദ്ധമാണ് ഈ നഗരം.
ഇതുകൂടി വായിക്കാം:ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു
സാംഗ്ലി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വിശാലമായ മഞ്ഞള്‍ പാടങ്ങളും കരിമ്പുപാടങ്ങളും തന്നെയാണ് ഇവിടെ ആരെയും ആകര്‍ഷിക്കുന്ന കാഴ്ച. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് കര്‍ഷകര്‍ വിളവ് വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഡോ. അങ്കുഷിനേയും അമോലിനെയും സംബന്ധിച്ചിടത്തോളം കൃഷിയില്‍ പുതുമ എന്നാല്‍ കൃഷിക്ക് പ്രത്യേകമായി രൂപകല്‍പന ചെയ്ത എന്തെങ്കിലും പുതിയ കണ്ടുപിടുത്തം പ്രയോഗിച്ചുനോക്കുക എന്നല്ല,
ഇപ്പോഴുള്ള സാങ്കേതിക വിദ്യകള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനായി എങ്ങനെ ഉപയോഗിക്കാം എന്നാണ് അവര്‍ ശ്രമിക്കുന്നത്.
“വാട്‌സാപ്പ് അന്ന് കാട്ടുതീപോലെ പടരുന്ന സമയമായിരുന്നു,” അങ്കുഷ് ദ് ബെറ്റര്‍ ഇന്‍ഡ്യ (ടി ബി ഐ)യോട് പറയുന്നു. “എനിക്കറിയാം എന്‍റെ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് കീടങ്ങളെപ്പറ്റിയും കീടനാശിനികളെപ്പറ്റിയും ജൈവകൃഷിയെക്കുറിച്ചുമൊക്കെ നൂറ് നൂറ് സംശയങ്ങളുണ്ടാവും എന്ന്. വിദ്യാഭ്യാസമുള്ള കര്‍ഷകരോട് ചോദിച്ചാണ് അവര്‍ സംശയങ്ങള്‍ക്ക് പരിഹാരം കാണാറുള്ളത്.
“പക്ഷേ, ഈ സംശയങ്ങളൊക്കെ ചോദിക്കാനും ഉത്തരങ്ങളറിയാനും കഴിയുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ആരും ആലോചിച്ചിരുന്നില്ല. അതിനൊരു സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി.”
2012-ലാണ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. അധികം വൈകാതെ തന്നെ ഫോണില്‍ കര്‍ഷകര്‍ സംശയങ്ങളും മറുപടികളുമായി സജീവമായി. കീടബാധയുടെ ഫോട്ടോകളും വീഡിയോകളും അതിനുള്ള പരിഹാരവുമൊക്കെ ഗ്രൂപ്പില്‍ അവര്‍ പങ്കുവെച്ചു.
അവരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഉപദേശങ്ങളും പരിഹാരങ്ങളും നല‍്കി.
അങ്ങനെ, ഗ്രൂപ്പിലെ കര്‍ഷകര്‍ അവരുടെ നാട്ടിലെ മറ്റുകര്‍ഷകരേയും കൂട്ടത്തില്‍ ചേര്‍ക്കാന്‍ തടങ്ങി. അധികം വൈകാതെ അതില്‍ നൂറ് അംഗങ്ങളായി.
“മാസങ്ങള്‍ കഴിഞ്ഞില്ല.., ഞങ്ങള്‍ രണ്ടുപേരെക്കൊണ്ട് ഈ ഗ്രൂപ്പില്‍ വരുന്ന സംശയങ്ങള്‍ക്ക് മറുപടിപറയാനും മാനേജ് ചെയ്യാനും കഴിയാതായി,” അങ്കുഷ് പറയുന്നു. “സംശയങ്ങള്‍ കൊണ്ട് നിറയാന്‍ തുടങ്ങി, വാട്ട്‌സാപ്പ് ഗ്രൂപ്പ്. അപ്പോള്‍ ഞങ്ങളെപ്പോലെ കൃഷിയുമായി ബന്ധപ്പെട്ടവരും താല്‍പര്യമുള്ളവരുമായ ചിലരെ ഗ്രൂപ്പിന്‍റെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ചേര്‍ത്തു. ഓരോ ജില്ലയ്ക്കും ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് എന്ന നിലയില്‍ തിരിച്ചു. ഓരോന്നിനും രണ്ട് അഡ്മിന്‍മാര്‍. ഈ അഡ്മിന്‍സ് ഒഴിച്ചുനിര്‍ത്തിയാല്‍ ഗ്രൂപ്പിലെ മിക്കവാറും എല്ലാവരും കര്‍ഷകരാണ്.”
ഗ്രൂപ്പിന് ഒരു പൊതുവായ സ്വഭാവം വേണമെന്ന് തോന്നിയപ്പോള്‍ 2014-ല്‍ അവര്‍ ഹോയ് ആമി ഷേത്കാരി (എച്ച് എ എസ്) എന്ന് പേരു നല്‍കി. ‘അതെ ഞങ്ങള്‍ കര്‍ഷകര്‍’ എന്നാണതിന്‍റെ അര്‍ത്ഥം.
കാലാവസ്ഥാമാറ്റങ്ങളും അതിനേക്കാള്‍ വേഗത്തില്‍ മാറിമറിയുന്ന വിപണിയും ശോഷിച്ചുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭജലവിതാനവും…അങ്ങനെ പ്രശ്നങ്ങള്‍ നിരവധിയാണ്.
അതുകൊണ്ട് കര്‍ഷകര്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.
ഒരുമിച്ചുനിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി പരിഹാരം കണ്ടെത്താനും ഒറ്റയ്ക്കല്ല തുഴയുന്നതെന്ന തോന്നലുണ്ടാക്കാനും ഈ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞു.
സതാറയിലെ വായ് എന്ന പ്രദേശത്തുനിന്നുള്ള അജീത് പവാര്‍ എന്ന കര്‍ഷകന്‍ തന്നെ ഉദാഹരണം. മഞ്ഞളും കരിമ്പുമാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃഷി. കുറച്ചുഭാഗത്ത് സവാളയും വെളുത്തുള്ളിയും ധാന്യങ്ങളുമൊക്കെയുണ്ട്. എന്നാല്‍ അതൊക്കെ വീട്ടിലെ ആവശ്യത്തിന് വേണ്ടി മാത്രം.
സതാറയിലെ മണ്ണും സാംഗ്ലിയിലെ കൃഷിയിടങ്ങളുമൊക്കെ ഏകദേശം ഒരുപോലെയാണ് എന്നിട്ടും സാംഗ്ലിയിലുള്ള കര്‍ഷകര്‍ക്ക് കരിമ്പില്‍ നിന്ന് ഇരട്ടിവിളവ് കിട്ടുന്നുണ്ടെന്ന് 36-കാരനായ അജീത് പവാര്‍ വായിച്ചുമനസ്സിലാക്കിയിരുന്നു.
കൂടുതല്‍ അറിയാന്‍ അദ്ദേഹം എച്ച് എ എസ് ഗ്രൂപ്പില്‍ ചേര്‍ന്നു.
“എന്‍റെ മൂന്നേക്കര്‍ തോട്ടം യഥാര്‍ത്ഥത്തില്‍ തലമുറകളായി ഞങ്ങളുടെ കുടുംബത്തിന്‍റേതാണ്. ഞങ്ങള്‍ ഇക്കാലമത്രയും പാരമ്പര്യമായി തുടരുന്ന കൃഷി രീതിയുമുണ്ടായിരുന്നു. എന്‍റെ അച്ഛനെ അപ്പൂപ്പന്‍ പഠിപ്പിച്ചു, അച്ഛന്‍ എന്നേയും. എന്നാല്‍ ആരും പുതിയ രീതികള്‍ പരീക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അത് വളരെ റിസ്‌കുള്ള ഒരു കാര്യമായിരുന്നു.
“ഞാന്‍ കൃഷി ചെയ്യുന്ന അത്രയും തന്നെ സ്ഥലത്ത് കരിമ്പുനട്ട് സാംഗ്ലിയിലെ കര്‍ഷകര്‍ 100 ടണ്‍ വിളവെടുക്കുന്നു എന്നറിഞ്ഞു. എനിക്കാവട്ടെ ശരാശരി 40-45 ടണ്‍ ആണ് വിളവ് കിട്ടിയിരുന്നത്. അതുകൊണ്ട് ആ കൃഷി തന്ത്രങ്ങളറിയാനാണ് ഞാന്‍ ഗ്രൂപ്പില്‍ ചേര്‍ന്നത്,” അജീത് പവാര്‍ വെളിപ്പെടുത്തുന്നു.
ഗ്രൂപ്പിലുള്ളവര്‍ ഒരെളുപ്പവഴി പറഞ്ഞുതന്നു. കരിമ്പുനടുമ്പോള്‍ ഇടയകലം കൂട്ടുക. പിന്നെ, ഇപ്പോള്‍ നടുന്നതിലും ഒരടിയില്‍ കൂടുതല്‍ ആഴത്തില്‍ നടുക. ആ ഉപദേശം ഫലം ചെയ്തു. ഒന്നുമാറ്റിപ്പിടിച്ചപ്പോള്‍ ആദ്യവര്‍ഷം തന്നെ അജീത്തിന് 80 ടണ്‍ കരിമ്പ് വിളവെടുക്കാന്‍ കഴിഞ്ഞു–സാധാരണ കിട്ടുന്നതിലും ഏകദേശം ഇരട്ടി!
“എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അഡ്മിന്‍സ് അഞ്ച് മുതല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ മറുപടി തരും എന്നതാണ്. ഞങ്ങളെ സഹായിക്കാന്‍ അടിയന്തരമായി ഇടപെടാന്‍ അവര്‍ തയ്യാറാണ്. ഒരു മറുപടിക്കായി ദിവസങ്ങള്‍ കാത്തിരിക്കേണ്ട കാര്യമേയില്ല!” അജീത് കൂട്ടിച്ചേര്‍ത്തു.
ഈ അഭിപ്രായം എച്ച് എ എസിന്‍റെ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കുവെയ്ക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കര്‍ഷകരേയും ഗ്രൂപ്പ് സഹായിക്കുന്നുണ്ട്.
അറുപതുകാരനായ വിജയ് പാട്ടീലിന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനൊന്നും അറിഞ്ഞുകൂടാ. അദ്ദേഹം നേരിട്ട് അമോലിനെ ഫോണില്‍ വിളിച്ച് സംശയം ചോദിക്കുന്നു.
“അദ്ദേഹവും ഒരു പാരമ്പര്യകര്‍ഷകനായിരുന്നു. വിളവ് വര്‍ദ്ധിപ്പിക്കാന്‍ എന്തുചെയ്യുമെന്ന് അദ്ദേഹത്തിന് പിടിയില്ലാതെ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ എന്‍റെ ഫോണ്‍ നമ്പര്‍ ഉണ്ട്. അദ്ദേഹമെന്നെ എല്ലാ എട്ടുദിവസം കഴിയുമ്പോഴും വിളിക്കും. കൃഷിയിലെ പുരോഗതി അറിയിക്കും. സതാറയിലാണ് അദ്ദേഹത്തിന്‍റെ നാട്. ഞാനിവിടെ സാംഗ്ലിയിലിരുന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കും,” അമോല്‍ ടി ബി ഐയോട് പറഞ്ഞു.
“ഞങ്ങള്‍ എല്ലാത്തരം കര്‍ഷകരേയും സഹായിക്കാന്‍ ശ്രമിക്കുന്നു.”
ആദ്യം വാട്‌സാപ്പില്‍ മാത്രമുണ്ടായിരുന്ന എച്ച് എ എസ് ഗ്രൂപ്പ് ഇപ്പോള്‍ ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞു.
ഹോയ് മേം ഷേത്കാരി എന്ന പേരില്‍ ഒരു വെബ് പോര്‍ട്ടലും ഇപ്പോഴുണ്ട്. കൃഷിയെപ്പറ്റിയുള്ള എല്ലാത്തരം വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന ഒരു വെബ്‌സൈറ്റാണിത്.
“ലൈവ് വീഡിയോകളും ആര്‍ട്ടിക്കിളുകളും അപ്‌ഡേറ്റുകളും ഷെയര്‍ ചെയ്യാന്‍ ഫേസ്ബുക്കില്‍ കൂടുതല്‍ എളുപ്പമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അവിടേക്കുകൂടി വാപിപ്പിച്ചത്. ഫേസ്ബുക്കില്‍ ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കി അതുവഴി രാജ്യത്തെമ്പാടുമുള്ള കര്‍ഷകരിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. കരിമ്പുകര്‍ഷകര്‍ക്കായുള്ള ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ 2.3 ലക്ഷം കര്‍ഷകരുണ്ട്. ഇതില്‍ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുണ്ട്,” അങ്കുഷ് വിശദമാക്കുന്നു.
ഓരോ ചോദ്യവും അഡ്മിന്‍ പരിശോധിക്കുകയും അത് കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ മാത്രം പോസ്റ്റുചെയ്യുകയും ചെയ്യും. വൈകാതെ തന്നെ അതിന് മറുപടിയും നല്‍കും. എച്ച് എ എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചുമുതല്‍ ആറ് ലക്ഷം വരെ വരുമെന്ന് അങ്കുഷ്.
ഇരുപത് അടിയിലധികം ഉയരത്തില്‍ വളരുന്ന കരിമ്പ് നൂറ് ടണ്ണിലധികം വിളവെടുത്ത സുരേഷ് കബാഡെയാണ് എച്ച് എ എസിന്‍റെ ഒരു ഗുണഭോക്താവ്. അദ്ദേഹത്തിന്‍റെ വിജയകഥ ടി ബി ഐ നേരത്തെ എഴുതിയിരുന്നു.
ഇതുകൂടി വായിക്കാം:40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്‍; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’
ഇതുപോലെ ആയിരക്കണക്കിന് കര്‍ഷകരുടെ വിജയകഥകള്‍ അമോലിനും ഡോ. അങ്കുഷിനും പറയാനുണ്ട്.
ഈ ഗ്രൂപ്പില്‍ ഉപദേശം കൊടുക്കുക മാത്രമല്ല ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ പട്ടാളപ്പുഴുവിന്‍റെ ആക്രമണം മുന്‍കൂട്ടിക്കണ്ട് തടയുന്നതില്‍ ഈ ഗ്രൂപ്പ് വലിയ പങ്കുവഹിച്ചു. ഈ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകളുടെയും ഗവേഷണങ്ങളുടെയും ഗുണഫലമായിരുന്നു അത്. ഒരു വീഡിയോയിലൂടെ, ഫോട്ടോയിലൂടെ കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ മാത്രമല്ല, കിട്ടുന്നത്. അവരുടെ വരുമാനവും അന്തസ്സും ആത്മവിശ്വാസവും വര്‍ദ്ധിക്കുക കൂടിയാണ് ചെയ്യുന്നത്.
***
ഫോട്ടോകള്‍ക്ക് കടപ്പാട്: അമോല്‍ പാട്ടീല്‍, എച്ച് എ എസ് ഫേസ്ബുക്ക് പേജ്
അമോലിനെ amolpatil9919@gmail.com എന്നവിലാസത്തില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ അവരുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.