നൊബേല്‍ നിരസിക്കപ്പെട്ടു, ജീവിച്ചിരിക്കുമ്പോള്‍ രാജ്യവും ആദരിച്ചില്ല; ഈ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം മരണത്തില്‍ നിന്ന് രക്ഷിച്ചത് ദശലക്ഷങ്ങളെ

ഈ കണ്ടുപിടുത്തത്തിന്‍റെ പേരില്‍ നൊബേല്‍ ജേതാവായ പ്രൊഫ. ജോഷ്വാ ലെഡെന്‍ബര്‍ഗ് ഡോ. ദേയെ പല തവണ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

1950-ലാണ് കല്‍ക്കത്തക്കാരനായ ശാസ്ത്രജ്ഞന്‍ ഡോ. ശംഭു നാഥ് ദേ കോളറ ടോക്സിന്‍ സംബന്ധിച്ച നിര്‍ണായകമായ കണ്ടുപിടുത്തം നടത്തുന്നത്.

നിരന്തരമായ പരീക്ഷണങ്ങളിലൂടെ കോളറ രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു (ടോക്‌സിന്‍) കണ്ടെത്തിയത് ഈ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞനാണ്. ഈ സുപ്രധാന കണ്ടുപിടുത്തമാണ് പിന്നീട് കോളറ അടക്കമുള്ള വയറിളക്ക രോഗങ്ങള്‍ക്ക് ഫലപ്രദവും ചെലവുകുറഞ്ഞതുമായ പാനീയ ചികിത്സയിലേക്ക് (rehydration salts therapy) വഴി തെളിയിക്കുന്നതും. ഈ ചികിത്സാ രീതി രക്ഷിച്ചത്
ഇന്‍ഡ്യയും ബാംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യരെയാണ്.

ഈ കണ്ടുപിടുത്തത്തിന്‍റെ പേരില്‍ നൊബേല്‍ ജേതാവായ പ്രൊഫ. ജോഷ്വാ ലെഡെന്‍ബര്‍ഗ് ഡോ. ദേയെ പല തവണ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

ഡോ. ശംഭു നാഥ് ദേ (Source: Indian Academy of Science)

“ദേയുടെ കണ്ടുപിടുത്തം ഇന്നത്തെ ആന്‍റി-ടോക്‌സിന്‍ വാക്‌സിന്‍ ഗവേഷണങ്ങളുടെ മൂലക്കല്ലാണ്,” ശംഭു നാഥ് ദേ: ദ് ഡിസ്‌കവറി ഓഫ് കോളറ ടോക്‌സിന്‍ എന്ന പുസ്തകം എഴുതിയ എം എസ് എസ് മൂര്‍ത്തി പറയുന്നു. ഈ പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങുന്നത്.

പല തവണ നൊബേല്‍ സമ്മാനത്തിനായി ദേയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ല. ഏറ്റവും ദു:ഖകരമായ കാര്യം, ജന്മനാടായ ഇന്‍ഡ്യ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ബഹുമാനിക്കാന്‍ തയ്യാറായില്ല എന്നതാണ്. ഈയിടെയാണ് രാജ്യം അദ്ദേഹത്തിന്‍റെ സംഭാവനകളെ ആദരിക്കാന്‍ തുടങ്ങുന്നത്.

കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി ഗാരിബാട്ടി എന്ന ഗ്രാമത്തില്‍ 1915 ഏപ്രില്‍ 15-നാണ് ദേ ജനിച്ചത്. ഒരു ചെറുകിട ബിസിനസുകാരന്‍റെ മകന്‍, വളരെ സാധാരണമായ ചുറ്റുപാടുകളില്‍ തന്നെ വളര്‍ന്നു.

1935-ല്‍ കല്‍ക്കത്ത മെഡിക്കല്‍ കോളെജില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിച്ചു. മെഡിക്കല്‍ കോളെജിലെ എം എന്‍ ദേ എന്ന പ്രൊഫസറുടെ സഹായത്തോടെ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി പഠനത്തിനായി ലണ്ടനിലേക്ക്…


ഡോക്റ്ററേറ്റ് ലഭിച്ചതിന് ശേഷം ശംഭു നാഥ് ദേ കല്‍ക്കത്തയിലേക്ക് തിരിച്ചുവന്നു. നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം കോളറയെക്കുറിച്ചുള്ള ഗവേഷണത്തിലും പഠനത്തിലും മുഴുകി.


‘റാബിറ്റ് ഇന്‍റെസ്റ്റിനല്‍ ലൂപ് മോഡല്‍’ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട അദ്ദേഹത്തിന്‍റെ പഠനം മുയലുകളില്‍ കോളറാ രോഗാണു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു.

Vibrio cholerae, the bacterium that causes cholera. (Source: Wikimedia Commons)

19-ാം നൂറ്റാണ്ടില്‍ കോളറബാധ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തെ മാത്രമല്ല യൂറോപ്പിലേയും ലക്ഷക്കണക്കിന് പേരെ ബാധിച്ച മരുന്നില്ലാ രോഗമായിരുന്നു. ഈ രോഗം ബാധിച്ച് ദശലക്ഷക്കണക്കിന് പേരാണ് മരണപ്പെട്ടിരുന്നത്.

1817-ല്‍ ജെസ്സോര്‍ (ഇന്നത്തെ ബംഗ്ലാദേശില്‍ ഉള്ള ഒരു സ്ഥലം) എന്ന പ്രദേശത്താണ് കോളറ ആദ്യമായി പൊട്ടിപ്പുറപ്പെട്ടതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ അവകാശവാദത്തെ പിന്താങ്ങുന്നില്ല.

യൂറോപ്പില്‍ കോളറ വലിയ നാശം വിതച്ചതിനെത്തുടര്‍ന്ന് അന്നത്തെ പ്രമുഖ ശാസ്ത്രജ്ഞരായിരുന്ന ലൂയി പാസ്റ്ററും ജര്‍മ്മന്‍കാരനായ റോബര്‍ട്ട് കോക്കും ഒരു വലിയ ദൗത്യം ഏറ്റെടുത്തു. അവര്‍ ആയിരക്കണക്കിന് രോഗികളെ പരിശോധിച്ച് രോഗബാധയുടെ കാരണങ്ങളും പ്രതിവിധിയും കണ്ടെത്താന്‍ ശ്രമം നടത്തി.

അവര്‍ രണ്ടുപേര്‍ക്കും അതില്‍ പൂര്‍ണവിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളറ പടര്‍ത്തുന്ന ബാസിലസ് രോഗാണുവിനെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കോക്ക് അവകാശപ്പെട്ടുവെങ്കിലും അത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു.

“കോക്കിന്‍റെ കണ്ടെത്തലില്‍ ദേയ്ക്ക് വിശ്വാസം പോരായിരുന്നു. കോളറാ ബാക്റ്റീരിയ ഒരു എക്‌സോടോക്‌സിന്‍ പുറത്തുവിടുന്നുവെന്നും അതാണ് രോഗബാധിതരെ മരണത്തിലേക്ക് തള്ളിവിടുന്നതെന്നുമായിരുന്നു കോക്കിന്‍റെ തിയറി. വിബ്രിയോ കോളറ എന്ന ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷവസ്തുവേതാണെന്നും അതിന്‍റെ സ്വഭാവം എന്താണെന്നും തിരിച്ചറിയാന്‍ പിന്നെയും 76 വര്‍ഷം വേണ്ടിവന്നു,” വിഗ്യാന്‍ പ്രസാറിന് വേണ്ടി ധ്രുബജ്യോതി ചതോപാധ്യായ് എഴുതുന്നു.

ലക്ഷങ്ങളെ കൊന്നൊടുക്കിയ കോളറ വ്യാപനം തടയാന്‍ രാജ്യങ്ങള്‍ പല വഴികളും തേടി: സൈനിക ഡോക്ടര്‍ കോളറ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു. (ഫോട്ടോ കടപ്പാട്: Pixabay.com)

“വിബ്രിയോ കോളറ പുറപ്പെടുവിക്കുന്ന വിഷവസ്തു എന്‍റെറോടോക്‌സിന്‍ ആണെന്ന് വിജയകരമായി തെളിയിച്ചത് ശംഭു നാഥ് ദേ ആണ്. മാത്രമല്ല, അദ്ദേഹമാണ് റാബിറ്റ് മോഡല്‍ (മുയലുകളുടെ കുടലില്‍ കോളറാ രോഗാണുക്കളെ കടത്തിവിട്ട് നടത്തിയ പരീക്ഷണം) വിജയകരമായി പരീക്ഷിച്ച ആദ്യത്തെ ശാസ്ത്രജ്ഞന്‍. മുയലിന്‍റെ ചെറുകുടലില്‍ അദ്ദേഹം ഒരു പ്രത്യേകതരം ‘ലൂപ്’ ഉണ്ടാക്കി. മെഡിക്കല്‍ പദാവലിയില്‍ ഇത് ലിഗേറ്റഡ് ഇന്‍റെസ്റ്റിനല്‍ ലൂപ് (ligated intestinal loop) എന്നാണ് അറിയപ്പെടുന്നത്. ഇതുവഴി, വിബ്രിയോ കോളറാ രോഗാണുക്കള്‍ പുറപ്പെടുവിക്കുന്ന ഒരു തരം എന്‍ഡോ ടോക്‌സിന്‍ ആണ് കോളറാ ബാധിതരില്‍ കാണപ്പെടുന്ന വയറിളക്കത്തിന് കാരണമാകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. എന്തുകൊണ്ടാണ് കോളറ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതെന്നും അദ്ദേഹത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞു. വൈദ്യശാസ്ത്ര ഗവേഷണത്തില്‍ അത് തികച്ചും പുതിയൊരു അറിവായിരുന്നു.”

ഈ കണ്ടുപിടുത്തത്തിന് ശേഷവും 1960-കളുടെ മധ്യകാലത്തും കോളറ ഇന്‍ഡ്യയില്‍ വലിയ തോതില്‍ മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു.

“1950-കളിലും ലോകത്തെ ആകെ കോളറാ മരണങ്ങളില്‍ 86,977 ഉം (മൊത്തം 1,76,307) ഇന്‍ഡ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്‍ഡ്യയില്‍ കോളറ ബാധിതര്‍ക്കിടയിലെ മരണനിരക്ക് 49.34 ആയിരുന്നു. (രോഗം ബാധിച്ചവരില്‍ ഏതാണ്ട് പകുതിയും മരണമടഞ്ഞു). പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 12,947 ആയിരുന്നു. എങ്കിലും, മരണനിരക്ക് 29.9 ആയി കുറഞ്ഞു,” ദ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

കോളറ വ്യാധിയെക്കുറിച്ച് ഫ്രാന്‍സിലെ ലേ പെറ്റിറ്റ് ജേണലില്‍ വന്ന കവര്‍ ചിത്രം. 1912. കടപ്പാട്: വിക്കിപ്പീഡിയ കോമണ്‍സ്

അവിടെയാണ് ദേയുടെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം. ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല, ലോകം മുഴുവനും അതിന്‍റെ ഗുണം അറിഞ്ഞു.

“1954 മുതല്‍ അദ്ദേഹം ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓണററി ജോലിക്കാരനായി ഗവേഷണം തുടര്‍ന്നു. അവിടെയുണ്ടായിരുന്ന ബയോകെമിക്കല്‍-കെമിക്കല്‍ ഗവേഷണസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു സഹപ്രവര്‍ത്തകനോടൊപ്പമായിരുന്നു (എ സെന്‍) ദേയുടെ ഗവേഷണം. പൂര്‍ണമായ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 1957-ലാണ്. 1960 ആയപ്പോഴേക്കും അദ്ദേഹം കോളറ എക്‌സോടോക്‌സിന്‍ കണ്ടെത്തിയിരുന്നു,” എ സെന്നും ജെ കെ സര്‍ക്കാരും ചേര്‍ന്ന് ഇന്‍ഡ്യന്‍ അകാദമി ഓഫ് സയന്‍സിനുവേണ്ടി എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇന്‍ഡ്യയില്‍ അക്കാദമിക ഗവേഷണങ്ങള്‍ക്ക് അന്നുണ്ടായിരുന്ന പരിമിതികള്‍, സൗകര്യക്കുറവ് എന്നിവ കാരണം ദേയ്ക്ക് അദ്ദേഹത്തിന്‍റെ ഗവേഷണം അതിന്‍റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞില്ല. 1973-ല്‍ 58-ാമത്തെ വയസ്സില്‍ അക്കാദമിക ജോലികളില്‍ നിന്ന് അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് യഥാര്‍ത്ഥത്തില്‍ ശാസ്ത്രഗവേഷണത്തില്‍ നിന്നുതന്നെയുള്ള വിടപറയലും കൂടിയായിരുന്നു.

“1960-കളുടെ തുടക്കം മുതല്‍ ഞാന്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നെ നൊബേല്‍ സിംപോസിയം കമ്മിറ്റി കുഴിയില്‍ നിന്ന് തോണ്ടിയെടുക്കുകയായിരുന്നു,” കോളറയും ഡയറിയ സംബന്ധ രോഗങ്ങളും എന്ന 43-ാമത് നൊബേല്‍ സിംപോസിയത്തില്‍ (1978) ഡോ. ദേ പറഞ്ഞു. “എനിക്ക് കിട്ടിയിരുന്ന പരിമിതമായ സൗകര്യങ്ങളും സാങ്കേതിക വിദ്യയും കൊണ്ട് ഞാന്‍ വിചാരിച്ച പോലെ ഗവേഷണം തുടരാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ എനിക്ക് കോളറ എന്‍ററോടോക്‌സിനെപ്പറ്റിയുള്ള ഗവേഷണം അവസാനിപ്പിക്കേണ്ടി വന്നു.”

എഴുപതാമത്തെ വയസ്സില്‍, 1985 ഏപ്രില്‍ 15-ന് അദ്ദേഹം അന്തരിച്ചു.

“ഇന്‍ഡ്യയിലെ ശാസ്ത്രവൃത്തങ്ങളില്‍ അംഗീകരിക്കപ്പെടാതെ ദേ 1985-ല്‍ മരണമടഞ്ഞു. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഇന്‍ഡ്യയിലെ പ്രധാനപ്പെട്ട അവാര്‍ഡുകളൊന്നും കിട്ടിയില്ല. അക്കാദമികളൊന്നും അവരുടെ ഫെല്ലോഷിപ്പിനായി അദ്ദേഹം അര്‍ഹനാണെന്ന് തോന്നിയില്ല. അത് നമ്മുടെ കാലത്തെ ഏറ്റവും നഗ്നമായ ഒഴിവാക്കലായിരുന്നു…പലപ്പോഴും കാര്യമായ ശാസ്ത്രനേട്ടങ്ങളൊന്നും സംഭാവന ചെയ്യാതെ അവസാനിക്കുന്ന കൊട്ടിഘോഷിക്കപ്പെടുന്ന ഇന്നത്തെ വന്‍ഗവേഷണ പ്രോജക്ടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ദേ യുടെ ധീരമായ പരിശ്രമവും ആത്മാര്‍പ്പണവും നേട്ടവും ഒരുപാട് പേര്‍ക്ക് പ്രചോദനമാവും,” കറന്‍റ് സയന്‍സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രൊഫ. പദ്മനാഭന്‍ ബാലാറാം എഴുതുന്നു.


ഇതുകൂടി വായിക്കാം: വെറും 100 രൂപയ്ക്ക് സോളാര്‍ കുക്കര്‍: നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന ചെറുപ്പക്കാരന്‍റെ പരിശ്രമങ്ങള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം