പെന്‍ഷനായപ്പോള്‍ ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍

പെന്‍ഷന്‍ പറ്റി. വെറുതെ വീട്ടിലിരിക്കാനല്ല, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് കൊച്ചുത്രേസ്യയും ജോണും ഇഷ്ടപ്പെട്ടത്. അങ്ങനെ അവര്‍ വാഗമണ്ണില്‍ ഒരു കുന്നില്‍ ചെരിവ് വാങ്ങി. ഇരുപത് വര്‍ഷത്തോളം മുമ്പാണത്. പുല്ലും തേയിലച്ചെടികളും കുറച്ചുമരങ്ങളും മാത്രമുണ്ടായിരുന്ന അവിടെ ഇന്ന് പച്ചപ്പിന്‍റെ സ്വര്‍ഗമാണ്.

തിരിഞ്ഞുനോക്കുമ്പോള്‍ തോമസ് ജോണിന് തന്നെ അല്‍ഭുതം തോന്നുന്നു. ഇത്രയധികം മരങ്ങള്‍, അപൂര്‍വ്വമായ നൂറുകണക്കിന് ചെടികള്‍!

കുറഞ്ഞകാലം കൊണ്ട് കാടിന്‍റെ മനോഹരമായ തുണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു, പല കാരണങ്ങള്‍ കൊണ്ടും പച്ചപ്പും മേല്‍മണ്ണും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വാഗമണ്ണിലെ ഒരു കുന്നില്‍.

ലിറ്റില്‍ ഫ്ളവര്‍ ഫാംസിനുള്ളിലെ ഒരു നടവഴി. ഫോട്ടോ: littleflowerfarms/Instagram

“ഇന്ന് പ്രകൃതി പൂര്‍ണമായും ഈ ഫാമിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും കുറഞ്ഞകാലം കൊണ്ട്…തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അതിശയമാണ്,” ലിറ്റില്‍ ഫ്ലവര്‍ ഫാംസിന് വിത്തിട്ട കെ ജെ ജോണിന്‍റെയും കൊച്ചുത്രേസ്യയുടെയും മകന്‍ തോമസ് ജോണ്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


ഓരോ സീസണും ഓരോരോ വെല്ലുവിളികളായിരിക്കും…മുള്‍മുനയിലായിരിക്കും വര്‍ഷം മുഴുവന്‍


“പ്രകൃതിയുടെ രീതികള്‍ പ്രവചിക്കാനാവാത്തതാണ്. ഓരോ ദിവസവും പലതരത്തിലാണ് പ്രകൃതി പ്രതികരിക്കുക… മണ്‍സൂണ്‍കാലമായാലും കാറ്റോ വേനലോ ആയാലും, ഒന്നും മുന്‍കൂട്ടിക്കാണാനാവില്ല. ഓരോ സീസണും ഓരോരോ പുതിയ വെല്ലുവിളികളായിരിക്കും…മുള്‍മുനയിലായിരിക്കും വര്‍ഷം മുഴുവന്‍,” ഒരു ഫാം നടത്തിക്കൊണ്ടുപോവുന്നതിന്‍റെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഫാമില്‍ നിന്നൊരു ട്രെക്കിങ്ങ്. ഫോട്ടോ: littleflowerfarms/Instagram

വാഗമണ്ണിലെ ഈ ഫാം ഒരു കുടുംബത്തിന്‍റെ സ്വപ്നവും അധ്വാനവുമാണ്, ഒപ്പം ചുറ്റുമുള്ള മനുഷ്യരുടെ സഹകരണത്തിന്‍റെയും കൂട്ടായ്മയുടെയും വിജയവും. എല്ലാവരും ഒത്തുപിടിച്ചപ്പോള്‍ പ്രകൃതി കനിഞ്ഞുനല്‍കി.


ഇതുകൂടി വായിക്കാം: ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍


കെ ജെ ജോണും കൊച്ചുത്രേസ്യ തോമസും വാഗമണ്ണില്‍ സ്ഥലം വാങ്ങുന്ന സമയത്ത് ഇവിടെ ആകെ കുറച്ച് മരങ്ങളേ ഉണ്ടായിരുന്നുള്ളൂ.

ജോണും കൊച്ചുത്രേസ്യാ തോമസും വാഗമണ്ണില്‍ ഭൂമി വാങ്ങിയപ്പോള്‍..ഒരു ആദ്യകാല ചിത്രം. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പാണത്. രണ്ടുപേരും പെന്‍ഷന്‍ പറ്റി. വെറുതെ വീട്ടിലിരിക്കാനല്ല, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് ഇഷ്ടപ്പെട്ടത്.

ബി എസ് എന്‍ എലില്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ആയാണ് ജോണ്‍ റിട്ടയര്‍ ചെയ്തത്. കൊച്ചുത്രേസ്യ തിരുവനന്തപുരം ആള്‍ സെയ്ന്റ്‌സ് കോളെജില്‍ ബോട്ടണി പ്രൊഫസര്‍ ആയിരുന്നു.

ജോണും കൊച്ചുത്രേസ്യയും കുടുംബവും വളര്‍ത്തിയെടുത്ത പച്ചപ്പ്…ലിറ്റില്‍ ഫ്ലവര്‍ ഫാംസ് എതിര്‍വശത്തുള്ള കുന്നില്‍ നിന്ന് നോക്കിയാല്‍… ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

വാഗമണ്ണില്‍ അക്കാലത്ത് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റമൊന്നും ഇന്നത്തെപ്പോലെ ഇല്ല. അവരവിടെ എട്ട് ഏക്കര്‍ സ്ഥലം വാങ്ങിച്ചു.


ഇരുപതുവര്‍ഷത്തിനുള്ളില്‍ അതൊരു കനത്തകാടും കൃഷിയിടവുമായി മാറി


പുല്ലും തേയിലച്ചെടികളും കുറച്ച് മരങ്ങളും മാത്രമുള്ള, ഒരു കുന്നിന്‍ചെരിവായിരുന്നു അവര്‍ വാങ്ങിയ ഭൂമി.

കുറച്ചുവര്‍ഷത്തെ ശ്രമഫലമായി കൊച്ചുത്രേസ്യയും ജോണും ചേര്‍ന്ന് അത് കനത്തുനില്‍ക്കുന്ന കാടും കൃഷിയിടവുമൊക്കെയാക്കി മാറ്റിയിരിക്കുന്നു.

ഇന്ന് ആ ഫാം പ്രകൃതി ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

ആ പച്ചത്തഴപ്പുകള്‍ക്കിടയില്‍ തണുപ്പുപുതച്ച് നടക്കുമ്പോള്‍ കാണാം വലിയ മരങ്ങളുടെ ദേഹത്ത് പൂപ്പല്‍പ്പച്ചയില്‍ മഴയും മഞ്ഞും നനച്ചുപടര്‍ത്തിയ അപൂര്‍വ്വമായ ഓര്‍ക്കിഡുകള്‍. താഴെ, അപൂര്‍വ്വമായ ഔഷധപ്പടര്‍പ്പുകള്‍. ഹെലിക്കോണിയ ചെടികളില്‍ പലനിറത്തിലുള്ള പൂക്കള്‍, കാട്ടിഞ്ചിക്കൂട്ടങ്ങളില്‍ തുടുത്തുനില്‍ക്കുന്ന ചുവന്ന പൂക്കള്‍. പൈന്‍മരക്കാടുകള്‍, മുളംകൂട്ടങ്ങള്‍. ശല്യപ്പെടുത്തലുകളൊന്നുമില്ലാത്തതിനാല്‍ തിമിര്‍ത്തുവളര്‍ന്ന പന്നല്‍ച്ചെടികള്‍….


ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റത്തിനും പലതരം റിസോര്‍ട്ടുകളുടെ വരവിനും മുമ്പാണ് ജോണും കൊച്ചുത്രേസ്യയും അവിടേക്കെത്തുന്നത്.


ഇതുമാത്രമല്ല, ആ ഫാമില്‍. പച്ചക്കറികളും സുഗന്ധവിളകളും തിങ്ങി നിറഞ്ഞുനില്‍ക്കുകയാണ്. തക്കാളി, മത്തന്‍, ഉള്ളി, പച്ചമുളക്, കാപ്‌സികം, ബീന്‍സ്, കാരറ്റ് , ബ്രോക്കോലി, ലെറ്റിയൂസ്, പലതരം കാബേജുകള്‍, കെയ്ല്‍, ചീരകള്‍, ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കപ്പയും ചേനയും ചേമ്പും…പിന്നെ പലതരം വിഭവങ്ങളിലുപയോഗിക്കുന്ന നാടനും വിദേശിയുമായ ചേരുവകള്‍–ഇഞ്ചിപ്പുല്ല്, ഓറിഗാനോ, തൈം, റോസ്‌മേരി, പാഴ്സ്ലി, പുതിന…(ലിസ്റ്റ് അപൂര്‍ണം.)

ഓരോ സീസണിലും പാകമാവുന്ന പലതരം പഴങ്ങള്‍ പറിച്ചെടുത്താല്‍ തന്നെ ലിറ്റില്‍ ഫ്‌ളവര്‍ ഫാമിന്‍റെ പഴക്കൂട നിറഞ്ഞുകവിയും. സ്ട്രോബെറി പേര. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

കുരുമുളകും ഇഞ്ചിയും മഞ്ഞളും ജാതിയും ഏലവും കറുവാപ്പട്ടയുമെല്ലാം ഇവിടെത്തന്നെയുണ്ടാക്കുന്നു. ഫാംസ്റ്റേയില്‍ താമസിക്കാന്‍ വരുന്നവര്‍ക്ക് ഇവിടെയുണ്ടാക്കുന്ന ജൈവവിഭവങ്ങള്‍ കൊണ്ട് നല്ല ഭക്ഷണം കഴിക്കാം.


ഇതുകൂടി വായിക്കാം: വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്


ഓരോ സീസണിലും പാകമാവുന്ന പലതരം പഴങ്ങള്‍ പറിച്ചെടുത്താല്‍ തന്നെ ലിറ്റില്‍ ഫ്‌ളവര്‍ ഫാമിന്‍റെ പഴക്കൂട നിറഞ്ഞുകവിയും.. പേരക്കയും പാഷന്‍ഫ്രൂട്ടും ചാമ്പക്കയും നെല്ലിക്കയും പപ്പായയും ചക്കയും മാങ്ങയും പൈനാപ്പിളും…. ഇതിനൊക്കെപ്പുറമെ മാംഗോസ്റ്റിനും റംബുട്ടാനും മുള്ളാത്തയും..അങ്ങനെയങ്ങനെ.

പ്രകൃതി ഇന്ന് ആ ഫാം ഏറ്റെടുത്തുകഴിഞ്ഞു. മലബാര്‍ ഫ്ലയിങ് ഫ്രോഗ്. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

ശിഷ്ടകാലം സ്വസ്ഥമായി പ്രകൃതിയോടൊത്തിണങ്ങി ജീവിക്കാന്‍, പരിസ്ഥിതി പുനസ്ഥാപനത്തിന് തങ്ങളെക്കൊണ്ടാവുന്നത് ചെയ്യാന്‍…കഴിയുമെങ്കില്‍ പ്രദേശത്ത് ജീവിക്കുന്നവര്‍ക്ക് ഒരു കുറച്ച് തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കാന്‍…അത്രയൊക്കെ മാത്രമേ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.


ഫാം പ്രോജക്ട് ആരംഭിക്കുമ്പോള്‍ വാഗമണ്‍ ഇന്നുകാണുന്നതുപോലെ ഒരു ടൂറിസ്റ്റ് ഹബ് ഒന്നുമായിരുന്നില്ല.


രണ്ടുപേരുടെയും കരുതലിലും ആ ഭൂമി പതിയെ പച്ചപ്പണിയാന്‍ തുടങ്ങി, വളരെ സാവധാനത്തില്‍. പ്രകൃതി അതിന്‍റെ താളം കണ്ടെത്തുന്നതുവരെ അവര്‍ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തു. തുടക്കത്തില്‍ പരാജയങ്ങള്‍ പലതുണ്ടായി. ഓരോ തെറ്റും തിരുത്തി. പിന്‍മാറിയില്ല.

ഇന്നീ ഫാമില്‍ നൂറുകണക്കിന് ഇനം സസ്യങ്ങളും മരങ്ങളുമുണ്ട്. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

“ഇന്നീ ഫാമില്‍ നൂറുകണക്കിന് ഇനം സസ്യങ്ങളും മരങ്ങളുമുണ്ട്. അതില്‍ തദ്ദേശീയമായതും അപൂര്‍വ്വമായതുമെല്ലാമുണ്ട്. പരിസ്ഥിതി പുനസ്ഥാപനവും ജൈവവൈവിധ്യസംരക്ഷണവും ലക്ഷ്യമിട്ടുള്ള ഈ പ്രോജക്ട് നിലനിര്‍ത്തുകയെന്ന ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ ഇതിനെ ഫാംസ്റ്റേയാക്കി മാറ്റിയത്,” തോമസ് ജോണ്‍ വിശദീകരിച്ചു.


ആദ്യം നട്ട ചെടികളൊന്നും പിടിച്ചില്ല.


ഇന്‍വെസ്റ്റ് ബാങ്കിങ്ങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തോമസ് ജോണും പരസ്യചിത്ര നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഭാര്യ രേഖയും അതുപേക്ഷിച്ച് ഫാമിലെത്തി. 2016ല്‍ കെ ജെ ജോണ്‍ അന്തരിച്ചു. ഇന്ന് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് തോമസ് ജോണും രേഖയും കൊച്ചുത്രേസ്യയുമുണ്ട്.

ഫാമില്‍ തനിയെ വിരിഞ്ഞ ഭക്ഷ്യയോഗ്യമായ കൂണുകള്‍.
ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

“ഫാം പ്രോജക്ട് ആരംഭിക്കുമ്പോള്‍ വാഗമണ്‍ ഇന്നുകാണുന്നതുപോലെ ഒരു ടൂറിസ്റ്റ് ഹബ് ഒന്നുമായിരുന്നില്ല,” തോമസ് ജോണ്‍ പറഞ്ഞു. “ഇവിടെ ചുറ്റുവട്ടത്തുള്ളവര്‍ ജീവിക്കാന്‍ പാടുപെടുകയായിരുന്നു. പ്രദേശവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കൂടി ഉദ്ദേശിച്ചായിരുന്നു ഫാമിന്‍റെ തുടക്കം.”

ജോണും കൊച്ചുത്രേസ്യയും കൂടി എങ്ങനെയാണ് ആ എട്ടേക്കര്‍ ഭൂമി മാറ്റിയെടുത്തതെന്ന് തോമസ് വിശദീകരിക്കുന്നു:

ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന ചെടികളും മരങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തി എട്ടേക്കര്‍ സ്ഥലത്ത് നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതത്ര എളുപ്പമൊന്നുമായിരുന്നില്ല. ആദ്യം നട്ട ചെടികളൊന്നും പിടിച്ചില്ല. മണ്ണൊലിപ്പും വനനശീകരണവുമൊക്കെ കാരണം മേല്‍മണ്ണിന് ചെടികളെയും മരങ്ങളെയും നിലനിര്‍ത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. പലയിടത്തും മേല്‍മണ്ണ് പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിന് പുറമെ പ്രതികൂലമായ കാലാവസ്ഥയും.

ജോണ്‍ തന്‍റെ ഫാമില്‍. ഒരു പഴയ ചിത്രം. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

ആദ്യശ്രമം പാളിയതോടെ കൂടുതല്‍ ശ്രദ്ധിച്ചാണ് അടുത്ത ചുവടുവെച്ചത്. ആ ഭൂമിയില്‍ എന്തൊക്കെ പിടിക്കും എന്തൊക്കെ വളരില്ല എന്നതിനെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമായിരുന്നു അത്.


അപ്പുറത്തുള്ള കുന്നില്‍ നിന്ന് ഇപ്പോള്‍ നോക്കിയാല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫാംസ് സ്വാഭാവികമായ ഒരു വനം ആണെന്നേ തോന്നൂ.


അവിടെയുണ്ടായിരുന്ന തേയിലച്ചെടികളെ അവയുടെ പാട്ടിനുവളരാന്‍ അനുവദിക്കുകയാണ് അവര്‍ ചെയ്തത്. പക്ഷികളെ ആകര്‍ഷിക്കാന്‍ കൂടിയായിരുന്നു അത്. അങ്ങനെ പക്ഷികള്‍ കൂടി പാകി മുളപ്പിച്ച വിത്തുകളാണ് ഇന്നവിടെ വളരുന്നത്.

മണ്ണിന് പുതപ്പുണ്ടാക്കുകയെന്നതായിരുന്നു അടുത്തത്. ഒഴുക്കുവെള്ളത്തോടൊപ്പം മണ്ണും ഒലിച്ചുപോകുന്നത് തടയുകയെന്നതായിരുന്നു ലക്ഷ്യം. പിന്നീട് ചാണകവും കംപോസ്റ്റും കരിയിലകളുമൊക്കെ ചേര്‍ത്ത് മണ്ണിന്‍റെ ഗുണം വര്‍ദ്ധിപ്പിച്ചു. പുതയിടല്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചു. വേനലിലെ ഉണക്ക് നേരിടാന്‍ മഴവെളളം ശേഖരിച്ചു.

ഫാമിന്‍റെ വിദൂര ദൃശ്യം. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്

പതിയെപ്പതിയെ മണ്ണിന്‍റെ ഗുണമേന്മ തിരിച്ചുവന്നു. മഴവെള്ളക്കൊയ്ത്തിലൂടെ ഫാമില്‍ ആവശ്യത്തിന് വെള്ളവുംആയി. അതോടെ വീണ്ടും ചെടികള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. കുറച്ചുഭാഗത്ത് പ്രദേശത്ത് സാധാരണ കണ്ടുവരുന്ന പുല്ലിനങ്ങള്‍ക്ക് വളരാന്‍ ഇടം വിട്ടുകൊടുത്തു. ചുറ്റുവട്ടത്തുള്ള വനമേഖലയില്‍ നിന്നും കുറ്റിക്കാടുകളില്‍ നിന്നും കിട്ടാവുന്നത്ര ഇനം ചെടികളും മരത്തൈകളും പുല്ലിനങ്ങളും കൊണ്ടുവന്ന് ഫാമില്‍ നട്ടുവളര്‍ത്തി.

അപ്പുറത്തുള്ള കുന്നില്‍ നിന്ന് ഇപ്പോള്‍ നോക്കിയാല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫാംസ് സ്വാഭാവികമായ ഒരു വനം ആണെന്നേ തോന്നൂ. വാഗമണ്ണിലെ കോടയും മഞ്ഞും നനുത്ത മഴയും ആ പച്ചത്തുരുത്തിന്‍റെ ഭംഗി കൂട്ടും.

ഫാംസ്റ്റേയില്‍ താമസിച്ചുകൊണ്ട് കാടിനേയും അറിയാം. അല്ലെങ്കില്‍ കാട്ടില്‍ താമസിച്ചുകൊണ്ട് കൃഷിത്തോട്ടത്തിന്‍റെ ജൈവരുചി നുകരാം. കാട്ടുപൂക്കളും പുല്ലും മരങ്ങളും മഞ്ഞും നിറഞ്ഞ ഇടങ്ങളിലൂടെ ട്രെക്കിങ്ങ് നടത്താം. ഫാംസ്റ്റേയുടെ ഒരറ്റത്ത് ഒരു കുന്നിന്‍പുറമുണ്ട്. അവിടേക്ക് പുല്‍ക്കാട്ടിനുള്ളിലെ കുഞ്ഞുവഴിയിലൂടെ നടന്നുകയറാം. വഴിയേ പച്ചക്കറിത്തോട്ടവും സുഗന്ധവിളകളുമുണ്ട്. മുകളില്‍ നിന്ന് ചോലവനത്തിലേക്കിറങ്ങിയാല്‍ ഒരരുവിയാണ്.


ഇതുകൂടി വായിക്കാം: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍


ഫാമിനെ മൂന്നായി തിരിച്ചിട്ടുണ്ട്–ഉറവ, കളരി, തട്ടകം.
‘ഉറവയാണ് ഞങ്ങളുടെ ഫാമിലെ ആരോടും പറയാത്ത രഹസ്യം. മണ്‍സൂണ്‍ കാലത്ത് മേലെ നിന്നുവരുന്ന ഒരരുവിയില്‍ നിന്നുള്ള വെള്ളം ഇവിടെയുള്ള കുളത്തില്‍ വന്നുനിറയും,’ തോമസ് പറഞ്ഞു. സ്വകാര്യ ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള ഇടമാണ് കളരി. ഇവിടെ നിങ്ങള്‍ക്ക് പാട്ടുകേള്‍ക്കാം, അതല്ലെങ്കില്‍ പ്രകൃതിയുടെ സംഗീതത്തില്‍ മുഴുകാം, തോമസ് പറയുന്നു.

ഉറവ. ഫാമിനുള്ളിലെ തെളിനീര്‍പ്പൊയ്ക. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്.

തട്ടകം മരംകൊണ്ടുണ്ടാക്കിയ ഒരു തട്ടാണ്. അതിന് മുകളിലിരുന്ന് താഴെ താഴ്വാരം ആസ്വദിച്ചിരിക്കാം. ചോലവനങ്ങളുടെയും പുല്‍മേടുകളുടെയും സൗന്ദര്യം ആവോളം ആസ്വദിക്കാം, ധ്യാനത്തിലമരാം, യോഗ ചെയ്യാം, സൂര്യോദയം കാണാം, വായിക്കാം, വരയ്ക്കുകയോ എഴുതുകയോ ചെയ്യാം…, തോമസ് ക്ഷണിക്കുന്നു.

ഫാംസ്റ്റേയില്‍ വിളമ്പുന്ന ഭക്ഷണം അധികവും അവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. പുറമെ മീനും മാംസവുമൊക്കെയുണ്ടാവും. ‘ചിക്കനും മറ്റും അടുത്തുതന്നെയുള്ള ഫാമുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. പഴങ്ങളിഷ്ടപ്പെടുന്നവര്‍ക്ക് സീസണനുസരിച്ച് ചാമ്പയ്ക്കയും ചക്കയും പേരക്കയും പാഷന്‍ഫ്രൂട്ടും മാങ്ങയും പൈനാപ്പിളുമൊക്കെയുണ്ടാവും.

ഉറവ. ഫോട്ടോ: ലിറ്റില്‍ ഫ്ലവര്‍ ഫാംസ്.

ഫാമിലുണ്ടാക്കിയ ഫ്രൂട്ട് പ്രിസര്‍വുകളും ജാമുകളും വീട്ടിലുണ്ടാക്കിയ വൈനും നെയ്യും അച്ചാറുകളും പലതരം തേനുമെല്ലാം ഇവിടെ നിന്ന് വാങ്ങാം,’ തോമസ് അഭിമാനത്തോടെ പറഞ്ഞു.

ഇതൊക്കെ ആരാണ് മാനേജ് ചെയ്യുന്നതെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ‘ഇത് ഞങ്ങളുടെ കുടുംബം ഒറ്റയ്ക്കാണ് നോക്കിനടത്തുന്നത്.’ ഫാമിലെ പണികള്‍ക്കും മറ്റും അയല്‍പക്കത്തുള്ള ആളുകള്‍ എത്തും. അവരാണ് ഈ ഫാമിന്‍റെ നെടുംതൂണുകള്‍. തുടക്കം മുതലേ അവര്‍ ഫാമിനെ പരിപാലിക്കുന്നതില്‍ സഹായിക്കുന്നു, അദ്ദേഹം വിശദമാക്കി.

പ്രകൃതി അതിന്‍റെ കാര്യം നോക്കിക്കൊള്ളും. ഇനി തുറന്ന ചിന്തകള്‍ക്കായി വാതിലുകള്‍ പരക്കെത്തുറന്നിടുന്ന ഒരിടമാക്കി മാറ്റണം എന്നതാണ് തോമസിന്‍റെ അടുത്ത പദ്ധതി. പുരോഗമന ചിന്തകള്‍ക്ക് സ്വാഗതം പകരുന്ന ഒരിടമാക്കി ഇതിനെ മാറ്റണം. സ്വതന്ത്രമായി ചിന്തിക്കുന്നവരും പച്ചപ്പാര്‍ന്ന പുതിയൊരുലോകത്തിനായി വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നവരും ചിന്തിക്കുന്നവരും വന്നുചേര്‍ന്ന് സംവദിക്കുന്ന ഒരു സ്ഥലമായി ഫാമിനെ മാറ്റിയെടുക്കുക എന്നതാണ് അടുത്ത ലക്ഷ്യം, തോമസ് തന്‍റെ സ്വപ്‌നം പങ്കിട്ടു.

Watch: ലിറ്റില്‍ ഫ്ലവര്‍ ഫാംസിലെ വനവഴികളിലൂടെ… 

കൂടുതല്‍ വിവരങ്ങള്‍ക്കായി ലിറ്റില്‍ ഫ്‌ളവര്‍ ഫാംസിന്‍റെ വെബ്‌സൈറ്റും ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലും സന്ദര്‍ശിക്കാം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം