പഞ്ചസാര ചേര്‍ക്കാത്ത പായസം കഴിച്ച പ്രസിഡണ്ട് ചോദിച്ചു, ‘പോരുന്നോ എന്‍റെ കൂടെ?’: നവരസപ്പായസം മുതല്‍ ഒബാമയ്ക്കൊരുക്കിയ പൈനാപ്പിള്‍ വിഭവം വരെ നീളുന്ന മണിസാമിയുടെ പാചകക്കഥകള്‍

2005-ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച പച്ചാളം ഭാസി എന്ന കാഥാപാത്രമാണ് നവരസ പായസത്തിന്‍റെ പ്രചോദനം.

പ്രതിഭാ പാട്ടീല്‍ ഇന്‍ഡ്യയുടെ പ്രസിഡണ്ടായിരുന്ന കാലം. കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി അവര്‍ തിരുവനന്തപുരത്ത് തങ്ങി. മാസ്‌കോട്ട് ഹോട്ടലിലായിരുന്നു താമസം. ഭക്ഷണത്തിന്‍റെ ചുമതല ഹോട്ടലിലെ പ്രധാന കുക്കിനും.

സന്ദര്‍ശനത്തിന്‍റെ ഒരിടവേളയില്‍ പ്രതിഭാ പാട്ടീലിന് പായസം കുടിക്കണമെന്ന് ആഗ്രഹം. പക്ഷേ, പ്രമേഹരോഗിയായതിനാല്‍ പഞ്ചസാര ചേര്‍ക്കാതെ വേണം അതുണ്ടാക്കാന്‍. ഗവര്‍ണര്‍ ഉടന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

അന്ന് മാസ്‌കോട്ടില്‍ ഉണ്ടായിരുന്ന ഷെഫിന് അങ്ങനെയൊരു പായസം തയ്യാറാക്കാന്‍ അറിയില്ലെന്നായി.  അദ്ദേഹമാണ് ‘മസ്‌കറ്റ് മണി’  യെ വിളിക്കാം എന്ന് പറഞ്ഞു.

അങ്ങനെയാണ് ‘മസ്‌കറ്റ് മണി’യെന്ന് അറിയപ്പെടുന്ന രാമചന്ദ്ര അയ്യരെ അടിയന്തരമായി വിളിപ്പിക്കുന്നത്.

മണിസാമി എന്ന രാമചന്ദ്ര അയ്യര്‍ മുന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീലിനെ സ്വീകരിക്കുന്നു.

”ഞാനന്ന് തിരുവനന്തപുരത്തു തന്നെയുള്ള കേരളാ സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ (കെ റ്റി ഡി സി) മറ്റൊരു ഹോട്ടലിലാണ് അന്ന് ജോലി ചെയ്യുന്നത്. മാഡത്തിന്‍റെ വരവുമായി ബന്ധപ്പെട്ട് എനിക്ക് ഭക്ഷണത്തിന്‍റെ ചുമതലകളുണ്ടായിരുന്നില്ല,” രാമചന്ദ്ര അയ്യര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി ആ രസകരമായ സംഭവകഥ പങ്കുവെച്ചു.

രാഷ്ട്രപതി വരുന്നുണ്ടെന്നറിഞ്ഞ് നേരത്തെ തന്നെ അയ്യര്‍ അന്നത്തെ മാസ്‌കോട്ട് ഹോട്ടല്‍ എം ഡിയോട് പ്രസിഡണ്ടിന്‍റെ കുക്കായി നില്‍ക്കാന്‍ സാധ്യതകളെന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. “മണിയ്ക്ക് ഇതിലും നല്ലത് മറ്റെന്തെങ്കിലും വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.”

എന്നാല്‍ പഞ്ചസാരയില്ലാത്ത പായസത്തിന്‍റെ കാര്യം വന്നപ്പോള്‍ രാമചന്ദ്ര അയ്യരെത്തന്നെ വിളിക്കുകയായിരുന്നു.

രാമചന്ദ്ര അയ്യര്‍ പാചകപ്പുരയില്‍, ഒപ്പം ഭാര്യ ലളിത

”വിളിയെത്തി. ഉടന്‍ അവിടെയെത്തണം. വിവരവും ധരിപ്പിച്ചു. എനിക്കും ആകെ അങ്കലാപ്പായി. എന്തു ചെയ്യും?” ആ സമയത്തുണ്ടായ പരിഭ്രമം അയ്യര്‍  ഇന്നും മറക്കില്ല.

“എന്നാല്‍ ഉടന്‍ തന്നെ എനിക്ക് ഒരു ഐഡിയ തോന്നി. എന്‍റെ നാട്ടിലെ (ഹരിപ്പാട്ടെ) പച്ചനെല്ലിന് ഇളം മധുരമുണ്ട്. പെട്ടെന്നു തന്നെ ഹരിപ്പാട്ടുള്ള എന്‍റെയൊരു സുഹൃത്തിനോട് പച്ചനെല്ല് എങ്ങനെയെങ്കിലും എത്തിക്കാന്‍ ആവശ്യപ്പെട്ടു. അയാളു സമ്മതിച്ചു. ഇനി പാലു വേണം…

“പ്രസവിച്ചു ദിവസങ്ങള്‍ മാത്രമായ പശുവിന്‍റെ പാലിന് ഇളം മധുരമുണ്ട്. അതും ഒരു തരത്തില്‍ സംഘടിപ്പിച്ചു. പച്ചനെല്ലിന്‍റെ തവിടിനും ഇളംപാലിനും സ്വതവേ ഒരു മധുരമുണ്ട്. ഇതു രണ്ടും കിട്ടിയ ഉടന്‍ വളരെ വേഗത്തില്‍ പായസം തയ്യാറാക്കി.”

പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് അവസാനിച്ചില്ല.

പഴയകാല ചിത്രങ്ങള്‍

“മാഡത്തിനു കഴിക്കാനുള്ള ഭക്ഷണം ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. മധുരമുണ്ട്. അതിലെന്തോ കെമിക്കലുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അവര്‍ വാദിച്ചു. പക്ഷെ  ഇതുകണ്ടു നിന്ന കെ റ്റി ഡി സി യിലെ ഉദ്യോഗസ്ഥരും മറ്റും അതിലെ ചേരുവകളെക്കുറിച്ചും തയ്യാറാക്കിയ രീതിയെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു.അവരുടെ വിശ്വാസം നേടി,” അയ്യര്‍ ഓര്‍ക്കുന്നു.

പിന്നെ പായസം പ്രസിഡന്‍റിന്‍റെ ടേബിളിലേക്ക്. പിന്നെ നടന്നത് ഇതാണ്.

“മാഡത്തിന് പായസം ഏറെ ഇഷ്ടപ്പെട്ടു. പായസം തയ്യാറാക്കിയ എന്നെ വിളിപ്പിച്ചു ചോദിച്ചു, ‘ബാബാ (പ്രതിഭാ പാട്ടില്‍ രാമചന്ദ്ര അയ്യരെ അന്നുമുതല്‍ അങ്ങനെയാണ് വിളിച്ചത്) എന്‍റെ കൂടെ രാഷ്ട്രപതി ഭവനിലേക്ക് പോരുന്നോ?

“എനിക്കു നൂറുവട്ടം സമ്മതം. സര്‍ക്കാരിന്‍റേയും കെ റ്റി ഡി സി-യുടെയും പിന്നെ പദ്മനാഭസ്വാമിയുടെയും അനുവാദം വാങ്ങി ഭാര്യ ലളിതയ്ക്കൊപ്പം ഞാന്‍ ഡല്‍ഹിയിലേക്ക് പറന്നു,” രാമചന്ദ്ര അയ്യരെന്ന നാട്ടുകാരുടെ മണിസാമി തുടരുന്നു.

”രാഷ്ട്രപതി ഭവനിലെ ദക്ഷിണേന്‍ഡ്യന്‍ ഭക്ഷണങ്ങളുടെ ചുമതല എനിക്കും ഒരു തമിഴ്നാട്ടുകാരനുമായിരുന്നു. നമ്മുടെ സ്വന്തം അവിയല്‍ മാഡത്തിന് ഏറെ പ്രിയമായിരുന്നു. ഒരാള്‍ക്ക് വേണ്ടി അവിയല്‍ തയ്യാറാക്കുന്ന കാര്യം എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു . കാരണം അതില്‍ എല്ലാ പച്ചക്കറികളും ഉള്‍പ്പെടണമല്ലോ. എന്നാല്‍ അരിഞ്ഞു വരുമ്പോള്‍ തന്നെ അതൊരു വലിയ പാത്രം നിറയെ ആകും. അങ്ങനെ പച്ചക്കറി ചെറുതായി അരിഞ്ഞെടുക്കുന്ന രീതി ഞാന്‍ പരീക്ഷിച്ചു,” അങ്ങനെ ഒരാള്‍ക്കു മാത്രമായി രുചികരമായ അവിയല്‍ തയ്യാറാക്കുന്നതില്‍ മണിസാമി വിജയിച്ചു.

കെ റ്റി ഡി സി-യില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ പോയ സ്വാമി 2008-ല്‍ അവിടെ നിന്നു വിരമിച്ചെങ്കിലും രാഷ്ട്രപതി ഭവനില്‍ തുടര്‍ന്നു. നാലു വര്‍ഷത്തോളം അദ്ദേഹം അവിടെ കുക്കായി പ്രവര്‍ത്തിച്ചു.

”മാഡം (പ്രതിഭാ പാട്ടീല്‍) മാസാംഹാരം കഴിക്കില്ലായിരുന്നു. ശുദ്ധവെജിറ്റേറിയന്‍. നമ്മുടെ അവിയലിനോടും ഇഡ്ഡലിയോടുമൊക്കെ ഏറെ പ്രിയമുണ്ടായിരുന്നു. പ്രമേഹമുള്ളതുകൊണ്ട് പുഴുക്കലരിയിലാണ് ഇഡ്ഡലി തയ്യാറാക്കിയിരുന്നത്. കൂടാതെ ദക്ഷിണേന്‍ഡ്യന്‍ വിഭവങ്ങളായ നീലഗിരി കുറുമ, ഉള്ളിത്തീയല്‍, പച്ചക്കറികള്‍ നിറഞ്ഞ കാഞ്ചീവരം ഇഡ്ഡലി എന്നിവയൊക്കെ മാഡത്തിന് ഏറെ പ്രിയങ്കരമായിരുന്നു.”

പക്ഷേ, പ്രതിഭാ പാട്ടീലിന്‍റെ ഭര്‍ത്താവ് ദേവീസിങ് മാംസാഹാരവും കഴിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി അയ്യര്‍ മാംസഭക്ഷണവും ഉണ്ടാക്കുമായിരുന്നു.

“ഞാന്‍ മാംസാഹാരം കഴിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി മാംസാഹാരവും തയ്യാറാക്കിയിരുന്നു. രുചിച്ചു നോക്കാതെ മണം മാത്രം നോക്കിയായിരുന്നു എന്‍റെ പാചകം,” രാഷ്ട്രപതി ഭവനിലെ വിശേഷങ്ങള്‍ മണിസാമി വാതോരാതെ പറയുന്നു.

ചില യാത്രകളിലും രാമചന്ദ്ര അയ്യര്‍ പേഴ്സണല്‍ കുക്കായി പ്രതിഭാ പാട്ടീലിനെ അനുഗമിച്ചിരുന്നു. പ്രസിഡണ്ടിന്‍റെ ലണ്ടന്‍ യാത്രയിലൊക്കെ അയ്യര്‍ ഉള്‍പ്പെട്ട ടീമാണ് പോയത്.

പ്രസിഡണ്ടിന്‍റെ കുക്കായിരിക്കെ മറ്റൊരു അംഗീകാരവും അദ്ദേഹത്തെ തേടി വന്നു.

അന്നൊരിക്കല്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഒബാമയുടെ ഡെല്‍ഹി സന്ദര്‍ശനം. “ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒബാമയ്ക്ക് രാഷ്ട്രപതി അത്താഴ വിരുന്നൊരുക്കി. ഭക്ഷണം തയ്യാറാക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി ഷെഫുമാരുണ്ടായിരുന്നു.അദ്ദേഹത്തിനു വേണ്ട പ്രധാന വിഭവങ്ങളുടെയെല്ലാം പട്ടിക തയ്യാറാക്കിയിരുന്നത് മാഡം തന്നെയായിരുന്നു.വിഭവങ്ങളുടെയെല്ലാം പട്ടിക അതാതു ഷെഫുമാര്‍ക്കു കൈമാറി.

“എന്നാല്‍ പട്ടികയില്‍ അത്താഴവിരുന്നിന് നല്‍കേണ്ട ഡെസേര്‍ട്ട് എന്താണെന്ന് അതിലില്ലായിരുന്നു. അത് പിന്നീട് തീരുമാനിക്കാം എന്ന് മാഡം പറഞ്ഞിരുന്നു. തുടര്‍ന്നാണ് മാഡത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പൈനാപ്പിള്‍ ഹല്‍വ തയ്യാറാക്കാന്‍ അവര്‍ എന്നെ ഏല്‍പിക്കുന്നത്. സമയക്കുറവുണ്ട്. എല്ലാവരും ആകെ പരിഭ്രമത്തിലായി. എന്തായാലും ഞാന്‍ തയ്യാറാക്കി നല്‍കിയ ഡെസേര്‍ട്ട് അമേരിക്കന്‍ പ്രസിഡന്‍റിന് ഏറെ ഇഷ്ടപ്പെട്ടതായി പത്രങ്ങളില്‍ വന്നതും വായിച്ചതും എനിക്കേറെ അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയുന്നു,” മണിസാമി  പറഞ്ഞു.

അത്താഴപ്പട്ടിണിയുടെ കാലം

മണിസാമിയുടെ അച്ഛന് ഒരു ചായക്കടയിലായിരുന്നു ജോലി. ദാരിദ്ര്യം നിറഞ്ഞ ജീവിതം.
”എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് എന്‍റെ മൂത്ത ചേച്ചിയെ തിരുവനന്തപുരത്തേക്ക് വിവാഹം കഴിച്ചയക്കുന്നത്. ചേച്ചിയുടെ ഭര്‍ത്താവിന്‍റെ നിര്‍ബ്ബന്ധപ്രകാരം ഞങ്ങളുടെ കുടുംബവും (ഹരിപ്പാടുനിന്നും) തിരുവനന്തപുരത്തേക്ക് താമസം മാറ്റി. അവിടെയും അച്ഛനൊരു ഹോട്ടലില്‍ ജോലിക്കായി നിന്നു.

“അതില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ജീവിതം. അമ്മയുടെ സഹോദരനാകട്ടെ ഹരിപ്പാട് വെങ്കിടാചലം അക്കാലത്ത് മതിലകത്തെ (പദ്മനാഭസ്വാമി ക്ഷേത്രത്തിനകത്തെ) മുഖ്യ പരിപ്പുകാരിലൊരാളാണ് (മുഖ്യ പാചകക്കാരന്‍). ഞങ്ങളുടെ അത്താഴപ്പട്ടിണി കണ്ടിട്ട് അമ്മാവന്‍ എന്നേയും പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാചകപ്പണിയിലേക്ക് വിളിച്ചുകയറ്റി.


“എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കുടുംബക്കാരൊക്കെ കഴിഞ്ഞ മുന്നൂറുകൊല്ലക്കാലമായൊക്കെ പാചകക്കാരാണെങ്കിലും ഞാനതില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരു നിയോഗം പോലെ അതെന്നേ തേടി വരികയായിരുന്നു.


“എങ്കിലും തിരുവതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്‍റെ കൈയ്യില്‍ നിന്നും വീരശൃംഖലയും മുടുവും (പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷത്തിലൊരുക്കല്‍ നടക്കുന്ന പ്രശസ്ത ചടങ്ങാണ് മുറജപം.അതിന് പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് പരിപ്പു പ്രഥമന്‍ തയ്യാറാക്കി നേടിയ സമ്മാനമാണ് വീരശൃംഖലയും കൈവളയും) വാങ്ങിയിട്ടുള്ളയാളല്ലേ. അമ്മാവന്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ കഴിയുമോ?

“ആ വിളി എന്‍റെ ജീവിതത്തിലേക്ക് വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്. എന്നാല്‍ മതിലകത്തെ ജോലി എനിക്ക് തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ പഠനം അവസാനിപ്പിച്ചതോടെ ഇ ഡി പോസ്റ്റോഫിസില്‍ മെസഞ്ചറായി എനിക്ക് അമ്മാവന്‍ തന്നെ ജോലി തരപ്പെടുത്തി തന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഞാന്‍ ലളിതയെ വിവാഹം കഴിക്കുന്നത്.

“ആ ജോലി കൊണ്ട് കുടുംബം പുലര്‍ത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ അമ്മാവന്‍റെ മകന്‍ സീതാരാമനെ സമീപിച്ചു. അദ്ദേഹത്തിനും ക്ഷേത്രത്തിലെ ദാസ്യപ്രവര്‍ത്തിയായിരുന്നു. പിന്നെ ഞാന്‍ ജ്യേഷ്ഠനോടൊപ്പവും മതിലകത്ത് കുറെക്കാലം ജോലി ചെയ്തു.

“തിരുവനന്തപുരത്തെ സദ്യയ്ക്ക് വലിയ പ്രൗഢിയാണ്. അക്കാലത്ത് പത്തിരുപതു കൂട്ടം പായസമൊക്കെ കൊട്ടാരങ്ങളില്‍ തയ്യാറാക്കും. മറ്റു വിഭവങ്ങളാകട്ടെ അന്‍പതില്‍ പരവും ഞാനതെല്ലാം തയ്യാറാക്കുന്നത് കണ്ടുപഠിച്ചു. മാത്രമല്ല അക്കാലത്തെ പല പ്രമുഖ വിവാഹങ്ങള്‍ക്കും ഞങ്ങള്‍ സദ്യയൊരുക്കി.

“അതുമാത്രമല്ല അന്നെ ചെറിയ തമ്പുരാനായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കൊട്ടാരത്തിലെ ചടങ്ങുകള്‍ക്ക് ഞാന്‍ സദ്യ തയ്യാറാക്കി നല്‍കിയിരുന്നു. അന്നെനിക്ക് അദ്ദേഹം പാചക കുലപതിയെന്ന അംഗീകാരപത്രം നല്‍കി. അതിപ്പോഴും എന്‍റെ വീടിന്‍റെ പൂമുഖത്ത് തൂക്കിയിട്ടിട്ടുണ്ട്,” പാചകക്കാരനായി മാറിയതിനെപ്പറ്റി സ്വാമി വിശദമാക്കുന്നു.

”അക്കാലത്ത് നീലകണ്ഠന്‍ നായരായിരുന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മാനേജര്‍. അദ്ദേഹത്തിനെന്നോട് ഏറെ പ്രിയവുമായിരുന്നു. ക്ഷേത്രത്തിലെ പാചകപ്പണിയുമൊക്കെയായി പോകുന്ന കാലത്താണ് നീലകണ്ഠന്‍ സാറ് എനിക്ക് കെ റ്റി ഡി സി യുടെ മാസ്‌കോട്ട് ഹോട്ടലില് അസിസ്റ്റന്റ് കുക്കിന്‍റെ ജോലി എനിക്ക് വാങ്ങി തന്നത്. 1971-ല്‍ കെ റ്റി ഡി സി-യുടെ കുക്കായി ഞാന്‍ ജോലിക്കു കയറി.”

”പ്രൊഫഷണല്‍ പാചകക്കാരനാകുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണെന്ന് മാസ്‌കോട്ടില്‍ എത്തിയതോടെയാണ് എനിക്ക് കൂടുതലായി മനസിലായി തുടങ്ങിയത്. അന്നുവരെ വലിയ സദ്യകള്‍ക്കും മറ്റും ഭക്ഷണം പാചകം ചെയ്തിരുന്ന എന്നെ സംബന്ധിച്ചിടത്തോളം കുറച്ചുപേര്‍ക്കു മാത്രം ഭക്ഷണം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷെ വളരെ പെട്ടെന്നുതന്നെ ഞാന്‍ ആ വിദ്യകളൊക്കെ മനസിലാക്കി,” ഹോട്ടലിലെ ആദ്യകാലത്തെ കുറിച്ച് രാമചന്ദ്ര അയ്യരുടെ വാക്കുകളിങ്ങനെ.

”അന്നൊന്നും വൈകുന്നേരത്തേ ചെറുകടിയൊന്നും ഹോട്ടലുകള്‍ക്ക് അത്ര സുപചിരിതമല്ല.  എന്‍റെ പാചകപരീക്ഷണങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട അന്നത്തെ എം ഡിയാണ് മാസ്‌കോട്ടില്‍ അത്തരമൊരു കൗണ്ടര്‍ തുടങ്ങിയാലെന്താണ് എന്ന് ആദ്യം ചോദിച്ചത്. ഹോട്ടലിന്‍റെ അകത്തളത്തിനോട് ചേര്‍ന്ന് തന്നെ സായാഹ്ന ഭക്ഷണ കൗണ്ടര്‍ ആരംഭിച്ചു.

“സിനിമാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ വന്നു താമസിക്കുന്ന ഹോട്ടലാണ് അവര്‍ക്കൊക്കെ ആ പരീക്ഷണം ഏറെ ഇഷ്ടപ്പെട്ടു. മാത്രമല്ല പൊതുജനത്തിന് അന്യമായിരുന്ന മാസ്‌കോട്ട് ഹോട്ടലിലേക്ക് അവരും എത്തി തുടങ്ങി. അതോടെ സായാഹ്ന ഭക്ഷണം ജനകീയമായി. മറ്റു ഹോട്ടലുകളും സമാനരീതി ഏറ്റെടുത്തു. എന്നാല്‍ അന്നത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഹോട്ടലിന്‍റെ അകത്തളത്തിലുള്ള റെസ്റ്റോറന്‍റില്‍ തന്നെയാണ് സായാഹ്ന ഭക്ഷണവും വിളമ്പുന്നത്. 1976-ലാണ് സായാഹ്ന റെസ്റ്റോറന്‍റ് ആരംഭിച്ചത്,” അദ്ദേഹം ഓര്‍മ്മിക്കുന്നു.


ഇതുകൂടി വായിക്കാം: കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്


തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരില്‍ മംഗല്യയിലേക്കാണ് രാമചന്ദ്ര അയ്യര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചു. തിരുവനന്തപുരത്തേതില്‍ നിന്നും ഏറെ വ്യത്യസ്തമായ പാചകക്കൂട്ടുകളാണ് മലബാറുകാരുടേത്. തിരുവനന്തപുരത്ത് സദ്യയ്ക്ക് ഏറ്റവും പ്രിയങ്കരമായ കടലമാവും മൈദയും കുങ്കുമപ്പൂവും ചേര്‍ത്തു കുഴച്ചുണ്ടാക്കുന്ന ബോളിയൊന്നും അവിടെയില്ല.

എങ്കിലും അയ്യരുടെ വിഭവങ്ങള്‍ വളരെ വേഗത്തില്‍ അവിടെയും പ്രശസ്തമായി. അക്കാലത്താണ് കെ റ്റി ഡി സി ആദ്യമായി ഓണക്കാലത്ത് പായസമേള സംഘടിപ്പിച്ചു തുടങ്ങിയത്. അയ്യര്‍ക്കായിരുന്നു പായസമേളയുടെ ചുമതല. അന്നത്തെ കെ റ്റി ഡി സി ചെയര്‍മാനായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു ഇതിന് നിര്‍ദ്ദേശം നല്‍കിയത്. അന്ന് പന്ത്രണ്ടു തരം പായസങ്ങളാണ് തയ്യാറാക്കിയത്.

അന്നു തുടങ്ങിയ പായസമേള ഇന്നും ഓണക്കാലത്ത് തുടരുന്നതില്‍ രാമചന്ദ്ര അയ്യര്‍ക്ക് ഏറെ സന്തോഷം മാത്രം.

ഗുരുവായൂരില്‍ നിന്നും അയ്യര്‍ തിരുവനന്തപുരത്തെ ചൈത്രം ഹോട്ടിലിലേക്കാണ് മടങ്ങിയെത്തിയത്. അവിടെയും അദ്ദേഹത്തിന്‍റെ കൈപ്പുണ്യം ലോകമറിഞ്ഞു. അദ്ദേഹം മടങ്ങിയെത്തിയ വര്‍ഷമാണ് സര്‍ക്കാര്‍ കനകക്കുന്നു കൊട്ടാരത്തിലൊരു ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. അന്ന് മണിസാമിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നെല്ലിക്കാ പായസം, പാവയ്ക്കാ പായസം തുടങ്ങിയവ വന്‍ ഹിറ്റായിരുന്നു. മാത്രമല്ല പലതരത്തിലുള്ള ദോശകളുണ്ടാക്കിയും അയ്യര്‍ ഭക്ഷണ പ്രേമികളെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു.

1983-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹിയില്‍ ഇന്‍ഡ്യാ ഇന്‍റെര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. അന്ന് കേരളാ പവലിയനുമുണ്ടായിരുന്നു. കെറ്റിഡിസിയും ഫെയറില്‍ പങ്കെടുത്തു. കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ പായസവും ഏറെ ശ്രദ്ധ നേടി. രാമചന്ദ്ര അയ്യരുടെ നേതൃത്വത്തിലായിരുന്നു പായസം തയ്യാറാക്കിയത്. അന്നത്തെ ട്രേഡ് ഫെസ്റ്റിവലില്‍ കേരളാ പവലിയനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. അടുത്ത വര്‍ഷവും കേരളാ പവലിയന്‍ ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ച്ചയായി കേരളം ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ അയ്യരുടെ പാചകത്തിനും ആരാധകര്‍ കൂടി.

അനന്തപുരി പാല്‍പായസം

”അമ്പലപ്പുഴ പാല്‍പായസമൊക്കെ ഏറെ ജനപ്രീതി നേടിയെങ്കിലും തലസ്ഥാന നഗരിക്ക് ഇത്തരത്തില്‍ സ്വന്തമായൊരു വിഭവം വേണമെന്ന് കെ റ്റി ഡിസിക്ക് തോന്നി. അതിനായി പദ്ധതി തയ്യാറാക്കി. അങ്ങനെ തലസ്ഥാനത്തിന് സ്വന്തമായൊരു മധുരവിഭവമുണ്ടായി. അതാണ് അനന്തപുരി പാല്‍പായസം
നവരസപായസത്തിന്‍റെ മഹിമയില്‍ ഒന്നാമനായി

കെറ്റിഡിസി ജോലിയുടെ കാലത്താണ് അയ്യരുടെ കൈപ്പുണ്യത്തില്‍ നവരസ പായസം പുതുവിഭവമായി പിറന്നത്. ഈ പായസമുണ്ടായതിനു പിന്നിലുള്ള രസകരമായ കഥ മണിസാമി വിവരിക്കുന്നു. 2005-ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച പച്ചാളം ഭാസി എന്ന കാഥാപാത്രമാണ് നവരസ പായസത്തിന്‍റെ പ്രചോദനം.

“ആ സിനിമയില്‍ ജഗതിയുടെ നവരസാഭിനയം എന്നേ ഏറെ ആകര്‍ഷിച്ചു. മാത്രമല്ല താന്‍ തന്നെ വികസിപ്പിച്ചെടുത്ത നാല് രസങ്ങള്‍ എന്ന പേരില്‍ ജഗതി നാല് രസങ്ങള്‍ കൂടി അദ്ദേഹം അവതരിപ്പിച്ചു. പെട്ടെന്നാണ് പല വിഭവങ്ങള്‍ കൂട്ടി സദ്യ കഴിക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍ എന്‍റെ മനസിലേക്ക് ഓടി വന്നത്. മാത്രമല്ല അദ്ദേഹം ഒരു വേദിയില്‍ നടത്തിയ പ്രസംഗവും നവരസപായത്തിന് പിന്നിലു്ണ്ട്.

“അങ്ങനെ കഥകളിയിലൊക്കെ നാം കണ്ടു ശീലിച്ചിട്ടുള്ള നവരസങ്ങള്‍ പായസത്തിലേക്ക് തയ്യാറാക്കുന്ന ഒരുക്കത്തിലായി. പല വിഭവങ്ങളും ചേര്‍ത്ത് പരീക്ഷണങ്ങള്‍ നടത്തിയാണ് പായസം തയ്യാറാക്കിയത്. ഇളംമധുരമുള്ളതും പുളിയും മധുരവും നിറഞ്ഞതുമായ പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളുമാണ് നവരസപ്പായസം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്.’പുളിയുള്ള പൈനാപ്പിള്‍, കപ്പപ്പഴം, മാമ്പഴം, ചക്കപ്പഴം, ഈന്തപ്പഴം, പിന്നെ അരി, കടല, ചെറുപയര്‍, ഗോതമ്പ് ഇവയെല്ലാം കൂടി യോജിപ്പിച്ച് കരിമ്പും നീരും തേനും ഒഴിച്ചൊരു പരീക്ഷണായിരുന്നു. അതായത് നാല് ധാന്യം, അഞ്ച് ഇനം പഴം, കരിമ്പിന്‍ നീര്, കൊട്ടത്തേങ്ങ വറുത്തത്, തേന്, മാതളം ഇവ ചേര്‍ത്തതാണ് നവരസപായസം. ഈ പരീക്ഷണം ഏറെ വിജയിച്ചു. ഈ പായസം തിരുവനന്തപുരത്തുകാരുടെ നാവിലെ രുചിയായി മാറാന്‍ അധികം കാലം വേണ്ടി വന്നില്ല,” നവരസ പായസത്തെപ്പറ്റി രാമചന്ദ്ര അയ്യര്‍.

കെ റ്റി ഡി സി-യില്‍ നിന്നും വിരമിച്ച ശേഷം മനസില്‍ പിറന്ന നവരസപായസത്തിനായി ഒരു പായസക്കട തന്നെ അയ്യര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് തുടങ്ങി. അങ്ങനെ ഓണക്കാലത്തു മാത്രം കിട്ടിയിരുന്ന പായസം വര്‍ഷം മുഴുവന്‍ കിട്ടുമെന്നായി. ഇതിനായി കെ റ്റി ഡി സി-യില്‍ നിന്നും വിരമിച്ച ശേഷം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ തെക്കനടയില്‍ മൂകാംബിക നവരസപായസമെന്ന പേരില്‍ അദ്ദേഹമൊരു സ്റ്റാള്‍ തുടങ്ങി.

തിരുവനന്തപുരത്തെ പായസക്കടയില്‍

ഭാര്യ ലളിതയും അയ്യരും കൂടിയാണ് കൗണ്ടറിന്‍റെ നടത്തിപ്പുകാര്‍. പായസത്തിനു പുറമേ സാമ്പാര്‍, അവിയല്‍, എരിശേരി, കൂട്ടുകറി, തീയല്‍, രസം, തോരന്‍ തുടങ്ങിയ നാടന്‍ കറികളും അയ്യരും ഭാര്യയും കൂടി തയ്യാറാക്കുന്നുണ്ട്. മാത്രമല്ല ആവശ്യക്കാര്‍ക്ക് സദ്യ തയ്യാറാക്കി നല്‍കുന്നതിനും അയ്യര്‍ ഈ പ്രായത്തിലും തയ്യാര്‍. വെളുപ്പാന്‍ കാലത്ത് നാലുമണിക്ക് ഉണര്‍ന്നാണ് അയ്യരും ഭാര്യയും ചേര്‍ന്ന് ഇത്രയും ഭക്ഷണം തയ്യാറാക്കുന്നത്.

ദിവസേന നവരസപായസത്തിനു പുറമെ അനനന്തപുരി പായസവും പിന്നെ ആഴ്ചയില്‍ ഓരോരോ ദിവസങ്ങളില്‍ പഴംപായസം, ഗോതമ്പു പായസം തുടങ്ങിയ വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. ഈ പാരമ്പര്യം മക്കളിലേക്കും പകര്‍ത്താന്‍ അയ്യര്‍ മറന്നില്ല. മക്കളായ രാജ്കുമാറും ജയകുമാറും നാഗരാജനും പാചകകലയില്‍ അച്ഛന്‍റെ പിന്‍തലമുറക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

നാല്പതു വര്‍ഷക്കാലത്തോളം കെറ്റിഡിസിയുടെ രുചിഭേദമായാണ് അദ്ദേഹം നിലകൊണ്ടത്. അയ്യരുടെ രുചിപ്പെരുമ കെറ്റിഡിസിയ്ക്ക് ദുബായ് ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. എങ്കിലും മണിസാമിക്കിപ്പോഴും പാചകം ഒരു പുതുമയാണ്. എപ്പോഴും അദ്ദേഹം പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു.


ഇതുകൂടി വായിക്കാം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം