നാട്ടില്‍ തന്നെക്കൊണ്ടാവുന്ന പോലെ എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവരണം എന്നായിരുന്നു ശ്രുതി അഹൂജയുടെ ആഗ്രഹം. അങ്ങനെയാണ് അമേരിക്കയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പോരുന്നതും.
എന്നാല്‍ അപ്പോഴൊന്നും മാലിന്യ സംസ്കരണരംഗത്ത് ഇത്രയും വലിയൊരു മാറ്റം കൊണ്ടുവരാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് ശ്രുതി ഒരിക്കലും വിചാരിച്ചിരുന്നില്ല.
2010-ലാണ് ശ്രുതി സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തുന്നത്. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാനായിരുന്നു പരിപാടി. മനസ്സില്‍ ചില ഐഡിയകളൊക്കെ ഉണ്ടായിരുന്നു. അതിലൊന്ന് മാലിന്യത്തില്‍ നിന്ന് എന്തെങ്കിലും ഉപകാരമുള്ള വസ്തുക്കള്‍ ഉണ്ടാക്കുക എന്നതായിരുന്നു.
ഈ ആശയത്തിന്‍റെ പിന്നാലെ പോയ ശ്രുതി (32) രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അഹൂജ എന്‍ജിനീയറിങ്ങ് എന്ന കമ്പനി സ്ഥാപിച്ചു.
ഇത്രയും കാലത്തിനിടയില്‍ ആ കമ്പനിയുടെ നേട്ടങ്ങളുടെ ലിസ്റ്റ് ഇങ്ങനെ ചുരുക്കിപ്പറയാം: 12,000 ടണ്‍ ജൈവമാലിന്യം മാലിന്യക്കൂമ്പാരത്തില്‍ ചെന്നടിയാതെ തടഞ്ഞു. 600 ടണ്ണിലധികം പാചകവാതകം ലാഭിച്ചു. നാല് ലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് തടഞ്ഞു.
കമ്പനി തുടങ്ങി ഇപ്പോള്‍ പത്തുവര്‍ഷത്തോളമാവുന്നേയുള്ളൂ. ന്യൂയോര്‍ക്കിലെ ബഫലോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശ്രുതി ഇതിനകം 16 ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതെല്ലാം ജൈവമാലിന്യങ്ങള്‍ പാചകവാതകമാക്കി മാറ്റുന്നവയാണ്.
വീട്ടിലെ മാലിന്യം നമുക്കുതന്നെ സംസ്കരിക്കാം. Karnival.com-ല്‍ നിന്നും ചെറിയ ഹോം കംപോസ്റ്റ് യൂനിറ്റ് വാങ്ങാം.
പുതിയ ബിസിനസ് ആശയങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ശ്രുതി പിതാവിനൊപ്പം ഒരു പൗള്‍ട്രി ഫാം സന്ദര്‍ശിച്ചിരുന്നു. ശ്രുതിയുടെ പിതാവിന്‍റെ എന്‍ജിനീയറിങ്ങ് കമ്പനി അക്കാലത്ത് പൗള്‍ട്രി കര്‍ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അന്നാള്‍ അത്തരം ഫാമുകളില്‍ മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ് എന്ന് മനസ്സിലാക്കിയത്.
“ഞാന്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്‍ഡ്യയിലെ പൗള്‍ട്രി ഫാമുകളില്‍ നിന്നും വര്‍ഷം തോറും 23 ദശലക്ഷം ടണ്‍ മാലിന്യമാണ് പുറംതള്ളുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് 270 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പക്ഷേ, ബയോഗ്യാസ് ഉപയോഗം രാജ്യത്ത് അത്ര വ്യാപകമായിട്ടില്ല,” ശ്രുതി പറയുന്നു.
കോഴി ഫാമുകളില്‍ നിന്നുള്ള മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കാത്തതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളും മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. കോഴിക്കാഷ്ഠത്തില്‍ ഉള്ള നൈട്രജനും ഫോസ്‌ഫെറസും ജലമലിനീകരണത്തിന് കാരണമാകും. ഒപ്പം അതില്‍ നിന്ന് പുറംതള്ളുന്ന അമോണിയ മൂലം മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാം.
ആ കോഴി ഫാം നടത്തിപ്പുകാരോട് സംസാരിക്കാന്‍ കഴിഞ്ഞതും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതും ശ്രുതിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.
പൗള്‍ട്രി ഫാമില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു അതിന് ശേഷം. ആ അന്വേഷണം എത്തിച്ചേര്‍ന്നത് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ ചീഫ് സയിന്‍റിസ്റ്റായ ഡോ. എ ഗംഗാഗ്നി റാവുവിലാണ്.
2012-ല്‍ ആ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ ബയോ എന്‍ജിനീയറിങ്ങ് ആന്‍റ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസ് ഡിവിഷനുമായി ചേര്‍ന്ന് അനെയറോബിക് ഗ്യാസ് ലിഫ്റ്റ് റിയാക്ടര്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങി. അതേ വര്‍ഷം തന്നെ ശ്രുതിയുടെ കമ്പനിക്ക് ബയോമെത്തനേഷന്‍ ടെക്‌നോളജിയില്‍ ലൈസന്‍സ് കിട്ടി.
കയ്യിലുണ്ടായിരുന്ന സമ്പാദ്യവും മാതാപിതാക്കള്‍ നല്‍കിയ പണവും കൂട്ടി ഹൈദരാബാദിന് പുറത്ത് അവര്‍ക്കുണ്ടായിരുന്ന ഫാമില്‍ ശ്രുതി ഒരു മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കി. ആദ്യകാലങ്ങളില്‍ അതിലേക്ക് ജൈവമാലിന്യങ്ങളും ഹോള്‍സെയില്‍ മാര്‍ക്കെറ്റില്‍ നിന്നുള്ള പച്ചക്കറി മാലിന്യങ്ങളുമൊക്കെയാണ് നിക്ഷേപിച്ചത്.
“ഞങ്ങള്‍ ഒരുപാട് ട്രയല്‍ നടത്തി നോക്കി. ഓരോ പരാജയത്തില്‍ നിന്നും പടിപടിയായി മുന്നോട്ടുപോയി. ഒരു ഘട്ടത്തില്‍ ഈ ടെക്‌നോളജി വിപണിയിലിറക്കാമെന്ന ആത്മവിശ്വാസമുണ്ടായി.”
പക്ഷേ, അതത്രയ്ക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല.
റീസൈക്ലിങ്ങിനും മാലിന്യത്തില്‍ നിന്നുമുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്കും കാര്യമായ പ്രാധാന്യം കിട്ടിയിട്ടില്ലാത്ത വിപണിയിലേക്കാണ് ശ്രുതി പുതിയ സാങ്കേതിക വിദ്യയുമായി വരുന്നത്. “പൊതവായ ധാരണയന്താണെന്ന് വെച്ചാല്‍ മാലിന്യം ഏതെങ്കിലും ഡമ്പിങ്ങ് യാഡില്‍ ചെന്നുചേരേണ്ടതാണ് എന്നാണ്. ഇന്‍ഡ്യയില്‍ മാലിന്യത്തിന്‍റെ യഥാര്‍ത്ഥ മൂല്യം ഇനിയും മനസ്സിലാക്കിയിട്ടില്ല,” ശ്രുതി പറഞ്ഞു.
ബെല്ലാരിയില്‍ ഒരു ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കാന്‍ 2014-ല്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ ശ്രുതിയുടെ കമ്പനിയെ സമീപിച്ചു. ആ പ്ലാന്‍റില്‍ ദിവസവും ആയിരം കിലോ മാലിന്യം സംസ്‌കരിക്കുന്നു. ദിവസവും 140 ക്യുബിക് മീറ്റര്‍ ബയോഗ്യാസ് (ഏകദേശം 60 കിലോ എല്‍ പി ജി അല്ലെങ്കില്‍ നാല് സിലിണ്ടര്‍) ഈ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്നു.
പതിനായിരത്തോളം സ്‌കൂളുകളിലായി ദിവസവും പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുന്ന സംഘടനയാണ് അക്ഷയപാത്ര ഫൗണ്ടേഷന്‍.
തുടര്‍ന്ന് അക്ഷയപാത്രയ്ക്ക് വേണ്ടി ഗുജറാത്തില്‍ അഞ്ചും കര്‍ണാടകയില്‍ രണ്ടും ഉത്തര്‍ പ്രദേശിലും ഒഡിഷയിലും ഒരോന്നുവീതവും പ്ലാന്‍റുകള്‍ സ്ഥാപിച്ചു.
“ഒരോ വ്യവസായ ശാലയും സ്ഥാപനങ്ങളും ടണ്‍കണക്കിന മാലിന്യമാണ് ദിവസവും പുറംതള്ളുന്നത്. റീസൈക്ലിങ്ങ് എന്നത് വളരെയധികം പ്രധാനമാണ്. മാലിന്യക്കൂമ്പാരങ്ങള്‍ മാരകമായ വിഷവാതകങ്ങളും മറ്റും ഉല്‍പാദിപ്പിക്കും. ഈ പ്ലാന്‍റുകള്‍ മാലിന്യം വളമാക്കി മാറ്റുക മാത്രമല്ല, നിങ്ങളുടെ എല്‍ പി ജി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു,” അക്ഷയപാത്ര ഫൗണ്ടേഷന്‍റെ പ്രോജക്ട് മാനേജര്‍ ജതിന്‍ ഉപാധ്യായ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ഇതുകൂടി വായിക്കാം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
അക്ഷയപാത്രയ്ക്ക് പുറമെ വലിയ അളവില്‍ മാലിന്യം പുറംതള്ളുന്ന ചില കമ്പനികളെയും സ്ഥാപനങ്ങളെയും ശാസ്ത്രീയമായി മാലിന്യസംസ്‌കരണം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കെറ്റിലെ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഒരു പ്ലാന്‍റ് അഹൂജ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ദൂരഗ്രാമങ്ങളില്‍ നിന്നും മാര്‍ക്കെറ്റിലെത്തുന്ന കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ഒരു സമൂഹ അടുക്കളയുണ്ട് അവിടെ.
“ഈ അടുക്കളയ്ക്കുപുറമെ മാര്‍ക്കറ്റിലൈയും മാലിന്യം കൂടിയാവുമ്പോള്‍ ദിവസം 500 കിലോ കാണും. ഇതില്‍ നിന്ന് 18 കിലോ പാചകവാതകം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ വളരെ ലളിതവും കാര്യക്ഷമവും ആരോഗ്യകരവുമാണ്,” കര്‍ണൂല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ സെലക്ഷന്‍ ഗ്രേഡ് സെക്രട്ടറി ജയലക്ഷ്മി ടി ബി ഐ-യോട് പറഞ്ഞു.
സാധാരണ മാലിന്യമലകളില്‍ നിന്നുള്ള ഒരു പ്രധാന പ്രശ്‌നമാണ് മാലിന്യം ചീഞ്ഞ് ഒഴുകിവരുന്ന ദ്രാവകം. ഇത് മണ്ണിലും ജലത്തിലും കലര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ശ്രുതിയുടെ പ്ലാന്‍റില്‍ ഈ പ്രശ്‌നത്തിനും പരിഹാരമുണ്ട്.
ദ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ജവഹര്‍ നഗറിലെ ഡമ്പിങ് യാഡില്‍ നിന്നുള്ള മാലിന്യവും ഈ ദ്രാവകവും അടങ്ങുന്ന ഏകദേശം 5,000 കിലോ സംസ്‌കരിച്ച് അതില്‍ നിന്നും വൈദ്യതി ഉല്‍പാദിപ്പിക്കുന്നത് അഹൂജ കമ്പനിയുടെ ‘ഡൈജസ്റ്റര്‍’ ഉപയോഗിച്ചാണ്.
വലിയ തോതില്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസംസ്‌കരണ ഫാക്ടറികള്‍, ആശുപത്രികള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിങ്ങനെയുള്ള ഇടങ്ങളില്‍ ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ശ്രുതി. അഹൂജ എന്‍ജിനീയറിങ്ങ് സെര്‍വീസസിന്‍റെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഒരു ടണ്‍ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് നാല് സിലിണ്ടര്‍ (60 കിലോ) പാചകവാതകം ഉണ്ടാക്കാം.
ഇതുകൂടി വായിക്കാം: ‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’
ഇന്‍ഡ്യ വര്‍ഷവും 62 ദശലക്ഷം മാലിന്യം ഉല്‍പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. അതില്‍ 60 ശതമാനവും ദ്രവമാലിന്യവും ജൈവമാലിന്യങ്ങളുമാണ്. ശ്രുതിയെപ്പോലുള്ളവരുടെ പരിശ്രമങ്ങള്‍ കൊണ്ട് ഇന്‍ഡ്യയ്ക്ക് മാലിന്യ പരിപാലനം വളരെയേറെ മെച്ചപ്പെടുത്താന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: അഹൂജ എന്‍ജിനീയറിങ്ങ്.