എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്… 

“ഇടയ്ക്കെപ്പോഴോ മാവ് നടല്‍ കുറഞ്ഞു. പാതിവഴിയില്‍ മരം നടുന്നതില്‍ നിന്നു ശ്രദ്ധ മാറിപ്പോയി. മരത്തില്‍ നിന്ന് സമരത്തിലേക്ക് മാറി ചിന്തകളും പ്രവര്‍ത്തനങ്ങളും.”

തൃശ്ശൂര്‍ കൊടകരക്കാരന്‍ മോഹന്‍ ദാസ് മാഷ് ആഫ്രിക്കയില്‍ വെച്ചാണ് ആ കവിത ചൊല്ലിക്കേള്‍ക്കുന്നത്. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ യുഗളപ്രസാദന്‍ എന്ന കവിത. ചേട്ടന്‍ നാരായണന്‍ കുട്ടിയാണ് നല്ല ഈണത്തില്‍ അത് ചൊല്ലുന്നത്.

ആ കവിത ഉള്ളിലിങ്ങനെ കുറെക്കാലം കിടന്നു.

പിന്നെയും കുറെക്കാലം കഴിഞ്ഞാണ് അതിന് മുള പൊട്ടിയത്. ഇന്നത് കൊടകരയിലും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിന് നാട്ടുമാവുകളായി പച്ച പടര്‍ത്തി നില്‍ക്കുന്നു.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ശരിക്കുമൊരു ഉള്‍ഗ്രാമത്തിലെ സ്കൂളിലെ അധ്യാപകനായിരുന്നു മോഹന്‍ ദാസ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിനൊപ്പം നില്‍ക്കാം. karnival.com

“എത്യോപ്യയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് ജോലി. ആ നാട്ടില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പെട്ടിക്കട പോലുമില്ല,” മോഹന്‍ ദാസ് മാഷ് അക്കാലം ഓര്‍ക്കുന്നു. “അതൊരു റസിഡന്‍ഷ്യല്‍ മോഡല്‍ ടെക്നിക്കല്‍ സ്കൂള്‍ ആയിരുന്നു. കെമിസ്ട്രിയാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്.”

ഒരു എത്യോപ്യന്‍ ഗ്രാമീണ ദൃശ്യം. ഫോട്ടോ: pixabay.com

“സ്കൂള്‍ സമയം കഴിഞ്ഞാല്‍ കുറേ സമയം വെറുതേ കിട്ടുമായിരുന്നു. ആ സമയങ്ങളില്‍ കുറേ വായിക്കാനും യാത്രകള്‍ പോകാനുമൊക്കെ സാധിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥലംമാറ്റം കിട്ടി,” അദ്ദേഹം തുടരുന്നു.

എത്യോപ്യയിലെ തന്നെ മറ്റൊരു സ്കൂളിലേക്കായിരുന്നു ട്രാന്‍സ്ഫര്‍. തലസ്ഥാനമായ ആഡിസ് അബാബയടക്കം പലയിടത്തും ജോലി ചെയ്തു.  അക്കാലത്താണ് അദ്ദേഹത്തിന്‍റെ ചേട്ടന്‍ നാരായണന്‍ കുട്ടിയും അങ്ങോട്ടെത്തുന്നത്.

ചേട്ടനും അധ്യാപകനായിരുന്നു. ഞങ്ങള്‍ രണ്ടാള്‍ക്കും കവിതകള്‍ ഇഷ്ടമായിരുന്നു. ചേട്ടന്‍ നന്നായി കവിത ചൊല്ലുമായിരുന്നു. അങ്ങനെയൊരു ദിവസം പതിവ് കവിത ചൊല്ലലുകള്‍ക്കിടയിലാണ് യുഗളപ്രസാദന്‍ എന്ന കവിത കേള്‍ക്കുന്നത്.

“ബംഗാളി എഴുത്തുകാരന്‍ വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് എന്ന നോവലില്‍ യുഗളപ്രസാദന്‍ എന്നൊരു കഥാപാത്രമുണ്ട്. മണ്ണുപുരണ്ട വസ്ത്രങ്ങളുമായി നടക്കുന്ന യുഗളപ്രസാദന്‍ നഗരത്തിലെ വീടുകളിലെ ചട്ടികളില്‍ വളര്‍ത്തുന്ന ചെടികള്‍ പിഴുതെടുത്ത് കാട്ടില്‍ കൊണ്ടുപോയി നടുന്നൊരു ശീലമുണ്ട്.

“ഈ കഥാപാത്രത്തിന്‍റെ പ്രചോദനത്തിലാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി യുഗളപ്രസാദന്‍ എന്നൊരു കവിതയെഴുതിയത്. ഈ കവിതയാണ് എന്നെയും സ്വാധീനിച്ചത്.”

വളരെക്കാലം കഴിഞ്ഞ്, കൊടകരയില്‍ മോഹന്‍ദാസ് മാഷിന്‍റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീളുന്ന മാവുനടല്‍ പരിപാടി നടക്കുന്നു. (അപ്പോഴേക്കും അദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ ഒരു ‘മാവിസ്റ്റ്’ ആയി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.) ആ യജ്ഞത്തിന്‍റെ ഭാഗമായി 1001-ാമത്തെ മാവ് നട്ടത് വിഷ്ണു നാരായണന്‍ നമ്പൂതിരിയായിരുന്നു!

മുംബൈ-തിരുവനന്തപുരം വഴിയാണ് കൊടകരക്കാരന്‍ മോഹന്‍ ദാസ് എത്യോപ്യയിലെത്തുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നു ബിഎസ് സി കെമിസ്ട്രി. അതുകഴിഞ്ഞ് എംഎസ്‍സി മാത്‍സ് എടുക്കണമെന്നായിരുന്നു ആഗ്രഹം.

മോഹന്‍ദാസ് മാഷ് (ഫോട്ടോയ്ക്ക് കടപ്പാട്: ഫേസ്ബുക്ക് / മോഹന്‍ദാസ് കൊടകര)

“ഗണിതം പഠിക്കാനിഷ്ടമായിരുന്നു. ആ ആഗ്രഹമാണ് മുംബൈ സര്‍വകലാശാലയിലേക്കെത്തിക്കുന്നത്. എംഎസ്‍സിയ്ക്ക് പഠിക്കാന്‍ ചേര്‍ന്നു,” മോഹന്‍ദാസ് മാഷ് ആ വഴികളിലൂടെ വീണ്ടും നടക്കുന്നു.

“പക്ഷേ മുംബൈയിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ചില ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. ടൈഫോയ്ഡ് പിടികൂടി ശരീരമാകെ ക്ഷീണിച്ചു. പിന്നെ അവിടെ നില്‍ക്കാന്‍ പറ്റാതെ വന്നു.

“ആരോഗ്യപ്രശ്നങ്ങള്‍ മാത്രമായിരുന്നില്ല. വേറെയും ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ബോംബെ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. എല്ലാവരും കൂടി ഇങ്ങനെ ഏതുനേരവും ഓടുന്നത് കണ്ട് കണ്ട് എനിക്ക് മതിയായി.

“മടുപ്പ് തോന്നി. ബേസിക്കലി ഞാനൊരു മടിയനാണ്. അതുകൊണ്ടാകും ആ ഫാസ്റ്റ് ലൈഫിനോട് ചേരാനാകാതെ വന്നത്. അങ്ങനെ തിരിച്ച് നാട്ടിലേക്ക് മടങ്ങി.
നാട്ടിലെത്തിയ ശേഷം തിരുവനന്തപുരത്ത് ഔവര്‍ പ്രൈവറ്റ് കോളെജിലേക്ക്.”

ഔവര്‍ കോളെജില്‍ രണ്ടുവര്‍ഷം അധ്യാപകനായി. അക്കാലത്താണ് എത്യോപയില്‍ നിന്നു ചില ആളുകള്‍ അധ്യാപകരെത്തേടി തിരുവനന്തപുരത്തെത്തിയ കാര്യമറിയുന്നത്.

“എന്‍റെയൊരു സുഹ‍ൃത്തിനൊപ്പം അവിടേക്ക് പോയി. പക്ഷേ മുന്‍കൂട്ടി അറിഞ്ഞ് പോകുന്നതൊന്നുമല്ല. ഞാനും ഇന്‍റര്‍വ്യൂവിന് പങ്കെടുത്തു.  ആഫ്രിക്കയില്‍ ജോലിയ്ക്ക് പോകാമെന്ന ആഗ്രഹമൊന്നുമില്ല. വെറുതേ കൂട്ടുകാരനൊപ്പം ട്രൈ ചെയ്തു അത്രേയുള്ളൂ. പക്ഷേ ജോലി കിട്ടി.”

അങ്ങനെ എത്യോപ്യയിലേക്ക്.  “എത്യോപ്യയില്‍ നല്ല അന്തരീക്ഷമാണ്, നല്ല ജീവിതമായിരുന്നു. ദാരിദ്ര്യമൊക്കെയുണ്ട്… നിഷ്കളങ്കരായിരുന്നു അവിടുത്തെ ജനങ്ങള്‍. അവരുമായി ഞാന്‍ സംസാരിക്കുമായിരുന്നു, അവരുടെ ഭാഷയില്‍ തന്നെ. അംഹാരിക് ആണ് അവരുടെ ഔദ്യോഗിക ഭാഷ. അത്യാവശ്യം നന്നായി ആ ഭാഷ സംസാരിക്കാനറിയാമായിരുന്നു.

എത്യോപ്യന്‍ ഗ്രാമത്തിലെ നെയ്ത്തുകാരന്‍. Photo: pixabay.com

“ആറു വര്‍ഷം ആഫ്രിക്കയിലുണ്ടായിരുന്നു. അച്ഛന്‍ മരിച്ചതോടെ അമ്മ വീട്ടില്‍ തനിച്ചായി. (മലയാറ്റില്‍ വീട്ടില്‍ അമ്മുണ്ണി കര്‍ത്താവിന്‍റെയും രത്നാവതിയുടെയും ആറുമക്കളില്‍ ഇളയവനാണ് മോഹന്‍ദാസ്.) അതോടെ  നാട്ടിലേക്ക് തിരിച്ചു,” മോഹന്‍ദാസ് വീണ്ടും കൊടകരയിലെത്തുന്നത് അങ്ങനെയാണ്.

അവിടെ പ്രൊവിഡന്‍സ് പാരലല്‍ കോളെജില്‍ അധ്യാപകനായി കയറി.

“1986-ല്‍ ആരംഭിച്ചൊരു കോളെജാണിത്. ആ കാലത്താണ് പാരലല്‍ കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനം കാലിക്കറ്റ് യൂനിവേഴ്സിറ്റി  നിര്‍ബന്ധിതമാക്കുന്നത്,” മോഹന്‍ദാസ് മാഷ് തുടരുന്നു.

“30-45 ദിവസം സാമൂഹിക പ്രവര്‍ത്തനം ചെയ്തുവെന്നു തെളിയിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കത്തും വേണം. എങ്കിലേ യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കൂ.


ഇതുകൂടി വായിക്കാം:‘തോട്ടം കാണാന്‍ കുട്ടികള്‍ വരും, മാമ്പഴമെല്ലാം അവര്‍ക്കുള്ളതാണ്’: 90 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ നട്ടുവളര്‍ത്തുന്ന പ്രവാസി


“സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് വേണ്ടി ചിലരൊക്കെ ചെറിയ തട്ടിപ്പുകളൊക്കെ കാണിച്ചു. സാമൂഹ്യപ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നേടുന്നവരുടെ കൂട്ടത്തില്‍ പ്രൊവിഡന്‍സിലെ കുട്ടികളുണ്ടാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു.

(ഫോട്ടോയ്ക്ക് കടപ്പാട്: ഫേസ്ബുക്ക് / പ്രൊവിഡന്‍സ് കോളെജ് )

“ആ നിര്‍ബന്ധമാണ് കൊടകര ആയൂര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യ തോട്ടം വച്ചു പിടിപ്പിക്കാമെന്ന ആലോചനയിലേക്കെത്തുന്നത്. പക്ഷേ ആ പദ്ധതി നടന്നില്ല,” അദ്ദേഹം പറഞ്ഞു.

ആ വഴിക്കുള്ള ആലോചനകളാണ് മാവിന്‍ തൈകള്‍ നട്ടുവളര്‍ത്തിയെടുക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്.  2000-ത്തിന്‍റെ ആദ്യനാളുകളായിരുന്നു അത്. “നാടന്‍ മാവുകള്‍ ഇല്ലാതാകുന്നുവെന്നു തിരിച്ചറിഞ്ഞതോടെയാണ് അത്തരം മാവുകള്‍ നട്ടു വളര്‍ത്തണമെന്നു തോന്നുന്നത്.

“മാവുകള്‍ പല പറമ്പുകളിലുമുണ്ട്, പക്ഷേ അതൊക്കെയും ബഡ് ഇനങ്ങളാണ്. നാടന്‍ ഇനങ്ങള്‍ ഇല്ലാതാകുന്നുവെന്നു തിരിച്ചറിഞ്ഞതോടെയാണ് അവ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നത്. അവ നട്ടു വളര്‍ത്താന്‍ ശ്രമിക്കുന്നതും.

“ബഡ് ഇനങ്ങളില്‍ മാങ്ങയുണ്ടാകും. പക്ഷേ നാടന്‍മാവുകളെ പോലെ പടര്‍ന്നു പന്തലിക്കുന്നില്ല. കോമാങ്ങ, ചക്കരകുടിയന്‍ എന്നൊക്കെ പേരുള്ള മാവുകള്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിഞ്ഞു.

കൊടകര പ്രോവിഡന്‍സ് കോളെജിലെ ഒരു പഴയ ബാച്ച്. (ഫോട്ടോയ്ക്ക് കടപ്പാട്: ഫേസ്ബുക്ക് / പ്രൊവിഡന്‍സ് കോളെജ് )

അങ്ങനെ നാടന്‍ മാവുകള്‍ തേടിയുള്ള സഞ്ചാരങ്ങളായിരുന്നു പിന്നീട്. നാട്ടിലെ പഴയ വീടുകളില്‍ നിന്നൊക്കെയാണ് മാവിന്‍ തൈ സ്വന്തമാക്കുന്നത്. മുറ്റവും പറമ്പുമൊക്കെയുള്ള പഴയകാല കുടുംബങ്ങളിലൊക്കെ പോയി നാടന്‍ മാങ്ങകള്‍ ശേഖരിച്ചു കൊണ്ടുവരും.

“അവ മുളപ്പിച്ചെടുത്താണ് മാവിന്‍ തൈയാക്കുന്നത്. മുളപ്പിക്കുന്നതും തൈയാക്കുന്നതുമൊക്കെ കോളെജിലെ പറമ്പില്‍ തന്നെയാണ്. അധികം സ്ഥലമൊന്നും കോളെജിനില്ല.

“പക്ഷേ ഉള്ള സ്ഥലത്ത് തൈകള്‍ സൂക്ഷിയ്ക്കുകയും വിത്ത് മുളപ്പിക്കുകയുമൊക്കെ ചെയ്തു,” മോഹന്‍ദാസ് വിശദമാക്കുന്നു.

യുഗളപ്രസാദന്‍റെ കവിത മാവ് നടുന്നതില്‍ മാത്രമല്ല, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും വലിയ സ്വാധീനമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മാഷിന്‍റെ ശിഷ്യര്‍ മാത്രമല്ല സാഹിത്യലോകത്തില്‍ നിന്നുള്ളവരും പരിസ്ഥിതി പ്രവര്‍ത്തകരെയുമൊക്കെ ‘ആരണ്യകം’ എന്നുപേരിട്ട യജ്ഞത്തിന്‍റെ ഭാഗമായി മാവിന്‍ തൈകള്‍ നടാനായി മാഷ് ക്ഷണിച്ചുവരുത്തി. മുല്ലനേഴി, സുഗതകുമാരി, കടമ്മനിട്ട, അശോകന്‍ ചെരുവില്‍, ജി.ശങ്കരപ്പിള്ള, ഡി.വിനയചന്ദ്രന്‍, സുകുമാര്‍ അഴീക്കോട്, പെരുമ്പടവം ശ്രീധരന്‍, മേധ പട്ക്കര്‍, മയിലമ്മ, കല്ലേന്‍ പൊക്കുടന്‍, ഇവരൊക്കെയും കൊടകരയുടെ പരിസര പ്രദേശങ്ങളില്‍ മാവിന്‍ തൈ നട്ടു.

കൊടകര പ്രോവിഡന്‍സ് കോളെജിലെ ഒരു ആഘോഷവേള. (ഫോട്ടോയ്ക്ക് കടപ്പാട്: ഫേസ്ബുക്ക് / പ്രൊവിഡന്‍സ് കോളെജ് )

പ്രമുഖര്‍ നട്ട മാവിന്‍ തൈകള്‍ക്ക്  പേരുമിട്ടിട്ടുണ്ട്. സുഗതകുമാരി നട്ട മാവിന് അഭയം, അയ്യപ്പപ്പണിക്കര്‍ നട്ട മാവിന് കള്ളന്‍, കടമ്മനിട്ടയുടേതിന് ശാന്ത, വിഷ്ണു നാരായാണന്‍ നമ്പൂതിരി നട്ട തൈയ്ക്ക് യുഗളപ്രസാദെന്നുമാണ് പേരിട്ടത്.

കൊടകരയിലെ പൊതുസ്ഥലങ്ങള്‍, വഴിയോരങ്ങള്‍, അമ്പലപ്പറമ്പുകള്‍, കനാല്‍തീരങ്ങള്‍, സ്വകാര്യ വ്യക്തികളുടെ പറമ്പുകള്‍… ഇവിടങ്ങളിലൊക്കെയാണ് മോഹന്‍ദാസും ശിഷ്യരും മാവ് നട്ടുപിടിപ്പിച്ചത്.


ചാലക്കുടി ചട്ടിക്കുളത്ത് വനം വകുപ്പിന്‍റെ സ്ഥലത്ത് മോഹന്‍ദാസ് മാഷിന്‍റെ നേതൃത്വത്തില്‍ നട്ട വിവിധ ഇനങ്ങളിലുള്ള 55 നാടന്‍ മാവുകള്‍ വളരുന്നുണ്ട്.


കൊടകരയിലെ പലയിടങ്ങളിലായി 3000-ലേറെ മാവുകള്‍ നട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 1000-മാവുകളേ ശേഷിക്കുന്നുണ്ടാകൂ. ഇതില്‍ തന്നെ 300-ലേറെ മാവുകള്‍ കായ്ഫലം നല്‍കുന്നുണ്ട്.

അതിരപ്പിള്ളി സമരമുഖത്ത്. (ഫോട്ടോ: Save Athirappilly/Facebook)

“കൊടകര പഞ്ചായത്തിലാണ് കൂടുതലും മാവിന്‍ തൈകള്‍ നട്ടത്. നട്ട മാവുകള്‍ കായ്ക്കുമ്പോള്‍ പലരും വിളിച്ചു പറയും, നിങ്ങള് വച്ച മാവിന്‍ തൈ കായ്ച്ചുവെന്നു ഫോണ്‍ ചെയ്തു വരെ പലരും പറഞ്ഞിട്ടുണ്ട്.

“സ്വകാര്യ വ്യക്തികളുടെ വീട്ടുമുറ്റത്തും മാവിന്‍ തൈ നട്ടിരുന്നു. പക്ഷേ അതൊന്നും നമ്മള്‍ നട്ട കണക്കില്‍ പെടില്ലാട്ടോ,” അദ്ദേഹം പറയുന്നു.

നാടന്‍മാവുകള്‍ തന്നെ വേണമെന്ന് മാഷും ശിഷ്യരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നട്ട മാവുകളില്‍ തന്നെ പല വൈറൈറ്റികളുമുണ്ട്. കൊടകര പുത്തൃക്കാവ് ക്ഷേത്രത്തില്‍ നട്ട മാവുകളില്‍ 30 വ്യത്യസ്ത ഇനങ്ങളാണുള്ളത്.

മരത്തില്‍ നിന്ന് സമരത്തിലേക്ക്

“ഇടയ്ക്കെപ്പോഴോ മാവ് നടല്‍ കുറഞ്ഞു. പാതിവഴിയില്‍ മരം നടുന്നതില്‍ നിന്നു ശ്രദ്ധ മാറിപ്പോയി. മരത്തില്‍ നിന്ന് സമരത്തിലേക്ക് മാറി ചിന്തകളും പ്രവര്‍ത്തനങ്ങളും. (നിര്‍ദ്ദിഷ്ട) അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരത്തിലേക്കാണ് പിന്നെ സഞ്ചരിച്ചത്,” മോഹന്‍ദാസ് മാഷ് പറയുന്നു.

“കോളെജില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന നാളില്‍ മാവിന്‍ തൈ നടാനെന്ന പേരില്‍ ക്ലാസൊന്നും മിസ് ആക്കിയിട്ടില്ല.” ക്ലാസ് കള‍ഞ്ഞു മരം നടാന്‍ പോകാന്‍ പേടിയായിരുന്നുവെന്നു മാഷ് ഓര്‍ക്കുന്നു.  “മരം നടുന്നുവെന്നു പറഞ്ഞു ഒരിക്കലും കോളെജില്‍ പോകാതിരുന്നിട്ടുമില്ല. പക്ഷേ അതിരപ്പിള്ളി സമരത്തിന് പോയി തുടങ്ങിയതോടെ കൃത്യമായി കോളെജില്‍ പോകാന്‍ സാധിക്കാതെ വന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടം. (Photo: Pixabay.com)

“മരം നടുന്നതിന്‍റെ സമയവും കാര്യങ്ങളുമൊക്കെ ‍ഞാനൊരാള്‍ തീരുമാനിച്ചാല്‍ മതിയല്ലോ. പക്ഷേ ഈ സമരത്തിന്‍റെ കാര്യം അങ്ങനെയല്ലല്ലോ. ഒടുവില്‍ അതിരപ്പിള്ളി സമരമാണ് വലുതെന്ന് ഞാന്‍ ഉറപ്പിച്ചു.

“എന്‍റെ ക്ലാസ് ആഴ്ചയില്‍ മൂന്നു ദിവസമായി കുറച്ചു. പിന്നെ അതു രണ്ടായി, ഒന്നായി. ഒടുവില്‍ 2007 ഒക്കെ ആയപ്പോഴേക്കും അവസാനിപ്പിച്ചു. പാരലല്‍ കോളെജും പൂര്‍ണമായും അവസാനിപ്പിച്ചു.

“പാരലല്‍ കോളെജിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇതുമാത്രമായിരുന്നില്ല കാരണം. പ്രീ ഡിഗ്രിയായിരുന്നു പാരലല്‍ കോളെജുകളില്‍ വിദ്യാര്‍ഥികളെ നിറച്ചിരുന്നത്. പ്രീഡിഗ്രിയൊക്കെ അവസാനിപ്പിച്ചു പ്ലസ് ടു സ്കൂളുകളില്‍ നിറഞ്ഞതും പ്രൊവിഡന്‍സ് കോളെജ് അവസാനിപ്പിക്കാനൊരു കാരണമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1986-ല്‍ സ്ഥാപിതമായ പ്രൊവിഡന്‍സ് കോളെജ് 1990-ലാണ് മാഷ് ഏറ്റെടുത്തത്. അധ്യാപകനായിട്ടാണ് വരുന്നത്. പിന്നീട് അതേറ്റെടുത്ത് നടത്തേണ്ട സാഹചര്യമുണ്ടായി.

കൂടെ പഠിപ്പിച്ച അധ്യാപകരില്‍ പലര്‍ക്കും മറ്റു കോളെജുകളില്‍ ജോലി കിട്ടി പോയി. അതോടെ കോളെജ് ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്ന് മാഷ്.

ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെയും റിവര്‍ റിസര്‍ച്ച് സെന്‍ററിന്‍റെയും നേതൃത്വം വഹിച്ചിരുന്ന ഡോ. എ ലതയുടെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ മോഹന്‍ദാസ് സംസാരിക്കുന്നു (ഫോട്ടോ/ കേരളീയം മാസിക/ ഫേസ്ബുക്ക്)

“ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി മാവിന്‍ തൈ നട്ടു പിടിപ്പിക്കല്‍ അവസാനിപ്പിക്കില്ലെന്നു തീരുമാനിച്ചിരുന്നു,” അദ്ദേഹം തുടരുന്നു.

“ഇങ്ങനെ മാവിന്‍ തൈകള്‍ നടുന്നത് കണ്ട് പരിഹസിച്ചവരുണ്ടാകും. പക്ഷേ ചില കുട്ടികളൊക്കെയൊക്കൊ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യമാട്ടോ.

“ആബിദ് എന്ന എല്‍കെജിക്കാരന്‍, തൈ നടലിനു അവനും വന്നിരുന്നു.


പിന്നീട് ആ കുട്ടി സ്കൂളിലേക്ക് പോകുന്ന നേരത്തെല്ലാം അവന്‍ തന്‍റെ വാട്ടര്‍ ബോട്ടിലിലെ വെള്ളം ഈ തൈകള്‍ക്ക് ഒഴിക്കും.


“അവന് കുടിക്കാന്‍ കൊണ്ടുപോകുന്ന വെള്ളമാണ് തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുന്നത്. അവനിപ്പോ ഡിഗ്രിക്കോ മറ്റോ പഠിക്കുന്ന വലിയ കുട്ടിയായിക്കാണും,” അദ്ദേഹം വീണ്ടും ആ നല്ല ഓര്‍മ്മകളിലേക്ക്.

മാഷും ശിഷ്യരും നട്ട നാട്ടുമാവുകള്‍ ഇന്ന് കൊടകരയുടെ പലഭാഗങ്ങളില്‍ കായ്ച്ച് നില്‍പ്പുണ്ട് (Photo: pixabay.com)

ഞാനും അമ്മയും മാത്രമേ ഇപ്പോ വീട്ടിലുള്ളൂ. അവിവാഹിതനാണ്. മൂന്നു ചേച്ചിമാരും രണ്ട് ചേട്ടന്‍മാരുമാണുള്ളത്. ചേട്ടന്‍മാരില്‍ ഒരാള് മുംബൈയിലും മറ്റൊരാള്‍ അമേരിക്കയിലുമാണ്. ചേച്ചിമാരൊക്കെ വിവാഹമൊക്കെ കഴിഞ്ഞു നാട്ടില്‍ തന്നെയുണ്ട്, മാഷ് വീട്ടുവിശേഷങ്ങള്‍ ചുരുക്കിപ്പറഞ്ഞു.

അതിരപ്പിള്ളി സമരം മാത്രമല്ല നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മാഷ് മുന്നില്‍ത്തന്നെയുണ്ട്.  ഒന്നര ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്.

നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും നെല്‍കൃഷി ചെയ്യുന്നതിനുമായി കൊടകരയില്‍ മാഷിന്‍റെ നേതൃത്വത്തില്‍ നീര്‍ത്തട സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

എരയാംകുടി നെല്‍വയല്‍ സംരക്ഷണ സമരത്തിലും സജീവമായിരുന്നു മോഹന്‍ദാസ് (ഫോട്ടോയ്ക്ക് കടപ്പാട്: കേരള ജൈവകര്‍ഷക സമിതി/ഫേസ്ബുക്ക്)

എവിടെയെങ്കിലും പാടം നികത്താന്‍ പോകുകയാണെന്നറിഞ്ഞാല്‍ മാഷും സംഘവുമെത്തും. ആ പാടത്തിന് അടുത്തുള്ള സ്ഥലം പാട്ടത്തിനെടുത്ത് ഇവര്‍ നെല്ലിറക്കും. അതോടെ നെല്‍വയല്‍ അല്ലെന്നും നികത്തിയെടുക്കുന്നതിന് തടസ്സമില്ലെന്നുമുള്ള അവകാശവാദങ്ങള്‍ താനേ പൊളിയും.


ഇതുകൂടി വായിക്കാം: കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


മുന്‍കൂട്ടി പറയുന്നവര്‍ക്ക് അമ്പത് രൂപയ്ക്ക ജൈവഅരിയും നല്‍കുന്നുണ്ട് സമിതി. അഞ്ച് കൊല്ലമായി ഈ കൃഷി ആരംഭിച്ചിട്ട്. പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ചാലക്കുടി പുഴസംരക്ഷണ സമിതിയിലും മാഷ്  സജീവമായുണ്ട്.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം