‘തോട്ടം കാണാന്‍ കുട്ടികള്‍ വരും, മാമ്പഴമെല്ലാം അവര്‍ക്കുള്ളതാണ്’: 90 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ നട്ടുവളര്‍ത്തുന്ന പ്രവാസി

“നല്ലതൊക്കെയാണെങ്കിലും സാധാരണ പ്രിയൂര്‍ മാങ്ങകള്‍ പഴുത്താല്‍ പിന്നെ പുഴു വരും. പക്ഷേ ബ്ലാക്ക് പ്രിയൂറില്‍ പുഴു വരാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുമുറ്റത്ത് നട്ട മാവാണിത്.”

ള്ളിത്താനം ജോയ്. 15 വര്‍ഷക്കാലം പ്രവാസിയായിരുന്നു. വിദേശത്ത് നിന്ന് കുട്ടനാടിന്‍റെ പച്ചപ്പിലേക്ക് ഈ പഴയ ഗള്‍ഫുകാരന്‍ തിരിച്ചെത്തിയിട്ട് വര്‍ഷം 16 കഴിഞ്ഞു.

തറാവാട് വീട്ടിലേക്കാണ് ജോയിയുടെ മടങ്ങിവരവ്. നെല്‍ കൃഷിയൊക്കെയായി സജീവമായിരുന്ന കാര്‍ന്നോന്‍മാരുടെ പാതയിലൂടെയാണ് അദ്ദേഹവും നടന്നു തുടങ്ങിയത്.

പക്ഷേ ആ സഞ്ചാരം അപ്പനും അമ്മയും നടന്ന വഴികളിലൂടെ മാത്രമായിരുന്നില്ല. നെല്‍കൃഷിയ്ക്കൊപ്പം ചില കാര്‍ഷിക പരീക്ഷണങ്ങളും നടത്തി നോക്കി ഇദ്ദേഹം. അന്വേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പള്ളിത്താനം വീടിപ്പോള്‍ മാവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com

90-ലേറെ വ്യത്യസ്ത ഇനങ്ങള്‍… കായ്ക്കുന്നതും അല്ലാത്തതുമൊക്കെയായി നൂറിലേറെ മാവുകള്‍ ജോയിയുടെ പറമ്പിലുണ്ട്.

കുട്ടനാട് കൈനടിയില്‍ ജോയിയുടെ പറമ്പില്‍ വെറൈറ്റി മാവുകള്‍ മാത്രമല്ല.. ചെമ്മീനും കരിമീനും പച്ചക്കറികളുമൊക്കെയുണ്ട്.

പള്ളിത്താനം ജോയിയുടെ മാവിന്‍ തോട്ടത്തില്‍ നിന്ന്

പ്രിയൂറും അല്‍ഫോണ്‍സയും ചന്ദ്രക്കാരനുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഈ തോട്ടവും കൃഷിയിടവുമൊക്കെ കാണാനെത്തുന്നവരുമേറെ. എന്നാല്‍ കൃഷി മാത്രമല്ല വഴിയോരങ്ങളിലും പള്ളിമുറ്റത്തും സ്കൂള്‍ മുറ്റത്തുമൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നുമുണ്ട് പള്ളിത്താനം ജോയ് .

“ഇലക്ട്രോണിക് ടെക്നീഷ്യനായിരുന്നു ഗള്‍ഫില്‍. റിയാദിലും ദമാമിലുമായാണ് 15 വര്‍ഷം ജോലി ചെയ്തത്. പിന്നെ റിട്ടയര്‍മെന്‍റ് പ്രായമൊക്കയായപ്പോള്‍ അതൊക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു.”

ജോയ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു: ” 2003-ലാണ് ഞാന്‍ നാട്ടിലെത്തുന്നത്. കൈനടിയിലെ തറവാട്ട് വീട്ടില്‍ താമസവും തുടങ്ങി. വീടിനോടു ചേര്‍ന്നുള്ള പാടവും പുറംബണ്ടുമൊക്കെ വൃത്തിയാക്കിയെടുത്തു. നെല്ലും മീനുമൊക്കെയാണ് കൃഷി ചെയ്തു തുടങ്ങുന്നത്.

“ഒരു ദിവസം മാവിന്‍ തൈകള്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞൊരാള്‍ വന്നു. എന്നാപ്പിന്നെ മാവിന്‍ തൈകള്‍ വാങ്ങി നട്ടാലോ എന്നു തോന്നി. അയാളില്‍ നിന്ന് 15 മാവിന്‍ തൈകളാണ് വാങ്ങിയത്.

“15 തരം മാവിന്‍ തൈകളാണെന്നാണ് എന്നോട് പറഞ്ഞത്.


അതുകേട്ടാണ് ഞാന്‍ വാങ്ങിക്കുന്നതും. പക്ഷേ ഏഴെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അതെല്ലാം ഒരേ ഇനം മാത്രമാണെന്നു തിരിച്ചറിയുന്നത്.


“ബംഗാരപ്പള്ളി എന്നൊരു ഇനമില്ലേ. അതെല്ലാം ബംഗാരപ്പള്ളി തന്നെയായിരുന്നു. അങ്ങനെയൊരു പറ്റിക്കല്‍ കിട്ടിയതോടെയാണ് വെറൈറ്റി മാവുകള്‍ നട്ടിട്ടു തന്നെ കാര്യമുള്ളൂവെന്നു തോന്നുന്നത്. പിന്നെ വ്യത്യസ്ത ഇനങ്ങള്‍ക്കായി അന്വേഷണങ്ങളായിരുന്നു.

“കൂടുതലും പൊതുമേഖല നഴ്സറികളില്‍ നിന്നൊക്കെയാണ് വ്യത്യസ്ത ഇനം മാവിന്‍ തൈകള്‍ വാങ്ങിക്കുന്നത്. ഇതിനൊപ്പം ചില പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. നല്ല ഇനം മാവുകളുടെ കമ്പ് ഗ്രാഫ്റ്റ് ചെയ്തുമെടുത്തിട്ടുണ്ട്.

“പുതുതായി നടുന്ന മാവിന്‍ തൈകളുടെ പേര് എനിക്ക് മാത്രം മനസിലായാല്‍ പോരല്ലോ.. അങ്ങനെയാണ് പേരുകള്‍ മാവിന്‍ കമ്പില്‍ എഴുതി തൂക്കിയിടുന്നത്. ഇന്നിപ്പോ 90 വെറൈറ്റികളായി നൂറിലേറെ മാവുകള്‍ ഇവിടെയുണ്ട്. ഇതില്‍ തന്നെ എഴുപതോളം മാവുകളില്‍ എല്ലാക്കൊല്ലവും മാങ്ങയുണ്ടാകുന്നുമുണ്ട്.

“കൂടുതലും നാടന്‍ മാവുകള്‍ തന്നെയാണ്. വിദേശ ഇനം അധികം പ്രമോട്ട് ചെയ്യുന്നില്ല. കുട്ടനാടിന്‍റെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന മാവിന്‍ തൈകള്‍ ഏതൊക്കെയാണെന്നാണ് അറിയാനാണെന്‍റെ ശ്രമങ്ങള്‍.

പുഴു വരാത്ത മാങ്ങകളുണ്ടോ രുചിയും നിറവും വ്യത്യാസമുള്ള മാങ്ങകള്‍ ഏതൊക്കെയാണ്. ഇതൊക്കെ അറിയാന്‍ വേണ്ടി തന്നെയാണ് വെറൈറ്റി മാവുകള്‍ നട്ടു പിടിപ്പിക്കുന്നതും.


ഇതുകൂടി വായിക്കാം:കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്


മാവുകള്‍ കായ്ച്ചാല്‍ പിന്നെ, ഓരോ മാവിന്‍റെയും മാങ്ങകള്‍ രുചിക്കലും അവയുടെ ഗുണമൊക്കെ അറിയാനുള്ള ശ്രമങ്ങളുമായിരിക്കുമെന്നും ജോയ്.

അലമ്പൂര്‍ ബനീഷ്യന്‍, അല്‍ഫോണ്‍സ, അമ്മിണി, അമ്രപാലി, അളോര്‍, ബംഗനപ്പള്ളി, ബ്ലാക്ക് ആന്‍ഡ് റോസ്, ചന്ദ്രക്കാരന്‍, ചിറ്റിലി, ഫ്രഞ്ച് ലഡുവ, ദസരി, സോണിയസ വനരാജന്‍, മനോരജ്ഞിതം, പീറ്റര്‍, കല്ലുക്കെട്ടി, കര്‍പ്പൂരം, കാതിരി, പാതിരി, നമ്പ്യാര്‍, ചിന്നരസം, ശര്‍ക്കര രസം ഇങ്ങനെ നീളുന്നു ജോയിയുടെ മാവിന്‍ തോട്ടത്തില്‍ വ്യത്യസ്തന്‍മാര്‍.

” മാവുകള്‍ പലതും ഞാനിവിടെ നട്ടുവെങ്കിലും ഇന്നും നല്ല മധുരം സമ്മാനിക്കുന്ന മാമ്പഴമാണ് ബ്ലാക്ക് പ്രിയൂറിന്‍റേത്.” കൂട്ടത്തിലെ കേമന്‍ മാങ്ങയെക്കുറിച്ചാണ് ജോയ് പറയുന്നത്.

“പണ്ടുതൊട്ടേ വീട്ടിലുള്ള മാവാണ് ബ്ലാക്ക് പ്രിയൂര്‍. ഇതു പഴുത്താല്‍ നല്ല രുചിയാണ്. മറ്റു പല മാങ്ങകളും പഴുത്തു കഴിഞ്ഞാല്‍ പുഴു ശല്യമുണ്ടാകാറുണ്ട്. എന്നാല്‍ ബ്ലാക്ക് പ്രിയൂറിന് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല.

“നല്ലതൊക്കെയാണെങ്കിലും സാധാരണ പ്രിയൂര്‍ മാങ്ങകള്‍ പഴുത്താല്‍ പിന്നെ പുഴു വരും. പക്ഷേ ബ്ലാക്ക് പ്രിയൂറില്‍ പുഴു വരാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുമുറ്റത്ത് നട്ട മാവാണിത്.

“വര്‍ഷത്തിലൊരിക്കല്‍ കായ്ക്കും. മൂന്നു മാസം കൊണ്ട് ഇതു വിളയും. നല്ല രുചിയും നല്ല സുഗന്ധവുമുണ്ടിതിന്.


പുതുതായി നട്ടുപിടിപ്പിച്ച ഒരു മാവിനും ഈ ബ്ലാക്ക് പ്രിയൂറിനെ തോല്‍പ്പിക്കാനായിട്ടില്ലെന്നതാണ് നേര്.


“മാവിന്‍ തൈകളെക്കുറിച്ചും അവയുടെ പേരുവിവരങ്ങളുമൊക്കെ എല്ലാ കാര്യങ്ങളും ജോയിക്ക് മനപ്പാഠമാണ്.” നിരവധി പുസ്തകങ്ങള്‍ വായിച്ചാണ് മാവുകളെ കുറിച്ച് കൂടുതല്‍ അറിഞ്ഞതെന്നു ജോയി കൂട്ടിച്ചേര്‍ത്തു.

പള്ളിത്താനം ജോയി

20 ഏക്കറിലായി മാവും നെല്‍കൃഷിയും മാത്രമല്ല മീന്‍ കൃഷിയും പച്ചക്കറി കൃഷിയുമൊക്കെയുണ്ട് ഇദ്ദേഹത്തിന്. പാടശേഖരത്തിന് ചുറ്റുമുള്ള ബണ്ടില്‍ ചെമ്മീന്‍ കൃഷി ചെയ്തിരുന്നു. പക്ഷേ മഞ്ഞച്ചെല്ലിയുടെ ആക്രമണത്തില്‍ അതൊക്കെ നശിച്ചു.

മത്സ്യകൃഷിയും ചെയ്യുന്നുണ്ടെന്നു ജോയ് പറയുന്നു. “ഗിഫ്റ്റ് തിലാപ്പിയയാണ് കൂടുതല്‍ വളര്‍ത്തുന്നത്. നട്ടര്‍, കരിമീന്‍ ഇതൊക്കെയുണ്ട്. ടാങ്കുകളിലും പാടത്തുമൊക്കെയാണ് മീനിനെ വളര്‍ത്തുന്നത്.


ഇതുകൂടി വായിക്കാം: ഉണക്കമീന്‍ തുണച്ചു: മാസം 60,000 രൂപയുടെ ജൈവപച്ചക്കറി വില്‍ക്കുന്ന ദമ്പതികളുടെ കൃഷിരഹസ്യങ്ങള്‍


പുല്ലുകളയുന്നത് മുതല്‍ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുവരെ മിക്കവാറും എല്ലാ പണികളും അദ്ദേഹം ഒറ്റയ്ക്കാണ് ചെയ്യുന്നത്.

“ആറു ടാങ്കുകളിലായാണ് മീനിനെ വളര്‍ത്തുന്നത്. ഓരോന്നിനും പല തരം ഭക്ഷണമാണ് നല്‍കുന്നത്. രാത്രി രണ്ട് മണി നേരം വരെ ഞാന്‍ കൃഷിപ്പണിയിലായിരിക്കും.

“മീനുകളുടെ വെള്ളം മാറ്റലും ഭക്ഷണം കൊടുക്കലുമൊക്കെയുണ്ടല്ലോ.. പിന്നെ മാവും പച്ചക്കറി കൃഷിയുമില്ലേ. എല്ലാത്തിനെയും നോക്കിയും കണ്ടും വളമിട്ടും വെള്ളമൊഴിച്ചും വരുമ്പോള്‍ രാത്രി രണ്ടുമണിയൊക്കെയാകും.

“വര്‍ഷത്തിലൊരിക്കല്‍ പാടത്തെ വെള്ളം പറ്റിക്കുമ്പോഴാണ് മീനുകളെ പിടിക്കുന്നത്. കൃഷി ചെയ്യാന്‍ നേരം വെള്ളം വറ്റിക്കണമല്ലോ. ഇടയ്ക്ക് മീനുകളെ പിടിച്ച് വില്‍ക്കാറില്ല. കരിമീനും അങ്ങനെ തന്നെ.

“വീട്ടില്‍ ഞാന്‍ മാത്രമേയുള്ളൂ.. കരിമീനെ പിടിച്ച് കറിവയ്ക്കലും അതുകൊണ്ട് നടക്കാറില്ല.” പിന്നെ ഒരു രസത്തിന് കുറച്ച് മീനുകളെ വളര്‍ത്തുന്നുണ്ടെന്നുമാത്രം എന്നാണ് അദ്ദേഹം പറയുന്നത്.

കൃഷിയ്ക്കൊപ്പം മര‍ങ്ങള്‍ നട്ടും ജോയി നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. പള്ളിയിലും അമ്പലത്തിലും സ്കൂളുകളിലും വഴിയോരത്തുമൊക്കെ ജോയി മരങ്ങള്‍ നട്ടിട്ടുണ്ട്. കൈനടി പള്ളിയിലും കൈനടി കോളെജിലും ചെറുകര സ്കൂളിലും ചെറുകര അമ്പലത്തിലുമൊക്കെയാണ് മരങ്ങള്‍ നട്ടതെന്നു ജോയി പറയുന്നു.

“ചെടികളും മരങ്ങളൊന്നുമില്ലാതെ വെറുതേ ഒഴിഞ്ഞുകിടക്കുന്ന വഴിയോരങ്ങളിലും വൃക്ഷ തൈകള്‍ നടാറുണ്ട്. ഇവിടങ്ങളിലൊക്കെ തൈകള്‍ നട്ടു പിടിപ്പിക്കുക മാത്രമല്ല അവയുടെ പരിചരണവും ഞാന്‍ തന്നെയാണ് ചെയ്യുന്നത്.

ചില്ല വെട്ടലും വെള്ളമൊഴിക്കലുമൊക്കെ ഞാന്‍ തന്നെ പോയി ചെയ്യും. മാവും പ്ലാവും അമ്പഴവും ചാമ്പമരവുമൊക്കെയാണ് ഇവിടങ്ങളില്‍ നട്ടിരിക്കുന്നത്.

സ്കൂളുകളില്‍ അഞ്ചു തരം ചാമ്പയാണ് നട്ടിരിക്കുന്നത്. പലതും കായ്ച്ചു തുടങ്ങിയിട്ടുണ്ട്.

മീന്‍കുളത്തില്‍ വിരിഞ്ഞ ആമ്പല്‍: ഇതൊക്കെയാണ് ജോയിയുടെ സന്തോഷങ്ങള്‍

“മിക്കവാറും ദിവസങ്ങളില്‍ ഈ തൈകള്‍ നട്ടുപിടിപ്പിച്ച ഇടങ്ങളിലൊക്കെ പോയി നോക്കാറുമുണ്ട്. വീടിനോട് ചേര്‍ന്ന് ഒരു നഴ്സറിയുമുണ്ട്.


അതൊരു വില്‍പ്പന കേന്ദ്രമൊന്നുമല്ല. വരുന്നോര്‍ക്കെല്ലാം ഈ നഴ്സറിയില്‍ നിന്നു തൈകള്‍ നല്‍കാറുമില്ല.


തോട്ടം സന്ദര്‍ശിക്കാനെത്തിയ കുട്ടികള്‍ക്കൊപ്പം.

“എന്തെങ്കിലും വൃക്ഷ തൈയോ ചെടിയോ നട്ടാല്‍ പരിചരിക്കും, സംരക്ഷിക്കുമെന്നൊക്കെ ഉറപ്പുള്ളവര്‍ക്ക് മാത്രമേ നഴ്സറിയില്‍ നിന്നു ചെടിയും തൈയും കൊടുക്കാറുള്ളൂ.

“വെറുതേ കൊടുക്കുമ്പോള്‍ എല്ലാവരും വന്നു വാങ്ങിയേച്ച് പോകും. ചിലപ്പോ ആ തൈ നട്ടേക്കും. പക്ഷേ അങ്ങനെയുള്ളവര്‍ക്കല്ല തൈ നട്ടാല്‍ വെള്ളവും വളവമുമൊക്കെ കൊടുത്ത് പരിചരിക്കുമെന്നുറപ്പുള്ളവര്‍ക്ക് മാത്രമേ മരതൈകള്‍ നല്‍കാറുള്ളൂ.”

മീനും നഴ്സറിയിലെ തൈകളും മാത്രമല്ല മാങ്ങകളും ജോയി ആര്‍ക്കും വില്‍ക്കാറില്ല. “ഈ മാവുകളെ, മീനുകളെ കാണാനായി സ്കൂള്‍ കുട്ടികളൊക്കെ വരാറുണ്ടല്ലോ. അതൊക്കെ അവര്‍ക്കുള്ളതാണ്.” സ്നേഹത്തോടെ ജോയി പറയുന്നു.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


ഇലക്ട്രിക് എന്‍ജിനീയറായ ജോസാണ് മകന്‍. ഇറ്റലിയിലാണ്.

പഞ്ചായത്തിന്‍റെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഫോണ്‍: 9446166020

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം