വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്.
എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍.
കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിക്കലായിരുന്നു.
കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില്‍ പൊളിക്കണമായിരുന്നു.
നാലു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലെത്തിയതും ഇതുപോലുള്ള ചില ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ സഫലമാക്കി ജീവിക്കാനാണ്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മ്മിച്ച മനോഹരമായ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com
വീടിന്‍റെ മതില്‍ പൊളിച്ച് അവിടെയൊരു ഫൂഡ് ബാങ്ക് ആരംഭിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. അതേക്കുറിച്ച് അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“കുറേക്കാലമായിട്ടുള്ള ആലോചനയായിരുന്നു വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്നത്. വീടിനോട് ചേര്‍ന്നു ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കാമെന്നും തീരുമാനിച്ചിരുന്നു.
പക്ഷേ ഗള്‍ഫിലെ ബിസിനസ് തിരക്കുകള്‍ക്കിടിയില്‍ അതിനൊന്നും സമയം കിട്ടിയില്ല. നാട്ടില്‍ സ്ഥിരമായി വന്നു നില്‍ക്കണം. എന്നാലല്ലേ അതൊക്കെ നടക്കൂ. നീണ്ടു നീണ്ടു പോയി.
“ഒടുവില്‍ ബിസിനസൊക്കെ മക്കളെയും സഹോദരങ്ങളെയും ഏല്‍പ്പിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു.”
തൃശൂര്‍-കൊടുങ്ങല്ലൂര്‍ ഹൈവേയില്‍ പുല്ലൂറ്റ് പോസ്റ്റോഫീസിന് സമീപത്താണ് ഈ ഫൂഡ് ബാങ്ക്. കുറച്ചുകാലമായി ഇത് തയ്യാറാക്കിയിട്ടെങ്കിലും ഇക്കഴിഞ്ഞ ഒക്റ്റോബര്‍ രണ്ടിന് ഗാന്ധി ജയന്തിയ്ക്കാണ് ഉദ്ഘാടനം ചെയ്യുന്നത്.
“ഇതൊരു സ്ഥിരം സംവിധാനമാണ്. അപ്പോ പിന്നെ നമ്മളിവിടെ വീട്ടില്‍ സ്ഥിരതാമസക്കാരായി ഉണ്ടാകണ്ടേ. പ്രവര്‍ത്തനം വൈകാനുള്ള കാരണമിതാണ്. ഇനിയിപ്പോ ഗള്‍ഫില്‍ പോയി നില്‍ക്കേണ്ട കാര്യമില്ലല്ലോ. എല്ലാം അവര് നോക്കിക്കൊള്ളൂം,” അദ്ദേഹം പറയുന്നു.
ബിസിനസിന്‍റെ തിരക്കുകളൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കണമെന്നതും ഒരു ആഗ്രഹമായിരുന്നുവെന്ന് ഖാദറിക്ക കൂട്ടിച്ചേര്‍ക്കുന്നു.
“ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെയാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഈ നേരത്ത് പൊതിച്ചോറുകളായി ഉച്ചയൂണ് അലമാരയ്ക്കുള്ളില്‍ നിറഞ്ഞിട്ടുണ്ടാകും. ഉച്ചനേരമല്ലേ.. വിശക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടാകില്ലല്ലോ. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊന്ന് ആരംഭിക്കുന്നത് തന്നെ.
“സാമ്പത്തികമായി മോശമല്ലാത്തവരും എടുത്തോട്ടെ. എല്ലാവര്‍ക്കും വിശപ്പാണല്ലോ വലുത്. അക്കാര്യത്തില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലല്ലോ.
വിശപ്പിന്‍റെ വില അറിഞ്ഞൊരാളാണ് ഞാന്‍.. വിശപ്പിന്‍റെ വേദന അനുഭവിച്ചിട്ടുമുണ്ട്.
നല്ല തിരക്കുള്ള ഹൈവേയാണ് അതുകൊണ്ട് ഇവിടെ ഭക്ഷണം വെച്ചിരിക്കുന്നതു കണ്ട് വാഹനത്തില്‍ വരുന്നവരൊക്കെ എടുക്കുന്നുണ്ട്. “കാണുമ്പോ ഒരു കൗതുകത്തിന് പൊതിച്ചോറെടുക്കുന്നവരുമുണ്ട്. വിശന്നിട്ട് എടുത്തുപോകുന്നവരുമുണ്ട്ട്ടാ,” അദ്ദേഹം തുടരുന്നു.
“ചിലരൊക്കെ ഇതുകാണുമ്പോള്‍ വണ്ടി നിറുത്തും.. അടുത്തുവന്നു എല്ലാമൊന്നു നിരീക്ഷിക്കും. അവിടെയെഴുതി വെച്ചിരിക്കുന്നതൊക്കെ ഒന്നു വായിച്ചും നോക്കിയേച്ച് പോകും.
“ഇതെന്താണ് സംഭവം എന്നു അറിയാനുള്ള കൗതുകമുണ്ട് പലര്‍ക്കും.” ഭക്ഷണം വാങ്ങിക്കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവരും ഈ അലമാരയില്‍ നിന്നു ഭക്ഷണമെടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
“വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഭക്ഷണമാണ് ഇവിടെ വയ്ക്കുന്നത്. ഞങ്ങള്‍ കഴിക്കുന്ന അതേ ഭക്ഷണമാണിത്. ഇതിനു വേണ്ടി പ്രത്യേകം ഉണ്ടാക്കുന്നുമൊന്നുമില്ല,” അദ്ദേഹം തുടരുന്നു.
വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് അവിടെ വെയ്ക്കുന്നത്. അതിന്‍റെ കാരണം ചോദിച്ചപ്പോള്‍ അബ്ദുല്‍ ഖാദറിന്‍റെ മറുപടി ഇതായിരുന്നു: “വേറൊന്നും കൊണ്ടല്ല, കഴിക്കാന്‍ വരുന്നവരൊക്കെ പലതരക്കാരാണ്. നോണ്‍-വെജ് കഴിക്കാത്തവരുടെ കൈകളിലാണ് ആ പൊതി കിട്ടുന്നതെങ്കില്‍ അതു വേസ്റ്റാകുമല്ലോ. അവരതു തുറന്നു നോക്കിയ ശേഷമല്ലേ അറിയുന്നത്.
“പൊതിച്ചോറാണ് ഇവിടെ അലമാരയ്ക്കുള്ളില്‍ വയ്ക്കുന്നത്. ചോറും ഒരു തോരനും അച്ചാറും ഒഴിച്ചു കൂട്ടാനുള്ള കറിയും ഉണ്ടാവും.
ഇതുകൂടി വായിക്കാം:ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്‍റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം
“ചോറും തോരനും അച്ചാറുമൊക്കെ കൂടി ഒരു പൊതിയിലാകും. ഒഴിച്ചു കൂട്ടാനുള്ള കറി, അതൊരു ചെറിയ കണ്ടെയ്നറിലാക്കി വേറെ വച്ചിട്ടുണ്ടാകും. സാമ്പാറോ മോരുകറിയോ പരിപ്പുകറിയോ അങ്ങനെ എന്തെങ്കിലുമാണ് ഒഴിച്ചു കൂട്ടാനായി നല്‍കുന്നത്.
“ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളായിരിക്കും. ഒരാള്‍ രണ്ട് പൊതികളാണ് എടുക്കേണ്ടത്. ഒരു വലുതും ഒരു ചെറിയ പൊതിയും. വലിയ പൊതിയില്‍ ചോറും തോരനുമൊക്കെ. മറ്റേ ബോക്സില്‍ കറിയും. അങ്ങനെയാണ് ഇവിടെ നല്‍കുന്നത്.
“ഭാര്യ സുനിതയാണ് ഭക്ഷണമൊക്കെയുണ്ടാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. ഭക്ഷണമുണ്ടാക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളൊക്കെ സുനിത കൊടുത്തുകൊള്ളും. ഭക്ഷണമൊക്കെ തയാറാക്കി പൊതിഞ്ഞെടുത്ത് അലമാരയ്ക്കുള്ളില്‍ വയ്ക്കും.
“ഞങ്ങള്‍ വീട്ടിലുള്ള ആരെങ്കിലും തന്നെയാണ് കൊണ്ടുപോയി വെക്കുന്നത്. ചില ദിവസങ്ങളില്‍ വീട്ടില്‍ അതിഥികള്‍ വരില്ലേ. അവരെ കൊണ്ടു ചെയ്യിക്കും.
“അവര്‍ക്കും അതിഷ്ടമാണ്. ഇതിന്‍റെ ഭാഗമാകാന്‍ സാധിക്കുന്നതിന്‍റെ അഭിമാനമൊക്കെ അവര്‍ക്കുണ്ട്. ഇങ്ങനെ ചെയ്യിക്കുന്നതിനൊരു കാര്യമുണ്ട്. മിക്ക ദിവസങ്ങളിലും ആരെങ്കിലുമൊക്കെയായി വീട്ടില്‍ വരും.
“അതിഥികള്‍ ഭക്ഷണപ്പൊതി കൊണ്ടുപോയി വെയ്ക്കും. ഒരു സന്തോഷം അവര്‍ക്ക് കിട്ടുകയും ചെയ്യും. നാളെ അവര്‍ക്ക് ഇതു സ്വന്തമായി വെയ്ക്കണമെന്നു തോന്നിയാലോ,” നല്ലതല്ലേയെന്നു അബ്ദുല്‍ ഖാദര്‍.
വെറുതേ വീടിന് മുന്നില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുപോയി വയ്ക്കുന്ന ഏര്‍പ്പാടല്ല ഇതെന്നു അബ്ദുല്‍ ഖാദര്‍ പറയുന്നു. “കാമറയും സെക്യൂരിറ്റിക്കാരനുമൊക്കെയുണ്ട് ഫൂഡ് ബാങ്കിന്.
“ഒരാള്‍ ഒരു പൊതിയെടുക്കുക, ദുരുപയോഗം ചെയ്യരുത്, അര്‍ഹര്‍ മാത്രമെടുക്കുക എന്നൊക്കെ എഴുതി വച്ചിട്ടുണ്ട്.
പക്ഷേ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നവരുമുണ്ട്. പിന്നെ ഭക്ഷണമല്ലേ… ആരോടും ഒന്നും പറയാറുമില്ല.
“ക്യാമറയും സെക്യൂരിറ്റിക്കാരനെയുമൊക്കെ വച്ചിരിക്കുന്നത് വേറൊന്നും കൊണ്ടല്ല.. ഭക്ഷണം ആരെങ്കിലും മോശമാക്കുമോ.. തുറന്നു നോക്കിയിട്ട് കൊണ്ടുപോകാതിരിക്കുമോ…അങ്ങനെ എന്തെങ്കിലുമൊക്കെ ആരെങ്കിലും ചെയ്യുന്നോണ്ടോന്ന് അറിയാനാണ് ഇതൊക്കെ വെച്ചിരിക്കുന്നത്.
“വീടിന്‍റെ കെയര്‍ ടേക്കര്‍ തന്നെയാണ് അതിന്‍റെ കാവല്‍ക്കാരനും. പൊതിച്ചോറുകള്‍ വയ്ക്കുന്ന നേരം മാത്രം ആള് അവിടെയുണ്ടാകും. ക്യാമറയുള്ളതു കൊണ്ട് അകത്തിരിക്കുന്ന ഞങ്ങള്‍ക്കും അതൊക്കെ കാണാം.”
പൊതിച്ചോറ് വയ്ക്കുന്നതിന് കൃത്യമായ എണ്ണം ഒന്നുമില്ല. സാധാരണ 12 മുതല്‍ 15 വരെ പൊതികളുണ്ടാകും. ഒരു ദിവസം 20 പൊതി വരെ വെയ്ക്കേണ്ടി വന്നുവെന്ന് ഖാദറിക്ക. പ്രതീക്ഷിക്കാതെ കൂടുതലായി ആളുകള്‍ എത്തുന്നതുകൊണ്ടാണത്. ‘
“ആ ദിവസം ഞങ്ങള്‍ക്ക് കഴിക്കാനുള്ളതു കൂടി പൊതിയാക്കി ഫൂഡ് ബാങ്കില്‍ വയ്ക്കുകയായിരുന്നു. 12.30 മുതല്‍ 1.30 വരെ ഫൂഡ് ബാങ്കില്‍ പൊതിച്ചോറുകളുണ്ടാകും. ഈ നേരത്ത് ആരു വന്നാലും ഭക്ഷണം കൊടുക്കണം. അതിപ്പോ എണ്ണം കൂടിയാലും കുറഞ്ഞാലും കൊടുത്തിരിക്കും,” അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണ പൊതികള്‍ ബാക്കി വരാറില്ല. മിക്കവാറും വയ്ക്കുന്ന അത്രയും എണ്ണം തീരും.
“ആദ്യമൊരു പത്ത് പൊതി വയ്ക്കും. അതു തീരാറാകുമ്പോള്‍ വീണ്ടും വയ്ക്കും. … തീരുന്നതിന് അനുസരിച്ച് കൂടുതല്‍ പൊതിച്ചോറ് തയാറാക്കി കൊണ്ടുപോയി വയ്ക്കുകയാണ് പതിവ്. മതിലിന്‍റെ കുറച്ചു ഭാഗം പൊളിച്ചു, അതിന്‍റെ മുകളില്‍ പടിപ്പുര പോലൊരെണ്ണം പണിയിച്ചെടുക്കുകയായിരുന്നു.
“സ്റ്റീല്‍ അലമാരയല്ലേ.. മഴയും വെയിലും ഒന്നും കൊള്ളരുതല്ലോ. അലമാരയുടെ അകം എന്നും തുടച്ചു വൃത്തിയാക്കും.” അതിനു ശേഷമേ ഭക്ഷണപ്പൊതികള്‍ വയ്ക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രിഡ്ജ് ഒരെണ്ണം വാങ്ങി ഭക്ഷണം അതിനുള്ളില്‍ വച്ചാല്‍ പോരേ എന്നൊക്കെ പലരും ഖാദറിനോട് ചോദിച്ചിട്ടുണ്ട്. തണുത്ത ഭക്ഷണമല്ല ആളുകള്‍ക്ക് ചൂടോടെ കഴിക്കാനല്ലേ ഇഷ്ടം. അതുകൊണ്ടു അതൊന്നും പറ്റത്തില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഭക്ഷണത്തിനായി വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇരുന്നു കഴിക്കാന്‍ ഖാദറിന്‍റെ വീട്ടുമുറ്റത്ത് കസേരകളുമുണ്ട്.
നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭിന്നശേഷിക്കാരെയുമൊക്കെ സെക്യൂരിറ്റിക്കാരന്‍ സഹായിക്കും.
വിശക്കുന്നവര്‍ക്ക് അന്നം നല്‍കിത്തുടങ്ങും മുന്‍പേ ദാഹജലം വിതരണം ചെയ്തിരുന്നു അബ്ദുല്‍ ഖാദര്‍. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് ഇത്.
“വീട്ടിലെ കിണറ്റിലെ വെള്ളം തന്നെയാണ് കുടിക്കാനായി നല്‍കുന്നത്. കിണറില്‍ നിന്നു വെള്ളം വാട്ടര്‍ ടാങ്കിലേക്കെത്തും. ഫില്‍റ്റര്‍ ചെയ്തു മണ്‍കൂജയിലേക്ക്. ഈ കൂജയിലുള്ള വെള്ളമാണ് ആളുകള്‍ കൂടിക്കാനായി നല്‍കുന്നത്. കൂജയില്‍ നിന്നു വീടിനു പുറത്തേക്കൊരു പൈപ്പ് ഘടിപ്പിച്ചിരിക്കുകയാണ്.
“ഏതുസമയത്തും ഈ കൂജയില്‍ വെള്ളമുണ്ടാകും. കൂജയല്ലേ നല്ല തണുപ്പുമുണ്ടാകും. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചെടുക്കുന്ന വെള്ളം എല്ലാവര്‍ക്കും കൂടിക്കാന്‍ പറ്റിയെന്നു വരില്ല. പക്ഷേ ഇതാകുമ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലല്ലോ.
വെള്ളം കുടിക്കാനെത്തുന്നവരിലും വിശന്നിരിക്കുന്നവരെയും കണ്ടിട്ടുണ്ട്. പലരും വിശന്നാലും ഭക്ഷണം ചോദിക്കാന്‍ മടിക്കും. ഇതൊക്കെയാണ് ഇങ്ങനെയൊരു കാര്യം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു.
“പലരും ഭക്ഷണം സംഭാവനയായി നല്‍കട്ടേയെന്നു ചോദിച്ചിരുന്നു. പക്ഷേ ഇപ്പോ ഞങ്ങളെ കൊണ്ടു സാധിക്കുന്നതാണിത്. അതുകൊണ്ടു തല്‍ക്കാലം വേണ്ടെന്ന് പറഞ്ഞു. തല്‍ക്കാലം വേണ്ടാന്നു പറഞ്ഞതു വേറൊന്നും കൊണ്ടല്ല. മനുഷ്യന്‍റെ അവസ്ഥയല്ലേ… എന്നെങ്കിലും ഭക്ഷണം വയ്ക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യം വന്നാലോ,” എന്ന് ഒരുപാട് ജീവിതങ്ങളും ഉയര്‍ച്ചയും താഴ്ചയുമൊക്കെ കണ്ട ആ പ്രവാസി പറയുന്നു.
“പണം മാത്രമല്ല അതിനെക്കാള്‍ വലിയ സമ്പാദ്യങ്ങളെ വേറെയുമുണ്ടല്ലോ.” ആ ചിന്തയാണ് ഇതിനൊക്കെ പ്രേരിപ്പിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“എനിക്ക് 66 വയസ് ആയിട്ടുള്ളൂ. വേണമെങ്കില്‍ ഇനിയും ഗള്‍ഫില്‍ ബിസിനസ് ചെയ്യാമായിരുന്നു. പക്ഷേ പണത്തിനെക്കാള്‍ വലിയ കാര്യങ്ങളുണ്ട്.
“ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വാപ്പയൊരു ഗാന്ധിയനായിരുന്നു. മറ്റുള്ളവരെയൊക്കെ സഹായിച്ചു ജീവിച്ചിരുന്നയാളാണ്. ഒമ്പത് മക്കളില്‍ ഞാനാണ് മൂത്തമകന്‍.
“പ്രീഡിഗ്രി വരെ പഠിച്ചു. പിന്നെ പഠിക്കണമെന്നുണ്ടായെങ്കിലും അന്നത്തെ സാഹചര്യത്തില്‍ അതിനുള്ള സൗകര്യമില്ലായിരുന്നു. അങ്ങനെ നല്ലൊരു ജീവിതം തേടിയാണ് ഗള്‍ഫിലേക്ക് പോകുന്നത്.
“ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അന്നേരം ഗള്‍ഫില്‍ പോകാതെ പറ്റില്ലായിരുന്നു. പക്ഷേ സാധാരണ സംഭവിക്കുന്ന പോലെ കുറേ കഷ്ടപ്പെടേണ്ടിയൊന്നും വന്നില്ല.
“1979-ലാണ് ഗള്‍ഫിലേക്ക് പോകുന്നത്. ബിസിനസുകാരനായിട്ടല്ല, ജോലി അന്വേഷിച്ചാണ് പോകുന്നത്.
മുറി ഇംഗ്ലിഷിലൊക്കെ അറബികളോടൊക്കെ സംസാരിക്കും. അങ്ങനെയൊരു ബന്ധം സ്ഥാപിച്ചാണ് ബിസിനസ് ആരംഭിക്കുന്നത്.
“സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. ജ്വല്ലറിയുണ്ടായിരുന്നു. ഒപ്റ്റിക്കല്‍ ഷോപ്പ്, ഓട്ടൊമൊബൈല്‍ അക്സസറീസ് ഷോപ്പ് ഇതൊക്കെയായിരുന്നു. ഒമാനില്‍ സലാലയില്‍ ആയിരുന്നു. ഭാഷ പഠിച്ചതോടു കൂടി പല സാമൂഹിക കാര്യങ്ങളിലും ഇടപ്പെട്ടു തുടങ്ങി.
“ബിസിനസ് സഹോരന്‍മാരെ ഏല്‍പ്പിച്ചൂ… നിങ്ങളിത് നോക്കിക്കൊള്ളൂവെന്നു പറഞ്ഞു. എന്നിട്ടാണ് പലരെയും സഹായിക്കാനിറങ്ങുന്നത്. ജയിലില്‍ നിന്നിറക്കാനും നിയമവഴികള്‍ പറഞ്ഞു കൊടുക്കാനും ശമ്പളം കിട്ടാത്തവര്‍ക്ക് തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് ശമ്പളം വാങ്ങിക്കൊടുക്കാനുമൊക്കെ പലരെയും സഹായിച്ചു.
“സലാലയില്‍ ഇന്‍ഡ്യന്‍ എംബസിയില്ല. മസ്ക്കറ്റിലാണുള്ളത്. സലാലയില്‍ നിന്നു മസ്ക്കറ്റിലേക്ക് 1,000 കിലോമീറ്റര്‍ ദൂരമുണ്ട്. എംബസി സംബന്ധമായ എല്ലാകാര്യങ്ങള്‍ക്കും വേണ്ടി അവിടുള്ള ഇന്ത്യക്കാരൊക്കെ എന്നെയാണ് സമീപിച്ചത്.
“24 മണിക്കൂര്‍ നേരവും ഇതുപോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഞാനുപയോഗിച്ചിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്‍ഡ്യന്‍ എംബസിയുടെ പ്രതിനിധിയായും എന്നെ തെരഞ്ഞെടുത്തിരുന്നു,” അദ്ദേഹം പ്രവാസകാലം ഓര്‍ക്കുന്നു.
അല്‍ബിലാദ് ഖാദര്‍ എന്നാണ് ബിസിനസ് തുടങ്ങിയ നാളില്‍ ഗള്‍ഫില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ബിസിനസ് ഗ്രൂപ്പിന്‍റെ പേരാണിത്. ഗള്‍ഫില്‍ പലരും ഖാദര്‍ ഭായ് എന്നും എംബസി ഖാദര്‍ എന്നൊക്കെ ഇദ്ദേഹത്തെ വിളിക്കാറുണ്ട്.
കാമില്‍ അബ്ദുല്‍ ഖാദറും സനില്‍ അബ്ദുല്‍ ഖാദറുമാണ് മക്കള്‍. വിവാഹമൊക്കെ കഴിഞ്ഞു രണ്ടാളും ഗള്‍ഫില്‍ തന്നെയാണ്. ഇനിയിപ്പോള്‍ നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് ഖാദര്‍ തീരുമാനിച്ചിരിക്കുന്നത്.