കേരളത്തിന്‍റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്‍കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ 

“ഒരു വര്‍ഷം മുന്‍പ് ഡബ്ബാവാല ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ പൈസയൊന്നും ഇല്ലായിരുന്നു. കൈയിലുള്ള സ്വര്‍ണമൊക്കെ വിറ്റും കടം വാങ്ങിയ പണവും കൊണ്ടാണിത് ആരംഭിക്കുന്നത്.”

മുംബൈയിലെ ഡബ്ബാവാലകള്‍… വെള്ള കുര്‍ത്തയും പൈജാമയും തലയിലൊരു തൊപ്പിയും ധരിച്ച് സൈക്കിളില്‍ തൂക്കിയിട്ട ഡബ്ബകളുമായി നിരത്തിലൂടെ ഉച്ചവെയിലില്‍ പായുന്നവര്‍. വിശക്കുന്നവര്‍ക്ക് അരികിലേക്ക് അന്നവുമായി സഞ്ചരിക്കുന്നവര്‍.

ഈ മുംബൈ ഡബ്ബാവാലകളെ മലയാളിക്കറിയാം. എന്നാല്‍ കേരളത്തിലെ ഡബ്ബാവാല സ്ത്രീകളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ.. കാസര്‍ഗോട്ടെ കുടുംബശ്രീയിലെ ഒരു കൂട്ടം അമ്മമാരാണ് ഡബ്ബാവാലകളുടെ വേഷത്തിലെത്തുന്നത്.


അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com

നല്ല നാടന്‍ കുത്തരിച്ചോറും മീന്‍കറിയും സമ്പാറും തോരനും പച്ചടിയും അച്ചാറുമൊക്കെ നിറച്ച ഡബ്ബകളുമായെത്തുന്നവര്‍. 60 കഴിഞ്ഞ ഏതാനും സ്ത്രീകളാണ് അമ്മരുചികള്‍ നിറച്ച ഡബ്ബാവാലകളായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്.

കാസര്‍ഗോഡ് കലക്ട്രേറ്റില്‍ മീനും സാമ്പാറും തോരനുമൊക്കെ നിറച്ച 40 രൂപയുടെ ഊണ് ഡബ്ബകളില്‍ വിറ്റും അന്നപൂര്‍ണ കാറ്ററിങ്ങ്സിലൂടെയും നല്ല വരുമാനവും ഈ അമ്മമാര്‍ നേടുന്നുണ്ട്.

ഡബ്ബയില്‍ ഊണുവിതരണം ചെയ്യുകയാണ് ശാരദയും കൂട്ടരും

രുചിയുള്ള ഭക്ഷണം വിളമ്പി മാസം അഞ്ച് ലക്ഷം രൂപ വരുമാനം നേടുന്നുണ്ട് അവരിന്ന്.

നാലു ലക്ഷത്തിന്‍റെ പാത്രങ്ങള്‍, മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാചകപ്പുര, സ്വന്തമായൊരു  മാരുതി ഓമ്നി വാന്‍. ദാ, ഇപ്പോള്‍ ഏഴു ലക്ഷത്തിന്‍റെ പുതിയ വണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്.


പക്ഷേ, സ്വര്‍ണം പണയം വച്ചും കടം വാങ്ങിയുമാണ് അവരീ സംരംഭം തുടങ്ങിയത്. അങ്ങനെയൊരു ഫ്ലാഷ് ബാക്കുണ്ട് ഈ വിജയത്തിന്.


അന്നപൂര്‍ണ കാറ്ററിങ്ങ്സിന്‍റെ ജോലിത്തിരക്കില്‍

പഴയതൊക്കെയും ഓര്‍ത്തെടുക്കുകയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ശാരദേച്ചി.

“ഒരു വര്‍ഷം മുന്‍പ് ഡബ്ബാവാല ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ പൈസയൊന്നും ഇല്ലായിരുന്നു. കൈയിലുള്ള സ്വര്‍ണമൊക്കെ വിറ്റും കടം വാങ്ങിയ പണവും കൊണ്ടാണിത് ആരംഭിക്കുന്നത്.

“ആ പണത്തിന് കുറേ സ്റ്റീല്‍ ഡബ്ബകളും പാത്രങ്ങളും വണ്ടിയുമൊക്കെ വാങ്ങി. കുറേ ഡബ്ബകള്‍ വാടകയ്ക്കെടുത്തു. പിന്നെ പാചകപ്പുര വേണ്ടേ. അതിന് ഭാര്‍ഗവി ടീച്ചറുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ ടര്‍പ്പാള വിരിച്ചുകെട്ടിയെടുത്തു.

“ഇതിനൊക്കെ കൂടി ഒരു ലക്ഷം രൂപയോളം ചെലവും വന്നു. എല്ലാം കൂടി തട്ടിക്കൂട്ടിയാണ് ഞങ്ങള് പാചകം ആരംഭിക്കുന്നത്. കുറേ കഷ്ടപ്പെട്ടു.

“ലോണെടുത്ത് തുടങ്ങാനുള്ള ധൈര്യമുണ്ടായില്ലെന്നതാണ് സത്യം. ഇതു വിജയിക്കുമോ നഷ്ടമാകോ എന്നൊന്നും ഒരു ഉറപ്പും ഇല്ലല്ലോ. പക്ഷേ ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി.

“തോല്‍ക്കില്ലെന്നു തിരിച്ചറിഞ്ഞു. പിന്നെയാണ് കുടുംബശ്രീയില്‍ നിന്നു ഒരു ലക്ഷം രൂപയുടെ ലോണെടുക്കുന്നത്. പാത്രങ്ങള്‍ മാത്രമല്ല പാചകപ്പുരയും വണ്ടിയുമൊക്കെയായി. ഒരു പുതിയ വണ്ടി കൂടി വാങ്ങാനിരിക്കുകയാണ്.. ബുക്ക് ചെയ്തിട്ടുണ്ട്. അതുടന്‍ വരും,” ശാരദേച്ചി അഭിമാനത്തോടെ പറയുന്നു.

ഐശ്വര്യ, തുഷാര, ശ്രീ ദുര്‍ഗ, പുലരി എന്നീ നാലു കുടുംബശ്രീകളിലെ അംഗങ്ങളാണ് ഇവരൊക്കെയും

ശാരദയെക്കൂടാതെ ലക്ഷ്മി, ശ്യാമള, രജിത, ശ്രീജ, സാവിത്രി, ബിന്ദു, ഉമ, വിധുബാല, സുജാത എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചെമ്മനാട് സി.ഡി. എസിന് (കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റി) കീഴിലുള്ള പെരുമ്പള ചെല്ലുഞ്ഞിയിലെ ഐശ്വര്യ, തുഷാര, ശ്രീ ദുര്‍ഗ, പുലരി എന്നീ നാലു കുടുംബശ്രീ സംഘങ്ങളിലെ അംഗങ്ങളാണ് ഇവര്‍.

“കഴിഞ്ഞ വര്‍ഷമാണ് ഡബ്ബാവാല പദ്ധതി ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 ഓഗസ്റ്റ് 16-നായിരുന്നു ഉദ്ഘാടനം. അന്നപൂര്‍ണ കാറ്ററിങ്ങിന്‍റെ നേതൃത്വത്തിലാണ് ഉച്ചയൂണ് വിതരണം ചെയ്യാമെന്നു തീരുമാനിക്കുന്നത്. ഇങ്ങനെയൊരു ആശയം എ ഡി എമ്മിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി.

പൂര്‍ണമായും നാടന്‍ രീതിയിലാണ് പാചകം

“പിന്നെ ജില്ലാ കലക്റ്ററുടെയും പിന്തുണ കിട്ടിയതോടെ ഡബ്ബാവാല ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ പിന്തുണയുമുണ്ട് ഈ പദ്ധതിയ്ക്ക്. ഞാനടക്കം പത്ത് സ്ത്രീകളാണ് ഈ ഡബ്ബാവാലയ്ക്ക് പിന്നില്‍,”

അഞ്ചു പേര്‍ ഇതിന്‍റെ നടത്തിപ്പുകാര്‍. ബാക്കി അഞ്ചു പേരാണതിന്‍റെ രുചിക്കൂട്ടൊരുക്കുന്നവര്‍.

“ഭാര്‍ഗവി ടീച്ചറുടെ പറമ്പിലാണ് അടുക്കള. അധ്യാപികയായിരുന്നു, വിരമിച്ചു. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ല കമ്മിഷണറുമാണ് ടീച്ചര്‍. ടീച്ചറുടെ പിന്തുണയുമുണ്ടട്ടോ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്. അതുകൊണ്ടാണല്ലോ പറമ്പില്‍ പാചകപ്പുര കെട്ടിക്കോ എന്നു പറഞ്ഞതും.

“വലിയൊരു ഹാളിന്‍റെ അത്രയും സ്ഥലം പാചകശാലയ്ക്കായി നല്‍കിയിട്ടുണ്ട്.  സ്ഥലത്തിന് വാടകയൊന്നും ടീച്ചര്‍ വാങ്ങുന്നില്ല.

ശാരദയും സംഘവും തയാറാക്കിയിരിക്കുന്ന പുഡ്ഡിങ്ങ്

“പൂര്‍ണമായും നാടന്‍ രീതിയിലാണ് പാചകം. വിറകടുപ്പിലാണ് അരി വേവിക്കുന്നത്. പാത്രങ്ങള്‍ കഴുകുന്നതിനും അടുപ്പു കൂട്ടാനുമായി പ്രത്യേക ഒരിടമുണ്ട്.

“കുറേയധികം ആളുകള്‍ക്ക് ഒരുമിച്ച് ഒരേസമയം നില്‍ക്കാവുന്ന വലിയ ഹാളുമുണ്ട് പാചകപ്പുരയില്‍. ഭക്ഷണം പാത്രങ്ങളിലാക്കുന്നതൊക്കെ ഇവിടെയാണ്.


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


“ടീച്ചറുടെ വീട്ടില്‍ നിന്നാണ് പാചകത്തിന് വെള്ളമെടുക്കുന്നത്. അതിനും അവര് പണമൊന്നും വാങ്ങുന്നില്ല,” ഈ സൗകര്യങ്ങളൊക്കെ ഒരുക്കാന്‍ സഹായിച്ചതിന് ഭാര്‍ഗവി ടീച്ചറിനോടും അവരുടെ ഭര്‍ത്താവിനോടും  ശാരദ നന്ദി പറയുന്നു.

വറുത്ത മീനോ ചിക്കന്‍ ഫ്രൈയോ വേണമെന്നുണ്ടെങ്കില്‍ അതും റെഡി

“ദിവസേന നൂറോളം ഡബ്ബകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്,”  അന്നപൂര്‍ണയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാര്‍ഗവി ടീച്ചര്‍

“മാലിന്യപ്രശ്നമുണ്ടാകരുതല്ലോ.. അങ്ങനെയാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത്. ചൂടുവെള്ളത്തില്‍ കഴുകിയുണക്കിയെടുത്താണ് ഈ പാത്രങ്ങള്‍ ഉപയോഗിക്കുന്നത്.

“സമ്പാറും മീന്‍കറിയും എന്നുമുണ്ടാകും. വറുത്തരച്ച സാമ്പാറാണുണ്ടാക്കുന്നത്. സമ്പാര്‍ ഇല്ലെങ്കില്‍ ആ ദിവസം പച്ചടിയാകും നല്‍കുന്നത്. അച്ചാറും തോരനുമുണ്ടാകും. 40 രൂപയാണിതിന്‍റെ വില. ഇനി വറുത്ത മീനോ ചിക്കന്‍ ഫ്രൈയോ വേണമെന്നുണ്ടെങ്കില്‍ അതും റെഡി. അതിന് എക്സ്ട്രാ കാശു നല്‍കണമെന്നു മാത്രം.

“വലിയ ഓര്‍ഡര്‍ ഉള്ള ദിവസമാണെങ്കില്‍ എല്ലാവരും വെളുപ്പിന് നാലു മണിക്ക് പാചകപ്പുരയിലെത്തും.


ചിലപ്പോ രാത്രി പതിനൊന്ന് മണി കഴിഞ്ഞാലേ വീട്ടില്‍ പോകാനൊക്കൂ.


“ഡബ്ബാവാല മാത്രമുള്ള ദിവസമാണെങ്കില്‍ രാവിലെ എട്ട് മണിക്ക് വന്നാല്‍ മതി.

“ഭക്ഷണമൊക്കെ സ്റ്റീല്‍ പാത്രങ്ങളിലാക്കി പാക്ക് ചെയ്തു കഴിയുമ്പോഴേക്കും 12.30 മണിയാകും. നാലു തട്ടിന്‍റെ സ്റ്റീല്‍ പാത്രത്തിലാണ് ചോറും കറിയും നല്‍കുന്നത്.

“പാചകപ്പുരയില്‍ നിന്നു കലക്ട്രേറ്റിലേക്ക് വലിയ ദൂരമില്ല. പത്ത് മിനിറ്റ് യാത്ര ചെയ്താല്‍ മതി. ഒരു മണിക്ക് മുന്‍പ് ഓഫിസുകളില്‍ ഡബ്ബയിലെ ഊണ് എത്തിയിരിക്കും.

അന്നപൂര്‍ണ കാറ്ററിങ്ങ്‍സുമായി സഹകരിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങള്‍

“ഈ ഭക്ഷണം വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നതിന് ഒരു വാനുണ്ട്. സിവില്‍ സ്റ്റേഷനിലാണ് കൂടുതലാളുകള്‍ ഡബ്ബാവാലയെ ആശ്രയിക്കുന്നത്.

“ഭക്ഷണം സ്ഥിരമായി വാങ്ങുന്നവരുമുണ്ട്, വല്ലപ്പോഴും വാങ്ങുന്നവരുമുണ്ട്. പതിവുകാര്‍ അല്ലാത്തവര്‍ രാവിലെ വിളിക്കണം. വെജ് വേണോ നോണ്‍ വെജ് ഊണു വേണോന്നൊക്കെ പറയണം.”  ഇപ്പോള്‍ കലക്ട്രേറ്റില്‍ മാത്രമേ ഡബ്ബാവാലാകള്‍ ഊണു നല്‍കുന്നുള്ളൂ.

“പലരും ആവശ്യപ്പെടുന്നുണ്ട്, പക്ഷേ ഗതാഗതക്കുരുക്കില്‍ കൃത്യസമയത്ത് എല്ലായിടത്തും ഭക്ഷണമെത്തിക്കാനാകില്ല. അതുകൊണ്ടാണ് കലക്ട്രേറ്റില്‍ മാത്രമാക്കിയത്.” ശാരദ വിശദമാക്കുന്നു.

ആദ്യത്തെ വാഹനമായ മാരുതി ഒമ്നി വാന്‍ വാങ്ങിയപ്പോള്‍

ഡബ്ബാവാലയില്‍ നിന്നു വലിയ ലാഭമൊന്നും ശാരദയ്ക്കും കൂട്ടര്‍ക്കും കിട്ടുന്നില്ല. പക്ഷേ, സിവില്‍ സ്റ്റേഷനിലെ പല ഓഫീസുകളില്‍ നിന്നും സദ്യക്കും മറ്റുമായി വലിയ ഓര്‍ഡറുകള്‍ കിട്ടാറുണ്ട്. അതില്‍ നിന്നാണ് നല്ല വരുമാനം കിട്ടുന്നതെന്ന് ശാരദ.

അയ്യായിരം പേര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കൊക്കെ ഈ സ്ത്രീകള്‍ ഭക്ഷണമുണ്ടാക്കി നല്‍കിയിട്ടുണ്ട്. ഡബ്ബാവാലയില്‍ നിന്നു കിട്ടുന്ന തുക അന്നന്നത്തെ കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. 

വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ പത്തു പേരെ കൂടാതെ കുടുംബശ്രീയില്‍ നിന്നു കുറച്ചു പേരെ കൂടി സംഘടിപ്പിക്കും. വിളമ്പലും ഏറ്റെടുക്കാറുണ്ട്. സദ്യയും ബിരിയാണിയും പായസവും പുഡ്ഡിങ്ങും ചില്ലി ചിക്കനും… എന്താ വേണ്ടെതെന്നു വച്ചാല്‍ അതൊക്കെ ഉണ്ടാക്കി നല്‍കും.

ഭക്ഷണം ആവശ്യക്കാര്‍ക്ക് അരികിലെത്തിക്കുകയും ചെയ്യും. അന്നപൂര്‍ണ കാറ്ററിങ്ങ്സിന്‍റെ നേതൃത്വത്തിലാണ് ഇതൊക്കെയും ചെയ്യുന്നത്.

ഡബ്ബയിലാക്കി വില്‍ക്കുന്ന ഊണിനുള്ള  അച്ചാറും ഈ അമ്മമാരാണ് ഉണ്ടാക്കുന്നതാണ്.

“കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന കലോത്സവത്തിനും ഞങ്ങളുണ്ടായിരുന്നു.” കലോത്സവത്തിലെ സാന്നിധ്യത്തെക്കുറിച്ച് ശാരദ. “ഇക്കുറി ഞങ്ങളുടെ നാട്ടില്‍ അല്ലേ കലോത്സവമെത്തിയത്. നാടന്‍ പലഹാരങ്ങളും ചായയും പായസവുമാണ് കലോത്സവവേദിയില്‍ വിറ്റത്.

“ഒരു ദിവസം 25,000 രൂപയുടെ വരുമാനം കലോത്സവത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്.  കലോത്സവം കഴിഞ്ഞതിന്‍റെ തൊട്ടു പിറ്റേ ദിവസം ആയിരം പേര്‍ക്കുള്ള നെയ്ച്ചോറും കറിയുടെയും ഓര്‍ഡറാണ് കിട്ടിയത്.

“മാസം അഞ്ചു ലക്ഷം രൂപ വരെ കാറ്ററിങ്ങില്‍ നിന്നു നേടാനാകുന്നുണ്ട്. പുതിയ വണ്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നു പറഞ്ഞല്ലോ. ഏഴു ലക്ഷത്തിന്‍റെ വണ്ടിയാണ് ബുക്ക് ചെയ്തിരിക്കുന്നത്.

“ഒരു വണ്ടി മാത്രമായി എല്ലായിടത്തും ഓടിയെത്താനാകുന്നില്ല. രണ്ട് വണ്ടിയുണ്ടെങ്കില്‍ നല്ലതാണല്ലോ,” ശാരദ പ്രതീക്ഷയോടെ പറയുന്നു.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം