ഗോതമ്പും ഓട്സും 78 ഇനം പച്ചക്കറികളും ഓറഞ്ചും നെല്ലും വിളയുന്ന രാജകുമാരിയിലെ കുഞ്ഞ് ഏദന്‍തോട്ടം

സ്കൂള്‍ മുറ്റത്തെ തോട്ടത്തിലെ ക്യാബേജും കൂര്‍ക്കയും പയറും കൊണ്ടുള്ള തോരനും മത്സ്യകുളത്തിലെ മീനും മാത്രമല്ല വിശേഷദിവസങ്ങളില്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയ അരി കൊണ്ടുള്ള പായസവും കഴിച്ചാണ് ഹോളി ക്യൂന്‍സിലെ കുട്ടികള്‍ ഓരോ ദിവസവും ആഘോഷിക്കുന്നത്

പേര് പോലെത്തന്നെ സുന്ദരമാണ് രാജകുമാരിയിലെ ഹോളി ക്യൂന്‍സ് യുപി സ്കൂളും. ഇടുക്കി ജില്ലയിലെ ഈ പള്ളിക്കൂടത്തിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത് നെല്ലും പച്ചക്കറികളും ഗോതമ്പും ഓട്സുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ്.

സ്കൂളിലെ നടവഴിയില്‍ ഇരുവശങ്ങളിലും ഗ്രോബാഗുകളില്‍  നിറഞ്ഞു നില്‍ക്കുന്ന പലതരം പച്ചക്കറികള്‍. അതിലൂടെ നടന്ന് പാഷന്‍ ഫ്രൂട്ട് പന്തല്‍ വിരിച്ച മുറ്റത്തേക്കെത്താം.

പഴങ്ങളും പച്ചക്കറികളും മീനുകളും പക്ഷികളുമൊക്കെയുള്ള ഒരു കൊച്ചു ഏദന്‍തോട്ടമാണ് ഈ സ്കൂള്‍. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് ഹോളി ക്യൂന്‍സ് യു പി സ്കൂളിലെ 530 കുട്ടികളും 23 അധ്യാപകരും പിന്നെ രക്ഷിതാക്കളും ചേര്‍ന്നാണിവിടം സുന്ദരമാക്കിയത്.

മൂന്നേക്കറിലുള്ള സ്കൂളിന്‍റെ രണ്ട് ഏക്കറിലേറെയും കൃഷിയാണ്. ആയിരത്തിലേറെ ഗ്രോബാഗുകളില്‍ 78 ഇനം പച്ചക്കറികള്‍, പലതരം വാഴകള്‍, പിന്നെ ഓറഞ്ചും റംമ്പൂട്ടാനുമൊക്കെയുണ്ട് ഇവിടെ.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

കണക്കും ശാസ്ത്രവും മാത്രമല്ല കൃഷിയുടെ നല്ല പാഠങ്ങളും ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു.

ഹോളിക്യൂന്‍സ് യു പി സ്കൂളിലെ വിദ്യാര്‍ഥികളുടെ പച്ചക്കറിത്തോട്ടം

സ്കൂള്‍ മുറ്റത്തെ തോട്ടത്തിലെ കാബേജും കൂര്‍ക്കയും പയറും കൊണ്ടുള്ള തോരനും മത്സ്യകുളത്തിലെ മീനും മാത്രമല്ല വിശേഷദിവസങ്ങളില്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയ അരി കൊണ്ടുള്ള പായസവും കഴിച്ചാണ് ഹോളി ക്യൂന്‍സിലെ കുട്ടികള്‍ ഓരോ ദിവസവും ആഘോഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നാലു കാര്‍ഷിക പുരസ്കാരങ്ങളിലൂടെ കുട്ടിക്കര്‍ഷകരുടെ കൃഷി വെറും കുട്ടിക്കളിയല്ലെന്നും ഇവര്‍ തെളിയിക്കുകയാണ്.


ഹോളി ക്യൂന്‍സിലെ കുട്ടികള്‍ക്ക് കൃത്യം 9.15 ഫസ്റ്റ് ബെല്‍ അടിക്കും. പക്ഷേ കുട്ടികള്‍ എട്ട് മണിക്ക് തന്നെ സ്കൂളില്‍ ഹാജരായിക്കും.


വൈകുന്നേരം മൂന്നു മണിക്ക് ലാസ്റ്റ് ബെല്‍ അടിച്ചാലും ഇവര്‍ ആരും വീട്ടില്‍ പോകില്ല.

രാവിലെയും വൈകുന്നേരവുമാണ് കുട്ടികള്‍ കൃഷിക്കാര്യങ്ങള്‍ നോക്കുന്നത്. ക്ലാസ് മിസ് ആക്കിയുള്ള ഒരു പരിപാടിയ്ക്കും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി ജോസഫ്  സമ്മതിക്കില്ല.

ഒഴിവുസമയങ്ങളില്‍ മതി കൃഷിയെന്നാണ് അവര്‍ പറയുന്നത്. ടീച്ചര്‍ പറയുന്നതിന് അപ്പുറത്തേക്ക് കുട്ടികളുമില്ല. അങ്ങനെ രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ പിന്തുണയോടെയാണ് ഈ കുട്ടികള്‍ സ്കൂള്‍ മുറ്റം കൃഷിയിടമാക്കിയെടുത്തത്.

“2012-ലാണ് പച്ചക്കറി കൃഷിയും ഇത്രയും വിപുലമായി ചെയ്തു തുടങ്ങുന്നത്,” ഹോളി ക്യൂന്‍സ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി ജോസഫ്  ദ് ബെറ്റര്‍ ഇന്‍ഡ്യ-യോട് പറയുന്നു. “രണ്ട് ഏക്കറില്‍ മണ്ണിലും ഗ്രോബാഗിലും മഴമറയിലും മുളയിലും വാഴപ്പിണ്ടിയിലും പൈപ്പിലും മരത്തിലുമൊക്കെയായി പലതരം കൃഷിയുണ്ട്.

“മണ്ണില്‍ മാത്രമല്ല ആയിരം ഗ്രോ ബാഗുകളിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഓടിക്കളിക്കാനുള്ള സ്ഥലമൊഴികെ ഇവിടെ എല്ലായിടത്തും കൃഷിയുണ്ട്.

“നെല്ലും ഗോതമ്പും വിളവെടുക്കാറായിട്ടുണ്ട്. ഒപ്പം ഓട്സ്, എള്ള്, രണ്ട് തരം മുതിര, ചോളം, കടുക് ഇതൊക്കെയും കൃഷി ചെയ്യുന്നുണ്ട്. കൂര്‍ക്ക, ഇഞ്ചി, പുതിന, മല്ലി ഇങ്ങനെയുള്ളതും ഇവിടുണ്ട്.

“എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പലതിന്‍റെയും ഒന്നിലേറെ ഇനങ്ങളും ഇവിടെയുണ്ട്. അഞ്ച് വെറൈറ്റി ചീരയുണ്ട്. നീല കാബേജ്, വെള്ള കാബേജ്, പച്ച കാബേജ്, ചൈനീസ് കാബേജ് ഇതൊക്കെയും നട്ടിട്ടുണ്ട്. ചുവപ്പ്, പച്ച, മഞ്ഞ ലെറ്റ്യൂസുമുണ്ട്.

“അഞ്ച് തരം തക്കാളി, നാലു ഇനം വഴുതനങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവര്‍, ബ്രോക്കോളി, പച്ചമുളക്, ബീന്‍സ്, പടവലം, മത്തന്‍, കുമ്പളം, ആകാശവെള്ളരി പോലുള്ള വള്ളി ഇനം പച്ചക്കറികളുമുണ്ട് തോട്ടത്തില്‍.


ഇങ്ങനെ 78 ഇനം പച്ചക്കറികള്‍ സ്കൂളില്‍ കൃഷി ചെയ്യുന്നുണ്ട്. കൂര്‍ക്കയൊക്കെ വിളവെടുത്തു കഴിഞ്ഞു. ബീറ്റ്റൂട്ടും കാരറ്റും വിളവെടുക്കാനുള്ള പാകമായി.


“പഴങ്ങളുടെ കൃഷിയുമുണ്ട്. നേന്ത്രവാഴ, പാളയംകോടന്‍, ഞാലിപ്പൂവന്‍, പൂജകദളി ഉള്‍പ്പടെ വിവിധയിനം വാഴകള്‍, ഓറഞ്ച്, റംമ്പൂട്ടാന്‍, സപ്പോട്ട, പാഷന്‍ഫ്രൂട്ട് ഇതൊക്കെയും കൃഷി ചെയ്യുന്നുണ്ട്. കുറച്ചു നാട്ടുമാവിന്‍ തൈകളും സ്കൂള്‍ മുറ്റത്ത് നട്ടിട്ടുണ്ട്.

“കഴിഞ്ഞ തവണ കടുക് തോട്ടത്തില്‍ നിന്ന് അരക്കിലോയോളം വിളവ് കിട്ടി. സ്കൂള്‍ ആവശ്യത്തിനുള്ള മുളക് ഇവിടെ തന്നെയുണ്ടാക്കിയതാണ്. തോട്ടത്തിലെ പച്ചമുളക് സ്കൂള്‍ ടെറസിലിട്ട് ഉണക്കിയെടുത്ത് പൊടിപ്പിച്ചാണ് ഉപയോഗിക്കുന്നത്,” പ്രിന്‍സിപ്പല്‍ വിശദമാക്കുന്നു.

ഒരു സെന്‍റിലാണ് മീന്‍ കുളം. തിലപ്പിയ ആണ് കൃഷി ചെയ്യുന്നത്. ആദ്യവിളവെടുപ്പ് കഴിഞ്ഞു. രണ്ടാമത്തെ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സ്കൂള്‍.

“കുട്ടികള്‍ കുളത്തില്‍ ഇറങ്ങാതിരിക്കാനായി നെറ്റിട്ടിട്ടുണ്ട്. ഈ മീന്‍ കുളത്തിന് മുകളിലൂടെയാണ് പടവലവും പാഷന്‍ഫ്രൂട്ടും പടര്‍ത്തികൊടുത്തിരിക്കുന്നത്. മീന്‍ കുളത്തില്‍ മാത്രമല്ല അക്വേറിയത്തിലും മീനുകളെ വളര്‍ത്തുന്നുണ്ട്,” സിസ്റ്റര്‍ ജെസി പറയുന്നു.

മീന്‍കുളത്തിന് മുകളില്‍ മാത്രമല്ല, സ്കൂള്‍ മുറ്റത്ത് ഏതാണ്ട് പത്ത് സെന്‍റില്‍ പാഷന്‍ഫ്രൂട്ട് പടര്‍ന്നുനില്‍പ്പുണ്ട്. ഈ പാഷന്‍ ഫ്രൂട്ടിന്‍റെ തണലിലാണ് കുട്ടികളുടെ അസംബ്ലി നടത്തുന്നത്.

ഇവിടെ കൃഷി ചെയ്തെടുക്കുന്നതൊക്കെയും കുട്ടികള്‍ക്ക് തന്നെയാണ് നല്‍കുന്നത്. പച്ചക്കറിയും മീനും ഉച്ചഭക്ഷണത്തിന് കറിയാക്കി നല്‍കും. ദിവസവും ഉച്ചയൂണിന് സാമ്പാര്‍ മാത്രമല്ല ഒന്നിലേറെ തോരന്‍, കാളന്‍, കായയും പയറും, രസം ഇങ്ങനെ പലതരം വിഭവങ്ങള്‍ നല്‍കുന്നുണ്ടെന്നു സിസ്റ്റര്‍ ജെസി.

“തോട്ടത്തിലെ പച്ചക്കറികളൊക്കെ കുട്ടികളുടെ വീട്ടിലേക്കും നല്‍കാറുണ്ട്. കൃഷിയൊക്കെ ഏറെയുള്ള പ്രദേശമാണ് രാജകുമാരി.  മിക്ക കുട്ടികളുടെയും വീട്ടില്‍ കൃഷിയുണ്ട്.

 പച്ചക്കറിയൊക്കെ കുട്ടികള്‍ക്ക് കൊടുത്തു വിടുന്ന പോലെ അവര് വീട്ടില്‍ നിന്നും പച്ചക്കറിയൊക്കെ ഇവിടേക്ക് കൊണ്ടുവരാറുണ്ട്.

അവധിക്കാലത്ത് വിളവെടുക്കുന്നവത് പുറത്തു വില്‍ക്കുകയാണ് ചെയ്യുന്നതൊക്കെ.

“കുടുംബശ്രീക്കാര്‍, ചില കടകള്‍, വീടുകളിലൊക്കെ കൊടുക്കാറുണ്ട്. പിന്നെ സ്കൂളിലെ കുട്ടികളുടെ വീട്ടുകാരും അധ്യാപകരുമൊക്കെ വാങ്ങും.

“നെല്ല് സൂക്ഷിച്ചു വയ്ക്കാറുണ്ട്. കഴിഞ്ഞ തവണത്തെ നെല്ല് കുത്തിയാണ് ഇത്തവണത്തെ ശിശുദിനത്തിന് പായസമുണ്ടാക്കിയത്. കുട്ടികളുടെ ഉച്ചക്കഞ്ഞിയ്ക്കുള്ള അരിയൊന്നും കിട്ടില്ല.


ഇതുകൂടി വായിക്കാം: പൊലീസുകാര്‍ കൃഷി തുടങ്ങി, നാട്ടില്‍ 11 ആഴ്ച പൂര്‍ണ്ണ സമാധാനം: തെളിവെടുപ്പ് മാത്രമല്ല വിളവെടുപ്പും വഴങ്ങുമെന്ന് തെളിയിച്ച കാക്കിക്കുള്ളിലെ കര്‍ഷകര്‍


“ഉച്ചഭക്ഷണത്തിനുള്ള അരി സര്‍ക്കാരില്‍ നിന്നു തരുന്നതാണ് ഉപയോഗിക്കുന്നത്. പച്ചക്കറി മാത്രമേ കുട്ടികള്‍ക്ക് നല്‍കാനുള്ളതുള്ളൂ. വിശേഷാവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ പായസത്തിനാണ് സ്കൂളില്‍ വിളയുന്ന അരി ഉപയോഗിക്കുന്നത്.

സ്കൂള്‍ മുറ്റത്തെ നെല്‍കൃഷി

“സ്വാഭാവികമായ കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക ഇതൊക്കെയായിരുന്നു കൃഷി ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. കൃഷി ചെയ്യുകയാണെങ്കില്‍ സ്കൂള്‍ പരിസരമൊക്കെ വൃത്തിയായും കിടക്കുമല്ലോ


കുട്ടികള്‍‍ക്ക് ഇതൊക്കെ ചെയ്യാനും വലിയ താത്പ്പര്യമാണ്. പക്ഷേ കൂടുതല്‍ സമയം അവരെക്കൊണ്ട് ചെയ്യിക്കില്ല. ഫ്രീം ടൈമിലാണ് കൃഷിപ്പണിയൊക്കെ ചെയ്യിക്കുന്നത്.


“പിന്നെ അവര്‍ക്ക് തൈയൊക്കെ മുളപ്പിച്ച് നല്‍കാറുണ്ട്. ചക്കക്കുരു മുളപ്പിച്ച് തൈയാക്കിയ ശേഷം അവര്‍ക്ക് വീട്ടിലേക്ക് കൊടുത്തു വിടും. എന്നിട്ട് അതിന്‍റെ വളര്‍ച്ചയെക്കുറിച്ച് കുട്ടികളോടു ക്ലാസില്‍ പറയിപ്പിക്കും,” പ്രിന്‍സിപ്പല്‍ പറയുന്നു.

പൂര്‍ണമായും ജൈവവളമാണ് കൃഷി തോട്ടത്തില്‍ ഉപയോഗിക്കുന്നത്. ചാണകവും വേപ്പിന്‍പ്പിണ്ണാക്കും കടലപ്പിണ്ണാക്കും കൂട്ടിച്ചേര്‍ത്ത് വളമായി നല്‍കും. ഇതിനൊപ്പം പുകയില കഷായം നല്‍കാറുണ്ട്.

“കാന്താരിയും വെളുത്തുള്ളിയും ജ്യൂസാക്കി തളിക്കാറുണ്ട്. കീടങ്ങളെ അകറ്റാന്‍ ജമന്തി പോലുള്ള ചെടികള്‍ പച്ചക്കറി തോട്ടത്തില്‍ നട്ടു പിടിപ്പിച്ചിട്ടുമുണ്ട്,” സിസ്റ്റര്‍ ജെസി പറഞ്ഞു.

ഹോളി ക്യൂന്‍സ് സ്കൂളില്‍ കൃഷി മാത്രമല്ല ഏറുമാടം, മണ്ണിര കംപോസ്റ്റ്, ബയോ കംപോസ്റ്റ് ഇതൊക്കെയുണ്ട്. ടെറസിലെ വെള്ളം പൈപ്പിലൂടെ താഴെയുള്ള കുഴല്‍ക്കിണറിലേക്ക് എത്തിച്ച് കിണര്‍ റീച്ചാര്‍ജിങ് നടത്തുന്നുമുണ്ട്.

സോളാര്‍ പാനലും സ്കൂളിനുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയുമൊക്കെ സഹകരണമാണ് ഈ കൃഷിയുടെ വിജയമെന്നാണ്  ഹെഡ്മിസ്ട്രസ് പറയുന്നത്.

“കുട്ടികളുടെ രക്ഷിതാക്കളിലേറെയും കര്‍ഷകരാണ്. ഇവര്‍ സഹായിക്കാറുണ്ട്. വാഴപ്പിണ്ടിയില്‍, മുളയിലും മരത്തിലുമൊക്കെ തൈകളൊക്കെ നട്ടു പിടിപ്പിച്ച് തന്നത് കുട്ടികളുടെ മാതാപിതാക്കളാണ്.

“രാവിലെ ക്ലാസ് ആരംഭിക്കുന്ന സമയത്തിനു മുന്‍പേ കുട്ടികള്‍ സ്കൂളിലേക്ക് വരും.. തൈ നനയ്ക്കലും തോട്ടം വൃത്തിയാക്കലുമൊക്കെ ചെയ്ത ശേഷമാണ് അവര് ക്ലാസിലേക്ക് പോകുന്നത്.

“എല്‍പി ക്ലാസിലെ കുട്ടികളെ ചെറിയ കളകളൊക്കെ പറിച്ചു കളയാന്‍ കൂട്ടാറുണ്ട്. അല്ലാതെ കൃഷിക്കാര്യങ്ങള്‍ക്കൊന്നും അവരെ കൂട്ടാറില്ല. കുഞ്ഞുങ്ങളല്ലേ. നാലാം ക്ലാസ് മുതലുള്ളവരെ ഓരോന്നു ചെയ്യിക്കാറുണ്ട്. അതവര്‍ക്ക് ഇഷ്ടവുമാണ്. ഇനി തേനീച്ച കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

തേനീച്ചപ്പെട്ടികള്‍ ഒരുമാസം മുന്‍പ് ഓര്‍ഡര്‍ ചെയ്തതാണ്. പാലായില്‍ നിന്നാണ് കൊണ്ടുവരുന്നത്.

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

“ഇടുക്കിയിലെ ജൈവവൈവിധ്യ ഉദ്യാനമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സ്കൂള്‍. അതുകൊണ്ട് പല സ്കൂളുകളില്‍ നിന്നുള്ളവരുടെ സംഘം ഇതൊക്കെ കാണാന്‍ വാരാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സന്ദര്‍ശിക്കാറുണ്ട്.

“സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക പുരസ്കാരം നാലാം തവണയാണ് കിട്ടുന്നത്. തുടര്‍ച്ചയായാണ് മൂന്നു വര്‍ഷം കിട്ടിയത്. കഴിഞ്ഞ വര്‍ഷം കിട്ടിയില്ല, ഈ വര്‍ഷം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഞങ്ങള്‍.

അധ്യാപകര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും വലിയ സന്തോഷമാണ്. അവര്‍ക്കും കൃഷിയൊക്കെ ഇഷ്ടമാണ്. എന്നാല്‍ അവാര്‍ഡ് കിട്ടാതിരുന്ന വര്‍ഷത്തില്‍, സ്ഥാപന മേധാവിയ്ക്കുള്ള പുരസ്കാരം ഞങ്ങള്‍ക്ക് കിട്ടിയിരുന്നു,” സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വണ്ടര്‍ലായുടെ പരിസ്ഥിതി പുരസ്കാരം, ഇടുക്കി ജില്ലയിലെ മികച്ച പിടിഐയ്ക്കുള്ള അവാര്‍ഡ്, ഇടുക്കി രൂപതയുടെ ഗ്രീന്‍ ക്യാംപസിനുള്ള അവാര്‍ഡ് എന്നിവയും സ്കൂളിന് ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം:പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം