‘അച്ചായന്‍ പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?

“എന്നെ കാണാന്‍ വലിയ ഭംഗിയൊന്നും ഇല്ല. പിന്നെ നമ്മുടെ നാട്ടില്‍ എന്തെങ്കിലുമൊക്കെ നന്മ ചെയ്യുന്നതിന് ഒരു ബാക്ക്ഗ്രൗണ്ട് വേണം. എന്നെപ്പോലുള്ളവര്‍ ചെയ്താല്‍ ആരും വിശ്വസിക്കുകേല.”

ല്യാണ വീട്ടിലെ ബാക്കിയാവുന്ന ബിരിയാണിയും ഫ്രൈഡ് റൈസുമൊന്നും കളയല്ലേ…!

യാസര്‍ വന്നു കൊണ്ടുപോയ്ക്കോളൂം.

പാലക്കാട്ടുതാഴം പാലത്തിന്‍റെ ഓരത്ത് മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കണ്ടട്ടോ യാസര്‍ ക്യാമറ വെച്ചിട്ടുണ്ട്.

ഈ പറമ്പ് വെറുതേ കിടക്കുന്നത് യാസര്‍ കാണണ്ട.
കണ്ടാലേ പുള്ളിക്കാരന്‍ വെട്ടിക്കിളച്ച് അവിടെ വല്ലതുമൊക്കെ നട്ടുപിടിപ്പിക്കും.

വഴിയോരത്ത് പുല്ലുവളര്‍ന്ന് നില്‍ക്കുന്നത് കണ്ടാല്‍ മതി, ടൂള്‍സുമായി യാസറെത്തും.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com

പിന്നെ ആ പുല്ലൊക്കെ വെട്ടിത്തെളിച്ചാലേ ഈ യാസറിന് സമാധാനം കിട്ടൂ. ഇതൊക്കെ പക്ഷേ പഴങ്കഥകളാണ്.

യാച്ചു എന്ന എം പി യാസര്‍

ഇന്നിപ്പോ ആള്‍ക്കാര് പറയുന്നത് ഇതൊന്നുമല്ല.

ലഹരി മരുന്ന് വില്‍ക്കാമെന്നു കരുതി ആരും പെരുമ്പാവൂര്‍ ടൗണിലേക്ക് വരാന്‍ നില്‍ക്കണ്ട, യാസര്‍ ഇവിടെയൊക്കെയുണ്ടട്ടോ…

ഇത് യാസര്‍ എന്ന പെരുമ്പാവൂരുകാരുടെ സ്വന്തം യാച്ചു.  ആരോരുമില്ലാത്തവര്‍ക്കും നിര്‍ധനര്‍ക്കുമൊക്കെ ഭക്ഷണവും വസ്ത്രവും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയും നല്‍കുന്ന ചെറുപ്പക്കാരന്‍…പെരുമ്പാവൂരുകാര്‍ക്ക്  യാച്ചുവിനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.

ലഹരിമരുന്നുകള്‍ക്കെതിരെയാണിപ്പോള്‍ ഈ 43-കാരന്‍റെ പോരാട്ടം. ജീവന് വരെ ഭീഷണിയുണ്ട് പക്ഷേ അതൊന്നും യാസറിനെ പേടിപ്പിക്കുന്നില്ല.

പെരുമ്പാവൂര്‍ വല്ലം കൊച്ചങ്ങാടി മാളിയന്‍വീട്ടില്‍ യാച്ചു എന്ന എം പി യാസര്‍ ആരോരുമില്ലാത്തവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി കൊണ്ടാണ് നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നത്.

എന്നാല്‍ അതൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നയാണ് യാസര്‍ പറയുന്നത്. നല്ല കാര്യങ്ങളൊക്കെയാണ് ചെയ്തത്. പക്ഷേ പരിഹാസങ്ങളും ആക്ഷേപങ്ങളുമൊക്കെ കുറേ കേട്ടിട്ടുണ്ട്.

പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നു യാസര്‍ കൂട്ടിച്ചേര്‍ക്കുന്നു.


“ഭ്രാന്താണ്, പിരിവെട്ടി കിടക്കുകയാണ് ഇങ്ങനെ കുറേയൊക്കെ കേട്ടിട്ടുണ്ട്. ദാ, ഇപ്പോ ലഹരിമരുന്നുകള്‍ക്കെതിരേ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഭീഷണികളും.


“കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലും ഒരു പേടിയുമില്ല,” യാസര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ആരോരുമില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്നൊരാള്‍. ആ ആളാണ് എന്‍റെ ജീവിതത്തെ മാറ്റിയത്,” എന്ന് യാച്ചു.

അത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. യാച്ചു ഗള്‍ഫിലൊക്കെ പോകുന്നതിനും മുന്‍പേ.

“പെരുമ്പാവൂര്‍ ജ്യോതി ജംഗ്ഷനിലെ ഒരു ഹോട്ടലില്‍ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. ചെറിയൊരു ഹോട്ടലാണിത്. മാനെജറായിരുന്നു. ആ സമയത്ത് അവിടെയൊരു പ്രായമായ മനുഷ്യന്‍ ജോലിക്ക് നിന്നിരുന്നു.

“ആളുടെ പേര് ഓര്‍മയില്ല പക്ഷേ ആ രൂപം ഇന്നും മനസിലുണ്ട്. ഈ ആള് രാത്രിയാകുമ്പോ ഹോട്ടലില്‍ ബാക്കി വന്ന ഭക്ഷണമെടുത്ത് വഴിയോരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കൊണ്ടുപോയി കൊടുക്കും.

പണിയൊക്കെ കഴിഞ്ഞ് ജോലിക്കാരും മുതലാളിയുമൊക്കെ ഹോട്ടലില്‍ നിന്നു പോയ ശേഷമാണ് അദ്ദേഹം ഭക്ഷണമെടുത്ത് കൊണ്ടുപോയി കൊടുക്കുന്നത്.

“പിറ്റേ ദിവസം ഞങ്ങള് വരുമ്പോ തലേന്ന് ബാക്കി വന്ന ഭക്ഷണമൊന്നും ഹോട്ടലിലെ അലമാരയില്‍ കാണില്ല. അതൊക്കെ ജോലിക്കാരെടുത്ത് കളഞ്ഞിട്ടുണ്ടാകുമെന്നാണ് മുതലാളി കരുതിയിരുന്നത്,” യാച്ചു ഓര്‍ക്കുന്നു..

കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിന് പിന്നിലെ കാര്യം അവര്‍ കണ്ടെത്തിയത്.

ഭക്ഷണ വിതരണത്തിനിടയില്‍ യാസര്‍

“ഈ കാര്‍ന്നോരാണ് ബാക്കി വരുന്ന ഭക്ഷണമെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കുന്നതെന്നറിഞ്ഞ് മുതലാളി കുറേ ചീത്തയും പറഞ്ഞു. പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അതേക്കുറിച്ച് ചിന്തിക്കുന്നത്.

“സ്പാര്‍ക്ക് എന്നൊക്കെ പറയില്ലേ. അങ്ങനെ ഒരു സ്പാര്‍ക്ക് ആയിരുന്നു ആ സംഭവം. പക്ഷേ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ ഗള്‍ഫിലേക്ക് പോയി. ഖത്തറിലേക്ക്. തിരികെ വന്ന ശേഷം കല്യാണമൊക്കെ കഴിച്ചു വീണ്ടും ഗള്‍ഫിലേക്ക്.

“കുറേക്കാലം ദുബായിയിലും മസ്കറ്റിലുമൊക്കെയായിരുന്നു. ഡ്രൈവറായിരുന്നു. ഇപ്പോ പ്രവാസമൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ താമസമാക്കിയിട്ട് ആറേഴ് വര്‍ഷമാകുന്നതേയുള്ളൂ. ആ സമയത്താണ് ഓരോന്ന് ചെയ്തു തുടങ്ങുന്നത്,” യാച്ചു വിശദമാക്കുന്നു.

അദ്ദേഹത്തിന്‍റെ മനസ്സില്‍ പഴയ ആ സംഭവം മാഞ്ഞുപോയിരുന്നില്ല, ആ വയസ്സായ മനുഷ്യന്‍റെ രൂപവും. യാസര്‍ ടൗണിലുള്ള ചില ഹോട്ടലുകാരോടൊക്കെ സംസാരിച്ചു.

ഭക്ഷണം ബാക്കി വന്നാല്‍ വിളിക്കണേ എന്നു പറഞ്ഞു ഫോണ്‍ നമ്പറും കൊടുത്തു. പലരും വിളിച്ചു.

“രാത്രിയാകുമ്പോ ഹോട്ടലുകാര് വിളിക്കും. ഭക്ഷണം ഉണ്ട്ട്ടോ വന്ന് എടുത്തോന്ന് പറയും. വണ്ടിയും കൊണ്ടുപോയി എടുക്കും.

“സാമ്പത്തികമൊന്നുമില്ലാത്ത പാവങ്ങളില്ലേ, പുറമ്പോക്കിലൊക്കെ താമസിക്കുന്നവരും കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്നവരുമൊക്കെ. ഇവര്‍ക്കൊക്കെയാണ് കൊണ്ടുപോയി കൊടുക്കുന്നത്.

“ഞാനിങ്ങനെ ഹോട്ടലില്‍ നിന്ന് ഭക്ഷണമെടുക്കുന്നതൊക്കെ പലരും കാണുന്നുണ്ട്. പക്ഷേ ഇതൊക്കെ ആര്‍ക്കാണ് കൊണ്ടുപോയി കൊടുക്കുന്നതെന്ന് അവര്‍ക്കറിയില്ല. ഹോട്ടലിലുള്ളവരോട് പറഞ്ഞിട്ടുണ്ട്, ആരോടും ഒന്നും പറയരുതെന്ന്.

“വേറൊന്നും കൊണ്ടല്ല. എല്ലാവര്‍ക്കും അവരുടെ അഭിമാനമല്ലേ വലുത്. ഇങ്ങനെ ഭക്ഷണം വാങ്ങുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത് നാണക്കേടാണെന്നു തോന്നിയാലോ. പിന്നെ അവര് ഭക്ഷണം വാങ്ങിയെന്നു വരില്ല. അതുകൊണ്ടാണ് ആരും അറിയണ്ട എന്നു തീരുമാനിച്ചത്,” യാസര്‍ വ്യക്തമാക്കുന്നു.

ഹോട്ടലുകളില്‍ മാത്രമല്ല കല്യാണം പോലുള്ള വിശേഷദിവസങ്ങളിലും ബാക്കി വരുന്ന ഭക്ഷണവും യാസര്‍ പോയെടുക്കുമായിരുന്നു. ഇങ്ങനെ ബാക്കി വരുന്ന ഭക്ഷണം കുഴിച്ചു മൂടുകയായിരുന്നല്ലോ പതിവ്.

യാസര്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികള്‍ക്കായി ആളുകള്‍ കാത്തിരിക്കുമായിരുന്നു. പാവപ്പെട്ടവര്‍ താമസിക്കുന്ന കോളനികള്‍, അനാഥാലയങ്ങള്‍ ഇവിടങ്ങളിലൊക്കെയാണ് വിതരണം ചെയ്തത്.

പുല്ലുവെട്ടലിനിടെ യാസര്‍

“നോക്കാനാളില്ലാതെ വഴിയില്‍ കിടന്നുറങ്ങുന്നവര്‍ക്കും നല്‍കാറുണ്ട്. പിന്നെ രാത്രിയില്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്യുന്ന ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്കൊക്കെ കൊടുക്കും,” എന്ന് യാസര്‍.

എന്തിനാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്?

അതിനുള്ള യാച്ചുവിന്‍റെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

. “രാത്രി ഉറങ്ങാതെയിരിക്കുന്നവരൊക്കെ നാടിന്‍റെ കാവല്‍ക്കാരാണ്,” യാച്ചു തുടരുന്നു. “അവര് രാത്രി ഉറങ്ങാതെ വണ്ടിയോടിക്കുക മാത്രമല്ല നാടിന് കാവലും കൂടിയല്ലേ.

“രാത്രിനേരത്തല്ലേ പലരും പുഴയിലേക്കും റോഡിലുമൊക്കെ മാലിന്യം കൊണ്ടിടുന്നത്. അങ്ങനെ വല്ലതുമൊക്കെ കണ്ടാല്‍ ഇവരെന്നെ വിളിച്ചു പറയും.”


ഇതുകൂടി വായിക്കാം:രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല: ‘ഇന്നത്തെ അത്താഴം’ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍


 

ഇതിനിടയില്‍ വീടും നാടും വൃത്തിയാക്കുന്ന പരിപാടിയും തുടങ്ങി. വീട്ടിലെ ആവശ്യത്തിനാണ് പുല്ലുവെട്ടുന്ന യന്ത്രം വാങ്ങിച്ചത്. ഇപ്പോഴത് നാട്ടിലെ പുല്ലുവെട്ടനും യാച്ചു ഉപയോഗിക്കുന്നു.

“റോഡിന് വശങ്ങളിലുള്ള പുല്ലൊക്കെ വെട്ടിക്കളഞ്ഞ് വൃത്തിയാക്കിയിടും. ആദ്യമൊക്കെ വീടിന് അടുത്ത് തന്നെയുള്ള നിരത്തുകളാണ് വൃത്തിയാക്കിയത്. പിന്നെ ആ പുല്ലുവെട്ടുന്ന യന്ത്രം എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകാന്‍ തുടങ്ങി.

“വണ്ടിയില്‍ അതുണ്ടാകും, ആവശ്യമുള്ളപ്പോ എടുക്കാലോ. ഇതില്‍ നിന്നെനിക്ക് ഒരു ലാഭവും കിട്ടാനില്ല. അല്ലെങ്കിലും ലാഭം പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല. സുബ്ഹി നിസ്കാരവും കഴിഞ്ഞ് ഈ യന്ത്രവും കൊണ്ടിറങ്ങും.”

ആലുവയില്‍ നിന്നു പെരുമ്പാവൂര്‍ക്ക് വരുന്ന വഴിക്ക് എവിടേലും പുല്ല് വളര്‍ന്ന് കാടായി നില്‍ക്കുന്നത് കണ്ടാല്‍ യാച്ചു വണ്ടിയൊന്ന് സൈഡാക്കും.

സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രം

“അന്നെനിക്ക് ഓട്ടോറിക്ഷയുണ്ടായിരുന്നു. ആ വണ്ടിയില്‍ തന്നെയാണ് പുല്ലുവെട്ടല്‍ യന്ത്രവും വച്ചിരിക്കുന്നത്. പിന്നെ ആ സ്ഥലം വ‍ൃത്തിയാക്കിയെടുക്കും. ഇതു കാണുമ്പോ ചിലരൊക്കെ വണ്ടിനിറുത്തും.

“എന്നിട്ട് ഓരോന്ന് ചോദിക്കും. ഒന്നും കണ്ടില്ലേ എന്ന ഭാവത്തില്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നവരുമുണ്ടട്ടോ. ഓരോന്ന് ചോദിച്ച നാട്ടുകാരോടൊക്കെ ഞാന്‍ പറഞ്ഞു, അച്ചായന്‍ പറഞ്ഞിട്ടാണിതൊക്കെ ചെയ്യുന്നതെന്ന്.

“ഈ പണിക്കൊക്കെ അച്ചായനെനിക്ക് പൈസ തരും. അതേത് അച്ചായന്‍ എന്നും പറഞ്ഞ് അവര് കണ്ണ് മിഴിക്കും,” അച്ചായന്‍ കഥ പിന്നെ പറയാമെന്നു പറഞ്ഞു യാസര്‍ കണ്ണിറുക്കിച്ചിരിച്ചു.

പഴയ വസ്ത്രങ്ങളൊക്കെ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണവും ചെയ്യുമായിരുന്നു യാസര്‍. അതിന് വേറിട്ടൊരു ശൈലി തന്നെയുണ്ട് ഇദ്ദേഹത്തിന്.

“പെരുന്നാളും ഓണവുമൊക്കെ വരുമ്പോ ഞാന്‍ എറണാകുളം മാര്‍ക്കറ്റിലെയും ആലുവ, പെരുമ്പാവൂരിലെയും കടകളില്‍ പോകും.

“അവരോട് കട വൃത്തിയാക്കി തരണോന്ന് ചോദിക്കും. ഇത് കേള്‍ക്കുമ്പോ എത്ര കാശ് വേണമെന്നല്ലേ അവരാദ്യം ചോദിക്കുക. ഒന്നും വേണ്ട, പഴയ വസ്ത്രങ്ങള്‍ തന്നാല്‍ മതിയെന്നു പറയുമ്പോ അവര്‍ക്കും സന്തോഷാകും.


കാശു ചെലവില്ലാതെ കടയും വൃത്തിയാകും പഴയ വസ്ത്രങ്ങള്‍ ഒഴിവായും കിട്ടും. ചെറിയ ഡാമേജ് ഒക്കെയുള്ള പഴയ വസ്ത്രങ്ങളും പഴയ സ്റ്റോക്കിരിക്കുന്നതുമൊക്കെ കൂലിയായിട്ട് കിട്ടും.


“സത്യത്തില്‍ ഇതെനിക്ക് വലിയ കാര്യം തന്നെയാണ്. ബട്ടന്‍ പോയതോ പിന്നിയതോ നിറം മങ്ങിയതോ എന്തായാലും പുതിയ വസ്ത്രങ്ങളല്ലേ കിട്ടുന്നത്. ഇതൊക്കെ പുതിയ ഉടുപ്പുകള്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് കൊടുക്കും. പെരുന്നാളിനും ഓണത്തിനുമൊക്കെ അവര്‍ക്കും പുത്തനുടുപ്പ് കിട്ടുമല്ലോ.” എങ്ങനെയുണ്ട് ഐഡിയയെന്നു യാസര്‍.

കൃഷിയും ചെയ്തിരുന്നു. യുവകര്‍ഷകനുള്ള അവാര്‍ഡും കിട്ടിയിട്ടുണ്ട്. എന്നാല്‍ സാധാരണ കര്‍ഷകരെ പോലെ അല്ലെന്നു മാത്രം. യാസര്‍ കൃഷി ചെയ്യുന്നത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാത്രമല്ല നാട്ടിലെ വെറുതേ കിടക്കുന്ന ഭൂമിയിലും കൃഷി ചെയ്യുമായിരുന്നു. പച്ചക്കറി കൃഷിയായിരുന്നു കൂടുതലും. ഈ കൃഷിയുടെ വിളവ് ഒന്നും വില്‍ക്കാറില്ലായിരുന്നു.

“ഈ കൃഷി എനിക്ക് വേണ്ടിയായിരുന്നില്ല. വിളവുകളൊക്കെ നാട്ടുകാര്‍ക്കുള്ളതാണ്. നിര്‍ധനരായവര്‍ക്ക് പച്ചക്കറിയൊക്കെ നല്‍കും. പണമൊന്നും വാങ്ങില്ല. ഫ്രീയായിട്ടാണ് തന്നെയാണ് എല്ലാര്‍ക്കും കൊടുത്തത്. ഒരു ഓണക്കാലത്ത് നേന്ത്രക്കായക്ക് കിലോ 90-100 രൂപ വരെ വന്നു.

“അന്നെനിക്ക് 400-കിലോയിലധികം നേന്ത്രക്കുല കിട്ടി. അതുകണ്ടപ്പോ പലരും പറഞ്ഞു, നല്ല കാശ് കിട്ടുമല്ലോ യാച്ചു… വിറ്റാ മതിയട്ടോന്ന്.

“അച്ചായന്‍റെ കാശിനാണ് ഈ കൃഷിയൊക്കെ ചെയ്യുന്നത്. അപ്പോ പിന്നെ ഇതൊക്കെ വിറ്റ് ഞാനെങ്ങനെയാണ് പണമെടുക്കുന്നതെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ഭാര്യയോടും ഇങ്ങനെ തന്നെയാണ് പറഞ്ഞത്.

പാലക്കാട്ടുതാഴം പാലത്തിന് സമീപം യാസര്‍

“അച്ചായന്‍ പറഞ്ഞിട്ട് ചെയ്യുന്ന കൃഷിയാ… അധികം കപ്പേം പച്ചക്കറിയുമൊന്നും എടുത്തേക്കല്ലേന്ന്. ഖത്തറില്‍ എന്‍റൊപ്പം ഒരു അച്ചായനുണ്ടായിരുന്നു ആളാണ് എന്നെ കൊണ്ട് ഈ നല്ലകാര്യങ്ങളൊക്കെ ചെയ്യിക്കുന്നതെന്നാണ് നാട്ടിലും വീട്ടിലുമൊക്കെ പറഞ്ഞിരുന്നത്.

“എല്ലാവരും അതു വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ അച്ചായന്‍റെ കഥ പൊളിയുന്നത് പാലക്കാട്ടുതഴം പാലത്തിന് സമീപം മാലിന്യമുക്തമാക്കി തൈകള്‍ നട്ടതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെയാണ്.

“എന്നെ കാണാന്‍ വലിയ ഭംഗിയൊന്നും ഇല്ല. പിന്നെ നമ്മുടെ നാട്ടില്‍ എന്തെങ്കിലുമൊക്കെ നന്മ ചെയ്യുന്നതിന് ഒരു ബാക്ക്ഗ്രൗണ്ട് വേണം. എന്നെപ്പോലുള്ളവര്‍ ചെയ്താല്‍ ആരും വിശ്വസിക്കുകേല.

“ഇങ്ങനെയൊക്കെ ചെയ്യാനുള്ള പണം ഇവന് എവിടുന്ന് കിട്ടി എന്നൊക്കെ സംശയത്തോടെ പറയും. അതുകൊണ്ടാണ് അച്ചായന്‍ എന്നൊരു കഥാപാത്രത്തെ ഞാന്‍ തന്നെയുണ്ടാക്കിയത്. ആരെയും പറ്റിക്കാനൊന്നുമല്ലല്ലോ.” നിഷ്കളങ്കമായി യാസര്‍ ചോദിക്കുന്നു.

പാലക്കാട്ടുതാഴം സംഭവം വാര്‍ത്തയായതോടെയാണ് അച്ചായന്‍ എന്നൊരാളില്ല, യാസര്‍ തന്നെയാണ് ഈ നല്ല പ്രവൃത്തികള്‍ക്ക് പിന്നില്ലെന്നു ആളുകള്‍ തിരിച്ചറിഞ്ഞു.

അതേക്കുറിച്ച് പഞ്ഞില്ലല്ലോന്ന് പറഞ്ഞു കൊണ്ട് യാസര്‍ ആ സംഭവം വിശദമാക്കുകയാണ്. “കുറേക്കാലം മുന്‍പാണ്. പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം പാലത്തിന്  സമീപം ആരോ വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് കളഞ്ഞു.

സ്നേഹലഹരിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

അതുവഴി മൂക്കു പൊത്താതെ നടക്കാന്‍ സാധിക്കില്ലായിരുന്നു. 15 ദിവസം കൊണ്ടാണ് ആ പരിസരം വൃത്തിയാക്കിയെടുത്തത്. എല്ലാം വൃത്തിയാക്കിയെങ്കിലും ആ മാലിന്യം കൊണ്ടുപോകാന്‍ പോലും മുനിസിപ്പാലിറ്റിക്കാര്‍ തയാറായില്ല.

“ഒടുവില്‍ ആ പരിസരത്ത് തന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു. വൃത്തിയാക്കിയ സ്ഥലത്ത് ഇനി ആരും മാലിന്യം കൊണ്ടിടരുതല്ലോ. അങ്ങനെ കുറേ വൃക്ഷതൈകള്‍ നട്ടു. അതൊക്കെ ഇപ്പോ വളര്‍ന്നു വലുതായീട്ടോ.

“ക്യാമറയുണ്ടേല്‍ ആരും മാലിന്യം വലിച്ചെറിയില്ല. ആള്‍ക്കാര്‍ക്ക് മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ. അങ്ങനെ അവിടെ മൂന്നു ക്യാമറ പിടിപ്പിച്ചു.
ഞാനിങ്ങനെ ക്യാമറ പിടിപ്പിക്കുന്നുണ്ടെന്നു മുനിസിപ്പാലിറ്റിയില്‍ അറിയിച്ചിരുന്നു.


സത്യത്തില്‍ അതൊരു സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു. മൂന്നു ക്യാമറയൊക്കെ വാങ്ങാനുള്ള പണമൊക്കെ എന്‍റെ കൈയിലുണ്ടോ.


“കേടായ ക്യാമറയായിരുന്നു ആ മൂന്നെണ്ണവും. ആലുവയിലെ ഒരു കടയില്‍ നിന്നൊപ്പിച്ചെടുത്തതാണത്.

“ക്യാമറ കണ്ടാല്‍ മാലിന്യം വലിച്ചെറിയാന്‍ ആള്‍ക്കാര് ഒന്നു മടിക്കും. പക്ഷേ ക്യാമറ ഘടിപ്പിച്ച തൂണും അതിന്‍റെ ബോക്സുമൊക്കെ ഒര്‍ജിനല്‍ ആയിരുന്നു,” യാച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു ബ്ലാക്ബോര്‍ഡും സമീപത്ത് വെച്ചു. അതില്‍ മാലിന്യമിട്ടവരുടെ എണ്ണം  ഓരോ ദിവസവും എഴുതിയിടാന്‍ തുടങ്ങി. അതും ഒരു നമ്പര്‍ ആയിരുന്നുവെന്ന് പറഞ്ഞ് യാസര്‍ വീണ്ടും ചിരിക്കുന്നു.

“ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകും അതല്ലേ എണ്ണമൊക്കെ പറയുന്നതെന്ന് നാട്ടുകാര് കരുതിക്കോളൂം. മാലിന്യമിട്ടാല്‍ ക്യാമറക്കണ്ണില്‍ കുടുങ്ങുമെന്ന പേടിയും വരുമല്ലോ. അതോടെ ആ പ്രദേശം മാലിന്യമുക്തമായി.”

ഈ ഡ്യൂപ്ലിക്കേറ്റ് ക്യാമറ ഘടിപ്പിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ മുനിസിപ്പാലിറ്റി  അവിടെ ശരിക്കും സിസിടിവി ക്യാമറ വെച്ചു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ രണ്ട് കള്ളങ്ങള്‍ പൊളിഞ്ഞു, ഒന്ന് യാസറിന്‍റെ ക്യാമറക്കഥയും അച്ചായന്‍ എന്ന അദൃശ്യനും.

“അതുകൊണ്ട് ചില ഗുണങ്ങളുമുണ്ടായി. ഇപ്പോള്‍ കടകളില്‍ പോയി വൃത്തിയാക്കേണ്ട ആവശ്യമില്ല. ഞാനിതൊക്കെ ചെയ്യുന്നുവെന്നറിഞ്ഞ്, പലരും വസ്ത്രങ്ങള്‍ നേരിട്ട് കൊണ്ടുതന്നു തുടങ്ങി.

“അതുമാത്രമല്ല. നേരത്തെ പെരുമ്പാവൂര്‍ പരിസരത്ത് നിന്നുള്ളവരാണ് ഭക്ഷണമുണ്ടെന്നു വിളിച്ചു പറഞ്ഞിരുന്നത്. ഇപ്പോ ആലുവ, കളമശേരി, നെടുമ്പാശേരി, കോതമംഗലം, മുവാറ്റുപ്പുഴ ഇവിടങ്ങളില്‍ നിന്നൊക്കെ വിളിക്കാറുണ്ട്,” അദ്ദേഹം പറഞ്ഞു.

ഭക്ഷണവിതരണവും പച്ചക്കറി കൃഷിയും മാത്രമല്ല കോഴിക്കൂട് നിര്‍മിച്ചു കോഴികളെയും ആളുകള്‍ക്ക് സൗജന്യമായി നല്‍കുമായിരുന്നു യാസര്‍. പഴയ ഫ്ലക്സുകള്‍ ശേഖരിച്ചാണ് കോഴിക്കൂട് ഉണ്ടാക്കിക്കൊടുക്കുന്നത്.


സ്വന്തം കെട്ടിടത്തിന്‍റെ ആധാരം പണയം വച്ചു ചികിത്സാ സഹായം നല്‍കിയിട്ടുണ്ട് യാസര്‍.


പെരുമ്പാവൂര്‍ ടൗണില്‍ മൂന്നു കടമുറികളുണ്ട്. അതിന്‍റെ ആധാരമാണ് ഒരു പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി പണയം വച്ചത്. അതു തിരിച്ചെടുക്കുകയും ചെയ്തൂട്ടോയെന്നു യാസര്‍.

സാധാരണക്കാരുടെ ആരോഗ്യകാര്യങ്ങളിലും ഇദ്ദേഹത്തിന് ശ്രദ്ധയുണ്ട്. അപകടത്തില്‍ പരുക്കേറ്റ് കിടക്കുന്നവര്‍ക്ക് വീല്‍ച്ചെയര്‍ നല്‍കാറുണ്ട്. ഇവരുടെ ആവശ്യം കഴിയുമ്പോള്‍ അതു വൃത്തിയാക്കിയെടുത്ത് വേറെ ആവശ്യക്കാരുണ്ടാകുമല്ലോ അവര്‍ക്ക് നല്‍കും. ഇതിനൊന്നും പണം വാങ്ങാറില്ല.

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉപകരണവുമായി പ്രമേഹരോഗികളുള്ള വീടുകളില്‍ പോകും. സൗജന്യമായി പരിശോധിച്ച് ഫലം പറഞ്ഞു കൊടുക്കുകയും ചെയ്യും.

സ്ത്രീകള്‍ക്കായി യാസര്‍ ആരംഭിച്ച സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് 800-സ്ത്രീകളാണ് പഠിച്ചിറങ്ങിയത്. പക്ഷേ രണ്ടു മാസം മുന്‍പ് തയ്യല്‍ പഠന കേന്ദ്രം നിര്‍ത്തി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടി സമയം തികയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇപ്പോ കൂടുതലും ശ്രദ്ധ മറ്റൊരു വിഷയത്തിലാണ്. “മയക്കുമരുന്നുകളില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടി പെരുമ്പാവൂരില്‍ സ്നേഹലഹരി എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.

“ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് സ്നേഹലഹരിയിലൂടെ നടത്തുന്നത്. പല കോളെജുകളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് ഈ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

“വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് നമ്മള്‍ ചാരിറ്റബിള്‍ ആന്‍റ് എന്‍വോള്‍മെന്‍റ് ട്രസ്റ്റ് എന്നൊരു സംഘടന രൂപീകരിച്ചത്. പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രിക്ക് സമീപമാണ് നമ്മളിന്‍റെ ഓഫീസ്.

“ലഹരിയുടെ ഉപയോഗം കൂടിക്കൂടി വരികയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്നേഹലഹരി എന്ന പദ്ധതി ആരംഭിച്ചത്. പൊലീസും എക്സൈസും നാട്ടുകാരുമൊക്കെ സഹകരിക്കുന്നുണ്ട്.

“ലഹരിമരുന്നിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ  ഭീഷണികളും വന്നു തുടങ്ങിയിട്ടുണ്ട്. എല്ലാത്തിനും പിന്തുണയോടെ നിന്ന ഉപ്പയും ഉമ്മയും ഭീഷണിയൊക്കെ വന്നതോടെ, ഒന്നും ചെയ്യേണ്ട… എല്ലാം അവസാനിപ്പിക്കെന്നാണ് പറയുന്നത്,” എന്ന് യാസര്‍

സിനിയാണ് ഭാര്യ. ബ്യൂട്ടീഷനാണ്. രണ്ട് മക്കളുണ്ട്. നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അദ്നാനും ഖദീജ ഹയ്ഫ എന്ന രണ്ടാം ക്ലാസുകാരിയും.

“ഭീഷണിയൊക്കെ വന്നതോടെ ഇവരെ വിദേശത്തുള്ള ചേച്ചിയുടെ അടുക്കലേക്ക് അയക്കാമെന്ന ആലോചനയിലാണ്.”

എന്നാല്‍ അതുകൊണ്ടൊന്നും ലഹരിമരുന്നിനെതിരേയുള്ള പ്രവര്‍ത്തനങ്ങളൊന്നും അവസാനിപ്പിക്കില്ലെന്നും യാസര്‍ ഉറപ്പിച്ചുപറയുന്നു.


ഇതുകൂടി വായിക്കാം: ബി എയും എം എയും റാങ്കോടെ പാസായി, എല്‍ എല്‍ ബി, ഡോക്ടറേറ്റ്; പക്ഷേ, 7-ാം ക്ലാസ്സില്‍ വാറ്റുചാരായത്തില്‍ തുടങ്ങിയ കുടിയില്‍ എല്ലാം മുങ്ങി. തിരിച്ചുകയറിയത് ആയിരങ്ങളെ മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കാന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം