ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ

വീടുണ്ടാക്കാന്‍ കയ്യില്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക് ഒന്നരലക്ഷത്തിന്‍റെ ‘കാബിന്‍ ഹൗസ്’ തലചായ്ക്കാന്‍ വെറുമൊരു കൂര മാത്രമല്ല.

വെറും ഒന്നര ലക്ഷം രൂപയ്ക്കു രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. നിര്‍മ്മിക്കാന്‍ എടുക്കുന്നത് 12 ദിവസം മാത്രം.

ഒരു ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്‌റൂം, ഹാള്‍, കിച്ചന്‍. അങ്ങനെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ഈ വീടുകള്‍ ഇടുക്കി ചെറുതോണിയിലെ വീടില്ലാതിരുന്ന പതിനഞ്ച് പാവപ്പെട്ടവര്‍ക്ക് സ്വര്‍ഗമാണ്.

വീടില്ലാത്തവര‍്ക്ക വേണ്ടി ജിജോ കുര്യന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ കാബിന്‍ ഹൗസുകളില്‍ ഒന്ന്

പ്ലാസ്റ്റിക് ഷീറ്റും ഉപേക്ഷിക്കപ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡും ചാക്കുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. പ്രളയം വന്നുപോയപ്പോള്‍ അവരില്‍ പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


വീടുണ്ടാക്കാന്‍ കയ്യില്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക് ഒന്നരലക്ഷത്തിന്‍റെ ‘കാബിന്‍ ഹൗസ്’ തലചായ്ക്കാന്‍ വെറുമൊരു കൂര മാത്രമല്ല.

ഫേസ്ബുക്ക് കൂട്ടായ്മ വഴിയും മറ്റ് അഭ്യുദയകാംക്ഷികള്‍ വഴിയും പണം സംഘടിപ്പിച്ച് ആ വീടുകള്‍ പണികഴിപ്പിച്ചുകൊടുത്തത് ഇടുക്കി മൂലമറ്റത്തിനടുത്തുള്ള നാടുകാണി ആശ്രമാംഗമായ വൈദികന്‍ ജിജോ കുര്യന്‍റെ മുന്‍കൈയ്യിലാണ്.

“യഥാര്‍ത്ഥത്തില്‍ കാബിന്‍ വീടുകളെ പ്രളയബാധിതര്‍ക്കു വേണ്ടി നിര്‍മിക്കുന്ന വീടുകളെന്നു പറയാനാവില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, പ്രായമായ അമ്മമാര്‍, സാമ്പത്തിക ശേഷി തീരെയില്ലാത്ത കുടുംബങ്ങള്‍ എന്നിവരാണ് കാബിന്‍ ഹൗസുകളുടെ ഗുണഭോക്താക്കള്‍. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഞങ്ങള്‍ ഇതുവരെ 15 വീടുകള്‍ നിര്‍മിച്ചു കൈമാറിക്കഴിഞ്ഞു,” ജിജോ കുര്യന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു.

കാബിന്‍ ഹൗസുകളിലൊന്ന്.

വളരെ ഒതുങ്ങിയ വീടുകളാണ്. ഒരു ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങള്‍ മാത്രം. ചെലവുകുറയ്ക്കാന്‍ വീ ബോര്‍ഡ് (ഫൈബര്‍ സിമെന്‍റ് ബോര്‍ഡ്) ഭിത്തിയുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കാം: ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍


സാധാരണയായി ഒരു ചെറിയ വീടു നിര്‍മിക്കാന്‍ എട്ടു മുതല്‍ പത്തുലക്ഷം രൂപവരെ ചെലവാകും. ഇവിടെയാണ് കാബിന്‍ ഹൗസുകളുടെ പ്രസക്തി ഏറുന്നത്. ഒന്നരലക്ഷം രൂപയ്ക്കു വീടുനിര്‍മിച്ചു നല്‍കുമ്പോള്‍ കുറഞ്ഞത് ഒരു കുടുംബത്തിന് കൂടി സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നു, ജിജോ കുര്യന്‍ പറയുന്നു.  ചില കുടുംബങ്ങളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് കിടപ്പുമുറികളുള്ള വീടും നിര്‍മ്മിച്ചു നല‍്കിയിട്ടുണ്ട്. അതിന് രണ്ട് ലക്ഷം രൂപ  ചെലവ് വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കിടപ്പുമുറി മാത്രമുള്ള വീടിന് 220 സ്ക്വയര്‍ ഫീറ്റും രണ്ട് കിടപ്പുമുറിയുള്ള കാബിന്‍ വീടിന് 300 സ്ക്വയര്‍ ഫീറ്റുമാണ് വലുപ്പം.

വീടുകളുടെ ഗുണഭോക്താക്കളില്‍ എല്ലാവരും പാവപ്പെട്ടവരാണ്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷീറ്റുകള്‍ക്കു കീഴിലാണ് ഇവരില്‍ പലരും മുന്‍പു താമസിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ചെറുതാണെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് സ്വപ്ന സാക്ഷാത്കാരമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വീടിനുള്ള പണം സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും ഗുണഭോക്താവിനും പരസ്പരം അറിയാം. വീടു നിര്‍മാണം പൂര്‍ത്തിയായാലുടന്‍ കുടുംബങ്ങള്‍ക്കു കൈമാറുകയാണ് പതിവ്. ഇതിനായി പ്രത്യേകം ചടങ്ങുകളൊന്നും ഞങ്ങള്‍ വയ്ക്കാറില്ല. നിന്‍റെ വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന ദൈവവചനമാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ മാതൃകയാക്കുന്നത്. വീടുകളുടെ സ്പോണ്‍സര്‍മാരെല്ലാം തന്നെ അവര്‍ ചെയ്യുന്ന സഹായത്തിന്‍റെ കാര്യം വിളിച്ചുപറഞ്ഞു നടക്കാന്‍ താല്‍പര്യമില്ലാത്തവരാണ്, ആ വൈദികന്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


വീടുകളുടെ നിര്‍മാണ ചെലവുകുറയ്ക്കാനാണ് ഭിത്തികള്‍ക്കു പകരം വി ബോര്‍ഡ് ഉപയോഗിക്കുന്നത്. ഭൂമി നിരപ്പാക്കി തറകെട്ടിയ ശേഷം ഭിത്തിയും ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഓടുമേയുകയാണ് പതിവ്. വീടിന്‍റെ മേല്‍ക്കൂരയ്ക്കായി പല സ്ഥലത്തു നിന്നും വില കുറച്ച് പഴയ ഓടുകള്‍ ലഭിക്കാനുണ്ട്. അതൊന്നു കഴുകി മിനുക്കി എടുത്താല്‍ എളുപ്പത്തില്‍ മേല്‍ക്കൂര നിര്‍മിക്കാനാവും. ചെലവു കുറയ്ക്കാന്‍ വേണ്ടിയാണ് മേല്‍ക്കൂര ഓടുമേയാന്‍ തീരുമാനിച്ചത്. ഇടുക്കി സ്വദേശിയായ റെജിയാണ് കാബിന്‍ ഹൗസുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടക്കുന്നത്, ജിജോ കുര്യന്‍ പറഞ്ഞു.

കാഴ്ചയില്‍ ചെറുതാണെങ്കിലും ഉള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കുറവുവരുത്തിയിട്ടില്ല. അറ്റാച്ച്ഡ് ബാത്ത് റൂമും കിച്ചണ്‍ സിങ്കും ജനാലകളും സിറ്റൗട്ടുമെല്ലാം അടങ്ങിയതാണ് കാബിന്‍ ഹൗസുകള്‍.

ഒരു കാബിന്‍ ഹൗസിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

“ഇതു കേരളത്തിലെ ശരാശരി കോണ്‍ക്രീറ്റ് വീടുകളെപ്പോലെ അത്ര വലുതാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നുമില്ല. കാബിന്‍ വീടുകളുടെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും ചാക്കുകള്‍ക്കു കീഴിലോ മറ്റു വീടുകളില്‍ അഭയാര്‍ത്ഥികളായോ കാലങ്ങളായി ജീവിതം തള്ളി നീക്കിയിരുന്നവരാണ്. അവരെ സംബന്ധിച്ചത്തോളം അടച്ചുറപ്പുള്ള ഒരു വീട്ടിലേക്കുള്ള മാറ്റമാണ് കാബിന്‍ ഹൗസുകള്‍,” അദ്ദേഹം പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്‍റെ പ്രതിജ്ഞ


നാം പുറത്തേയ്ക്കിറങ്ങി നോക്കിയാല്‍ മതി നമ്മുടെ ഇടയില്‍ തലചായ്ക്കാനിടമില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിനു കുടുംബങ്ങളെ കാണാനാവും. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിലെ മഹാ പ്രളയമാണ് ഇത്തരത്തില്‍ വീടില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങളെ പുറംലോകത്തിനു മുന്നില്‍ വെളിവാക്കിയതെന്നു മാത്രം, അദ്ദേഹം പറയുന്നു.

വീടുവച്ചുകൊടുക്കുന്നത് അത്ര വലിയ കാര്യമായി ഞങ്ങള്‍ കരുതുന്നില്ല, നമ്മുടെ സമൂഹത്തില്‍ സഹായിക്കാന്‍ മനസുള്ള നിരവധിപ്പേരുണ്ട്. ഞങ്ങള്‍ അത് സഹായം ആവശ്യമുള്ളവരിലേക്കെത്തിക്കുന്നു, അത്രമാത്രം, എന്നാണ് അദ്ദേഹം പറയുന്നത്.

എട്ടും പത്തും ലക്ഷം രൂപ മുടക്കി വീടു നിര്‍മിക്കാന്‍ തക്കവിധത്തില്‍ ധനസമാഹരണം അത്ര എളുപ്പമല്ല. എന്നാല്‍ ഒന്നരലക്ഷം രൂപയ്ക്ക് ഒരു വീടുവെക്കാം എന്ന് അറിയുമ്പോള്‍ നല്ല മനസ്സുള്ള ഒരുപാട് ഇടത്തരക്കാര്‍ അതിന് മുന്നോട്ടുവരുന്നു എന്നതാണ് ആ കൂട്ടായ്മയില്‍ നിന്ന് ജിജോ കുര്യനും റെജിയുമൊക്കെ മനസ്സിലാക്കിയത്. ഒരുകുടുംബത്തിന് വീടുവെച്ചു നല്‍കാന്‍ നമുക്കും കഴിഞ്ഞല്ലോ എന്നൊരു സന്തോഷം അവരുടെ മനസ്സിലുമുണ്ടാകുന്നു.


ഇപ്പോഴാണ് ഞങ്ങള്‍ അടച്ചുറപ്പുള്ള വീട്ടില്‍ സ്വാതന്ത്ര്യത്തോടെ കഴിയുന്നത്


“ജീവിതത്തിന്‍റെ എന്തെങ്കിലും ആഘോഷ വേളകളിലാണ് ഇത്തരമൊരു നല്ല കാര്യത്തിനായി പണം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുന്നത്. വിവാഹ വേളയിലും വിവാഹ വാര്‍ഷിക വേളയിലുമൊക്കെ നല്‍കാനാവുന്ന മികച്ച സന്ദേശവും സമ്മാനവും കൂടിയായാണ് പലരും കാബിന്‍ വീടുകള്‍ നിര്‍മിക്കാന്‍ പണം നല്‍കുന്നത്. സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതനുസരിച്ചു വീടു നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് ഞങ്ങളുടെ പദ്ധതി,” ജിജോ കുര്യന്‍ വ്യക്തമാക്കുന്നു.

ഉപ്പുതോട് സ്വദേശിനിയായ അജിമോളെ സംബന്ധിച്ചിടത്തോളം കാബിന്‍ ഹൗസ് ലഭിച്ചത് ജീവിതത്തിലേക്കു തന്നെയുള്ള തിരിച്ചുവരവാണ്. “ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഞാനും മക്കളും ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെ ജീവിതം തന്നെ ദുഃസഹമായിരുന്നു… എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു വീടുണ്ടാക്കാനുള്ള പണം സ്വന്തമായി സമ്പാദിക്കാന്‍ സാധിക്കില്ല,” അജിമോള്‍ പറയുന്നു.

“കാബിന്‍ ഹൗസുകളുടെ ആദ്യത്തെ ഗുണഭോക്താക്കളിലൊരാളാണ് ഞാന്‍. എല്ലാവിധ സൗകര്യങ്ങളും ഈ കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴാണ് ഞങ്ങള്‍ അടച്ചുറപ്പുള്ള വീട്ടില്‍ സ്വാതന്ത്ര്യത്തോടെ കഴിയുന്നത്.”

ജിജോ കുര്യന്‍റെ നേതൃത്വത്തില്‍ നേരത്തെ പത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വൈദികവൃത്തിയുടെ തുടക്കക്കാലത്ത് അദ്ദേഹം ഇടുക്കിയിലെ പഴയരിക്കണ്ടത്തായിരുന്നു. അവിടെ പാവപ്പെട്ടവര്‍ക്കായി പത്ത് വീടുകള്‍ പണി കഴിപ്പിച്ചിരുന്നു.


ഇതുകൂടി വായിക്കാം:  ആക്രി വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


ഇടുക്കി ജില്ലയിലെ പ്രളയബാധിതരായ ഏഴു കുടുംബങ്ങള്‍ക്കായി കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് ജോര്‍ജ് നടുവിലേടത്ത് എന്നയാള്‍ നല്‍കിയ സ്ഥലത്ത് ഏഴു കോണ്‍ക്രീറ്റ് വീടുകള്‍ ഒരുങ്ങുകയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടെങ്കിലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പോലും പുറത്തായവര്‍ക്കായാണ് ലൈറ്റ് എന്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയടെ സഹായത്തോടെ വീടുകള്‍ നിര്‍മിക്കുന്നത്.

ജിജോ കുര്യന്‍

ഏഴുമുതല്‍ പത്തു ലക്ഷം രൂപവരെ മുടക്കിയാണ് ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയിലാണ് ഈ വീടുകള്‍ നിര്‍മിക്കാനുള്ള പണം കണ്ടെത്തുന്നത്. ഓരോന്നും പ്രത്യേക വീടുകളായി നിര്‍മിക്കുന്നതിനാല്‍ ഇതിനാവശ്യമായ അനുമതികള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയെടുക്കുകയെന്നതാണ് ഏറെ ദുഷ്‌കരം, ജിജോ കുര്യന്‍ അഭിപ്രായപ്പെട്ടു.


സ്വന്തം വീട്ടില്‍ താമസിക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല:  ജോണ്‍സണ്‍, ചെറുതോണി


“ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് എന്‍റെ വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നുവെങ്കിലും എങ്ങു നിന്നും സഹായമൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പാലായില്‍ നിര്‍മിക്കുന്ന വീടിന്‍റെ പ്രൊജക്ടിലെ ഗുണഭോക്താക്കളിലൊരാളായി അച്ചന്‍റെ നേതൃത്വത്തിലുള്ള സംഘം എന്ന തെരഞ്ഞെടുത്തത്,”ചെറുതോണി സ്വദേശിയായ ജോണ്‍സണ്‍ പറയുന്നു. “ഇനിയൊരിക്കലും ഒരു വീട്ടിനുള്ളില്‍ താമസിക്കാനാവില്ലെന്നാണ് ഞാന്‍ മുന്‍പു കരുതിയിരുന്നത്.” ആ മനുഷ്യന്‍ പറഞ്ഞു.

ജിജോ കുര്യന്‍ ആശ്രമത്തിലെ ആടുകളുമായി പതിവ് കുശലപ്രശ്നങ്ങള്‍ക്കിടയില്‍.

പ്രഭാഷണത്തേക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന  ജിജോ കുര്യന്‍ ഒരു ലുങ്കിയുമുടുത്ത് രാവിലെ മുതല്‍ ആടുകളോടും കിളികളോടും മുയലുകളോടുമൊപ്പം വര്‍ത്തമാനം പറഞ്ഞ് ഇങ്ങനെ നടക്കുന്നുണ്ടാവും നാടുകാണിയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍.

“നമ്മുടെ സമൂഹത്തിലെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവരാണ്, അവര്‍ക്ക് അതിനുള്ള വഴികള്‍ തുറന്നുകൊടുക്കണമെന്നു മാത്രം. ഞാന്‍ ചെയ്യുന്നതും അതു മാത്രമാണ്,” അദ്ദേഹം വിനയാന്വിതനാവുന്നു.

*
ജിജോ കുര്യന്‍റെ ഫോണ്‍ നമ്പര്‍: 9496413878

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം